Monday, November 26, 2012

ഉണരുക..ഉണരുക..

ഇലയനക്കങ്ങള്‍ക്കേകാതെ എന്‍റെ
സ്വപ്നങ്ങള്‍ക്ക് കാവലിരിക്കാന്‍,
പുലരും മുന്‍പേ ഉണര്‍ന്ന് പുലരിയെ
വിളിച്ചുണര്‍ത്തും പുണ്യമാവാന്‍,
ഉണരുക പ്രിയ സഖീ, ഒരിക്കലും
ഉണരാത്തൊരീ ഉറക്കം വെടിഞ്ഞ്..

കാണാത്ത കാഴ്ചകള്‍ തേടി

നിശബ്ദയീണങ്ങള്‍ക്ക് കതോര്‍ത്ത്
സ്വപ്ന പെയ്യലില്‍ കൂടെ നനഞ്ഞ്
മോഹഭംഗങ്ങളില്‍ ചേര്‍ന്നിരുന്ന്
ജീവിതത്താളമെനിക്ക് തിരികെയേകാന്‍
ഇമകളിങ്ങിനെ ഇറുകെയടക്കാതെ
ഉണരുക സഖീ, ഒരിക്കലും
ഉണരാത്തൊരീ ഉറക്കം വെടിഞ്ഞ്..


ശിശിരത്തില് ഇലകള്‍പൊഴിക്കാന്‍
വസന്തത്തില്‍ പൂത്ത് തളിര്‍ക്കാന്‍
ഗ്രീഷ്മത്തില്‍ ദാഹജലം തേടി
എന്നിലാഴ്ന്നാഴ്ന്നിറങ്ങാന്‍,
വേരുകള് നിന്‍ ഹൃദയത്തിലൂന്നി
എന്നാത്മാവില് പടര്‍ന്ന്പന്തലിച്ച
ജീവിതം കരിയാതെ കാക്കുവാന്‍

ഉണരുക സഖീ, ഒരിക്കലും
ഉണരാത്തൊരീ ഉറക്കം വെടിഞ്ഞ്..

നിഴലുകള്‍ ഇഴപിരിഞ്ഞ നരച്ച
പകലറുതികളില്‍ സന്ധ്യാദീപമാവാന്‍
എന്‍റെ മോഹങ്ങളെ കിനാവുകാണാന്‍ 
എന്‍റെ കിനാക്കളെ കരളിലേറ്റാന്‍
കരള്‍പകുത്തവനെന്ന് പിന്നെ 
നീ കുസൃതിയാകുവാന്‍
ഉണരുക പ്രിയ സഖീ, ഒരിക്കലും 
ഉണരാത്തൊരീ ഉറക്കം വെടിഞ്ഞ്..

കുത്തഴിഞ്ഞ കൂട്ടിലെ കാമത്തിന്‍ 
കഴുകപ്പടയില്‍ നിന്നും സഖീ നിന്നെ
കാക്കുവാനായില്ലെനിക്കെങ്കിലും
കാത്തുസൂക്ഷിക്കുന്നുണ്ട് കൊത്തി-
നോവിക്കാതിരിക്കുവാനൊരു മന-
-മെന്നില്‍ കൊത്തിവലിക്കപ്പെടാത്ത
നിന്നാത്മാവിനെ കാത്തിപ്പോഴും..

ഉണരുക പ്രിയസഖീ,ഭീരുവല്ലെന്നുറക്കെ
പറയുവാന്‍,കൊത്തിപറിച്ചവര്‍ക്ക് നേരെ
ചൂണ്ടുവിരലുയര്‍ത്തുവാന്‍,, ഉയര്‍ത്തിയ 
വിരലിനാല്‍ ചോദ്യങ്ങളുതിര്‍ക്കുവാന്‍.
സദാചാര കോലങ്ങളെ ദൃഷ്ടിയാല്‍ കരിക്കുവാന്‍
ഒരിക്കലുമുണരാത്തൊരീ ഉറക്കം നീ ഉണരുക..

