Tuesday, January 29, 2013

പിറവി


പരപരാ വെളുക്കുന്നതിനു മുന്‍പേ മൂഷികത്തെരുവിലൂടെ പതിവു സവാരിക്കിറങ്ങിയ അവന്‍റെ ദൃഷ്ടിയില്‍ ഓടയ്ക്കരികില്‍ കിടക്കുന്ന ആ തകിട് കുരുങ്ങാന്‍ അത്ര സൂക്ഷ്മക്കാഴ്ച്ചയുടെ ആവശ്യമൊന്നുമില്ലായിരുന്നു. ഇരുട്ടിന്‍റെ ശതകോടി കണികകളെ വലിച്ചുകീറി  നേത്രപടലത്തിലേക്ക് തുളഞ്ഞുകയറുകയായിരുന്നുവത്. പുലര്‍ക്കാല തണുപ്പില്‍ ചുരുണ്ടുകൂടിയ വാല്‍ കുടഞ്ഞ് നിവര്‍ത്തി  തകിട് കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കാന്‍ തുടങ്ങുമ്പോഴാണ് അതിലെഴുതിയിരിക്കുന്ന ദൈവിക വചനങ്ങളില്‍ കണ്ണുടക്കിയത്..


“അല്ലയോ എലികുമാരാ, നിന്‍റെ ഭക്തിയില്‍ ഞാന്‍ സമ്പ്രീതനായിരിക്കുന്നു. ആഗ്രഹപ്രകാരം നിനക്കിതാ മനുഷ്യജന്മമേകുന്നു. ഈ തകിടില്‍ നിന്‍റെ നഖങ്ങളാലുരസിയാല്‍ നീയാഗ്രഹിക്കുന്ന സ്ത്രീയുടെ ഗര്‍ഭപാത്രത്തിലേക്കൊരു ഭ്രൂണമായ് നിനക്ക് പ്രവേശിക്കാം. അച്ഛനമ്മമാരുടെ തിരഞ്ഞെടുപ്പിനായ് നിനക്കവരുടെ മനസ്സ് വായിക്കാം, ചിന്തകള്‍ തൊട്ടറിയാം, അദൃശ്യനായി അവര്‍ക്കിടയില്‍ ജീവിക്കാം. ഓര്‍ക്കുക നരജന്മം പ്രാപിച്ചാല്‍ ആയുസ്സൊടുങ്ങുംവരെ മനുഷ്യനായി തന്നെ  ജീവിക്കണം. തകിടില്‍ ഉരസുന്നതുവരെ ചിന്തിക്കാം.”



ജന്മമോഹമാണീ  തകിടിലൂടെ സഫലമാകുന്നത്. മുടക്കാത്ത പ്രാര്‍ത്ഥനകളുടേയും വ്രതങ്ങളുടേയും ഫലപ്രാപ്തി.  മൂഷികസമൂഹത്തിന്‍റെ  പരിഹാസങ്ങളെ തൃണവല്‍ക്കരിച്ചുകൊണ്ട്  പ്രാര്‍ത്ഥനയും ജപവുമായി കഴിഞ്ഞത് മനുഷ്യജന്മം  അത്രമാത്രം മോഹിച്ചതൊന്നുകൊണ്ടു  മാത്രമാണ്.മനുഷ്യരുടെ ആഢംബരവും സുഖലോലുപതയും കണ്ട് മതിമറന്ന് ഒരു ദിവസമെങ്കിലും അവരെ പോലെ ആരെയും പേടിക്കാതെ, വല്ലവരുടേയും കലവറകളിലും ഓടകളിലും വായുസഞ്ചാരമില്ലാത്ത പോടുകളിലും ജീവിക്കാതെ , രാത്രിയുടെ മറപറ്റി വല്ലതും കട്ടുതിന്ന് വിശപ്പടക്കാതെ മനുഷ്യനായി  ജീവിക്കുക എന്നത് വലിയൊരു സ്വപ്നമായിരുന്നു. ഇപ്പോഴിതാ ഒരു ദിവസമല്ല, ഒരു മനുഷ്യ ജന്മം മുഴുവന്‍....  



