Sunday, December 30, 2012

ആത്മാവിന്‍റെ നോവുകള്‍-, നന്തനാര്‍.


1963-ല് പ്രസിദ്ധീകരിച്ചതാണ് നന്തനാരുടെ ‘ആത്മാവിന്‍റെ നോവുകള്‍‘ എന്ന നോവല്‍. പട്ടാളക്കാരുടെ കഥ പറയുന്ന ഈ നോവലിലൂടെ ആ കാലഘട്ടത്തിലെ പട്ടാളജീവിതത്തിന്‍റെ ദുരിതങ്ങളും ചിട്ടവട്ടങ്ങളും വായനക്കാരന് തൊട്ടറിയാം. പട്ടാള ബാരക്കുകള്ക്കുള്ളിലെ വേവും ചൂടും വിയര്‍പ്പ് നാറ്റവും അക്ഷരങ്ങളിലൂടെ വായനക്കാരനിലേക്ക് പകരാന്‍ ഈ കഥയ്ക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് വ്യക്തിത്വം പണയം വെച്ച്, ആഗ്രഹങ്ങളെ, മോഹങ്ങളെ കടിഞ്ഞാണിട്ട് ബലിമൃഗങ്ങളെ പോലെ തലതാഴ്ത്തി പിടിച്ചുമാത്രം ജീവിക്കേണ്ടിവരുന്ന സാധാരണ പട്ടാളക്കാര്‍ ഉള്ളിലൊരു നൊമ്പരമായി തീരുന്നതും കാര്‍ക്കശ്യക്കാരായ മേലധികാരികളോട് വായനക്കാരനിലും പക നുരഞ്ഞ് പൊങ്ങുന്നതും.

കഥ നടക്കുന്ന കന്‍റോണ്മെന്‍റും പരിസരപ്രദേശങ്ങളും നോവല്‍ വായിച്ചുകഴിയുമ്പോഴേക്ക് ഏറെ കണ്ടുപരിചയിച്ച ഒരിടമായി വായനക്കാരനില്‍ പതിയുന്നത് നോവലിസ്റ്റിന്‍റെ രചനാ വൈഭവം ഒന്നുകൊണ്ടാണ്. അവിടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്ന പലഭാഷ സംസാരിക്കുന്ന, വ്യത്യസ്ഥ വ്യക്തിത്വങ്ങളുള്ള, സ്വഭാവങ്ങളുള്ള, സ്വപ്നങ്ങളുള്ള, മോഹങ്ങളുള്ള, വേദനകളുള്ള ഒരുപാട് പട്ടാളക്കാരുണ്ട്. പക്ഷേ ആ പട്ടാളബാരക്കുകള്‍ക്കുള്ളില്‍ അവരുടെ വേദനകളും സങ്കടങ്ങളും മോഹങ്ങളും വ്യക്തിത്വങ്ങളും സ്വപ്നങ്ങളും ഒരേ ഭാഷ സംസാരിക്കുന്നു; കാത്തിരിപ്പിന്‍റെ, ഇച്ഛാഭംഗങ്ങളുടെ, നിരാശയുടെ നെടുവീര്‍പ്പൂകളാണവിടെ അവരെ ഒന്നാക്കുന്നത്.

കാര്‍ക്കശ്യക്കാരനല്ലാത്ത അഗര്‍വാളിനെ പോലുള്ള മേലാധികാരികളില്‍ അവര്‍ ദൈവത്തെ കാണുന്നു. അവരുടെ സമീപനം പട്ടാളക്കാരുടെ തപിച്ചുരുകുന്ന കാര്‍ക്കശ്യ ചിട്ടകളില്‍ കുളിര്‍മഴ പെയ്യിക്കുന്നു. ക്രൂരമായ സമീപനങ്ങള്‍ക്ക് പകരം തങ്ങളെ മനുഷ്യരായി കണ്ടാല്‍, പെരുമാറിയാല്‍ നഷ്ടങ്ങളേക്കാള്‍ നേട്ടങ്ങളാണെന്ന് ക്രൂരരായ ബഹുഭൂരിപക്ഷം വരുന്ന മേലാധികാരികള്‍ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ നോവല്‍. മേജര്‍ ചൊക്കലിംഗവും കേണല്‍ മല്‍ഹോത്രയുമൊക്കെ പിന്നീട് വ്യക്തിജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന ദുരവസ്ഥകള്‍ പട്ടാളക്കാരോട് കൈക്കൊണ്ട ക്രൂര സമീപനങ്ങളുടേയും മൃഗീയമായ ശിക്ഷാനടപടികളുടേയും ശാപമാണെന്ന് അവര്‍ സംതൃപ്തിയടയുമ്പോള്‍ വായനക്കാരനും അവര്‍ക്കൊപ്പം ചേരുന്നു.

