Sunday, December 30, 2012

ആത്മാവിന്‍റെ നോവുകള്‍-, നന്തനാര്‍.


1963-ല് പ്രസിദ്ധീകരിച്ചതാണ് നന്തനാരുടെ ‘ആത്മാവിന്‍റെ നോവുകള്‍‘ എന്ന നോവല്‍. പട്ടാളക്കാരുടെ കഥ പറയുന്ന ഈ നോവലിലൂടെ ആ കാലഘട്ടത്തിലെ പട്ടാളജീവിതത്തിന്‍റെ ദുരിതങ്ങളും ചിട്ടവട്ടങ്ങളും വായനക്കാരന് തൊട്ടറിയാം. പട്ടാള ബാരക്കുകള്ക്കുള്ളിലെ വേവും ചൂടും വിയര്‍പ്പ് നാറ്റവും അക്ഷരങ്ങളിലൂടെ വായനക്കാരനിലേക്ക് പകരാന്‍ ഈ കഥയ്ക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് വ്യക്തിത്വം പണയം വെച്ച്, ആഗ്രഹങ്ങളെ, മോഹങ്ങളെ കടിഞ്ഞാണിട്ട് ബലിമൃഗങ്ങളെ പോലെ തലതാഴ്ത്തി പിടിച്ചുമാത്രം ജീവിക്കേണ്ടിവരുന്ന സാധാരണ പട്ടാളക്കാര്‍ ഉള്ളിലൊരു നൊമ്പരമായി തീരുന്നതും കാര്‍ക്കശ്യക്കാരായ മേലധികാരികളോട് വായനക്കാരനിലും പക നുരഞ്ഞ് പൊങ്ങുന്നതും.

കഥ നടക്കുന്ന കന്‍റോണ്മെന്‍റും പരിസരപ്രദേശങ്ങളും നോവല്‍ വായിച്ചുകഴിയുമ്പോഴേക്ക് ഏറെ കണ്ടുപരിചയിച്ച ഒരിടമായി വായനക്കാരനില്‍ പതിയുന്നത് നോവലിസ്റ്റിന്‍റെ രചനാ വൈഭവം ഒന്നുകൊണ്ടാണ്. അവിടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്ന പലഭാഷ സംസാരിക്കുന്ന, വ്യത്യസ്ഥ വ്യക്തിത്വങ്ങളുള്ള, സ്വഭാവങ്ങളുള്ള, സ്വപ്നങ്ങളുള്ള, മോഹങ്ങളുള്ള, വേദനകളുള്ള ഒരുപാട് പട്ടാളക്കാരുണ്ട്. പക്ഷേ ആ പട്ടാളബാരക്കുകള്‍ക്കുള്ളില്‍ അവരുടെ വേദനകളും സങ്കടങ്ങളും മോഹങ്ങളും വ്യക്തിത്വങ്ങളും സ്വപ്നങ്ങളും ഒരേ ഭാഷ സംസാരിക്കുന്നു; കാത്തിരിപ്പിന്‍റെ, ഇച്ഛാഭംഗങ്ങളുടെ, നിരാശയുടെ നെടുവീര്‍പ്പൂകളാണവിടെ അവരെ ഒന്നാക്കുന്നത്.

കാര്‍ക്കശ്യക്കാരനല്ലാത്ത അഗര്‍വാളിനെ പോലുള്ള മേലാധികാരികളില്‍ അവര്‍ ദൈവത്തെ കാണുന്നു. അവരുടെ സമീപനം പട്ടാളക്കാരുടെ തപിച്ചുരുകുന്ന കാര്‍ക്കശ്യ ചിട്ടകളില്‍ കുളിര്‍മഴ പെയ്യിക്കുന്നു. ക്രൂരമായ സമീപനങ്ങള്‍ക്ക് പകരം തങ്ങളെ മനുഷ്യരായി കണ്ടാല്‍, പെരുമാറിയാല്‍ നഷ്ടങ്ങളേക്കാള്‍ നേട്ടങ്ങളാണെന്ന് ക്രൂരരായ ബഹുഭൂരിപക്ഷം വരുന്ന മേലാധികാരികള്‍ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ നോവല്‍. മേജര്‍ ചൊക്കലിംഗവും കേണല്‍ മല്‍ഹോത്രയുമൊക്കെ പിന്നീട് വ്യക്തിജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന ദുരവസ്ഥകള്‍ പട്ടാളക്കാരോട് കൈക്കൊണ്ട ക്രൂര സമീപനങ്ങളുടേയും മൃഗീയമായ ശിക്ഷാനടപടികളുടേയും ശാപമാണെന്ന് അവര്‍ സംതൃപ്തിയടയുമ്പോള്‍ വായനക്കാരനും അവര്‍ക്കൊപ്പം ചേരുന്നു.

പട്ടാളക്കാരനാവാന്‍ ആഗ്രഹിച്ച് പട്ടാളത്തില്‍ ചേര്‍ന്നവരല്ല ഇവിടെ മിക്കവരും. സാഹചര്യ സമ്മര്‍ദ്ദങ്ങളാല്‍ ചേര്‍ന്നവരണാധികവും. സ്വന്തം ആഗ്രഹത്താല്‍ ചേര്‍ന്നവരാകട്ടെ ആ തീരുമാനത്തില്‍ വല്ലാതെ ഖേദിക്കുന്നു. നരഗതുല്ല്യമാവുന്നു പട്ടാളജീവിതം. കാര്‍ക്കശ്യക്കാരനായ മേലുദ്ദ്യോഗസ്ഥര്‍ക്ക് കീഴില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍. അര്‍ഹിക്കുന്ന പരിഗണനയോ ഉദ്ദ്യോഗ കയറ്റമോ ഒരിക്കലും ലഭിക്കില്ല. പോറ്റി, അയ്യര്‍, സുകുമാരന്‍, വര്‍ഗ്ഗീസ് തുടങ്ങി പല കഥാപാത്രങ്ങളിലൂടെ പട്ടാള കാമ്പിലെ ദുരവസ്ഥകള്‍ ഭംഗിയായി കോറിയിട്ടിരിക്കുന്നു പട്ടാളക്കാരനായിരുന്ന നോവലിസ്റ്റ്.

ചിട്ടപ്പെടുത്തിയ പട്ടാള ജീവിതത്തിന്‍റെ കാര്‍ക്കശ്യങ്ങള്‍ക്കിടയില്‍ കുടുംബജീവിതത്തിന്‍റെ താളം തെറ്റുന്നത് അറിയാതെ പോവുന്നവരേയും ഇത്രയും കടുത്ത നിയമങ്ങള്‍ക്കിടയിലും വേലി ചാടി അസന്മാര്‍ഗ്ഗികങ്ങള്‍ പിന്തുടരുന്നവരേയും നോവലില്‍ കാണാം.. കേണല്‍ മല്‍ഹോത്രയും അയ്യരുമെല്ലാം അങ്ങിനെ ജീവിക്കുന്നവരാണ്.

പട്ടാളബാരക്കുകള്‍, മേലധികാരികളുടെ ബംഗ്ലാവുകള്‍, ഗോള്‍ഫ് ഗ്രൌണ്ട്, സിഗ്നല്‍ റെജിമെന്‍റ്, ട്രാന്‍സ്മിറ്റ് സ്റ്റേഷന്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലൂടെ പുരോഗമിക്കുന്ന ഈ നോവല്‍ ദേശസ്നേഹപ്രകീര്‍ത്തനമെന്നതിനേക്കാള്‍ പട്ടാളക്കാരുടെ ചൂടും ചൂരും വേവും സാധരണക്കാരനില്‍ നിന്നും ഭിന്നമല്ലെന്ന് പറയാനാണ് ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഒരുപാട് ജീവിതങ്ങള്‍ നമുക്കീ നോവലില്‍ കാണാം.

ഒരു നോവലിന്‍റെ ഭാഷാ ഭംഗി ഇതില്‍ കുറവായിരുന്നെങ്കിലും അതെഴുതിയ കാലഘട്ടം പരിഗണിക്കുമ്പോള്‍ മഹത്തരമായി തന്നെ തോന്നുന്നു. ഒരുപാടിടങ്ങളില്‍ വരികളും സാഹചര്യങ്ങളും വിവരണങ്ങളില്‍ സഭ്യ-സഭ്യേതര നൂലിഴയിലൂടെ കടന്നുപോവുന്നുണ്ടെങ്കിലും നോവലിസ്റ്റവ അസാമാന്യ വഴക്കത്തോടെ നിയന്ത്രിച്ചെഴുതിയിട്ടുണ്ട്.

ഇന്നിന്‍റെ വായനക്കാരന് ഒരുപക്ഷേ എഴുത്ത് ശൈലി അത്യാകര്‍ഷകമായി തോന്നില്ലായിരിക്കാം. പക്ഷേ ആത്മാവിന്‍റെ നോവുകള്‍ വായിക്കേണ്ടത് ആ കാലഘട്ടത്തെ മനസ്സില്‍ കുടിയിരുത്തിയ ശേഷമായിരിക്കണം. സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യയുടെ പ്രാരംഭവര്‍ഷങ്ങളുടെ കഥയാണെന്നോര്‍ക്കണം. അന്നത്തെ ജീവിത സാഹചര്യങ്ങളും പ്രത്യേകിച്ച് പട്ടാളക്കാരുടെ ജീവിതവും മനസ്സിലുണ്ടാവണം. അന്നത്തെ പട്ടാള ജീവിതത്തിന്‍റെ നേര്‍ചിത്രം ഇങ്ങിനെയല്ലാതെ എഴുതിയാല്‍ അതില്‍ നേര്‍ജീവിതത്തിന്‍റെ ആത്മാവുണ്ടാവില്ല..

‘ആത്മാവിന്‍റെ നോവുകള്‍‘ എന്ന പേര് എനിക്കേറെ ആകര്‍ഷകമായി തോന്നി. പട്ടാളക്യാമ്പിലെ മേലുദ്ദ്യോഗസ്ഥന്മാര്‍ മുതല്‍ ഏറ്റവും താഴെ തട്ടിലുള്ള ഓര്‍ഡര്‍ലിമാരുടെയും തോട്ടിപ്പണിക്കാരുടേയും വരെ ആത്മാവിന്‍റെ നോവുകള്‍ അതേപടി കോറിയിട്ട ഈ നോവലിന് മറ്റേതുപേരാണ് ഇതില്‍കൂടുതല്‍ ചേരുക.

നന്തനാര്‍ എന്ന നോവലിസ്റ്റിന്‍റെ ദുരിതമയമായ ബാല്യവും പിന്‍ജീവിതവും ദാരുണമായ മരണവും എല്ലാം പലയിടങ്ങളില്‍ നിന്നായി വായിച്ചപ്പോള്‍ ഈ നോവല്‍ എഴുതുമ്പോഴുള്ള അദ്ദേഹത്തിന്‍റെ മാനസീകാവസ്ഥ എന്തായിരിക്കുമെന്നാണ് ഞാനോര്‍ത്തത്. കൊടിയ ദാരിദ്ര്യത്തിന്‍റേയും കഷ്ടപ്പാടുകളുടേതുമായിരുന്നത്രെ അദ്ദേഹത്തിന്‍റെ ബാല്യവും മുഴുജീവിതവും. ഗതിയില്ലാതെ പതിനാറാം വയസ്സില്‍ പട്ടാളത്തില്‍ ചേരേണ്ടിവന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം 1962-ല് സേവനം അവസാനിപ്പിച്ച് ഫാക്റ്റിലെ ജീവനക്കാരനായി. 1974-ല് സ്വയം ജീവിതമവസാനിപ്പിച്ചു. നന്തനാരെന്ന എഴുത്തുകാരനെ കൂടുതലറിയുമ്പോള്‍ ആത്മാവിന്‍റെ നോവുകള്‍ അദ്ദേഹത്തിന്‍റെ കൂടി കഥയാണൊ എന്ന് വരെ എന്‍റെയുള്ളിലിരുന്ന് അക്ഷരങ്ങള്‍ കലപില കൂട്ടുന്നു. അതു തന്നെയാവാം കാലമിത്ര കഴിഞ്ഞിട്ടും നോവലിന്‍റെ പ്രസക്തി നിലനിര്‍ത്തുന്നത്.

Friday, December 21, 2012

ഉണ്ണിമാങ്ങയത്, എറിയരുതേ..


പഴുത്തമാങ്ങ-അത് വേണ്ട..
കഴിച്ച് കഴിച്ച് രുചികെട്ടു..
കനത്തവിലയേകാം
ഉണ്ണിമാങ്ങയെങ്കില്‍ ..

വേണ്ട, പറയേണ്ട- അറിയാം
കൈപ്പാണതിനുള്ളമെന്ന്
വളര്‍ന്ന് പാകമായില്ലെന്ന്
തകരുമെളുപ്പം പിഞ്ചുമാംസമെന്ന്
ചിതറുമതിന്‍ കുരുന്നസ്ഥിയെന്ന്
എങ്കിലും രുചിക്കാത്തത്..!

ആഞ്ഞൊന്നു വീശുക ...
ആടിയുലഞ്ഞെടുത്തെറിയാന്‍
കാത്തിരിക്കുന്നുണ്ട് മാവ്
നെഞ്ചോടമര്‍ന്നുറങ്ങും
കണ്ണിമാങ്ങയൊന്നിനെ...

വിതുമ്പുന്നതെന്തിന് കാറ്റേ
പാകിയ വിത്തിനും
ചുമക്കുന്ന മരത്തിനും
വളര്‍ത്തിയ കാലത്തിനും
നോവതില്ലെങ്കില്‍  നീ മാത്രം ..

ഭയക്കുന്നതില്ല ശിക്ഷയെ,
പരമാവധിയൊരു പല്ലുപുളി..!
പുളിപ്പത് മാറിയാല്‍ ചവച്ചരയ്ക്കാം
ഇളം മാങ്ങകള്‍ ഇനിയുമിനിയും..
കൂര്‍ത്ത ദന്തങ്ങളാല്‍ ആഴ്ന്നിറങ്ങാം
രുചിയുടെ പുത്തനുദയങ്ങളിലേക്ക്
പിഞ്ചുമാംസങ്ങളിലൂടിഞ്ചിഞ്ചായ്..

നിര്‍ലോഭമുണ്ടവ ശിഖരങ്ങളില്‍
പല വലിപ്പത്തില്‍, പാകത്തില്‍
കൈഞൊടിച്ചാല്‍ എറിയുവാന്‍
മാങ്ങകളൊരുക്കി മാവുകളും..








Tuesday, December 18, 2012

നൃത്തശാല - സിതാര. എസ്



സിതാര എസ്-ന്റെ നൃത്തശാല എന്ന കഥാസമാഹാരം സമ്മാനിച്ചത് വായനയുടെ ഇതുവരെ പരിചിതമല്ലായിരുന്ന മറ്റൊരു തലമാണ്. ചരല്‍കല്ലുകള്‍ പാകിയ വഴിയുടെ ഒത്തനടുവില്‍, എഴുന്ന് നില്‍ക്കുന്ന കൂര്‍ത്ത കല്ലുകള്‍ക്ക്മീതെ മലര്‍ന്നു കിടന്ന് വിശാലവും മനോഹരവുമായ നീലാകാശം നോക്കി കാണുന്നൊരു പ്രതീതിയായിരുന്നു ഈ വായന.

തീര്‍ത്തും പരുക്കനായ കഥപറച്ചിലിലൂടെ കഥാകാരി ഓര്‍മ്മിപ്പിക്കുന്നത്  ഞാന്‍ കഥയെഴുതുന്നത് ഇന്നില്‍ ചവിട്ടി നിന്നുകൊണ്ടാണ്, ഭാവനകളുടെ നാളേയിലോ ഗൃഹാതുരത്വത്തിന്‍റേയും ഓര്‍മ്മകളുടേയും ഇന്നലേകളിലോ മൂടിപുതച്ചുകൊണ്ടല്ല എന്നുതന്നെയാണ്. സിതാരെയെ അതുകൊണ്ട് തന്നെ വിശേഷിപ്പിച്ചോട്ടെ ഇന്നിന്റെ കഥാകാരിയെന്ന്. പരുക്കന്‍ യാതാര്‍ഥ്യങ്ങളെ പരുക്കനായി തന്നെ വായനക്കാരനിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു മിക്ക കഥകളിലും.

ദൈവവിളി, ജലം, ഉദരലിഖിതം, ഉത്തരാര്‍ത്ഥം, നൃത്തശാല, അപരിചിത, റാമെസിസിന്‍റെ പഴത്തോട്ടം, കല്പിതവൃത്താന്തം, പരകായം എന്നീ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ഓരോ കഥകളും ഒന്നില്‍ കൂടുതല്‍ വായന ആവശ്യപ്പെടുന്നുണ്ട് എന്‍റെ പരിമിതമായ വായനാമനസ്സിലേക്ക് ഒന്ന് ഒതുങ്ങി കിട്ടാന്‍ .

ഈ കഥകളിലെല്ലാം സ്ഥിരം മാമൂലുകളില്‍ നിന്നും  കുതറിമാറി പ്രതിരോധത്തിലൂന്നി ഇന്നിനെ നേരിടുന്ന ഒരു ധൈര്യശാലിയായ സ്ത്രീയെ കാണാം. കണ്ടുപഴകിച്ച അനുസരണയുടേയും പാരമ്പര്യത്തിന്‍റേയും ആഴങ്ങളിലേക്ക് കാര്‍ക്കിച്ചു തുപ്പി തിരിഞ്ഞുനടക്കുന്ന, ദൈവവിളി എന്ന കഥയിലെ ഷേര്‍ളിയും  അധിനിവേശ മേല്‍ക്കോയ്മയെ കാത്തിരിപ്പിന്‍റെ ഉള്‍ക്കരുത്തോടെ കീഴടക്കിയ,  ജലമെന്ന കഥയിലെ മസാനിയുമെല്ലാം പെട്ടെന്ന് മനസ്സില്‍വരുന്ന ഉദാഹരണങ്ങള്‍.

സിതാരയെന്ന കഥാകാരി കഥകള്‍ക്കു തിരഞ്ഞെടുത്ത പേരുകളും  ഓരോ കഥയിലൂടേയും പ്രണയം സ്നേഹം കാമം തുടങ്ങിയ ആര്‍ദ്രവികാരങ്ങളെ ട്രീറ്റ് ചെയ്ത വേറിട്ട പരുക്കന്‍ രീതിയും ശ്രദ്ധേയമായി തോന്നി. 


കഥകളോരോന്നും അവസാനിക്കുന്നതും വളരെ വ്യത്യസ്തമായാണ്. മുറ്റത്തിന്‍റെ പലകോണുകളില്‍ നിന്നും ശ്രദ്ധയോടെ അടിച്ചുവാരി ഒരുക്കൂട്ടിയ ചവറുകള്‍ കോരിമാറ്റുകയോ കത്തിക്കുകയോ ചെയ്യാതെ  പാതിയിലുപേക്ഷിച്ച് പോവുന്നതുപോലെ,  ഇവിടെ സിതാര  അതീവ ശ്രദ്ധയോടെ, നല്ല വാക്ക്ചാതുര്യത്തോടെ പറഞ്ഞു വന്ന കഥ  വ്യക്തമായൊരു സമാപ്തിയേകാതെ വായനക്കാരന്‍റെ മനസ്സിലേക്ക് കുറേ ബിംബങ്ങളെറിഞ്ഞുകൊടുത്ത്  തിരിഞ്ഞുനടക്കുകയാണ്. അവിടെ വായനക്കാരനു സ്വാതന്ത്ര്യമുണ്ട് ആ കഥയെ വേര്‍തിരിച്ചറിഞ്ഞെടുക്കാന്‍. അതുകൊണ്ട് തന്നെ ഒരു അലസവായനയിലൂടെ സിതാരയുടെ നൃത്തശാലയെ വായനക്കാരന് തന്‍റെയുള്ളില്‍ എളുപ്പം പണിതുയര്‍ത്താനാവില്ല.

