Thursday, January 23, 2014

യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍




പ്രസാധകര്‍ : പൂര്‍ണ പബ്ലിക്കേഷന്‍സ് 
വില : 25 രൂപ

മന്‍സൂര്‍ ചെറുവാടിയുടെ യാത്രാവിവരണങ്ങള്‍ , അനുഭവക്കുറിപ്പുകള്‍ എല്ലാം വായിക്കുമ്പോള്‍ നൊസ്റ്റാള്‍ജിക്കെന്ന് കളിയാക്കുമെങ്കിലും ഉള്ളാലെ അഭിമാനിക്കാറുണ്ട്, ഇത്രയും നന്നായെഴുതുന്നവരും എന്‍റെ കൂട്ടുകാരില്‍ ഉണ്ടല്ലോ എന്ന്. അത്രയും ഹൃദ്യമാണ് പല കുറിപ്പുകളും. ഒരിക്കല്‍ വായിച്ചാല്‍ മനസ്സില്‍ പതിയുന്നവ. നീയെങ്ങിനെ ഇത്ര നന്നായെഴുതുന്നു എന്ന കുശുമ്പ് ചിലപ്പോഴൊക്കെ അവനോട്തന്നെ പറയാറുമുണ്ട്. പ്രശസ്ത എഴുത്തുകാരന്‍ അബ്ദുചെറുവാടിയുടെ ചില പുസ്തകങ്ങള്‍ വായിച്ചപ്പോഴാണ് മന്‍സൂര്‍ ചെറുവാടിയെന്ന മകന്‍റെ ആലേഖന നിപുണതയുടെ രഹസ്യം മനസ്സിലായത്. ആ പിതാവിന്‍റെ മകനായി ജനിച്ച മന്‍സൂറിന്‍റെ എഴുത്ത് ഇത്രയും ചുരുങ്ങിപോയതില്‍ നൈരാശ്യം തോന്നുന്നുണ്ടിപ്പോള്‍ . കഴിവില്ലാതെയല്ല, ശ്രമിക്കാതെയാണ് എന്ന് മന്‍സൂറിന്‍റെ കൂട്ടുകാര്‍ക്കെല്ലാം അറിയാം..


അബ്ദുചെറുവാടിയെന്ന എഴുത്തുകാരനെ ഇത്രയുംനാള്‍ വായിക്കാതെ മാറ്റിവെച്ചതില്‍ നേരിയ കുറ്റബോധമുണ്ട് മനസ്സില്‍. ‘യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍’ എന്ന ചെറിയൊരു പുസ്തകത്തിലൂടെ അദ്ദേഹം കാണിച്ചുതരുന്നത് വലിയൊരു ലോകം തന്നെയാണ്. ഒരു യാത്രാവിവരണത്തിന്‍റെ പൂര്‍ണ്ണതയല്ല ഈ പുസ്തകത്തിന്‍റെ മാഹാത്മ്യം. മറിച്ച് യാത്രകളിലെ  അപരിചിതമായ പാതയോരങ്ങളില്‍ കാത്തിരിക്കുന്ന ആകസ്മികതകളാണ്.

ഒരു നോട്ടത്തിനോ, ഏതാനും വാക്കുകള്‍ക്കോ, ഒരു ആലിംഗനത്തിനോ മാത്രം തരാന്‍ കഴിയുന്ന  ചില അനശ്വര ബന്ധങ്ങളുണ്ട്, പിന്നീടൊരിക്കലും കണ്ടില്ലെങ്കിലും ജീവിതത്തിലെന്നും പ്രിയപ്പെട്ടവയാവാന്‍ പ്രാപ്തിയുള്ളവ. അങ്ങനെയുള്ള ഹൃദയബന്ധങ്ങളെ  ഈ പുസ്തകത്താളുകള്‍ക്കിടയില്‍ പലവട്ടം അനുഭവിക്കാം. കാലത്തിനും ദൂരത്തിനുമൊന്നും മായ്ച്ചുകളയാനാവാത്ത അത്തരം ഹൃദയമിടിപ്പുകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന എഴുത്തുകാരന്‍റെ മനസ്സും കൂടിയുണ്ടിതില്‍ . യാത്രയ്ക്കിടയില്‍ , അതും വലിയ മുന്നൊരുക്കങ്ങളില്ലാത്ത യാത്രകളില്‍, നേരിടേണ്ടിവരുന്ന ചില അവിചാരിത പ്രതിസന്ധികളില്‍  എല്ലായാത്രകളും ഇതാ ഇവിടെ അവസാനിക്കുന്നു, ജീവിതയാത്രയടക്കം എന്ന ആന്തലില്‍ തീര്‍ത്തും അപ്രതീക്ഷിതമായി നമുക്ക് നേരെ നീണ്ടുവരുന്ന സഹായഹസ്തങ്ങള്‍ ദൈവീകം തന്നെയെന്ന് വിശ്വസിക്കുന്നത് സ്വാഭാവികം. എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്യാന്‍ ദൈവമൊരു കൈ നീട്ടിത്തരും എന്ന വിശ്വാസം തന്നെയാണല്ലോ ജാതിവിഭാഗീയതകള്‍ക്കപ്പുറം ഓരോവിശ്വാസിയുടേയും കരുത്ത്.