പട്ടാളക്കാരനാവാന്‍ ആഗ്രഹിച്ച് പട്ടാളത്തില്‍ ചേര്‍ന്നവരല്ല ഇവിടെ മിക്കവരും. സാഹചര്യ സമ്മര്‍ദ്ദങ്ങളാല്‍ ചേര്‍ന്നവരണാധികവും. സ്വന്തം ആഗ്രഹത്താല്‍ ചേര്‍ന്നവരാകട്ടെ ആ തീരുമാനത്തില്‍ വല്ലാതെ ഖേദിക്കുന്നു. നരഗതുല്ല്യമാവുന്നു പട്ടാളജീവിതം. കാര്‍ക്കശ്യക്കാരനായ മേലുദ്ദ്യോഗസ്ഥര്‍ക്ക് കീഴില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍. അര്‍ഹിക്കുന്ന പരിഗണനയോ ഉദ്ദ്യോഗ കയറ്റമോ ഒരിക്കലും ലഭിക്കില്ല. പോറ്റി, അയ്യര്‍, സുകുമാരന്‍, വര്‍ഗ്ഗീസ് തുടങ്ങി പല കഥാപാത്രങ്ങളിലൂടെ പട്ടാള കാമ്പിലെ ദുരവസ്ഥകള്‍ ഭംഗിയായി കോറിയിട്ടിരിക്കുന്നു പട്ടാളക്കാരനായിരുന്ന നോവലിസ്റ്റ്.

ചിട്ടപ്പെടുത്തിയ പട്ടാള ജീവിതത്തിന്‍റെ കാര്‍ക്കശ്യങ്ങള്‍ക്കിടയില്‍ കുടുംബജീവിതത്തിന്‍റെ താളം തെറ്റുന്നത് അറിയാതെ പോവുന്നവരേയും ഇത്രയും കടുത്ത നിയമങ്ങള്‍ക്കിടയിലും വേലി ചാടി അസന്മാര്‍ഗ്ഗികങ്ങള്‍ പിന്തുടരുന്നവരേയും നോവലില്‍ കാണാം.. കേണല്‍ മല്‍ഹോത്രയും അയ്യരുമെല്ലാം അങ്ങിനെ ജീവിക്കുന്നവരാണ്.

പട്ടാളബാരക്കുകള്‍, മേലധികാരികളുടെ ബംഗ്ലാവുകള്‍, ഗോള്‍ഫ് ഗ്രൌണ്ട്, സിഗ്നല്‍ റെജിമെന്‍റ്, ട്രാന്‍സ്മിറ്റ് സ്റ്റേഷന്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലൂടെ പുരോഗമിക്കുന്ന ഈ നോവല്‍ ദേശസ്നേഹപ്രകീര്‍ത്തനമെന്നതിനേക്കാള്‍ പട്ടാളക്കാരുടെ ചൂടും ചൂരും വേവും സാധരണക്കാരനില്‍ നിന്നും ഭിന്നമല്ലെന്ന് പറയാനാണ് ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഒരുപാട് ജീവിതങ്ങള്‍ നമുക്കീ നോവലില്‍ കാണാം.

ഒരു നോവലിന്‍റെ ഭാഷാ ഭംഗി ഇതില്‍ കുറവായിരുന്നെങ്കിലും അതെഴുതിയ കാലഘട്ടം പരിഗണിക്കുമ്പോള്‍ മഹത്തരമായി തന്നെ തോന്നുന്നു. ഒരുപാടിടങ്ങളില്‍ വരികളും സാഹചര്യങ്ങളും വിവരണങ്ങളില്‍ സഭ്യ-സഭ്യേതര നൂലിഴയിലൂടെ കടന്നുപോവുന്നുണ്ടെങ്കിലും നോവലിസ്റ്റവ അസാമാന്യ വഴക്കത്തോടെ നിയന്ത്രിച്ചെഴുതിയിട്ടുണ്ട്.

ഇന്നിന്‍റെ വായനക്കാരന് ഒരുപക്ഷേ എഴുത്ത് ശൈലി അത്യാകര്‍ഷകമായി തോന്നില്ലായിരിക്കാം. പക്ഷേ ആത്മാവിന്‍റെ നോവുകള്‍ വായിക്കേണ്ടത് ആ കാലഘട്ടത്തെ മനസ്സില്‍ കുടിയിരുത്തിയ ശേഷമായിരിക്കണം. സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യയുടെ പ്രാരംഭവര്‍ഷങ്ങളുടെ കഥയാണെന്നോര്‍ക്കണം. അന്നത്തെ ജീവിത സാഹചര്യങ്ങളും പ്രത്യേകിച്ച് പട്ടാളക്കാരുടെ ജീവിതവും മനസ്സിലുണ്ടാവണം. അന്നത്തെ പട്ടാള ജീവിതത്തിന്‍റെ നേര്‍ചിത്രം ഇങ്ങിനെയല്ലാതെ എഴുതിയാല്‍ അതില്‍ നേര്‍ജീവിതത്തിന്‍റെ ആത്മാവുണ്ടാവില്ല..