നൃത്തശാല വായിച്ചുമടക്കിയപ്പോള്‍ മനസ്സില്‍ തെളിഞ്ഞുവന്നത് നാളെയുടെ എഴുത്തിന്‍റെ പുതുശൈലികളാണ്, സിതാരെയെപോലെ എഴുതാനിരിക്കുന്ന കുറേ എഴുത്തുകാരും.

പ്രസാധകര്‍ : ഡി സി ബുക്ക്സ്

വില : 38 രൂപ



Wednesday, December 5, 2012

ഞ്ഞ മ്മേ... യ്ക്ക് ഞ്ഞാ


 ( ‘നാട്ടുപച്ച‘ ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)

“ങ്ങളറിഞ്ഞാ, സുബ്രന്‍ തൂങ്ങ്യേത്?”

“ഏതു സുബ്രന്‍,  കോച്ചീടെ മോനാ?”


“ഓനന്നെ, മ്മടെ ‘ഇഞ്ഞമ്മെ തൂങ്ങി’..!”


“ദൈവേ! യ്യെങ്ങിന്യാപ്പതറിഞ്ഞേ..”


“പെലര്‍ച്ചെ പാല് കൊടുക്കാന്‍ പോവേര്‍ന്ന്. കുന്നുമ്പുറത്തെ പരീതാപ്ല വല്ല്യായില്‍ നെലോളിച്ചോണ്ട് ഓട്യര് ണു. റബ്ബറ് ചെത്താന്‍ പോയതാത്രെ എസ്റ്റേറ്റ്ല്ക്ക്,അവിടെ ആ മെഷീന്‍ പുരേടെ അടുത്ത പ്ലാങ്കൊമ്പില്.....”


കേട്ടവര്‍ കേട്ടവര്‍ കേള്‍ക്കാത്തവരിലേക്ക്..


“എന്തിനേര്‍ക്കും ഓനിങ്ങനെ ചെയ്തേ, പാവം കോച്ചി.. കണ്ടോര്ടെ മുറ്റടിച്ചും പാത്രം മോറീം എങ്ങിനെ വളര്‍ത്ത്യേതാ . ഓനെ പെറ്റപ്പൊ തുടങ്ങ്യേതാ ഓള്‍ടെ കഷ്ടകാലം. പള്ളേലായപ്പോ പോയില്ലേ ഓന്‍റച്ചന്‍”


“മക്കളെ വളര്‍ത്തുമ്പോലെ വളര്‍ത്തണം. ഓളതിനെ മനക്കലെ കിടാങ്ങളെ പോറ്റണ പോലല്ലേ പോറ്റ്യേര്‍ന്നത്. ഒന്നേള്ളൂങ്കി ഒലക്കകൊണ്ടടിക്കണമെന്ന് കാര്‍ന്നോമാര് പറേണത് വെറുത്യാ..?!”


“നേരാ യ്യി പറേണത്, കൈവെള്ളേലല്ലേ ഓളോനെ കൊണ്ട് നടന്നേര്‍ന്നത്. കൊമ്മലിച്ച് കൊമ്മലിച്ച് കേടാക്ക്യേതാ ചെക്കനെ.. ഒരുനേരം ഓള്‍ക്കോനൊരു പൊറുതി കൊടുത്തിട്ടില്ല,. പാവം.. കോച്ചിടെ സ്ഥിതിയെന്താ, കുടീല്‍ക്ക് കൊടുന്നാ ഓനെ?”


“ല്ല്യാത്രെ.. തൂങ്ങ്യോട്ത്ത്ന്നഴിച്ച് പോലീസാര് ഗേണ്മന്‍റാസ്പത്രീക്കാ കൊണ്ടോയത്..ഇനി കീറിമുറിച്ച്  ഓര്‍ക്ക് വേണ്ടതൊക്കെട്ത്ത്  തുന്നികെട്ട്യല്ലേകൊടുക്കൂ.. മൊഖംകൂടി കാണാന്ണ്ടാവില്ല്യാ.”


ഇന്ന് നാട്ടുകാരുടെ നേരം പുലര്‍ന്നത് സുബ്രന്‍റെ മരണത്തിലേക്കാണ്. രണ്ട് പിഞ്ചുമക്കളും ഭാര്യയുമുള്ള സുബ്രന്‍റെ ആത്മഹത്യ കേട്ടവര്‍ കേട്ടവര്‍ പക്ഷേ ആദ്യമോര്‍ത്തത് കോച്ചിയെ ആയിരുന്നു.


“പാവം കോച്ചിത്തള്ള, ഓളിതെങ്ങ്നെ സഹിക്കാനാ..  കാതിലിപ്പളും മൊയങ്ങ്ണ് സുബ്ബോ, സുബ്ബോന്ന് വിളിച്ച് ആ ചെക്കന്‍റെ പിന്നാലെ നടക്ക്ണ ഓള്‍ടെ വിളി”


“അതന്നെ, ഒത്തൊരു മനുസ്യനാവ്ണ വരെ ഓള്ടെ കണ്ണെട്ടത്ത് വേണായിരുന്നു ഓന്‍. കൊയ്യുമ്പളും മെതിക്കുമ്പളും മുറ്റടിക്കുമ്പളും അടിക്കാട് വീശുമ്പളും ഓള്‍ടെ ഒരു കണ്ണ് ഓന്‍റടുത്ത് ണ്ടാവും..ആരെന്ത് കൊടുത്താലും കോന്തലയില്‍ കെട്ട്യെക്കും ന്റ്റെ സുബ്ബൂനാന്ന് പറഞ്ഞ്..”


“ആ ചെക്കന്‍ പത്തന്ത്രണ്ട് വയസ്സാവണേരെ കോച്ചീടെ മൊല കുടിച്ചീര്‍ന്നതനക്കോര്‍മ്മണ്ടാ? ഒടുവില്‍ നാട്ടാര് ചീത്തപറഞ്ഞല്ലേ അത് നിര്‍ത്തിച്ചത്”


“ പീട്യേ മുറ്റത്ത് ചില്ലാനം വാങ്ങാന്‍ നിക്കുമ്പളും ആരാന്‍റെ പറമ്പിലെ തേങ്ങ പറക്കികൂട്ടി തലചുമടേറ്റി വരുമ്പളും വരെ ഓനോടിവന്ന് കുപ്പായാമാടി മുലകുടിച്ചോട്ണതും കോച്ചി  ചിരിച്ചോണ്ട് നിന്നൊട്ക്കണതും കണ്ണീന്ന് മായോ...!”


“ആറ് പെങ്കുട്ട്യോള്‍ക്കൊടുവില്‍  ദൈവം ന്റ്റെ വിളികേട്ട് വയറ്റീ വന്നെടന്നതാ ന്റ്റെ സുബ്ബു” എന്നാണ് കോച്ചി പറയുക.


ആ മാതൃ വാത്സല്യത്തില്‍ നാട്ടുകാര്‍ ഇടപെട്ടത് ഏറെ വലുതായിട്ടും  സുബ്രന്‍ അമ്മിഞ്ഞ കുടിക്കല്‍  നിര്‍ത്താതിരുന്നപ്പോഴാണ്. സ്നേഹകൂടുതലിനാല്‍ സുബ്രനെ കോച്ചി സ്കൂളില്‍ അയക്കാതിരുന്നപ്പോഴാണ്..


നാട്ടുകാര്‍ നിര്‍ബന്ധിച്ച് അവനെ സ്കൂളില്‍ ചേര്‍ത്തു. പക്ഷേ തന്‍റെ സമയമായാല്‍ സുബ്രന്‍ ടീച്ചറോട് പോലും പറയാതെ ക്ലാസ്സില്‍ നിന്നും ഇറങ്ങിയോടും, “അമ്മേ നിയ്ക്ക് ഞ്ഞമ്മേ..” എന്നും പറഞ്ഞുകൊണ്ട്. കോച്ചി എവിടെ പണിയെടുക്കുകയാണെങ്കിലും അവന്‍ കണ്ടുപിടിച്ചെത്തും, ഓടിവന്ന് കുപ്പായം മാടി അമ്മിഞ്ഞ കുടിയ്ക്കും. കോച്ചി  ഒരു സ്നേഹക്കടല്‍ മുഴുവന്‍ അമ്മിഞ്ഞപാലിനു പകരം അവനിലേക്ക് പകരും.


“ന്റെ കോച്ച്യേ യ്യെന്താ ഈ കാട്ട്ണത്, ആ ചെക്കനെ ഇന്ന്യെങ്കിലുമന്‍റെ ചിറകിന്‍റടീന്ന് വിട്. ഓന്‍ വല്ല്യോനായീല്ലേ.നാളെ ഒരു കുടുംബം പൊലര്‍ത്തേണ്ടോനാ.”


“മ്മറ്റ്യേര്‍ക്കറിയാലൊ നിയ്ക്ക് ഓനേള്ളൂ. പെങ്കുട്ട്യേളെ മാത്രം പെറണോളെന്ന ശാപത്തീന്ന് ന്നെ കരകേറ്റ്യേതോനാ. ദൈവം തമ്പുരാന്‍ നേരിട്ടടിയന്‍റെ വയറ്റീ വന്ന് കെടന്നതാ..”


പക്ഷേ അച്ചനില്ലാത്ത ആ കുഞ്ഞിനെ ഇങ്ങിനെ വഷളാക്കുന്നതിനെ  നാട്ടുകാരെതിര്‍ത്തു. അങ്ങിനെയാണ് സുബ്രന്‍റെ മുലകുടി നിന്നത്,പത്താം വയസ്സില്‍..


മുലകുടി നിന്നിട്ടും ‘ഇഞ്ഞമ്മ സുബ്രന്‍’ എന്ന പേരവനെ വിട്ട് പോയില്ല.


സ്കൂളില്‍ പറഞ്ഞുവിടാന്‍ അവര്‍ ആവതും ശ്രമിച്ചെങ്കിലും അവന്‍ വഴങ്ങിയില്ല. സ്കൂളിലേക്കുള്ള വഴിയിലെ കശുമാവിന്‍ തോപ്പിലേക്കായിരുന്നു അവന്‍റെ യാത്ര.


അവിടെ കശുമാവിന്‍ ചില്ലമേല്‍ കയറിയിരുന്ന്  തന്‍റെ ജന്മനായുള്ള കോങ്കണ്ണും വെച്ച് ലോകത്തെ നോക്കിക്കാണും. മാവിങ്കൊമ്പിലെ തേനിച്ചക്കൂട്ടില്‍ നിന്നും തേനെടുക്കാനും കവണവെച്ച് പറന്നുപോവുന്ന പക്ഷിയെ  വീഴ്ത്താനും മയിൽപ്പീലി ശേഖരിച്ച് കുട്ടികള്‍ക്കിടയില്‍ കാലണയ്ക്ക് വില്‍ക്കാനും അവന്‍ പഠിച്ചതങ്ങിനെയാണ്.


“ആ പറങ്ക്യാവിന്‍ തോപ്പിന്ന് തന്ന്യേണ് ഓന്‍ കഞ്ചാവടിക്കാനും പഠിച്ചത്”


“നേരാ, മൊലകുടി മാറ്റ്യേപ്പൊ എന്താര്ന്ന് ചെക്കന്‍റെ വെപ്രാളം. പിന്നെ കഞ്ചാവ് തുടങ്ങ്യേപ്പളല്ലേ ഓനുഷാറായത്”


നാട്ടുകാരറിയുന്നില്ല അവന്‍റെ വിഷമം. അവനമ്മിഞ്ഞ കുടിച്ചിരുന്നത് അതില്‍ നിന്ന് ഒന്നും കിട്ടിയിട്ടല്ലായിരുന്നു. അമ്മയുടെ സ്നേഹം, മനസ്സ് നിറഞ്ഞു നില്‍ക്കുന്ന ആ മാതൃത്വം ചുരത്തിയെടുക്കുകയായിരുന്നു അവനാ മുലക്കണ്ണുകളിലൂടെ. കോച്ചിയ്ക്കും അവനും മാത്രം മനസ്സിലാകുന്ന ഭാഷ്യം.


അത് ലഭിക്കാതായപ്പോള്‍ വറ്റി വരണ്ടതാണവന്‍റെ മനസ്സ്.

കരിഞ്ഞുണങ്ങി ഇല്ലാതായാതാണവന്‍റെ സ്വപ്നങ്ങള്‍......

പിന്നീടെപ്പോഴോ, എവിടെനിന്നോ  ഔദാര്യം കിട്ടിയ ഒരു പുകച്ചുരുള്‍ സുബ്രുവിനെ വല്ലാതെ ആകര്‍ഷിച്ചു.അന്നവന് പതിനാറ് വയസ്സ്. വയറുവിശക്കുമ്പോഴും ഉറക്കം വരുമ്പോഴും മാത്രം വീടോര്‍ക്കുന്ന കൌമാരം.


ഒരു പരിചയവുമില്ലാതെ ആഞ്ഞുവലിച്ചപ്പോള്‍ വായിലൂടെയും മൂക്കിലൂടെയും കണ്ണിലൂടെയും ചുമപ്പിച്ച്  പ്രതിഷേധിച്ചെങ്കിലും ചുരുളുകളായി പുറത്തുവന്ന പുക സുബ്രനെ വല്ലാതെ ആകര്‍ഷിച്ചു.


“'ഞ്ഞമ്മ' സുബ്രന് നല്ല ബുദ്ധി ഉദിച്ചൂന്ന് തോന്ന്ണു,ഓന്‍ വാര്‍പ്പണിയ്ക്ക് പോണത് കണ്ടു”


“അനക്കെന്താ, കോച്ചീടെ കൂലി കഞ്ചാവ് വാങ്ങാന്‍ തികയാതായപ്പൊ ഇറങ്ങ്യേതാവും ഓന്‍“


“നേരാ,  ഏത് നേരോം ആ ആലുംതറയില്‍ മലര്‍ന്ന് കെടന്ന് പുകച്ച് വിടാന്‍ ഓള്‍ടെ കൂല്യെവ്ട്ന്ന് തെകയാനാ.”


സംഗതി നേരായിരുന്നു. സുബ്രന്‍ പുകച്ചുരുളുകളുടെ ലോകത്താണ്. അമ്പലമുറ്റത്തെ ആല്‍ത്തറയില്‍  മലര്ന്ന് കിടന്ന് മാനം നോക്കി അയാളങ്ങിനെ ഊതിവിടും കഞ്ചാവ് ചുരുളുകള്‍. ...


പറന്നുപൊങ്ങുന്ന പുകച്ചുരുളുകള്‍ക്കിടയിലൂടെ സുബ്രനെ തേടി സ്വപ്നങ്ങളെത്തി. പുതിയ ആകാശം അവനുമേല്‍ തണല്‍ വിരിച്ചു. അക്ഷരങ്ങളറിയാത്ത അവന്‍റെ കണ്ണില്‍ പുകച്ചുരുളുകള്‍ക്കിടയിലൂടെ കവിതകള്‍ തെളിഞ്ഞു.  സ്വപ്നങ്ങള്‍ കാണാന്‍ വീണ്ടും വീണ്ടുമവന്‍ പുകച്ചുതള്ളി..


ചെക്കന്‍ കൈവിട്ട് പോവുന്നത് കണ്ട് ആധി കയറി കോച്ചി  മകനെ പിടിച്ച് പെണ്ണുകെട്ടിച്ചു. അതൊന്നും സുബ്രന്‍റെ സ്വപ്നങ്ങളെ ബാധിച്ചില്ല. അവന്‍ പുകച്ചുരുളുകള്‍ക്കിടയില്‍ പുതിയ കിനാവുകള്‍ കണ്ടുകൊണ്ടേയിരുന്നു.


"കോച്ചീടെ മരോള്‍ക്ക് വയറ്റീല്ണ്ടത്രെ..”


" മരോള്.! ഓളാ പാവം കോച്ചീനെ ട്ട് കഷ്ടപെടുത്തല്ലേ..  കല്ല്യാണം കയ്ഞ്ഞ് ഒരു മാസാവണേന്‍റെ മുന്നേ നിര്‍ത്തിച്ചില്ലേ കോച്ചി പണിക്ക് പോണതും എന്തേലും നയ്ച്ചുണ്ടാക്കണതും. വല്ലോര്ടേം മുറ്റടിക്കണത് ഓള്‍ക്ക് അവമാനാത്രെ. ന്നാ ഓള് പണിക്ക് പോവേല്ല്യ, ഓനൊട്ട് നയിച്ചുണ്ടാക്ക്യേത് കുടുംബത്ത് കൊടുക്കേല്ല്യ”


“എന്നും അടീം പിടീം തന്നെ. വാര്യേടെ വാക്ക് കേട്ട് തള്ളേ തല്ലാന്‍ ഓനൊരു മടീം ല്ല്യാ.കഞ്ചാവടിച്ച് വന്ന്  എന്നും വൈന്നേരായാ ഒച്ചേം വഹളോം തന്നെ..”


“നേരത്തിന് തിന്നാനൊന്നും കൊടുക്ക്ണില്ല്യാന്നെ കോച്ചിയ്ക്ക്.. പാവം, മുണ്ട് മുറുക്കിയെടുത്ത് നടക്കുമ്പോഴും മോനേം മരോളേം ഒരക്ഷരം പറയില്ല്യ.. ചായ്പ്പിലാത്രെ ഇപ്പോ കോച്ചീടെ കിടപ്പ്, ആട്ടിന്‍ കൂടിന്‍റെടുത്ത്...”


ദ്രോഹിച്ചും  നിശബ്ദം സഹിച്ചും കഞ്ചാവ് മണമുള്ള പുകച്ചുരുളുകള്‍ക്കിടയിലൂടെ കാലം കടന്നു പോയി. സുബ്രന് രണ്ടു മക്കളായി.  സുബ്രന്‍റെ ഭാര്യ കൂടുതല്‍ പച്ചപ്പുതേടി സ്വയം പറിച്ചു നട്ടു.തന്‍റെ രണ്ടു വേരുകള്‍ അവിടെ മനപൂര്‍വ്വം മറന്നുവെച്ചുകൊണ്ട് തന്നെ.


“കോച്ചീടെ ചെറ്റേല്‍ ഓളും മോനും കൊച്ചുമക്കളും മാത്രായി.  ആ കുരുത്തം കെട്ടവള്‍ അവളുടെ പാടോക്കി പോയി”


“ഓളാ പോട്ടെ, പ്പൊ അവിടെ സമാധാനണ്ട്, സുബ്രന്‍ കഞ്ചാവൊക്കെ നിര്‍ത്തി കുടുംബം നോക്ക്ണ് ണ്ട്. കോച്ചീടെ ആ പഴയ ചിരിയും സുബ്ബോന്ന്ള്ള വിളിയുമൊക്കെ കേക്കുമ്പോ ന്നെ മനസ്സ് കുളിരാ”


"ചെക്കനിനി പണ്ടത്താതിരി ഇഞ്ഞമ്മേ, ഇഞ്ഞാന്ന് പറഞ്ഞ് കോച്ചീടെ മാറത്ത് തൂങ്ങാഞ്ഞാ മതി..!!”