നഗരത്തിലെ ആഢംബരത്തിന്‍റെ ആര്‍ഭാടമായ ഡ്രീംലാന്‍റിലെ  ചെറുപ്പക്കാരായആ ദമ്പതികളുടെ ജീവിതം കണ്ട് അവനൊരുപാട് മോഹിച്ചിട്ടുള്ളതാണ്. ഒട്ടും സമയം കളയാതെ ഫ്ളാറ്റിലെത്തി തകിടിലുരയ്ക്കണം. മാനം മുട്ടി നില്‍ക്കുന്ന  കെട്ടിടത്തിനെ തൊട്ട് പൂത്തുലഞ്ഞ് നില്‍ക്കുന്ന പാരിജാതത്തിന്‍റെ ചില്ലകളിലൂടെ  മൂന്നാം നിലയിലെ മുന്നീറ്റിനാലാം ഫ്ളാറ്റ് ജാലകത്തിലൂടെ അകത്തുകയറി. 



ചെന്നുവീണത് അടുക്കളയില്‍ സൂക്ഷിച്ചിരുന്ന  വലിയൊരു കടുക് ഭരണിയില്‍. ഭരണി മറിഞ്ഞ് കടുകുമണികള്‍ നാലുപാടും ചിതറി. ശബ്ദംകേട്ട് ആദ്യം ഓടിയെത്തിയത് സുന്ദരിയായ സ്ത്രീയാണ്. പുറകില്‍ ആ ചെറുപ്പക്കാരനും.  എലിക്കുട്ടന്‍  അവളുടെ ഭാവം കണ്ട് ഞെട്ടിത്തരിച്ചു. ക്രുദ്ധയായ അവര്‍ ഭര്‍ത്താവിനു നേരെ അടുക്കളയിലുള്ളവ ഓരോന്നായി വലിച്ചെറിയുന്നു. 


“എന്തിന് നിങ്ങളിത്ര ക്രൂരനാവുന്നു”

വൈഷ്ണവീ ഞാന്‍ നിന്നോടൊപ്പമായിരുന്നില്ലേവിടെ  വന്നതേയില്ലല്ലൊ

ഭാര്യയുടെ കുറ്റപ്പെടുത്തലുകള്‍ തുടരുകയാണ്. 

“എനിക്കറിയാം, നിങ്ങളെപോലൊരു പുരുഷനേ ഇത് ചെയ്യൂ

യാള്‍ തെല്ലു നേരം നിശബ്ദനായി, പിന്നെ  തിരിഞ്ഞു നടന്നു. 

ഴിഞ്ഞു കിടക്കുന്ന മുടി വാരിക്കെട്ടി കുനിഞ്ഞിരുന്ന് വിതുമ്പികൊണ്ട് ടുകുണിളോരോന്നായി അരുയോടെ കൈവെള്ളയില്‍ സ്വരുകൂട്ടുന്ന ആ സ്ത്രീയുടെ, ന്‍റെ അമ്മയുടെ മനസ്സറിയാനായി എലിക്കുട്ടന് തിടുക്കം. 


ആ മനസ്സിലവന്, ചുറ്റും ചിതകളെരിയുന്ന ശ്മശാനത്തിനു നടുവിലകപ്പെട്ടതുപോലെ വല്ലാത്ത ചൂടും വേവുമനുഭവപ്പെട്ടു. പൊള്ളിക്കുന്ന മനസ്സാഴങ്ങളില്‍ നിന്നും കണ്ടെടുത്ത ചിന്തകളില്‍ കനലെരിയുന്നു. പൊള്ളിയടര്‍ന്ന വേദനയോടെയവന്‍ തിരികെയിറങ്ങി.


അച്ഛനെ തിരിക്കി ചെന്നപ്പോള്‍ കിടപ്പുമുറിയോട് ചേര്‍ന്ന  നിലാമുറ്റത്ത് ചാരുസേയില്‍ കിടന്നെന്തോ ഗാചിന്തയിലാണയാള്‍.


ആ ചിന്തകളിലേക്ക് റിവന്‍ പരതാന്‍ തുടങ്ങി. മുളച്ചു പൊങ്ങിയ കരിമ്പനപൊങ്ങ് പോലെ മരവിച്ചിരിക്കുകയാണാ മനം.