എഴുത്തുകാരന്‍റെ മുന്‍മൊഴിയും ശ്രീ സക്കറിയയുടെ അവതാരികയും എട്ട് അനുഭവ കുറിപ്പുകളുമടക്കം കേവലം 52 പേജുകളുള്ള ഈ കൊച്ചുപുസ്തകം ഒറ്റയിരിപ്പില്‍ വായിച്ചുതീരുമ്പോള്‍ ദാഹം തീരുന്നതിന് മുന്‍പേ മൊന്തകാലിയായതുപോലെ ഒരു നിരാശ വായനക്കാരനില്‍ പടരും. തീര്‍ത്തും ലളിതമായി, വായനക്കാരന്‍റെ മുന്നിലിരുന്ന് നേരില്‍ അനുഭവങ്ങള്‍ വിവരിക്കുന്ന എഴുത്തുകാരനെ ഈ വരികള്‍ക്കിടയില്‍ പരിചയപ്പെടാം.

ശ്രീനഗറിലേക്കുള്ള യാത്രാമദ്ധ്യേ പരിചയപ്പെട്ട യൂറോപ്പ്യന്‍ പെണ്‍കുട്ടി പറഞ്ഞ ‘ആയിശ’ എന്ന പോര്‍ത്ത്ഗീസ് നാടോടി വിലാപകാവ്യത്തിന്‍റെ കഥയും പിറ്റേന്ന് പുലര്‍ച്ചെ മൂടല്‍മഞ്ഞ്പോലെ, ഒരു യാത്രമൊഴിപോലുമേകാതെ അപ്രത്യക്ഷമായ ആ പെണ്‍കുട്ടിയും, മറ്റൊരു യാത്രയില്‍ ആഗ്ര റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കണ്ട ഖദര്‍സൂട്ടുകാരന്‍ എന്നോ നാട് വിട്ടുപോയ തന്‍റെ അമ്മാവനാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയ വിചിത്രതയും പിന്നീടുണ്ടായ സമാഗമവും,ഒരിക്കല്‍ ശ്രീനഗറിലെ നിസ്സഹായാവസ്ഥയില്‍ തണലായ റസൂല്‍ ഭായിയും മകള്‍ നൂറാനൂനും പിന്നീട് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മക്കയില്‍ വെച്ച് ആ മകളെ കണ്ടുമുട്ടാനിടവന്നതുമെല്ലാം  ജീവിതം കാത്തുവെച്ച ആകസ്മിതകളല്ലാതെ മറ്റെന്താണ്. അദൃശമായ ചില കണ്ണികളാല്‍ കാലം ചില സംഭവങ്ങളെ പരമ്പരകള്‍ പോലെ കാത്ത് സൂക്ഷിക്കുന്നുണ്ട്.  അവ ജീവിതത്തിന്‍റെ ഏതൊക്കെ വഴിത്തിരിവുകളിലായിരിക്കും കാത്തിരിക്കുന്നത് എന്നത് പ്രവചനാതീതം.