‘ആത്മാവിന്‍റെ നോവുകള്‍‘ എന്ന പേര് എനിക്കേറെ ആകര്‍ഷകമായി തോന്നി. പട്ടാളക്യാമ്പിലെ മേലുദ്ദ്യോഗസ്ഥന്മാര്‍ മുതല്‍ ഏറ്റവും താഴെ തട്ടിലുള്ള ഓര്‍ഡര്‍ലിമാരുടെയും തോട്ടിപ്പണിക്കാരുടേയും വരെ ആത്മാവിന്‍റെ നോവുകള്‍ അതേപടി കോറിയിട്ട ഈ നോവലിന് മറ്റേതുപേരാണ് ഇതില്‍കൂടുതല്‍ ചേരുക.

നന്തനാര്‍ എന്ന നോവലിസ്റ്റിന്‍റെ ദുരിതമയമായ ബാല്യവും പിന്‍ജീവിതവും ദാരുണമായ മരണവും എല്ലാം പലയിടങ്ങളില്‍ നിന്നായി വായിച്ചപ്പോള്‍ ഈ നോവല്‍ എഴുതുമ്പോഴുള്ള അദ്ദേഹത്തിന്‍റെ മാനസീകാവസ്ഥ എന്തായിരിക്കുമെന്നാണ് ഞാനോര്‍ത്തത്. കൊടിയ ദാരിദ്ര്യത്തിന്‍റേയും കഷ്ടപ്പാടുകളുടേതുമായിരുന്നത്രെ അദ്ദേഹത്തിന്‍റെ ബാല്യവും മുഴുജീവിതവും. ഗതിയില്ലാതെ പതിനാറാം വയസ്സില്‍ പട്ടാളത്തില്‍ ചേരേണ്ടിവന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം 1962-ല് സേവനം അവസാനിപ്പിച്ച് ഫാക്റ്റിലെ ജീവനക്കാരനായി. 1974-ല് സ്വയം ജീവിതമവസാനിപ്പിച്ചു. നന്തനാരെന്ന എഴുത്തുകാരനെ കൂടുതലറിയുമ്പോള്‍ ആത്മാവിന്‍റെ നോവുകള്‍ അദ്ദേഹത്തിന്‍റെ കൂടി കഥയാണൊ എന്ന് വരെ എന്‍റെയുള്ളിലിരുന്ന് അക്ഷരങ്ങള്‍ കലപില കൂട്ടുന്നു. അതു തന്നെയാവാം കാലമിത്ര കഴിഞ്ഞിട്ടും നോവലിന്‍റെ പ്രസക്തി നിലനിര്‍ത്തുന്നത്.

Friday, December 21, 2012

ഉണ്ണിമാങ്ങയത്, എറിയരുതേ..


പഴുത്തമാങ്ങ-അത് വേണ്ട..
കഴിച്ച് കഴിച്ച് രുചികെട്ടു..
കനത്തവിലയേകാം
ഉണ്ണിമാങ്ങയെങ്കില്‍ ..

വേണ്ട, പറയേണ്ട- അറിയാം
കൈപ്പാണതിനുള്ളമെന്ന്
വളര്‍ന്ന് പാകമായില്ലെന്ന്
തകരുമെളുപ്പം പിഞ്ചുമാംസമെന്ന്
ചിതറുമതിന്‍ കുരുന്നസ്ഥിയെന്ന്
എങ്കിലും രുചിക്കാത്തത്..!

ആഞ്ഞൊന്നു വീശുക ...
ആടിയുലഞ്ഞെടുത്തെറിയാന്‍
കാത്തിരിക്കുന്നുണ്ട് മാവ്
നെഞ്ചോടമര്‍ന്നുറങ്ങും
കണ്ണിമാങ്ങയൊന്നിനെ...

വിതുമ്പുന്നതെന്തിന് കാറ്റേ
പാകിയ വിത്തിനും
ചുമക്കുന്ന മരത്തിനും
വളര്‍ത്തിയ കാലത്തിനും
നോവതില്ലെങ്കില്‍  നീ മാത്രം ..

ഭയക്കുന്നതില്ല ശിക്ഷയെ,
പരമാവധിയൊരു പല്ലുപുളി..!
പുളിപ്പത് മാറിയാല്‍ ചവച്ചരയ്ക്കാം
ഇളം മാങ്ങകള്‍ ഇനിയുമിനിയും..
കൂര്‍ത്ത ദന്തങ്ങളാല്‍ ആഴ്ന്നിറങ്ങാം
രുചിയുടെ പുത്തനുദയങ്ങളിലേക്ക്
പിഞ്ചുമാംസങ്ങളിലൂടിഞ്ചിഞ്ചായ്..

നിര്‍ലോഭമുണ്ടവ ശിഖരങ്ങളില്‍
പല വലിപ്പത്തില്‍, പാകത്തില്‍
കൈഞൊടിച്ചാല്‍ എറിയുവാന്‍
മാങ്ങകളൊരുക്കി മാവുകളും..