കാലവര്‍ഷമാനം പോലെ വിഷാദം മൂടിക്കെട്ടിയ മനസ്സില്‍നിന്നും ചിന്തകളെ വായിച്ചെടുത്തു. 



പ്രണയ സാഫല്യമായി വിവാഹം, സ്വപ്നങ്ങളുടെ ഗരിമ ഇരുമനസ്സുകളിലുമേറുകയായിരുന്നു. ഏകമനത്തോടെയുള്ള വഴിയാത്രയില്‍ എവിടെവെച്ചാണ്  ഇരുധ്രുവങ്ങളിലേക്ക് വഴിമാറി നടക്കാന്‍ തുടങ്ങിയത്? ഓരോ ചുവടിലും ചേര്‍ത്തണച്ചിട്ടേയുള്ളൂ താനവളെ. പക്ഷേ തന്‍റെ ഹൃദയമിടിപ്പുകളെ വൈര്യത്തോടെ കേള്‍ക്കാന്‍  തുടങ്ങിയ വൈഷ്ണുവിലെ മാറ്റം ഹൃദയമിടിപ്പ് നിലക്കാന്‍ പര്യാപ്തമായിരുന്നു. വീട്ടില്‍ വിരുന്നുകാര്‍ വരുന്നതിലുള്ള എതിര്‍പ്പ്, കിടപ്പറയിലെ പോലും അവളുടെ നിസ്സഹകരണം, അവളുടെതന്നെ സ്വപ്നമായിരുന്ന കുഞ്ഞ്..എല്ലാമെല്ലാം ഓരോന്നായാവള്‍ തച്ചുടയ്ക്കാന്‍ തുടങ്ങിയപ്പോള്‍ കാരണമറിയാതെ പകച്ചുനില്‍ക്കാനേ കഴിഞ്ഞുള്ളൂ. 


വൈഷ്ണവിയുടെ കടുകിനോടുള്ള ഭ്രമം, അതിന്‍റെ വ്യാപ്തി തൊട്ടറിഞ്ഞതും അക്കാലത്താണ്. ആഴ്ച്ചവട്ട പലവ്യജ്ഞന ലിസിറ്റില്‍ കടുകിന്‍റെ അളവ് ഗ്രാമില്‍ നിന്നും കിലോഗ്രാമിലേക്ക് മാറിയത് കടക്കാരനെ  അമ്പരിപ്പിച്ചപ്പോഴാണ് അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതും അടുക്കളയിലെ അവളെ സാകൂതം വീക്ഷിക്കാന്‍ തുടങ്ങിയതും. 


പാന്‍ നിറയെ എണ്ണയൊഴിച്ച് കത്തിക്കാതെ, കടുകതിലേക്ക് കമിഴ്ത്തി പൊട്ടിത്തെറിക്കാത്ത കടുക്മണികളെ നോക്കി തേങ്ങിക്കരയുകയും, ചിലപ്പോള്‍ തീയാളിക്കത്തിച്ച് നിറയെ കടുകിട്ട് ചറപറാ പൊട്ടുന്ന കടുകിലേക്ക് കൈകള്‍ നീട്ടി പൊള്ളിച്ച് പൊട്ടിച്ചിരിക്കുകയും ആളിക്കത്തുന്ന തീ കെടുത്തി, വെള്ളമെടുത്ത് എണ്ണയിലേക്ക് കമിഴ്ത്തി നിസ്സംഗയായ്നോക്കിനില്‍ക്കുകയും ചെയ്യുന്ന വൈഷ്ണു.

മാനസീകരോഗിയെന്ന തോന്നല്‍ അവളെ വേദനിപ്പിക്കാതിരിക്ക്യാനാണ് ഒറ്റയ്ക്ക് പോയി ഡോക്ടറുടെ ഉപദേശം തേടിയത്. മനസ്സ് അസ്വസ്ഥമാക്കുന്നതിനെ ഒഴിവാക്കുക എന്ന് പറഞ്ഞപ്പോള്‍ അത് കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് അവള്‍ ആവശ്യപ്പെട്ടത്..


“ജയേട്ടാ, നമുക്ക് ആള്‍ത്താമസമില്ലാത്ത കടുക്പാടങ്ങള്‍ക്ക് നടുവില്‍ കുടില്‍ക്കെട്ടി താമസമാക്കാം.”


