Monday, October 31, 2011

കാലം മറിച്ചൊരേട്

ഞങ്ങളുടെ ഗ്രാമത്തില്‍ ഏറ്റവും ഉന്നതങ്ങള്‍ കീഴടക്കിയ വ്യക്തിയാണ് അയ്യപ്പേട്ടന്‍. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഗ്രാമവാസികള്‍ക്കിടയില്‍ അദ്ദേഹത്തിന് മാത്രം അവകാശപ്പെടാവുന്നതാണ്  ജീവിതത്തില്‍ ഇത്രയും ആരോഹണവരോഹണങ്ങള്‍.. ജീവിതത്തിന്‍റെ രണ്ടറ്റങ്ങളിലാണ് അയ്യപ്പേട്ടന്‍റെ ദിനരാത്രങ്ങള്‍.. 

നാട്ടിലെ ഏക തെങ്ങുകയറ്റക്കാരനാണ് അയ്യപ്പേട്ടന്‍. ഒരു സംഘടനയിലും അംഗമല്ലാത്ത, ഒരു അവകാശവാദങ്ങളും ഉന്നയിക്കാത്ത, നാടിന്‍റെ സ്പന്ദനങ്ങളില്‍ അലിഞ്ഞ് ചേര്‍ന്ന് ജീവിക്കുന്ന ഒരുപാവം. നിഷ്കളങ്കമായ ഒരു പുഞ്ചിരിയാണ് സ്ഥായീഭാവം. മുട്ടോളമെത്തുന്ന ഒരു നീളന്‍ ട്രൌസറും അതിനു മുകളില്‍ മുഷിഞ്ഞ്നാറിയ ഒരു ഒറ്റമുണ്ടും , കുപ്പായമിടാതെ തോളിലൊരു മുഷിഞ്ഞ തോര്‍ത്തുമാണ് അയ്യപ്പേട്ടന്‍റെ വേഷം.നാട്ടുകാര്‍ നിര്‍ബന്ധിക്കുമ്പോള്‍ മാത്രം വര്‍ഷത്തില്‍ ഒന്നോ രണ്ടൊ തവണ മുറിക്കുന്ന ഒരിക്കലും ചീകാത്ത മുടിയും താടിയും അയാളെ പൂര്‍ണ്ണനാക്കുന്നു.കല്ല്യാണത്തിനായാലും കള്ള്ഷാപ്പിലേക്കായാലും ഇത് തന്നെ വേഷം.. നെറ്റി ചുളിക്കേണ്ടാ.അയ്യപ്പേട്ടനൊരിക്കലും മാന്യരുടെ പന്തിയിലൊന്നും കയറിയിരുന്നു കൂടെ കഴിക്കില്ല. ഏതെങ്കിലും ഒഴിഞ്ഞ് കോണില്‍ പോയിരുന്ന് എന്തെങ്കിലും വാരിത്തിന്ന് എണീറ്റ് പോരും,അതൊരു മരചുവട്ടില്‍ വെച്ച്കൊടുത്താലും അങ്ങേര്‍ക്ക് പരാതിയില്ല.. മുഖത്തെ പുഞ്ചിരി മായുകയുമില്ല. ഒരു ഭക്ഷണപ്രിയനല്ല , ഈ ലോകത്ത് അയാള്‍ക്കാര്‍ത്തി ചാരായത്തോട് മാത്രം. അതില്ലെങ്കില്‍ അയ്യപ്പേട്ടനില്ല.

