Sunday, November 27, 2011

ഗ്രീഷ്മസന്ധ്യ


നോവുകള്‍ കണ്ണീര്‍ചാല്‍ 
വെട്ടിയ മരവിച്ചൊരു  
ഗ്രീഷ്മസന്ധ്യയിലാണ്
സര്‍വ്വം ഒഴുക്കിയകറ്റി 
കുളിരുള്ള പേമാരിയായ്  
നീ പെയ്തിറങ്ങിയത്..
ഊഷ്മള പ്രണയത്തിനുമപ്പുറം 
അനിര്‍വചിനീയ ഇഴയടുപ്പം
അറിയാതെ ,പറയാതെ 
നമ്മളിലാഴ്ന്നിറങ്ങി..

മനസ്സാകെ പരന്ന് 
വെളിച്ചമേകും നനുത്തൊരു നിലാവായിരുന്നെനിക്ക് നീ
അനന്തമാം ആ നീലിമയില്‍ 
ആത്മബന്ധത്തിന്‍ സ്പന്ദനങ്ങള്‍ ആഴ്ന്നിറങ്ങുകയായിരുന്നു..
എന്നിട്ടുമെന്തേ വിരല്‍ത്തുമ്പിനപ്പുറം 
എന്‍റെ നിശ്വാസങ്ങള്‍ക്ക് 
കാതോര്‍ത്ത് നീ ഉണര്‍ന്നിരുന്നിട്ടും
മൌനത്തിന്‍ വാചലതിയില്‍ 
ഞാന്‍ ഉറക്കം നടിച്ചത്..

ഇലയനക്കങ്ങള്‍ക്കേകാതെ 
നിന്‍റെ സ്വപ്നമയക്കങ്ങള്‍ക്ക് 
കാവലിരുന്നതും,
ആകാശച്ചെരുവില്‍ വെണ്മേഘമായ് 
നീയൊഴുകുമ്പോള്‍ അകലങ്ങളില്‍, 
നൊമ്പരനൂലുകളാല്‍ തീര്‍ത്ത 
മൌനകൂട്ടിലിരുന്ന്  
കൈകുമ്പിള്‍ നീട്ടിയതും,
നീയറിയാതിരിക്കാന്‍ തമസ്സടരുകളില്‍
ആഴ്ന്നിറങ്ങിയവളാണ് ഞാന്‍...

നിന്‍റെ ഓര്‍മ്മകളില്‍ പെയ്ത 
കണ്ണീര് പേമാരിയെ പ്രളയമെന്ന് 
നീ തള്ളിപറഞ്ഞപ്പോള്‍ നിലച്ചത്
മനസ്സിലെ സ്വപ്നങ്ങളുടെ 
ഒഴുക്കായിരുന്നു..
നിനക്കുണര്‍ത്തുപ്പാട്ടായിരുന്ന 
എന്‍റെ തേങ്ങലുകള്‍,
നിന്നിലേക്കുള്ള പ്രാര്‍ത്ഥനകളായിരുന്ന 
എന്‍റെ ഉദയാസ്തമനങ്ങള്‍... 
എല്ലാം വേനല്‍ സന്ധ്യപോലെ 
വരണ്ടണുങ്ങി.. 
എന്‍റെ കണ്ണീര്‍ ചാലുകളും...


നാളേകളടര്‍ന്നുവീണ്
ഗ്രീഷ്മസന്ധ്യകള് 
ആളികത്തുമ്പോള്
ഈ മൌനക്കൂട്ടില്‍ നിന്ന് 
ഞാനുറക്കെ ചിരിക്കും, 
ഊതികത്തിച്ച അഗ്നിതാപത്തില്‍
ഉള്ളം വേവുന്നവന്‍റെ പൊട്ടിച്ചിരി..
അപ്പോഴും കൊത്തിയകറ്റപ്പെട്ട 
ഒരു കുഞ്ഞിക്കിളിയുടെ 
കത്തിയമര്ന്ന ചിത 
വിരഹഗീതം മീട്ടുന്നുണ്ടാവും..

എന്‍റെ അട്ടഹാസങ്ങള്‍ക്ക്   
നിന്നെ ഉണര്‍ത്താനാവാതെ, 
ദൂരങ്ങള്‍ക്കളക്കാനാവാത്ത
അകലത്തില്‍ നീയുറങ്ങുമ്പോള്‍
എന്‍റെ വാചാലത 
മൌനത്തിലേക്ക് അടിത്തെറ്റിവീഴും 
ഒരു പകല്‍കിനാവ് പോലെ
നിന്‍റെ ഓര്‍മ്മകളും...!!!

Wednesday, November 9, 2011

ഇതളടര്‍ന്നവ


ശോണമേഘങ്ങള്‍ വിലപിക്കുന്ന
ആകാശച്ചെരുവില്‍
പ്രണയം മറന്ന്, മാനമുപേക്ഷിച്ച്
അങ്ങകലെ കടലാഴങ്ങളില്‍
പകല്‍ രാത്രിയിലൊളിക്കുന്നു..

ഇലപൊഴിഞ്ഞ മരച്ചില്ലകള്‍
ഇടറിയ മനസ്സോടെ വെറുതെ
മണ്ണിലൊളിച്ച  ഇലകളെ നോക്കി
കടല്‍കാറ്റില്‍  തലതല്ലി കേഴുന്നു..

കൈവിരലുകള്‍ക്കിടയിലൂടെ 

പിടിതരാതെ ഊര്‍ന്ന് വീണൊരീ

പ്രണയം മറക്കാന്‍ മാനവും മരവും
സ്വയം തമസ്സിലലിയുന്നു...

അങ്ങകലെ തമസ്സിനുമപ്പുറം
കടലാഴങ്ങളിലെവിടെയോ
രണ്ടിണക്കിളികളപ്പോഴും
പ്രണയം പൂക്കും പുലരിക്കായ്
തപംചെയ്തിരുന്നു..!!