പക്ഷേ അയാള്‍ക്ക് തന്‍റെ സ്വപ്നങ്ങള്‍ വീണ്ടും ഇല്ലാതാവുകയായിരുന്നു.   അമ്മിഞ്ഞയ്ക്കു പകരം, പുകച്ചുരുളുകള്‍ക്ക് പകരം പുതിയതൊന്നില്ലാതെ മനസ്സ് വറ്റിവരളുകയായിരുന്നു.


അങ്ങിനെ കരിഞ്ഞുണങ്ങിയൊരു  രാത്രിയിലാണയാള്‍ ആകാശത്തിനു താഴെ സ്വയംകുരുക്കിട്ട് സ്വപ്നങ്ങളിറങ്ങിയ ഒറ്റയടിപാതയിലൂടേ സ്നേഹമന്വേഷിച്ച് യാത്ര പോയത്.


ദൈവത്തിനൊരിടത്തും ഏറെ നാള്‍ തങ്ങാനാവില്ലല്ലോ എന്നതായിരുന്നു  സുബ്ബു പോയതിനെ കുറിച്ച് കോച്ചിയുടെ പ്രതികരണം..!


 കോച്ചി  മേല്‍മുണ്ടെടുത്ത് മാറത്തിട്ട്, ഇറയത്ത് നിന്ന് കുറ്റിച്ചൂലുമെടുത്ത് പഴയ പതിവുകാരുടെ മുറ്റങ്ങളന്വേഷിച്ച് ഇറങ്ങി, സുബ്ബുവിന് പകരം രണ്ട് കുഞ്ഞുങ്ങളെ കൂടെ കൂട്ടികൊണ്ട്.


ആരൊക്കെ ശ്രമിച്ചിട്ടും കോച്ചിയെ തടയാനായില്ല.


“പോയോര് പോയി, ദൈവം വിളിക്കണരെ ക്കും ന്റ്റെ മക്കള്‍ക്കും കഞ്ഞ്യുടിക്കണ്ടേ”


"ചത്തോരെ കൊടുന്നാ ദെണ്ണള്ളോരങ്ങ്ട്ട് കുയിച്ചിട്ടോളാ”


കോച്ചി മുറുകെ പിടിച്ച കുറ്റിച്ചൂലപ്പോള്‍ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു..


തൂത്തുവാരിയ മുറ്റത്തെ ചൂല്‍പ്പാടുകള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ടായിരുന്നു..











Sunday, December 2, 2012

ആലാഹയുടെ പെണ്മക്കള്‍


സാറാജോസഫിന്‍റെ ‘ആലാഹയുടെ പെണ്മക്കള്‍‘ ഒരു പ്രദേശത്തിന്‍റെ കഥ പറയുന്ന നോവലാണ്. നോവലിന്‍റെ രണ്ടാംവട്ട വായനയായിരുന്നെങ്കിലും കുറെയൊക്കെ മറവി വിഴുങ്ങിയിരുന്നതിനാല്‍ ആസ്വദിച്ച് വായിക്കാന്‍ കഴിഞ്ഞു.

കോക്കാഞ്ചിറക്കാരുടെ ജീവിതസ്പന്ദനങ്ങള്‍ വള്ളിപുള്ളി വിടാതെ ചേര്‍ത്തുവെച്ചിരിക്കുന്നു ഇതില്‍...  ചരിത്രവും  ജീവിതവും പുരോഗമനവും അധിനിവേശവും അടിമത്വവും നിസ്സഹായതയും എല്ലാം കോറിയിട്ടിരിക്കുന്ന ഈ നോവലില്‍ ജീവിക്കാന്‍ വേണ്ടി പോരാടുന്ന, പൊരുതി തളരുന്ന കുറെ മനുഷ്യരെയാണ് വായിക്കാനാവുക.

ആനിയെന്ന പെണ്‍കുട്ടിയുടെ കാഴ്ചകളിലൂടെ, കേട്ടറിവുകളിലൂടെ, വിചാരങ്ങളിലൂടെ, വികാരങ്ങളിലൂടെയെല്ലാമാണ് ഈ നോവല്‍ പുരോഗമിക്കുന്നത്.

കൊടുംകാടായിരുന്ന തൃശൂരില്‍ നഗരവല്‍ക്കരണത്തിന്‍റെ ഭാഗമായി തൂത്തെറിയപ്പെട്ട  കീഴാളവര്‍ഗ്ഗത്തിലൂടെ വളര്‍ന്നുവന്നതാണ് ഗോസായികുന്നിന്മേല്‍ കോക്കാഞ്ചിറയത്രെ. നഗരം ശുചിയാക്കാന്‍, നഗരവാസികളുടെ വിസര്‍ജ്ജ്യങ്ങള്‍ ചുമന്ന് ഗോസായികുന്നിന്മേല്‍ കൊണ്ടുപോയി നിക്ഷേപിക്കാന്‍ നിയോഗിക്കപ്പെട്ട തോട്ടികളാണ് മാലിന്യങ്ങള്‍ക്കൊപ്പം പുരോഗമനത്തിന്‍റെ കറുത്തകരങ്ങളാല്‍ ഒരു നിയോഗം പോലെ ആദ്യം  ഗൊസായിക്കുന്നിലേക്കെടുത്തെറിയപ്പെട്ടത്. കാലം പിന്നേയും പലരേയും ഈ പ്രേതഭൂമിയിലേക്ക്  നിക്ഷേപിക്കുകയായിരുന്നു. ഇറച്ചിവെട്ടുകാര്‍,വേശ്യകള്‍, സാഹചര്യങ്ങളാല്‍ തിക്തരാക്കപ്പെട്ടവര്‍ അങ്ങിനെ പലരേയും, ആനിയുടെ പൂര്‍വ്വികരെയടക്കം.

ഒടുവില്‍ നിലനിൽപ്പിനായ് കോക്കാഞ്ചിറക്കാര്‍ ആ മാലിന്യ പ്രദേശത്തെ, പ്രേതഭൂമിയെ ഒരു ഗ്രാമമാക്കി മാറ്റിയെടുത്തപ്പോള്‍ അവിടേയും ചരിത്രമാവര്‍ത്തിക്കുകയാണ്. മേലാളവര്‍ഗ്ഗം നിസ്സാരവിലയ്ക്ക് സ്ഥലങ്ങള്‍ കയ്യടക്കി ഗ്രാമവാസികളെ കുടിയൊഴിപ്പിക്കുന്നു. തങ്ങളുടെ മോഹങ്ങള്‍, മോഹഭംഗങ്ങള്‍, ഓര്‍മ്മകള്‍, വിയര്‍പ്പ് എല്ലാം ആ മണ്ണിലുപേക്ഷിച്ച് പലരും പടിയിറങ്ങേണ്ടിവരുന്നു.

കനലെരിയുന്ന മനസ്സ് ഉള്ളിലൊതുക്കി നിസ്സംഗതയുടെ ചാരം പുറമേ തൂവി ജീവിക്കുന്ന  കുറെ സ്ത്രീ കഥാപാത്രങ്ങളുടെ നീറുന്ന ജീവിതങ്ങളാണ് ആനിയിലൂടെ കഥാകൃത്ത് പറഞ്ഞുവെയ്ക്കുന്നത്.ആനിയുടെ അമ്മാമയേയൂം അമ്മയേയും പോലെ ശക്തരും ചിയ്യമ്മയേയും കറുത്ത കുഞ്ഞാറത്തെയും പോലെ ദുര്‍ബലരും ആയ കുറേ  കഥാപാത്രങ്ങളിലൂടെ നമുക്കൊരു ദേശത്തിന്‍റെ വികാര വിചാരങ്ങളെ തന്നെ ഈ നോവലില്‍ കാണാം. അതിനിടയില്‍ , പ്രത്യാശയുടെ അവസാന വിപ്ലചിന്തകളും എരിഞ്ഞടങ്ങുന്നത് കണ്ട് പൊരുതാനാവാതെ നിസ്സഹായരാവുന്ന കുറച്ച് നന്മ നിറഞ്ഞ ആണുങ്ങളും. ഇനിയുമൊരു പ്രത്യാശയുടെ കച്ചിതുരുമ്പില്‍ കയറി പിടിക്കാനാവതില്ലാതെ ജീവിതത്തില്‍ ആത്മഹുതി ചെയ്യുകയാണിവിടെ പലരും.  ഇല്ലായ്മയുടെ ഈ വരള്‍ച്ചകള്‍ക്കിടയിലും നിരാശയുടെ ആ ഏകാന്തതുരുത്തില്‍ സ്വപ്നങ്ങളും പ്രണയങ്ങളും പ്രലോഭനങ്ങളും നിരാശകളും സങ്കടങ്ങളും എല്ലാം മനസ്സുകളെ ആര്‍ദ്രമാക്കുന്നുണ്ട്, ജീവിതത്തിന്‍റെ അനിവാര്യതകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്. എല്ലാറ്റിനും സാക്ഷിയായ് ആനിയുടെ വീട്ടിലെ അമരപന്തലും ...

ആര്‍ക്കും തടുക്കാനാവാത്ത ഒരു പ്രളയത്തിലൂടെ നാശത്തിന്‍റെ വക്കില്‍ വായനയവസാനിച്ച് പുസ്തകം മടക്കുമ്പോള്‍ അത്യാഗ്രഹത്തിന്‍റെ അധിനിവേശങ്ങള്‍ക്കും നിലനിൽപ്പിന്‍റെ പോരാട്ടങ്ങള്‍ക്കുമിടയില്‍ വീര്‍പ്പുമുട്ടുന്ന പ്രകൃതിയുടെ വികാരപ്രകടനമായിരുന്നു മുഴങ്ങി കേട്ടിരുന്നത്.

ഇതൊരു സ്ത്രീപക്ഷ നോവലായി കാണാനാവില്ല. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കാന്‍  വിധിക്കപ്പെട്ടവരുടെ പക്ഷത്താണ്, അവരുടെ നിസ്സഹയതയ്ക്കൊപ്പമാണ് ഈ വായന. പ്രാദേശികമായ വാമൊഴികളിലൂടെ ഒഴുകുന്ന വായന കഥാപാത്രങ്ങളിലേക്കും ജീവിതസാഹചര്യങ്ങളിലേക്കും വായനക്കാരനെ എടുത്തെറിയുന്നുണ്ട്.

ആ കോക്കാഞ്ചിറയാണത്രെ ഇന്നത്തെ കുരിയച്ചിറ. ഇനി കുരിയച്ചിറയില്‍ പോവുമ്പോള്‍ ആനിയോടൊപ്പം കുറച്ച് സമയമെങ്കിലും ആ അമരപന്തലിലിരിക്കണം...

അമ്മയും അമ്മായിയും ചോറുംകുട്ടയുമായി കുന്നിറങ്ങിയിരുന്ന വഴികളിലൂടെ  വെറുതെ നടക്കണം...
വറുതിയുടെ ദിനങ്ങളില്‍ ആനി അമ്മാമ്മയ്ക്കൊപ്പം ഇരുട്ടിന്‍റെ മറപറ്റി നെല്ല് വാങ്ങിക്കാന്‍ പോയ തങ്കമണിക്കേറ്റത്തിലേക്ക് കയറിയിറങ്ങണം..

പണ്ടത്തെ കൊടും കാടായിരുന്ന തൃശൂരങ്ങാടിയിലൂടെ, തേക്കിന്‍ കാട് മൈതാനിയിലൂടെ കുടിയിറക്കപ്പെട്ട ആനിയുടെ അമ്മാമയുടെ കുടുംബത്തെയോര്‍ത്ത്, മാലിന്യം കോരുന്നവന്‍റെ സ്ഥാനം മാലിന്യങ്ങള്‍ക്കൊപ്പമെന്ന അധികാരവര്‍ഗ്ഗത്തിന്‍റെ ആക്രോശങ്ങളെ ശിരസ്സാ വഹിച്ച തോട്ടികളേയോര്‍ത്ത് ഓര്‍മ്മകളിലൂടെ ഒരു അലസയാത്ര.

ഒരുപക്ഷേ തുടരുന്ന അധിനിവേശങ്ങളുടെ പൊട്ടിച്ചിരികള്‍ക്കിടയില്‍ അവരുടെ തേങ്ങലുകളെനിക്ക് കേള്‍ക്കാനാവില്ലായിരിക്കാം.. എന്നാലും....എന്നാലും..

Monday, November 26, 2012

ഉണരുക..ഉണരുക..

ഇലയനക്കങ്ങള്‍ക്കേകാതെ എന്‍റെ
സ്വപ്നങ്ങള്‍ക്ക് കാവലിരിക്കാന്‍,
പുലരും മുന്‍പേ ഉണര്‍ന്ന് പുലരിയെ
വിളിച്ചുണര്‍ത്തും പുണ്യമാവാന്‍,
ഉണരുക പ്രിയ സഖീ, ഒരിക്കലും
ഉണരാത്തൊരീ ഉറക്കം വെടിഞ്ഞ്..

കാണാത്ത കാഴ്ചകള്‍ തേടി

നിശബ്ദയീണങ്ങള്‍ക്ക് കതോര്‍ത്ത്
സ്വപ്ന പെയ്യലില്‍ കൂടെ നനഞ്ഞ്
മോഹഭംഗങ്ങളില്‍ ചേര്‍ന്നിരുന്ന്
ജീവിതത്താളമെനിക്ക് തിരികെയേകാന്‍
ഇമകളിങ്ങിനെ ഇറുകെയടക്കാതെ
ഉണരുക സഖീ, ഒരിക്കലും
ഉണരാത്തൊരീ ഉറക്കം വെടിഞ്ഞ്..


ശിശിരത്തില് ഇലകള്‍പൊഴിക്കാന്‍
വസന്തത്തില്‍ പൂത്ത് തളിര്‍ക്കാന്‍
ഗ്രീഷ്മത്തില്‍ ദാഹജലം തേടി
എന്നിലാഴ്ന്നാഴ്ന്നിറങ്ങാന്‍,
വേരുകള് നിന്‍ ഹൃദയത്തിലൂന്നി
എന്നാത്മാവില് പടര്‍ന്ന്പന്തലിച്ച
ജീവിതം കരിയാതെ കാക്കുവാന്‍

ഉണരുക സഖീ, ഒരിക്കലും
ഉണരാത്തൊരീ ഉറക്കം വെടിഞ്ഞ്..

നിഴലുകള്‍ ഇഴപിരിഞ്ഞ നരച്ച
പകലറുതികളില്‍ സന്ധ്യാദീപമാവാന്‍
എന്‍റെ മോഹങ്ങളെ കിനാവുകാണാന്‍ 
എന്‍റെ കിനാക്കളെ കരളിലേറ്റാന്‍
കരള്‍പകുത്തവനെന്ന് പിന്നെ 
നീ കുസൃതിയാകുവാന്‍
ഉണരുക പ്രിയ സഖീ, ഒരിക്കലും 
ഉണരാത്തൊരീ ഉറക്കം വെടിഞ്ഞ്..

കുത്തഴിഞ്ഞ കൂട്ടിലെ കാമത്തിന്‍ 
കഴുകപ്പടയില്‍ നിന്നും സഖീ നിന്നെ
കാക്കുവാനായില്ലെനിക്കെങ്കിലും
കാത്തുസൂക്ഷിക്കുന്നുണ്ട് കൊത്തി-
നോവിക്കാതിരിക്കുവാനൊരു മന-
-മെന്നില്‍ കൊത്തിവലിക്കപ്പെടാത്ത
നിന്നാത്മാവിനെ കാത്തിപ്പോഴും..

ഉണരുക പ്രിയസഖീ,ഭീരുവല്ലെന്നുറക്കെ
പറയുവാന്‍,കൊത്തിപറിച്ചവര്‍ക്ക് നേരെ
ചൂണ്ടുവിരലുയര്‍ത്തുവാന്‍,, ഉയര്‍ത്തിയ 
വിരലിനാല്‍ ചോദ്യങ്ങളുതിര്‍ക്കുവാന്‍.
സദാചാര കോലങ്ങളെ ദൃഷ്ടിയാല്‍ കരിക്കുവാന്‍
ഒരിക്കലുമുണരാത്തൊരീ ഉറക്കം നീ ഉണരുക..

Thursday, November 15, 2012

ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍-. , കെ ആര്‍ മീര



ഇന്നലെ രാത്രി ഫേസ്ബുക്കിലെ ‘കഥ’ഗ്രൂപ്പില്‍ അനാമിക, ബിനു, മനോരാജ് എന്നിവരുമായി മീരയുടെ കഥകളെ കുറിച്ച്, പ്രത്യേകിച്ച് ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തതുകൊണ്ടാണെന്ന് തോന്നുന്നു ഞാനുറങ്ങിയിട്ടും മീരയെന്നില്‍ ഉറങ്ങാതിരുന്നത്. 

ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍ വായിക്കണമെന്ന ഉല്‍ക്കടമായ ആഗ്രഹം മനസ്സിലൊന്നുകൂടി തീവ്രമാക്കിയിരുന്നു ആ ചര്‍ച്ച. 


പനികൊണ്ടുവിറച്ചുറങ്ങിയ ഞാന്‍ രാത്രിയുടെ അവസാനയാമങ്ങളില്‍ ഒരു ഉള്‍വിളിപോലെ ഉണര്‍ന്നു.


നാട്ടില്‍ നിന്നും കൂടെ കൊണ്ടുവന്ന മാതൃഭൂമി ഓണം വിശേഷാല്‍ പതിപ്പ് ഓര്‍മ്മവന്നു, അതിലുണ്ടാവാം മീരയുടെ ഏതെങ്കിലുമൊരു കഥ, അത് ചിലപ്പോള്‍ ഇതുതന്നെ ആവാം എന്നൊരു അന്ധമായ തോന്നല്‍ മനസ്സിനെ മദിക്കുകയും ചെയ്യുന്നു. 


നാട്ടില്‍ നിന്നും വന്നതിനു ശേഷം ഒരുപാട് പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടിയിരുന്നതുകൊണ്ട് ഒന്നുമില്ലാത്ത ഒരു ശൂന്യതയിലേക്ക് കാത്തുവെച്ചതായിരുന്നു ഞാനീ ഓണപതിപ്പിനെ, കയ്യകലത്തില്‍ ഒരു ശുഭപ്രതീക്ഷപോലെ..


കൂടെ കിടക്കുന്നവരുണരാതിരിക്കാന്‍ ശബ്ദമുണ്ടാക്കാതെ കട്ടിലില്‍ നിന്നിറങ്ങി മൊബൈല്‍ഫോണിന്‍റെ ഇത്തിരിവെട്ടത്തില്‍ ബുക്ക്ഷെല്‍ഫില്‍ തപ്പി ‘മാതൃഭൂമി’ വലിച്ചെടുക്കുമ്പോഴും ആകാംക്ഷയാലെന്‍റെ ഹൃദയമിടിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു, പനിയുടെ ശക്തികൊണ്ട് തലയുടെ ഭാരം കൂടുന്നതും..



സ്വീകരണമുറിയില്‍ വന്ന് ലൈറ്റിടുമ്പോഴും മനസ്സുപറഞ്ഞുകൊണ്ടിരുന്നു ഇതിലുണ്ടാവും ആ കഥയെന്ന്.അങ്ങിനെയൊരു തോന്നല്‍ ഇത്രയും ശക്തമായെന്നില്‍ എങ്ങിനെയുണ്ടായെന്ന് എനിക്കറിയില്ല. 

