Sunday, February 17, 2013

കല്പാന്തകാലം



വെളിയില്‍, അപരാഹ്നം പതിവുപോലെ ഒരു ദിനത്തിന്‍റെ മുഴുവന്‍ പാപഭാരങ്ങളും താങ്ങി മങ്ങിയ മുഖത്തോടെ ചക്രവാളത്തിലേക്ക് തലകുമ്പിട്ടു.

നരച്ച നിറമുള്ള  ഫ്ളാറ്റിലെ ഇടുങ്ങിയ സ്വീകരണമുറിയില്‍ ആ വൃദ്ധനും മനുഷ്യായുസ്സിലെ ഇനിയും വേര്‍ത്തിരിച്ചെടുക്കാനാവാത്ത പാപപുണ്യങ്ങളുടെ  ഭാരത്താല്‍ നിഷ്പ്രഭാവനായി ജീവിതചക്രവാളത്തിലേക്ക് തലകുനിച്ച് സോഫയിലിരുന്ന് മയങ്ങുകയാണ്.

സോഫയ്ക്ക് മുന്നിലെ  ടി വിയില്‍, ഉറക്കക്കാഴ്ച്ചകളെന്ന പോലെ മിന്നിമായുന്ന പരസ്യങ്ങളുടെ ആഡംബര സ്വപ്നലോകവും വാര്‍ത്തകളുടെ യാഥാര്‍ത്യ ചകിതലോകവും അയാള്‍ ഏറെ കഷ്ടപെട്ട് ഇമകള്‍ പൊക്കി ഇടക്കിടെ നോക്കാന്‍ ശ്രമിക്കുന്നുണ്ട്.

കനലെരിയുന്ന ഒരിടത്തെന്നപോലെ,  തറയില്‍ കുത്താതെ കാലുകള്‍ രണ്ടും സോഫയിലേക്ക് കയറ്റിവെച്ച് ഒടിഞ്ഞുമടങ്ങിയിരിക്കുന്ന അയാളുടെ ഇടതുകയ്യിലെ ടി വി റിമോട്ട് ഉറക്കത്തിനിടെ കയ്യില്‍ നിന്നും വഴുതിവീഴുമ്പോള്‍ അസ്വസ്ഥതയോടെ പിടഞ്ഞെണീറ്റ് ചുറ്റുപാടും നോക്കും. തലയ്ക്ക് താങ്ങായി കുത്തിവെച്ചിരിക്കുന്ന വലത്കയ്യുടെ മരവിപ്പ് കളയാനെന്ന പോലെ ഒന്ന് ആഞ്ഞ് കുടഞ്ഞ്  നിര്‍വികാരനായി ടിവിയിലേക്ക് തുറിച്ച് നോക്കിയിരിക്കുന്നതിനിടയില്‍ അറിയാതെ വീണ്ടും മയക്കത്തിലേക്ക്...

സ്വാര്‍ത്ഥനിഷ്ഠതയോടെ മാത്രം  ചലിക്കുന്ന താക്കോലിനോടുള്ള പ്രതിഷേധമുയര്‍ത്തി താക്കോല്‍ദ്വാരം ഒച്ചവെച്ചപ്പോള്‍ വൃദ്ധനില്‍ പൂട്ടപ്പെട്ടിരുന്ന ഉറക്കശകലങ്ങളും സ്വതന്ത്രരായി. 

വാതില്‍ തുറന്ന് ചെറിയൊരു മൂളിപ്പാട്ടോടെ അകത്തേക്ക് വന്നത് ജോലി കഴിഞ്ഞെത്തിയ മകനാണ്.

ഒരു പകല്‍മുഴുവന്‍ തന്നെ ചുമന്ന് നടന്ന ഷൂസ് നിഷ്ക്കരുണം ഊരിയെറിഞ്ഞ് വന്ന മകന്‍റെ പ്രസാദാത്മകമായ മുഖത്ത് എഴുതിവെച്ചിരിക്കുന്നതുപോലെ തോന്നി ഈ മാസത്തെ ബിസിനസ്സ് ടാര്‍ജറ്റ് ഇതിനകം കൈപ്പിടിയിലൊതുങ്ങിയിരിക്കുന്നുവെന്ന്.