ഉദ്വേകജനകമാണ് ഈ വിചിത്രാനുഭവ വായന. തീര്‍ത്തും ആസ്വാദ്യകരവും. ലാളിത്യമാര്‍ന്ന ഭാഷയും വശ്യമാര്‍ന്ന ആഖ്യാനവും വായനയെ ആകര്‍ഷകമാക്കുന്നു. ‘അജ്മീറില്‍ ഒരു വെളിപാട് ’പോലുള്ള ചില കുറിപ്പുകള്‍ എഴുത്തുകാരന്‍റെ വ്യക്തിബന്ധങ്ങളുടെ ഊഷ്മളത വെളിവാക്കുന്നവയാണ്.


ഒരു നല്ല യാത്രികന്‍ യാത്ര ചെയ്യുക തന്‍റെ കണ്ണും കാതും മനസ്സും ഒരുപോലെ തുറന്നുവെച്ചുകൊണ്ടായിരിക്കും. യാത്രയുടെ ഓരോ മിടിപ്പും ഒപ്പിയെടുത്ത് മനസ്സില്‍ പതിപ്പിക്കുമ്പോള്‍തന്നെ അതിനൊരു അക്ഷരരൂപം കൈവരുന്നുണ്ടെങ്കില്‍ തീര്‍ച്ച, അദ്ദേഹമൊരു നല്ല എഴുത്തുകാരന്‍ കൂടിയാണ്. വായനക്കാരന്‍റെ പ്രാര്‍ത്ഥനയും അതായിരിക്കും, കാഴ്ച്ചകളെ അക്ഷരങ്ങളാക്കി  രൂപഭേദം വരുത്താനാവുന്നവരാവട്ടെ ഓരോ സഞ്ചാരിയുമെന്ന്. കാഴ്ച്ചകളെ ഇത്ര ഹൃദ്യതയോടെ വരച്ചുവെയ്ക്കാന്‍ വാക്കുകള്‍ക്ക് കാഴ്ച്ചയേകുന്ന ഒരു സഞ്ചാരിക്കാവുമെന്ന് വായനക്കാരനറിയാം.

പരക്കെ വായിക്കപ്പെടേണ്ട ഈ കൃതിക്ക് അതര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചോ എന്ന എന്‍റെ സംശയം ന്യായമല്ലേ?  പരിചയക്കാര്‍ക്കിടയിലും കൂട്ടുകാര്‍ക്കിടയിലും മാത്രം ഒതുങ്ങേണ്ടതല്ല ആ മഹാനായ എഴുത്തുകാരന്‍റെ പുസ്തകങ്ങള്‍. ചിലതങ്ങനെയാണ് അര്‍ഹിക്കുന്ന പ്രാമുഖ്യം  കാലം ചില കണ്ണികളില്‍  വിളക്കിചേര്‍ത്തിട്ടുണ്ടാവും. അവിടെയെത്തുമ്പോള്‍ മാത്രം ഒരു ഉയര്‍ത്തെഴുന്നേൽപ്പ് പോലെ അംഗീകരിക്കപ്പെടും, വായിക്കപ്പെടും.  ‘യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍’ എന്ന പുസ്തകത്തെ വിളക്കിചേര്‍ത്ത കണ്ണിയിലേക്ക് കാലം ഒരിക്കല്‍ വായനക്കാരെ കൂട്ടികൊണ്ടുപോവുന്ന് ആശിക്കാം, അതര്‍ഹിക്കുന്ന അംഗീകാരമേകിക്കൊണ്ടുതന്നെ.


25 comments:

  1. വായിക്കാൻ കൊതിപ്പിക്കുന്ന പരിചയപ്പെടുത്തൽ...
    നന്നായിട്ടാ..
    എന്തായാലും അടുത്ത മാസം അജ്മാനിലേക്ക് ഒരു പോക്കുണ്ട്..
    അവിടെ ഇരിക്കുന്നുണ്ടെങ്കിൽ അടിച്ച് മാറ്റണം :)
    (മൻസൂർ ഇവിടെ വരേം , ഇതൊന്നും കാണേം ഇല്ലാന്ന് വിശ്വസിക്കുന്നു)

    ReplyDelete
  2. "ഒറ്റയിരിപ്പില്‍ വായിച്ചുതീരുമ്പോള്‍ ദാഹം തീരുന്നതിന് മുന്‍പേ മൊന്തകാലിയായതുപോലെ ഒരു നിരാശ വായനക്കാരനില്‍ പടരും. "