നാട്ടിലെ തെങ്ങുകളെല്ലാം അയ്യപ്പേട്ടന് സ്വന്തം. എന്നും രാവിലെ തുടങ്ങുന്ന തെങ്ങുകയറ്റം ഉച്ചവരെ നീളും.അതുകഴിഞ്ഞാല്‍ അപ്പുവേട്ടന്‍റെ ചായക്കടയില്‍ കയറി ഉച്ചയൂണ്. ഉച്ചചൂടില്‍ ആളൊഴിഞ്ഞ കവലയില്‍ ഏതെങ്കിലും പീടികകോലായിലൊരു ഉച്ചമയക്കം. കയറികിടക്കാനൊരു വീടില്ല അയ്യപ്പേട്ടന്, കാത്തിരിക്കാനൊരു കുടുംബവും. ജീവിതം ഈ കടകളുടെ ഒഴിഞ്ഞ വരാന്തകളിലാണ്, പിന്നെ അങ്ങ് ഉയരത്തില്‍ തെങ്ങുകള്‍ക്ക് മീതേയും. കള്ള്ചെത്തലും തെങ്ങ്കയറ്റവുമായി ഉച്ചവരെ ഉന്നതങ്ങളിലും അതുകഴിഞ്ഞാല്‍ ഒരു വിരിപ്പ് പോലുമില്ലാതെ, ഭൂമിയോട് ചേര്‍ന്ന് തറയിലും. അയ്യപ്പേട്ടന്‍ ഓര്‍മ്മവെച്ചനാള്‍ മുതല്‍ ഈ ഗ്രാമക്കവലയ്ക്ക് സ്വന്തം. അനാഥനായ കൊച്ചയ്യപ്പന്‍ അന്ന് തൊട്ടെ ഈ കവലയിലാണ്.. ഗ്രാമം വിട്ട് ഇതുവരെ എവിടേയും പോയിട്ടില്ല. അടുത്ത ടൌണിലേക്ക് പോലും. സ്കൂളങ്കണത്തിലേക്കയാള്‍ കാലെടുത്ത് വെച്ചിട്ടുള്ളത്, തെങ്ങ് കയറാന് പോവുമ്പോഴാണ്.

വിവാഹിതനല്ല അയ്യപ്പേട്ടന്‍. നാട്ടുകാര്‍ പറഞ്ഞുനടക്കുന്നൊരു കഥയുണ്ട്, പണ്ട് പെട്ടികടക്കാരി സരസ്വതിയെ അയ്യപ്പേട്ടനേറെ ഇഷ്ടായിരുന്നത്രെ. അവള്‍ക്കിങ്ങോട്ടും. പക്ഷേ കള്ള് കുടിക്കാത്ത, കുപ്പായമിട്ട് നടക്കുന്ന തുണിവിൽപ്പനക്കാരന്‍  തമിഴനെ കണ്ടപ്പോള്‍ സരസ്വതി പാവം അയ്യപ്പനെ മറന്ന് തമിഴ്നാട്ടിലേക്കയാളുടെ കൂടെ ഒളിച്ചോടിയത്രെ.. അന്നും അയ്യപ്പന്‍റെ മുഖത്തെ ചിരി മാഞ്ഞില്ലെന്ന്, കുടിക്കുന്ന ചാരായത്തിന്‍റെ അളവ് കൂടി. അയ്യപ്പേട്ടന്‍റെ ചിരിയുടെ വികാരം കണ്ടെത്താന്‍ ആര്‍ക്കുമിതുവരെ കഴിഞ്ഞിട്ടില്ല.. ചിലപ്പോ തോന്നും വേദനകള്‍ക്കുമേല്‍ അയാളിട്ടിരിക്കുന്ന പുതപ്പാണതെന്ന്, ചിലപ്പോള്‍ നിസ്സഹായതയുടെ നിര്‍ജ്ജീവത കാണാം ആ ചിരിയില്‍.. മറ്റൊരിക്കല്‍ ആ ചിരി സമ്മാനിക്കുക ജീവിതത്തെ ജീവിതമായി മാത്രം കാണാനുള്ള അയാളുടെ ചങ്കൂറ്റമാണ്. അന്നന്ന് അധ്വാനിക്കുന്നത് കൊണ്ട് കള്ള് കുടിക്കുക സ്വയം മറക്കുക എന്നതിനപ്പുറം അയാള്‍ക്ക് സ്വപ്നങ്ങളുണ്ടാവില്ലേ.. ഇതുവരെ ഉത്തരം കണ്ടെത്താനാവാത്ത ഒരു സംശയം.
നാല് തെങ്ങെങ്കിലും സ്വന്തമായുള്ള നാട്ടുകാര്‍ മുഴുവന്‍ അയ്യപ്പേട്ടന് മുതലാളിമാരാണ്.. കവലയില്‍ എവിടെ വെച്ചവരെ കണ്ടാലും അയാള്‍ വിനയത്വനായി എണീറ്റ് നിന്ന് കൈകൂപ്പും, അവരിങ്ങോട്ട് കണ്ടില്ലെങ്കിലും.  കയ്യില്‍ പൈസയില്ലെങ്കില്‍ ഈ വീടുകളില്‍ ഓടിച്ചെന്ന്  കുടിക്കാന്‍ നാലണയില്ല മുതലാളിയെന്ന് പറഞ്ഞ് ഉമ്മറത്ത് കാത്ത് നില്‍ക്കും.. കിട്ടിയില്ലെങ്കിലും കിട്ടിയാലും മുഖഭാവത്തിനൊരു മാറ്റവുമില്ല. അയ്യപ്പേട്ടന്‍റെ മുഖഭാവം മാറി ഞാനൊരുക്കലേ കണ്ടിട്ടുള്ളൂ.. അന്ന്, ഒരു 25 മില്ലി ചാരായം വേണമല്ലോ അയ്യപ്പാന്ന് എന്‍റെ ഉമ്മ ഒരു ശങ്കയും കൂടാതെ  ചോദിച്ചപ്പോ അയ്യപ്പേട്ടന്‍ ഞെട്ടുന്നത് ഞാന്‍ ശരിക്കും കണ്ടു.. കോഴിവസന്ത വന്ന് തൂങ്ങി നില്‍ക്കുന്ന കോഴികള്‍ക്ക്  തീറ്റിയില്‍ കുറച്ച് ചാരായം തെളിച്ച് കൊടുത്താല്‍ അസുഖം കുറയുമെന്ന് ടിവിയില്‍ ആരോ ചികിത്സ പറയുന്നത് കേട്ട് ചാരായം സംഘടിപ്പിക്കാനുള്ള ശ്രമമായിരുന്നു ഉമ്മയുടെ. വിശദീകരണം കേട്ടപ്പോള്‍ അയ്യപ്പേട്ടന്‍ ആദ്യമായി പൊട്ടിച്ചിരിക്കുന്നതും ഞാനന്ന് കണ്ടു.