"അവിടെ  നമുക്ക് ജനിക്കുന്ന പെണ്മക്കള്‍ കടുക് വിത്തുകളുടെ പൊട്ടിത്തെറികള്‍ക്ക് നടുവില്‍ സുരക്ഷിതരായിരിക്കും. ആണ്മക്കള്‍ കാമവെറിയുടെ ദ്രംഷ്ടയുള്ളവരാവില്ല.” 


"സ്വാര്‍ത്ഥത തീണ്ടാത്ത വയല്‍ക്കാറ്റവരുടെ ചേതനയുണര്‍ത്തും.   പൂത്തുലഞ്ഞ കടുക്പാടങ്ങളുടെ നറുസുഗന്ധമവര്‍ക്ക് ജീവചോദനമേകും.”



രൗദ്രതയോടട്ടഹസിക്കുന്ന നവലോക വൃത്താന്തങ്ങളാണവളെ ചകിതയാക്കുന്നതെന്ന് താന്‍ തിരിച്ചറിയവേ, ആ വിടര്‍ന്ന മിഴികളില്‍ നിഴലിച്ച ഇച്ഛാഭംഗത്തോടെ അവള്‍ തുടര്‍ന്നു;


"കടുക്മണികളുടെ വിധിയുമായാണേട്ടാ ഓരോ സ്ത്രീജന്മവും.നറുമണമോലും സൌന്ദര്യത്താല്‍   ഏവരേയുമാകര്‍ഷിച്ച്  ഒരുപാട് പ്രതീക്ഷകളോടെ വര്‍ണ്ണാഭമായ് പൂത്തുലയുന്നു .

പിന്നീടെപ്പോഴോ വിത്തായ് പൊട്ടിച്ചിതറി ഒട്ടും പ്രതീക്ഷിക്കാത്തൊരടുക്കളയിലേക്ക്!
അനിശ്ചിതത്വത്തിന്‍റെ പുകച്ചുരുകള്‍ക്കിടയില്‍ കരിപിടിച്ചൊരു ജാറിലെ കാത്തുകിടപ്പ്.
ലഭിക്കുന്ന എണ്ണച്ചൂടനുസരിച്ച് പ്രതികരിക്കാനാവാത്തവളുടെ കണ്ണുനീരോടെ മറ്റുള്ളവര്‍ക്ക് വേണ്ടി പൊട്ടിത്തെറിക്കേണ്ടിവരാം, നനഞ്ഞുകുതിര്‍ന്ന് നിശബ്ദയാവേണ്ടി വരാം. മറ്റുചിലപ്പോള്‍പച്ചയ്ക്ക് തൊലിയുരിക്കപ്പെട്ടേക്കാം.
പ്രതികരിക്കാനാവാത്തവളുടെ കണ്ണീരോടെ എരിഞ്ഞടങ്ങുന്ന ജന്മങ്ങള്‍”

പ്രായോഗികമാല്ലാത്തതെന്ന് തീര്‍ച്ചയുണ്ടായിട്ടും നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകള്‍ നോക്കി നമുക്കാലോചിക്കാം വൈഷ്ണു എന്ന് പറയാനാണ് തോന്നിയത്. ഡോക്ടര്‍ കുറച്ചുനാള്‍ അങ്ങിനെയൊരിടത്തേക്ക് മാറി നില്‍ക്കാനുപദേശിച്ചെങ്കിലും എങ്ങിനെ എന്ന ചോദ്യം  ജീവിതം തൂങ്ങിയാടുന്ന കൊളുത്തായ് ഇപ്പോഴും മുന്നിലുണ്ട്.

ആള്‍ത്താമസം കുറഞ്ഞ കുഗ്രാമത്തിലെ ഏക്കര്‍ക്കണക്കിന് വ്യാപിച്ചുകിടക്കുന്ന കടുക്പാടത്തിനു നടുവിലുണ്ടാക്കിയ കൊച്ചുവീട്ടിലെ താമസത്തില്‍ ഇന്ന് അവരോടൊപ്പം എലിക്കുട്ടനും ആഹ്ലാദവാനാണ്.  

