വെറുതെ

പശിയടങ്ങാതെ അക്ഷരക്കോലങ്ങള്‍


ഒന്നമര്‍ത്തി തുടച്ചാല്‍ മായ്ച്ചു കളയാന്‍ ഏറ്റവും എളുപ്പമുള്ളവയത്രെ ചില ബന്ധങ്ങള്‍.  പ്രത്യേകിച്ചും ഏതോ മഴനനവില്‍ രൂപംകൊണ്ട മഴവില്ല് പോലെ ശൂന്യതയിലങ്ങിനെ തിളങ്ങി നില്‍ക്കുന്ന സുഹൃത്ബന്ധങ്ങള്‍. കടപ്പാടിന്‍റെയോ രക്തബന്ധങ്ങളുടേയോ ഒരു അടയാളം പോലും അവശേഷിപ്പിക്കാനാവാതെ  തുടച്ചു നീക്കാന്‍ ഒരു ചെറിയ നനവ് മതിയവയ്ക്ക്. ഇതുവരെ അങ്ങിനെയൊന്ന് ഉണ്ടായിരുന്നോ എന്ന് സംശയിപ്പിക്കും വിധം മായികമാവും ആ ബന്ധിത ചരിതം. പക്ഷേ അങ്ങിനെ മായ്ച്ചു കളയാനാവാതെ ഹൃദയത്തിന്‍റെ അകംഭിത്തികളില്‍ കോറിവരയ്ക്കപ്പെട്ട ചില സൌഹൃദങ്ങളില്ലേ, കാലം പൂപ്പല്‍ മൂടി മറച്ചാലും ഓര്‍മ്മകള്‍ മാറ്റുരച്ച് നോക്കി പുറത്തെടുക്കുമ്പോള്‍ പത്തരമാറ്റ് തിളങ്ങുന്ന ചില പ്രിയപ്പെട്ട ബന്ധങ്ങള്‍..

ഇന്ന് മന്‍സൂര്‍ ചെറുവാടിയുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ആ പോസ്റ്റിലെ റാന്തല്‍ വിളക്ക്   ദിവസങ്ങളായി മനസ്സില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന ഓര്‍മ്മകളിലേക്ക് വീണ്ടും വഴിനടത്തി. ഇത്രനാളും ഞാന്‍ മനപൂര്‍വ്വമല്ലെങ്കിലും മറന്നുവെച്ച എന്‍റെ പ്രിയകൂട്ടുകാരിയിലേക്കും. എത്ര ലാഘവത്തോടെയാണെനിക്ക് അവളെ മറന്നുവെച്ചെന്ന് സമ്മതിക്കാനാവുന്നത് എന്നതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഇത്രയധികം മാറാന്‍ മാത്രം എനിക്കായതെങ്ങിനെയെന്നത് വര്‍ഷങ്ങളെ കീറിയെടുത്ത പ്രവാസത്തിനെറിഞ്ഞുകൊടുത്ത് തലകുനിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.

ബഷീറ;  എന്‍റെ പ്രൈമറി സ്കൂളിലെ കൂട്ടുകാരി. ഒന്നാം ക്ലാസ്സില്‍ തുടങ്ങി നാലാം ക്ലാസ്സ് വരെ ഒരേ ബഞ്ചിലിരുന്ന് പഠിച്ചവള്‍ . സ്കൂളിലേക്കുള്ള പതിനഞ്ച് മിനിട്ട് വഴിനടത്തത്തില്‍ ആലിന്‍ കായ് പെറുക്കിയും പാടവക്കത്തെ മഷിത്തണ്ട് പൊട്ടിച്ചും വെള്ളച്ചാലിലെ പരല്‍മീനുകളെ നോക്കിനിന്നും കുട്ട്യേളെപിടുത്തക്കാരുടെ കഥകള്‍ പങ്കുവെച്ചും സഹയാത്രികയായവള്‍. നല്ല കയ്യക്ഷരം കൊണ്ടും സിസിലിടീച്ചറുടെ മലയാളം ക്ലാസ്സില്‍ പദ്യങ്ങള്‍ ഈണത്തില്‍ ചൊല്ലിയും ഷീലടീച്ചറുടെ കണക്ക്ക്ലാസ്സില്‍ ഉത്തരങ്ങള്‍ ശരവേഗത്തില്‍ കണ്ടെത്തിയും എന്‍റെ ആരാധാനപാത്രമായവള്‍ .

വീട്ടിലാര്‍ക്കും ഇഷ്ടമല്ലെങ്കിലും ഉപ്പാടെ നിര്‍ബന്ധമായിരുന്നു  ആ നാട്ടിലെ കുട്ടികളിലധികവും പഠിക്കുന്ന നാട്ടിലെ പ്രൈമറി സ്കൂളില്‍ തന്നെ ഞാന്‍ പഠിക്കണമെന്നത്. അവളാദ്യം പഠിക്കേണ്ടത് മനുഷ്യനാവാനാണ് എന്ന ഉപ്പാടെ നിര്‍ബന്ധിത പാഠം ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കും ദഹിക്കുന്നതായിരുന്നില്ല. അവിടെനിന്നാണ് എന്‍റെ വീടിന്‍റെ ആറേഴ് വീടുകള്‍ മാത്രം അകലമുള്ള കോളനിപറമ്പില്‍ താമസിക്കുന്ന മീന്‍കാരന്‍ മമ്മദ്ക്കാടെ മകള്‍ ബഷീറയും കരുവാന്‍ താമീടെ മകന്‍ ഗണേഷനുമെല്ലാം എന്‍റെ കൂട്ടുകാരാവുന്നത്. അവിടെ നിന്നാണ് ചോറ് കൊണ്ടുവരാത്ത ബഷീറയുമായി ഒരേ പാത്രത്തില്‍ നിന്ന് പങ്കുവെച്ചുണ്ണാന്‍ ഞാന്‍ പഠിച്ചത്. ഉച്ചനേരങ്ങളിലെ ഇല്ലായ്മയുടെ വറുതികളും വിശക്കുന്നവന്‍റെ വയര്‍കാളിച്ചയും എനിക്ക് തിരിച്ചറിയാനായത്. മീന്‍ വിറ്റ് വന്ന വൈകുന്നേരങ്ങളില്‍  വാപ്പ മടിക്കുത്തില്‍നിന്നും അവള്‍ക്കെടുത്ത് കൊടുക്കുന്ന അഞ്ച്പൈസ തുട്ടുകൊണ്ട് സ്കൂള്‍നിരത്തിലെ പെട്ടികടയില് നിന്നും വാങ്ങി ഞാനുമായി പങ്കുവെയ്ക്കുന്ന കാരയ്ക്കമിഠായിയുടെ മാധുര്യം നാവിന്‍ തുമ്പിലുണ്ടിപ്പോഴും.

ബഷീറ മിടുക്കിയായിരുന്നു. ടീച്ചര്‍മാര്‍ക്കും അവളെ വലിയ ഇഷ്ടമായിരുന്നു. നന്നായി പഠിക്കും. ഒരു അല്ലലും പുറത്ത് കാട്ടാതെ പഴകി ദ്രവിച്ചതാണെങ്കിലും വൃത്തിയായി വസ്ത്രം ധരിക്കും. പതിനൊന്ന് പെണ്മക്കളില്‍ ഏഴാമത്തവളാണ് അവള്‍. വാപ്പയെ, മീന്‍ ഉണക്കാന്‍ നിരത്ത് വക്കത്തെ പാറക്കല്ലില്‍ കൊണ്ട്പോയി വിതറിയിടാന്‍ സഹായിക്കല്‍ തുടങ്ങി ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഒതുക്കിയാണവള്‍ സ്കൂളിലേക്ക് വരുന്നത്. സ്കൂളിലേക്കുള്ള ഓട്ടത്തിനിടെ എന്‍റെ വീട്ടുപടിക്കല്‍ വന്നവള്‍ ഉറക്കെ വിളിക്കും ‘കുഞ്ഞേ. വേം വാ..’ ന്ന്. കൂട്ടുകാരിയാണെങ്കിലും വലിയവീട്ടിലെ കുട്ടികളെ പേര് വിളിക്കാന്‍ പാടില്ലത്രെ. എന്നേക്കാള്‍ ഒന്നോരണ്ടോ വയസ്സ് മാത്രം മുതിര്‍ന്നവളാണ് ബഷീറ. അവളുടെ കൂടെ സ്കൂളിലേക്ക്  കുട്ടികളുടെ ഒരു വലിയ കൂട്ടവുമുണ്ടാവും. പ്രധാനനിരത്തിലൂടെയും പിന്നെ പാടവരമ്പുത്തുകൂടെയുമുള്ള ഞങ്ങളുടെ യാത്രയുടെ മേല്‍നോട്ടക്കാരി അവളാണ്.

ആഴ്ചയവസാനങ്ങളിലെ വൈകുന്നേരങ്ങളില്‍ ബഷീറ എന്‍റെ വീട്ടില്‍ വരും പഠിക്കാന്‍ , വീട്ടിലെ റേഷന്‍ മണ്ണെണ്ണ തീരുന്നതുകൊണ്ട് വിളക്ക് കത്തിക്കാനാവാതെ. അവള്‍ വരുന്ന ദിവസങ്ങളില്‍ വൈദ്യുതി ഇല്ലാതിരിക്കുന്നതാണെനിക്കിഷ്ടം. റാന്തല്‍ വിളിക്കിന്‍റെ വെട്ടത്തില്‍  തിരി കൂട്ടിയും കുറച്ചും  ഒരുമിച്ചിരുന്ന് പഠിക്കാം, കളിക്കാം. അല്ലെങ്കില്‍ അവള്‍ വരാന്തയിലോ അടുക്കളഭാഗത്തോ ഇരിക്കാറുള്ളൂ.

നാലാംക്ലാസ്സ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വ്യത്യസ്ത സ്കൂളുകളിലായി. അവള്‍ നാട്ടില്‍ തന്നെയുള്ള ഒരു സ്കൂളില്‍ ചേര്‍ന്നു. എന്നാലും മദ്രസയില്‍ വെച്ച് ഞങ്ങള്‍ കാണാറുണ്ട്. അവധിദിനങ്ങളില്‍  വീട്ടുജോലിക്ക് വരുന്ന ഇത്തമാരുടെ കൂടെ എന്‍റെ വീട്ടില്‍ വരും. പിന്നെ വൈകുന്നേരം വരെ ഞങ്ങള്‍ കളിക്കും. പഠിപ്പില്‍ മിടുക്കിയായിരുന്നു അപ്പോഴുമവള്‍. നാട്ടില്‍ ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള പാരിതോഷികമെല്ലാം അവള്‍ക്കായിരുന്നു ലഭിച്ചിരുന്നത്. മാര്‍ക്ക് കുറയുമ്പോള്‍ ‘ആ ബഷീറയെ കണ്ട് പഠിക്ക് , നിനക്കിവിടെ എന്ത് കുറവുണ്ടായിട്ടാ’ എന്ന വീട്ടുകാരുടെ കുറ്റപ്പെടുത്തലുകളൊന്നും അവളോടുള്ള എന്‍റെ ആരാധനയും സ്നേഹവും ഒട്ടും കുറച്ചില്ല.