Thursday, November 15, 2012

ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍-. , കെ ആര്‍ മീര



ഇന്നലെ രാത്രി ഫേസ്ബുക്കിലെ ‘കഥ’ഗ്രൂപ്പില്‍ അനാമിക, ബിനു, മനോരാജ് എന്നിവരുമായി മീരയുടെ കഥകളെ കുറിച്ച്, പ്രത്യേകിച്ച് ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തതുകൊണ്ടാണെന്ന് തോന്നുന്നു ഞാനുറങ്ങിയിട്ടും മീരയെന്നില്‍ ഉറങ്ങാതിരുന്നത്. 

ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍ വായിക്കണമെന്ന ഉല്‍ക്കടമായ ആഗ്രഹം മനസ്സിലൊന്നുകൂടി തീവ്രമാക്കിയിരുന്നു ആ ചര്‍ച്ച. 


പനികൊണ്ടുവിറച്ചുറങ്ങിയ ഞാന്‍ രാത്രിയുടെ അവസാനയാമങ്ങളില്‍ ഒരു ഉള്‍വിളിപോലെ ഉണര്‍ന്നു.


നാട്ടില്‍ നിന്നും കൂടെ കൊണ്ടുവന്ന മാതൃഭൂമി ഓണം വിശേഷാല്‍ പതിപ്പ് ഓര്‍മ്മവന്നു, അതിലുണ്ടാവാം മീരയുടെ ഏതെങ്കിലുമൊരു കഥ, അത് ചിലപ്പോള്‍ ഇതുതന്നെ ആവാം എന്നൊരു അന്ധമായ തോന്നല്‍ മനസ്സിനെ മദിക്കുകയും ചെയ്യുന്നു. 


നാട്ടില്‍ നിന്നും വന്നതിനു ശേഷം ഒരുപാട് പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടിയിരുന്നതുകൊണ്ട് ഒന്നുമില്ലാത്ത ഒരു ശൂന്യതയിലേക്ക് കാത്തുവെച്ചതായിരുന്നു ഞാനീ ഓണപതിപ്പിനെ, കയ്യകലത്തില്‍ ഒരു ശുഭപ്രതീക്ഷപോലെ..


കൂടെ കിടക്കുന്നവരുണരാതിരിക്കാന്‍ ശബ്ദമുണ്ടാക്കാതെ കട്ടിലില്‍ നിന്നിറങ്ങി മൊബൈല്‍ഫോണിന്‍റെ ഇത്തിരിവെട്ടത്തില്‍ ബുക്ക്ഷെല്‍ഫില്‍ തപ്പി ‘മാതൃഭൂമി’ വലിച്ചെടുക്കുമ്പോഴും ആകാംക്ഷയാലെന്‍റെ ഹൃദയമിടിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു, പനിയുടെ ശക്തികൊണ്ട് തലയുടെ ഭാരം കൂടുന്നതും..



സ്വീകരണമുറിയില്‍ വന്ന് ലൈറ്റിടുമ്പോഴും മനസ്സുപറഞ്ഞുകൊണ്ടിരുന്നു ഇതിലുണ്ടാവും ആ കഥയെന്ന്.അങ്ങിനെയൊരു തോന്നല്‍ ഇത്രയും ശക്തമായെന്നില്‍ എങ്ങിനെയുണ്ടായെന്ന് എനിക്കറിയില്ല. 

ഇതിനുമുന്‍പൊരിക്കലും ഒരു വായനയ്ക്കും ഞാനിത്രയും ആഴത്തിലാഗ്രഹിച്ചിട്ടില്ല. 


പുറം ചട്ടയില്‍ തന്നെ എഴുത്തുകാരുടെ കൂട്ടത്തില്‍ കെ ആര്‍ മീരയുടെ പേരുണ്ട്. പക്ഷേ കഥയേതെന്ന് അറിയാന്‍ ഉള്ളടക്കപേജിലേക്ക് ധൃതിയില്‍ മറിച്ചു. ഇങ്ങിനെയൊരു തോന്നല്‍ എന്നിലുണ്ടാവുന്നതും അത് അതുപോലെ സംഭവിക്കുന്നതും എനിക്കെന്‍റെ ഓര്‍മ്മയില്‍ ആദ്യാനുഭവമാണ്, അതുമിത്ര കൃത്യമായിട്ട്. 


