Monday, June 13, 2011

അവള്‍, മഴ....















അങ്ങിനെ ഒരു തണുത്തുറഞ്ഞ പകല്‍ കൂടി അസ്തമിക്കുന്നു.. കോരിച്ചൊരിയുന്ന മഴയും തണുത്ത ശീതക്കാറ്റും മത്സരത്തിലാണിന്നെലെ വൈകുന്നേരം തുടങ്ങി എന്നെ തണുപ്പിക്കാന്‍.. എന്തൊക്കെ ഭാവാഭിനയങ്ങളാണ്‍ മഴ ഈ ഒരു ദിവസംകൊണ്ടെന്നെ കാണിച്ചു തന്നത്... ഇടക്കവള്‍ ചിണുങ്ങി ചിണുങ്ങി അമ്മിഞ്ഞപാല്‍ തേടിയെത്തുന്ന പൈതലിനെ പോലെ.. പിന്നെ ഇടയ്ക്ക് പെയ്തും, ഇടയ്ക്ക് ചാറിയും ഒരു കൌമാരക്കാരിയുടെ മനസ്സ് പോലെ.. ഒരു ചാറ്റല് മഴയായവള്‍ തെല്ലൊരു നാണത്തില്‍ നവവധുവായ് എന്നരികില്‍.. ഒരു രാത്രിമഴയായ് അവളെന്നെ അമ്മയെ പോലെ തലോടിയുറക്കി... പിന്നീടെപ്പോഴൊ മഴയുടെ ഭാവം മാറി,, രൌദ്രയായവള്‍ അലറി പെയ്തു..... സര്‍വ്വവും വിഴുങ്ങാനവള്‍ നിര്‍ത്താതെ പെയ്തു, അടക്കിവെച്ച വികാരങ്ങളുടെ പെയ്തൊഴിയലിനൊടുവില് അവള് ശാന്തയായ്, പെയ്തൊഴിഞ്ഞ മനസ്സ്പോലെ.. ഇനിയുമവള്‍ പെയ്യും എല്ലാം ക്ഷമിക്കാന്‍ ശീലിച്ച ഒരു പുലരിമഴയായ്, നിര്‍വികാരതയോടെ.... എന്‍റെ സ്വപ്നങ്ങളിലും മഴ നിര്‍ത്താതെ പെയ്യുന്നു ഒരുപാട് സൌഭാഗ്യങ്ങള്‍ സമ്മാനിച്ച ജീവിതത്തിന്‍റെ പരിഛേദമായ്...


പാടാന്‍ മറന്ന മനസ്സിന്‍ താളമായ്
താളംപിഴച്ച ജീവിതത്തിന്‍ താരാട്ടായ്
താളാത്മകമായ് മഴ പെയ്തിറങ്ങി
ചാറ്റലായ്, വെറുതെ ചിണുങ്ങികൊണ്ട്..


ചുവടുകള്‍ മറന്ന ജീവിതത്തിന് ചിലങ്കയായ്
ഓരോ ഇലപടര്‍പ്പിലും നൃത്തം വെച്ച്
താണ്ഡവമാടി മഴ പെയ്തിറങ്ങി
പേമാരിയായ്,രൌദ്രം അലറികൊണ്ട്...

തപിച്ചുരുകും മനസ്സുകളില്‍ കുളിരായ്
നെരിപ്പോടെരിയും ജീവിതത്തിന്‍ 

നീരുറവയായ്
ഓരൊ മണതരിയിലും മഴ പെയ്തിറങ്ങി
രാത്രിമഴയായ്, പതുക്കെ സാന്ത്വനിപ്പിച്ച്...

മഴ പെയ്തുകൊണ്ടേയിരുന്നു,ആടുവാനേറെ
ഇനിയുമായുസ്സിലെന്നോര്‍മിപ്പിച്ചുകൊണ്ട്...