Tuesday, December 18, 2012

നൃത്തശാല - സിതാര. എസ്



സിതാര എസ്-ന്റെ നൃത്തശാല എന്ന കഥാസമാഹാരം സമ്മാനിച്ചത് വായനയുടെ ഇതുവരെ പരിചിതമല്ലായിരുന്ന മറ്റൊരു തലമാണ്. ചരല്‍കല്ലുകള്‍ പാകിയ വഴിയുടെ ഒത്തനടുവില്‍, എഴുന്ന് നില്‍ക്കുന്ന കൂര്‍ത്ത കല്ലുകള്‍ക്ക്മീതെ മലര്‍ന്നു കിടന്ന് വിശാലവും മനോഹരവുമായ നീലാകാശം നോക്കി കാണുന്നൊരു പ്രതീതിയായിരുന്നു ഈ വായന.

തീര്‍ത്തും പരുക്കനായ കഥപറച്ചിലിലൂടെ കഥാകാരി ഓര്‍മ്മിപ്പിക്കുന്നത്  ഞാന്‍ കഥയെഴുതുന്നത് ഇന്നില്‍ ചവിട്ടി നിന്നുകൊണ്ടാണ്, ഭാവനകളുടെ നാളേയിലോ ഗൃഹാതുരത്വത്തിന്‍റേയും ഓര്‍മ്മകളുടേയും ഇന്നലേകളിലോ മൂടിപുതച്ചുകൊണ്ടല്ല എന്നുതന്നെയാണ്. സിതാരെയെ അതുകൊണ്ട് തന്നെ വിശേഷിപ്പിച്ചോട്ടെ ഇന്നിന്റെ കഥാകാരിയെന്ന്. പരുക്കന്‍ യാതാര്‍ഥ്യങ്ങളെ പരുക്കനായി തന്നെ വായനക്കാരനിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു മിക്ക കഥകളിലും.

ദൈവവിളി, ജലം, ഉദരലിഖിതം, ഉത്തരാര്‍ത്ഥം, നൃത്തശാല, അപരിചിത, റാമെസിസിന്‍റെ പഴത്തോട്ടം, കല്പിതവൃത്താന്തം, പരകായം എന്നീ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ഓരോ കഥകളും ഒന്നില്‍ കൂടുതല്‍ വായന ആവശ്യപ്പെടുന്നുണ്ട് എന്‍റെ പരിമിതമായ വായനാമനസ്സിലേക്ക് ഒന്ന് ഒതുങ്ങി കിട്ടാന്‍ .

ഈ കഥകളിലെല്ലാം സ്ഥിരം മാമൂലുകളില്‍ നിന്നും  കുതറിമാറി പ്രതിരോധത്തിലൂന്നി ഇന്നിനെ നേരിടുന്ന ഒരു ധൈര്യശാലിയായ സ്ത്രീയെ കാണാം. കണ്ടുപഴകിച്ച അനുസരണയുടേയും പാരമ്പര്യത്തിന്‍റേയും ആഴങ്ങളിലേക്ക് കാര്‍ക്കിച്ചു തുപ്പി തിരിഞ്ഞുനടക്കുന്ന, ദൈവവിളി എന്ന കഥയിലെ ഷേര്‍ളിയും  അധിനിവേശ മേല്‍ക്കോയ്മയെ കാത്തിരിപ്പിന്‍റെ ഉള്‍ക്കരുത്തോടെ കീഴടക്കിയ,  ജലമെന്ന കഥയിലെ മസാനിയുമെല്ലാം പെട്ടെന്ന് മനസ്സില്‍വരുന്ന ഉദാഹരണങ്ങള്‍.

സിതാരയെന്ന കഥാകാരി കഥകള്‍ക്കു തിരഞ്ഞെടുത്ത പേരുകളും  ഓരോ കഥയിലൂടേയും പ്രണയം സ്നേഹം കാമം തുടങ്ങിയ ആര്‍ദ്രവികാരങ്ങളെ ട്രീറ്റ് ചെയ്ത വേറിട്ട പരുക്കന്‍ രീതിയും ശ്രദ്ധേയമായി തോന്നി. 


കഥകളോരോന്നും അവസാനിക്കുന്നതും വളരെ വ്യത്യസ്തമായാണ്. മുറ്റത്തിന്‍റെ പലകോണുകളില്‍ നിന്നും ശ്രദ്ധയോടെ അടിച്ചുവാരി ഒരുക്കൂട്ടിയ ചവറുകള്‍ കോരിമാറ്റുകയോ കത്തിക്കുകയോ ചെയ്യാതെ  പാതിയിലുപേക്ഷിച്ച് പോവുന്നതുപോലെ,  ഇവിടെ സിതാര  അതീവ ശ്രദ്ധയോടെ, നല്ല വാക്ക്ചാതുര്യത്തോടെ പറഞ്ഞു വന്ന കഥ  വ്യക്തമായൊരു സമാപ്തിയേകാതെ വായനക്കാരന്‍റെ മനസ്സിലേക്ക് കുറേ ബിംബങ്ങളെറിഞ്ഞുകൊടുത്ത്  തിരിഞ്ഞുനടക്കുകയാണ്. അവിടെ വായനക്കാരനു സ്വാതന്ത്ര്യമുണ്ട് ആ കഥയെ വേര്‍തിരിച്ചറിഞ്ഞെടുക്കാന്‍. അതുകൊണ്ട് തന്നെ ഒരു അലസവായനയിലൂടെ സിതാരയുടെ നൃത്തശാലയെ വായനക്കാരന് തന്‍റെയുള്ളില്‍ എളുപ്പം പണിതുയര്‍ത്താനാവില്ല.