പിന്നീട് ബഷീറ വീട്ടില്‍ വരാതായി. മദ്രസ്സയിലും. വീട്ടില്‍ വരുന്ന അവളുടെ ഇത്തമാരോട് ചോദിച്ചാല്‍ എനിക്ക് മനസ്സിലാവാത്ത  അവ്യക്തമായ മറുപടിയാണ് ലഭിക്കുക. മീനുമായി വരുന്ന അവളുടെ ബാപ്പയോട് ചോദിച്ചാല്‍ മമ്മദ്ക്ക മുറുക്കാന്‍ ചുവപ്പുള്ള വായതുറന്ന് മലര്‍ക്കേയൊന്ന് ചിരിക്കും. എനിക്കൊന്നും മനസ്സിലായില്ല.. കുറേ ദിവസങ്ങള്‍ക്ക് ശേഷം കുറച്ചകലേയുള്ള  ബന്ധുവിട്ടില്‍ പോയപ്പോള്‍ അവിടെ അടുക്കളയില്‍ ബഷീറ എച്ചില്പാത്രങ്ങള്‍ കഴുകുന്നു. എന്നെ കണ്ടിട്ടും കാണാത്ത ഭാവത്തില്‍ ധൃതിയില്‍ അവിടെനിന്നും മാറിപ്പോയി. എന്‍റെ കണ്‍വെട്ടത്ത് വരാതെ അവിടെ തൂത്ത് വാരുന്നു, വിറക് കൊടുന്ന് വെയ്ക്കുന്നു.  കണ്ടിട്ടും ശ്രദ്ധിക്കാതിരുന്നപ്പോള്‍ , മിണ്ടാതിരുന്നപ്പോള്‍ എനിക്ക് കണ്ണ് നിറഞ്ഞു. ഉമ്മയാണ് പിന്നീട് പറഞ്ഞത് അവളവിടെ വീട്ടുജോലിയ്ക്ക് നില്‍ക്കുകയാണെന്നും പഠിപ്പ് നിര്‍ത്തിയെന്നും അവളുടെ ബാപ്പയ്ക്ക് എല്ലാവരേയും കൂടെ നോക്കാനുള്ള വരുമാനമില്ലാത്തതുകൊണ്ടാണെന്നുമൊക്കെ. പിന്നീടവളെ കാണാനുള്ള അവസരങ്ങള്‍ ഞാനും മനപൂര്‍വ്വം ഒഴിവാക്കുമായിരുന്നു, അതവളെ വിഷമിപ്പിക്കാതിരിക്കാന്‍.അവളുടെ വിശേഷങ്ങള്‍ മറ്റുള്ളവരിലൂടെ ഞാനറിയാറുണ്ടെങ്കിലും.  ഇല്ലാത്തവന്‍റെ ഭാവി നിര്‍ണ്ണയിക്കുക കഴിവല്ല, വിശപ്പാണെന്ന പാഠവും അങ്ങിനെ പഠിച്ചു.

വാര്‍ഷികാവധിയ്ക്കായി ഇത്തവണ നാട്ടിലേക്ക് പോയത് റംളാന്‍ മാസത്തിന്‍റെ പകുതിയിലായിരുന്നു. വര്‍ഷങ്ങളായി ഇരുപത്തിയേഴാം രാവിന് വീട്ടിലുണ്ടായിട്ട്. ഒരുപാട് പഴയ പരിചയക്കാരെ വീട്ടില്‍വെച്ച് തന്നെ കാണാം എന്നതുകൊണ്ട് ഏറെ സന്തോഷകരമാണെനിക്ക് ആ ദിവസം. സദക്ക വാങ്ങിക്കാന്‍ വരുന്നവരുടെ തിരക്ക് ഒരുവിധമെല്ലാം കുറഞ്ഞ ഉച്ചതിരിഞ്ഞസമയത്താണ് എന്‍റെ കിടപ്പ്മുറിയുടെ കതകില്‍ ആരോ തട്ടിയത്. അനുവാദത്തിന് കാത്ത് നില്‍ക്കാതെ തള്ളിത്തുറന്നതും കടന്ന് വന്നതും. കരിവാളിച്ച് പല്ലുന്തിയ ആ രൂപം എന്‍റെ കൂട്ടുകാരിയിടേതാണെന്ന് മനസ്സിലായത് കുഞ്ഞേ എന്ന ആ വിളിയിലൂടെയാണ്. 

അവളെ തുച്ഛമായ സ്ത്രീധനതുകയ്ക്ക് കല്ല്യാണം കഴിച്ച് കൊണ്ടുപോയ സംസ്കാരശൂന്യനായ തമിഴനെ കുറിച്ചും അവരുടെ കുഗ്രാമത്തിലെ അനാചാരങ്ങളെ, നരകതുല്ല്യമായ ജീവിതത്തെ, മക്കളെ കാത്തിരിക്കുന്ന ഇരുളടഞ്ഞ നാളേകളെ കുറിച്ചുമെല്ലാം പറയുന്നതിനടയ്ക്ക് ബഷീറ എന്‍റെ മെത്തയില്‍ ചിതറികിടക്കുന്ന പുസ്തകങ്ങളില്‍ ചിലതെടുത്ത് വെറുതെ മറിച്ച് നോക്കുന്നത് കണ്ട് ആ പഴയ അക്ഷരസ്നേഹമോര്‍ത്ത് ഞാനവളോട് അതെടുത്തോളാന്‍ പറഞ്ഞു. 

‘വേണ്ടകുഞ്ഞേ ഞങ്ങളെപോലുള്ളവരുടെ വയറ് നിറയ്ക്കാന്‍ അക്ഷരങ്ങള്‍ക്കാവില്ല. ഞാനതെല്ലാം എന്നേ പാത്രം കഴുകുന്ന സോപ്പ്പതയ്ക്കൊപ്പം കഴുകി കളഞ്ഞു. ഇന്നെന്‍റെ അക്ഷരങ്ങള്‍, ചറപറാന്ന് ഞാന്‍ പ്രസവിച്ച് കൂട്ടിയ മക്കള്‍ മാത്രമാണ്. അവരെ കൂട്ടാനും കിഴിക്കാനും കൂട്ടിവായിക്കാനുമുള്ള പരിശ്രമത്തിലാണ് ഞാന്‍’ എന്ന വേദനയോടെയുള്ള മറുപടി  ഞാനിതുവരെ വായിച്ച എല്ലാ കഥകളേയും  മായ്ച്ച് കളയാന്‍ മാത്രം പ്രാപ്തമായിരുന്നു. 

ചില ആത്മബന്ധങ്ങളെ  ശിഥിലമാക്കാന്‍ വര്‍ഷങ്ങള്ക്കെത്ര ഒരുമിച്ച് ശ്രമിച്ചാലുമാവില്ലെന്ന് എന്‍റെ കൂട്ടുകാരിയുടെ  മെലിഞ്ഞുണങ്ങിയ   കൈകളില്‍ അമര്‍ത്തിപിടിക്കുമ്പോള്‍ ഞാന്‍ പഠിച്ചെടുത്ത മറ്റൊരു പാഠം.


തൈത


ഫേസ് ബുക്കില്‍ കഴിഞ്ഞദിവസം ഈ വീട് ആരോ പോസ്റ്റ് ചെയ്ത് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് എന്‍റെ തൈതാനേയും അവരുടെ വീടുമാണ്. ഇതുപോലെയൊരു വീടായിരുന്നു അത്. ഓല മേഞ്ഞ ഒരു കുഞ്ഞിക്കൂര. 

റബ്ബര്‍ എസ്റ്റേറ്റുകള്‍ക്കിടയിലൂടെ തൈതയുടെ കൈപിടിച്ച് ഞാനും ഇടയ്ക്ക് ആ വീട്ടില്‍ പോവാറുണ്ട്.ടാറിട്ട പ്രധാന നിരത്ത് മുറിച്ച് കടന്ന് ചെമ്മണ്‍പാതയിലൂടെ കുറച്ച് നടന്നാല്‍ പിന്നെ കുറുക്ക് വഴിയായ എസ്റ്റേറ്റിലേക്ക് കയറും. വേനല്‍ക്കാലമാണെങ്കില്‍ റബ്ബര്‍ കായകള്‍ പൊട്ടുന്ന ഒരു പ്രത്യേക താളവും ഗന്ധവും പൊതിഞ്ഞ് നില്‍ക്കുന്ന എസ്റ്റേറ്റിലൂടെയുള്ള യാത്ര ഭയപ്പെടുത്താറുണ്ടെങ്കിലും എനിക്കിഷ്ടമായിരുന്നു. കുന്നിറങ്ങി വരുന്ന കാറ്റിന് ഒരു പ്രത്യേക ഭാവമാണാ റബ്ബര്‍കാട്ടിനുള്ളില്‍.

എസ്റ്റേറ്റിറങ്ങുന്നത് ഒരു ഇടുങ്ങിയ ഇടവഴിയിലേക്കാണ്. മുള്‍വേലിക്കെട്ടി തിരിച്ച തൊടികള്‍ക്കിടയിലൂടെ ചപ്പിലകള്‍ നിറഞ്ഞ് കിടക്കുന്ന ആ ഇടവഴിയിലെ ആദ്യതിരുവില്‍ മുളകൊണ്ട് പടികെട്ടിയ ആ വീടാണ് തൈതാടെ. വീട്ടുപറമ്പിന്‍റെ നാലതിരുകളും ഒറ്റനോട്ടത്തില്‍ കാണാം. കയറി ചെല്ലുന്നിടത്ത് തന്നെ ധാരാളം മാങ്ങ തരുന്ന വലിയൊരു കോമാവാണ്. അതിനോട് ചേര്‍ന്നാണ് തൈതാടെ ഉമ്മ ചക്കരകിഴങ്ങും കൂര്‍ക്കയും നട്ടിട്ടുണ്ടാവുക. പടിയുടെ തെക്കേ ഭാഗത്ത് അപ്പുറത്തെ തൊടിയില്‍ നിന്നും ചാഞ്ഞ് നില്‍ക്കുന്ന മുളംങ്കൂട്ടത്തിന്‍റെ തണലും വേരും കാരണം ഒന്നും കൃഷിചെയ്യാന്‍പറ്റില്ല എന്ന് ആ ഉമ്മ പതിഞ്ഞ ശബ്ദത്തില്‍ പരാതിയും പരിഭവവുമില്ലാതെ പറയും.

