Saturday, July 23, 2011

ഉണര്‍ത്തുപ്പാട്ട്..


അകലുവാനാവാത്ത
ആത്മബന്ധത്തിനാ-
ഴങ്ങളില്‍ നിപതിച്ച-
-തറിയാതെ പോയ്...


ഞാനെന്‍റെ കരള്‍ 
പറിച്ചെറിയാം
നിന്നെ സ്വതന്ത്രമാക്കുവാന്‍


വിരലുകളറുത്ത് മാറ്റാം 
മുറുകെ പിടിച്ചൊരാ 
പിടി വിടുവിക്കുവാന്‍


കണ്ണുകള്‍ തുരന്നെടുക്കാ-
മിനി നിന്‍ കാലടികള്‍ 
പിന്തുടരാതിരിക്കുവാന്‍


കാതുകറുത്ത് മാറ്റാം
നിന്‍ നിശ്വാസങ്ങള്‍ക്ക് 
കാതോര്‍ക്കാതിരിക്കുവാന്‍


എങ്കിലും നിന്നോര്‍മ്മകളെ
 തൂത്തെറിയുവാനിനിയുമെത്ര
ജന്മങ്ങള്‍ ഞാന്‍
 ജനിമൃതികള്‍ക്കിടയി-
 ലലയണം... 

നീയെന്ന സ്വപ്നമെന്‍ 
ഉറക്കുപാട്ടാവാതീരിക്കുവാന്‍
എത്ര യാമങ്ങളെ 
നിദ്രാവിഹീനമാക്കണം..


എന്നാലും വിരിയുമോരോ 
മലരും നീയായെന്നില്‍ വിടരും..

കാറ്റിന്‍റെ ജന്മം 
പൂക്കളെ താലോലിക്കാനെന്ന്
നീ മറന്നതെന്തേ...

Tuesday, July 19, 2011

കനലുകള്‍




കനലുകള്‍ കരയാറില്ലേ..
കരള്‍ കലങ്ങുമ്പോള്‍
കണ്ണുകള്‍ നിറയുമ്പോള്‍
കണ്ണുനീര്‍ തൂവാതെ എങ്ങിനെ...

കനലിന്‍റെ കണ്ണുനീരല്ലേ
അഗ്നിയായ് ആളികത്തി
കത്തിച്ചവനെ കരിയാക്കി
കീഴടങ്ങലിന്റെ പ്രതികാരമായ്
കോലം തുള്ളുന്നത്..

കേവലം കരിയായടങ്ങും മുന്‍പേ
കാലത്തില്‍ കാൽപ്പാട് പതിപ്പിക്കാനൊ
കണ്ണില്‍ കണ്ടതെല്ലാം ആശ്ലേഷിച്ച്
കണ്ണടച്ചൊരു കത്തിപടരല്‍...

കത്തിയാളലുകള്‍ക്കൊടുവില്‍,
ഒരുപാട് കനവുകള്‍ ചാരമാക്കി
നേടുന്നത്  കൂടെ കരയാന്‍
കുറെ കരിക്കട്ടകള്‍ മാത്രം..

കുറ്റം കത്തിപടര്‍ന്ന കനലിന്‍റേയൊ
കനലാക്കി മാറ്റിയ കത്തിച്ചവന്‍റേയൊ...

Monday, July 18, 2011

ഇവളെന്‍റെ മകള്‍ നിന്‍റേയും... !!


ഇവളെന്‍റെ മകള്‍, നിന്‍റേയും...  
പെണ്ണായ് പിറന്നതിന്‍ 
ശാപം പേറുന്നവള്‍..   
സംരക്ഷിക്കേണ്ടതെവിടെ, 
എങ്ങിനെ ഇവളെയീ മണ്ണില്‍... 
രക്ഷാകവചം തീര്‍ക്കേണ്ടതേത്  
ലോഹത്തില് ഇവള്‍ക്കായ്..

ഇവളെന്‍റെ മകള്‍ നിന്‍റേയും..     
നരകാഗ്നിയിലേക്കിവളെ
വലിച്ചെറിയാം...
ഇവളായ് പിറന്ന ഇവളിലെ ശാപം, 
സ്ത്രീയായ് പിറന്നതിന്‍ തീരാപാപം 
തപിച്ചുരുകട്ടെ ഈ കനലില് ..
ഈ നിഷ്കളങ്ക ബാല്യമെങ്കിലും 
നാളെയൊരു കനലായ് 
മനസ്സിലെരിയാതിരിക്കുവാന്‍..

ആളിപ്പടരുമാ അഗ്നിയിലവള്‍ക്ക് 
നഷ്ടപ്പെടാത്തവളാവാം..
അവിടെ ജന്മമേകിയ പിതാവിന്റെ, 
സ്വരക്തമാം കൂടെപിറപ്പിന്റെ 
കാമംത്തുപ്പും കഴുകകണ്ണുകളക്ക് 
വാത്സല്ല്യഭാജനമാവാതെ 
അവള്‍ക്ക് വെന്തുരുകാം..

അവിടെ പെറ്റവയറിന്റ്റെ 
കൂട്ടികൊടുപ്പിന്‍ അമ്മിഞ്ഞ നുകരാതെ,
ഉരുകിയൊലിക്കും മജ്ജയാല്‍
ദാഹമകറ്റാം..
അവിടെ മനുജനായ് ജീവിക്കാന്‍
മൂല്യങ്ങള്‍ മുറുകെപിടിക്കാന്‍ പഠിപ്പിച്ച
ഗുരുവിന് ഗുരുദക്ഷിണയാവാതെ 
മൂല്യം കുറഞ്ഞൊരു കനലായെരിയാം...

അവിടെ നിനക്കൊളിക്കാന്‍ 
വികാരങ്ങളില്ലാത്ത ചിതല്പുറ്റുകല്‍
തിരഞ്ഞലയേണ്ടതില്ല...
അവിടെ നിന്നെതേടി കാമത്തിന്‍
കൂര്‍ത്ത നഖങ്ങള്‍ വളരില്ല..
മനുഷ്യത്വം നശിച്ച കൂരിരുട്ടില്‍
പീഡനത്തിന്‍ ദ്രംഷ്ടകള്‍ നിന്നോട്
പല്ലിളിക്കില്ല...