നൃത്തശാല വായിച്ചുമടക്കിയപ്പോള്‍ മനസ്സില്‍ തെളിഞ്ഞുവന്നത് നാളെയുടെ എഴുത്തിന്‍റെ പുതുശൈലികളാണ്, സിതാരെയെപോലെ എഴുതാനിരിക്കുന്ന കുറേ എഴുത്തുകാരും.

പ്രസാധകര്‍ : ഡി സി ബുക്ക്സ്

വില : 38 രൂപ



Wednesday, December 5, 2012

ഞ്ഞ മ്മേ... യ്ക്ക് ഞ്ഞാ


 ( ‘നാട്ടുപച്ച‘ ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)

“ങ്ങളറിഞ്ഞാ, സുബ്രന്‍ തൂങ്ങ്യേത്?”

“ഏതു സുബ്രന്‍,  കോച്ചീടെ മോനാ?”


“ഓനന്നെ, മ്മടെ ‘ഇഞ്ഞമ്മെ തൂങ്ങി’..!”


“ദൈവേ! യ്യെങ്ങിന്യാപ്പതറിഞ്ഞേ..”


“പെലര്‍ച്ചെ പാല് കൊടുക്കാന്‍ പോവേര്‍ന്ന്. കുന്നുമ്പുറത്തെ പരീതാപ്ല വല്ല്യായില്‍ നെലോളിച്ചോണ്ട് ഓട്യര് ണു. റബ്ബറ് ചെത്താന്‍ പോയതാത്രെ എസ്റ്റേറ്റ്ല്ക്ക്,അവിടെ ആ മെഷീന്‍ പുരേടെ അടുത്ത പ്ലാങ്കൊമ്പില്.....”


കേട്ടവര്‍ കേട്ടവര്‍ കേള്‍ക്കാത്തവരിലേക്ക്..


“എന്തിനേര്‍ക്കും ഓനിങ്ങനെ ചെയ്തേ, പാവം കോച്ചി.. കണ്ടോര്ടെ മുറ്റടിച്ചും പാത്രം മോറീം എങ്ങിനെ വളര്‍ത്ത്യേതാ . ഓനെ പെറ്റപ്പൊ തുടങ്ങ്യേതാ ഓള്‍ടെ കഷ്ടകാലം. പള്ളേലായപ്പോ പോയില്ലേ ഓന്‍റച്ചന്‍”


“മക്കളെ വളര്‍ത്തുമ്പോലെ വളര്‍ത്തണം. ഓളതിനെ മനക്കലെ കിടാങ്ങളെ പോറ്റണ പോലല്ലേ പോറ്റ്യേര്‍ന്നത്. ഒന്നേള്ളൂങ്കി ഒലക്കകൊണ്ടടിക്കണമെന്ന് കാര്‍ന്നോമാര് പറേണത് വെറുത്യാ..?!”


“നേരാ യ്യി പറേണത്, കൈവെള്ളേലല്ലേ ഓളോനെ കൊണ്ട് നടന്നേര്‍ന്നത്. കൊമ്മലിച്ച് കൊമ്മലിച്ച് കേടാക്ക്യേതാ ചെക്കനെ.. ഒരുനേരം ഓള്‍ക്കോനൊരു പൊറുതി കൊടുത്തിട്ടില്ല,. പാവം.. കോച്ചിടെ സ്ഥിതിയെന്താ, കുടീല്‍ക്ക് കൊടുന്നാ ഓനെ?”


“ല്ല്യാത്രെ.. തൂങ്ങ്യോട്ത്ത്ന്നഴിച്ച് പോലീസാര് ഗേണ്മന്‍റാസ്പത്രീക്കാ കൊണ്ടോയത്..ഇനി കീറിമുറിച്ച്  ഓര്‍ക്ക് വേണ്ടതൊക്കെട്ത്ത്  തുന്നികെട്ട്യല്ലേകൊടുക്കൂ.. മൊഖംകൂടി കാണാന്ണ്ടാവില്ല്യാ.”


ഇന്ന് നാട്ടുകാരുടെ നേരം പുലര്‍ന്നത് സുബ്രന്‍റെ മരണത്തിലേക്കാണ്. രണ്ട് പിഞ്ചുമക്കളും ഭാര്യയുമുള്ള സുബ്രന്‍റെ ആത്മഹത്യ കേട്ടവര്‍ കേട്ടവര്‍ പക്ഷേ ആദ്യമോര്‍ത്തത് കോച്ചിയെ ആയിരുന്നു.


