Tuesday, October 19, 2010

Friday, October 15, 2010

കാലം

ഇന്നെന്‍ പാട്ടും ഈണമില്ലാതെ
മീട്ടിയ ശ്രുതികള്‍ ‍ പാഴ്ശ്രുതിയായ്‌
വരച്ച വരകള്‍ തെളിയാതെ
ചാലിച്ച ഛായക്കൂട്ടുകള്‍  വര്‍ണ്ണങ്ങളില്ലാതെ
എഴുതിയ അക്ഷരങ്ങള്‍ വാക്കുകളാകാതെ ..
മായ്ക്കുന്നുവോ കാലമെന്‍ കാല്‍പ്പാടുകള്‍ ?? ‌

ഏകിയ പുഞ്ചിരികളെന്നെ കൊഞ്ഞനം  കാട്ടുന്നു
ചെയ്ത പപങ്ങളെന്നോട്   ആക്രോശിക്കുന്നു
എന്നിലെ നന്മകള്‍ പരിഹസിക്കുന്നു
സ്വവാക്കുകള്‍ ചോദ്യ ശരങ്ങളെയ്യുന്നു..
ഒടുവില്‍ കാലമിതാ എനിക്കെതിരെയും …..!!

ഞാന്‍ താണ്ടിയവഴികളിന്ന്‍ ഊടുവഴികളായ്
എന്‍ മൊഴികള്‍ വെറും ജല്പ്പനങ്ങളായ്  ‌
കണ്ടറിഞ്ഞ കാഴ്ചകള്‍ പൊയ്കാഴ്ചകളായ്
സ്വരുക്കൂട്ടിയ  അറിവുകള്‍ അശാസ്ത്രീയമായ്‌ …
എന്നിലെഎന്നെ നോക്കുക്കുത്തിയാക്കി
കാലമിതാ പടിയിറക്കുന്നുഎന്നിലെ സത്വം  ..!!

പുതുതലമുറയിന്ന്  കാലത്തിന്‍ കരു
ഇന്നലെകളിലെന്‍  യുവത്വത്തിന്‍ സ്ഥാനം
അന്ന്‍ പൂര്‍വികര്‍ തന്‍കേഴലില്‍ ‍ കനിഞ്ഞില്ല
 അന്ന് കാലത്തിന്‍ ചൂതാട്ടമെന്നറിഞ്ഞില്ല..
ഖേദിപ്പിനര്‍ത്ഥമില്ല എങ്കിലും നോവാകുന്നു
പിതൃക്കള്‍ക്കേകിയ നോവിനാഴം....

ഇന്നീ അസ്തമന താഴ്വരയിലിരുന്
ചൊല്ലട്ടെ എന്‍ പ്രിയമക്കളോട്..                                                                                                         ഇന്നിന്‍ കരുക്കള്‍ നാളെ കാലത്തിന്‍ ഇരകള്‍

നിങ്ങള്‍ വരയ്ക്കുമീ ജീവിതചിത്രങ്ങള്‍
നാളെ കാലം മായ്ക്കും നിഷ്കരുണം
തള്ളിമാറ്റും കാലയവനികയ്ക്കുള്ളില്‍
തെളിയാത്ത ഛായകൂട്ടുകള്‍ കണക്കെ….
കാലത്തിന്‍ കളിയരങ്ങില്‍                                                                                                                      കഥയാണ് കാവല്‍ക്കാരന്‍

കളിക്കുന്നവന്‍ വെറും കളിക്കാരന്‍
കാലത്തിനായ് കളിക്കുന്നവന്‍ ...!!

Sunday, October 10, 2010

ചിതറിയ വളപ്പൊട്ടുകള്‍

മനസ്സ് നിറയെ ചിതറിയ വളപ്പൊട്ടുകള്‍
സ്നേഹത്തിന്‍ പൊട്ടിച്ചിതറിയകഷണങ്ങള്‍
വളപ്പൊട്ടിന്‍ തേങ്ങല്‍ അസ്വസ്ഥമാക്കുന്നു 
ഹൃത്തില്‍ കൊളുത്തിവലിക്കുന്നു കൂര്‍മ്മാഗ്രങ്ങള്‍ ..