നിന്‍റെ സ്വപ്നങ്ങള്‍ക്ക് പെയ്തിറങ്ങാന്‍ 
ഭൂമികയില്ലെങ്കിലും
വഞ്ചനയുടെ പത്മവ്യൂഹമില്ലവിടെ..
നിനക്ക് മരണത്തെ വരിക്കാം
ഒന്നും നഷ്ടപ്പെടാത്തവളായ്..
കത്തിപ്പടരും കനലില്‍ കനലാവുമ്പോഴും
കനലെരിയാത്ത മനമോടെ ചാരമാകാം..!!


Wednesday, July 6, 2011

കാലംതെറ്റി വിടര്‍ന്ന ഇലഞ്ഞിപ്പൂക്കള്‍ (ഭാഗം-2)



ബസ് കേരളം വിട്ടിരിക്കുന്നു.. റോഡരികിലെ കാഴ്ചകളെ പിറകിലാക്കി വളരെവേഗതിയിലാണ്‍ പാച്ചില്‍..ജീവിതം ചവിട്ടിമെതിച്ചുപേക്ഷിച്ച ഇന്നലേകളോടെന്ന പോലെ, മുന്നോട്ടുള്ള ഈ യാത്രയിലൊരിക്കലും കടന്നുവരാതെ പിന്മറഞ്ഞ കാഴ്ചകളോട് വല്ലാത്തൊരു ആര്‍ത്തി തോന്നി.. ഒരിക്കലും കിട്ടില്ലെന്ന തിരിച്ചറിവേകുന്ന ഒരുതരം അഭിനിവേശം.. മഴയുടെ പച്ചപ്പ് മാറി വരണ്ട കാഴ്ചകളാണ്‍ പുറത്ത്.. കാഴ്ചകളും കാത്തിരിപ്പുകളും വ്യര്‍ഥമാവാന്‍ ഒരു നിമിഷം മതി... എന്‍റെ ഓപ്പോളുടെ സ്വപ്നങ്ങളും കാത്തിരിപ്പുകളും വ്യര്‍ഥമായതുപോലെ.. 


അന്ന് അമ്പലത്തില്‍ തൊഴാന്‍ പോയി ഇലഞ്ഞിമരചുവട്ടില്‍ വിനയേട്ടന്‍ തന്ന മിഠായിയും നുണഞ്ഞ് ആഞ്ഞിലിചക്ക തിരക്കിട്ട് കടിച്ച് പറിക്കുന്ന അണ്ണാന്‍ കുഞ്ഞിനെ നോക്കിയിരിക്കുമ്പോഴാണ്‍ അമ്മാവന്‍റെ അട്ടഹാസം.. ഓപ്പോളുടെ മുടിയില്‍ ശക്തിയായി പിടിച്ച് വലിക്കുന്നു,, ഒപ്പോള്‍ കരയാണ്‍.. വിനയേട്ടനെ അതാ കാര്യസ്ഥന്‍ നാണുവും പണിക്കാരന്‍ കോതയും കൂടി തല്ലി ചതയ്ക്കുന്നു.. കയ്യില്‍ അടക്കി പിടിച്ചിരുന്ന നാരങ്ങമിഠായി നിലത്തുവീണ്‍ ചിതറി.. ഓപ്പോളെ വിടുവിക്കാന്‍ അമ്മാവന്‍റെ കയ്യില്‍ കയറിപിടിച്ചു.. ആഞ്ഞൊരു തള്ളില്‍ താന്‍ ദൂരേക്ക് തെറിച്ച് വീണു.. കോപംകൊണ്ട് വിറയ്ക്കുകയാണ്‍ അമ്മാവന്‍.. ചുറ്റും ഒരുപാട് ആളുകള്‍ കൂടിയിരിക്കുന്നു.. അമ്മാവന്‍ ഓപ്പോളെ വലിച്ചിഴച്ച് തറവാട്ടിലേക്ക് കൊണ്ട്പോയി, ഉറക്കെ കരഞ്ഞ്കൊണ്ട് താന്‍ പിറകേയും.. അന്ന് ഒരുപാട് തല്ല് കിട്ടി ഓപ്പോള്‍ക്ക്.. വെളിച്ചം കടക്കാത്ത മച്ചിനകത്തിട്ട് പൂട്ടി എന്‍റെ ഓപ്പോളെ.. അമ്മ കരഞ്ഞ് കാല്‍ പിടിച്ചെങ്കിലും അമ്മാവന്‍ കനിഞ്ഞില്ല.. അന്ന് രാത്രി താന്‍ ഓപ്പോള്‍ടെ കൂടെയല്ല കിടന്നത്.. അമ്മയുടെ കൂടെ.. അമ്മ അന്ന് ഉറങ്ങിയിട്ടില്ല, ഓപ്പോള് കൂടെയില്ലാത്തതിനാല്‍ താനും... പിന്നീടൊരിക്കലും എന്‍റെ ഓപ്പോള്‍ ചിരിച്ചിട്ടില്ല, എന്നെ ബോധിപ്പിക്കാനുള്ള ആ നരച്ച ചിരിയല്ലാതെ.. വിനയേട്ടനെ പിന്നീടൊരിക്കലും കണ്ടില്ല.. നാരങ്ങമിഠായിയും ഇലഞ്ഞിപ്പൂക്കളും മനസ്സിലിന്നും ചിതറികിടക്കുന്നു, നനുത്ത ഇന്നലേകളുടെ ഇറ്റ് വീഴാന്‍ മടിക്കുന്ന മഴതുള്ളികള്‍ പോലെ..