പാസ് വേര്‍ഡും അക്കൌണ്ട്നമ്പറുമില്ലാത്ത കൃഷിജീവിതം വൈഷ്ണവിക്കൊപ്പം അയാളുമേറെ ഇഷ്ടപ്പെട്ടു കഴിഞ്ഞു.

കയ്യിലെ ലോഹത്തകിട് അബദ്ധവശാല്‍ ഉരസി പോവുമോ എന്ന ഭയത്താല്‍ കടുക് ചെടികള്‍ക്ക് ഇടയിലേക്ക് വലിച്ചെറിയുമ്പോള്‍ എലിക്കുട്ടന്‍ ചെടികള്‍ക്ക് നോവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു... 









Sunday, January 20, 2013

ആരാച്ചാര്‍ , കെ ആര്‍ മീര




പ്രസാധകര്‍ : ഡി സി ബുക്ക്സ് 
വില: 250 രൂപ


മരണമൊഴുകുന്ന വഴിയോരത്ത്  മരണം പുകയുന്ന തീരത്താണ് അവരുടെ കൂര; മരണമണമുള്ള മരണദൂതരുടെ. രാപ്പകലില്ലാതെ മരണകുളമ്പടികളാല്‍ മുഖരിതമാണവിടം. വെന്തമാംസങ്ങളുടെ മരണമണം  നിറഞ്ഞ അന്തരീക്ഷം അന്ത്യയാത്രയുടെ  അനിശ്ചിതത്വം പോലെ ചിതയില്‍നിന്നുയരുന്ന പുകപടലങ്ങളാല്‍ ആവൃതമാണ്.

കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ പറയുന്നത്, പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ  ഒരു ആരാച്ചാര്‍ കുടുംബത്തിന്‍റെ കഥയാണ്. തലമുറകളിലൂടെ കൈമാറപ്പെട്ട, നീതിനിര്‍വ്വഹണത്തിനു വേണ്ടി ഭരണകൂടത്തിന്‍റെ ആജ്ഞാനുവര്‍ത്തിയായി വധശിക്ഷനടപ്പാക്കുക എന്ന തൊഴില്‍ മഹത്വവല്‍ക്കരിപ്പെട്ടതെന്ന് സ്വയം നിനച്ച് വശായ പിതാമഹന്മാരിലൂടെ കാലം ആ കൃത്യം  ഇങ്ങേ കണ്ണിയായ ചേതനഗൃദ്ധാമല്ലിക്കിലെത്തിച്ച് ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാര്‍ എന്ന പദവിയിലെത്തിക്കുന്നതും ദരിദ്രമായ ഒരു കുടുംബത്തിലെ പെണ്‍കുട്ടിയെന്ന നിലയില്‍ അവളനുഭവിക്കേണ്ടിവരുന്ന പീഢനങ്ങളും തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ മനസ്ഥൈര്യവും അവള്‍ ചവിട്ടുന്ന പടവുകളുടെ കയറ്റിറക്ക താളവുമാണ് നോവലിന്‍റെ ഇതിവൃത്തം.

കൊല്‍ക്കത്തയുടെ പാശ്ചാത്തലത്തില്‍ പറയുന്ന ഈ കഥയിലൂടെ  മീര അവിടുത്തെ ചരിത്രവും തെരുവുകളും ജീവിതരീതികളുമെല്ലാം  വായനക്കാരനെ അനുഭവേദ്യമാക്കുന്നുണ്ട്. നോവല്‍ വായന കഴിയുമ്പോഴേക്ക് കറുത്തവരുടെ ലോകമായ ചിത്പൂരും മരണമൊഴുകുന്ന സ്ട്രാന്‍ഡ് റോഡും മരണചിതകളൊരുക്കി കാത്തിരിക്കുന്ന ഗംഗാതീരത്തെ നീംതലഘാട്ടും സൊനാഗച്ചിയെന്ന ചുവന്നതെരുവും ഹൃദിസ്ഥമാക്കി നാം ആലിപ്പൂര്‍ ജയിലിലും അവിടുത്തെ തൂക്കുമരത്തിനുചുറ്റും ഇനിയുമൊരു നീതിനിര്‍വ്വഹണത്തിന്‍റെ ഇരയെ പ്രതീക്ഷിച്ച് കറങ്ങിനടക്കുന്നുണ്ടാവും. അത്രകണ്ട് ആരച്ചാരുടെ തൊഴിലിനോടും വധശിക്ഷയോടും മരണത്തിനോടും തൂക്കുകയറിനോടും കുടുക്കിനോടുമെല്ലാം താരതമ്യം പ്രാപിച്ചു കഴീഞ്ഞിരിക്കും നാം.നിത്യസത്യമായ  മരണമെന്ന വാക്ക് കേട്ടാല്‍ മനസ്സില്‍ പൊട്ടിപ്പൊട്ടി ചിരിക്കണമെന്ന ഥാക്കുമായുടെ ഉപദേശം ഉള്ളില്‍ തികട്ടിവന്നുകൊണ്ടിരിക്കും.