“പാവം കോച്ചിത്തള്ള, ഓളിതെങ്ങ്നെ സഹിക്കാനാ..  കാതിലിപ്പളും മൊയങ്ങ്ണ് സുബ്ബോ, സുബ്ബോന്ന് വിളിച്ച് ആ ചെക്കന്‍റെ പിന്നാലെ നടക്ക്ണ ഓള്‍ടെ വിളി”


“അതന്നെ, ഒത്തൊരു മനുസ്യനാവ്ണ വരെ ഓള്ടെ കണ്ണെട്ടത്ത് വേണായിരുന്നു ഓന്‍. കൊയ്യുമ്പളും മെതിക്കുമ്പളും മുറ്റടിക്കുമ്പളും അടിക്കാട് വീശുമ്പളും ഓള്‍ടെ ഒരു കണ്ണ് ഓന്‍റടുത്ത് ണ്ടാവും..ആരെന്ത് കൊടുത്താലും കോന്തലയില്‍ കെട്ട്യെക്കും ന്റ്റെ സുബ്ബൂനാന്ന് പറഞ്ഞ്..”


“ആ ചെക്കന്‍ പത്തന്ത്രണ്ട് വയസ്സാവണേരെ കോച്ചീടെ മൊല കുടിച്ചീര്‍ന്നതനക്കോര്‍മ്മണ്ടാ? ഒടുവില്‍ നാട്ടാര് ചീത്തപറഞ്ഞല്ലേ അത് നിര്‍ത്തിച്ചത്”


“ പീട്യേ മുറ്റത്ത് ചില്ലാനം വാങ്ങാന്‍ നിക്കുമ്പളും ആരാന്‍റെ പറമ്പിലെ തേങ്ങ പറക്കികൂട്ടി തലചുമടേറ്റി വരുമ്പളും വരെ ഓനോടിവന്ന് കുപ്പായാമാടി മുലകുടിച്ചോട്ണതും കോച്ചി  ചിരിച്ചോണ്ട് നിന്നൊട്ക്കണതും കണ്ണീന്ന് മായോ...!”


“ആറ് പെങ്കുട്ട്യോള്‍ക്കൊടുവില്‍  ദൈവം ന്റ്റെ വിളികേട്ട് വയറ്റീ വന്നെടന്നതാ ന്റ്റെ സുബ്ബു” എന്നാണ് കോച്ചി പറയുക.


ആ മാതൃ വാത്സല്യത്തില്‍ നാട്ടുകാര്‍ ഇടപെട്ടത് ഏറെ വലുതായിട്ടും  സുബ്രന്‍ അമ്മിഞ്ഞ കുടിക്കല്‍  നിര്‍ത്താതിരുന്നപ്പോഴാണ്. സ്നേഹകൂടുതലിനാല്‍ സുബ്രനെ കോച്ചി സ്കൂളില്‍ അയക്കാതിരുന്നപ്പോഴാണ്..


നാട്ടുകാര്‍ നിര്‍ബന്ധിച്ച് അവനെ സ്കൂളില്‍ ചേര്‍ത്തു. പക്ഷേ തന്‍റെ സമയമായാല്‍ സുബ്രന്‍ ടീച്ചറോട് പോലും പറയാതെ ക്ലാസ്സില്‍ നിന്നും ഇറങ്ങിയോടും, “അമ്മേ നിയ്ക്ക് ഞ്ഞമ്മേ..” എന്നും പറഞ്ഞുകൊണ്ട്. കോച്ചി എവിടെ പണിയെടുക്കുകയാണെങ്കിലും അവന്‍ കണ്ടുപിടിച്ചെത്തും, ഓടിവന്ന് കുപ്പായം മാടി അമ്മിഞ്ഞ കുടിയ്ക്കും. കോച്ചി  ഒരു സ്നേഹക്കടല്‍ മുഴുവന്‍ അമ്മിഞ്ഞപാലിനു പകരം അവനിലേക്ക് പകരും.


“ന്റെ കോച്ച്യേ യ്യെന്താ ഈ കാട്ട്ണത്, ആ ചെക്കനെ ഇന്ന്യെങ്കിലുമന്‍റെ ചിറകിന്‍റടീന്ന് വിട്. ഓന്‍ വല്ല്യോനായീല്ലേ.നാളെ ഒരു കുടുംബം പൊലര്‍ത്തേണ്ടോനാ.”


“മ്മറ്റ്യേര്‍ക്കറിയാലൊ നിയ്ക്ക് ഓനേള്ളൂ. പെങ്കുട്ട്യേളെ മാത്രം പെറണോളെന്ന ശാപത്തീന്ന് ന്നെ കരകേറ്റ്യേതോനാ. ദൈവം തമ്പുരാന്‍ നേരിട്ടടിയന്‍റെ വയറ്റീ വന്ന് കെടന്നതാ..”


പക്ഷേ അച്ചനില്ലാത്ത ആ കുഞ്ഞിനെ ഇങ്ങിനെ വഷളാക്കുന്നതിനെ  നാട്ടുകാരെതിര്‍ത്തു. അങ്ങിനെയാണ് സുബ്രന്‍റെ മുലകുടി നിന്നത്,പത്താം വയസ്സില്‍..