വൈകുന്നേരമായാല്‍ പിന്നെ അയ്യപ്പേട്ടന്‍ സ്വപ്നലോകത്താണ്.. അന്ന് കിട്ടിയകാശിനു മുഴുവന്‍ രാത്രി ഏറെവൈകുംവരെ അയാള്‍ ചാരായ ഷാപ്പിലിരുന്നു കുടിക്കും.. വരുന്നവരും പോകുന്നവരും എന്ത് ചോദിച്ചാലും ആ ചിരിയിലൊതുക്കും മറുപടി... എത്ര കുടിച്ചാലും അയ്യപ്പേട്ടന്‍ ആര്‍ക്കും ശല്ല്യാമാവാറില്ല.. ഒന്നുറക്കെ സംസാരിക്കുക കൂടിയില്ല. ഷാപ്പടക്കുമ്പോള്‍ വേച്ച് വേച്ച്  ഏതെങ്കിലും കടയുടെ വരാന്തയില്‍ വന്ന് വീഴും. പുലരും മുന്‍പേ അയാളുണരും.. ആദ്യം പോവുക ചാരായ ഷാപ്പിനു മുന്നിലേക്കാണ്, തലേന്ന്  വഴിയിലെവിടെയോ ഉതിര്‍ന്ന് വീണ ഉടുത്തുണിയന്വേഷിച്ച്..!! പിന്നെ തെക്കേകണ്ടത്തിലെ അരുവിക്കുളം ലക്ഷ്യമാക്കി നടക്കും,, പ്രഭാതകൃത്യങ്ങളും കുളിയുമെല്ലാം അവിടെ. ഉടുത്തിരുന്ന മുണ്ട് കഴുകി അവിടെ തന്നെ വിരിച്ചിട്ട് പാതിഉണങ്ങുന്നതുവരെ കാത്തിരിക്കും. അപ്പോഴേക്കും നേരം വെളിച്ചംവെച്ച് തുടങ്ങും.. പാതിയുണങ്ങിയ മുണ്ടെടുത്ത് ചുറ്റി തലേന്ന് ഏറ്റെടുത്ത ഏതെങ്കിലും മുതലാളിയുടെ തൊടി ലക്ഷ്യമാക്കി അയാള്‍ നീങ്ങും, കയ്യിലൊരു വളയവും പിച്ചാത്തിയുമായ്, തെങ്ങ് കയറാന്‍. അത്ര നേരത്തെ ഷാപ്പ് തുറക്കാത്തതിനാല്‍ അയാള്‍ ബെഡ്കോഫി ഇല്ല. പത്തുമണിയോടടുത്ത് ഒരു ചെറിയ ഇടവേള.. അപ്പോഴേക്കുമയാള്‍ക്ക് കൈകാലുകള്‍ വിറച്ച് തുടങ്ങും, തെങ്ങ് കയറാന്‍ കഴിയാതെയാവും. ഓടിപ്പോയി ‘കുറച്ച്‘ അകത്താക്കിയാല്‍ അയ്യപ്പേട്ടന്‍ ഉഷാര്‍. ഉച്ചയ്ക്ക് മാത്രമാണ് അയ്യപ്പേട്ടന്‍റെ ഭക്ഷണം. അതും വീടുകളില്‍ നിന്ന് കൊടുത്താലൊന്നും കഴിക്കില്ല. അപ്പ്വോട്ടന്‍റെ ചായപീടികയിലെ തന്നെ വേണം.