ഏറെ മുതിര്ന്നതിനു ശേഷം അഛന്റെ വീട്ടില്‍ അവധിക്കാലത്ത് പോവുമ്പോള്‍ അമ്മായിമാരും അഛമ്മയും പറയുന്ന പഴംകഥകളില്‍ നിന്നാണ്‍ ഒരു ചിത്രം കിട്ടിയത്.. വീട്ടിലാരും അതിനെ കുറിച്ച് സംസാരിക്കാറില്ല. അന്ന് വിനയേട്ടനും ഓപ്പോളും തമ്മിലുള്ള പ്രണയം കയ്യോടെ പിടികൂടിയ അമ്മാവന്‍ വിനയേട്ടനോട് എല്ലാം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടത്രെ.. താഴ്ന്ന ജാതിക്കാരന്‍ തറവാട്ടില്‍ വന്ന് കയറുന്നത് ചിന്തിക്കാന്‍ പോലും യാഥാസ്ഥിതികനായ അമ്മാവന്‍ കഴിയില്ല.. പിന്മാറാന്‍ തയ്യാറല്ലെന്നും ഓപ്പോളെ വിളിച്ചിറക്കി സ്വന്തം വീട്ടിലേക്ക് കൊണ്ട്പോവുമെന്നുമുള്ള വിനയേട്ടന്‍റെ വെല്ലുവിളി.. പിന്നീടാരും വിനയേട്ടനെ കണ്ടവരില്ല.. വിനയേട്ടന്‍റെ പാവം വീട്ടുകാര്‍പോലും.. ദുഷ്ടന്‍ കൊന്നതാവുമെന്ന് അഛന്‍ പെങ്ങള്‍ പറയുന്നു.. അഛന്‍ അന്ന് തന്നെ വിവരമറിഞ്ഞ് തറവാട്ടില്‍ ചെന്നത്രെ.. ഓപ്പോള്‍ടെ, വിനയേട്ടനെ മാത്രമേ വിവാഹം കഴിക്കൂവെന്ന പിടിവാശി കണ്ട് അഛന്‍ അമ്മാവനോട് ശുപാര്‍ശ ചെയ്തത്രെ കുട്ടികളുടെ ഇഷ്ടം നടത്തി കൊടുക്കാന്‍... തറവാടിന്‍റെ അന്തസ്സ് പോയാല്‍ നിങ്ങള്‍ക്കെന്താ അല്ലേ എന്നും പറഞ്ഞ് അമ്മാവന്‍ അഛനെ അവഹേളിച്ചിറക്കി വിട്ടുവെന്ന്.. പിന്നീടഛന്‍ ആ പടി കയറിയിട്ടില്ല.. വിവാഹാലോചനകള്‍ക്ക് മുന്നില്‍ തനിക്കിനിയൊരു താലികെട്ട് മരണത്തെ മാത്രമെന്ന് പൊട്ടിതെറിച്ച ഓപ്പോള്‍ക്ക് മുന്നില്‍ അമ്മാവന്‍ പോലും നിശബ്ദനായി... പിന്നെ ഓപ്പോള്‍ ജീവിച്ചത് വിധിയോടുള്ള തന്‍റെ പ്രതികാരം കണക്കേ ആയിരുന്നു.. വികാരങ്ങളില്ലാതെ, ഒന്ന് കണ്ണ് നിറയ്ക്കുക പോലുമില്ലാതെ ജീവിതത്തോടുള്ള പക വീട്ടുകയാണിന്നും ഓപ്പോള്‍...


ബസ് ബാങ്ക്ലൂര്‍ അടുക്കുന്നു.. കൂടെ പഠിച്ച മനുവിന്‍റെ എഴുത്താണ്‍ ഈ യാത്രയുടെ ഹേതു.. അവനിപ്പോള്‍ ബാങ്ക്ലൂരൊരു ആപ്പീസിലാണ്‍ ഉദ്യോഗം.. അടുത്ത നാട്ടുകാരനും ആത്മമിത്രവുമാണ്‍.. വീട്ടിലെ എല്ലാ കഥകളും അവനറിയാം.. വിനയേട്ടന്‍റെ കഥയും.. അവന്‍ ബാങ്ക്ലൂരില്‍ താമസിക്കുന്നതിന്‍ അടുത്ത വീട്ടില്‍ ഒരു മനുഷ്യന്‍ ഒറ്റയ്ക്ക് താമസിക്കുന്നുണ്ടത്രെ.. അധികം മിണ്ടാതെ ആരോടും ചങ്ങാത്തം കൂടാതെ ജീവിക്കുന്ന അയാളെ മനുവിന്‍റെ റൂമിലാറ്ക്കും വലിയ പരിചയമില.. ഒരുദിവസം മനു ജോലിക്ക് പോകുന്ന സമയത്ത് വഴിയരികില്‍ രക്തം ഛര്‍ദ്ദിച്ച് അബോധാവസ്ഥയില്‍ കിടക്കുന്ന അയാളെ കണ്ടു.. ആശുപത്രിയിലെത്തിച്ചു,, മറ്റാരും കൂടെയില്ലാത്തതിനാല്‍ അവധിയെടുത്ത് അയാളെ പരിചരിക്കാന്‍ നിര്‍ബന്ധിതനായി.. ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നെന്ന്.. ബോധം വന്നപ്പോള്‍ അയാള്‍ക്ക് മനുവിനോട് വല്ലാത്തൊരു അടുപ്പം.. വിനയന്‍ എന്നാണ്‍ പേരെന്നും പ്രണയത്തിന്‍റെ ബാക്കിപത്രമായ് കിട്ടിയ അടികള്‍ക്കൊടുവില്‍ ജീവിക്കാനുള്ള കൊതിയേക്കാള്‍ മരണത്തിനു മുന്നില് തോറ്റ്കൊടുക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ , എന്നെങ്കിലുമൊരിക്കല്‍ തിരികെ ചെന്ന് തന്‍റെ പ്രണയിനിയെ സ്വന്തമാക്കാന്‍ ജീവന് അനിവാര്യമാണെന്നും കരുതി നാടുവിട്ടതാണത്രെ.. പക്ഷേ കാലം തന്നിലെ പ്രതികാരങ്ങളെ കെടുത്തികളഞ്ഞെന്നും ഇന്നവള്‍ നല്ലൊരു കുടുംബിനിയാകും ആ ജീവിതം താന്‍ നശിപ്പിക്കരുതെന്നും കരുതി ഇവിടെ വിധിയോട് പ്രതികാരം വീട്ടുകയാണ്‍ അയാളെന്ന്.. നാടും പേരും എല്ലാം കേട്ടപ്പോള്‍ മനുവിനേതാണ്ട് ഉറപ്പായി... അങ്ങിനെ തന്നെ അറിയിച്ചതാണ്‍.. കത്ത് വായിച്ച് കഴിഞ്ഞപ്പോള്‍ മനസ്സ് പെരുമ്പറ കൊട്ടുകയായിരുന്നു എല്ലാവരോടും ഉറക്കെ വിളിച്ച് പറയാന്‍.. എന്‍റെ ഓപ്പോള്‍ ജീവിക്കാന്‍ പോണു.. ഒടുവില്‍ കാലം കനിഞ്ഞിരിക്കുന്നു.. വിധി മുട്ടുമടക്കിയിരിക്കുന്നു.. എന്‍റെ ഓപ്പോള്‍ ജയിച്ചു.. പക്ഷേ പിന്നെ തോന്നി വേണ്ട, വിനയേട്ടനെ മുന്നില്‍ കൊടുന്ന് നിര്‍ത്തി കൊടുത്ത് ഓപ്പോളോട് തനിക്ക് പറയണം.. ന്നാ ഓപ്പോളെ കുട്ടന്‍റെ സ്നേഹത്തിന്‍റെ കാണിക്ക.. ഇതെന്‍റെ ഓപ്പോള്‍ക്ക് മാത്രമുള്ളതാണ്‍.. അപ്പോള്‍ ആ മുഖത്ത് ഉദിക്കുന്ന ഇലഞ്ഞിപ്പൂവിന്‍റെ മനോഹാരിതയുള്ള , നാരങ്ങമിഠായിയുടെ വര്‍ണ്ണപ്പൊലിമയുള്ള ആ പഴയചിരി കണ്ട് തനിക്ക് മനസ്സ് നിറയ്ക്കണം.. അതുമതി എനിക്കീ ജന്മം സുകൃതമാവാന്‍.. അപ്പോള്‍ ആ കണ്ണുകളില്‍ തിരിച്ചെത്തുന്ന തെളിച്ചം..അതുമതി തനിക്കീ ജീവിതം പ്രകാശമാനമാകാന്‍.. അതുകൊണ്ട്തന്നെ വീട്ടിലെല്ലാവരോടും ചില കടലാസുകള്‍ ശരിയാക്കാന്‍ പോവാന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ..