Wednesday, June 8, 2011

പ്രളയം

ഇരുളടഞ്ഞ ജീവിതത്തിന്‍ അന്ധതയില്‍
പാതകള്‍ കാണാതെ പകയ്ക്കുമ്പോഴും
അങ്ങകലെ മലയോര താഴ്വരയില്‍

കൂലം കുത്തിയൊഴുകി വീണടിയുന്നത്
പ്രിയമെഴും സ്വപ്നങ്ങളെന്നറിയുമ്പോഴും
ഈ ഉരുള്‍പൊട്ടല്‍ ബാക്കിവെയ്ക്കുന്ന
ഗര്‍ത്തങ്ങളില്‍ അവശേഷിച്ചേക്കാം
നളേകള്‍ക്ക് ഉയിരേകാന്‍ ഒരുപിടി
വഴിയറിയാതെ അടിഞ്ഞുകൂടിയ
ആശകളെന്ന് വെറുതെ മോഹിക്കാം..

ശൂന്യതയുടെ ഭൂമികയില്‍ സ്വപ്നങ്ങള്‍
മഴനൂലുകളായ് പെയ്തിറങ്ങി തുടങ്ങിയതും
ചാറ്റല്‍മഴ പെരുമഴയ്ക്ക് വഴിമാറിയതും
നിറഞ്ഞ് നനയവേ വിസ്മരിച്ചു
പേമാരിക്കൊടുവില്‍ പ്രളയമെന്ന്...

മനസ്സിലൊതുങ്ങാത്ത മോഹങ്ങളെ
മണ്ണില് വിതച്ചു , മണ്ണിനെയറിയാതെ....
ചീഞ്ഞളിഞ്ഞ മോഹങ്ങള്‍ കൊയ്തെടുത്തു
സ്വാര്ത്ഥതയുടെ നൂറ്മേനി..
മനുഷ്യത്വത്തിന്‍ പുഴുകുത്തേല്‍ക്കാതിരിക്കാന്‍
വിളയില്‍ തെളിച്ചത് അത്യാഗ്രഹത്തിന്‍റെ,
ആര്‍ത്തിയുടെ കൊടിയ വിഷം...

പൊന് പണത്തിനായ് പെറ്റമ്മയെ വിറ്റു,
മണലൂറ്റി മേനിനടിച്ച് പോറ്റമ്മയേയും..
മകളുടെ മാനം നഗ്നമാക്കി
പച്ചപ്പുകള്‍ വലിച്ചുകീറി മണ്ണിനേയും...
കൂടപിറപ്പിനെ വെട്ടിയരിഞ്ഞ് തൂക്കിവിറ്റു
ചവിട്ടി നില്‍ക്കും മണ്ണ് അളന്ന് മുറിച്ചു..

മണ്ണിലെ കണ്ണുകളറയ്ക്കും കാഴ്ചകള്‍ കണ്ട്
കരളുരുകുമതിന്‍ നൊമ്പരങ്ങള്‍ പേറി വിണ്ണ്
കണ്ണുനീര്‍പൊഴിച്ചു മഴതുള്ളികളായ്..
ചിണുങ്ങികരഞ്ഞ ചാറ്റല്‍മഴ പിന്നെ
ആര്‍ത്തലയ്ക്കും പേമാരിയായ്...
പേമാരിയങ്ങിനെ പ്രളയമായ്,
പ്രകൃതി താണ്ഡവതാളമാടി,
താളം പിഴച്ച ജീവിതങ്ങള്ക്ക് മേല്‍..

തീരാനൊമ്പരത്തിന്‍ ഉരുള്‍പൊട്ടല്‍
കുടഞ്ഞെറിഞ്ഞത് സ്വപ്നങ്ങളെയല്ല,
സ്വപ്നങ്ങള്‍പെയ്ത ജീവിതങ്ങളെയാണ്‍...
കുമിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ക്കിടയില്‍
സ്വപനങ്ങളില്ലാത്ത കല്ലുകള്‍ക്കൊപ്പം
ഇന്ന് ദുര്‍ഗന്ധം വമിക്കും ജഡങ്ങളും..
ചീഞ്ഞതാദ്യം മനസ്സോ മോഹങ്ങളോ...!
!