വടക്ക് ഭാഗത്ത് ഒരു ആത്തച്ചക്കമരം, രണ്ട് അയിനി, ഒരു പ്ലാവ് എന്നിവയും ഇതിലെല്ലാം പടര്‍ത്തിയ കുരുമുളകും വെറ്റിലവള്ളിയും ഉണ്ട്. തണലാണെങ്കിലും താഴെ ഇഞ്ചി, മഞ്ഞള്‍, ചേന എന്നിവയും കാന്താരിമുളകും നട്ടിട്ടുണ്ടാവും. വീടിന്‍റെ അടുക്കളഭാഗത്തോട് ചേര്‍ന്ന് പടിഞ്ഞാറേ ഭാഗത്ത് കിണറാണ്. കിണറ്റിലേക്ക് ചാഞ്ഞ് ഒരു വലിയ അമ്പഴമരമുണ്ട്. അതിനടുത്താണ് പൂത്തും കായിച്ചും ഭ്രാന്ത് കാണിക്കുന്ന മുരിങ്ങ. മുരിങ്ങയില്‍ പടര്‍ന്ന് പന്തലിച്ച മുല്ലവള്ളിയും. ആ കിണറ്റിന്‍ കരയിലെ നനവില്‍ തൈതാടെ ഉമ്മ കുറെ നാട്ടുമരുന്നുകള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.ഒരു വാഴക്കൂട്ടവും. ബാക്കിവരുന്ന ഇത്തിരിയിത്തിരി സ്ഥലങ്ങളില്‍ കാലാവസ്ഥയ്ക്കനുസരിച്ച് പയര്‍, വെണ്ട, പാവല്‍, മത്ത, കുമ്പളം എല്ലാം കുത്തിമുളപ്പിക്കും.

കോമാവിന്‍റെ ചുവട്ടിലൂടെയാണ് വീട്ടിലേക്ക് കയറുക. വീടിന്‍റെ ചുമരുകള്‍ മണ്ണുകുഴച്ചുണ്ടാക്കിയതാണ്. എല്ലാവര്‍ഷവും ഓലമേയുന്നതിനൊപ്പം അടര്‍ന്ന് വീണ ചുമര്‍ഭാഗങ്ങള്‍ മണ്ണ് കുഴച്ച് തേച്ച് പിടിപ്പിക്കും, തറയില്‍ കരിമെഴുകും. കയറിചെല്ലുമ്പോഴേ കരിമെഴുകി മിനുസപ്പെടുത്തിയ ഒരു ഉമ്മറം. അവിടെ വലിയൊരു തിണ്ടുണ്ട്. ഒന്നോരണ്ടോപേര്‍ക്ക് സുഖമായി കിടക്കാം. പിന്നെ ആ ഉമ്മറം മുഴുവനായി വീതി കുറഞ്ഞ തിണ്ടും. തൈതാടെ വീട്ടുകാരുടെ സ്നേഹം പോലെ ഹൃദ്യമാണ് ആ തിണ്ണയിലിരുന്ന് കൊള്ളുന്ന കാറ്റും. ഉച്ചയൂണ് കഴിഞ്ഞ് തൈതാടെ ഉമ്മ പറിച്ച് തരുന്ന ചക്കരകിഴങ്ങും കടിച്ച് തിണ്ടിലിരിക്കുമ്പോള്‍ കാറ്റും ഓടികിതച്ചെത്തും.

ചിത്രത്തിലെ വീട്ടില്‍ വാഴ നില്‍ക്കുന്നിടത്തായിരുന്നു തൈതാടെ വീട്ടിലെ ആട്ടിന്‍ കൂട്. നാലോ അഞ്ചോ ആടുകള്‍ ഉണ്ടാവും. ഉമ്മറത്തിണ്ടിലേക്ക് ഇടക്കിടെ തലനീട്ടി സ്നേഹം പ്രകടിപ്പിക്കും അവ . ഉമ്മറത്ത് നിന്നും കയറുന്നത് ഒരു നടുവകത്തേക്കാണ്. ഇരുട്ടാണാ വീട്ടില്‍ നിറയെ. ഒരിടത്തും ജാലകമില്ല. ഒന്നോരണ്ടോ ഇടത്ത് മണ്‍ഭിത്തികള്‍ക്ക് ചെറിയ ദ്വാരമിട്ടിട്ടുണ്ട്. അവിടെ പക്ഷേ കുപ്പികള്‍ തിരിയിട്ട് ഉണ്ടാക്കിയ മണ്ണെണ്ണ വിളക്കും തീപ്പെട്ടിയും കടയില്‍ നിന്നും പലചരക്ക് പൊതിഞ്ഞുകൊണ്ടുവരുന്ന കടലാസ് കഷണങ്ങളും സ്ഥാനം പിടിച്ചിരിക്കും. നടുവകത്ത് നിന്നും ഒരു സ്റ്റപ്പിറങ്ങിയാണ് അടുക്കള. അതില്‍ നിന്നുമുളള പുകകാരണമാണെന്ന് തോന്നുന്നു നടുവകത്തേക്ക് കയറിയാല്‍ ഒരു ശ്വാസംമുട്ടല്‍ അനുഭവപ്പെടാറുള്ളത്. അടുക്കളയോട് ചേര്‍ന്നൊരു ചായ്പ്പുണ്ട്. അവിടെയാണവര്‍ റബ്ബര്‍ എസ്റ്റേറ്റില്‍ നിന്നും കുന്നത്ത് നിന്നും ശേഖരിക്കുന്ന വിറക് സൂക്ഷിക്കുക. അതിനോട് ചേര്‍ന്ന് കോഴിക്കൂട് ഉള്ളതുകൊണ്ട് ആ ചായ്പ്പിലേക്ക് പോവാന്‍ എനിക്കിഷ്ടമില്ലായിരുന്നു. മഴയാണെങ്കില്‍ നിറയെ കോഴികളും കോഴിക്കാഷ്ഠവും നിറഞ്ഞിരിക്കുമവിടെ.

ഈ വീട്ടിലാണ് തൈതാടെ മാതാപിതാക്കളും മൂന്ന് സഹോദരിമാരും അവരുടെ രണ്ട് പൂച്ചകളും അന്തിയുറങ്ങുന്നത്. തൈതയോ കല്ല്യാണം കഴിഞ്ഞുപോയ രണ്ട് സഹോദരിമാരോ വിരുന്ന് വന്നാല്‍ അവരും കുടുംബവും.! പക്ഷേ ആ വീട്ടില്‍ ഓരൊ തവണ പോയി വരുമ്പോഴും എല്ലാ ഇരുട്ടിനേയും കഴുകികളയുന്ന ഒരു സന്തോഷം മനസ്സില്‍ നിറഞ്ഞിരിക്കും. ആ അന്തരീക്ഷവും അവരുടെ സ്നേഹവും അത്രമാത്രം ഹൃദ്യമാണ്.മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഒരേഒരു തവണ നൈനാടെ കൂടെ അവിടെ അന്തിയുറങ്ങാന്‍ ഒരുപാട് വാശിപിടിച്ചതിന്‍റെ ഫലമായി ഉമ്മ എന്നെ സമ്മതിച്ചിട്ടുള്ളത്.അവധിക്കാലങ്ങളിലെ ഒന്നോ രണ്ടോ പകല്‍ സന്ദര്‍ശനത്തിനപ്പുറം അനുവാദമില്ലായിരുന്നു. അന്ന് നൈനയും ഞാനും കിടന്നത് വാപ്പാടെയും ഉമ്മാടെയും കൂടെ വരാന്തയിലായിരുന്നു. ഒരു ഉമ്മറത്ത് കിടന്നുറങ്ങുന്നത് ഇതാദ്യം..! അന്ന് രാത്രി മറക്കാനാവില്ല. നിറയെ മരങ്ങളും റബ്ബറെസ്റ്റേറ്റുമുള്ള ആ വൈദ്യുതിയെത്താത്ത പ്രദേശത്തെ പ്രകൃതിയിലേക്ക് തുറന്ന ശയനം ഉറക്കത്തെ ദൂരെക്കളഞ്ഞു. പേരറിയാ ജീവികളുടെയും കിളികളുടേയും മരങ്ങളുടേയും ആ രാപ്പാട്ടുകള്‍ കേട്ട്, നൈനാടെ കൈത്തണ്ടയില്‍ കിടന്ന് നേരം വെളുപ്പിക്കുമ്പോള്‍ മനസ്സ് നിറയെ ഒരു വല്ലാത്ത ഇഷ്ടമായിരുന്നു കഴിഞ്ഞുപോയ രാത്രിയോട്. ഒരിക്കലും മറക്കാനാവാത്ത വിധം മനസ്സില്‍ മുദ്രകുത്തിയ ആ രാത്രിയുടെ അനുഭവമൂല്യം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ചറിയുന്നതും.

തൈത; അങ്ങിനെയാണ് ഞങ്ങള്‍ കുട്ടികള്‍ അവരെ വിളിക്കുക. തൈതാടെ പേര് തിത്താവു എന്നാണ്. തിത്തു എന്നാണ് വീട്ടിലുള്ള മുതിര്‍ന്നവര്‍ തൈതാനെ വിളിക്കുക. ഉമ്മയെ പോലെ, മൂത്തുമ്മയെ പോലെ ഞങ്ങള്‍ സ്നേഹിക്കുന്ന ഒരാള്‍. വെല്ലിമ്മാടെ കല്ല്യാണം കഴിഞ്ഞ് വെല്ലിപ്പയുടെ വീട്ടിലേക്ക് പോവുമ്പോള്‍ കൂടെ സഹായായി പോയ പാത്തുമ്മാത്താടെ കൊച്ചുമകളാണത്രെ തൈത. (അന്നെല്ലാം കല്ല്യാണം കഴിഞ്ഞ് ഭര്‍തൃവീട്ടിലേക്ക് പോവുന്ന വധുവിനെ സഹായിക്കാനും ഉപദേശിക്കാനുമൊക്കെയായി വീട്ടിലെ പണിക്കാരില്‍ നിന്നും ഒരു സ്ത്രീയെ സഹായിയായി അയക്കുമത്രെ ചില വീടുകളില്‍ നിന്നും. ഒരുപക്ഷേ അത്രയും ചെറിപ്രായത്തില്‍ വിവാഹിതയാവുന്നതുകൊണ്ടാവും).പിന്നീട് വെല്ലിപ്പയും വെല്ലിമ്മയും വേറെ വീട്ടിലേക്ക് താമസം മാറിയപ്പോഴും പാത്തുമ്മാത്ത അവര്‍ക്കൊപ്പമുണ്ടായിരുന്നു.
ഒരേഒരു മകന്‍റെ ദാരിദ്ര്യവും കഷ്ടപ്പാടുകളും എന്നും കണ്ണുനീരിന്‍റെ ചുവയോടെ പാത്തുമ്മാത്ത പറഞ്ഞുകൊണ്ടിരിക്കും. ‘ആറ് പെണ്മക്കളെയാണ് റബ്ബോന്‍ക്ക് കൊടുത്തത്. ഒരു നേരെങ്കിലും ഓല്‍ക്ക് നേരെചൊവ്വേ പൈപ്പ് മാറ്റാന്‍ കയ്യ്ണില്ലല്ല്യോ’ എന്ന സങ്കടം കേട്ട് എടങ്ങേറായിട്ടാണ് അന്ന് ഞാന്‍ ഒരാളെ ങ്ങള് ന്റ്റെ അടുത്ത് കൊടുന്ന് നിര്‍ത്തിക്കോളീം, ഞാന്‍ നോക്കിക്കോളാന്ന് പറഞ്ഞത് എന്ന് വെല്ലിമ്മ പറയാറുണ്ട്. അങ്ങിനെയാണ് മുഹമ്മദ്ക്കാടെ മൂന്നാമത്തെ മകളായ തൈത ഞങ്ങളുടെ വീട്ടിലെ അംഗമായത്.