208-മത്തെ പേജില്‍ മീര തന്നെ പറയുന്ന ആ കഥയുടെ ആത്മകഥയോടൊപ്പം ‘ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍...’..!



മനോഹരമായൊരു പ്രണയകഥയാണ് ‘ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍’. സത്യനെന്ന വാടകകൊലയാളിയുടേയും നൂര്‍ എന്ന നൂര്‍ജഹാന്‍റേയും കഥ. 


അതീവസുന്ദരിയായ നൂര്‍, പക്ഷേ അരയ്ക്കുതാഴെ തളര്‍ന്ന് വാടിയ താമരവള്ളികള്‍ പോലെ രണ്ട് ശോഷിച്ച മാംസശകലങ്ങളാല്‍ പൂര്‍ത്തിയാവുന്ന ഉടല്‍.


രണ്ട് ഏകാന്ത തുരുത്തുകളാണ് സത്യനും നൂറും. അവര്‍ക്കിടയിലെ പ്രതീക്ഷകള്‍, പ്രണയം , വിശുദ്ധി , എല്ലാം വിളിച്ചുപറയുന്നുണ്ട് ഈ കഥ. 


“രണ്ടു പരോളുകള്‍ക്കിടയിലെ അനിവാര്യത, തടവ്. രണ്ടു ശരീരങ്ങള്‍ക്കിടയിലെ ജയില്‍ച്ചാട്ടം, രതി.” എന്ന് തുടങ്ങുന്ന കഥയുടെ ആദ്യ ഖണ്ഡികയില്‍ തന്നെ പറയുന്നുണ്ട് “പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ഗേറ്റ് കടന്ന് നൂറിനെ കാണാനുള്ള യാത്ര തുടങ്ങുന്ന നിമിഷം മുതല്‍ സത്യന് ഇത്തരം ഭ്രാന്തുകള്‍ തോന്നും. നൂര്‍ അയാളുടെ രത്നമാണ്. അതു മോഷ്ടിക്കാന്‍ വേണ്ടിയാണ് അയാള്‍ പരോളില്‍ ഇറങ്ങുന്നത്. നൂര്‍ അയാളുടെ സ്വപ്നമാണ്. അതു കണ്ടുറങ്ങാന്‍ വേണ്ടിയാണ് അയാള്‍ ജയിലിലേക്ക് മടങ്ങുന്നത്. നൂര്‍ അയാളുടെ വെല്ലുവിളിയാണ്. അതു നേരിടാന്‍ വേണ്ടിയാണ് അയാള്‍ അവളിലേയ്ക്ക് പുറപ്പെടുന്നത്. എല്ലാത്തിലുമേറെ മറ്റൊരു സത്യമുണ്ട്. നൂര്‍ അയാളുടെ സ്ത്രീയാണ്. അവള്‍ക്കുവേണ്ടിയാണ് അയാള്‍ പുരുഷനായി അവശേഷിക്കുന്നത്.”


സത്യനെന്ന പുരുഷന്‍റെ അഹന്തയായിരുന്ന ഏകാന്തതയാണ് നൂര്‍ തട്ടിതെറിപ്പിച്ചതെന്ന് കഥയുടെ അവസാനം അയാള്‍ മനസ്സിലാക്കുന്നു. വിശുദ്ധമായ പ്രണയത്തിന്‍റെ ഒരു കഥനം. 


ആഖ്യാന മികവാണ് കഥാവിഷയത്തേക്കാള്‍ ആകര്‍ഷിച്ചത്.


ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍ എന്ന കഥയെഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ചുള്ള എഴുത്തുകാരിയുടെ വാക്കുകളും അതിവഹൃദ്യമായി തോന്നി.