കൂട്ടിച്ചേര്‍ക്കാനാവാത്ത വര്‍ണ്ണപ്പൊട്ടുകള്‍ 
പെറുക്കി കളയാനാകുന്നില്ല‍ മനതാരില്‍നിന്നും ..
കണ്ണുനീരിന് രക്തവര്‍ണ്ണ മേകി,
സ്നേഹത്തിന്‍ കൂര്‍ത്ത മുനകള്‍ നോവാകുന്നു.. 
ആത്മബന്ധത്തിന്‍ ‍ മാന്ത്രിക സ്പര്‍ശവുമായ്
ഈ കടുംനിറങ്ങളിനിയും  മാടിവിളിക്കുന്നു..


അരുമയോടെ തിരഞ്ഞെടുത്തൊരിക്കലീ  വള
സൂക്ഷിച്ചു ഹൃദയത്തിലതിന്‍ മനോഹാരിത 
ലാളിച്ചു കൂടെപ്പിറപ്പെന്ന പോല്‍
മോഹിച്ചു  പിരിയരുതൊരിക്കലുമെന്ന്  
നൊമ്പരങ്ങളെ കണ്ണീരിന്‍ ചമയങ്ങളണിയിക്കാന്‍
വിരഹം വേദിയൊരുക്കുമെന്ന് വിസ്മരിച്ചതെന്തേ..
പൊട്ടിച്ചെറിയലിന്‍ അട്ടഹാസം ‌ കാതില്..
വളപ്പൊട്ടിന്‍ കിലുക്കം പരിഹാസച്ചിരിയായ്...   


കാലം കുറച്ചേക്കാം അഗ്രത്തിന്‍ കൂര്‍മ്മത
എന്കിലുമീ വര്‍ണ്ണങ്ങള്‍ മായാതെ മനസ്സില്‍ , 
നഷ്ടപ്പെടലിന്‍ തേങ്ങല്‍ മരണം വരെ , 
പോയ സ്നേഹവസന്തം അഴലായ് പിറക്കുന്നു..


എഴുതിച്ചേര്‍ത്തോട്ടെ കണ്ണുനീരിന്‍ മഷികൂട്ടില്‍,
 മനസ്സാം പുസ്തകത്തിന്‍ നഷ്ടതാളുകളിലേക്ക് ,
 പൊട്ടിച്ചിതറിയ ഈ സ്നേഹപ്പൊട്ടുകളും…


കുപ്പിവള കണക്കെ ഇഹജീവിതം
ദു:ഖത്തിന്‍ ജല്പ്പനങ്ങള്ക്കര്‍ത്ഥമില്ല 
നിനച്ചിരിക്കാതെ പുല്‍കും  വിധിയില്‍
വീണുടയാം ജീവിതമാം വര്‍ണ്ണവളകള്‍ .. 
 മായാതിരിക്കട്ട അന്നും   ഇഹത്തില്‍
നമ്മുടെതായ്‌ ശേഷിക്കുമീ സ്നേഹ പ്പൊട്ടുകള്‍‍ ..!!‍
‍  

Saturday, October 2, 2010

നിലാവിന്‍റെ തോഴന്‍

നിലാവെളിച്ചം വല്ല്യ ഇഷ്ട്ടായിരുന്നു സച്ചുവിന് നിലവിനും അവന്‍റെ സ്വപ്നങ്ങള്‍ക്കും ഒരേ നിറമാണ ത്രേ ,നിലാവുള്ള രാത്രിയില്‍ ‍ വീട്ടിലെത്താന്‍ ഒരുപാട് വൈകും . കാത്തിരുന്നു മടുത്ത മുത്തശ്ശിയുടെയും അമ്മായിയുടെയും ശകാരങ്ങളിലും സച്ചുന്റെ  മുഖത്തെ നിലാപുഞ്ചിരി മായില്ല . ഒരു ചക്കര ഉമ്മയാല്‍ മുത്തശ്ശിയുടെയും സ്നേഹാശ്ലേഷത്തില്‍ അമ്മയുടെയും വായ്മൂടികെട്ടാന്‍ വിരുതനായിരുന്നു അവന്‍  . ഇത്തരം കുസൃതികളായിരുന്നല്ലോ അവനെ എല്ലാവര്‍ക്കും പ്രിയപെട്ടവനാക്കിയത് . 