കാലം അയ്യപ്പേട്ടനിലും വാര്‍ദ്ധക്യത്തിന്‍റെ ശിൽപ്പം കൊത്തിവെച്ചു, അനാരോഗ്യത്തിന്‍റെ നിറങ്ങളില്‍ മുക്കി. അടങ്ങിയിരിക്കാന്‍ അയ്യപ്പേട്ടന്‍ തയ്യാറല്ലായിരുന്നു,, ഇരുന്നിട്ടുമെന്തിന്, ആരും നോക്കാനില്ലാതെ, കിടക്കാനൊരിടമില്ലാതെ.. പതുക്കെയാണെങ്കിലും എല്ലാ തെങ്ങുകളിലും അയ്യപ്പേട്ടനെത്തി.കുടിയുടെ ഇടവേളകള്‍ കുറഞ്ഞ് വന്നു. മുഖത്ത് നോക്കി ഇനി അയ്യപ്പന്‍ തെങ്ങ് കയറേണ്ടെന്ന് പറയാനുള്ള മടികാരണം ഉടമസ്ഥരും മൌനാനുവാദം നല്‍കി. ആരെങ്കിലും അങ്ങിനെ പറഞ്ഞാല്‍ ആ കണ്ണൂകള്‍ നിറയുമായിരുന്നു,, മുഖത്തെ ചിരി മാഞ്ഞില്ലെങ്കിലും.അയ്യപ്പേട്ടനെ ഒരുപാടിഷ്ടമായിരുന്ന നാട്ടുകാര്‍ക്ക് ആ വേദന കാണാന്‍ വയ്യായിരുന്നു.

ഒരു തെങ്ങുകയറ്റദിവസം തെങ്ങിന്‍റെ മണ്ടയില്‍ നിന്നും അയ്യപ്പേട്ടന്‍ താഴെ വീണു.  ആളുകള്‍ ഓടിക്കൂടി.. ഒന്നും ചെയ്യാനില്ലായിരുന്നു.. ഉന്നതങ്ങളില്‍ നിന്ന് ഒരുപാട് ആഴങ്ങളിലേക്കുള്ള യാത്രയിലായിരുന്നു നാടിന്‍റെ സ്വന്തം അയ്യപ്പേട്ടന്‍. മുഖത്തെ ചിരി മായാതെ.