വരുന്ന വിവരത്തിന്‍ മനുവിന്‍ കത്തിട്ടിരുന്നു.. ബസ്റ്റാന്‍ഡില്‍ വന്ന് നില്‍ക്കാനും.. നാട്ടില്‍ നിന്ന് പുറപ്പെടുന്ന സമയം ഏകദേശം അറിയിച്ചിരുന്നു.. ഇനി കാത്ത് നിന്ന് മുഷിഞ്ഞോ ആവൊ.. വിനയേട്ടനെ കാണുന്ന നിമിഷങ്ങള്‍ അടുക്കുന്നു.. ബാഗ്ലൂരെത്താന്‍ വല്ലാത്ത ധൃതി...ബസ്സിറങ്ങി സ്റ്റാന്ഡ് മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും മനുവിനെ കണ്ടില്ല.. ഇനിയെന്ത് ചെയ്യും.. സ്ഥലം ഒട്ടും പരിചയമില്ല.. ആദ്യമായാണ്‍ ഇങ്ങിനെയൊരു ദൂരയാത്ര വരെ.. തിരികെ ഗുരുവായൂര്‍ക്ക് വണ്ടി കയറിയാലൊ.. പക്ഷേ എന്‍റെ ഓപ്പോള്‍ക്ക് വിനയേട്ടനെ തിരികെ നല്‍കേണ്ടെ.. ബാഗില്‍ തപ്പിയപ്പോ മനുവിന്‍റെ എഴുത്ത് കിട്ടി.. കാറ്ഡിന്‍റെ പിറകില്‍ അവന്‍റെ വിലാസമുണ്ട്.. ഒരു റിക്ഷയില്‍ കയറി ആ വിലാസം കാണിച്ച് കൊടുത്തു.. ഭാഷയറിയാത്തതുകൊണ്ട് അധികമൊന്നും പറയാന്‍ വയ്യ.. പലവഴികള്‍ താണ്ടി റിക്ഷാക്കാരന്‍ അവസാനം ഒരു പഴയ കെട്ടിടത്തിനു മുന്നില്‍ വണ്ടി നിര്‍ത്തി.. നല്ല മഴക്കാറുണ്ട് , പെയ്യാന്‍ വിതുമ്പി നില്‍ക്കുകയാണ്‍ മാനം.. പക്ഷേ മഴക്കാറുകള്‍ നൃത്തം വെയ്ക്കുന്ന അന്തരീക്ഷത്തിന്‍ ഗുരുവായൂരിലെ കാര്‍മേഘങ്ങളുടെ ഭംഗി തോന്നിയില്ല ..

റിക്ഷാക്കാരനെ വാടകകൊടുത്ത് യാത്രയാക്കി..കെട്ടിടത്തിന്‍ ഗേറ്റില്‍ നിന്നിരുന്ന കാവല്‍ക്കാരന്‍ ആ അഡ്രസ്സ് കാണിച്ച് കൊടുത്തപ്പോ ഇടത്ത് വശത്തുള്ള ചെറിയൊരു മുറി കാണിച്ച് തന്നു.. അവിടെ ഒരു സ്ത്രീ ഇരിപ്പുണ്ട്.. അവരെ കാര്‍ഡ് കാണിച്ചപ്പോള്‍ ഇരിക്കാന്‍ പറഞ്ഞു അകത്തേക്ക് പോയി.. മനുവിന്‍റെ ആഫീസാണെന്ന് തോന്നുന്നു.. കുറച്ച് കഴിഞ്ഞപ്പോള്‍ മനുവിനൊപ്പം അവര്‍ തിരികെ വന്നു.. മനുവിനെന്നെ കണ്ടപ്പോള്‍ ആശ്ചര്യം.. പിന്നെ മുഖം മങ്ങി.. ഞാനയച്ച കത്ത് കിട്ടിയില്ലെ, മനു ചോദിക്കുന്നു.. കിട്ടിയതുകൊണ്ടാണല്ലൊ ഞാനിങ്ങോട്ട് തിരിച്ചത്.. രണ്ടാമതും ഞാനെഴുതിയിരുന്നു വരേണ്ടെന്ന് പറഞ്ഞുകൊണ്ട് ,, കിട്ടികാണില്ല.. അവന്‍ തലകുനിച്ച് പറഞ്ഞു.. വിനയേട്ടന്‍ മരിച്ചു... ഏഴെട്ട് ദിവസായി.. ഹാര്‍ട്ട് അറ്റാക്കായിരുന്നത്രെ.. അരുമറിഞ്ഞില്ല. നേരം വെളുത്തപ്പോള്‍ പണിക്കാരാണ്‍ കണ്ടത് മരിച്ച് കിടക്കുന്നത്. ഞാനന്നേ എഴുതിയിരുന്നു നിനക്ക്..... മനു പറഞ്ഞു നിര്ത്തി.... പുറത്ത് മഴ ശക്തിയായി പെയ്ത് തുടങ്ങിയിരിക്കുന്നു... മിഴികളും.. ബാഗുമെടുത്ത് മഴയിലേക്ക് ഇറങ്ങി.. എവിടെയോ വായിച്ചിട്ടുണ്ട് എല്ലാ ദു:ഖങ്ങളേയും മഴ കഴുകി കളയുമെന്ന്..