തൈത ഞങ്ങള്‍ക്ക് പണിക്കാരിയോ ആശ്രിതയോ അല്ല. ചോറ് വാരി തരാനും കുളിപ്പിക്കാനും കൂടെ കിടത്തി ഉറക്കാനും ശാസിക്കാനും സ്നേഹിക്കാനും എല്ലാം അധികാരമുള്ള ഒരാള്‍ . വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ അനുവാദമുള്ള ഒരാള്‍. മാതൃ സ്നേഹംപോലെ വിലപ്പെട്ടതാണ് ഞങ്ങള്‍ക്ക് ആ സ്നേഹവും. ഇന്നും ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും വിളിച്ച് ആ ശബ്ദം കേള്ക്കാതിരിക്കാന്‍ എനിക്കാവില്ല. അങ്ങിനെയൊരു ആത്മബന്ധമുണ്ട് തൈതയുമായി.

വെല്ലിമ്മ തന്നെ തൈതാനെ കല്ല്യാണം കഴിപ്പിച്ചയച്ചെങ്കിലും ഒരു നിര്‍ഭാഗ്യം പോലെ രണ്ട് വര്‍ഷത്തിനുശേഷം ഭര്‍ത്താവ് മരിച്ചു. ഒരു മോളുണ്ട്. തൈതാക്ക് വേറെ ഒരു പണിക്കും പോവാനറിഞ്ഞുകൂടാ. അവര്‍ വീണ്ടും ഞ്ഞങ്ങളുടെ വീട്ടിലേക്ക് വന്നു മോളേയും കൊണ്ട്. ഞങ്ങള്ക്കും സന്തോഷം.തൈതാക്കുള്ള പൈസ എല്ലാ മാസവും കൊടുക്കാറില്ല, അത് വീട്ടില്‍ തന്നെ സൂക്ഷിക്കാറാണ്. ആ പൈസയും മറ്റു സഹായങ്ങളും കൊണ്ട് മൂന്ന് സഹോദരിമാരെയും തൈത വിവാഹം കഴിച്ച് കൊടുത്തു. ഇപ്പോള്‍ മകളേയും. ഒരു കൊച്ചുവീടുണ്ടാക്കി. ആ വീട്ടില്‍ മകളും മരുമകനും കൊച്ചുമക്കളുമായി സുഖമായി കഴിയുന്നു ഞങ്ങളുടെ തൈത. സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരം.

നടക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് എന്നും വീട്ടില്‍ വരില്ല. പക്ഷേ ആഴ്ച്ചയില്‍ മൂന്ന് ദിവസമെങ്കിലും വരും. രണ്ട് ദിവസം കണ്ടില്ലെങ്കില്‍ വണ്ടിയുമായി ആളെ വിട്ട് ഉമ്മ വിളിച്ച് കൊണ്ടുവരും. പണിയെടുക്കാന്‍ അനുവദിച്ചില്ലെങ്കിലും വെറുതെ ആ പിറകുവശത്തെ കോലായിലിരുന്ന് ഉമ്മാട് സംസാരിച്ചിരിക്കുമ്പോള്‍ മനസ്സ് നിറയുക ഞങ്ങളുടേതാണ്,കാലംകടന്ന് വരാത്ത ഒരേ ഒരിടമാണ് ആ ‘വട്ക്കോറകോലായ്’ (വടക്കുവശത്തെ കോലായ്, വരാന്ത) എന്ന ഒരു സ്വകാര്യ അഹങ്കാരം..! അന്ന് തൈത ഞങ്ങളെ താങ്ങി വീഴാതെ നടത്തിയിരുന്നതുപോലെ ഇന്ന് തൈതാക്കൊരു കൈത്താങ്ങാവാന്‍ കഴിയുന്നല്ലോ എന്ന സന്തോഷം ചെറുതല്ല ഞങ്ങള്‍ ഓരോരുത്തരുടെ മനസ്സിലും.


ഷര്‍ബത്ത് ഗുല




അഫ്ഗാന്‍ യുദ്ധത്തിന്‍റെ ദശലക്ഷം ഇരകളില്‍ ഒന്ന് എന്നതിനപ്പുറം മുന്‍പ് ഞാന്‍ ശ്രദ്ധിക്കാതെ പോയ ഈ അഗ്നിവമിക്കുന്ന കണ്ണുകളുടെ കനലുറവ തേടി പോവാന്‍ കാരണം വായനക്കിടയില്‍ ഒരു മാഗസിനില്‍ മോള് കണ്ട ചിത്രവും അതിനെ കുറിച്ച് കൂടുതലറിയാന്‍ അവള്‍ കാണിച്ച ജിഞ്ജാസയുമാണ്. കേവലമൊരു അഫ്ഗാന്‍ യുദ്ധത്തിലെ അഭയാര്‍ത്ഥി, ഒരു പത്രഫോട്ടോഗ്രാഫര്‍ അഭയാര്‍ത്ഥികാമ്പില്‍ വെച്ച് പകര്‍ത്തിയ ചിത്രം എന്ന എന്‍റെ അറിവില്‍ ഒതുങ്ങുന്നതല്ലായിരുന്നു അച്ചൂന്‍റെ ഔത്സുക്യം. ചിത്രത്തിലെ, കാലം കഥയൊളിപ്പിച്ച കണ്ണുകള്‍ തന്നെയാണതിന് കാരണം. അങ്ങിനെ ഞങ്ങള്‍ രണ്ടുപേരും ഇന്നലെ അവളുടെ ഹോം വര്‍ക്ക് പോലും മാറ്റിവെച്ച് കത്തുന്ന കണ്ണുകളുടെ ഞരമ്പുകളിലേക്ക് അറിവു തേടിയിറങ്ങി, സൈറ്റുകളില്‍ നിന്നും ചില ലൈബ്രറി പുസ്തകങ്ങളില്‍ നിന്നുമായി ചിലതെല്ലാം ലഭിച്ചു.

ഇവള്‍ അഫ്ഗാന്‍റെ പുത്രി.ഷര്‍ബത്ത് ഗുല. സോവിയറ്റ് യൂണിയന്‍റെ അഫ്ഗാന്‍ യുദ്ധത്തില്‍ സൈന്യം വ്യോമാക്രമണത്തില്‍ തകര്‍ത്ത് തരിപ്പണമാക്കിയ ഒരു ഗ്രാമത്തിന്‍റെ സ്വന്തം മകള്‍ . ആ ഗ്രാമത്തെ, അവിടുത്തെ ഭൂരിഭാഗം ജനതയെ നാമാവശേഷമാക്കിയപ്പോള്‍ മരണത്തിനുപോലും വേണ്ടാതെ ബാക്കിവെയ്ക്കപ്പെട്ട ചില തിക്ത ജന്മങ്ങളില്‍ ഒരുവള്‍. മരണത്തിന്‍റെ പകപ്പില്‍ നിന്നും മരിച്ചിട്ടില്ലെന്ന തിരിച്ചറിവോടെ നാല് സഹോദരിമാരെയും മുത്തശ്ശിയേയും വലിച്ചുവാരി ഹിമപര്‍വ്വതക്കാടുകള്‍ താണ്ടിയോടുമ്പോള്‍ ആറ് വര്‍ഷം മുന്‍പേ ഇതുപോലൊയൊരു കാരണമറിയാ ആക്രമണത്തില്‍ നഷ്ടപ്പെട്ട മാതാപിതാക്കളെയോര്‍ത്ത് ആ മനസ്സൊന്ന് തേങ്ങിയിരിക്കാം . പാക്കിസ്ഥാനില്‍ അഭയം പ്രാപിക്കുമ്പോള്‍ എല്ലാം അന്യമാക്കിയ നടുക്കുന്ന കുറേ സത്യങ്ങള്‍ ഉറഞ്ഞുകൂടിയിരുന്നു ആ പന്ത്രണ്ടുകാരിയുടെ കണ്ണുകളില്‍.

പാക്കിസ്ഥാനിലെ ഒരു സ്കൂള്‍ പരിസരത്തെ അഭയാര്‍ത്ഥി ടെന്‍റുകളുടെ സാഗരത്തിലേക്കാണവളും കൂട്ടരും ഒഴുകിയടിഞ്ഞത്. അവിടെ വെച്ചാണ് യുദ്ധതമാശകളെ കണ്ടുരസിക്കാന്‍ , മൂക്കത്ത് വിരല്‍വെച്ച് ഇതുവരെ കാണാത്ത ആശ്ചര്യ ഗോഷ്ടികള്‍ കാണിക്കാന്‍ കാത്തിരിക്കുന്ന പുറംലോകത്തിന് നേര്‍ദൃശ്യങ്ങള്‍ പകര്‍ന്നേകാന്‍ വിലകൂടിയ കാമറകളും അതിലും വിലകൂടിയ ജിവിതങ്ങളുമുള്ള മുതലാളിത്ത മാധ്യമപ്രതിനിധികള്‍ക്കിടയിലെ ഒരുവന്‍ തന്‍റെ ക്യാമറ അവള്‍ക്ക് നേരെ ഫോക്കസ് ചെയ്യുന്നത്. വര്‍ദ്ധിത കോപത്തിന്‍റെ, നിസ്സാഹയതയുടെ മാനസിക പ്രക്ഷുബ്ധത നോട്ടങ്ങളില്‍ പ്രതിഫലിച്ച ആ നിമിഷത്തിന്‍റെ ദൃശ്യാവിഷ്കാരമാണീ ചിത്രം!

പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സ്റ്റീവ് മെക്കറിയുടെ ക്യാമറയാണീ അഗ്നിവമിക്കുന്ന നിശ്ചലചിത്രം പകര്‍ത്തി 1984-ല് കാലത്തിന്‍റെ കീശയില്‍ ഇട്ടത് . 1985-ലെ നാഷണല്‍ ജ്യോഗ്രഫിക്ക് മാഗസിന്‍റെ പുറംചട്ടയില്‍ ഈ ചിത്രം പതിഞ്ഞപ്പോഴാണ് മാനവികമനസ്സുകളില്‍ തീയാളിയത്. പക്ഷേ അപ്പോഴേക്കും അഭയാര്‍ത്ഥികാമ്പില്‍ നിന്നും പലരും വിടവാങ്ങിയിരുന്നു. ആരെല്ലാം ഉണ്ടായിരുന്നുവെന്നോ, എവിടേക്ക് പോയെന്നോ ഒരു രേഖകളിലും അവശേഷിപ്പിക്കാറില്ലല്ലോ യുദ്ധക്കെടുതികള്‍. അതുകൊണ്ടുതന്നെ ഈ പച്ചക്കണ്ണുകളുടെ അവകാശിയുടെ പേരുപോലുമറിയാതെ അഫ്ഗാന്‍ പെണ്‍ക്കുട്ടിയെന്നറിയപ്പെടാനായിരുന്നു ലോകപ്രശസ്തിയാര്‍ജ്ജിച്ച ഈ ചിത്രത്തിന്‍റെ വിധി 2002 വരെ. രണ്ടായിരത്തി രണ്ടിലാണ് അതുവരെയുള്ള അന്വേഷങ്ങള്‍ക്ക് ഉത്തരമേകി കൊണ്ട് അഫ്ഗാനിലേക്ക് തിരികെ പോയ ആ കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതും അന്വേഷണം അങ്ങോട്ട് നീളുന്നതും.