    അതിലപ്പുറം ഒരു പുസ്തകത്തെ കുറിച്ച് എന്ത് പറയാൻ. വായിക്കണം..ഇത് വരെ എന്റെ കൈകളിൽ എത്തിയിട്ടില്ല അബ്ദു മാഷിന്റെ പുസ്തകങ്ങൾ ഒന്നും. മക്കയിലെ ഹജ്ജ് യാത്രക്കിടയിൽ പരിചയപ്പെട്ട അഗൂഷിയും സുറാത്തിനയും എന്ന രണ്ടു പേരെ കുറിച്ച് എഴുതിയ ഒരു കുറിപ്പ് മാത്രമാണ് ഞാൻ വായിച്ചത്..അതിൽ നിന്ന് തന്നെ അറിയാം മാഷിന്റെ എഴുത്തിന്റെ മാസ്മരികത..വായിക്കണം എന്ന് എന്നോ മനസ്സിൽ കുറിച്ചിട്ടതാണ് ഇലഞ്ഞി പൂക്കൾ ഇവിടെ പറഞ്ഞ പുസ്തകം...

    ReplyDelete
  3. ചില എഴുത്തുകള്‍ ഇങ്ങനെ തിരശീലയുടെ മറയ്ക്കുള്ളില്‍ ..ശേയയുടെ പരിചയപ്പെടുത്തലില്‍ നിന്നും മനസ്സിലാകുന്നു എത്ര മാത്രം ആഴമുള്ള വിഷയങ്ങളാണ് ഈ കുറിപ്പുകളുടെ ഉള്ളടക്കം എന്ന്..വായിക്കണം ..അല്ലെങ്കില്‍ എന്തും വായിക്കാന്‍ പ്രേരിപ്പിക്കുന്ന പരിചയപ്പെടുത്തല്‍ ആസ്വദിച്ചാല്‍ എങ്ങനെ മൂല കൃതിയെ അറിയാതിരിക്കും....ഈ മനോഹര കൃതിക്കും അതിനെ പരിചയപ്പെടുത്തിയ ഷേയക്കും ഭാവുകങ്ങള്‍ !!!

    ReplyDelete
  4. ഇവിടെ എന്ത് പറയാൻ ഷേയാ ..
    ഈ വായന തൊട്ടത്‌ ഹൃദയത്തെയാണ്‌ .
    അക്ഷരങ്ങളിലൂടെ വീണ്ടും ഉപ്പ പുനർജ്ജനിക്കുമ്പോൾ ഞാനെത്ര മാത്രം സന്തോഷിക്കുന്നു .
    സ്നേഹം മാത്രം .

    ReplyDelete
  5. മന്‍സൂറിന്റെ ബ്ലോഗില്‍ നിന്ന് ഈ പുസ്തകത്തെപ്പറ്റി ചില സൂചനകള്‍ വായിച്ചിട്ടുണ്ട്. വായിക്കാന്‍ എന്താണൊരു മാര്‍ഗം!

    ReplyDelete
  6. Sherikkum ee pusthakathe patti Sheyassu vivarichu kelkkumbolu vayikkan kothii aya poley :) Inii ippa njan nattilu pokumbolu udane thanne februvarilu oru book koodii vangannu theerumanichirikkunnu ! Shubha Sayahnam Sheyasssinu oppam oru nalla Vaarandyavum..!!

    ReplyDelete
  7. മന്‍സൂര്‍ ചിലപ്പോഴൊക്കെ സൂചിപ്പിക്കാരുള്ളത് പോസ്റ്റുകളില്‍ നിന്നും വായിച്ചെടുത്തിട്ടുണ്ട്. എന്നാണു വായിക്കാന്‍ കഴിയുക എന്നറിയില്ല.

    ReplyDelete
  8. ഞാനും ഈ പുസ്തകത്തെ പറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു.

    നല്ല പരിചയപ്പെടുത്തല്‍...

    ReplyDelete
  9. വായിക്കാത്ത എഴുത്തുകളെ ഇങ്ങനെ വായനയോളം അടുത്ത് പരിചയപ്പെടുമ്പോഴാണ് വായിക്കാതെ പോയവയുടെ നഷ്ടക്കണക്കുകള്‍ ബോധ്യമാവുന്നത്.
    "യാത്രയിലെ ചില വിചിത്രാനുഭാവങ്ങളെ" ഏറ്റവും ഹൃദ്യമായി പറഞ്ഞു തന്നിരിക്കുന്നു, ഇലഞ്ഞി.
    ചെറുവാടി സാഹിബിന് ഓര്‍മ്മപ്പൂക്കള്‍...!