മനു പുറകില്‍ നിന്നും വിളിക്കുന്നു.. മഴമാറി അവന്‍റെ റൂമിലേക്ക് പോകാമെന്ന് .. ഒന്നിനും തോന്നിയില്ല.. നീ നാട്ടില്‍വരുമ്പോള്‍ കാണാം എന്നും പറഞ്ഞ് ഇറങ്ങി നടന്നു.. അവന്‍ പിറകെ വരുന്നു.. പേഴ്സില്‍നിന്നും നിറം മങ്ങിയ രണ്ട് ഫോട്ടൊ എടുത്ത് കയ്യില്‍ വെച്ച് തന്നു.. കാലം കറകള്‍ വീഴ്ത്തിയ ദ്രവിച്ച് തുടങ്ങിയ പഴയ ഫോട്ടൊ.. ഒന്ന് ഓപ്പോളുടെ , മറ്റേത് വിനയേട്ടന്‍റെ.. വിനയേട്ടന്‍ സൂക്ഷിച്ചിരുന്നവയാണത്രെ.. അവയിലേക്ക് രണ്ടാമതൊന്ന് നോക്കാന്‍ താന്‍ അശക്തനായിരുന്നു... തിരികെ ബസ് സ്റ്റാന്‍ഡിലേക്ക് നടക്കുമ്പോള്‍ വഴിയോ സ്ഥലമോ യാതൊരു അപരിചിതത്വവും തോന്നിയില്ല.. റിക്ഷ വന്ന വഴിയേ തിരികെ നടന്നു.. വഴികാട്ടുന്നത് മഴയോ വിനയേട്ടനോ.. നിശ്ചയം പോരാ.. സ്റ്റാന്‍ഡിലെത്തുമ്പോഴേക്ക് മഴ തോര്‍ന്നിരിക്കുന്നു.. നനഞ്ഞ വസ്ത്രങ്ങളും കാറ്റില്‍ ഉണങ്ങിയിരിക്കുന്നു.. കാലം കൽപ്പിക്കുന്ന കടുത്ത വേദനകളേയും ഇതുപോലെ ഉണക്കുവാനായെങ്കില്‍... 

ഗുരുവായൂര്‍ക്കുള്ള ബസ് ടിക്കെറ്റെടുത്തു,, പുറപ്പെടാന്‍ നില്‍ക്കുന്ന ബസില്‍ കയറി.. ഇത്രവേഗമുള്ള തിരിച്ച് വരവിന്‍ ഓപ്പോളോടും അമ്മയോടും പറായാനുള്ള വാചകങ്ങള്‍ മനസ്സില്‍ ഒരുകൂട്ടിവെച്ചു... അപ്പോഴും മഴപെയ്യുന്നുണ്ടായിരുന്നു.. ജാലകത്തിനിപ്പുറത്ത്, നഷ്ടങ്ങളുടെ, ദു:ഖങ്ങളുടെ തോരാമഴ...

കാലംതെറ്റി വിടര്‍ന്ന ഇലഞ്ഞിപ്പൂക്കള്‍ (ഭാഗം-1)


കോരിച്ചൊരിയുന്ന മഴ.. വൈകുന്നേരം നിലം പഴുത്ത് കണ്ടപ്പോഴേ നിരീച്ചു മഴയുണ്ടാകുമെന്ന്,, ഓപ്പോളോട് പറയേം ചെയ്തു.. ഞങ്ങള്‍ രണ്ട്പേരുംകൂടി ഉണക്കാനിട്ടിരുന്ന വിറകെല്ലാം പെറുക്കി ഇറയത്ത് അടുക്കി വെച്ചു.. ഇരുട്ടി തുടങ്ങുമ്പോഴേക്ക് നല്ല തണുത്ത കാറ്റ് വീശി തുടങ്ങി, അപ്പോഴാ ഓര്‍ത്തത് പടിഞ്ഞാറ്റയുടെ പിറകില്‍ പെറുക്കി കൊടുന്നിട്ട അടക്ക ഇപ്പോ പകുതി ഉണക്കമായി കാണുമെന്ന്.. ഓടിപോയി അത് കോരി കൊട്ടയിലാക്കി, അവസാനിക്കുമ്പോഴേക്ക് മഴ ചാറി തുടങ്ങി.. ഓപ്പോള്‍ ഓടി അകത്ത് കയറി.. പക്ഷേ മഴയെ ഈ രാത്രിയില്‍ ഒറ്റയ്ക്കാക്കി കയറാന്‍ മനസ്സ് വന്നില്ല .. അമ്മ വഴക്ക് പറഞ്ഞപ്പോള്‍ മനസ്സില്ലാ മനസ്സോടെ ഞാനും വീട്ടിലേക്ക്.. ഇപ്പോഴും ജാലകച്ചില്ലിനപ്പുറം രാത്രിമഴ എന്നോട് കിന്നാരം ചൊല്ലുന്നു... മനസ്സിന്‍റെ ജാലക ചില്ലയില്‍ പെയ്തുവീഴുന്ന ഈ മഴതുള്ളികള്‍ക്ക് കുളിരേറെ,, ആസ്വാദ്യതയും..