എനിക്കവന്‍ ആരായിരുന്നു ,ഇന്നും ആ ചോദ്യമെന്നില്‍ അവശേഷിക്കുന്നു . അമ്മാവന്‍റെ മകന്‍ എന്നതില്‍ കവിഞ്ഞ് പവിത്രമായൊരു  ബന്ധം ഞങ്ങള്‍ക്കി ടയില്‍ ഉണ്ടായിരുന്നു . എന്നെക്കാള്‍ ഒരു വയസ്സ് താഴെ ‌ എങ്കിലും പലപ്പോഴും ഒരുപാട് മുതിര്‍ന്നവരെ പോലെ അവന്‍ എന്നെ ശകാരിച്ചു , ഉപദേശിച്ചു .ആ സ്നേഹ ശാസനകള്‍ എനിക്കേറെ പ്രിയപെട്ടതായിരുന്നു . ഒരു വലിയ തണലായിരുന്നു സച്ചുവെനിക്ക് . എന്തും പറയാനും ഉപദേശം തേടാനും  എല്ലാം എല്ലാം. എങ്ങിനെ എന്റെ കളികൂട്ടുകാരന്‍ ഇത്രേം പക്വത നേടിയെന്ന് ഞാന്‍ ചിന്തിക്കാറുണ്ട് .കുട്ടികാലത്ത് അവന്‍ മഹാകുസൃതി ആയിരുന്നു , ആ കുസൃതികള്‍ വലുതായപ്പോഴും  വിട്ടകന്നില്ല എന്നത് സത്യം. ഒടുവില്‍ എന്‍റെ മോഹങ്ങള്‍ ‌ വീട്ടുകാരോട് വാദിച്ചു നേടിതന്നതും ആ കളിതോഴനായിരുന്നല്ലോ . എന്‍റെമനസ്സിലെ പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ അവന്‍റെ മുഖത്തെ ഭാവം വായിച്ചറിയാന്‍ എനിക്കാവാഞ്ഞതെന്തേ ,, നിനക്കും പ്രണയമോ എന്നാ ചോദ്യത്തിന്‍റെ അര്‍ത്ഥമെന്തായിരുന്നു ? എനിക്കായ്‌ അദ്ദേഹത്തെ  പോയി കണ്ടതും എന്‍റെ വീട്ടില്‍ വിഷയം അവതരിപ്പിച്ചതും സമ്മതം വാങ്ങിതന്നതും എല്ലാം സച്ചുവായിരുന്നു .ഒടുവില്‍ ഞങ്ങള്‍ പ്രവാസജീവിതത്തിനായ്‌ യാത്ര പറഞ്ഞപ്പോള്‍ ,‍സ ച്ചുവിന്റെ അന്നത്തെ  വേദനിക്കുന്ന മുഖം  ഒരിക്കലും മനസ്സില്‍നിന്നും മായില്ല .
ഇനിയെന്നും അവനീ  വേദനിക്കുന്ന മുഖമാകുമെന്ന് അന്ന് ഞാനറിഞ്ഞില്ലല്ലോ  . എല്ലാം പരസ്പരം പറയുന്ന  എന്നില്‍ നിന്ന് പോലും അവനെന്തിനാ  എല്ലാം  ഒളിച്ചു വെച്ചത് .. എന്‍റെ സന്തോഷങ്ങളെ  തൂക്കിലേറ്റെണ്ട എന്നോര്ത്താകും … കാന്‍സര്‍ അവനെ കാര്‍ന്നു തിന്നുന്ന സമയത്താണ് അതറിയാതെയെങ്കിലും‍ എന്‍റെ പ്രണയം അവനെ അറിയിച്ചതും  ആ   ബന്ധം വീട്ടുകാരെകൊണ്ട് സമ്മതിപ്പിക്കാന്‍ അവനെ ഏല്‍പ്പിച്ചതും ‍എന്നുമോര്‍ക്കുമ്പോള്‍ ‍ വെറുക്കുന്നു ഞാനെന്നെ  . ആരെയും അറിയിക്കാതെ വേദനിപ്പിക്കാതെ സ്വയം ഉരുകുകയായിരുന്നു  എന്‍റെ കളികൂട്ടുകാരന്‍ .എങ്കിലും എത്രനാള്‍  പിടിച്ചു നില്‍ക്കാനാകും .