അതുവരെയുള്ള അന്വേഷണങ്ങളില്‍ ഒരുപാട് സ്ത്രീകള്‍ അത് അവരുടെ ചിത്രമാണെന്ന് അവകാശപ്പെട്ടെത്തിയെങ്കിലും കടല്‍ പച്ച കണ്ണുകളിലൊളിപ്പിച്ച ആ അഫ്ഗാന്‍ മൊണാലിസ അവരൊന്നുമല്ലെന്ന് തെളിയിക്കപ്പെടുകയായിരുന്നു. ഒടുവില്‍ അഫ്ഗാനിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്നും ഷര്‍ബത്ത് ഗുലയെ കണ്ടെത്തുമ്പോള്‍ ആദ്യനോട്ടത്തില്‍ തന്നെ സ്റ്റീവ് മെക്കറി തിരിച്ചറിഞ്ഞു ഇതാണാ യുദ്ധവരള്‍ച്ചകളെ കണ്ണില്‍ കുടിയിരുത്തിയ പെണ്‍കുട്ടിയെന്ന്..! ശാസ്ത്രീയ പരിശോധനകള്‍ അത് ശരിവെക്കുന്നതായിരുന്നു. അന്നവര്‍ക്ക് പ്രായം മുപ്പതോടടുത്ത്, അതവര്‍ക്ക് തന്നെ കൃത്യതയില്ലെങ്കിലും. പതിനേഴ് വര്‍ഷം അനാമികയായി ജീവിച്ച അഫ്ഗാന്‍ പെണ്‍കുട്ടിയ്ക്ക് പേര് കൊടുത്തവളെ കാലം ഒരുപാട് മാറ്റിയിരുന്നു. മൃഗത്തോല്‍ പോലെ പരുക്കനായ തൊലിയും യൌവ്വനം അന്യം നില്‍ക്കുന്ന കഠിനാധ്വാന ശേഷിപ്പുകളും ഒരു യുദ്ധക്കാഴ്ച്ച പോലെ വരണ്ട ചുണ്ടുകളും ഇന്നലേകളെ മറക്കുമ്പോഴും, എല്ലാമോര്‍മിപ്പിച്ചുകൊണ്ട് കത്തുന്ന ആ കണ്ണുകളിലെ കനലൂകള്‍ അപ്പോഴും പത്തരമാറ്റ് ജ്വലിക്കുന്നുണ്ടായിരുന്നത്രെ, ഒട്ടും തീക്ഷ്ണത കുറയാതെ, ഒരിറ്റ് മൃദുലഭാവമില്ലാതെ.

പതിമൂന്നാം വയസ്സില്‍ വിവാഹിതയായി മൂന്ന് മക്കളുടെ അമ്മയായി, ഇന്നും അവര്‍ ജീവിക്കുന്നു, ചീറിപാഞ്ഞുവരാവൂന്ന ഒരു വെടിയുണ്ടയെ സദാസമയവും ഭയന്ന് സ്വപ്നങ്ങള്‍ പോലും അന്യം നില്‍ക്കുന്ന ഒരു കൂരയ്ക്കുള്ളില്‍. ഒരു നിയമമോ വ്യവസ്ഥിതിയോ ഇല്ലാത്ത രാജ്യത്ത് മാറിമാറി വരുന്ന അധികാരങ്ങളുടെ കളിപ്പാവകളായി നിശബ്ദം ജീവിക്കുന്ന ഗുല അടങ്ങുന്ന ഇക്കൂട്ടര്‍ക്ക് ഒരു സ്വപ്നമേ ഉള്ളൂ, പട്ടിണികിടക്കാതെ മരിക്കാനാവുക! എഴുത്തും വായനയും ഒരു പൊട്ടിത്തെറിയില്‍ അവസാനിക്കാനുള്ള ജീവിതങ്ങള്‍ക്കുള്ള യോഗ്യതയല്ലാത്തതുകൊണ്ടാവാം അവരും നിരക്ഷരയായത്.



ഈ ചിത്രം പന്ത്രണ്ടാം വയസ്സിലെടുക്കുമ്പോള്‍ അതവരുടെ ജീവിതത്തിലെ ആദ്യത്തെ ചിത്രമെടുക്കലായിരുന്നു. ലോകമനസാക്ഷിയെ അസ്വസ്ഥമാക്കിയ ഈ ചിത്രം അവര്‍ രണ്ടായിരത്തിപന്ത്രണ്ടില്‍ തന്നെ തേടിയെത്തിയവരിലൂടെയാണ് കാണുന്നതും അറിയുന്നതും. ജീവിതത്തിലെ രണ്ടാമത്തെ ചിത്രമെടുക്കാന്‍ അവര്‍ നിന്നുകൊടുക്കുന്നതും അന്നാണ്, രണ്ടായിരത്തി പന്ത്രണ്ടില്‍,!. കത്തുന്ന ആ നേത്രങ്ങളുടെ സ്വാധീനശക്തി
അപ്പോഴും ക്യാമറാ ലെന്‍സുകളെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു.



തിരിച്ചുപോവാന്‍ ഒരു ഗ്രാമം പോലും അവശേഷിക്കുന്നില്ലെന്ന സത്യം ഇല്ലാതാക്കിയത് അന്ന് അനേകായിരങ്ങളുടെ നാളെകളെയാണ്. അധികാരവര്‍ഗ്ഗത്തിന്‍റെ അത്യാര്‍ത്തി ഇല്ലാതാക്കിയ ജീവിതങ്ങളുടെ തടവുപ്പുള്ളികള്‍. ഒരു അനുഷ്ടാനം പോലെ അതിന്നും തുടരുന്നു,പല ദേശങ്ങളില്‍, പല കാരണങ്ങളില്‍,.. ആര്‍ക്ക്, എന്തിന് വേണ്ടിയെന്ന് അറിയാതെ യുദ്ധങ്ങള്‍ ഏറ്റ് വാങ്ങിക്കൊണ്ട് വെടിയൊച്ചകള്‍ക്കും രക്തഗന്ധങ്ങള്‍ക്കുമൊപ്പം ഉണര്‍ന്നുറങ്ങുന്ന ഒരു നിശബ്ദ ജനവിഭാഗമുണ്ട്, കണ്ണുകളിലെ അജ്ഞതയുടെ പകപ്പ് മാത്രം അവര്‍ക്ക് സ്വന്തം. കുനിഞ്ഞ ശിരസ്സോടെ മാത്രമേ അവര്‍ നടക്കാറുള്ളൂ, അത്രയും കാഴ്ച്ചകളെ അവഗണിക്കാമെന്നോര്‍ത്താവാം. കൂരകളിലേ അവരന്തിയുറങ്ങാറുള്ളൂ, പൊട്ടിച്ചിതറുമ്പോള്‍ വന്ന് പതിക്കുന്നവയുടെ ആഘാതമോര്‍ത്താവാം. എല്ലാ രണഭൂമികള്‍ക്കും വല്ലാത്തൊരു വരള്‍ച്ചയനുഭവപ്പെടുന്നത് മനുഷ്യത്വം അന്യം നില്‍ക്കുന്നതുകൊണ്ടാവാം.

ഇരുതലമൂര്‍ച്ചയുള്ള ഈ നോട്ടത്തിനുമുന്നില്‍ ഇന്നും അധിനിവേശത്തിന്‍റെ കാവാലാളുകള്‍ക്കൊപ്പം ലോകമനസ്സാക്ഷിയും നുറുങ്ങി നീറുമ്പോഴും ആരെയും പഴിചാരാതെ ഷര്‍ബത്ത് ഗുലാ പറയുന്നൊരു ന്യായമുണ്ട്. “ എല്ലാം ദൈവനിശ്ചയമാണ്....!!” അതെ, നമുക്കും ആശ്വാസിക്കാം, മുങ്ങിതാഴുന്നവന് കിട്ടിയ കച്ചിതുരുമ്പ് പോലെ ഈ വാക്കുകളില്‍...





അച്ചൂന്‍റെ വിശേഷങ്ങള്‍



മോളുടെ സംസാരം കേട്ടിരിക്കുക എന്നതാണ് ഞാനേറ്റവും ഇഷ്ടപ്പെടുന്ന ഒഴിവുസമയ വിനോദം. അവള്‍ സംസാരിക്കാന്‍ വന്നാല്‍ എത്ര താല്പര്യത്തോടെ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകമാണെങ്കിലും അതടച്ചുവെച്ച് അവള്‍ക്ക് കാതോര്‍ക്കും. അവളെന്തെങ്കിലും പറഞ്ഞുതുടങ്ങിയാല്‍ അതിന് പരമാവധി ശ്രദ്ധകൊടുക്കുക എന്നതൊരു ശീലമായി മാറിയിരിക്കുന്നു.

കുട്ടികളുടെ സംസാരം ശ്രദ്ധിക്കുന്നത് പലപ്പോഴും ഏറെ ആസ്വാദ്യകരമാണ്. ഒരു പുസ്തകവായനയേക്കാള്‍, ടിവി ഷോയേക്കാള്‍, സിനിമയേക്കാള്‍ എല്ലാം മികച്ച അനുഭവമാകുമത്. പക്ഷേ അവരെ ശ്രദ്ധിച്ചിരിക്കുമ്പോള്‍ അത് പൂര്‍ണ്ണതയോടെയായിരിക്കണം, ആ കുഞ്ഞുമൊഴികള്‍ക്കൊപ്പം, മിഴികളില്‍ മിന്നിമായുന്ന ഭാവഭേദങ്ങളുറ്റുനോക്കി, മുഖത്ത് ഛായം തേക്കുന്ന സ്വരഭേദങ്ങള്‍ക്കൊപ്പം, കയ്യിളക്കങ്ങളറിഞ്ഞ് ഇറങ്ങി നടക്കണം ഒരു ആലസ്യവുമില്ലാതെ നമ്മളും. എന്നാലേ ഇത്തിരിപോന്ന ആ വ്യക്തിമഹത്വങ്ങളുടെ ആഴമറിയാനാവൂ.