ഇതിനുമുന്‍പൊരിക്കലും ഒരു വായനയ്ക്കും ഞാനിത്രയും ആഴത്തിലാഗ്രഹിച്ചിട്ടില്ല. 


പുറം ചട്ടയില്‍ തന്നെ എഴുത്തുകാരുടെ കൂട്ടത്തില്‍ കെ ആര്‍ മീരയുടെ പേരുണ്ട്. പക്ഷേ കഥയേതെന്ന് അറിയാന്‍ ഉള്ളടക്കപേജിലേക്ക് ധൃതിയില്‍ മറിച്ചു. ഇങ്ങിനെയൊരു തോന്നല്‍ എന്നിലുണ്ടാവുന്നതും അത് അതുപോലെ സംഭവിക്കുന്നതും എനിക്കെന്‍റെ ഓര്‍മ്മയില്‍ ആദ്യാനുഭവമാണ്, അതുമിത്ര കൃത്യമായിട്ട്. 


208-മത്തെ പേജില്‍ മീര തന്നെ പറയുന്ന ആ കഥയുടെ ആത്മകഥയോടൊപ്പം ‘ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍...’..!



മനോഹരമായൊരു പ്രണയകഥയാണ് ‘ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍’. സത്യനെന്ന വാടകകൊലയാളിയുടേയും നൂര്‍ എന്ന നൂര്‍ജഹാന്‍റേയും കഥ. 


അതീവസുന്ദരിയായ നൂര്‍, പക്ഷേ അരയ്ക്കുതാഴെ തളര്‍ന്ന് വാടിയ താമരവള്ളികള്‍ പോലെ രണ്ട് ശോഷിച്ച മാംസശകലങ്ങളാല്‍ പൂര്‍ത്തിയാവുന്ന ഉടല്‍.


രണ്ട് ഏകാന്ത തുരുത്തുകളാണ് സത്യനും നൂറും. അവര്‍ക്കിടയിലെ പ്രതീക്ഷകള്‍, പ്രണയം , വിശുദ്ധി , എല്ലാം വിളിച്ചുപറയുന്നുണ്ട് ഈ കഥ. 


“രണ്ടു പരോളുകള്‍ക്കിടയിലെ അനിവാര്യത, തടവ്. രണ്ടു ശരീരങ്ങള്‍ക്കിടയിലെ ജയില്‍ച്ചാട്ടം, രതി.” എന്ന് തുടങ്ങുന്ന കഥയുടെ ആദ്യ ഖണ്ഡികയില്‍ തന്നെ പറയുന്നുണ്ട് “പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ഗേറ്റ് കടന്ന് നൂറിനെ കാണാനുള്ള യാത്ര തുടങ്ങുന്ന നിമിഷം മുതല്‍ സത്യന് ഇത്തരം ഭ്രാന്തുകള്‍ തോന്നും. നൂര്‍ അയാളുടെ രത്നമാണ്. അതു മോഷ്ടിക്കാന്‍ വേണ്ടിയാണ് അയാള്‍ പരോളില്‍ ഇറങ്ങുന്നത്. നൂര്‍ അയാളുടെ സ്വപ്നമാണ്. അതു കണ്ടുറങ്ങാന്‍ വേണ്ടിയാണ് അയാള്‍ ജയിലിലേക്ക് മടങ്ങുന്നത്. നൂര്‍ അയാളുടെ വെല്ലുവിളിയാണ്. അതു നേരിടാന്‍ വേണ്ടിയാണ് അയാള്‍ അവളിലേയ്ക്ക് പുറപ്പെടുന്നത്. എല്ലാത്തിലുമേറെ മറ്റൊരു സത്യമുണ്ട്. നൂര്‍ അയാളുടെ സ്ത്രീയാണ്. അവള്‍ക്കുവേണ്ടിയാണ് അയാള്‍ പുരുഷനായി അവശേഷിക്കുന്നത്.”


സത്യനെന്ന പുരുഷന്‍റെ അഹന്തയായിരുന്ന ഏകാന്തതയാണ് നൂര്‍ തട്ടിതെറിപ്പിച്ചതെന്ന് കഥയുടെ അവസാനം അയാള്‍ മനസ്സിലാക്കുന്നു. വിശുദ്ധമായ പ്രണയത്തിന്‍റെ ഒരു കഥനം. 


ആഖ്യാന മികവാണ് കഥാവിഷയത്തേക്കാള്‍ ആകര്‍ഷിച്ചത്.


ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍ എന്ന കഥയെഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ചുള്ള എഴുത്തുകാരിയുടെ വാക്കുകളും അതിവഹൃദ്യമായി തോന്നി.

സുഹൃത്തുമൊന്നിച്ച് ചെഷയര്‍ഹോമില്‍ വെച്ചു പരിചയപ്പെട്ട വികലാംഗയായ പെണ്‍കുട്ടിയുമായുണ്ടായ സൌഹൃദവും വായിക്കാന്‍ പുസ്തകങ്ങളെത്തിച്ചു കൊടുത്തിരുന്നതും, അവസാനം ആ കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞതും പറഞ്ഞുകൊടുത്ത ഭര്‍ത്താവിന്‍റെ വാക്കുകള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഈ കഥയ്ക്ക് നിമിത്തമായത്. പിന്നീടത് ഭര്‍ത്താവിന്‍റെ കഥയില്‍ നിന്നും എഴുത്തുകാരിയുടെ സ്വന്തംകഥയായി രൂപാന്തരം പ്രാപിച്ചത്.. 


അതില്‍ കഥാകൃത്ത് പറയുന്നു “കഥയിലെപോലെ ഹൃദയമുരുകി ഞാന്‍ അതിനുമുമ്പൊരിക്കലും പ്രണയിച്ചിട്ടില്ല. ആ തീവ്രാനുഭവം ഒരിക്കല്‍ക്കൂടി ഏറ്റെടുക്കാന്‍ അധൈര്യപ്പെട്ട് അതുപോലെ മറ്റൊന്നെഴുതാന്‍ താന്‍ പിന്നീടൊരിക്കലും അഭിലഷിച്ചിട്ടുമില്ല.” എന്ന്. മീരയുടെ കാഴ്ചപ്പാടില്‍ ഈ കഥ അവരെഴുതിയതില്‍ പരമാവധി കുറ്റമറ്റ ഒന്നാണത്രെ. പിന്നീട് വായിച്ചപ്പോഴൊക്കെ ഇത് താനെഴുതിയതാണെന്ന് മറന്നുപോയി എന്നാണവര്‍ പറഞ്ഞിരിക്കുന്നത്.

രാത്രിയുടെ നിശബ്ദയാമത്തില്‍ പ്രത്യേകമായൊരു മാനസീകവസ്ഥയില്‍ ഞാന്‍ മീരയെ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്നില്‍ പ്രണയത്തിനായിരം ഭാവങ്ങള്‍ വിരിയുകയായിരുന്നു. ജീവിതത്തോട്, അക്ഷരങ്ങളോട്, എഴുത്തുകാരോട്, സാഹചര്യങ്ങളോട്, ഇതെല്ലാം ഒരുക്കിതന്ന ദൈവത്തോട് പ്രണയം പടര്‍ന്നു പന്തലിക്കവേയാണ് ഭര്‍ത്താവ് തെല്ലമ്പരപ്പോടെ എഴുന്നേറ്റ് വന്ന് എന്തുപറ്റി , സുഖല്ല്യേന്ന് ചോദിച്ചത്. ഒന്നുമില്ല, ഉറക്കം വന്നില്ല, എന്തെങ്കിലും വായിക്കാമെന്ന് കരുതിയെന്ന എന്‍റെ മറുപടിയ്ക്ക് പലതരം ഭ്രാന്ത് കണ്ടിട്ടുണ്ട്, ഇങ്ങിനെയൊന്ന്.... എന്ന് അര്‍ദ്ധോക്തിയില്‍ നിര്‍ത്തി ചിരിച്ചുകൊണ്ട് തിരിഞ്ഞു നടക്കുന്ന ഭര്‍ത്താവിന്‍റെ പ്രതികരണം എന്നില്‍ മറ്റൊരു പ്രണയഭാവം നിറച്ചു. 


അങ്ങിനെയല്ലായിരുന്നു അദ്ദേഹത്തിന്‍റെ ആ പ്രതികരണമെങ്കില്‍ എന്‍റെ അപ്പോഴത്തെ നിറവിന്‍റെ, മാനസീകവസ്ഥയുടെ പരിണാമം എന്താകുമായിരുന്നു എന്ന് ഇന്ന് പലവട്ടം ഞാന്‍ ചിന്തിച്ചു..


 ദൈവത്തെ ഇപ്പോള്‍ ഞാനൊന്നുകൂടി ആഴത്തില്‍ പ്രണയിക്കുന്നു..

------------------------------------------------------------------------------------------------

മീരയെ കൂടുതല്‍ വായിക്കാമിവിടെ അനാമികയുടെ ബ്ലോഗില്‍...
http://anamikasshadows.blogspot.com/2012/11/blog-post_3946.html

Sunday, October 28, 2012

ചിലതുണ്ട്..!

ഒരിക്കലുമുറങ്ങാതെ ചിലതുണ്ട്,
വെന്തരാത്രികളുടെ വേവ് തിന്നാന്‍ 
ആര്‍ത്തിയോടെ കാത്തിരിക്കുന്ന ചിലത്..

ചിതലരിച്ച ചിന്തകള്‍ക്കുമേല്‍ 
ചിറകുവിടര്‍ത്തി അടയിരുന്ന് 
വിരിയെച്ചെടുക്കുമവ ഒരായിരം 
ചിന്തകളെ തലപെരുപ്പിക്കാന്‍....

ചിലമ്പിച്ച ചിറകടിയൊച്ചകളുടെ 
ചിറകരിയും ചക്രവാളങ്ങളെന്നാശിക്കേ
ചൂളംകുത്തിയവ പറന്നടുക്കും 
ചാവേറുകളെ പോലെ 
കരള്‍ ചുരന്നുള്ളിലേക്ക്..  

കൊത്തിവലിക്കുമവ, കുഴിച്ചുമൂടിയ 
മറവിയുടെ പുഴുതിളയ്ക്കുന്ന 
നാറുന്ന ഓര്‍മ്മകോലങ്ങളെ.. 
കൂര്‍ത്ത നഖങ്ങളാഴ്ത്തി
ആഴ്ന്നിറങ്ങി വലിച്ചു പുറത്തേക്കിടും
കാലം പൂഴ്ത്തിയ ചിലതിനെ... 

കനലെരിയുന്ന മനസ്സാഴങ്ങളില്‍ 
നിദ്ര ചിതാഭസ്മമാകുമ്പോള്‍ 
കൈക്കൊട്ടി അട്ടഹസിക്കാറുണ്ടവ 
ഒരു ചങ്ങലദൂരം കാത്ത് ... !

Friday, September 14, 2012

ചെറോണ!



ചെറോണയെ അറിയില്ലേ?

പയ്യാങ്കര ഗ്രാമത്തിലേക്കൊരിക്കല്‍ വന്നവര്‍ ചെറോണയെ മറക്കില്ല.

നിര തെറ്റിയ ചിന്തകളും ചുറ്റും പാറിപ്പറക്കുന്ന ഭയങ്ങളും ചിതറികിടക്കുന്ന വിവിധ വികാരങ്ങളുമെല്ലാം ചേര്‍ന്ന് കാടുപിടിച്ചുകിടക്കുന്ന അവരുടെ മനസ്സിന്‍റെ നേര്‍ചിത്രം പോലെ, ജഡപിടിച്ച് ഒരു വൈക്കോല്‍കൂനയെ ഓര്‍മ്മിപ്പിച്ച് തലനിറഞ്ഞു നില്‍ക്കുന്നുണ്ട് അഴുക്കും പേനും നിറഞ്ഞ മുടി.

മുറുക്കാന്‍ നിറഞ്ഞ വായയിലെ ഒരിക്കലും വൃത്തിയാക്കാത്ത കറുകറുത്ത പല്ലുകളും ചുണ്ടിന്‍റെ ഇരുവശത്തേക്കും ചാലുകീറിയൊഴുകുന്ന ചുമന്ന തുപ്പലും ഇല്ലാതെ ചെറോണയുടെ ചിത്രം പൂര്‍ത്തിയാവില്ല.

കീറിപറിഞ്ഞ, നിറം മനസ്സിലാകാത്തവിധം നരച്ച ഷര്‍ട്ടും ഒരു അടിപ്പാവാടയുമിട്ട് കവലയിലും നാട്ടുവഴികളിലും, വേലിപടര്‍പ്പില്‍നിന്നും പൊട്ടിച്ചെടുത്ത ഏതെങ്കിലുമൊരു ഇലയും വായിലിട്ട് കടിച്ചുപറിച്ച് നടക്കുന്ന ചെറോണയാണ് പയ്യാങ്കര ഗ്രാമത്തിന്‍റെ അച്ചുതണ്ട്.

ചെറോണയ്ക്ക് കൊടുക്കുമെന്ന് ഭയപ്പെടുത്തി കുട്ടികളെ അനുസരിപ്പിക്കാന്‍, പഴകിപുളിച്ച ഭക്ഷണാവശിഷ്ടങ്ങള്‍ നശിപ്പിച്ചുവെന്ന കുറ്റബോധം ഒഴിവാക്കി ചെറോണയ്ക്കായി മാറ്റിവെക്കാന്‍, മോഷണം നടന്നാല്‍ ചെറോണയ്ക്ക് നേരെ കൈ ചൂണ്ടാന്‍, മാലിന്യകൂമ്പാരങ്ങളെ ചെറോണയോടുപമിക്കാന്‍, മാന്യരുടെ മാന്യത കാട്ടി ചെറോണയെ കാണുമ്പോള്‍ മൂക്ക് പൊത്തി ആഞ്ഞൊന്ന് തുപ്പാന്‍, രാത്രിയുടെ മറവില്‍ മാലിന്യമൊളിപ്പിച്ച് കുടുംബത്തില്‍ പിറന്നവന്‍റെ ദാഹം തീര്‍ക്കാന്‍.. എല്ലാം എല്ലാം ചെറോണയെന്ന അച്ചുത്തണ്ടില്ലാതെ പയ്യാങ്കര നിവാസികള്‍ക്കാവില്ല.

നാഴികയ്ക്ക് നാൽപ്പതുവട്ടം ആ ഭ്രാന്തിയങ്ങിനെ ആ കവലയില്‍ ചുറ്റികറങ്ങും. നാട്ടുവഴികളിലൂടെ തിരക്കുപിടിച്ച് നടക്കും. മാലിന്യകൂനയില്‍ തിരഞ്ഞുകൊണ്ടിരിക്കും. ഭക്ഷണാവശിഷ്ടങ്ങളെന്തെങ്കിലും കിട്ടിയാല്‍ പട്ടിയ്ക്കും പക്ഷികള്‍ക്കും മുന്‍പേ അതെടുത്ത് ഭക്ഷിക്കും.

തിരക്കുപിടിച്ച നടത്തത്തിനിടയില്‍ ചിലപ്പോള്‍ വേലിപടര്‍പ്പുകളിലേക്ക് സാകൂതം നോക്കി നില്‍ക്കും. ചെടികളിലെ ചിലന്തിവലകളില്‍ കുടുങ്ങിയ ഇരകളെ തെല്ലൊരാവേശത്തോടെ എടുത്ത് പുറത്തേക്കിടും.എന്നിട്ട് ഉറക്കെയുറക്കെ ചിരിക്കും. എന്തോക്കയോ പിറുപിറുത്ത് പിന്നെ പതിയെ നിലവിളിക്കും. പിന്നേയുമെന്തോ ഓര്‍ത്തെന്ന പോലെ തലയൊന്ന് കുടഞ്ഞ് നിശബ്ദം നടത്തം തുടരും.

ചില വഴിനടത്തങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ഏതെങ്കിലുമൊരു വീടിന്‍റെ പടികടന്ന് അകത്തേക്ക് വരും, ഉമ്മറത്തിരിക്കുന്നവരെയോ അവര്‍ ചോദിക്കുന്നതിനേയോ ശ്രദ്ധിക്കാതെ തൊഴുത്തിലേക്കോ വിറകുപുരയിലേക്കോ കയറി ചിലന്തിവലകളില് സാകൂതം പരിശോധിക്കും, വല്ല പ്രാണികളും കുടുങ്ങി കിടപ്പുണ്ടെങ്കില്‍ എടുത്ത് പുറത്തേക്കിടും, കറുത്തപല്ലുകാട്ടി തുറന്ന് ചിരിക്കും.

ചിലന്തികള്‍ വലനെയ്യുന്നതും നോക്കി ചെറോണ എത്ര നേരം വേണമെങ്കിലും അനങ്ങാതെ നില്‍ക്കും. അതു നോക്കിനില്‍ക്കുമ്പോള്‍ മാത്രം ചെറോണയുടെ മുഖം കറുത്തിരുളും. എന്തോ ചിന്താഭാരത്താല്‍ മുഖപേശികള്‍ വലിഞ്ഞു മുറുകും.വായിലിട്ട മുറുക്കാന്‍ ചവക്കാന്‍ മറക്കും.

“എന്തിനാ ചേറോണേ യ്യിങ്ങനെ വൃത്തീം മെനേല്ല്യാതെ നടക്കണേ, ന്നാ സോപ്പ്, ആ തോട്ടില്‍ പോയൊന്ന് തേച്ച് കുളിയ്ക്ക്, നാറീട്ടുവയ്യ”
എന്നോ മറ്റോ ഏതെങ്കിലും വീട്ടുകാരി ഉപദേശിച്ചാല്‍ ചില സമയമങ്ങളില്‍ ചെറോണ മറുപടി പറഞ്ഞെന്നിരിക്കും.

" അമ്പ്രാട്ടിക്ക്യെന്താ അടിയനെ നാറണത്, അമ്പ്രാന്‍ ന്ന് പുലച്ചേകൂടി അടിയന്‍റടുത്ത് വന്ന് കിടന്നപ്പോ നാറ്ണ്ന്ന് പറഞ്ഞില്ലല്ലോ. അമ്പ്രാട്ടിക്ക് വെക്കനെ തോന്നാ. എറോണക്ക് കുളിക്കണ്ടാ..! "

ആ തമ്പ്രാന്‍ തമ്പുരാട്ടിയുടെ ഭര്‍ത്താവാകാം, മകനാവാം, അച്ഛനാവാം, ആങ്ങളയാവാം. ചെറോണയ്ക്ക് പയ്യാങ്കര ഗ്രാമത്തില്‍ എല്ലാ മുതിര്‍ന്ന ആണുങ്ങളും തമ്പ്രാനും സ്ത്രീകള്‍ തമ്പ്രാട്ടികളുമാണ്. പിന്നേയും എന്തെങ്കിലുമൊക്കെ ചോദിച്ചറിഞ്ഞാല്‍ ചെറോണയ്ക്ക് വിശദീകരിക്കാന്‍ പലതുമുണ്ടാവും. പകല്‍വെളിച്ചത്തില്‍ കാര്‍ക്കിച്ച് തുപ്പിയ പലതമ്പ്രാക്കന്മാരും രാത്രി നെയ്ത ഇരുട്ടിന്‍റെ വലയില്‍ തുപ്പലിന്‍റെ ഒട്ടലുള്ള വില്ലേജാപ്പീസിന്‍റെ പിറകില്‍ താനെന്ന ഇരയെ തേടി ചിലന്തികളായി വരുന്നത്, ഊഴം കാത്ത് അനുസരണയുള്ള ചിലന്തികളായി കാത്തിരിക്കുന്നത്..അങ്ങിനെ പലതും.