അവന്‍റെ അസുഖവിവരം  ,,, പ്രതികരിക്കാന്‍ പോലുമാകാതെ  മരവിച്ച മനസ്സുമായ്‌ ഞാന്‍,, ഒരിറ്റ് കണ്ണീര്പോലും അവനായ്‌ നല്‍കാനാവാതെ  മരിച്ചിരുന്നു എന്നിലെ വികാരങ്ങള്‍ . നിര്‍ബന്ധങ്ങള്‍ക്ക്  വഴങ്ങി നാട്ടില്‍ പോയി അവനെ കാണുമ്പോളും ഞാന്‍ വിശ്വസിച്ചില്ല അവന്‍  രോഗിയാണെന്ന് . കാരണം  എല്ലാ വേദനകളെയും ശമിപ്പിക്കുന്ന ആ  നിലാപുഞ്ചിരി അപ്പോളും സച്ചുവിന്റെ  മുഖത്തുണ്ടായിരുന്നു …. ശ്വസിക്കാന്‍ പോലും കഴിയാതെ വിഷമിച്ചിരുന്ന അവനില്‍  എന്‍റെ സാന്നിധ്യം വരുത്തിയ  ശമനം എല്ലാവരെയും സന്തോഷിപ്പിച്ചു ,, അന്ന് രാത്രി തറവാടിന്‍റെ പൂമുഖത്തെ അവനേറെ പ്രിയപ്പെട്ട  ചാരുപടിയില്‍ കിടന്ന് പരന്നുകിടക്കുന്ന നിലാവെളിച്ചം നോക്കി സച്ചുവെന്നോട് രാവേറെ ചെല്ലുംവരെ  സംസാരിച്ചു ,, ഞങ്ങള്‍ കളിച്ചു വളര്‍ന്ന ആ തൊടിയും മുറ്റവും  പടിപുരയുമെല്ലാം അത് കേട്ട് വിതുമ്പുകയായിരുന്നോ?

സച്ചുവിന റിയാമായിരുന്നു ജീവിത പുസ്തകത്തില്‍  തനിക്കിനി മറിക്കാന്‍ചുരുക്കം താളുകളെ ന്ന്‍ .   “ എന്നെ കാണാന്‍ കൊതിക്കുമ്പോള്‍ ഈ നിലാവില്‍ വന്നിരിക്കൂ, നിനെക്കെന്നോട് സംസാരിക്കാം , ഞാന്‍ അലിഞ്ഞു ചേര്‍ന്ന നിലാവില്‍ നിനക്കെന്നെ  കാണാമല്ലോ .” അവന്‍റെ വാക്കുകള്‍ ശരിയാണെന്ന്  ഞാന്‍ അനുഭവിച്ചു ,, സച്ചു  യാത്ര പറഞ്ഞ ദിവസം  നിലാവിന് പതിവില്‍ കൂടുതല്‍ പ്രകാശ മാ യിരുന്നു …. അവന്‍റെ പുഞ്ചിരിക്കുന്ന മുഖം പോലെ ….
ഇന്നും നിലാവുള്ള രാത്രികളില്‍ ആ കുസൃതിച്ചിരി ഞാനറിയുന്നു ….. നിലാവിനും സ്വപ്നങ്ങള്‍ക്കും പകിട്ടേറ്റി കൊണ്ട്  ഇന്നവനും അതേ നിറം….