മഴയാസ്വദിച്ച് നിന്നതെത്ര നേരമെന്നോര്‍മ്മയില്ല.. പെയ്തുവീഴുന്ന മഴ നോക്കി നില്‍ക്കുമ്പോള്‍ മനസ്സിലൊരുപാട് ഓര്‍മ്മകതുള്ളികള്‍ ഇറ്റിവീഴും, കോരിച്ചൊരിയുന്ന മഴയില്‍ മേല്‍ക്കൂരയില്‍ നിന്നും വീഴുന്ന മഴവെള്ളം മണ്ണില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ പോലെ ഓര്‍മ്മതുള്ളികള്‍ മനസ്സിലും എന്തൊക്കെയൊ ചിത്രങ്ങള്‍ വരയ്ക്കും.. ഇന്നലേകളുടെ സന്തോഷവും സന്താപവും കുളിരും നീറ്റലുമെല്ലാം ചായം പൂശിയ ഓര്‍മ്മചിത്രങ്ങള്‍.... അകലെനിന്നേതോ രാപ്പാടിയുടെ കേഴല്‍ .. കോരിച്ചൊരിയുന്ന മഴയില്‍ അവളും അമ്മക്കിളിയുടെ ചിറകിനിടയില്‍ ചൂട്പറ്റി ഉറങ്ങിയിരുന്ന ആ ബാല്യം ഓര്‍ത്തുകാണും.. “ഈ മഴയത്തെന്തിനാ കുട്ട്യേ ശീതലുകൊള്ളാന്‍ ജനാലേം തുറന്നിട്ട് ഇങ്ങിനെ.. ഉറങ്ങാറായില്ലേ,, വെളുപ്പിനെണീറ്റ് പോണ്ടതല്ലെ" ഓപ്പോളുടെ വിളി നേരമേറെയായി താനീ നിൽപ്പ് തുടങ്ങിയിട്ടെന്ന് ഓര്‍മ്മപ്പെടുത്തി.. നാഴിക ഒരുപാട് കടന്ന് പോയിരിക്കുന്നു, ഇനിയും ഉറങ്ങിയില്ലെങ്കില്‍ നാളെ എണീക്കാനും വിചാരിച്ച നേരത്ത് ഇറങ്ങാനും കഴിയില്ല.. എന്നും എവിടേയും ഓപ്പോളാണ്‍ തന്‍റെ ജീവിതത്തിലെ ഓര്‍മ്മപ്പെടുത്തല്‍.. ആ ഓര്‍മ്മപ്പെടുത്തലുകള്‍ എന്നും നേര്‍വഴി ചൂണ്ടികാണിച്ചിട്ടുണ്ട് ജീവിതമിതുവരെ.... എപ്പോഴും ഓര്‍ക്കും എന്നിട്ടുമെന്തേ ഓപ്പോളുടെ ജീവിതം ഒരു അക്ഷരതെറ്റായി മാറിയത്... ഓപ്പോള്‍ ജനല്പാളികള്‍ അടച്ച് കുറ്റിയിട്ട് വാതിലും ചാരി പോയി കഴിഞ്ഞിരുന്നു.. നാളത്തെ യാത്രയ്ക്കായ് എടുത്ത് വെച്ച ബാഗ് ഒന്നുകൂടി തുറന്ന് നോക്കി എല്ലാം ഉണ്ടന്ന് ഉറപ്പ് വരുത്തി.. ബാഗിന്‍റെ സൈഡ് പോക്കറ്റില്‍ താന്‍ കാണാതെ രാസനാദിപൊടിയും ചെറിയൊരു കുപ്പി അച്ചാറും തിരുകികയറ്റിയിരിക്കുന്നു ഓപ്പോള്‍,, പാവം അറിഞ്ഞാല്‍ താന്‍ സമ്മതിക്കില്ല്യാന്ന് നല്ല നിശ്ച്യം ഉള്ളതുകൊണ്ടാവാം... കിടക്ക വിരി ഒന്നുകൂടി തട്ടികുടഞ്ഞ് രാത്രിമഴയുടെ സംഗീതം കാതോര്‍ത്ത് ഉറക്കം വരാതെ ഇരുണ്ടവെളിച്ചത്തില്‍ മച്ചിലേക്ക് നോക്കി വെറുതെ കിടന്നു... രാത്രിമഴയുടെ താരാട്ടില്‍ മിഴികള്‍ പതുക്കെ നിദ്രയുടെ താളം പിടിക്കലില്‍ ലയിച്ചു...

ഉണര്‍ന്നത് മുറ്റമടിക്കാരി നാണിയമ്മയുടെ പായേരം പറച്ചില് പിന്നാമ്പുറത്ത് നിന്നും കേട്ട്കൊണ്ടാണ്‍.. ഇടമുറിയാതെ പെയ്യുന്ന ഇടവപ്പാതിയും കുട്ടികളുടെ ദീനവും മഴതോരാതെ പണിയ്ക്ക് പോവാന്‍ കഴിയാത്തതും അടുപ്പെരിഞ്ഞിട്ട് ദിവസങ്ങളായതുമൊക്കെ അമ്മയ്ക്ക് മുന്നില്‍ ബോധിപ്പിക്കുകയാണ്‍ പാവം.. കുറച്ച് പഴങ്കഞ്ഞിയോ ഒരു മൂട് കപ്പയോ പഴുത്ത് വീണ്‍പോകുന്ന ചക്കയോ എടുക്കാന്‍ ഒരു സമ്മതമാണവര്‍ക്ക് കേള്‍ക്കേണ്ടത്.. ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും മനുഷ്യജന്മങ്ങള്‍ പോലെ തന്നെ എന്തൊരു അന്തരം... നേരം പരപരാ വെളുത്തുവരുന്നതേ ഉള്ളൂ.. കാര്‍മേഘങ്ങള്‍ മൂടികെട്ടിയ അന്തരീക്ഷം.. രാത്രിമഴയുടെ നേര്‍ത്ത സ്വരം പോലെ അപ്പോഴും മഴ ചാറുന്നുണ്ട്.. ധൃതിയിലെണീറ്റു കുളക്കടവിലേക്ക് നടന്നു.. ശക്തിയായ് പെയ്യുന്ന ചാറ്റല്‍മഴയില്‍ ഈ വെള്ളത്തില്‍ മുങ്ങികിടക്കാന്‍ വല്ല്യ ഇഷ്ടാണ്‍.. പക്ഷേ ഇന്ന് ഒന്നിലും മനസ്സ് നില്‍ക്കുന്നില്ല, മഴയിലും നിറഞ്ഞ് കിടക്കുന്ന ഈ വെള്ളത്തിലും ഒന്നും.. പെട്ടെന്ന് കുളിച്ച് കൽപ്പടവുകള്‍ തിരിച്ച് കയറി.. മനസ്സില്‍ ഇന്നത്തെ യാത്ര മാത്രമാണ്‍.. ഭഗവാനെ തൊഴുത് വേണം ബസ് സ്റ്റാന്‍ഡിലെത്താന്‍.. ആദ്യത്തെ ബസ് തന്നെ പിടിക്കണം ബാഗ്ലൂര്‍ക്ക്..