അപ്പോള്‍ ചെറോണയ്ക്ക് ഭ്രാന്തില്ല, വരുന്നവരേയും പോവുന്നവരേയും നല്ല നിശ്ചയമാണ്. നെറ്റിയിലേക്കിറങ്ങി വരുന്ന മുഴുത്ത പേനുകളെ തപ്പിയെടുത്ത് നഖത്തില്‍വെച്ച് ഇറുക്കികൊന്നുകൊണ്ട് അവള് കിടന്ന് കൊടുക്കുമ്പോള്‍ ആര്‍ക്കും കാര്‍ക്കിച്ചു തുപ്പാന്‍ തോന്നാറില്ല ചെറോണയെ.

കേള്‍ക്കാനിഷ്ടമില്ലാത്ത പലതും കേള്‍ക്കേണ്ടിവരുമെന്നോര്‍ത്തോ എന്തോ സ്ത്രീകളേറേയും ചെറോണയോടധികമൊന്നും ഉപദേശത്തിന് ചെല്ലാറില്ല.

“അസത്ത് എങ്ങനാ വേണ്ടേച്ചാ നടന്നോട്ടെ, അന്തോം കുന്തോമില്ലാതെ വായേ തോന്നണതൊക്കെ വിളിച്ച് പറയും” എന്ന് സ്വയം സമാധാനിച്ച് തിരിച്ചു നടക്കുമെങ്കിലും ചെറോണ നുണ പറയാറില്ലെന്ന് അവിടുത്ത്കാര്‍ക്കൊക്കെ അറിയാം.

ഒരു ദിവസം ചെറോണയുടെ ഗ്രാമവഴികളിലൂടെയുള്ള പതിവ് നടത്തം കണ്ടില്ലെങ്കില്‍ നാട്ടുകാര്‍ക്കറിയാം സംഭവിച്ചതെന്തായിരിക്കുമെന്ന്. വെയിലായാലും മഴയായാലും കൂസാതെ നടക്കുന്ന ചെറോണ വര്‍ഷത്തിലൊരു ദിവസമേ നടത്തം മുടക്കൂ. അന്നവളെ കാണാന്‍ പാടവരമ്പിലെ കൈതകൂട്ടത്തിനരികില്‍ പോയി നോക്കിയാല്‍ മതി. പേറ്റുനോവിന്‍റെ ക്ഷീണം മുഴുവന്‍ പെയ്തൊഴിക്കാന്‍ അവളാ കൈതകൂട്ടില്‍ ചുരുണ്ടുകിടക്കുന്നുണ്ടാവും.

പക്ഷേ ആരുമാ കാഴ്ച്ച കാണാന്‍ ആ വഴി പോവാറില്ലെന്ന് മാത്രമല്ല, കൈതത്തോട് വഴി പോവേണ്ടവര്‍ ചെറോണയെ കാണാതാവുന്ന ദിവസം വഴി മാറി നടക്കും. അന്ന് ചെറോണ പല സത്യങ്ങളും വിളിച്ചു പറയും. തന്‍റെ കുഞ്ഞിന്‍റെ തന്ത ആരൊക്കെയാവാം എന്ന സത്യം വരെ.

പിറ്റേന്ന് പുലര്‍ച്ചതൊട്ടേ ചെറോണയെ പതിവുപോലെ കവലയില്‍ കാണാം. കാലിലൂടേയും ഉടുത്തിരിക്കുന്ന പാവാടയിലൂടെയും രക്തമൊലിച്ചിറങ്ങുന്ന കോലം കണ്ട്
സഹിക്കാനാവാതെ ആരെങ്കിലും പഴയ തുണി കൊടുത്താല്‍ അവളൊന്ന് മലര്‍ക്കെ ചിരിച്ചുകൊണ്ടത് വാങ്ങിക്കും. പാവാട കിട്ടിയാലൊന്ന് മാറിയുടുക്കും. ആകെ കൂടി ചെറോണ വസ്ത്രം മാറ്റുന്നതിങ്ങിനെയാണ്.

നുരഞ്ഞിറങ്ങുന്ന മുലപ്പാല്‍ പിഴിഞ്ഞുകളഞ്ഞുകൊണ്ടവള്‍ കവലയിലൂടെ പൊട്ടിച്ചിരിച്ച് പിന്നേയും നടക്കും. ആ ദിവസങ്ങളില്‍ രാവും പകലും പയ്യാങ്കര ഗ്രാമം മുഴുവന്‍ ചെറോണയുടെ പൊട്ടിച്ചിരികള്‍ കേള്‍ക്കാം, അട്ടഹാസങ്ങള്‍ കേള്‍ക്കാം. ഉറക്കെ എന്തോക്കയോ വിളിച്ച് പറഞ്ഞ് രാത്രിയുടെ ഉറക്കത്തെ പരിഹസിച്ചവള്‍ ഇറങ്ങി നടക്കും.

അപ്പോഴും ചെറോണ മറക്കാത്ത ഒന്നുണ്ട്, ചിലന്തിവലകളിലെ പ്രാണികളെ രക്ഷിക്കാന്‍., ചിലന്തികള്‍ സശ്രദ്ധം വലനെയ്യുന്നത് നോക്കി നില്‍ക്കാന്‍.,.. ഇരയെ കാത്ത് വലയില്‍ പതുങ്ങിയിരിക്കുന്ന ചിലന്തികളെ അവള്‍ക്കപ്പോഴും പേടിയാണ്. അവയെ നോക്കുമ്പോള്‍ ചെറോണയുടെ കണ്ണില്‍ ഭയം തിരയടിക്കും. ചുമന്ന് ചുളുങ്ങിയ ചുണ്ടുകള്‍ ഒരുവശത്തേക്ക് കോടിപോവും.

പെറ്റ പെണ്ണിന്‍റെ കൈകളില്‍ കുട്ടിയെ തിരയേണ്ട. പ്രസവിച്ച് മണിക്കൂറുകള്‍ക്കകം ചെറോണ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലും. തോട്ടുവക്കത്ത് കൈതകൂട്ടില്‍ കൈകൊണ്ട് മണ്ണ് മാന്തിയതിനെ കുഴിച്ചിടും. കൈതകൂട്ടില്‍ വലകെട്ടിയ ഒരു ചിലന്തിയെ തഞ്ചത്തില്‍ കൊന്ന് ആ മണ്‍കൂനയുടെ മുകളില്‍ വെച്ച് കൈ കൊട്ടി ചിരിക്കും.

ഇതെത്രാമത്തെ പ്രസവമാണെന്ന് ചെറോണയ്ക്കൊ നാട്ടുകാര്‍ക്കോ അറിയില്ല. എല്ലാ വര്‍ഷവും ചെറോണ പ്രസവിക്കും. പ്രസവതലേന്ന് വരെ അവള്‍ ‘അമ്പ്രാക്കന്മാരെ’ അനുസരിക്കും, അമ്പ്രാട്ടിമാരുടെ ശാപവാക്കുകള്‍ സ്വീകരിക്കും. പ്രസവിച്ച കുഞ്ഞുങ്ങളെ അവളിതുവരെ ആരേയും കാണിച്ചിട്ടില്ല. അതുകൊണ്ട് നാട്ടുകാര്‍ക്ക് മുഖഛായ എന്നൊരു പേടിയില്ല. ഭ്രാന്തിയെന്ന നിലയില്‍ കൊലപാതകത്തിന് കേസും കൂട്ടവുമില്ല. പോലീസുകാര്‍ തിരിഞ്ഞുനോക്കാറില്ല, ആരും കേസുകൊടുക്കാറുമില്ല. പോലീസുകാരടക്കം എല്ലാവരും ‘അമ്പ്രാക്കന്‍‘മാരാണല്ലൊ!

“അവനാന്‍റെ വയറ്റില്‍ പിറന്ന കുഞ്ഞിനെ എന്തിനാ ചെറോണെ ഇങ്ങിനെ കണ്ണീചോരല്ല്യാണ്ടെ കൊല്ലണേ” എന്ന് ആരെങ്കിലും ചോദിച്ചാ ചെറോണയതിന് ചിരിച്ചോണ്ട് മറുപടി പറയും.

"അതൊരു പ്രാണ്യേര്‍ന്നമ്പ്രാ. എട്ടാല്യോളിറങ്ങും അന്ത്യായാ. എന്നിട്ടോറ്റേടെ ചോര ജീവനോടൂറ്റി കുടിക്കും. അട്യേനത് കാണാന്‍ വയ്യമ്പ്രാ. അട്യേനാ പ്രാണീനെ രസ്സിച്ചതാമ്പ്രാ..”

കേട്ടുനില്‍ക്കുന്നവനൊന്നും മനസ്സിലായില്ലെങ്കിലും ചെറോണയ്ക്കെല്ലാം മനസ്സിലാവും. രാത്രിയില്‍ ചിലന്തിവല നെയ്യുന്ന ഇരുട്ടും, രാത്രിവലയിലൂടെ പുറത്തിറങ്ങുന്ന ചിലന്തികളും, ചിലന്തികള്‍ക്കിരയാവുന്ന പ്രാണികളും എല്ലാം അവള്‍ക്ക് നന്നേ നിശ്ചയമുണ്ട്.

പയ്യാങ്കര ഗ്രാമത്തിന്‍റെ ചെറോണ ജീവിക്കുന്നു, എട്ടുകാലികള്‍ക്കിടയില്‍, ചിലന്തി വലയുടെ കുരുക്കഴിക്കാനറിയാത്ത ഇരയായ്... ഇനിയൊരു പ്രാണിയും ഇരയാവരുതെന്ന വാശിയോടെ.. പയ്യാങ്കരയുടെ സ്വന്തം ചെറോണ!

Wednesday, July 25, 2012

പുനര്‍ജ്ജനി



ഇതുവരെ തിരിഞ്ഞുനോക്കാതിരുന്നതിന്‍റെ പരിഭവം മുഴുവന്‍ ഉറക്കെ പുലമ്പികൊണ്ടായിരുന്നു ദ്രവിച്ചടര്‍ന്നു വീഴാറായ ആ വാതില്‍ പാളികള്‍ അയാള്‍ക്കുമുന്‍പില്‍  ശബ്ദത്തോടെ തുറന്നത്. 

നിലം പൊത്താറായ ആ തറവാട് കുത്തിവരകളുടേയും ഛായകൂട്ടുകളുടേയും മങ്ങിയ കാഴ്ചകള്‍ക്കുള്ളില്‍ അയാളുടെ ബാല്യം കാലപാച്ചലിലൊഴുക്കാതെ കാത്തുവെച്ചിരുന്നു, എന്നെങ്കിലും തേടിവരുമ്പോള്‍ തിരികെയേകാന്‍.  

വര്‍ഷങ്ങളോളം ആലിംഗനബന്ധരായിരുന്ന് കലമ്പിച്ച ഇരുട്ടിനെ കീറി  പ്രകാശമുനകള്‍ അകത്ത്പ്രവേശിച്ച ദേഷ്യത്തില്‍ നാലഞ്ച് നരിച്ചീറുകള്‍ ശരവേഗത്തില്‍ വെളിച്ചത്തിലേക്ക് പറന്നകന്നപ്പോള്‍ അയാള്‍ വേഗം വാതിലടച്ച് സാക്ഷയിട്ടു.

ഇന്നലേകള്‍ മയങ്ങികിടക്കുന്ന മുറികളിലോരോന്നിലും ആവേശത്തോടെ  കയറിയിറങ്ങുമ്പോള്‍ ഉത്തരത്തില്‍ തൂങ്ങിയാടുന്ന നരിച്ചീറുകളിനിയും പിണങ്ങി പോവുമെന്ന് ഭയന്നിട്ടൊ, മുറികളിലെ നരിച്ചീര്‍ കാഷ്ടത്തിന്‍റേയും പൊടിയുടേയും പഴകിയ ഗന്ധം  നഷ്ട്പ്പെടുമെന്ന് കരുതിയോ ജനവാതിലുകള്‍ തുറാക്കാനയാള്‍ ധൈര്യപ്പെട്ടില്ല. 

ഓരോ ഇടനാഴികയും കട്ടിലപടിയും ഏറെ പരിചിതമെങ്കിലും ഇരുട്ടില്‍ പലയിടങ്ങളിലും അയാള്‍ക്ക് കാലിടറി. ഉറക്കാത്ത കുഞ്ഞികാലടികളോടെ പിച്ചവെയ്ക്കാന്‍ പഠിപ്പിച്ച ഈ തറയോടുകളിലേക്ക് സര്‍വ്വാംഗം നമസ്ക്കരിച്ചുള്ള  ആ വീഴ്ചകള്‍ അയാളേറേ ആസ്വദിച്ചു. ആഴ്ന്നിറങ്ങിയ ഇരുട്ടിലും തലതിരിഞ്ഞ ലോകരെ നോക്കി പൊട്ടിച്ചിരിക്കുന്ന നരച്ചീറുകളുടെ സാന്നിധ്യം അയാളെ  സന്തോഷിപ്പിച്ചു.

 ഉറ്റവരൊത്ത് ജീവിച്ചു കൊതിതീരാതെ മരിച്ചു മണ്മറഞ്ഞവരുടെ ആത്മാക്കളാണിങ്ങിനെ നരിച്ചീറുകളായി പുനര്‍ജ്ജനിക്കുകയെന്ന് പണ്ട് ഇരുളടഞ്ഞ പത്തായപ്പുരയില്‍  തൂങ്ങി കിടക്കുന്ന നരിച്ചീറുകളെ ചൂണ്ടി മുത്തശ്ശി പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് നരിച്ചീറുകളോടുള്ള ഇഷ്ടം. തറവാട്ടിലെ ആള്‍പെരുമാറ്റമില്ലാത്ത മുറികളിലും തട്ടിപുറത്തും തൂങ്ങിയാടിയിരുന്ന നരിച്ചീറുകളിലെല്ലാം തന്‍റെ പ്രിയപ്പെട്ടവരുടെ ആത്മാക്കളെ കണ്ടു പിന്നീടയാള്‍..... 

ഉമ്മറത്തിണ്ണയില്‍ പഠിക്കാനിരിക്കുമ്പോള്‍ എന്നും ഒരു മിന്നായം പോലെ പറന്നുവന്ന് തന്നെ വലം വെച്ച് തിരിച്ച് പോവുന്ന നരിച്ചീര്‍, മുത്തശ്ശി ഏറെപറഞ്ഞുകേട്ടിട്ടുള്ള സ്നേഹസമ്പന്നനായിരുന്ന മുത്തഛന്‍ തന്നെയാകുമെന്ന് അയാള്‍ ഇന്നും വിശ്വസിക്കുന്നു.

“അവറ്റോള്‍ക്കെന്തിനാ കുട്ട്യേ കണ്ണ്, നരിച്ചീറുകളായി പുനര്‍ജനിച്ചോര്‍ക്ക് ഏതിരുട്ടിലും കാണാം , ഏതടച്ചിട്ട അകത്തും സഞ്ചരിക്കാം.” 

മുത്തശ്ശി പറഞ്ഞത് നേരായിരിക്കാമെന്ന് അന്ന് പകുതി വിശ്വസിക്കാന്‍ കാരണം, ജാലകങ്ങളും വാതിലുമെല്ലാം അടച്ചിട്ട പത്തായപ്പുരയില്‍ അല്ലെങ്കില്‍ അവയെങ്ങിനെ കടക്കുമെന്ന തോന്നലായിരുന്നു.

പിന്നീടെപ്പോഴോ ജന്തുശാസ്ത്രം പഠിപ്പിക്കുന്ന ദിവാകരന്‍ മാഷ് വവ്വാലുകള്‍ക്കും നരിച്ചീറുകള്‍ക്കും കാഴ്ച്ചശക്തി ഏറെകൂടുതലെങ്കിലും നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് അവ സഞ്ചരിക്കുന്നത് ഏറേയും ശബ്ദപ്രതിധ്വനി ഉപയോഗിച്ചാണെന്ന് പറഞ്ഞപ്പോള്‍ മുത്തശ്ശി പറഞ്ഞതിലെ നേരറിവുകളായിരുന്നു അയാള്‍ക്ക് ചുറ്റും.

തന്‍റെ ഒഴിവുസമയങ്ങള്‍ അയാള്‍ പത്തായപ്പുരയിലേക്കാക്കി.  അന്നാണയാള്‍ ഇരുട്ടിനെ സ്നേഹിക്കാന്‍ തുടങ്ങിയത്. നരിച്ചീറുകളോട് സംസാരിക്കാന്‍ പഠിച്ചത്. അവയുടെ ഭാഷ, ചിന്ത എല്ലാം വേറേയായിരുന്നു. തലതിരിഞ്ഞ് കിടന്ന് ലോകത്തെ കാണുന്ന നരിച്ചീറുകളുടെ കണ്ണില്‍ തലതിരിഞ്ഞിരിക്കുന്നത് ലോകത്തിന്‍റേതാണെന്ന തിരിച്ചറിവ് മനസ്സിലാഴ്ന്നിറങ്ങി.

കാഴ്ച്ചയ്ക്കെന്തിന് വര്‍ണ്ണങ്ങളെന്നും,ജീവിതത്തിലെന്തിനു വെളിച്ചങ്ങളെന്നുമുള്ള ചോദ്യങ്ങള്‍, വര്‍ണ്ണവും വെളിച്ചവുമാണ് സകല അഹംഭാവങ്ങള്‍ക്കും ആക്രാന്തങ്ങള്‍ക്കും ശത്രുതയ്ക്കും ഹേതുവെന്ന നരിച്ചീറുകളുടെ വാദങ്ങള്‍  അയാളിലെ ജീവിതാഹങ്കരങ്ങള്‍ക്ക് മേല്‍ നിഴല്‍ വീഴുത്തുകയായിരുന്നു.  പൂര്‍ണ്ണമായ് അതു സമ്മതിച്ചു കൊടുക്കാന്‍ അയാളിലെ മനുഷ്യന്‍ സമ്മതിച്ചില്ലെങ്കിലും.

വലുതായപ്പോഴും വൈദ്യശാസ്ത്ര പഠനത്തിന്‍റെ അവധിക്കാലങ്ങളില്‍ തറവാട്ടിലെത്തുമ്പോള്‍ അയാള്‍ നരിച്ചീറുകളെ തേടിയെത്തും, തറവാടിനപ്പുറമുള്ള വര്‍ണ്ണലോകത്തിന്‍റെ മഹിമ വര്‍ണ്ണിക്കാന്‍., പക്ഷേ നരിച്ചീറുകള്‍ ആര്‍ത്ത് ചിരിക്കും.പകല്‍വെളിച്ചത്തിന്‍റെ മഞ്ഞളിപ്പിനെ പരിഹസിക്കും.  അയാള്‍ തലകുനിച്ച് തിരികെ പോരും, എന്നെങ്കിലുമൊരിക്കല്‍ പൂര്‍വ്വികര്‍ക്ക് മുന്നില്‍ ജയിക്കണമെന്ന വാശിയോടെ. 