ഇരുപത്തിരണ്ടുകാരിയായ ചേതനയുടെ കഥയാണിത്. അതുകൊണ്ടുതന്നെ  സ്വാതന്ത്ര്യഭാരത്തിനും മുന്‍പേ ആരാച്ചാര്‍ തൊഴില്‍ തുടങ്ങി, 450 കുറ്റവാളികളെ ഇതിനകം തൂക്കിലേറ്റിയ അവളുടെ ബാബ ഫണിഭൂഷന്‍ ഗൃദ്ധാമല്ലിക്കിന്‍റേയും  ഒരുപാട് തലമുറകളുടെ ചരിത്രങ്ങള്‍ ഓര്‍മ്മകളില്‍ ചിട്ടയോടെ അടുക്കിവെച്ചിരിക്കുന്ന, ആരാച്ചാര്‍ കുടുംബത്തിലെ പെണ്ണുങ്ങള്‍ ഉറച്ച മനസ്സുള്ളവരായിരിക്കണമെന്നും പെണ്ണുചിരിക്കുന്ന വീട് നശിക്കുമെന്നും വിശ്വസിക്കുന്ന, മരണമെന്ന് കേട്ടാല്‍ മനസ്സിലുറക്കെ ചിരിക്കണം, അത് ചത്തതായാലും കൊന്നതായാലും എന്ന് ഉദ്ബോധിപ്പിക്കുന്ന അവളുടെ ഥാക്കുമായുടെയും രാജ്യവിഭജനത്തിന്‍റെ കത്തുന്ന ഓര്‍മ്മകളില്‍ സ്വജീവിതം ഒരുപിടിചാരമായ നിസ്സാഹയതയുടെ എരിയുന്ന ചിത മനസ്സിലേന്തി ജീവിക്കുന്ന മായുടേയും ആരാച്ചാര്‍ കുടുംബത്തിന്‍റെ പേരില്‍ ബലിയാടാക്കപ്പെട്ട സഹോദരന്‍ രാമുദായുടെയും ഒരേസമയം ചേതനയുടെ ആസക്തനും വൈരിയുമായ, കറുത്ത കണ്ണടയ്ക്കുള്ളില്‍ പച്ചക്കണ്ണുകള്‍ ഒളിപ്പിച്ച് വെച്ച കൌശലക്കാരനായ സഞ്ജീവ്കുമാര്‍ മിത്രയുടേയും  കൊല്ലാനുള്ള പേടി കാരണം ആരാച്ചാര്‍ കുടുംബത്തില്‍ ഒന്നുമല്ലാതായി തീര്‍ന്ന സുഖ്ദേവ് കാക്കുവിന്‍റേയും പിന്നെ ചേതനയ്ക്ക് ചുറ്റുമുള്ള പലരുടേയും കഥയാണ്.അതുപോലെ മുന്‍തലമുറക്കാരുടേയും ചരിത്രസ്മരണകളുടേയും അസംഖ്യം കഥകള്‍ കൂടിയാണിത്.