കുളികഴിഞ്ഞ് വരുമ്പോഴേക്കും ഓപ്പോള്‍ ചായയും അടയും കൊടുന്ന് മൂടിവെച്ചിരിക്കുന്നു.. അലക്കി വെളുപ്പിച്ച നിറമുള്ള മുണ്ടും കുപ്പായവും ഇസ്തിരിയിട്ട് തയ്യാറാക്കി വെച്ചിട്ടുണ്ട്..പാവം എത്ര നേരത്തെ എണീറ്റ് കാണും ഇതെല്ലാം ഒരുക്കാന്‍.. ഇന്നലെതന്നെ താന്‍ പറഞ്ഞതാണ്‍ ഉള്ളതൊക്കെ മതിയെന്ന്.. പണ്ട് തൊട്ടേ ഓപ്പോള്‍ ഇങ്ങിനെയാ, തന്‍റെ കാര്യങ്ങളില്‍ ഒരു വീഴ്ചയും വരാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധി... അമ്മയും വഴക്ക് പറയും നീയാണ്‍ അവനെ ഇങ്ങിനെ വഷളാക്കുന്നത് എന്ന് പറഞ്ഞ്.. അപ്പോഴും എന്‍റെ ഓപ്പോള്‍ടെ ചുണ്ടുകളില്‍ ഒരു വിളറിയ ചിരിമാത്രം മറുപടി, ഓപ്പോള്‍ ധരിക്കുന്ന വസ്ത്രം പോലെ, അല്ലാ ഓപ്പോള്‍ടെ ജീവിതം പോലെ ആ നരച്ച ചിരി.. തന്‍റെ ബാല്യകാലസ്മരണകളില്‍ ഇന്നും തിളങ്ങിനില്‍ക്കുന്നത് ഓപ്പോളുടെ ആ നിറഞ്ഞപുഞ്ചിരിയാണ്‍, അന്നെന്റെ ഓപ്പോളൊരു കിലുക്കാമ്പെട്ടിയായിരുന്നു.. കാലം ആ ചിരിക്കും വാര്‍ദ്ധക്യമേകിയിരിക്കുന്നു.. ഇത്ര നേരത്തെ ഒന്നും കഴിച്ച് ശീലമില്ലെങ്കിലും ഓപ്പോള്‍ വേദനിക്കേണ്ടെന്ന് കരുതി എന്തോ കഴിച്ചെന്നുവരുത്തി വസ്ത്രം മാറി വേഗം യാത്ര പുറപ്പെട്ടു.. ചെറ്യമ്പ്രാനെങ്ങ്ട്ടാ പുറപ്പെട്ട് പോണെ എന്ന നാണിയമ്മയുടെ ചോദ്യത്തിനു അമ്മ മറുപടി പറയുന്നത് കേട്ടു ആപ്പീസിലെ എന്തൊക്കെയൊ കടലാസുകള്‍ ശരിയാക്കാന് ദൂരെ ദേശത്തേക്കാ എന്ന്.. ബാഗുമായി പടിപ്പുരവരെ ഓപ്പോളും വന്നു ആ മഴചാറ്റലില്‍..

അമ്പലനടയില്‍ നിന്നുകൊണ്ട് തന്നെ ഭഗവാനെ തൊഴുത് ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു.. നല്ല തിരക്കുണ്ട് അമ്പലത്തില്‍.. കിഴക്കേ നടയിലൂടെ സ്റ്റാന്ഡിലേക്ക് നടക്കുമ്പോഴും മനസ്സ് മുഴുവന് ഈ യാത്ര സഫലമാവണേ എന്ന മൂകപ്രാര്‍ത്ഥനമാത്രമായിരുന്നു.
ഗുരുവായൂരപ്പനെ ഒരുനോക്കുകാണാന്‍ ധൃതിയില്‍ നടന്നടുക്കുന്ന ദൂരദേശക്കാരുടെ തിരക്കാണ്‍ നടമുഴുവന്‍.. പിന്നെ വിവിധ കച്ചവടക്കാരും.. സ്റ്റാന്‍ഡിലും നിറയെ ആളുകള്‍..അധികവും അമ്പലത്തില്‍ തൊഴാന്‍ വന്നിറങ്ങിയവര്‍... മഴ ഇപ്പോഴും ചിണുങ്ങി കൊണ്ടിരിക്കുന്നു.. നല്ല ശീതകാറ്റും.. ബാഗ്ലൂര്‍ ബസ് വരാന്‍ ഇനിയും 15 മിനിട്ട് കഴിയണമെന്ന് ടിക്കറ്റെടുക്കുമ്പോള്‍ ചോദിച്ചറിഞ്ഞു.... മഴശീതല്‍ അധികം തെറിക്കാത്ത ഒരു പടിയുടെ അരിക് പറ്റി ബസ് വരുന്നതും നോക്കിയിരുന്നു.. 


ബസില്‍ അധികം യാത്രക്കാരൊന്നുമില്ല.. സീറ്റുകളധികവും ഒഴിഞ്ഞ് കിടക്കുന്നു.. ഉള്ളവരില്‍ പലരും പാതിമയക്കത്തിലാണ്‍.. ചിലര്‍ ഗാഡമായ ചിന്തയില്‍.. ചിലര്‍ അലസമായി പുറം കാഴ്ചകളില്‍ മുഴുകിയിരിക്കുന്നു.. ജനവാതിലിനടുത്ത ഒരു സീറ്റിലിരുന്നു.. ഇപ്പോള്‍ നേരം നല്ലവണ്ണം വെളിച്ചം വെച്ചു.. മഴയുടെ ശക്തികൂടിയിരിക്കുന്നു.. ബസിന്‍റെ ചില്ലുജാലത്തില്‍ പെയ്തിറങ്ങുന്ന മഴതുള്ളികളെ നോക്കി ഇരുന്നു.. ഒരു വിരല്‍തുമ്പിനപ്പുറമെങ്കിലും സ്പര്ശിക്കാനാവാതെ അവയെ വെറുതെ നോക്കിയിരിക്കുമ്പോള്‍ നഷ്ടപ്പെടലിന്‍റെ നൊമ്പരം മനസ്സില്‍.. അടുത്തറിഞ്ഞിട്ടും പരസ്പരം തൊട്ടറിയാനാവാത്ത മനുഷ്യമനസ്സുകളുടെ ഭാവം ഈ മഴത്തുള്ളികള്‍ക്കും.. എന്‍റെ ഓപ്പോള്‍ടെ വിധിപോലെ..