ശാസ്ത്രത്തിന്‍റെ കീറിമുറിച്ച പഠനങ്ങള്‍ക്കിടയിലും അയാള്‍ നരിച്ചീറുകളുടെ ജന്മസത്യം തിരയുകയായിരുന്നു. 
പുനര്‍ജന്മ വിശ്വാസങ്ങളുടേയും ശാസ്ത്ര സത്യങ്ങളുടേയും തലനാരിഴകള്‍ പിളര്‍ന്ന് ഭ്രാന്തമായ ആവേശത്തില്‍  അറിവാഴികളിലേക്കൂളിയിട്ടു, പുസ്തകജ്ഞാനതീര്‍ത്ഥങ്ങളില്‍ സാധകംചെയ്തു, പരീക്ഷണഘട്ടങ്ങളില്‍ സ്വയം മറന്നു, പുരോഹിതര്‍ക്കുമുന്നില്‍ തപംചെയ്തു, സത്യാസത്യ ഋതുഭേതങ്ങളറിയാതെ അയാളലഞ്ഞു. മനുഷ്യന്‍റെ പുനര്‍ജ്ജന്മവും നരിച്ചീറുകളുടെ പൂര്‍വ്വജന്മവും അയാളറിഞ്ഞ അറിവുകള്‍ക്കുമപ്പുറം, കണ്ട ലോകങ്ങള്‍ക്കുമപ്പുറം നരച്ചീറുകള്‍ക്ക് മാത്രമറിയാവുന്ന സമസ്യയായി തന്നെ അവശേഷിച്ചപ്പോഴാണയാള്‍ കണ്ടെത്തലുകളുടെ പുതിയതലം തേടിയത്.

നരിച്ചീറുകളെ തോൽപ്പിക്കാന്‍ , പൂര്‍വ്വികരെങ്കില്‍ പ്രതികരിക്കുമെന്ന ഉറപ്പിലാണയാള്‍ അന്ന്, രണ്ടാംസെമസ്റ്റര്‍ പരീക്ഷകഴിഞ്ഞ അവധിക്കാലത്ത് ആ ചാറ്റല്‍മഴയുള്ള മദ്ധ്യാഹ്നത്തില്‍, തറവാട്ടിലെല്ലാവരും ഉച്ചമയക്കത്തിലായിരുന്നപ്പോള്‍ നാലുവര്‍ഷങ്ങള്‍ വൈകി ജനിച്ചതുകൊണ്ട് മാത്രം തനിക്കു നഷ്ടപ്പെട്ട,  ഏട്ടനുവേണ്ടി വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച താനേറേ ആഗ്രഹിച്ച മുറപ്പെണ്ണ് കല്ല്യാണിയെ കുളക്കടവില്‍ നിന്നും ഒരൂട്ടം കാണിച്ചുതരാമെന്ന് പറഞ്ഞ് പത്തായപ്പുരയിലേക്ക് കൂട്ടികൊണ്ടുപോയതും നരിച്ചീറുകളെ സാക്ഷി നിര്‍ത്തി അവളുടെ എതിര്‍പ്പുകളെ കൂട്ടാക്കാതെ ബലപ്രയോഗത്തിലൂടെ തന്‍റേതാക്കിയതും. 

കല്ല്യാണിയുടെ അട്ടഹാസങ്ങള്‍ തറവാടുണര്‍ത്തിയപ്പോള്‍ ആദ്യമോടിയെത്തിയ ഏട്ടന്‍ കുറച്ചുനേരം സ്തംഭിച്ചു നിന്ന് വീട്ടില്‍ നിന്നും ഇറങ്ങിപോയ മടക്കമില്ലാത്ത ആ യാത്ര അവസാനിച്ചത് റെയില്‍ പാളത്തിലാണ്. അന്നസ്തമിച്ചതാണ് കല്ല്യാണിയുടെ കണ്ണുകളിലെ നിലാവ്.  

പാശ്ചാത്താപമെന്നോണം ഒരു താലിച്ചരടില്‍ വീട്ടുകാരെ അനുസരിക്കുമ്പോഴും മനസ്സ് നിറയെ ഇതെല്ലാം കണ്ടിട്ടും ഭാവഭേദങ്ങളില്ലാത്ത നരച്ചീറുകളായിരുന്നു. തന്‍റെ പൂര്‍വ്വികര്‍ക്കിങ്ങിനെ നിസ്സംഗരാവാന്‍ കഴിയില്ലെന്ന് സ്വയം വിശ്വസിപ്പിക്കുമ്പോഴെല്ലാം ഇത്രയൊക്കെ അനര്‍ത്ഥങ്ങള്‍ സംഭവിച്ചിട്ടും ഒന്നും പ്രതികരിക്കാതെ നിസ്സംഗരായി പെരുമാറുന്ന കല്ല്യാണിയും അമ്മയും അച്ഛനുമൊക്കെ മനസ്സില്‍ മറുചോദ്യങ്ങളായ് തന്നെ തോൽപ്പിച്ചു.

അസ്വസ്ഥതയുടെ  തീച്ചൂളയില്‍ നരച്ചീറുകള്‍ക്ക് മുന്നില്‍ തോറ്റുകൊടുത്ത് അയാള്‍ പഠനം കഴിഞ്ഞു തറവാട്ടില്‍ തിരിച്ചെത്തിയ ആദ്യ ആഴ്ചയിലാണ് ഏറെ വൈകി പിറന്ന അനിയത്തിയെ ഉഷ്ണത്തിന്‍റെ ഒരു തീരാത്രിയില്‍ അയാള് പൂനര്‍ജ്ജനി സത്യമറിയാന്‍ നരച്ചീറുകള്‍ക്കടുത്തേക്കയച്ചത്

ഒറ്റയ്ക്ക് കയ്യടക്കാമായിരുന്ന  സ്വത്തിന് ഒരവകാശികൂടി അമ്മയുടെ വയറ്റില്‍ ജന്മമെടുത്തപ്പോള്‍ അന്ന് ദേഷ്യം തോന്നിയിരുന്നെങ്കിലും ഇപ്പോഴത്ഉപകാരമായെന്ന്  നിറഞ്ഞു കിടക്കുന്ന ബക്കറ്റ് വെള്ളത്തില്‍ ഒരുവയസ്സ് മാത്രം പ്രായമായ തല മുക്കിപിടിക്കുമ്പോള്‍ അയാളോര്‍ത്തു. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ വെള്ളത്തില്‍ വീണ കുട്ടിയുടെ നിര്‍ജ്ജീവശരീരത്തിനു ചുറ്റും ദു:ഖം അണപൊട്ടുമ്പോള്‍ അയാള്‍ പത്തായപ്പുരയില്‍ പുനര്‍ജ്ജനിച്ച തന്‍റെ അനിയത്തികുട്ടിയുടെ നരിച്ചീര്‍ രൂപം തിരയുകയായിരുന്നു.

ഒരേ രക്തത്തില്‍ പിറന്ന കുഞ്ഞിപ്പെങ്ങളും തന്നെ കൈവിട്ടുവെന്ന് മനസ്സിലാക്കിയ വലിയൊരു കാത്തിരിപ്പിനൊടുവില്‍ എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം എല്ലാവരുമുറങ്ങിയ ആ രാത്രിയില്‍ നാളുകളായി ഒരു ശ്വാസോഛ്വോസ നൂലില്‍ മാത്രം ജീവിക്കുന്ന മൃതപ്രായയായ മുത്തശ്ശിയുടെ മുഖം പതുക്കെ അമര്‍ത്തിപിടിക്കുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് ഭാഗം വെയ്ക്കാത്ത കണക്കറ്റ സ്വത്ത് മാത്രമായിരുന്നില്ല. നരിച്ചീറുകളുടെ മുന്‍ ജന്മം പറഞ്ഞുതന്ന മുത്തശ്ശി പുനര്‍ജ്ജനിച്ച് തനിക്കു തീര്‍ത്തുതരുന്ന സംശയങ്ങളുടെ സ്വസ്ഥത കൂടിയായിരുന്നു. ഒന്ന് പിടഞ്ഞൊഴിയാനാവാതെ ദുര്‍ബലമായ ഒരു ഞരക്കത്തോടൊപ്പം തന്നെ നോക്കാന്‍ ചെറുതായി ചലിച്ച കണ്ണുകള്‍ പറഞ്ഞതെന്തായിരുന്നെന്ന് മനസ്സിലായില്ല.. തികച്ചും സ്വാഭാവികമായ മുത്തശ്ശിയുടെ മരണം തറവാട് ഭാഗം വെയ്പ്പിലും എല്ലാവരും മറ്റിടങ്ങളിലേക്ക്  കുറിയേറി പാര്‍ക്കുന്നതിലും അവസാനിച്ചപ്പോള്‍ നഗരവാസിയായ താന്‍ ചോദിച്ച് വാങ്ങിയതാണ് ഈ പത്തായപ്പുര. പക്ഷേ താനന്വേഷിക്കുന്ന ഉത്തരവുമായി  മുത്തശ്ശിനരിച്ചീറും നിശബ്ദതയിലാണ്ടു.

നരിച്ചീറുകള്‍ക്ക് മുഖം കൊടുക്കാന്‍ മടിച്ചാണ് അയാളവിടേക്ക് വരാതായത്. അപ്പോഴും അവയുടെ    പരിഹാസം കാതുകളില്‍ വന്നലച്ചു. വര്‍ണ്ണലോകത്തിന്‍റെ മഹിമ തെളിയിക്കാന്‍ കണ്ണില്‍ കണ്ടതെല്ലാം കീഴടക്കുമ്പോഴും സമാധാനം കെടുത്തികൊണ്ട് നരിച്ചീറുകള്‍ അയാള്‍ക്ക് ചുറ്റും വട്ടമിട്ടു പറന്നു കൊണ്ടേയിരുന്നു.  ശാശ്വതമായ നേട്ടങ്ങളെവിടെയെന്ന് ഓരോ ചിറകടികളും ചോദിച്ചു. 

നിദ്രാവിഹിനങ്ങളായ അനേക രാത്രികള്‍ക്കൊടുവില്‍ അയാള്‍ നരിച്ചീറുകളുടെ ചിറകടിയൊച്ചകള്‍ പിന്തുടര്‍ന്ന് തറവാട്ടിലെത്തിയത് വര്‍ണ്ണങ്ങളില്ലാത്ത  ലോകം തേടിയാണ്. ഈ പത്തായപ്പുരയില്‍ അയാള്‍ നഷ്ടപ്പെടുത്തിയ പലതും അയാളെ കാത്തിരിക്കുന്നുണ്ടെന്ന തോന്നല്‍ ഉള്ളില്‍ ശക്തമായിരുന്നു.

ആളനക്കമില്ലാത്ത പത്തായപ്പുരയുടെ   മച്ചില്‍   തൂങ്ങികിടക്കുന്ന നരിച്ചീറുകളുടെ എണ്ണം ഏറെയായിരുന്നു. 

ഉടുമുണ്ടഴിച്ച് ഉത്തരത്തില്‍ കെട്ടി മറുതലയ്ക്കല്‍ കുരുക്കിടുമ്പോഴും കൈകള്‍ വിറച്ചില്ല. നരിച്ചീറുകള്‍ക്കിടയില്‍ നിന്നും തലതിരിഞ്ഞലോകത്തെ കാണാനുള്ള ആവേശത്തിലായിരുന്നു അയാള്‍..

സ്നേഹിച്ചു ജീവിച്ച് മതിവരാത്തവരുടെ ആത്മാക്കളാണ് നരിച്ചീറുകളാവുക , നരകിച്ച് ജീവിച്ചുമടുത്തവരുടെ പുനര്‍ജന്മം കടവാതിലുകളായി വല്ല ഒറ്റപ്പെട്ട മരങ്ങളിലും തൂങ്ങിയാടുമെന്ന് മുത്തശ്ശി പറഞ്ഞതയാള്‍ മറന്നുവോ..

അയാളെ സ്തംഭനാക്കിക്കൊണ്ട്  ഇരുട്ടിനെയേറെ പ്രണയിക്കുന്ന നരിച്ചീറുകള്‍ കൂട്ടത്തോടെ പകല്‍വെളിച്ചത്തിലേക്ക് പറന്നകന്നപ്പോള്‍  അന്നാദ്യമായി അയാള്‍ക്ക് പത്തായപ്പുരയിലെ ഇരുട്ടിനോട് എന്തെന്നില്ലാത്ത ഭയം തോന്നി.അകം നിറഞ്ഞു നില്‍ക്കുന്ന രൂക്ഷഗന്ധത്തിനോടും.


Sunday, June 10, 2012

ഇരുളിന്‍റെ പൊരുള്‍


അസ്തമനചുമപ്പിന്‍ പൊരുള്‍തേടി
പകലോന്‍റെ അതിര്‍ത്തിക്കപ്പുറത്തേക്ക്
ഉറക്കെ പറക്കുന്ന പക്ഷി പറ്റത്തിന്‍
പതിയാത്ത നിഴൽപ്പാടുകള്‍ നോക്കി 
യാത്ര തുടങ്ങിയതാണ്..



പകലവസാനിക്കുന്ന രാത്രിവഴിയില്‍
ഒറ്റയാനൊരു വേനല്‍മരം
ഭൂമിയുടെ ഹൃദയത്തില്‍ വേരുകളാഴ്ത്തി
വരള്‍ച്ചയിലേക്ക് ചാഞ്ഞ് നിൽപ്പുണ്ട്,
പരിഹാസത്തിന്‍ പച്ചപ്പോടെ..

ആര്‍ത്തട്ടഹസിച്ചിരമ്പിവരുമൊരു
വര്‍ഷപെയ്ത്തിന്‍ കാല്‍ക്കീഴില്‍
കരിഞ്ഞുണങ്ങാനുള്ളതാണ് നിന്‍
ജന്മമെന്ന് കൈക്കൊട്ടി ചിരിക്കാന്‍
സമയമില്ലൊട്ടും, സമയമില്ല.

പകലടരുകള്‍ വകഞ്ഞുമാറ്റി
രാത്രിയുടെ ആഴങ്ങളിലേക്കിറങ്ങി
ഇരുട്ടിനായ് വിലപേശണമെനിക്ക്..
ആഴമളക്കാനാവാത്ത മനസ്സും
അളന്നെടുക്കാനാവാത്ത ഇരുട്ടും!
അവസാനനുള്ളിരുട്ടും ശേഖരിച്ചേ
ഇനിയുള്ളൂ മനസ്സറിഞ്ഞൊരു മടക്കം..

മടക്കയാത്രയിലൊട്ടുമിടറാതെ
അന്ധകാരചൂട്ട് ആഞ്ഞുവീശി
പാഞ്ഞുനടന്ന് പാപിയാവണം..



പെറ്റവയര്‍ കത്തിച്ചുവെച്ച
ഒരിറ്റ് വെട്ടമുണ്ടിപ്പോഴും
അണയാതെന്നുള്ളില്‍..
എറിഞ്ഞുടയ്ക്കണം.
ആഞ്ഞെറിഞ്ഞുടയ്ക്കണം..
കഠിനപാപ ശിലയിലെറിഞ്ഞ്
വെട്ടം തരിപ്പണമാക്കണം..


Friday, June 1, 2012

സ്നേഹാക്ഷരങ്ങളാലൊരു പ്രണയാജ്ഞലി...





പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ടെ തറവാട്ടില്‍ നിന്നും സ്വച്ഛന്ദമൊഴുകിതുടങ്ങിയ ആ തെളിനീരുറവയ്ക്ക് സ്വപ്നങ്ങളേറെയായിരുന്നു, പ്രതീക്ഷകളും!പലതലങ്ങളിലൂടെ, കൈവഴികളിലൂടെ ചാഞ്ഞും ചെരിഞ്ഞും ഒഴുകേണ്ടിവന്നപ്പോഴൊക്കെ വശ്യമായ പുഞ്ചിരിയുടെ കുളിര്‍മ്മയ്ക്കടിയില്‍ വികാരപ്രക്ഷുബ്ധമായ മനസ്സുമായവര്‍ സമരസപെട്ട് ഒഴുക്ക് തുടര്‍ന്നത് ഈ നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ സ്വപനലോകത്തിലൂടെയാണ്. സ്നേഹത്തിന്‍റെയും വെറുപ്പിന്‍റെയും ഇരുകരകളേയും പുഞ്ചിരിയോടെ പുണരാന്‍ അവരുടെ ആഴങ്ങളില്‍ ഒഴുകിയിരുന്ന ദിവ്യമായ പ്രണയത്തിന്‍റെ, കറകളഞ്ഞ സ്നേഹത്തിന്‍റെ അടിയൊഴുക്കുകള്‍ മാത്രം മതിയായിരുന്നു.


കമലാസുരയ്യയെന്ന മലയാളികളുടെ പ്രിയപ്പെട്ട മാധവിക്കുട്ടിയ്ക്ക് പ്രണയം മൂടിവെയ്ക്കാനുള്ളതൊന്നായിരുന്നില്ല.അതവരിലെ ആത്മചൈതന്യമായിരുന്നു. സ്നേഹത്തെ ചങ്ങലയ്ക്കിടാന്‍ താനൊരു ഭ്രാന്തിയല്ലെന്ന് ഇരുകരകളില്‍ന്നിന്നും കപടസദാചാരത്തിന്‍റെ വേരുകള്‍ തന്നിലേക്കാഴ്ന്നിറങ്ങി ഹൃദയം പിളര്‍ക്കുമ്പോഴും മാസ്മരികമായ അക്ഷര നൈപുണ്യത്തിലൂടെ അവര്‍ സധൈര്യം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പ്രണയം അതീവസുന്ദരമാണെന്നും സൌന്ദര്യമാണ് പ്രണയമെന്നും താനിപ്പോഴും പ്രണയിക്കുന്നുവെന്നും ഏറെ ഒഴുകിയതിനു ശേഷം തന്‍റെ അറുപതിയഞ്ചാം വയസ്സിലും വിളിച്ചു പറഞ്ഞ് ശരീരമാനത്തേക്കാള്‍ ഒന്നും ഒളിച്ചുവെയ്ക്കാതെ മനസ്സിന്‍റെ മാനം കാത്തവരാണവര്‍.അതുകൊണ്ട്തന്നെയാവാം തന്‍റെ ഓരോ രചനകള്‍ക്കും കിട്ടിയ കൂര്‍ത്തകല്ലുകളെ നിശബ്ദം എറ്റുവാങ്ങി പിന്നേയും പിന്നേയും വികാരങ്ങളെ, വിചാരങ്ങളെ അക്ഷരങ്ങളാല്‍ അനശ്വരമാക്കി വെള്ളാരം കല്ലുകളാക്കി എറിഞ്ഞവര്‍ക്ക് തിരിച്ചു സമ്മാനിക്കാന്‍ അവര്‍ക്കായതും.


സ്നേഹമില്ലാതെ കവിതയില്ലെന്നും സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖിരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണെന്നും ആ വലിയ എഴുത്തുകാരി പരിതപിക്കുമ്പോള്‍ സ്നേഹം വിറ്റും കാശാക്കുന്ന നമുക്ക് മനസ്സിലാവാതെ പോയത് അവരിലെ വറ്റാത്ത സ്നേഹമായിരുന്നില്ലേ. ഒരു കുട്ടിക്കാലം മുഴുവന്‍ അവളില്‍ സ്നേഹവാത്സല്യങ്ങള്‍ നിറച്ചുവെച്ച് ഒഴുകിയകന്ന നാലപ്പാട്ടെ മുത്തശ്ശിയുടെ പ്രിയപ്പെട്ട ആമിക്ക് നിറഞ്ഞ് സ്നേഹിക്കാനല്ലേ ആവുമായിരുന്നുള്ളൂ. സ്വപ്നങ്ങളുടെ അനന്തതയിലേക്ക് നിരന്തരം വെള്ളം തെറിപ്പിച്ച്, ആഞ്ഞുപുണരാനായി അവരൊഴുകുമ്പോഴും യാഥാര്‍ത്ഥ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങി നല്ലൊരു കുടുംബിനിയായ്, അമ്മയായ് സ്നേഹത്താല്‍, വാത്സല്യത്താല്‍ ചേര്‍ന്നൊഴുകാനും മാധവിക്കുട്ടിയിലെ സ്ത്രീ മറന്നില്ല.