    ReplyDelete
  10. ഒരുപാട് ചർച്ചചെയ്യപ്പെടേണ്ട ഒരു പുസ്തകം - ചുരുക്കം വാചകങ്ങളിൽ നന്നായി പരിചയപ്പെടുത്തി

    ReplyDelete
  11. മന്‍സൂറിന്റെ യാത്രാക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ രണ്ടരികിലും നിറയെ മരങ്ങളുള്ള ഒരു പാതയിലൂടെ നടന്നു പോകുംപോലെയാണ് എനിക്ക് തോന്നുക.നേര്‍ത്ത കുളിരും ഇടയ്ക്ക് കടന്നു വരുന്ന വെയിലിന്റെ നേരിയ ചൂടും അനുഭവപ്പെടും. പ്രകൃതിയെ ആഴത്തില്‍ സ്നേഹിക്കുന്ന ഒരാളിനേ യാത്രയെ ഇത്രമാത്രം സ്നേഹിക്കാനാവൂ. അതുകൊണ്ട് തന്നെ മന്‍സൂര്‍ എന്നോ കണ്ടു പിരിഞ്ഞ ഒരു പ്രിയ സുഹൃത്തിനെ ഓര്‍മ്മിപ്പിക്കാറുണ്ട്. അതെപോലെയാണ് വാക്കുകളെ ആത്മാവിലേക്ക് ആവാഹിച്ചുള്ള ഷേയയുടെ ആസ്വാദനവും.ഷേയ എഴുതുന്ന മറ്റെന്തിനെക്കാളും നിരൂപണങ്ങളെ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതും അതുകൊണ്ടാണ്. മന്‍സൂറിന്റെ ഉപ്പയുടെ ഈ പുസ്തകം വായിക്കണമെന്ന് എനിക്ക് വളരെ ആഗ്രഹമുണ്ട്.

    ReplyDelete
  12. നല്ല പരിചയപ്പെടുത്തല്‍....
    വായിക്കണം...
    ആശംസകള്‍

    ReplyDelete
  13. നല്ല പരിചയപ്പെടുത്തല്‍ ഷേയാ..വായിക്കാന്‍ തോന്നിപ്പിക്കുന്ന പരിചയപ്പെടുത്തല്‍.ഹൃദ്യമായി പറഞ്ഞു

    ReplyDelete
  14. സുകൃതപ്പൂക്കൾ വായിച്ചപ്പോഴാണ്‌ അബ്ദുചെറുവാടി സാഹിബിന്റെ മറ്റുപുസ്തകങ്ങൾ കൂടി വായിക്കണം എന്ന ആഗ്രഹം ഉണ്ടായത്‌. ഈ ഒരു പരിചയപ്പെടുത്തൽ പുസ്തകത്തിന്റെ ആത്മാവുതൊട്ടിരിക്കുന്നു എന്നു തന്നെ വിശ്വസിക്കാം. മനോഹരമായിരിക്കുന്നു ഈ അവലോകനവും.

    ReplyDelete
  15. വായിച്ചു ഒന്നല്ല പലവട്ടം ,,,,അത്രക്കും ഇഷ്ട്ടമായ ഒരു പുസ്തകം.

    ReplyDelete
  16. ചേച്ചിയുടെ പോസ്റ്റ്‌ എല്ലാം എനിക്ക് എപ്പോളും പ്രയോജനവും , പ്രചോദനവുമാണ് ...
    അവലോകത്തിനു നന്ദി ....