“അച്ഛാ, ഈ ടിവിയുടെ മുന്നിലിങ്ങിനെ ചടഞ്ഞിരിക്കാതെ ചന്തൂനേം കൊണ്ടൊന്ന് പുറത്തിറങ്ങി നടന്നൂടെ.. ആരോഗ്യത്തിനെത്ര നല്ലതാ.. ”

കിടപ്പുമുറിയില്‍ കമ്പ്യൂട്ടര്‍ ഗെയിംസില്‍ മുഴുകിയിരുന്ന കൊച്ചുമകനേയും അതിന്‍റെ മുന്നില്‍ തപസ്സിരിക്കുന്നു എന്ന് വഴക്ക് പറയുന്നത് കേട്ടപ്പോള്‍ വൃദ്ധനോര്‍ത്തു ഇന്ന് ഓഫീസില്‍ നിന്നും മകനേതോ ആരോഗ്യ ലേഖനം വായിച്ചിട്ടുണ്ട്. അതാണ് പതിവില്ലാത്ത ഈ ശ്രദ്ധ. ഇനി ജോലി കഴിഞ്ഞെത്തുന്ന മരുമകള്‍ക്കും കാത്ത് വെച്ചിട്ടുണ്ടാവും ഫാസ്റ്റ് ഫുഡിന്‍റെ ദോഷങ്ങളും പച്ചക്കറിയിലൂടെ അകത്ത് ചെല്ലുന്ന വിഷാംശങ്ങളും എല്ലാം ചേര്‍ത്തൊരു ബോധവല്‍ക്കരണ ക്ലാസ്സ്!

ഗെയിം നിര്‍ത്തേണ്ടിവന്നു എന്നതിനേക്കാള്‍ ഇരിക്കുന്ന സീറ്റില്‍ നിന്നും എണീറ്റ്  നടക്കേണ്ടിവന്നതിന്‍റെ ദേഷ്യം മുഴുവന്‍ കണ്ണുകളിലൂടെ തുപ്പി കാലുകളിലൊരു ഫുഡ്ബാള്‍ നിയന്ത്രിച്ച് സ്വീകരണമുറിയിലേക്ക് വരുന്ന കൊച്ചുമകനെ  വൃദ്ധന്‍ അടുത്തേക്ക് മാടി വിളിച്ചു.

മകന്‍ പതിവില്ലാതെ കിടപ്പുമുറിയുടെ ജാലകം തുറന്നിടുന്ന ശബ്ദം കേട്ടു. വൃദ്ധനോര്‍ത്തു, ജാലകങ്ങളില്ലാം കഴിഞ്ഞയാഴ്ച്ച ഉറപ്പിച്ച കൊതുക് വലയുടെ ധൈര്യത്തിലായിരിക്കും. 

കൊതുകിനെ തടഞ്ഞാലും നഗരത്തിന്‍റെ സകലമാലിന്യങ്ങളും ചുമന്നുകൊണ്ട് വരുന്ന കാറ്റിനെ തടയാനാവില്ലല്ലൊ. അകത്തേക്ക് വന്ന ഒരു കെട്ടമണത്തോടൊപ്പം മകന്‍ ജനവാതില്‍  വലിച്ചടയ്ക്കുന്ന ശബ്ദം വൃദ്ധനില്‍ ചിരിപടര്‍ത്തി.

കിടപ്പുമുറിയുടെ ജനവാതിലുകള്‍ തുറക്കുന്നത് നഗരമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നിടത്തേക്കാണ്. അടച്ചുപൂട്ടിയ ഫ്ളാറ്റിനെപോലും ഭേദിച്ച് പലപ്പോഴും സഹിക്കവയ്യാത്ത നാറ്റങ്ങള്‍ അകത്തേക്ക് നുഴഞ്ഞുകയറാറുണ്ട്.


സ്വീകരണമുറിയുടെ ജാലകങ്ങളും തുറക്കാന്‍ വയ്യ. ഉറക്കം വരാതെ ഉഴലുന്ന രാത്രികളില്‍ ഈ ദിവാന്‍ കോട്ടില്‍ മലര്‍ന്ന് കിടന്ന് ഇരുട്ടിലേക്ക് മിഴികള്‍ പായിക്കുമ്പോള്‍ കാണാം തന്നോടൊപ്പം  മുറിയില്‍ തടവിലാക്കപ്പെട്ട് വട്ടം കറങ്ങുന്ന നാറുന്ന കുറേ വായുതന്മാത്രകള്‍.. 