ക്ലാസ്സിലേയും സ്കൂള്‍ ബസിലേയും കൂട്ടുകാരെ കുറിച്ചും അവള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തിലെ കഥാപാത്രങ്ങളെ കുറിച്ചുമാണ് അച്ചൂനെന്നോട് പറയാനുണ്ടാവുക അധികവും. അതല്ലെങ്കില്‍ അവള്‍ക്കിഷ്ടപ്പെട്ട ബാര്‍ബി സിനിമകളിലെ അത്ഭുതലോകത്തെ കുറിച്ച്. ഞാന്‍ വായിക്കാത്ത പുസ്തകങ്ങളെ കുറിച്ചും ഞാനറിയാത്ത കൂട്ടുകാരെ കുറിച്ചുമാണ് പറയുന്നതെങ്കില്‍ അതിലെ ആശ്ചര്യചിഹ്നങ്ങളുടെ എണ്ണം ഒരുപാട് കൂടും എന്നത് മനസ്സിലോര്‍ത്തുകൊണ്ടുവേണം അവളെ കേള്‍ക്കാനിരിക്കാന്‍ . പലപ്പോഴും അവളുടെ ഭാവനകള്‍ക്കനുസരിച്ച് കഥയുടെ ഗതി വിഗതിയാവുമെന്ന ജാഗ്രതയും വേണം. എന്നാലും ആ കഥയുടെ മൂഡ് കഴിഞ്ഞാല്‍ അവള്‍ വന്ന് എന്നോട് പറയും , ഉമ്മാ, ഞാനപ്പോ പറഞ്ഞ കാര്യമില്ലേ അത് സത്യത്തില്‍ ഇങ്ങിനെയായിരുന്നു, അപ്പോ അങ്ങിനെ പറഞ്ഞത് വെറുതെയാ. എന്നാലും ഞാന്‍ പറഞ്ഞതില്‍ ഇതൊക്കെ സത്യമാ..! രാത്രി ഉറങ്ങുന്നതിന് മുന്‍പ് അത് ക്ലിയര്‍ ചെയ്തില്ലെങ്കില്‍ അവള്‍ക്കുറക്കം വരില്ല. ഞാനുമതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാറില്ല. ഭാവന നല്ലതാണ്, പക്ഷേ അത് കള്ളം പറയാനാവരുത് എന്ന് അവളെ മനസ്സിലാക്കി കൊടുത്തിട്ടുണ്ട്. അതിന്‍റെ അനന്തരഫലങ്ങളും നല്ല ബോധ്യമുള്ളത് കൊണ്ടാണ് രാത്രി ഉറക്കം വരാത്തതും.

ഓരോ വര്‍ഷവും ക്ലാസ്സുകള്‍ കൂട്ടികലര്‍ത്തുന്നതുകൊണ്ട് സ്ഥിരമായി ഒരു സുഹൃത്ത് എന്നത് മറ്റുകുട്ടികളെ പോലെ അച്ചുവിനുമില്ല. പക്ഷേ ഒരത്ഭുതം പോലെ കെ ജി 1 തുടങ്ങി ഈ നാലാം ക്ലാസ്സ് വരേയും എങ്ങിനെയൊക്കെ ഷഫ്ള് ചെയ്താലും പ്രജോദ് എന്ന തിരുവല്ലക്കാരന്‍ കൊച്ച് അവളുടെ കൂടെയുണ്ടാവൂം. കെ ജി തൊട്ടേ അവളുടെ കൂട്ടുകാരനുമാണ് അവന്‍ . അവരുടെ സൌഹൃദത്തിലൂടെ ഇപ്പോള്‍, പരസ്പരം വിളിച്ചും ഇടക്ക് കണ്ടും ആരെങ്കിലും ഒരാള്‍ അവധിയാവുമ്പോള്‍ നോട്ട്സ് പകര്‍ത്തിയെഴുതാന്‍ സ്കാന്‍ ചെയ്തയച്ചുകൊടുത്തും എല്ലാം ഞങ്ങള്‍ മാതാപിതാക്കളും നല്ല കൂട്ടുകാരായി മാറി.

പ്രജോദിനെ കുറിച്ചുള്ള അച്ചൂന്‍റെ സംസാരങ്ങള്‍ കേട്ടാണ് ഞാന്‍ ഏറെ ചിരിച്ചിട്ടുള്ളത്, ചിരിയടക്കാന്‍ പാട്പെട്ടിട്ടുള്ളതും. പ്രജോദ് എന്നത് അവളുടെ വാക്കുകളില്‍ പറയുകയാണെങ്കില്‍ ‘എക്റ്റ്റാ ഓര്‍ഡിനറി ഗയ്’ ആണ്! പ്രജോദ് എക്റ്റ്രാ ജീനിയസ്സ് ആണ് എന്നത് നേരാണ്. പാഠപുസ്തകങ്ങളേക്കാള്‍ അവനില്‍ ബില്‍റ്റ് ഇന്‍ ആയ ഒരുപാട് ടാലന്‍റ്സ് ഉണ്ട് എന്ന് എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ എന്‍റെ മോള്‍ടെ സംസാരം കേട്ടാല്‍ അവനേതോ അന്യഗ്രഹജീവിയാണെന്ന് സംശയിച്ച് പോവും.

എന്തെങ്കിലു പൊതുവായ ഒരു അറിവിനെ കുറിച്ച് സംശയം വന്ന് ഞങ്ങള്‍ ഡിസ്കസ്സ് ചെയ്യുന്നത് കേട്ടാല്‍ അവള്‍ പറയും പ്രജോദിനോട് ചോദിച്ചാ എന്തായാലും കിട്ടും..! അതിപ്പോ എന്ത് വിഷയത്തെ കുറിച്ചാണ് ഞങ്ങള്‍ അന്വേഷിക്കുന്നത് എന്നതൊന്നും അവള്‍ക്കറിയുകയേ വേണ്ട. ടിവിയില്‍ എന്തെങ്കിലും പ്രശ്നോത്തിരി കണ്ടുകൊണ്ടിരിക്ക്യാണെങ്കിലും അവള്‍ പറയും പ്രജോദുണ്ടായിരുന്നെങ്കില്‍ ക്വിസ് മാസ്റ്റര്‍ ചോദ്യം മുഴുവനാക്കുന്നതിനുമുന്‍പേ ഉത്തരം കൊടുക്കുമായിരുന്നു..! ക്ലാസ്സിലെ എന്തെങ്കിലും മത്സരത്തിന്‍റെ സര്‍ക്കുലര്‍ വന്നാലും അവള്‍ പറയും പൊതുവിജ്ഞാനമാണെങ്കില്‍ രണ്ടാംസ്ഥാനം കിട്ടാന്‍ വേണ്ടിയേ ഞാന്‍ മത്സരിക്കൂ. ഫസ്റ്റ് പ്രജോദിനു തന്നെയാണെന്ന് ഉറപ്പാ..! അതങ്ങിനെയല്ല എന്ന് എത്ര പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും കാര്യമില്ല. നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പ്രജോദിനെ ശരിക്ക് അറിയാതെയാ എന്ന് പറഞ്ഞ് പിന്നെ പറഞ്ഞുകൊടുക്കുന്ന ഞങ്ങളായി അപരാധികള്‍ .

അച്ചൂനെ പോലെയാണൊ മറ്റുള്ള കുട്ടികളുടേയും ധാരണ എന്നറിയാന്‍ ഞാന്‍ പലപ്പോഴായി പല കുട്ടികളോടും പാരന്‍സിനോടും സംസാരിച്ചു നോക്കിയിട്ടുണ്ട്. പക്ഷേ അവര്‍ക്കെല്ലാം പ്രജോദ് ക്ലാസ്സില്‍ ശ്രദ്ധിക്കാത്ത ഒരു ഉഴപ്പനാണ്. പരീക്ഷാ സമയത്ത് മാത്രം മമ്മി പഠിപ്പിച്ച് വിട്ട് നല്ല മാര്‍ക്ക് വാങ്ങിക്കുന്ന കുട്ടിയാണ്. ഇത് മോളോട് പറഞ്ഞാല്‍ അവള്‍ പറയും, പ്രജോദിന് അതിന് ക്ലാസ്സില്‍ ശ്രദ്ധീക്കേണ്ട കാര്യമൊന്നുമില്ല, അല്ലാതെ തന്നെ എല്ലാം അറിയാം. കണ്ടില്ലേ ഒന്നും ശ്രദ്ധിക്കാതെ തന്നെ ഫുള്‍ മാര്‍ക്ക് വാങ്ങിക്കുന്നത്. ഇനിയിപ്പോ പ്രജോദിന് മാര്‍ക്ക് കുറഞ്ഞാലും അവള്‍ പറയും അത് പ്രജോദ് എഴുതാതെ വിട്ടതാ, അവന്‍ അതിലും വലിയ എന്തെങ്കിലും ശ്രദ്ധിക്കാന്‍ !

ഇങ്ങിനെയൊക്കെ ആണെങ്കിലും പ്രജോദുമായി ഫുഡ് കഴിക്കാനിരിക്ക്യാന്‍ അവള്‍ക്കിഷ്ടമില്ല. അവള്‍ക്കെന്നല്ല മറ്റ് കുട്ടികള്‍ക്കും. എല്ലാവരുടേയും ടിഫിന്‍ വന്ന് നോക്കി അത് കഴിച്ചാലുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമത്രെ, ടിഫിന്‍ ടൈം കഴിയുന്നതു വരെ. ഇന്നലെ ഒരുകുട്ടിയുടെ ബെര്‍ത്ത്ഡേ പാര്‍ട്ടിയുണ്ടായിരുന്നു. ക്ലാസ്സിലെ എല്ലാകുട്ടികളും വരുന്നുണ്ട്, ക്ലാസ്സ് ടീച്ചര്‍ക്കുള്ള യാത്രാവന്ദനം കൂടിയായിരുന്നു. കെ എഫ് സിയില്‍ വെച്ച്. പ്രജോദ് വരാതിരുന്നാല്‍ മതിയായിരുന്നു വീട്ടിലിരുന്ന് മോള്‍ടെ ആത്മഗതം. അതെന്താ മോളേ? അവന്‍ വന്നാല്‍ ജങ്ക് ഫുഡ് കഴിക്കാന്‍ പാടില്ല, അതിന്‍റെ ഡിഫക്റ്റ്സ്, പ്രോബ്ലംസ് എല്ലാം പറഞ്ഞ് ഞങ്ങള്‍ക്കാര്‍ക്കും കഴിക്കാന്‍ സമ്മതിക്കില്ല.. ഫ്രഞ്ച് ഫ്രൈസൊന്നും സ്മെല്‍ ചെയ്യാനെ പാടില്ല എന്ന് അവന്‍ വായിച്ചിട്ടുണ്ടത്രെ! ഒരു ദിവസം ടീച്ചര്‍ ക്ലാസില്‍ ഒരു കഥയുടെ ഭാഗമായി ബോയ് ഫ്രണ്ട് ഗേള്ഫ്രണ്ട് എന്നതിനെ കുറിച്ച് പറഞ്ഞുകൊടുത്തത്രെ. എന്നിട്ട് ഞങ്ങളെല്ലാവരും സ്കിറ്റ് അവതരിപ്പിക്കാന്‍ വേണ്ടി ബോയ് ഫ്രണ്ട്സിനെ സെലക്റ്റ് ചെയ്തു മമ്മാ, ഇനഫ് ബോയ്സ് ഇല്ലാത്തതുകൊണ്ട് ഒരു ബോയ്ക്ക്2-3 ഗേള്‍ ഫ്രണ്ട്സ് ഉണ്ട്. പക്ഷേ പ്രജോദിനെ മാത്രം ഞങ്ങളാരും സെലക്റ്റ് ചെയ്തില്ല. അറബി കുട്ടിയായ മാ'ബ് മാത്രമാണ് സെലക്റ്റ് ചെയ്തത് എന്ന്. അതെന്താ അങ്ങിനെ? പ്രജോദിനെ സെലക്റ്റ് ചെയ്താല്‍ അവന്‍ ഫുഡ് കോര്‍ട്ടിലൊന്നും വരില്ല. ഒരു ഐസ്ക്രീം കൂടി കഴിക്കാന്‍ സമ്മതിക്കില്ല. ഞാനറിയാതെ മൂക്കത്ത് വിരല്‍ വെച്ചു പോയി.