ലൈഗികതയുടെ ചില സഭ്യമായ തുറന്നെഴുത്തുകള്‍ വായനക്കാരന്‍റെ നെറ്റിചുളിക്കുമ്പോഴും, മാന്യതയുടെ അരുതായ്മകള്‍ ആര്‍ത്തിരമ്പുമ്പോഴും കമലാസുരയ്യയെന്ന അനുഗ്രഹീത എഴുത്തുകാരിയെ കാമാര്‍ത്ഥയെന്ന് വിളിച്ചാക്ഷേപിക്കാന്‍ സമൂഹത്തിനാവാതെ പോയത് അവരുടെ നേരെഴുത്തെന്ന നിഷ്കളങ്ക വ്യക്തിത്വമൊന്നുകൊണ്ട് മാത്രമായിരുന്നു. ഒന്നൊളിഞ്ഞു നോക്കിയാല്‍ സമൂഹം മനസ്സിലൊളിപ്പിച്ച വിചാര വികാരങ്ങള്‍ തന്നെയായിരുന്നു അവരക്ഷരങ്ങളിലൂടെ ഉറക്കെ പറഞ്ഞത്. മലയാള സാഹിത്യത്തില്‍ അധികമാരും കാണിക്കാത്ത ധീരത.


ഏറെ പ്രിയപ്പെട്ട നാലപ്പാട്ട് തറവാട്ടില്‍ നിന്നും മഹാനഗരത്തിന്‍റെ വന്യതയിലേക്ക് പറിച്ചുനടപെട്ടപ്പോഴും നാഗരികജീവിതത്തിന്‍റെ അനന്തവിശാലതയില്‍നിന്നും ഏറെ പഠിച്ചപ്പോഴും ഗ്രാമത്തിന്‍റെ പച്ചപ്പ് മരണം വരെ മനസ്സില്‍ നനച്ചുവളര്‍ത്തിയവരാണവര്‍. ജീവിതാനുഭവങ്ങളുടെ തീഷ്ണതയില്‍ നിന്നുകൊണ്ട് മാധവിക്കുട്ടി, കമലാദാസ് എന്നീ വ്യത്യസ്ത പേരുകളില്‍ രണ്ട് ഭാഷകളിലും ഒരുപോലെയെഴുതി വായനക്കാരിലേക്കിറങ്ങിചെന്നു ആ അനശ്വര കലാകാരി. മലയാളസാഹിത്യത്തിന്‍റെ യാഥാസ്ഥിതിക എഴുത്തില്‍നിന്നും വഴിമാറിനടക്കാന്‍ തുടക്കമിട്ടവരില്‍ പ്രമുഖയാണ് കമലാസുരയ്യ. വേറിട്ടൊരു വ്യക്തിത്വമായിരുന്നവരുടെ പ്രത്യേകത, ജീവിതത്തിലും എഴുത്തിലും ഒരേ വ്യക്തിത്വം കാത്തുസൂക്ഷിച്ചവള്‍. വിചാരങ്ങള്‍ക്ക് അക്ഷരരൂപമേകിയവള്‍. സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഇഴചേര്‍ത്ത് മലയാളിയെ വിരുന്നൂട്ടിയവള്‍.


തന്‍റെ സ്വപ്നങ്ങളും ജീവിതവും ഇരുദിശകളിലേക്കൊഴുകുന്നതിന്‍റെ നിരാശയും ആശങ്കയും മാധവിക്കുട്ടിയുടെ കൃതികളില്‍ കാണാമായിരുന്നു. എങ്കിലും താന്‍ സ്വപ്നലോകത്തുണ്ടാക്കിയ സങ്കൽപ്പകൊട്ടാരം അക്ഷരജാലകങ്ങളിലൂടെ നമുക്കവര്‍ തുറന്നു തന്നു.ജീവിതത്തിന്‍റെ നേര്‍കാഴ്ച്ചകള്‍ക്കൊപ്പം. നീര്‍മാതളവും നീലാംബരിയും നേരില്‍ കാണാത്തവര്‍ക്കും വായനയിലൂടെ അതിന്‍റെ സുഗന്ധവും മാധുര്യവും കുളിര്‍മ്മയും അനുഭവേദ്യമാക്കാന്‍ പ്രാപ്തമായിരുന്നു അവരുടെ വാഗ്ജാലം.


ഒരു നീരൊഴുക്കില്‍ നിന്നും അനുഭവങ്ങളുടെ, സ്വപ്നങ്ങളുടെ നഷ്ടപ്രണയങ്ങളുടെ, ജീവിതസമസ്യകളുടെ ഭൂമികയിലൂടെ കമലാസുരയ്യ എന്ന പ്രശസ്ത എഴുത്തുകാരി പരന്നൊഴുകി ഒരു സാഗരമായി പന്തലിക്കുകയായിരുന്നു, പലപേരുകളില്‍, പലഭാഷകളില്‍. മലയാള സാഹിത്യലോകത്ത് അവരാല്‍ സൃഷ്ടിക്കപ്പെട്ട തെളിനീരുറവ;അതൊഴുകികൊണ്ടേയിരിക്കും, കാലാന്തരങ്ങളിലൂടെ. സ്വപ്നങ്ങള്‍ക്കൊരു മലയാളഭാഷയുണ്ടാക്കിതന്ന, പ്രണയം പ്രണയിക്കാനുള്ളതെന്ന് ജീവിച്ചുകാണിച്ചു തന്ന പ്രിയഎഴുത്തുകാരിക്ക് സ്നേഹമനസ്സുകളെങ്ങിനെ ചിതയൊരുക്കും..

Thursday, March 29, 2012

തമസ്സാഴങ്ങള്

വേനലിന്‍റെ വരണ്ട രാത്രിയുടെ നീരുവറ്റിയ അവസാനയാമത്തിലവളുണര്‍ന്നത് വിയര്‍ത്തൊട്ടിയ നിശാവസ്ത്രത്തിന്‍റെ  നനവിലേക്കാണ്. 

ശീതീകരണ യന്ത്രത്തെ തട്ടിയുണര്‍ത്താന് റിമോട്ടില്‍ വിരലമര്‍ത്തിയപ്പോഴാണ് വൈദ്യുതിയില്ലെന്നറിഞ്ഞത്. 

മനസ്സിലപ്പോള്‍ തോന്നിയ ശാപവാക്കുകളെല്ലാം ഉരുവിട്ടുകൊണ്ടവള്‍ കിടപ്പുമുറിയുടെ പടിഞ്ഞാറോട്ടുള്ള ജനല്പാളികളില്‍ മുകളിലേത് തുറന്നിട്ടു. 

വരണ്ടതെങ്കിലും ഒരു കാറ്റ് നഗരത്തിന്‍റെ സകല മാലിന്യഗന്ധങ്ങളും ആവാഹിച്ച് കിട്ടിയ അവസരം പാഴാക്കാതെ അകത്തേക്ക് വീശിയടിച്ചു, ഊറ്റിക്കുടിക്കലിന്‍റെ മൂളിപാട്ടോടെ കൊതുകുകളും.

സഹികെട്ട്, തുറന്ന ജനല്പാളികള്‍ ശബ്ദത്തോടെ ആഞ്ഞടച്ചു, പതിനഞ്ചു ദിവസത്തേക്കാണെങ്കിലും നാട്ടിലേക്ക് അവധിക്കു വരാന്‍ തോന്നിയതെന്തിനായിരുന്നുവെന്ന് സ്വയം പഴിച്ചുകൊണ്ട്.

ജനല്പ്പാളികള്‍ വലിച്ചടച്ച ശബ്ദം കേട്ട് മൂത്ത മകളൊന്ന് തിരിഞ്ഞു കിടന്നു. 

വൈകുന്നേരത്തെ കുടുംബവിരുന്ന് കഴിഞ്ഞ് വീട്ടിലെത്താന്‍ കുറേ വൈകി. എല്ലാവരും നല്ല ക്ഷീണിതരായതുകൊണ്ട് വേഗം തന്നെ ഉറങ്ങുകയും ചെയ്തു. 

ആളുകളും ബഹളവുമൊക്കെ കാരണം,അതും ഒട്ടും പരിചയമില്ലാത്ത ബന്ധുക്കള്‍, തനിക്കും മക്കളെ പോലെ വല്ലാതെ മുഷിച്ചല്‍ തോന്നി. ഭര്‍ത്താവ് നല്ല മൂഡിലായിരുന്നു. പതിവില്‍ കൂടുതല്‍ കുടിച്ചതുകൊണ്ടാവാം,ചെറിയ ചൂട് പോലും സഹിക്കാനാവാത്ത ആള്‍ ഇന്നൊന്നും അറിയുന്നില്ല. 

നാല് ദിവസംകൂടിയേ ഉള്ളൂ ഖത്തറിലേക്ക് തിരിച്ചുപോവാനെന്നോര്‍ത്തപ്പോള്‍ സമാധാനം തോന്നി. അവിടെ ചെന്നാല്‍ തിരക്കുകളില്‍ സ്വയമലിഞ്ഞ് എല്ലാം മറന്ന് ഒരു ജീവിതം. അസൌകര്യങ്ങളൊന്നുമില്ലാതെ, ഉള്ള അസൌകര്യങ്ങളെ ശ്രദ്ധിക്കാന്‍ സമയമില്ലാതെ ജീവിതമെന്ന ഒഴുക്ക്. ഭര്‍ത്താവിലേക്കും മക്കളിലേക്കും മാത്രമായി ജീവിതം ചുരുങ്ങുമ്പോള് കൂടുതല്‍ അസ്വസ്ഥതകളില്ല.

ചൂടും കൊതുകും; അവള്‍ക്കൊട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല. 

രാത്രിയുടെ മാനത്ത് ഇരുട്ട് വരയ്ക്കുന്ന ചിത്രങ്ങള്‍ നോക്കി കിടക്കവേ പുറത്ത് നിശബ്ദതയുടെ മൌനം ഭേദിച്ച് ആരുടേയോ വേഗത്തിലുള്ള കാലൊച്ച. അതടുത്തടുത്ത് വരുന്നു. 


ഭിത്തിക്കപ്പുറം നിലച്ച കാലച്ചൊകളില്‍ നിന്നുമിപ്പോള്‍ കിതപ്പിനൊപ്പം അടക്കിപിടിച്ച തേങ്ങല്‍ കേള്‍ക്കാം. 


അവള്‍ ഞെട്ടലോടെ കാതോര്‍ത്തു.

പതിഞ്ഞ ശബ്ദത്തില്‍ കതകില്‍ തട്ടി “രക്ഷിക്കണേ, രക്ഷിക്കണേ” എന്ന കേഴല്‍., ശബ്ദത്തില്‍ നിന്നും ഒരു കൌമാരക്കാരിയുടേതുപോലെ. 

വിഹല്വതയോടെ എഴുന്നേറ്റിരുന്ന് അവള്‍ ഭര്‍ത്താവിനെ തട്ടിവിളിക്കാന്‍ കൈകളുയര്‍ത്തി.

അതാ ഇരുളിന്‍റെ മറ വലിച്ചുകീറി പിന്നേയും ഓടിയടുക്കുന്ന ഒന്നില്‍കൂടുതല്‍ ഉറച്ച കാലൊച്ചകള്‍..

“അവളതാ, പിടക്കവളെ” തുടങ്ങിയ ശബ്ദം താഴ്ത്തിയ പരുക്കന്‍ മുരളലുകള്‍..

അവളയാളെ ഒച്ചയുണ്ടാക്കതെ തട്ടിയുണര്‍ത്താന്‍ നോക്കി. അയാളൊന്ന് തിരിഞ്ഞു കിടന്നു.

ഇപ്പോഴാ പെണ്‍കുട്ടിയുടെ കരച്ചില്‍ ഉച്ചത്തിലായി, ജനവാതിലിലെ തട്ടും. 

ഓടിപ്പോയി കതക് തുറന്ന് ആ പാവം പെണ്‍കുട്ടിയെ രക്ഷിക്കാന്‍ മനസ്സാഗ്രഹിച്ചു. തന്‍റെ മൂത്ത മകളുടെ പ്രായമായിരിക്കാം. മകളായിരുന്നെങ്കില്‍ ആ അവസ്ഥയിലെന്ന് ചിന്തിക്കാന്‍ പോലും മനസ്സ് പ്രാപ്തമല്ല. 


പിടഞ്ഞെഴുന്നേറ്റ അവള്‍ ഒന്നാലോചിച്ചു; 

പുറത്ത് അവളെ പിന്തുടരുന്നവര്‍ ഏതുതരക്കായിരിക്കും? തന്നേയും മക്കളേയും കണ്ടാല്‍ അവരവളെവിട്ട് തങ്ങളിലേക്ക് വരില്ലെന്ന് ഉറപ്പിക്കാമൊ? ഭര്‍ത്താവിനൊറ്റയ്ക്ക് എതിര്‍ക്കാനുമാവില്ല.  


ജനല്‍ പാളി തുറന്ന് ആള്‍ സാന്നിധ്യമറിയിക്കാമെന്ന് കരുതിയാല്‍.., വേണ്ട നാലുദിവസം കഴിഞ്ഞ് തിരിച്ചു പോവേണ്ടതാണ്. എന്തിനെങ്കിലും ദൃക്‌സാക്ഷിയായാല്‍ അതുമതി യാത്ര മുടങ്ങാന്‍.. 


മക്കള്‍ക്ക് സ്കൂള്‍ വാര്‍ഷികാഘോഷത്തിന് ഡാന്‍സ് പ്രാക്ടീസ് തുടങ്ങേണ്ടതാണ് അടുത്ത ആഴ്ച.

അവള്‍ അയാളെ വിളിക്കാന്‍ നീട്ടിയ കൈ പിന്‍വലിച്ചു. 

പെണ്‍കുട്ടിയുടെ ശബ്ദം ഒരു ഞരക്കം മാത്രമായിരിക്കുന്നു,ആരോ അവളുടെ വായ അടച്ചു പിടിച്ചതുപോലെ. ജനലിലെ തട്ടലും നിലച്ചിരിക്കുന്നു. 

ആ ഞരക്കവും പതുക്കെ ഇരുട്ടിലലിയുന്നു,അകന്നുപോകുന്ന കാലൊച്ചകളും.

വൈദ്യുതി, വേനല്‍ക്കാലത്തില്‍ കുത്തിവരയ്ക്കാന്‍  തിരികെയെത്തി. ശീതീകരണയന്ത്രം ഒരു പാശ്ചാത്താപമെന്നപോലെ ദ്രുതം  തണുപ്പ് തുപ്പാന്‍ തുടങ്ങി. പുറത്തെ ശബ്ദങ്ങളെല്ലാം ഏസിയുടെ മൂളല് വിഴുങ്ങി. 

അവള്‍ക്കാശ്വാസം തോന്നി. ഇനിയൊന്നും കേള്‍ക്കേണ്ടതില്ലല്ലൊ. ഒരു സിനിമ കണ്ടുകഴിഞ്ഞതെന്നപോല്‍ അവളാ രംഗങ്ങളെ  ഭര്‍ത്താവിനോടും മക്കളോടും പ്രാതലിനൊപ്പം വിളമ്പാനുള്ള കഥയായ് കാത്തുവെച്ചു. 


നമ്മുടെ നാടിന്‍റെ അധ:പതനത്തെ കുറിച്ച്, മനസാക്ഷിയില്ലാത്ത പീഢനകഥകളെ കുറിച്ച്  ഗള്‍ഫിലെ കൂട്ടുകാരുടെ വാരാന്ത്യ ഒത്തുകൂടലുകളില്‍ വിളമ്പാനൊരു ഹോട്ട് സ്റ്റോറിയുമായി!

മക്കളെ തണുപ്പാക്രമിക്കാതിരിക്കാന്‍  ശ്രദ്ധയോടെ പുതപ്പിച്ചു, യാഥാര്‍ത്ഥ്യം മറയ്ക്കാനെന്ന പോലെ സ്വയം തലവഴി പുതപ്പ്  മൂടി  നിദ്രയിലേക്കൊഴുകി.

പിറ്റേന്നുണര്‍ന്നത് കാക്കളുടെ കൂട്ടത്തെയോടുള്ള കരച്ചിലിലേക്കാണ്. 


മതിലരികിലെ കശുമാവിനു മുകളിലും താഴെയുമായി നിറയെ കാക്കള്‍..; 


ഏതോ കാക്കാകൂട്ടില്‍ വിരിഞ്ഞ കുയില്‍കുഞ്ഞിനെ പകല്‍ വെളിച്ചത്തിന്റ്റെ മുഖമൂടിയിട്ട് മാന്യത പഠിപ്പിക്കുയാണവര്‍, ധാര്‍ഷ്ട്യത്തിന്‍റെ കാ..കാ ശബ്ദത്തില്‍..  


അവിടെ കൂര്‍ത്ത ചരല്കല്ലുകള്‍ക്കിടയില്‍ ആ പാവം കുയില്‍ക്കുഞ്ഞ്  കൊത്തിപ്പറിക്കപ്പെട്ട തൂവലുകള്‍ക്കിടയില്‍ തലപൂഴ്ത്തി ഒരപരാധിയെ പോലെ.....


അകലങ്ങളിലെവിടെയോ, ജന്മമേകിയ കുറ്റബോധത്തോടെ രണ്ടു കുയില്‍ജന്മങ്ങള്‍ നിസ്സഹായതയുടെ നിസ്സംഗതപേറി പൂത്തുലുഞ്ഞ പൂമരത്തിന്‍റെ ഉണങ്ങിയ ചില്ലമേല്‍..!

Tuesday, February 28, 2012

കാഴ്ച്ചാന്തരങ്ങള്‍



ശക്തമായ് പെയ്യുന്ന മഴ മുന്നിലെ കാഴ്ചകളെ മറയ്ക്കുന്നുവെന്ന് ഡ്രൈവിങ്ങിനിടെ പ്രസാദ് പരാതിപ്പെട്ടപ്പോള്‍ കാറിനു പിന്നിലൊളിക്കുന്ന കണ്ടുമതിവരാത്ത വഴിയോരക്കാഴ്ച്ചകളെ കുറിച്ച് വ്യാകുലപ്പെട്ടിരുന്നിരുന്ന ആതിര ഓര്‍ത്തത് കാഴ്ചപ്പാടുകളുടെ അന്തരത്തെ കുറിച്ചായിരുന്നു. കണ്ടുമതിവരാത്ത മഴയും വഴിയോരകാഴ്ചകളും തന്‍റെ ദു:ഖമാവുമ്പോള്‍ പ്രയാണത്തിന് വിഘ്നമാവുന്ന മഴയോട് അരിശംപൂണ്ട പരിഭവം പ്രസാദിന്.. കാലം കളിക്കുന്ന ഇന്ദ്രജാലമാണ് കാഴ്ചകളെന്ന് തോന്നാറുണ്ട്.. കാണുന്ന കാഴ്ചകള്‍ പലപ്പോഴും കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്നു. കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍ കണ്ടിരിക്കാന്‍ വിധിക്കപ്പെട്ട നിസ്സഹായര് മനുഷ്യര്..