അവയെ സ്വതന്ത്രമാക്കാന്‍ എണീറ്റ്, ഇരുട്ടിനെ വകഞ്ഞുമാറ്റി ജാലകപാളികള്‍ തുറന്നിട്ടാലും  ചെന്നെത്തുക തൊട്ടടുത്ത കെട്ടിടത്തിലെ ഒരു ഫ്ളാറ്റിന്‍റെ ടോയിലറ്റ് വെന്‍റിലേഷനിലേക്ക്, തിരികെ കിട്ടുക ഇതിനേക്കാള്‍ ദുര്‍ഗന്ധപൂര്‍ണ്ണമായവ..

തന്‍റെ കണ്മുന്നിലാണ് ഈ സ്ഥലമിങ്ങിനെ വളര്‍ന്നുപന്തലിച്ചത്, അല്ലാ വളര്‍ന്നു ചുരുങ്ങിയത് എന്നതാണ് ശരി. വൃദ്ധന്‍ സ്വയം തിരുത്തി. 

വളരെ കുറച്ച് വീടുകളും ഉയരം കുറഞ്ഞ വിരലിലെണ്ണാവുന്ന കെട്ടിടങ്ങളും. അന്ന് ഈ പ്രദേശം  ശവസംസ്ക്കാരമൊന്നുമില്ലെങ്കിലും  ശവക്കോട്ടയെന്നാണ് അറിയപ്പെട്ടിരുന്നത്.  

പ്രദേശം നിറഞ്ഞുനിന്നിരുന്ന കീരിപ്പഴച്ചെടികളുടെ സമൃദ്ധമായ തഴച്ചുവളരല്‍ പൂര്‍വ്വീകകാലത്തെന്നോ ഇവിടെ ശവസംസ്കാരമുണ്ടായിരുന്നു എന്ന ധാരണ ശരിവെയ്ക്കുന്നതായിരുന്നു. അതുകൊണ്ടാണല്ലൊ അന്ന് മുതിര്‍ന്നവര്‍, വെളുത്ത ബള്‍ബുകള്‍ കത്തിച്ചിട്ടതുപോലെ  പ്രദേശം നിറഞ്ഞുനിന്നിരുന്ന മധുരതരമായ കീരിപ്പഴങ്ങള്‍ പറിച്ച് കഴിക്കാന്‍ കുട്ടികളെ അനുവദിക്കാതിരുന്നിരുന്നത്. മണ്ണില്‍ നിറഞ്ഞ മനുഷ്യശരീരങ്ങളുടെ നെയ്യാണാവയുടെ വളം എന്നായിരുന്നു ഭാഷ്യം.

കറുത്ത കട്ടിഫ്രൈമുള്ള കണ്ണട ഊരി വൃദ്ധന്‍ തന്‍റെ മുഷിഞ്ഞതല്ലെങ്കിലും നിറം തീരെ മങ്ങിയ മുണ്ടിന്‍റെ മൂലകൊണ്ട് ചില്ലുകള്‍ അമര്‍ത്തി തുടച്ചു.

താന്‍ ചന്തുവിനേക്കാള്‍ കുഞ്ഞായിരിക്കുമ്പോള്‍ മുത്തശ്ശന്‍  പറയുന്നത് കേട്ടിട്ടുണ്ട്, അദ്ദേഹത്തിന്‍റെ കുട്ടിക്കാലത്തെ സമൃദ്ധിയെ കുറിച്ച്. അതിരുകളില്ലാത്ത ഭൂമിയെ കുറിച്ച്. കാലംകൊണ്ടുവന്ന, തനിക്കുള്‍ക്കൊള്ളാനാവാത്ത മാറ്റങ്ങളെ കുറിച്ച്. 

ഇന്ന് ആ മുത്തശ്ശന്‍ തന്‍റെ പിന്‍തലമുറയെ തേടി തിരികെയെത്തിയാല്‍ കാണുന്ന കാഴ്ചകളെ കുറിച്ച് വൃദ്ധന്‍ ഇനിയും വരളാത്ത കുസൃതിമനസ്സോടെ വെറുതെ ഓര്‍ത്തു.

ഓര്‍മ്മകള്‍ക്ക് വൃദ്ധനെ വിട്ടുകൊടുക്കാതെ കൊച്ചുമകന്‍ ആ ശുഷ്കിച്ച കാലുകളില്‍ വന്നിരുന്ന് അവന്‍റെ ചോദ്യപ്പെട്ടി തുറന്നു.