35 comments:

  1. തെങ്ങ് കയറുന്ന അയ്യപ്പന്‍മാര്‍ ഓരോ ഗ്രാമത്തിന്റേയും പൊതു സ്വത്താണ്.വിളഞ്ഞ് തുടുത്ത തേങ്ങകള്‍ അവരെ കാത്തിരിക്കുന്നു.ഉയരങ്ങളിലെ അവരുടെ തേരോട്ടം ഞാനെന്ന ബാലിക കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.അവരവിടെയിരുന്ന് കൊയ്ത്തുന്ന നാളികേരങ്ങളും നെയ്യുന്ന സ്വപ്നങ്ങളും ഭൂപാളങ്ങളായ് അന്തരീക്ഷത്തിലലിയും ..നല്ലൊരു കുറിപ്പ് ഷേയാ,,ഭാവുകങ്ങള്‍

    ReplyDelete
  2. അയ്യപ്പേട്ടന്റെ ചിത്രത്തിലൂടെ നാടിന്‍റെ ഒര്മാക്കൊപ്പം അതേ പോലൊരു മുഖം തെളിഞ്ഞു ..... ഹൃദ്യമായ എഴുത്ത് ശേയു ..

    ReplyDelete
  3. വളരെ നന്നായി എഴുതി... നല്ല ഒഴുക്കുള്ള രചന ..ഒരു ജീവിതം മുഴുവന്‍ ചുരുങ്ങിയ വാക്കുകളില്‍ വരച്ചിട്ടു...ഒരുപാട് അയ്യപ്പന്മാരുടെ മുഖം മനസ്സില്‍ വന്നു...

    ആശംസകള്‍...


    ചെറിയ ചെറിയ അക്ഷര തെറ്റുകള്‍ ഉണ്ട്... പ്രത്യേകിച്ച് വാക്കുകളുടെ അവസാനത്തില്‍...

    ശ്രദ്ദിക്കുക..

    ReplyDelete
  4. എന്റെ നാട്ടിലെ പപ്പനാവൻ മൂപ്പരും ഇങ്ങനെ തന്നെയായിരുന്നു. അന്ത്യവും സമാനം.

    കൂടുതൽ എഴുതാൻ ആശംസകൾ!

    ReplyDelete
  5. എവിടെയൊക്കെയോ കണ്ടു മറന്ന ഒരു തെങ്ങ് കയറ്റക്കാരന്റെ മുഖമുണ്ട് അയ്യപ്പേട്ടന് .
    വേദനക്ക് മേല്‍ ഇട്ട പുതപ്പാണ്‌ അയ്യപ്പേട്ടന്റെ ചിരി എന്ന പരിചയപെടുത്തലില്‍ എല്ലാമുണ്ട്,
    നന്നായിട്ടുണ്ട് .

    ReplyDelete
  6. നല്ല ഒഴുക്കുള്ള വാക്കുകൾ. നമുക്കിടയിൽ ജീവിക്കുന്ന സാധാരണക്കാരന്റെ ജീവിത ലാളിത്യം നല്ലരീതിയിൽ തന്നെ അവതരിപ്പിച്ചു..

    ReplyDelete
  7. നന്നായി അവതരിപ്പിച്ചു....

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ഭായീടെ നാട്ടിലും ഉണ്ട് ഒരു അയ്യപ്പേട്ടന്‍..അല്ലാ കോരന്‍! "ഉയരങ്ങളിലേക്കുള്ള" യാത്രയില്‍ എപ്പോഴോ കോരന്‍ കാക്കകള്‍ക്ക് അനഭിമതനായി! എങ്കിലും അറിയുന്ന, അന്നം തരുന്ന പണി മുടങ്ങാതെ ചെയ്ത്‌ ചോര വാര്‍ന്നൊലിക്കുന്ന തലയുമായി ഓരോ തെങ്ങില്‍ നിന്നും ഇറങ്ങുന്ന കോരന്‍ ഇത് വായിച്ചപ്പോള്‍ പുനര്‍ജനിച്ചു!