മുലകുടി നിന്നിട്ടും ‘ഇഞ്ഞമ്മ സുബ്രന്‍’ എന്ന പേരവനെ വിട്ട് പോയില്ല.


സ്കൂളില്‍ പറഞ്ഞുവിടാന്‍ അവര്‍ ആവതും ശ്രമിച്ചെങ്കിലും അവന്‍ വഴങ്ങിയില്ല. സ്കൂളിലേക്കുള്ള വഴിയിലെ കശുമാവിന്‍ തോപ്പിലേക്കായിരുന്നു അവന്‍റെ യാത്ര.


അവിടെ കശുമാവിന്‍ ചില്ലമേല്‍ കയറിയിരുന്ന്  തന്‍റെ ജന്മനായുള്ള കോങ്കണ്ണും വെച്ച് ലോകത്തെ നോക്കിക്കാണും. മാവിങ്കൊമ്പിലെ തേനിച്ചക്കൂട്ടില്‍ നിന്നും തേനെടുക്കാനും കവണവെച്ച് പറന്നുപോവുന്ന പക്ഷിയെ  വീഴ്ത്താനും മയിൽപ്പീലി ശേഖരിച്ച് കുട്ടികള്‍ക്കിടയില്‍ കാലണയ്ക്ക് വില്‍ക്കാനും അവന്‍ പഠിച്ചതങ്ങിനെയാണ്.


“ആ പറങ്ക്യാവിന്‍ തോപ്പിന്ന് തന്ന്യേണ് ഓന്‍ കഞ്ചാവടിക്കാനും പഠിച്ചത്”


“നേരാ, മൊലകുടി മാറ്റ്യേപ്പൊ എന്താര്ന്ന് ചെക്കന്‍റെ വെപ്രാളം. പിന്നെ കഞ്ചാവ് തുടങ്ങ്യേപ്പളല്ലേ ഓനുഷാറായത്”


നാട്ടുകാരറിയുന്നില്ല അവന്‍റെ വിഷമം. അവനമ്മിഞ്ഞ കുടിച്ചിരുന്നത് അതില്‍ നിന്ന് ഒന്നും കിട്ടിയിട്ടല്ലായിരുന്നു. അമ്മയുടെ സ്നേഹം, മനസ്സ് നിറഞ്ഞു നില്‍ക്കുന്ന ആ മാതൃത്വം ചുരത്തിയെടുക്കുകയായിരുന്നു അവനാ മുലക്കണ്ണുകളിലൂടെ. കോച്ചിയ്ക്കും അവനും മാത്രം മനസ്സിലാകുന്ന ഭാഷ്യം.


അത് ലഭിക്കാതായപ്പോള്‍ വറ്റി വരണ്ടതാണവന്‍റെ മനസ്സ്.

കരിഞ്ഞുണങ്ങി ഇല്ലാതായാതാണവന്‍റെ സ്വപ്നങ്ങള്‍......

പിന്നീടെപ്പോഴോ, എവിടെനിന്നോ  ഔദാര്യം കിട്ടിയ ഒരു പുകച്ചുരുള്‍ സുബ്രുവിനെ വല്ലാതെ ആകര്‍ഷിച്ചു.അന്നവന് പതിനാറ് വയസ്സ്. വയറുവിശക്കുമ്പോഴും ഉറക്കം വരുമ്പോഴും മാത്രം വീടോര്‍ക്കുന്ന കൌമാരം.


ഒരു പരിചയവുമില്ലാതെ ആഞ്ഞുവലിച്ചപ്പോള്‍ വായിലൂടെയും മൂക്കിലൂടെയും കണ്ണിലൂടെയും ചുമപ്പിച്ച്  പ്രതിഷേധിച്ചെങ്കിലും ചുരുളുകളായി പുറത്തുവന്ന പുക സുബ്രനെ വല്ലാതെ ആകര്‍ഷിച്ചു.


“'ഞ്ഞമ്മ' സുബ്രന് നല്ല ബുദ്ധി ഉദിച്ചൂന്ന് തോന്ന്ണു,ഓന്‍ വാര്‍പ്പണിയ്ക്ക് പോണത് കണ്ടു”


“അനക്കെന്താ, കോച്ചീടെ കൂലി കഞ്ചാവ് വാങ്ങാന്‍ തികയാതായപ്പൊ ഇറങ്ങ്യേതാവും ഓന്‍“


“നേരാ,  ഏത് നേരോം ആ ആലുംതറയില്‍ മലര്‍ന്ന് കെടന്ന് പുകച്ച് വിടാന്‍ ഓള്‍ടെ കൂല്യെവ്ട്ന്ന് തെകയാനാ.”


സംഗതി നേരായിരുന്നു. സുബ്രന്‍ പുകച്ചുരുളുകളുടെ ലോകത്താണ്. അമ്പലമുറ്റത്തെ ആല്‍ത്തറയില്‍  മലര്ന്ന് കിടന്ന് മാനം നോക്കി അയാളങ്ങിനെ ഊതിവിടും കഞ്ചാവ് ചുരുളുകള്‍. ...