വൃദ്ധനറിയാത്ത ഒരുപാട് ചോദ്യങ്ങള്‍ക്ക് അയാള്‍ മെലിഞ്ഞുണങ്ങിയ കൈകള്‍ മലര്‍ത്തി അറിയില്ല എന്ന ഭാവത്തോടെ ഇരിക്കുമ്പോള്‍ കൊച്ചുമകന്‍ പുത്തന്‍ തലമുറയുടെ സ്ഥായിയായ മോടിയോടെ തന്‍റെ കൊച്ചറിവുകള്‍ അയാള്‍ക്ക് മുന്നില്‍ വാരിവിതറിക്കൊണ്ടിരുന്നു.

“മുത്തച്ഛന് ഫുഡ്ബാള്‍ കളിയറിയോ?” ഞരമ്പുകള്‍ എഴുന്നേറ്റ് നില്‍ക്കുന്ന അയാളുടെ നീണ്ട കൈവിരലുകളിലൂടെ പന്തുരുട്ടി അവന്‍ ചോദിച്ചു.

“ പന്തുരുട്ടാനറിയാത്ത ജന്മങ്ങളുണ്ടോ കുട്ടീ..”  

"ജനിയുടെ അതിതുംഗശൈലത്തില്‍ നിന്നും പാദങ്ങളിലെത്തുന്ന ആ പന്ത് മൃതിസാനുവില്‍ ഉപേക്ഷിക്കും വരെ  ഉരുട്ടിക്കളിക്കുന്നവരല്ലേ നാം..” 

കൊച്ചുമകന്‍റെ കൈ പിടിച്ച് ലിഫ്റ്റില്‍ കയറുമ്പോഴും വൃദ്ധന്‍  പറഞ്ഞു കൊണ്ടേയിരുന്നു;

“ ഈ പന്തിലെ പോലെ  കേവലം നശ്വരമായ ഉച്ഛ്വാസങ്ങളല്ല അതിന്‍റെ ജീവവായു. ദിനരാത്ര യുഗങ്ങളാണ്..”

“എത്തപ്പെടുന്ന പാദങ്ങള്‍ക്കനുസൃതമായി അത് ഉരുണ്ടുകൊണ്ടേയിരിക്കും, കുടിലിലൂടെ, കൊട്ടാരത്തിലൂടെ, തെരുവോരങ്ങളിലൂടെ, കുപ്പത്തൊട്ടിയിലൂടെ.. അഴുക്കും അഴകും ഒരുപോലെ പുരളുമ്പോഴും കാലം നിസ്സംഗമായുരുളും.”

വൃദ്ധന്‍ പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും എന്തെങ്കിലും സംസാരിക്കുവാനൊരാള്‍ എന്ന സമാധാനത്തോടെ കൊച്ചുമകന്‍ കാലം കാതങ്ങള്‍ അടയാളപ്പെടുത്തിയ അയാളുടെ കൂര്‍ത്ത കൈവിരല്‍ നഖങ്ങളിലൂടെ തന്‍റെ ഉള്ളം കൈ തടവി അയാള്‍ക്ക് ചെവിയോര്‍ത്ത് ലിഫ്റ്റിറങ്ങി തെരുവോരത്തേക്ക് നടന്നു.

ചീറിപ്പായുന്ന വാഹനശബ്ദങ്ങള്‍ക്ക് നടുവില്‍ കൊച്ചുമകനെ തന്നോട് ചേര്‍ത്ത് പിടിച്ച് വൃദ്ധന്‍ ചിലമ്പിച്ച ഒച്ചയോടെ തുടര്‍ന്നു.

“ഒടുവിലയാള്‍ എല്ലാ കളികള്‍ക്കും അവസാനം മൃതിയുടെ താഴ്വാരത്തില്‍ ആ കാല്പന്ത് ഉപേക്ഷിക്കുന്നു; ചിലര്‍ കളിച്ചു മടുത്തിട്ട്, മറ്റുചിലര്‍ മതിവരാതെ..."  

"ഉപേക്ഷിക്കപ്പെടുന്ന കാലം ഭാവഭേതങ്ങളില്ലാതെ മറ്റൊരു കാലില്‍ ഒട്ടിച്ചേരും, ഇനിയുമിനിയും തട്ടിക്കളിക്കപ്പെടാന്‍ ..”