    ലളിതമായ വരികളിലൂടെ, ഇളം കാറ്റിലൂടെ ഇളകിയാടുന്ന ഓലകല്‍ക്കിടയിലൂടെ ഒരു യാത്ര!

    തുടരുക.. ഈ യാത്ര!

    സ്നേഹത്തോടെ....ഭായി :)

    ReplyDelete
  10. എന്റെ നാട്ടിലെ കുഞ്ചു ... എന്ന മണ്മറഞ്ഞ മനുഷ്യന്‍ ... ഈ കഥ എന്നെ അയാളുടെ ഓര്‍മകളില്‍ എത്തിച്ചു ... ആശംസകള്‍

    ReplyDelete
  11. എല്ലാ നാട്ടിലും ഇങ്ങിനെ എത്രയോ ആളുകള്‍...
    ഒരിക്കല്‍ കൂടി പഴയ ഓര്‍മ്മയിലേക്ക് പോയി.
    നന്നായി.

    ReplyDelete
  12. ഇങ്ങനെ ചില കഥാപാത്രങ്ങൾ നമ്മുടെ കൺ‌മുന്നിൽ പൊലിഞ്ഞില്ലാതാവുന്നു...അയ്യപ്പേട്ടന്റെ നല്ലൊരു ചിത്രം വായനക്കാരന്റെ മനസ്സിൽ വരച്ചിടാൻ കഴിഞ്ഞുല്ലോ ചേച്ചീ...ആശംസകൾ

    ReplyDelete
  13. എന്‍റെ നാട്ടില്‍ ഒരു സ്ടീഫെന്‍ ഉണ്ട് ...ഒരു പാവം ഏകദേശം ഇതുപോലെ തന്നെ ...അടുത്തിടെ അവന്‍ വിവാഹം കഴിച്ചു ...കഷ്ടാണ്‌ു അവന്ടെ കാര്യം ...കൊച്ചേച്ചി എന്നും വിളിച്ചു കഴിക്കാന്‍ വന്നു നില്‍ക്കുന്നത് ഇപ്പോള്‍ ഓര്‍ത്തു പോണു ..അവന്ടെ ഭാര്യ കാരണം അവന്‍ ഈ നാടും നാട്ടാരെയും ഒക്കെ ഉപേക്ഷിച്ചു പോയി ..ഇപ്പോള്‍ എവിടാണെന്ന് ആര്‍ക്കും അറിയില്ല തെങ്ങ് കയറാന്‍ ആളും ഇല്ല ഇപ്പോള്‍ ...

    ReplyDelete
  14. എല്ലാ ഗ്രാമങ്ങളിലും കാണും ഇങ്ങിനെ ഓരോ അയ്യപ്പെട്ടന്മാരെ ..
    എഴുത്ത് നന്നായി..
    തുടരൂ ..നാടും , നാട്ടാരും, ഓര്‍മ്മകളും , സ്വപ്നങ്ങളും ഒക്കെ അക്ഷരങ്ങളായി മാറട്ടെ ..!!

    ReplyDelete
  15. ഇതുപോലെയുള്ള അയ്യപ്പന്മാര്‍ നാട്ടിന്‍പുറങ്ങളില്‍ കാണാം-നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായി .കുറേ പാവങ്ങള്‍ !
    അഴകോടെ അവതരിപ്പിച്ചു.ആശംസകള്‍ !

    ReplyDelete
  16. ഓര്‍മ്മ ചിത്രം
    മോശമായില്ല

    ReplyDelete
  17. ഒരു തെങ്ങ് കയറ്റക്കാരന്റെ ജീവിതം തനിമയോടെ ഭംഗിയായി പറഞ്ഞു. വളരെ ഇഷ്ടപ്പെട്ടു. എല്ലാ നാട്ടിലും ഇത് പോലൊരാള്‍ കാണും അല്ലെ. മനുഷ്യ ജീവിതം ഏതാണ്ടെല്ലാ ഭാഗത്തും ഒന്ന് തന്നെ.