ഇന്നിപ്പോ ഡോ. അബ്ദുള്‍ കലാം ആസാദിനെ ടിവിയില്‍ കണ്ടപ്പോള്‍ അവള്‍ അതാരാ, എന്താ എന്നൊക്കെ അന്വേഷിച്ചപ്പോള്‍ ഇന്‍ഡ്യ കണ്ടതില്‍ വെച്ച് വലിയൊരു ശാസ്ത്രഞ്ജന്‍ എന്ന് പറഞ്ഞുകൊടുത്തു. ഉടനെവന്നു കമന്‍റ്, ഇനി പ്രജോദ് വളര്‍ന്ന് വലുതായിട്ട് വേണ്ടിവരും ഇതിലും വലിയൊരു സയന്‍റിസ്റ്റ് ഇന്‍ഡ്യയിലുണ്ടാവാന്‍..!

ഒരു ദിവസം ഒരു പ്രത്യേക രീതിയില്‍ ദേഹം കൂടുതല്‍ ഇളക്കാതെ , തല തീരെ ഇളക്കാതെ, ഓടികാണിച്ച് അച്ചുവെന്നോട് പറഞ്ഞു, മമ്മാ ഇങ്ങിനെയാ പ്രജോദ് ഓടുക. അതെന്താ അവന് ഓടാനറിയില്ലേ? ഓടാനറിയാതെയൊന്നുമല്ല പ്രജോദിന്‍റെ ഹെഡ് ഫുള്‍ ബുദ്ധിയല്ലേ ആ ഹെവിനസ്സ് കൊണ്ടാ , പിന്നെ സ്പീഡില്‍ ഓടിയാല്‍ ബ്രെയിന്‍ ഇളകിയാല്‍ അവന്‍ കളക്റ്റ് ചെയ്ത് വെച്ചിരിക്കുന്ന അറിവുകളും വിവരങ്ങളുമെല്ലാം ഡിസോര്‍ഡറായി പോവില്ലേ..!
എന്‍റെ മോളുടെ വിവരമോര്‍ത്ത് ഞാന്‍ വീണ്ടും അന്തം വിട്ടു. വായിക്കുന്നവരോടുള്ള അവളുടെ ആരാധനയാണ് ഈ ഒരു അന്ധമായ വിശ്വാസങ്ങള്‍ക്ക് പുറകല്.

ഇന്ന് പ്രജോദിന്‍റെ പിറന്നാളാണ്. പിറന്നാളാശംസകള്‍ മോനൂ. അച്ചൂന്‍റെ വിശ്വാസങ്ങള്‍ക്കുമുന്നതിയില്‍ നീ വളരട്ടെ,, വലിയവനാവട്ടെ. പ്രാര്‍ത്ഥനകള്‍


എന്നാലുമെന്‍റെ മഴേ..!
---------------------------------

ഈ മഴയെന്തേ ഇങ്ങിനെ,
പ്രേയസഗേഹമണഞ്ഞ
സുമംഗലിയെ പോല്‍ ..!

ആദ്യം 

നവവധു കണക്കേ
തല താഴ്ത്തി പെയ്ത്
തത്രം മണ്മറയില്‍
തല പൂഴ്ത്തി
ഇങ്ങിനെയൊരാള്‍
ഇവിടെയില്ലന്ന ഭാവം ..

പിന്നെ 

പെയ്തൊഴുകും
കുണുങ്ങിക്കുണുങ്ങി,
തലയൊന്ന് പൊക്കി,
പരന്നൊഴുകി, ഓളംവെട്ടി
അകത്തള ആരവങ്ങളോടെ,
വീടുംതൊടിയുമൊരുമിപ്പിച്ച്
ഇരുത്തംവന്ന വീട്ടമ്മയായി..

പിന്നെ പിന്നെ 

പെയ്ത് തിമര്‍ക്കും
കാരണവത്തിയെപോല്‍
ആര്‍ത്തിരമ്പിപെയ്ത്, 
കാടും മേടുമൊന്നാക്കി
കണ്ടതൊക്കെ കൈക്കലാക്കി
നാണവും നോട്ടവും  മറന്ന്..

എന്നാലുമെന്‍റെ മഴേ, നീ
എന്തിനിങ്ങിനെ പെയ്ത് പെയ്ത്
പെണ്ണുങ്ങളെ പറയിപ്പിക്കുന്നു... !!
--------------------------------------------------------------

ഓര്‍മ്മക്ലാവ്
----------------

ഏത് നിര്‍മ്മാണക്കൂട്ടാലാണാവോ
ചില ഓര്‍മ്മകളെ സൃഷ്ടിച്ചിരിക്കുന്നത്,
ഒരിക്കലുമിങ്ങിനെ ക്ലാവ് പിടിക്കാതിരിക്കാന്‍...

ഏത് മൂശയിലാവൊ അവ രൂപപ്പെട്ടത്,

ഒരരികുപോലും ഞെളുങ്ങാത്ത
ആകാരവടിവിന്‍ പൂര്‍ണ്ണതയോടെ...

എന്നാലുമിങ്ങിനെ, തുടച്ച് നീക്കപ്പെട്ടിട്ടും

ഒരറപ്പുമില്ലാതെ കാലത്തെ നോക്കി
പല്ലിളിച്ചുകാട്ടി വെട്ടിത്തിളങ്ങാന്‍ ,
ഏത് സ്വപ്നമാണ് നിന്നില്‍
ഇനിയുമണയാതെയെരിയുന്നത്
ഓര്‍മ്മക്കൂട്ടമേ...!!
-------------------------------------------------


ഒരായുസ്സിന്‍റെ കരുതലോടെ
മുറുകെ പിടിച്ച് സൂക്ഷിച്ചിട്ടും
കൈവിരലുകള്‍ക്കിടയിലൂടെ
ഊര്‍ന്നൊഴുകി പോവുന്ന
കുസൃതിക്കാരി മഴവെള്ളത്തെ
ഓര്‍മ്മിപ്പിക്കുന്നുണ്ട് നീ..

കടുത്ത വേനലില്‍
ആഴത്തിലൊന്ന് കുഴിച്ചാല്‍
എന്നെ കാണാമെന്നോ,
നിനച്ചിരിക്കാതൊരു പെയ്ത്തില്‍
ഞാന്‍ വന്ന് പുണരുമെന്നോ
ഒരു വാഗ്ദാനം ആ
തണുപ്പിലുമവള്‍ കൈവെള്ളയില്‍
അടയാളപ്പെടുത്താറുണ്ട്..

പക്ഷേ,
കാലത്തെ ഏതാഴത്തില്‍ കുഴിക്കണം,
എത്രനാള്‍, നിന്നെയിനി
കണ്ടെടുക്കാന്‍ ?
ആയുസ്സിന്‍റെ ഏത് പെയ്ത്തിലാണ്
നീ വന്നെന്നോട് ചേരുക?

അന്ന്,
ജനിമൃതികളുടെ കണക്കുപുസ്ത്ക-
ത്തിലെ നഷ്ടപട്ടിക കീറിക്കളയണം..

എന്നിട്ട്,
ഒരു ഋതുവിനുമേകാതെ,
ഓര്‍മ്മകളെ സൂക്ഷിച്ച മനസ്സ്
ഊര്‍ന്ന് പോവാതെ കാക്കാന്‍
അനുഭവങ്ങളുടെ താഴിട്ട് പൂട്ടണം.


സ്വപ്നഗേഹം




ഈ വീട് തന്നെയായിരുന്നു നിദ്രയുടെ കിനാവുണര്‍വ്വുകളില്‍ ഇടക്കിടെ വന്നെന്നെ കൊതിപ്പിച്ച് കടന്നുകളഞ്ഞിരുന്നത്! ആ വലിയമരത്തിനു പകരം ചുവട്ടില്‍ നിറയെ പൂക്കള്‍ പൊഴിച്ച് ഒരു വലിയ ഇലഞ്ഞിമരവും വീടിന്‍റെ മേല്‍ക്കൂരയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന പാരിജാതവും ഉമ്മറപ്പടിയില്‍ നിന്നും നീളുന്ന ആ ഇടുങ്ങിയ ചെമ്മണ്‍പാതയും ഇല്ലല്ലോ എന്നതാണ് ഇതെന്‍റെ സ്വപ്നമല്ല എന്നോര്‍മിപ്പിക്കുന്നത്.

ഒരു ദിവാസ്വപ്നം പോലും കാണാനനുവദിക്കാതെ ഉണര്‍വ്വുകളെ പൂര്‍ണ്ണമായും കവര്‍ന്നെടുത്ത് സുഗന്ധ പൂരിതമാക്കിയിരുന്ന ഇലഞ്ഞിയോടും പാരിജാതത്തോടും ഓരോ പുലര്‍ച്ചകളിലും ഞാനെന്‍റെ രാത്രിസ്വപ്നത്തെ കുറിച്ച് പറയുമായിരുന്നു. നിങ്ങളെന്തേ അത്രയും മനോഹരമായ ഒരു വീട്ടുതൊടിയില്‍ പിറക്കാതിരുന്നതെന്ന് പരിഭവിക്കുമായിരുന്നു. ഒന്നു കുലുങ്ങിചിരിച്ച് പൂക്കള്‍ പൊഴിച്ച് അവരെന്നെ സമാധാനിപ്പിക്കും,അപ്പോള്‍ നിനക്ക് ഞങ്ങളെ കിട്ടുമായിരുന്നോ എന്ന്. ഈ പെറ്റിക്കോട്ടുകാരിയുടെ മനസ്സ് നിറയാന്‍ ഒരുപിടി പുതിയ പൂക്കള്‍ മതിയെന്ന് അവര്‍ക്ക് മാത്രമറിയാവുന്ന സ്വകാര്യമായിരുന്നു.

സ്വപ്നവും പരിഭവവുമെല്ലാം മറന്ന് പൊടിയിനി ഇലയില്‍ പൂക്കള്‍ പെറുക്കുമ്പോഴാവും ഉമ്മാടെ ആവര്‍ത്തനവിളികളില്‍ ഭീഷണിയുടെ ഈണം കലര്‍ന്നതുടങ്ങിയത് അറിയുക. തിരികെ നടക്കുമ്പോള്‍ മാനംമുട്ടെ വളര്‍ന്ന്, പടര്‍ന്ന് നില്‍ക്കുന്ന ഇലഞ്ഞിയെ നോക്കിയൊന്നുകൂടി പിണങ്ങും, നീ ഇത്രയും പൂവ് ഒരുമിച്ച് പൊഴിച്ചിട്ടല്ലേ എനിക്ക് മുഴുവന്‍ പെറുക്കിയെടുക്കാനാവാതെ പോയതെന്ന്..!