    ReplyDelete
  17. വിരലില്‍ തൊട്ട് മനസ്സിലേക്കിട്ടു തന്ന ഈ വരികളിലൂടെ ആ പുസ്തകം എങ്ങിനെയെങ്കിലും വായിക്കണമെന്ന അദമ്യമായ ഒരാഗ്രഹം മുളപൊട്ടുന്നു. മന്‍സൂറിന്റെ ചില വാക്കുകളിലൂടെ ആ പിതാവിനെ വായിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ ഒന്നും അറിയില്ല. ഇ കുറിപ്പ് വളരെ നന്നായി.ആശംസകള്‍

    ReplyDelete
  18. "യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍" എന്ന പുസ്തകത്തിന്‌ വായനാലോകത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചോയെന്ന ഷേയയുടെ സംശയം എനിക്കും തോന്നിയിരുന്നു. ലളിതമായ ഭാഷയിലുള്ള അനുഭവക്കുറിപ്പുകള്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നു... അത്രയ്ക്ക് വശ്യതയാണ് ആ എഴുത്തിന്! അഭിനന്ദനങ്ങള്‍ ഷേയ

    ReplyDelete
  19. നല്ല പരിചയപ്പെടുത്തൽ...
    ഇനി വാങ്ങിച്ച് വായിക്കണം

    ReplyDelete
  20. ഉപ്പാന്റെ അക്ഷരങ്ങളുടെ വെളിച്ചം മകന് കിട്ടയതിൽ അത്ഭുതപെടാനില്ല.... ഒരു ചെറിയ യാത്രയിൽ മൻസൂർക്കയും ഞാനും ഒന്നിച്ചപ്പോൾ വായിച്ചിട്ടുണ്ട് .... ഈ നിരീക്ഷണത്തിനും വിലയിരുത്തലിനും ആശംസകൾ

    ReplyDelete
  21. നല്ല പരിജയപ്പെടുത്തല്‍

    ReplyDelete
  22. നന്ദി എല്ലാവര്‍ക്കും..

    ReplyDelete
  23. യാത്ര’ യില്‍ മന്‍സൂര്‍ ചെറുവാടി ഹൃദയം തൊട്ടെഴുതുന്ന യാത്രാവഴികളുടെയും അനുഭവങ്ങളുടെയും അഭാവം താത്കാലികമെങ്കിലും ഒരു നഷ്ടം തന്നെയാണ്...മന്‍സൂറിന്റെ സരസമായ എഴുത്തിന് പിന്നിലെ പാരമ്പര്യത്തിന്റെ നനുത്ത തൂവല്‍സ്പര്‍ശത്തെ ഷേയയിലൂടെ അറിഞ്ഞു...
    അദ്ദേഹത്തിന്റെ പിതാവ് അബ്ദു ചെറുവാടിക്കും ‘യാത്രായിലെ വിചിത്രാനുഭവങ്ങള്‍’ എന്നാ ഈ പുസ്തകത്തിനും സ്നേഹ പ്രണാമം. ഈ പരിചയപ്പെടുത്തലിന് ഷേയക്ക് നന്ദിയും.

    ReplyDelete
  24. 'യാത്രയിലെ വിചീത്രാനുഭവങ്ങള്‍' വായിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരാളാണ്‌ ഞാന്‍. അര്‍ഹിക്കുന്ന ശ്രദ്ധയും പ്രചാരവും ഈ കൃതിക്ക് ലഭിച്ചോ എന്ന് ഈ കുറിപ്പെഴുതിയ ആള്‍ പ്രകടിപ്പിച്ച ഖേദം വായനാനന്തരം എന്നിലുമുണ്ടായി.

    ജീവിതത്തിന്റെ ഗതിവിഗതികളുടെ ആകസ്മികതയെപറ്റിയും അനുഭവങ്ങളുടെ ആഴപ്പരപ്പിനെപ്പറ്റിയും അതിശയംകൂറി പുസ്തകത്തില്‍നിന്ന് കണ്ണുയര്‍ത്തി ഒരു മാത്ര ചിന്തിച്ചിരിപ്പിക്കുന്ന ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ ഈ കൊച്ചുകൃതിയിലുണ്ട്.

    അബ്ദു ചെറുവാടി എന്ന അനുഗൃഹീത എഴുത്തുകാരന്റെ എല്ലാ രചനകളും തേടിപ്പിടിച്ചു വായിപ്പിക്കാന്‍ അനുവാചകനെ പ്രേരിപ്പിക്കാന്‍ പര്യാപ്തമായ വശ്യതയും ഈ ചെറുകൃതിക്കുണ്ട്.

    ചാരുതയാര്‍ന്ന ഈ കുറിപ്പിലൂടെ സര്‍വ്വോചിതമായി പുസ്തകത്തെ പരിചയപ്പെടുത്തിയതിനു നന്ദി.

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!