വിനയേട്ടന്‍റെ മുഖം അവ്യക്തമായി മാത്രമാണ്‍ മനസ്സിലുള്ളത്.. പക്ഷേ വെളുത്തു മെലിഞ്ഞ ആ ശാന്തസ്വഭാവക്കാരന്‍ മനസ്സിലുണ്ട്, മായാതെ നില്‍ക്കുന്ന ആ പുഞ്ചിരിയും.. തന്‍റെ ആരാധനാ കഥാപാത്രമായിരുന്നു വിനയേട്ടന്‍.. വയലിനപ്പുറമാണ്‍ വിനയേട്ടന്‍റെ വീട്.. ഇടവഴി കടന്നാല്‍ ഞങ്ങളുടേയും പാക്കോട്ട് തറവാട്ടുകാരുടേയും പാടശേഖരമാണ്‍.. അതിന്‍റെ അപ്പുറത്തെ കരയിലാണ്‍ വിനയേട്ടന്‍റെ വീടും പാര്‍ക്കാടിക്കാവമ്പലവും.. ഓപ്പോള്‍ക്ക് കൂട്ടായി അമ്പലത്തിലേക്ക് പോവുമ്പോഴാണ്‍ നിറപുഞ്ചിരിയുമായ് കാത്ത്നില്‍ക്കുന്ന വിനയേട്ടനെ കാണാറ്.. അന്ന് തനിക്ക് 5-6 വയസ്സുകാണും.. ധൃതിയില്‍ തൊഴുത് കുട്ടാ ഓപ്പോള്ക്ക് ഇലഞ്ഞിപ്പൂമാല കോര്‍ക്കാന്‍ പൂ പെറുക്കാം എന്ന് പറഞ്ഞ് അമ്പലത്തിന്‍ കുറച്ച് മാറിയുള്ള ഇലഞ്ഞിമരചുവട്ടിലേക്ക് നടക്കും ഓപ്പോള്‍.. അവിടെ വിനയേട്ടനിരിക്കുന്നുണ്ടാവും.. ഇപ്പോ തന്നെ അമ്പലമുറ്റത്ത് കണ്ട വിനയേട്ടനും പൂ പെറുക്കാന്‍ വന്നതാകുമെന്ന് വിസ്മയപ്പെടും ഞാന്‍.. വിനയേട്ടന്‍ തനിക്കായ് കരുതിയ നാരങ്ങമിഠായി കയ്യില്‍ വെച്ചുതരുന്നതോടെ എല്ലാ സംശയങ്ങളും മറക്കും.... അതുവരെ ചിരിച്ച് നടന്നിരുന്ന ഓപ്പോളുടെ മുഖത്ത് പിന്നെ വെപ്രാളമാണ്‍.. വിനയേട്ടനോട് സംസാരിക്കുന്നതിനിടെ കുറച്ച് പൂക്കള്‍മാത്രം പെറുക്കും.. പൂക്കളില്ലാത്ത കാലത്തും എന്തിനാ പൂപെറുക്കാന്‍ പോവുന്നതെന്ന തന്‍റെ ചോദ്യത്തിനു ഓപ്പോളൊരിക്കലും വ്യക്തമായ മറുപടി തന്നിട്ടില്ല.. മഴക്കാലങ്ങളില്‍ പൂപെറുക്കാന്‍ ചെന്നാല്‍ പൂവില്ല ഓപ്പോളെ എന്ന് പരാതിപ്പെടുമ്പോള്‍ മഴപെയ്തുതോര്‍ന്ന സന്ധ്യകളില്‍ മരത്തിനു ചുവട്ടില്‍ തന്നേയും ഓപ്പോളെയും പിടിച്ച് നിര്‍ത്തി വിനയേട്ടന്‍ മരം പെയ്യിക്കും.. പൂക്കളുള്ള കാലങ്ങളില്‍ മരം ശ്ക്തിയായ് കുലുക്കി മലര്‍മഴയും... വല്ല്യ ഇഷ്ടായിരുന്നു ഓപ്പോള്‍ക്കത്.. തിരിച്ചുവര്‍മ്പോള്‍ പാടവരമ്പിലൂടെ തന്നെ ചേര്‍ത്ത് പിടിച്ച് നടക്കുമ്പോള്‍ ഓപ്പോള്‍ പറയും, കുട്ടാ വീട്ടില്‍ പറയരുത് മിഠായി കഴിച്ചതും ഇലഞ്ഞിപ്പൂക്കല്പെറുക്കാന്‍ പോയതും കണ്ടവരുമായ് സംസാരിച്ചതുമൊന്നും..അമ്മാവന്‍ ന്റ്റെ കുട്ടനെ അടിക്കും.. ഓപ്പോളെ പട്ടിണിക്കിടും.. തനിക്ക് കിട്ടുന്ന അടിയേക്കാള്‍ പേടിയായിരുന്നു ഓപ്പോളെ അമ്മാവന് ശകാരിക്കുന്നത്.. അതുകൊണ്ട് തന്നെ ഒന്നും മിണ്ടില്ല..


തൊഴാന്‍ പോയി വന്ന രാത്രികളില്‍ ഓപ്പോളെ ചേര്‍ന്ന് കിടക്കുമ്പോള്‍ പതിവുള്ള കഥപറച്ചില്‍ ഉണ്ടാവില്ല... ഓപ്പോള്‍ക്ക് ഉറക്കം വരുന്നു കുട്ടാ എന്ന്പറഞ്ഞ് ഒഴിഞ്ഞുമാറും ഓപ്പോള്‍.. എന്നാലും നല്ല സന്തോഷത്തിലാവും മുഖം.. ആ സന്തോഷത്തില്‍ മനസ്സ് നിറഞ്ഞ് കുട്ടനുറങ്ങും.. പിന്നീടെപ്പോഴാണ്‍ ഓപ്പോളുടെ രാത്രികള്‍ നിദ്രാവിഹീനങ്ങളായത്,, വിരിപ്പും തലയിണയും കണ്ണുനീരില്‍ കുതിര്‍ന്നത്.. ഓപ്പോളുടെ നിശബ്ദതേങ്ങലുകള്‍ എനിക്ക് താരാട്ടായത്...(തുടരും)