പാരിജാതം ഇത്തിരി കുറുമ്പിയാണ്. ധാരാളം പൂക്കള്‍ പൊഴിക്കുമെങ്കിലും ഒരു കുലയിറുത്തെടുക്കാന്‍ മുതിര്‍ന്നവരെ വിളിച്ച് വന്നാലെ അവള്‍ സമ്മതിക്കൂ. നിനക്കെന്തിനാ പൂവ്, സുഗന്ധം ധാരാളം തരുന്നുണ്ടല്ലൊ ഞാന്‍ എന്നൊരു ഭാവമാണെപ്പോഴും. ഇടയ്ക്ക് എനിക്ക് ദേഷ്യം വരും. തൊഴുത്തില്‍ പശുവിനെ കറക്കുകയോ, കഴുങ്ങിന്‍ തോട്ടത്തില്‍ വെള്ളം തിരിക്കുകയോ ആവും നാണ്വേട്ടന്‍ . എന്നാലും വാശിപിടിച്ച്, കരഞ്ഞ് ( കരഞ്ഞാല്‍ നാണ്വേട്ടന്‍ എന്ത് ജോലിത്തിരക്കിലും അതുഉപേക്ഷിച്ച് ഓടിവരും) നാണ്വേട്ടനെ വിളിച്ച് പാരിജാതത്തിന്‍റെ ചുവട്ടില്‍ വന്ന് കുറേ പൂവ് അറുത്തെടുക്കും.ആ ദേഷ്യം കഴിയുമ്പോള്‍ എനിക്ക് വിഷമാവും, പാവം പാരിജാതം ഞാന്‍ കാരണം ഒത്തിരി നൊന്ത് കാണും.

ഈ സ്വപ്നഗേഹത്തില്‍ കിടന്നുറങ്ങാനും, അവിടെ കിടന്ന് ഇലഞ്ഞിയുടേയും പാരിജാതത്തിന്‍റേയും ഗന്ധമാസ്വദിക്കാനും വല്ലാത്തൊരു കൊതിയായിരുന്നു എന്നും. ഞാനൊന്ന് മറന്നു തുടങ്ങുമ്പോഴേക്കും സ്വപ്നം വീണ്ടുമത് ഓര്‍മ്മിപ്പിക്കും. ചില രാത്രിയുറക്കങ്ങളില്‍ മുഴുനീളെ ഞാനീ വീടും പരിസരവും ജീവിച്ചിട്ടുണ്ട്. സ്വപ്നത്തില്‍ സര്‍ക്കാറുദ്യോഗസ്ഥനായ ഉപ്പ കൃഷിക്കാരനായി മാറും. ഞാനും ഉമ്മയും കൂടെ നിറയെ പൂക്കള്‍ കൃഷിചെയ്യുന്ന ആ പാടവരമ്പിലൂടെ സ്റ്റീല്‍ ഗ്ലാസ്സില്‍ കട്ടന്‍ചായയും ഇലയില്‍ പൊതിഞ്ഞ് പിടിച്ച പ്രാതലുമായി ഉപ്പാടെ അടുത്തേക്ക് പോവും. തിരികെ വരുമ്പോള്‍ കൈ നിറയെ പൂക്കളായിരിക്കും, പല വര്‍ണ്ണഭംഗികളില്‍. ഇതെല്ലാം എന്‍റെ സ്വപങ്ങളില്‍ എന്നും ഒരുപോലെയായിരുന്നു. സ്കൂളും പഠിപ്പും ഒന്നുമില്ലാത്ത ഒരു സുന്ദര ലോകം.. കൂട്ടുകാരായി കുറെ ആടും പശുവും കോഴികളും പേരറിയാത്ത ഒരുപാട് കിളികളും മാത്രം.

പിന്നീടെപ്പോഴാണാവൊ ആ സുന്ദരസ്വപ്നത്തിന് എന്നെ വേണ്ടാതായത്. ഇനിയൊരുപക്ഷേ എന്‍റെ മനസ്സില്‍ ആ നല്ല സ്വപനത്തിനിരിക്കാന്‍ ഇടമില്ലാതെ വന്നുവോ. അല്ലെങ്കില്‍ സ്വപ്നവും ഞാനും വിപരീതധ്രുവങ്ങളിലേക്ക് വളര്‍ന്നതുമാവാം. ഇടയ്ക്കെപ്പോഴോ പാരിജാതവും പിണങ്ങിപിരിഞ്ഞിരുന്നു. പലവട്ടം അരുതെന്ന് കേണിട്ടൂം എന്നെ കേള്‍ക്കാതെ ഓരോ ചില്ലകളായി ഉണക്കി പരിഭവത്തോടെ അവളും ഓര്‍മ്മകളിലേക്ക് ഒളിച്ചു. എത്ര പറഞ്ഞിട്ടും അവള്‍ക്ക് മനസ്സിലാവാതെ പോയതെന്തേ ആവോ ഞാന്‍ വെറുമൊരു പെണ്ണാണെന്നും മാറ്റൊരു ഗേഹത്തിലേക്കടര്‍ത്തിമാറ്റപ്പെട്ടത് അനിവാര്യതയാണെന്നും! ഇലഞ്ഞിമാത്രം ഇന്നും കൂടെ, മടുക്കാതെ പൂത്ത്, മുടങ്ങാതെ സുഗന്ധപരിലസയായി, വര്‍ഷത്തിലൊരിക്കലാണ് കാണുന്നതെങ്കിലും പരിഭവമൊട്ടുമില്ലാതെ. അല്ലെങ്കിലും അന്നുമെന്നും എന്നെ ഏറെയറിഞ്ഞവളാണവള്‍ , മനസ്സിലൊരിക്കലും മായാത്ത ഇലഞ്ഞിപ്പൂ സുഗന്ധവും പരത്തി എന്നെ പൂര്‍ണ്ണമാക്കുന്നവളും.!

*മോളുടെ പ്രോജക്റ്റിന് ചിത്രങ്ങള്‍ തപ്പുന്നതിനിടയില്‍ മനസ്സിലുടക്കിയ ഒരു ചിത്രവും ചിന്തകളും.




മുക്കുറ്റിപൂവ്



ചിങ്ങമാസത്തെ മഞ്ഞപ്പട്ടുടുപ്പിക്കുന്നവളാണവള്‍, മുക്കുറ്റി. മഞ്ഞ നിറമുള്ള തന്‍റെ മുടിയഴിച്ചിട്ട് അവള്‍ ഓണത്തെ ഹരം പിടിപ്പിക്കുമ്പോള്‍ മതിമറന്ന് പുവേപൊലി പാടിക്കൊണ്ട് ഓണമെത്തും..

കുട്ടികാലത്ത് ചിങ്ങമാസമെത്തിയാല്‍ തൊടിമുഴുവന്‍ മുക്കുറ്റിപ്പൂക്കളും തൊട്ടാവാടിപ്പൂക്കളും കൊണ്ട് നിറഞ്ഞിരിക്കും.. തൊട്ടാവാടിചെടികള്‍ ചിലയിടങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് വളരുമ്പോള്‍ മുക്കുറ്റി തൊടിമുഴുവന് പരന്ന് കിടക്കും.. എന്തിനേറെ മുറ്റത്തിന്‍റെ അരികുകളില്‍ വരെ സ്ഥാനം പിടിച്ചിരിക്കും. പൂക്കളമിടാന്‍ പൂ ശേഖരിക്കുമ്പോള്‍ മുക്കുറ്റി ചെടികളെ ചവിട്ടിമെതിച്ചല്ലാതെ എത്ര ശ്രദ്ധിച്ചാലും മറ്റ് പൂക്കളുടെ അടുത്തെത്താന്‍ കഴിയില്ല..! മുക്കുറ്റിയൊരു കുറുമ്പിയാണ്, ശ്രദ്ധിച്ച് പറിച്ചില്ലെങ്കില്‍ അപ്പോ പിണങ്ങും.. സൂക്ഷിച്ച് രണ്ടുവിരലഗ്രങ്ങളാല്‍ ഇറുത്തെടുത്തില്ലെങ്കില്‍ മുക്കുറ്റിപൂവ് വാടി ചതഞ്ഞുപോവും, അത്രയും മൃദുലമാണാ ഇതളുകള്‍..., എത്ര നേരം പൂവിറുത്താലാണൊരു ഇലകുമ്പിളെങ്കിലും പൂവ് കിട്ടുക.. പുലര്‍ച്ചേ എണീറ്റ് , കൂട്ടുകാരെത്തുന്നതിന് മുന്‍പെ മത്സരബുദ്ധിയോടെ പൂവിറുക്കുമ്പോഴും അവസാന ഊഴം മാത്രമാണ് മുക്കുറ്റിയുടേത്, കാരണം അതെപ്പോഴും തൊടിയില്‍ സുലഭമായി കാണും. പൂക്കളത്തില്‍ മുന്‍പന്തിയിലും മുക്കുറ്റി തന്നെ.. ഒരുമഴ ചാറിയാല്‍ മതി  വാടിപോവാന്‍, ഒരു വെയില്‍ നാളം വന്നാല്‍ വീണ്ടും പുഞ്ചിരിച്ച് മനസ്സ് നിറയ്ക്കും..

ഇപ്പോള്‍  മുക്കുറ്റി പൂക്കുന്നത് മനസ്സിലാണ്,ഓര്‍മ്മകളുടെ താഴ്വാരം നിറയെ മുക്കുറ്റിപൂക്കള്‍ ഇളംതെന്നലില്‍ തലയാട്ടി നില്‍ക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട് അവരെന്നെ,  ഞാന്‍ മറന്നു പോവുമോ എന്ന് ഭയക്കുന്ന കുട്ടികാലത്തേക്ക് തിരികെ വിളിക്കുകയാണെന്ന്.. ആ മുക്കുറ്റിപൂക്കള്‍ക്കിടയിലേക്കിറങ്ങി കുഞ്ഞുവിരലുകളാല്‍ പൂക്കളിറുക്കാന്‍ മോഹമുണ്ട്, പക്ഷേ എന്‍റെ വിരലുകള്‍ മുക്കുറ്റിപൂക്കള്‍ക്ക് പാകമല്ലാതായിരിക്കുന്നു, എത്ര മൃദുവായ് പൂവിറുക്കുമ്പോഴും  മുക്കുറ്റിപ്പൂക്കള്‍ എന്‍റെ വിരലുകള്‍ക്കിടയില്‍ ചതച്ചരയപ്പെടുന്നു, കാലം ചതച്ചരച്ച  ആ കുട്ടിക്കാലം പോലെ.. ഇന്ന്  നാട്ടില്‍ മുക്കുറ്റിയും അപൂര്‍വ്വം.. എവിടെയെങ്കിലും മുളച്ചുപൊങ്ങുന്നവയ്ക്കാവട്ടെ രാത്രി വണ്ടിക്ക്  യാത്രയ്ക്കെത്തിയ പെണ്‍കുട്ടിയെപോലെ വിളറി നില്‍ക്കുന്നു, ഏതുനിമിഷവും പിഴുതെറിയപ്പെടാമെന്ന ഉള്‍ഭയത്തോടെ..!!


No comments:

Post a Comment

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!