അവധിക്ക് നാട്ടിലേക്ക് വരുമ്പോഴേ നിശ്ചയിച്ചതാണ് ഇത്തവണ എത്ര തിരക്കായാലും ദൂരമേറെയെങ്കിലും മുത്തശ്ശിയെ കാണാന്‍ തറവാട്ടില്‍ പോവണമെന്ന്.. അമ്മയുടെ ഫോണ്‍സംസാരങ്ങളിലെല്ലാം കഴിഞ്ഞ ഒരുവര്‍ഷമായി നിറഞ്ഞു നിന്നത് മുത്തശ്ശീടെ ഓര്‍മ്മക്കുറവുകളും അസുഖങ്ങളുമായിരുന്നു.പോവാനൊരുങ്ങിയപ്പോള്‍ കുട്ടികള്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറി.. അല്ലെങ്കിലും അവര്‍ക്ക് കാണാനിഷ്ടമുള്ളതൊന്നും ആ  ഗ്രാമത്തിലില്ലല്ലൊ. നിഷ്കളങ്കതയുടെ നിറകാഴ്ചകളായ ഗ്രാമഭംഗിയും പച്ചപ്പും കാടും പടലവും തോടും പാടവുമൊന്നും ആകര്‍ഷകമായി തോന്നുന്നില്ലെങ്കില്‍ പിന്നെ..! ഈ പടര്‍ന്നു പന്തലിച്ച ജീവിതത്തിന്‍റെ തായ് വേരായ ഒരു മുത്തശ്ശി അവിടെ ഓര്‍മ്മകള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കുമിടയിലെ ഇടനാഴികയില്‍ ഉഴലുന്നതും അവരെ അലട്ടുന്നില്ലെന്നത് ആതിരയെ തെല്ലൊന്ന് അസ്വസ്ഥയാക്കി..







മഴയുടെ ശക്തി  കുറഞ്ഞിട്ടുണ്ട്. തന്നെ ഓര്‍മ്മകളുടെ ലോകത്ത് തനിച്ചാക്കി  പ്രസാദ് ഗസലുകളില്‍ ഒതുങ്ങികൂടി ഡ്രൈവ് ചെയ്യുകയാണ്.. അദ്ദേഹത്തിനറിയാം തനിക്ക് ഈ യാത്രയും കാഴ്ചകളും  സമ്മാനിക്കുന്ന ഓര്‍മ്മകളുടെ പറുദീസ... ജനിച്ചതും കൌമാരംവരെ വളര്‍ന്നതും അമ്മത്തറവാട്ടിലാണ്. ആതിര ഏറെ ഇഷ്ടപ്പെടുന്നിടം.  അവിടെനിന്നും അഛന്‍റെ ജോലിസ്ഥലമായ ടൌണിലേക്കുള്ള പറിച്ചുനടല്‍ ഇന്നും മനസ്സിന് നൊമ്പരമേകുന്നു. ഗ്രാമത്തിന്‍റെ ഓരോ കാഴ്ചകളും തനിക്ക് ഓര്മ്മകളുടെ നിറയൂട്ടാണ്.



മഴ, വരുവാനിരിക്കുന്ന പേമാരിയുടെ മുന്നോടിപോലെ പെയ്ത്തവസാനിപ്പിച്ച് ശാന്തമായി. തറവാട്ടിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോഴേ മാറ്റങ്ങളനഭുവപ്പെട്ടു. മുന്‍പ് ഈ വഴിയുടെ ഇരുവശവും നിറയെ ഇടതൂര്‍ന്നമരങ്ങളും പൊന്തക്കാടും കൊണ്ട് നിറഞ്ഞിരുന്നു..നേരമിരുട്ടിയാല്‍ ആരുമീ വഴി നടക്കാന്‍ മടിയ്ക്കും..ഇന്നിപ്പോള്‍ റോഡ് വീതികൂട്ടി ടാര്‍ചെയ്തിരിക്കുന്നു.. കാടെല്ലാം വെട്ടിത്തെളിയിച്ച് മതില്‍ കെട്ടി തിരിച്ചിരിക്കുന്നു.. തറവാടിന്‍റെ പടിപ്പുര അകലെനിന്നേ കാണാം.പക്ഷേ ഒരു ഗെയ്റ്റിന്‍റെ സ്ഥാനത്ത് രണ്ട് ഗെയ്റ്റുകള്.പടിപ്പുരയും കയ്യാലയുമെല്ലാം ചേര്‍ന്ന ആ പ്രൌഢഗംഭീരമായ തറവാടിന്‍റെ സ്ഥാനത്ത് രണ്ട് കോണ്‍ക്രീറ്റ് സൌധങ്ങള്‍ മതില്‍കെട്ടി തിരിച്ചിരിക്കുന്നു, സ്വാര്‍ത്ഥതയുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ട മനുഷ്യമനസ്സുകളുടെ നേര്‍കാഴ്ച. അമ്മാവന്മാരുടെ വഴക്കും,, മുത്തശ്ശിയെ ഗൌനിക്കാതെ വീടും തൊടിയും പകുത്ത് പങ്കിട്ടെടുത്തതുമെല്ലാം അമ്മയിലൂടെ കേട്ടറിഞ്ഞിരുന്നു.കാലം തീര്‍ക്കുന്ന ചില അനിവാര്യമായ വിള്ളലുകള്‍..!!



സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്ന അമ്മാവനേയും അമ്മായിയേയും കടന്ന് കണ്ണുകള്‍ മുത്തശ്ശിയെ പരതുന്നത് കണ്ടിട്ടാവണം  വിശേഷങ്ങളിലേക്ക് കടക്കുന്നതിനു മുന്‍പേ അമ്മായി മുത്തശ്ശിയുടെ അരികിലേക്ക് കൊണ്ട്പോയത്. പണ്ട് സ്കൂള്‍ വിട്ടുവരുന്ന തന്നേയും നോക്കി കയ്യാലപ്പടിയില്‍ കാത്തിരിക്കുന്ന മുത്തശ്ശിയാണപ്പോള്‍ ആതിരയുടെ മനസ്സിലേക്കോടിവന്നത്. അവിടെയിരുന്ന്തന്നെ അന്നത്തെ സ്കൂള്‍വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞേ വീട്ടിലേക്ക് കയറൂ.കുന്നിന്‍ ചെരുവിലെ ഞാവല്‍ പഴങ്ങള്‍ പഴുത്തതും തോട്ടുവക്കിലെ കൈതപൂത്തതും സ്കൂളിന്‍റെ പിറകുവശത്തെ വെള്ളച്ചാലിലെ വരാല്‍ മീനിനെ പിടിക്കാന്‍ തോര്‍ത്തുമുണ്ടുമായ് വന്ന കൂട്ടുകാരും..പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുണ്ടാവും.

കിടപ്പുമുറിയുടെ ഒഴിഞ്ഞ കോണില്‍ ഇരുട്ടിനോട് സംസാരിച്ചുകൊണ്ടതാ  മുത്തശ്ശി.നിറം മങ്ങിയ വെള്ളവസ്ത്രത്തിനുള്ളില്‍ ക്ഷീണിച്ച് എല്ലും തോലുമായ  രൂപം.. ലൈറ്റിട്ടപ്പോള്‍ കൈകൊണ്ട് കണ്ണുകള്‍ മറച്ച് തീ, തീ എന്നും പറഞ്ഞ് മുത്തശ്ശി അസ്വസ്ഥയായി.. മുത്തശ്ശീന്ന് വിളിച്ചപ്പോഴും ശ്രദ്ധിക്കാതെ മറ്റേതൊ ലോകത്തോട് സംസാരിക്കുകയാണ് . പറയുന്നതൊന്നും വ്യക്തമല്ല..യാതൊരു ബന്ധവുമില്ലാത്ത എന്തൊക്കെയൊ ചുമരുകളോടും കട്ടിലിനോടും കതകിനോടുമെല്ലാം സംസാരിച്ചുകൊണ്ടേ ഇരിക്കുന്നു,മനുഷ്യരോടെന്ന പോലെ. ഇടക്കിടെ വിശക്കുന്നു, എനിക്ക് വിശക്കുന്നു എന്ന് പറയുന്നുണ്ട്. പെയ്തുതോര്ന്നൊരു മഴയുടെ അവശിഷ്ടങ്ങള്‍ പോലെ ഞങ്ങളെയെല്ലാം ഇന്നില്‍ ഉപേക്ഷിച്ചുകൊണ്ട് മറവിരോഗത്തിന്‍റെ ഓര്‍മ്മകളിലൂടെ ബാല്യത്തിലേക്ക് പിന്തിരിഞ്ഞ് നടക്കുന്ന മുത്തശ്ശിയുടെ അരികിലിരിക്കുമ്പോള്‍  ജനല്പാളികള്‍ക്കപ്പുറം മഴക്കാറ് നിറഞ്ഞ ആകാശം പെയ്യാന്‍ ഇരുളടഞ്ഞ് നില്‍ക്കുന്നത് കാണാം.

ഈയൊരവസ്ഥയില്‍ മുത്തശ്ശിയെ കാണേണ്ടിയിരുന്നില്ല എന്ന് തോന്നി. മനസ്സിലൊരു മുത്തശ്ശിയുണ്ടായിരുന്നു, അണിഞ്ഞിരിക്കുന്ന തൂവെള്ള വസ്ത്രം പോലെ പ്രകാശിക്കുന്ന ചിരിയുള്ള, സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന, വാത്സല്ല്യത്തിന്‍റെ നിറകുടമായ മുത്തശ്ശി ഈ തറവാടിന്‍റെ നാഡീമിടിപ്പായിരുന്നു. മുത്തശ്ശനുള്ളപ്പോഴേ വീട്ടിലെ അകംകാര്യങ്ങളെല്ലാം കാര്യാപ്രാപ്തിയോടെ കൊണ്ടുനടന്നിരുന്നത് മുത്തശ്ശിയാണ്. ഭര്‍ത്താവിനേയും അദ്ദേഹത്തിന്‍റെ കാലശേഷം ആണ്മക്കളേയും നിശബ്ദം അനുസരിക്കുക എന്നൊരു വിധേയത്വ മനോഭാവമായിരുന്നു മുത്തശ്ശിയുടേത്. അതെത്ര പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുള്ള സംഗതിയാണെങ്കിലുംശരി, എതിര്‍ക്കില്ല. പിന്നീടെപ്പോഴൊ മുത്തശ്ശിയില്‍ ഓര്മ്മക്കുറവും പെരുമാറ്റത്തില്‍ വളരെ അപൂര്‍വ്വമായി അസ്വാഭാവികതകളും കണ്ടു തുടങ്ങി. മക്കളുടെ പേരുകള്‍ വരെ ചില സമയങ്ങളില്‍ പറയാന്‍ കഴിയാതിരിക്കുക, പ്രധാനപ്പെട്ടവയെന്തെങ്കിലും സൂക്ഷിച്ചുവെച്ച സ്ഥലം മറക്കുക തുടങ്ങിയ സ്വാഭാവിക ഓര്‍മ്മത്തെറ്റുകളിലൂടെയായിരുന്നു തുടക്കം.കാലം വരുത്തിയ പലമാറ്റങ്ങളും ഉള്‍കൊള്ളാന്‍ നിരക്ഷരയായ, തറവാടിന്‍റെ മതില്‍കെട്ടിനുള്ളില്‍ ജീവിതം തളച്ചിടേണ്ടിവന്ന മുത്തശ്ശിക്ക്  കുറേ സമരസപ്പെടേണ്ടി വന്നിരുന്നു.

പിന്നീട് ഓര്‍മ്മകുറവുകള്‍ കൂടി കൂടി താന്‍ ഭക്ഷണം കഴിച്ചോ എന്ന് വരെ മുത്തശ്ശിക്ക് ഓര്ക്കാന്‍ കഴിയാതെയായി, സ്വന്തം മക്കളെ തിരിച്ചറിയാന്‍ വയ്യ,വലിയ പുരോഗമനങ്ങള്‍ ഉള്‍കൊള്ളാനും.. റ്റിവി , ഫോണ്‍ , ഫ്രിഡ്ജ്, ഫ്ളാറ്റ് ജീവിതം എല്ലാം മുത്തശ്ശിയുടെ സാമാന്യബുദ്ധിക്കപ്പുറമായിരുന്നു.. അതുകൊണ്ട്തന്നെയാണ് തറവാട്ടില്‍ ടിവി വാങ്ങിയ ആദ്യകാലങ്ങളില്‍  സിനിമയില്‍ തീ പടരുന്നതുകണ്ടപ്പോള്‍ മുത്തശ്ശി ഉറക്കെ നിലവിളിച്ച് ആളെ കൂട്ടാന്‍ ശ്രമിച്ചതും, റ്റി വിയിലെ കഥാപാത്രങ്ങള്‍ വീട്ടില്‍ വന്ന അതിഥികളാണെന്ന് കരുതി ചായ കൊടുക്കാന്‍ അടുക്കളക്കാരിയെ നിര്‍ബന്ധിച്ചതും, വീട്ടിലേക്കുള്ള പച്ചക്കറികള്‍ വാങ്ങിക്കുവാന്‍ പത്ത് പൈസ മാത്രം കൊടുത്തുവിട്ടതുമെല്ലാം.മക്കളുടെ വഴക്കും തറവാട് പൊളിക്കലുമെല്ലാം ആ പഴമനസ്സിന്‍ താങ്ങാവുന്നതിലധികമായിരുന്നു. മുത്തശ്ശിയുടെ മനസ്സ് പഴയ കാലങ്ങളില്‍ നിന്നും മുന്നോട്ട് നടക്കാന്‍ വിസ്സമ്മതിച്ചതോടെ  ഓര്‍മ്മമണ്ഡലങ്ങളെ അത്ഷിമേഴ്സെന്ന ഭീകരന്‍ കാര്‍ന്നു തിന്നുകയായിരുന്നു .യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും മുത്തശ്ശി രോഗത്തിന്‍റെ ആഴങ്ങളിലൊളിക്കാന്‍ ശ്രമിച്ചു.മറവിയുടെ പുകമറയ്ക്കുള്ളില്‍ കണ്ടത് സ്വസ്ഥമായിരിക്കാന്‍ തന്‍റെ ബാല്യകാലവും. ഇപ്പോഴാ മനസ്സില്‍ ഇന്നുകളില്ല, മക്കളോ കൊച്ചുമക്കളോ ഇപ്പോഴത്തെ മുത്തശ്ശിയോ ജീവിതമൊ ഇല്ല,, മുത്തശ്ശിയുടെ ഇന്നലേകളാണവിടെ, കുട്ടിക്കാലവും ജനിച്ചുവളര്‍ന്ന വീടും ചുറ്റുപ്പാടും പരിചയക്കാരും മാത്രം.. ആ ലോകത്താണിപ്പോള്‍ മുത്തശ്ശി.. അവരെയാണ് മുത്തശ്ശി ഞങ്ങളിലോരോര്‍ത്തരിലും കാണുന്നത്..  അവരോടാണ് ഞങ്ങളോടെന്ന പോലെ സംസാരിക്കുന്നത്..

മുത്തശ്ശി പറഞ്ഞുതന്നിരുന്ന കഥകള്‍ കേട്ട്കൊണ്ട് തെക്കിനിയില്‍ ആ ചൂട്പറ്റികിടന്നിരുന്നതും പുലര്‍ച്ചേ വിളിച്ചുണര്‍ത്തി മുല്ലപ്പൂവും ഇലഞ്ഞിപ്പൂവും പെറുക്കാന്‍ കൂട്ട് വന്നിരുന്നതുമെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.. മുത്തശ്ശിക്കെപ്പോഴും കൈതപ്പൂവിന്‍റെ മണമായിരുന്നു,മുത്തശ്ശി വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന മരപ്പെട്ടിക്കുമതേ. ഹൃദ്യമായ കൈതപ്പൂ വാസന ഇപ്പോഴും ഓര്‍മ്മകളില്‍ വിരുന്നെത്താറുണ്ട്.. തിരിച്ചുപോവേണ്ടേ എന്ന പ്രസാദിന്‍റെ ചോദ്യമാണ് ആതിരയെ ഉണര്‍ത്തിയത്..അപ്പോഴും മുത്തശ്ശി ഇരുട്ടിനോട് സംസാരിക്കുകയാണ്.മഴ പെയ്യാനൊരുങ്ങി നില്‍ക്കുന്നു, തണുത്ത കാറ്റും . മുത്തശ്ശിയെ കെട്ടിപ്പിടിച്ച് യാത്രപറയുമ്പോള്‍ കണ്ണുകള്‍ പെയ്തിറങ്ങി.. നിറം മങ്ങിയ ആ കണ്ണാഴങ്ങളില്‍  കാണാനായത് നിറഞ്ഞാടിയൊരു ജീവിതത്തിന്‍റെ ഒഴിഞ്ഞ വേദികയായിരുന്നു.

യാത്രപറഞ്ഞ് കാറില് കയറുമ്പോള്‍ ഒരു സാന്ത്വനം പോലെ ചാറ്റല്‍മഴ. തറവാട്ടിലേക്ക് യാത്രതിരിക്കുമ്പോഴുണ്ടായിരുന്ന സന്തോഷവും ഉത്സാഹവുമെല്ലാം തന്നിലസ്തമിച്ചിരിക്കുന്നു. കാറിലിരുന്ന് മയങ്ങി പോയതറിഞ്ഞില്ല, തനിക്ക് ചുറ്റും കമ്പ്യൂട്ടറ് ഭാഷയില്‍ ആര്പ്പ് വിളിക്കുന്ന മക്കളും, ആയിരങ്ങള്‍ കൂലി കിട്ടാന്‍ പണസഞ്ചി കൊത്തിവലിക്കുന്ന വീട്ടുവേലക്കാരും, പകല്‍ വെളിച്ചത്തില്‍ കണ്മുന്‍പിലിട്ട് പെണ്മക്കളെ പീഡിപ്പിക്കുന്ന അഛന്മാരും, മകളെ വിറ്റ് കിട്ടിയ കാശുകൊണ്ട് മുഖം മിനുക്കാന്‍ പോകുന്ന അമ്മമാരും, വിദ്യാര്ത്ഥികള്‍ പരസ്പ്പരം മുറിവേല്പ്പിച്ച് രക്തം കുടിക്കുമ്പോള്‍ രക്തത്തിനായ് കൈക്കുമ്പിള് നീട്ടുന്ന അദ്ധ്യാപകരും അത്ഷിമേഴ്സിന്‍റെ മുഖമണിഞ്ഞ് ആര്‍ത്തലയ്ക്കുന്ന കാഴ്ചയിലാണ് ആതിര ഞെട്ടിയുണര്‍ന്നത്.. ഇന്നിന്‍റെ വരമ്പില്‍നിന്നും ഓര്‍മ്മകളുടെ ഗര്‍ത്തത്തിലേക്ക് ആ മുഖംമൂടികള്‍ തന്നെ തള്ളിയിടുമെന്ന് ഭയന്നിട്ടെന്നപോലെ ആതിര പ്രസാദിന്‍റെ കൈകളില്‍ മുറുകെ പിടിച്ചു.. മുന്നിലേക്കുള്ളവഴി കാണാനാവാത്ത വിധം മഴ ആര്‍ത്തുപെയ്യുമ്പോഴും ആതിര കാറിനുള്ളില് വിയര്‍ത്തൊഴുകുകയായിരുന്നു...!!