Sunday, June 10, 2012

ഇരുളിന്‍റെ പൊരുള്‍


അസ്തമനചുമപ്പിന്‍ പൊരുള്‍തേടി
പകലോന്‍റെ അതിര്‍ത്തിക്കപ്പുറത്തേക്ക്
ഉറക്കെ പറക്കുന്ന പക്ഷി പറ്റത്തിന്‍
പതിയാത്ത നിഴൽപ്പാടുകള്‍ നോക്കി 
യാത്ര തുടങ്ങിയതാണ്..



പകലവസാനിക്കുന്ന രാത്രിവഴിയില്‍
ഒറ്റയാനൊരു വേനല്‍മരം
ഭൂമിയുടെ ഹൃദയത്തില്‍ വേരുകളാഴ്ത്തി
വരള്‍ച്ചയിലേക്ക് ചാഞ്ഞ് നിൽപ്പുണ്ട്,
പരിഹാസത്തിന്‍ പച്ചപ്പോടെ..

ആര്‍ത്തട്ടഹസിച്ചിരമ്പിവരുമൊരു
വര്‍ഷപെയ്ത്തിന്‍ കാല്‍ക്കീഴില്‍
കരിഞ്ഞുണങ്ങാനുള്ളതാണ് നിന്‍
ജന്മമെന്ന് കൈക്കൊട്ടി ചിരിക്കാന്‍
സമയമില്ലൊട്ടും, സമയമില്ല.

പകലടരുകള്‍ വകഞ്ഞുമാറ്റി
രാത്രിയുടെ ആഴങ്ങളിലേക്കിറങ്ങി
ഇരുട്ടിനായ് വിലപേശണമെനിക്ക്..
ആഴമളക്കാനാവാത്ത മനസ്സും
അളന്നെടുക്കാനാവാത്ത ഇരുട്ടും!
അവസാനനുള്ളിരുട്ടും ശേഖരിച്ചേ
ഇനിയുള്ളൂ മനസ്സറിഞ്ഞൊരു മടക്കം..

മടക്കയാത്രയിലൊട്ടുമിടറാതെ
അന്ധകാരചൂട്ട് ആഞ്ഞുവീശി
പാഞ്ഞുനടന്ന് പാപിയാവണം..



പെറ്റവയര്‍ കത്തിച്ചുവെച്ച
ഒരിറ്റ് വെട്ടമുണ്ടിപ്പോഴും
അണയാതെന്നുള്ളില്‍..
എറിഞ്ഞുടയ്ക്കണം.
ആഞ്ഞെറിഞ്ഞുടയ്ക്കണം..
കഠിനപാപ ശിലയിലെറിഞ്ഞ്
വെട്ടം തരിപ്പണമാക്കണം..


Friday, June 1, 2012

സ്നേഹാക്ഷരങ്ങളാലൊരു പ്രണയാജ്ഞലി...





പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ടെ തറവാട്ടില്‍ നിന്നും സ്വച്ഛന്ദമൊഴുകിതുടങ്ങിയ ആ തെളിനീരുറവയ്ക്ക് സ്വപ്നങ്ങളേറെയായിരുന്നു, പ്രതീക്ഷകളും!പലതലങ്ങളിലൂടെ, കൈവഴികളിലൂടെ ചാഞ്ഞും ചെരിഞ്ഞും ഒഴുകേണ്ടിവന്നപ്പോഴൊക്കെ വശ്യമായ പുഞ്ചിരിയുടെ കുളിര്‍മ്മയ്ക്കടിയില്‍ വികാരപ്രക്ഷുബ്ധമായ മനസ്സുമായവര്‍ സമരസപെട്ട് ഒഴുക്ക് തുടര്‍ന്നത് ഈ നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ സ്വപനലോകത്തിലൂടെയാണ്. സ്നേഹത്തിന്‍റെയും വെറുപ്പിന്‍റെയും ഇരുകരകളേയും പുഞ്ചിരിയോടെ പുണരാന്‍ അവരുടെ ആഴങ്ങളില്‍ ഒഴുകിയിരുന്ന ദിവ്യമായ പ്രണയത്തിന്‍റെ, കറകളഞ്ഞ സ്നേഹത്തിന്‍റെ അടിയൊഴുക്കുകള്‍ മാത്രം മതിയായിരുന്നു.