നീണ്ടുകിടക്കുന്ന പാതയോരത്ത് ഒരിത്തിരി നല്ല കാറ്റന്വേഷിച്ച് വൃദ്ധന്‍ തിമിരം മൂടിയ കണ്ണുകള്‍ക്ക് മീതെ വത്സരങ്ങള്‍ ചുളുക്കിയ കൈകള്‍ വെച്ച് അനന്തതയിലേക്ക് നോക്കി നെടുവീര്‍പ്പിടവേ, ചെറുമകന്‍ അത്യന്ത വഴക്കത്തോടെ പന്ത് കാലുകള്‍കൊണ്ട് അമ്മാനമാടി കളിക്കുകയായിരുന്നു.


25 comments:

  1. കഥ നന്നായി പറഞ്ഞു.

    ReplyDelete
  2. നന്നായിരുന്നു ആശംസകള്‍.

    ReplyDelete
  3. കല്പാന്തകാലം - ജീവിതം ഒരു കളിയാണ്. ജയവും തോല്‍വിയും ആപേക്ഷികം.

    ReplyDelete
  4. കുഴപ്പമില്ലാതെ എഴുതിയിരിക്കുന്നു.. ആശംസകള്‍

    ReplyDelete
  5. രണ്ട് തലമുറകൾ; രണ്ടു കാലങ്ങളുടെ പ്രതിനിധികൾ....

    ReplyDelete
  6. എഴുത്ത് നന്നായി. ആശംസകള്‍ ...

    ReplyDelete
  7. നാല് ചുമരുകള്‍ക്കിടയില്‍ ഒറ്റപ്പെടുന്ന രണ്ടു തലമുറകള്‍ ,ഇവിടെ കഥ വ്യതസ്തമായത് ഈ പുതുമ നിറഞ്ഞ പ്രമേയത്തില്‍ കൂടിയാണ് , അത് മനോഹരമായി വലിച്ചു നീട്ടാതെ പറഞ്ഞു .

    “ഒടുവിലയാള്‍ എല്ലാ കളികള്‍ക്കും അവസാനം മൃതിയുടെ താഴ്വാരത്തില്‍ ആ കാല്പന്ത് ഉപേക്ഷിക്കുന്നു; ചിലര്‍ കളിച്ചു മടുത്തിട്ട്, മറ്റുചിലര്‍ മതിവരാതെ..." ഇതുപോലെയുള്ള നിരീക്ഷണങ്ങള്‍ ഇഷ്ട്ടായി ,

    ReplyDelete
  8. “ഒടുവിലയാള്‍ എല്ലാ കളികള്‍ക്കും അവസാനം മൃതിയുടെ താഴ്വാരത്തില്‍ ആ കാല്പന്ത് ഉപേക്ഷിക്കുന്നു; ചിലര്‍ കളിച്ചു മടുത്തിട്ട്, മറ്റുചിലര്‍ മതിവരാതെ..."
    കഥ ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  9. ഫിലോസഫി പറയുന്ന മുത്തച്ഛന്‍ കൊള്ളാം

    ReplyDelete
  10. kalpanthakalam....
    kaalpanthu kali thanneyanu jeevithavum...
    aa kali orikkalum madukkathirikkatte...

    nannayi paranju kadha..
    aashamsakal...

    ReplyDelete
  11. ഇന്ന് മുത്തച്ഛന്‍ നാളെ ഞാന്‍ ... അത് തന്നാ മുത്തച്ഛന്റെ ഫിലോസഫി പറയുന്നത്!

    ഒരു സസ്പെന്‍സ് പ്രതീക്ഷിച്ചെങ്കിലും ഇഷ്ടപ്പെട്ടു. കൊള്ളാം! ആശംസകള്‍ :-)

    ReplyDelete
  12. ഒരു ഫിലോസഫി അവതരിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ഒരു കഥ എഴുതിയത് പോലെ തോന്നി ..ഇതിനേക്കാള്‍ ഭേദം ആ ഫിലോസഫി നേരെ വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതിവേക്കുന്നതായിരുന്നു ..