പത്തും ഇരുപതും തൂക്കികൊലകള്‍ ഭരണകൂടത്തിന്‍റെ ശിക്ഷനടപ്പാക്കലിന്‍റെ ഭാഗമായി ദിനംപ്രതി നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്‍റെ പിന്‍തലമുറക്കാര്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പ്കുത്തിയത് നിയമപരിഷ്ക്കാരങ്ങളുടേയും മാനുഷികപരിഗണനകളുടേയും ഫലമായി വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ്. വര്‍ഷങ്ങള്‍ക്കു ശേഷം എണ്‍പത്തിയെട്ടുകാരനായ ഫണിഭൂഷന് കിട്ടിയ ഇരയാണ് ഒരു  പിഞ്ചുകുഞ്ഞിനെ പിച്ചിചീന്തി കൊലപ്പെടുത്തിയ യതീന്ദ്രനാഥ് ബാനര്‍ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. കിട്ടിയ അവസരം പാഴാക്കാതെ ഗവണ്മെന്‍റിനോട്  വിലപേശി ഇനിയൊരു ആരോഗ്യവാനായ ആണ്‍തരിയില്ലാത്തതുകൊണ്ട് തന്‍റെ മകള്‍ ചേതനയ്ക്ക്  മാസം 75 രൂപ വേതനാടിസ്ഥാനത്തില്‍ ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു അയാള്‍..  തികച്ചും സ്വാര്‍ത്ഥനായ ചാനല്‍ റിപ്പോര്‍ട്ടര്‍ സഞ്ജീവ് മിത്രയുടെ ഇടപെടലുകളും  ഭീഷണികളും ഫണിഭൂഷന്‍റെ വിലപേശകളുമൊക്കെയായി കഥ പുരോഗമിക്കുമ്പോള്‍ ‘ഒരിക്കലെങ്കിലും നിന്നെയെനിക്കനുഭവിക്കണം’ എന്ന് വെല്ലുവിളിച്ച സഞ്ജീവ് മിത്രയ്ക്ക് തന്നെ അച്ഛന്‍ ചേതനയെ കല്ല്യാണമുറപ്പിക്കുന്നു. പെണ്ണുങ്ങള്‍ക്ക് എതിര്‍ക്കാനവകാശമില്ലാത്ത നിത്യസത്യത്തിനു മുന്നില്‍ ചേതന മനസ്സിലൊരായിരം തവണ സഞ്ജീവിനെ തൂക്കിലേറ്റികൊണ്ട് നിശബ്ദയാവുകയാണ്, അയാളുടെ സകല ദുഷ്സ്വഭാവങ്ങളും മനസ്സിലാക്കി കൊണ്ടുതന്നെ. പിന്നീട് പലപ്പോഴും അവളിലെ സ്ത്രീ അവളറിയാതെ അയാളെ ആഗ്രഹിക്കുന്നുണ്ട്, പ്രണയിക്കുന്നുണ്ട്. അപ്പോഴൊക്കെ അയാള്‍ പിടിച്ചു ഞെരുക്കിയ ഇടത്തെ മാറിടം കടുത്തവേദനമറന്ന് പ്രണയാതുരമാവുന്നുണ്ട്.  സാഹചര്യങ്ങളേകിയ മനക്കരുത്തില്‍ ഒരിക്കല്‍ അവളയാളെ തേടി ചെന്ന് ഇതാ,താങ്കള്‍ക്കെന്നെ അനുഭവിക്കാനെന്ന് പറയുമ്പോള്‍ പതറിപോവുന്ന സഞ്ജീവ് മിത്രയെ നോക്കി ചിരിക്കുന്ന ചേതനയുടെ പരിഹാസച്ചിരി അയാളെ ചകിതനാക്കുന്നു, നിഷ്പ്രഭനാക്കുന്നു. 