കമലാസുരയ്യയെന്ന മലയാളികളുടെ പ്രിയപ്പെട്ട മാധവിക്കുട്ടിയ്ക്ക് പ്രണയം മൂടിവെയ്ക്കാനുള്ളതൊന്നായിരുന്നില്ല.അതവരിലെ ആത്മചൈതന്യമായിരുന്നു. സ്നേഹത്തെ ചങ്ങലയ്ക്കിടാന്‍ താനൊരു ഭ്രാന്തിയല്ലെന്ന് ഇരുകരകളില്‍ന്നിന്നും കപടസദാചാരത്തിന്‍റെ വേരുകള്‍ തന്നിലേക്കാഴ്ന്നിറങ്ങി ഹൃദയം പിളര്‍ക്കുമ്പോഴും മാസ്മരികമായ അക്ഷര നൈപുണ്യത്തിലൂടെ അവര്‍ സധൈര്യം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പ്രണയം അതീവസുന്ദരമാണെന്നും സൌന്ദര്യമാണ് പ്രണയമെന്നും താനിപ്പോഴും പ്രണയിക്കുന്നുവെന്നും ഏറെ ഒഴുകിയതിനു ശേഷം തന്‍റെ അറുപതിയഞ്ചാം വയസ്സിലും വിളിച്ചു പറഞ്ഞ് ശരീരമാനത്തേക്കാള്‍ ഒന്നും ഒളിച്ചുവെയ്ക്കാതെ മനസ്സിന്‍റെ മാനം കാത്തവരാണവര്‍.അതുകൊണ്ട്തന്നെയാവാം തന്‍റെ ഓരോ രചനകള്‍ക്കും കിട്ടിയ കൂര്‍ത്തകല്ലുകളെ നിശബ്ദം എറ്റുവാങ്ങി പിന്നേയും പിന്നേയും വികാരങ്ങളെ, വിചാരങ്ങളെ അക്ഷരങ്ങളാല്‍ അനശ്വരമാക്കി വെള്ളാരം കല്ലുകളാക്കി എറിഞ്ഞവര്‍ക്ക് തിരിച്ചു സമ്മാനിക്കാന്‍ അവര്‍ക്കായതും.


സ്നേഹമില്ലാതെ കവിതയില്ലെന്നും സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖിരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണെന്നും ആ വലിയ എഴുത്തുകാരി പരിതപിക്കുമ്പോള്‍ സ്നേഹം വിറ്റും കാശാക്കുന്ന നമുക്ക് മനസ്സിലാവാതെ പോയത് അവരിലെ വറ്റാത്ത സ്നേഹമായിരുന്നില്ലേ. ഒരു കുട്ടിക്കാലം മുഴുവന്‍ അവളില്‍ സ്നേഹവാത്സല്യങ്ങള്‍ നിറച്ചുവെച്ച് ഒഴുകിയകന്ന നാലപ്പാട്ടെ മുത്തശ്ശിയുടെ പ്രിയപ്പെട്ട ആമിക്ക് നിറഞ്ഞ് സ്നേഹിക്കാനല്ലേ ആവുമായിരുന്നുള്ളൂ. സ്വപ്നങ്ങളുടെ അനന്തതയിലേക്ക് നിരന്തരം വെള്ളം തെറിപ്പിച്ച്, ആഞ്ഞുപുണരാനായി അവരൊഴുകുമ്പോഴും യാഥാര്‍ത്ഥ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങി നല്ലൊരു കുടുംബിനിയായ്, അമ്മയായ് സ്നേഹത്താല്‍, വാത്സല്യത്താല്‍ ചേര്‍ന്നൊഴുകാനും മാധവിക്കുട്ടിയിലെ സ്ത്രീ മറന്നില്ല.


ലൈഗികതയുടെ ചില സഭ്യമായ തുറന്നെഴുത്തുകള്‍ വായനക്കാരന്‍റെ നെറ്റിചുളിക്കുമ്പോഴും, മാന്യതയുടെ അരുതായ്മകള്‍ ആര്‍ത്തിരമ്പുമ്പോഴും കമലാസുരയ്യയെന്ന അനുഗ്രഹീത എഴുത്തുകാരിയെ കാമാര്‍ത്ഥയെന്ന് വിളിച്ചാക്ഷേപിക്കാന്‍ സമൂഹത്തിനാവാതെ പോയത് അവരുടെ നേരെഴുത്തെന്ന നിഷ്കളങ്ക വ്യക്തിത്വമൊന്നുകൊണ്ട് മാത്രമായിരുന്നു. ഒന്നൊളിഞ്ഞു നോക്കിയാല്‍ സമൂഹം മനസ്സിലൊളിപ്പിച്ച വിചാര വികാരങ്ങള്‍ തന്നെയായിരുന്നു അവരക്ഷരങ്ങളിലൂടെ ഉറക്കെ പറഞ്ഞത്. മലയാള സാഹിത്യത്തില്‍ അധികമാരും കാണിക്കാത്ത ധീരത.