    ReplyDelete
  13. എല്ലാ കഥകളിലും ഒരോ ബിംബങ്ങൾ. ഈ കഥയിൽ അതു ഫുട്ബോൾ ആയി. കഴിഞ്ഞ കാലത്തിന്റെ ചടുലവും, വേദനയുടേയും പ്രതീകമായത്‌. വിജയ പരാജയങ്ങൾക്ക്‌ വിട്ടുകൊടുത്ത്‌ മറ്റൊരുതലമുറയിലൂടെ അതുരുളാൻ തുടങ്ങിയിരിക്കുന്നു. ആശംസകൾ.

    ReplyDelete
  14. എഴുത്ത് നന്നായി. ആശംസകള്‍ ...

    ReplyDelete
  15. കഥ കൊള്ളാം ,ആശംസകള്‍ !

    ReplyDelete
  16. "ഉപേക്ഷിക്കപ്പെടുന്ന കാലം ഭാവ ഭേദ ങ്ങളില്ലാതെ
    മറ്റൊരു കാലില്‍ ഒട്ടിച്ചേരും, ഇനിയുമിനിയും തട്ടിക്കളിക്കപ്പെടാന്‍ ..‘

    വാക്കുകൾ എടുത്ത് അമ്മാനമാടി മുത്തശ്ശനിലൂടേയും ചെറുമകനിലൂടേയും
    കാൽ‌പ്പന്തുകളിയുടെ ചിട്ടവട്ടങ്ങൾ മാത്രമല്ല ,ഒപ്പം ജീവിതത്തിന്റേയും കൂടിയാണല്ലോ
    ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്..

    നന്നായിട്ടുണ്ട് കേട്ടൊ

    ReplyDelete
  17. ജീവിതമെന്ന കാൽപ്പന്തുകളി. ഒടുവിൽ കളിക്കാർ മൃതിയുടെ താഴ്വാരത്തില്‍ ആ കാല്പന്ത് ഉപേക്ഷിക്കുന്നു; ചിലര്‍ കളിച്ചു മടുത്തിട്ട്, മറ്റുചിലര്‍ മതിവരാതെ... നല്ലൊരു സന്ദേശത്തിലേക്ക് കഥയെ വളർത്തിക്കൊണ്ടുവന്ന രീതി നന്നായിട്ടുണ്ട്.

    ReplyDelete
  18. ഒരുതരം കാല്‍പന്തുകളി തന്നെ എല്ലാം...

    ReplyDelete
  19. ജീവിതങ്ങളുടെ കാലഭേദം കൂടെ കാലത്തോടുള്ള പൊരുത്തപെടല്‍ ഈ ഒരവസ്ഥയിലൂടെ കടന്നു പോയ എഴുത്ത് ആശംസകള്‍ ഷേയ

    ReplyDelete
  20. ആഖ്യാനം മനോഹരം ..... അഭിനന്ദനങ്ങള്‍

    ReplyDelete
  21. ഒറ്റപ്പെടുന്ന വൃദ്ധന്റെ മനസ്സ് ഒപ്പിയെടുത്തിരിക്കുന്നു, തോന്നലുകളും വിചാരങ്ങളുമെല്ലാം. മനോഹരമായിരിക്കുന്നു.

    ReplyDelete
  22. ഇരിപ്പിടതിലൂടെ വന്നതാണ്. വായിച്ചു, കഥ കൊള്ളാം ആശംസകള്

    ReplyDelete
  23. കൊള്ളാം...
    നന്നായിട്ടുണ്ട് ഇലഞ്ഞിയെ..

    ReplyDelete
  24. orupaadishttamaayi..
    i request you to join www.thalirkoottam.net

    ReplyDelete
  25. ആദ്യമായാനിവിടെ,എന്നാല്‍ പിന്നെ കഥയാവട്ടെയെന്നു കരുതി കഥയില്‍ കയറിയതാ...കൊള്ളാം .ഇതൊക്കെ വെറും അനുഭവം തന്നെയാവും, നാലു ഭിത്തികള്‍ക്കുള്ളില്‍ തളച്ചിടപ്പെടുന്ന ജീവിതങ്ങള്‍ക്ക്. ആധുനിക സൌകര്യങ്ങളോടെ ഗ്രാമത്തില്‍ താമസിക്കുന്ന എനിക്കാ വൃദ്ധനോട് സഹതാപം തോന്നി...കുറെ പണം മാത്രം കിട്ടിയിട്ടെന്തിനാ...?

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!