    ReplyDelete
  18. നമ്മുടെ ഓരോ ഗ്രാമങ്ങള്‍ക്കും, ഗ്രാമങ്ങളിലെ കവലകള്‍ക്കും, വയലുകള്‍ക്കും, പുഴയോരങ്ങള്‍ക്കും ഒരേ ഛായ തന്നെയാണ്.. അയ്യപ്പേട്ടന്മാര്‍ക്കും..!! ഓര്‍മ്മക്കുറിപ്പ് നന്നായി ഷേയ!

    ReplyDelete
  19. തെങ്ങ് കേറുന്ന അയ്യപ്പന്‍ അല്ലെ ,ഞങ്ങളുടെ നാട്ടില്‍ ആരെയും കിട്ടാനില്ല .എന്ത് ചെയ്യാന്‍ ?നന്നായി തെങ്ങ് കേറാനും വേണം ഒരു കഴിവ്

    ReplyDelete
  20. കാലം മാറി. അയ്യപ്പന്‍റെ തൊഴില്‍ ചെയ്യുന്ന എന്‍റെ നാട്ടിലെ ചിലരെ മൊബൈലില്‍ വിളിച്ച് ബുക്ക് ചെയ്യണം. കൊല്ലം തോറും കൂലി കൂട്ടി ഇരുപത്തഞ്ച് രൂപ വരെയെത്തി. നല്ല എഴുത്ത് അയ്യപ്പന്‍ കണ്‍മുന്നിലെത്തിയതുപോലെ.

    ReplyDelete
  21. ഈ യാന്ത്രികതയില്‍ ചിരി നഷ്ടപ്പെട്ടു പോയ മുഖങ്ങള്‍ക്ക് നേരെ.. തന്റെ ജീവിതത്തെ സ്വാഭാവികതയില്‍ ജീവിച്ചു തീര്‍ത്തു കൊണ്ടു വര്‍ത്തമാനത്തെ പരിഹസിച്ചു നിത്യതയിലേക്ക് യാത്രയായ അനേകമനേകം അയ്യപ്പന്മാരി ലൊരാള്‍..! ഒട്ടും വളച്ചു കെട്ടലുകളില്ലാതെ വക്കുരയാതെ കണ്ടു വരഞ്ഞ വാക്കുകള്‍... അഭിനന്ദനം.

    ReplyDelete
  22. അയ്യപ്പനെന്ന തെങ്ങ് കയറ്റക്കാരന്റെ ചിത്രം ഇതിലും മിഴിവായി എങ്ങിനെ കോറിയിടും?
    തികച്ചും പൂര്‍ണം.
    അയാളുടെ വേര്‍പാടില്‍ ഒരിത്തിരി വേദനയും തോന്നി.
    വളരെ ആകര്‍ഷകമായ പ്രൊഫൈല്‍.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  23. താങ്കള്‍ക്ക് അയ്യപ്പേട്ടന്‍... എനിക്ക് ദിവാകരന്‍. പക്ഷെ, ദിവാകരന്‍ അയ്യപ്പനോളം നല്ലവനല്ല. അയ്യപ്പെട്ടന്റെ കഥ മനസ്സില്‍ സ്പര്‍ശിച്ചു. ഇത്തരം നല്ല ഓര്‍മ്മകളുമായി ഇനിയും വരിക. ആശംസകള്‍!!

    ReplyDelete
  24. എന്റെ നാട്ടിൽ അയ്യപ്പേട്ടനു പകരം വേലായുധേട്ടനാണെന്നു മാത്രം. ബാക്കിയെല്ലാം ഒരുപോലെ. തെങ്ങിൽ കയറ്റാൻ പേടിയാവും. പക്ഷേ പകരക്കാരനില്ലല്ലോ.തെങ്ങുകയറ്റക്കാർ അന്യം നിന്നു പോവുകയല്ലേ.