ഏറെ പ്രിയപ്പെട്ട നാലപ്പാട്ട് തറവാട്ടില്‍ നിന്നും മഹാനഗരത്തിന്‍റെ വന്യതയിലേക്ക് പറിച്ചുനടപെട്ടപ്പോഴും നാഗരികജീവിതത്തിന്‍റെ അനന്തവിശാലതയില്‍നിന്നും ഏറെ പഠിച്ചപ്പോഴും ഗ്രാമത്തിന്‍റെ പച്ചപ്പ് മരണം വരെ മനസ്സില്‍ നനച്ചുവളര്‍ത്തിയവരാണവര്‍. ജീവിതാനുഭവങ്ങളുടെ തീഷ്ണതയില്‍ നിന്നുകൊണ്ട് മാധവിക്കുട്ടി, കമലാദാസ് എന്നീ വ്യത്യസ്ത പേരുകളില്‍ രണ്ട് ഭാഷകളിലും ഒരുപോലെയെഴുതി വായനക്കാരിലേക്കിറങ്ങിചെന്നു ആ അനശ്വര കലാകാരി. മലയാളസാഹിത്യത്തിന്‍റെ യാഥാസ്ഥിതിക എഴുത്തില്‍നിന്നും വഴിമാറിനടക്കാന്‍ തുടക്കമിട്ടവരില്‍ പ്രമുഖയാണ് കമലാസുരയ്യ. വേറിട്ടൊരു വ്യക്തിത്വമായിരുന്നവരുടെ പ്രത്യേകത, ജീവിതത്തിലും എഴുത്തിലും ഒരേ വ്യക്തിത്വം കാത്തുസൂക്ഷിച്ചവള്‍. വിചാരങ്ങള്‍ക്ക് അക്ഷരരൂപമേകിയവള്‍. സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഇഴചേര്‍ത്ത് മലയാളിയെ വിരുന്നൂട്ടിയവള്‍.


തന്‍റെ സ്വപ്നങ്ങളും ജീവിതവും ഇരുദിശകളിലേക്കൊഴുകുന്നതിന്‍റെ നിരാശയും ആശങ്കയും മാധവിക്കുട്ടിയുടെ കൃതികളില്‍ കാണാമായിരുന്നു. എങ്കിലും താന്‍ സ്വപ്നലോകത്തുണ്ടാക്കിയ സങ്കൽപ്പകൊട്ടാരം അക്ഷരജാലകങ്ങളിലൂടെ നമുക്കവര്‍ തുറന്നു തന്നു.ജീവിതത്തിന്‍റെ നേര്‍കാഴ്ച്ചകള്‍ക്കൊപ്പം. നീര്‍മാതളവും നീലാംബരിയും നേരില്‍ കാണാത്തവര്‍ക്കും വായനയിലൂടെ അതിന്‍റെ സുഗന്ധവും മാധുര്യവും കുളിര്‍മ്മയും അനുഭവേദ്യമാക്കാന്‍ പ്രാപ്തമായിരുന്നു അവരുടെ വാഗ്ജാലം.


ഒരു നീരൊഴുക്കില്‍ നിന്നും അനുഭവങ്ങളുടെ, സ്വപ്നങ്ങളുടെ നഷ്ടപ്രണയങ്ങളുടെ, ജീവിതസമസ്യകളുടെ ഭൂമികയിലൂടെ കമലാസുരയ്യ എന്ന പ്രശസ്ത എഴുത്തുകാരി പരന്നൊഴുകി ഒരു സാഗരമായി പന്തലിക്കുകയായിരുന്നു, പലപേരുകളില്‍, പലഭാഷകളില്‍. മലയാള സാഹിത്യലോകത്ത് അവരാല്‍ സൃഷ്ടിക്കപ്പെട്ട തെളിനീരുറവ;അതൊഴുകികൊണ്ടേയിരിക്കും, കാലാന്തരങ്ങളിലൂടെ. സ്വപ്നങ്ങള്‍ക്കൊരു മലയാളഭാഷയുണ്ടാക്കിതന്ന, പ്രണയം പ്രണയിക്കാനുള്ളതെന്ന് ജീവിച്ചുകാണിച്ചു തന്ന പ്രിയഎഴുത്തുകാരിക്ക് സ്നേഹമനസ്സുകളെങ്ങിനെ ചിതയൊരുക്കും..