സുഹൃത്തുമൊന്നിച്ച് ചെഷയര്‍ഹോമില്‍ വെച്ചു പരിചയപ്പെട്ട വികലാംഗയായ പെണ്‍കുട്ടിയുമായുണ്ടായ സൌഹൃദവും വായിക്കാന്‍ പുസ്തകങ്ങളെത്തിച്ചു കൊടുത്തിരുന്നതും, അവസാനം ആ കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞതും പറഞ്ഞുകൊടുത്ത ഭര്‍ത്താവിന്‍റെ വാക്കുകള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഈ കഥയ്ക്ക് നിമിത്തമായത്. പിന്നീടത് ഭര്‍ത്താവിന്‍റെ കഥയില്‍ നിന്നും എഴുത്തുകാരിയുടെ സ്വന്തംകഥയായി രൂപാന്തരം പ്രാപിച്ചത്.. 


അതില്‍ കഥാകൃത്ത് പറയുന്നു “കഥയിലെപോലെ ഹൃദയമുരുകി ഞാന്‍ അതിനുമുമ്പൊരിക്കലും പ്രണയിച്ചിട്ടില്ല. ആ തീവ്രാനുഭവം ഒരിക്കല്‍ക്കൂടി ഏറ്റെടുക്കാന്‍ അധൈര്യപ്പെട്ട് അതുപോലെ മറ്റൊന്നെഴുതാന്‍ താന്‍ പിന്നീടൊരിക്കലും അഭിലഷിച്ചിട്ടുമില്ല.” എന്ന്. മീരയുടെ കാഴ്ചപ്പാടില്‍ ഈ കഥ അവരെഴുതിയതില്‍ പരമാവധി കുറ്റമറ്റ ഒന്നാണത്രെ. പിന്നീട് വായിച്ചപ്പോഴൊക്കെ ഇത് താനെഴുതിയതാണെന്ന് മറന്നുപോയി എന്നാണവര്‍ പറഞ്ഞിരിക്കുന്നത്.

രാത്രിയുടെ നിശബ്ദയാമത്തില്‍ പ്രത്യേകമായൊരു മാനസീകവസ്ഥയില്‍ ഞാന്‍ മീരയെ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്നില്‍ പ്രണയത്തിനായിരം ഭാവങ്ങള്‍ വിരിയുകയായിരുന്നു. ജീവിതത്തോട്, അക്ഷരങ്ങളോട്, എഴുത്തുകാരോട്, സാഹചര്യങ്ങളോട്, ഇതെല്ലാം ഒരുക്കിതന്ന ദൈവത്തോട് പ്രണയം പടര്‍ന്നു പന്തലിക്കവേയാണ് ഭര്‍ത്താവ് തെല്ലമ്പരപ്പോടെ എഴുന്നേറ്റ് വന്ന് എന്തുപറ്റി , സുഖല്ല്യേന്ന് ചോദിച്ചത്. ഒന്നുമില്ല, ഉറക്കം വന്നില്ല, എന്തെങ്കിലും വായിക്കാമെന്ന് കരുതിയെന്ന എന്‍റെ മറുപടിയ്ക്ക് പലതരം ഭ്രാന്ത് കണ്ടിട്ടുണ്ട്, ഇങ്ങിനെയൊന്ന്.... എന്ന് അര്‍ദ്ധോക്തിയില്‍ നിര്‍ത്തി ചിരിച്ചുകൊണ്ട് തിരിഞ്ഞു നടക്കുന്ന ഭര്‍ത്താവിന്‍റെ പ്രതികരണം എന്നില്‍ മറ്റൊരു പ്രണയഭാവം നിറച്ചു. 


അങ്ങിനെയല്ലായിരുന്നു അദ്ദേഹത്തിന്‍റെ ആ പ്രതികരണമെങ്കില്‍ എന്‍റെ അപ്പോഴത്തെ നിറവിന്‍റെ, മാനസീകവസ്ഥയുടെ പരിണാമം എന്താകുമായിരുന്നു എന്ന് ഇന്ന് പലവട്ടം ഞാന്‍ ചിന്തിച്ചു..


 ദൈവത്തെ ഇപ്പോള്‍ ഞാനൊന്നുകൂടി ആഴത്തില്‍ പ്രണയിക്കുന്നു..

------------------------------------------------------------------------------------------------

മീരയെ കൂടുതല്‍ വായിക്കാമിവിടെ അനാമികയുടെ ബ്ലോഗില്‍...
http://anamikasshadows.blogspot.com/2012/11/blog-post_3946.html