    ReplyDelete
  25. എവിടെയും ഉണ്ടാകും ഇതുപോലെ അയ്യപ്പന്മാര്‍ .വിധിയെ തോല്‍പ്പിക്കാന്‍ സ്വയം തോല്‍ക്കുന്നവര്‍ ....കുഞ്ഞു നാളില്‍ എന്നില്‍ ഒരുപാട് കൌതുകം ജനിപ്പിച്ചിരുന്നു തെങ്ങ് കയറ്റക്കാര്‍ ....അവരുടെ കയ്യിലെ കൊടുവാളും കയറും പേടിപ്പിക്കുമെങ്കിലും തെങ്ങ് കയറാന്‍ വന്നാല്‍ പോകുന്നതുവരെ അവരെ ചുറ്റിപറ്റി നടക്കുമായിരുന്നു ....ഓര്‍മകളിലൂടെ വീണ്ടും നടത്തിയതിനു നന്ദി പ്രിയ കൂട്ടുകാരി .....

    ReplyDelete
  26. ഇരിപ്പിടം പുതിയ ലക്കത്തില്‍ ഈ ബ്ലോഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്

    ReplyDelete
  27. ഓര്‍മ്മകളിലെ അയ്യപ്പന്‍ മനസ്സില്‍ ഒരു വേദന പടര്‍ത്തി...
    അയ്യപ്പനെ പോലുള്ള ചില പഴയ ചിത്രങ്ങള്‍ എന്റെ ഓര്‍മ്മയിലും തെളിഞ്ഞു വന്നു....

    ReplyDelete
  28. ഒരുപാട് സന്തോഷം പ്രിയരേ, വന്നതിനും വായിച്ചതിനും..

    രമേശേട്ടാ, സന്തോഷം,നന്ദി..

    ReplyDelete
  29. കളങ്കമില്ലാത്ത ഒരു ഗ്രാമജീവിതം അയ്യപ്പനിലൂടെ ഹൃദയസ്പര്‍ശമായി അവതരിപ്പിച്ചു.

    ReplyDelete
  30. അയ്യപ്പേട്ടനെ ഇഷ്ടായി.. കുറച്ച് കാലം അയ്യപ്പേട്ടനെ പോലെ ജീവിക്കണം! ഭ്രാന്തില്ലാത്ത ഭ്രാന്തനായ്

    ReplyDelete
  31. എന്റെ വീടിനടുത്ത് ഇതുപോലൊരു വേലായുധനുണ്ടായിരുന്നു....

    ക്ലൈമാക്സ് ആദ്യമേ മനസിലായി....നന്നായി അവതരിപ്പിച്ചു

    ReplyDelete
  32. എനിക്ക് ഇലഞ്ഞിയുടെ ഭാഷയോടും കയ്യടക്കത്തോടും അസൂയയാ .ഇത്രേം മനോഹരമായി അനുഭവങ്ങള്‍ പങ്കു വെക്കാന്‍ എനിക്കാകില്ല .അതുകൊണ്ട് തന്നെയാണ് നിന്റെ കുറിപ്പുകള്‍ മനസ്സോടു ചേര്‍ത്ത് വെച്ച് ഞാന്‍ വായിക്കുന്നതും.വായിക്കുന്നവരുടെ മനസ്സില്‍ ഗ്രാമത്തിന്റെ നിഷ്കളങ്കമായ ചിത്രം പോലെ അയ്യപ്പന്‍ നിറഞ്ഞു നില്‍ക്കും .പതിവില്ലാത്ത കുറച്ചു അക്ഷരത്തെറ്റുകള്‍ ഉണ്ടല്ലോ ഇലഞ്ഞി .എടുത്തു പറയണില്ല .സമയം പോലെ തിരുത്തിക്കോളൂ .

    ReplyDelete
  33. എല്ലാ അയ്യപ്പന്മാര്‍ക്കും ഒരേ വേഷം ഒരേ വളവ് ഒരേ ശീലങ്ങളും നന്നായി എഴുതി

    ReplyDelete
  34. വായിച്ചു കഴിഞ്ഞപ്പോൾ നാട്ടിലെ പഴയ തെങ്ങുകയറ്റക്കാരനെ ഓര്മ്മ വന്നു.നന്നായി എഴുതി..

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!