ഒരു കടുത്ത സ്ത്രീപക്ഷ നോവലായി ‘ആരാച്ചാര്‍‘ വായിക്കുന്നവരെ പഴിചാരാനാവില്ല. സാഹചര്യങ്ങളുടെ തീച്ചൂളയില്‍ വെന്ത് വെന്ത്  ഈയ്യത്തിന്‍റെ ഉള്‍ക്കരുത്ത് നേടുന്ന  ചേതന ഇന്നിന്‍റെ സമൂഹത്തിന് അത്യന്താപേക്ഷിതമാണ്. ദുപ്പട്ടയില്‍ കുരുക്കിട്ട് ആക്രമിക്കുന്നവനെ കുരുക്കിലാക്കുന്ന ആ മനസ്സാന്നിധ്യവും ധൈര്യവും ഒരംശം സമൂഹത്തിലെ സ്ത്രീകള്‍ക്കുണ്ടായിരുന്നെങ്കിലെന്ന് കഥയെന്ന് മറന്ന് ഞാനും ആഗ്രഹിച്ചു ഒരുനിമിഷം. എന്നാലും ഇതൊരു സാമൂഹികമാനമുള്ള നോവലായി വായിക്കാനാണെനിക്ക് തോന്നിയത്.  ആധുനികസമൂഹത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാവുന്നുണ്ട് പലയിടത്തും ഈ കഥ. സാമൂഹിക-സാമ്പത്തിക-ലിംഗ അസമത്വങ്ങളിലേക്കും മാധ്യമങ്ങളുടെ അതിപ്രസരത്തിലേക്കും ഏത് തൊഴിലിലുമുള്ള  അന്ധമായ വാണിജ്യവത്ക്കരണത്തിലേക്കും ആര്‍ത്തിപിടിച്ചോടുന്നവന്‍റെ നെറികേടിലേക്കും വലിച്ചെറിയുന്നുണ്ട്  വായനക്കാരനെ ഈ കഥയില്‍.

കൊല്‍ക്കത്തയുടെ പ്രൌഢഗംഭീരമായ സംസ്കാരത്തിലൂന്നി എഴുതിയിരിക്കുന്ന ഈ കഥയില്‍ മീരയുടെ ശക്തമായ ഭാഷയും കഥാതന്തുവും വല്ലാതെ ആകര്‍ഷിക്കുമ്പോള്‍ തന്നെ ഇത്രയും മുഷിച്ചലോടെ ഞാന്‍  അടുത്തൊന്നും ഒരു പുസ്തകം വായിച്ചു  തീര്‍ത്തിട്ടില്ല എന്നുകൂടി പറയേണ്ടിവരുന്നു. എന്‍റെ വായനയുടെ ദോഷമായിരിക്കാം, എന്നാലും വല്ലാതെ ഇഴച്ചിലനുഭവപ്പെട്ടു വായനയിലുടനീളം. പുരാണകഥകളുടെ അതിപ്രസരം വായനയെ അലോസരപ്പെടുത്തിയത് കുറച്ചൊന്നുമല്ല. മുഖ്യ കഥയേക്കാള്‍ കൂടുതല്‍ ഉപകഥകള്‍ പറഞ്ഞ് പോയപ്പോള്‍ എന്നിലെ വായനക്കാരി വായന തുടരാന്‍ പാടുപ്പെട്ടു. കൈച്ചിട്ടിറക്കാനും വയ്യ , മധുരിച്ച് തുപ്പാനും വയ്യെന്ന അവസ്ഥയിലൂടെ കടന്നുപോവാന്‍ കാരണം ഈ ഇഴച്ചിലും ആവര്‍ത്തനവിരസമായ കഥയിലെ സംഭവപരമ്പരകളും അതേസമയം മീരയുടെ ഏറെ  ആകര്‍ഷകമായ കഥയും ശക്തമായ ഭാഷയുമാണ്. 

2012-ലെ ഏറ്റവും നല്ല പുസ്തകങ്ങളില്‍ മുന്‍ നിരയില്‍  ആരാച്ചാര്‍ ഉണ്ടായിരുന്നു പല കണക്കെടുപ്പുകളിലും, പ്രഗത്ഭര്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട് ധാരാളം എന്നതൊന്നും മറന്നിട്ടല്ല  ഈ ന്യൂനത എടുത്ത് കാണിച്ചത്. ഇതെന്‍റെ  പരിമിതമായ വായനാ തോന്നലുകള്‍ മാത്രമാണ്. അത്യാകര്‍ഷകമായ ചെറുകഥകളിലൂടെ മീര കരസ്ഥമാക്കിയ ഒരു ഉന്നത സ്ഥാനമുണ്ട് മനസ്സില്‍ . അവിടെനിന്നവര്‍ ഊര്‍ന്ന് വീഴാതിരിക്കാന്‍  ആ പ്രിയ ചെറുകഥാ കൃത്തിന്‍റെ മാറ്റൊരു നോവല്‍ വായനയെക്കെടുക്കാന്‍ ഞാനൊന്ന് മടിക്കും കുറച്ച് കാലത്തേക്കെങ്കിലും എന്നത് നേര്.