പറന്നുപൊങ്ങുന്ന പുകച്ചുരുളുകള്‍ക്കിടയിലൂടെ സുബ്രനെ തേടി സ്വപ്നങ്ങളെത്തി. പുതിയ ആകാശം അവനുമേല്‍ തണല്‍ വിരിച്ചു. അക്ഷരങ്ങളറിയാത്ത അവന്‍റെ കണ്ണില്‍ പുകച്ചുരുളുകള്‍ക്കിടയിലൂടെ കവിതകള്‍ തെളിഞ്ഞു.  സ്വപ്നങ്ങള്‍ കാണാന്‍ വീണ്ടും വീണ്ടുമവന്‍ പുകച്ചുതള്ളി..


ചെക്കന്‍ കൈവിട്ട് പോവുന്നത് കണ്ട് ആധി കയറി കോച്ചി  മകനെ പിടിച്ച് പെണ്ണുകെട്ടിച്ചു. അതൊന്നും സുബ്രന്‍റെ സ്വപ്നങ്ങളെ ബാധിച്ചില്ല. അവന്‍ പുകച്ചുരുളുകള്‍ക്കിടയില്‍ പുതിയ കിനാവുകള്‍ കണ്ടുകൊണ്ടേയിരുന്നു.


"കോച്ചീടെ മരോള്‍ക്ക് വയറ്റീല്ണ്ടത്രെ..”


" മരോള്.! ഓളാ പാവം കോച്ചീനെ ട്ട് കഷ്ടപെടുത്തല്ലേ..  കല്ല്യാണം കയ്ഞ്ഞ് ഒരു മാസാവണേന്‍റെ മുന്നേ നിര്‍ത്തിച്ചില്ലേ കോച്ചി പണിക്ക് പോണതും എന്തേലും നയ്ച്ചുണ്ടാക്കണതും. വല്ലോര്ടേം മുറ്റടിക്കണത് ഓള്‍ക്ക് അവമാനാത്രെ. ന്നാ ഓള് പണിക്ക് പോവേല്ല്യ, ഓനൊട്ട് നയിച്ചുണ്ടാക്ക്യേത് കുടുംബത്ത് കൊടുക്കേല്ല്യ”


“എന്നും അടീം പിടീം തന്നെ. വാര്യേടെ വാക്ക് കേട്ട് തള്ളേ തല്ലാന്‍ ഓനൊരു മടീം ല്ല്യാ.കഞ്ചാവടിച്ച് വന്ന്  എന്നും വൈന്നേരായാ ഒച്ചേം വഹളോം തന്നെ..”


“നേരത്തിന് തിന്നാനൊന്നും കൊടുക്ക്ണില്ല്യാന്നെ കോച്ചിയ്ക്ക്.. പാവം, മുണ്ട് മുറുക്കിയെടുത്ത് നടക്കുമ്പോഴും മോനേം മരോളേം ഒരക്ഷരം പറയില്ല്യ.. ചായ്പ്പിലാത്രെ ഇപ്പോ കോച്ചീടെ കിടപ്പ്, ആട്ടിന്‍ കൂടിന്‍റെടുത്ത്...”


ദ്രോഹിച്ചും  നിശബ്ദം സഹിച്ചും കഞ്ചാവ് മണമുള്ള പുകച്ചുരുളുകള്‍ക്കിടയിലൂടെ കാലം കടന്നു പോയി. സുബ്രന് രണ്ടു മക്കളായി.  സുബ്രന്‍റെ ഭാര്യ കൂടുതല്‍ പച്ചപ്പുതേടി സ്വയം പറിച്ചു നട്ടു.തന്‍റെ രണ്ടു വേരുകള്‍ അവിടെ മനപൂര്‍വ്വം മറന്നുവെച്ചുകൊണ്ട് തന്നെ.


“കോച്ചീടെ ചെറ്റേല്‍ ഓളും മോനും കൊച്ചുമക്കളും മാത്രായി.  ആ കുരുത്തം കെട്ടവള്‍ അവളുടെ പാടോക്കി പോയി”


“ഓളാ പോട്ടെ, പ്പൊ അവിടെ സമാധാനണ്ട്, സുബ്രന്‍ കഞ്ചാവൊക്കെ നിര്‍ത്തി കുടുംബം നോക്ക്ണ് ണ്ട്. കോച്ചീടെ ആ പഴയ ചിരിയും സുബ്ബോന്ന്ള്ള വിളിയുമൊക്കെ കേക്കുമ്പോ ന്നെ മനസ്സ് കുളിരാ”


"ചെക്കനിനി പണ്ടത്താതിരി ഇഞ്ഞമ്മേ, ഇഞ്ഞാന്ന് പറഞ്ഞ് കോച്ചീടെ മാറത്ത് തൂങ്ങാഞ്ഞാ മതി..!!”


പക്ഷേ അയാള്‍ക്ക് തന്‍റെ സ്വപ്നങ്ങള്‍ വീണ്ടും ഇല്ലാതാവുകയായിരുന്നു.   അമ്മിഞ്ഞയ്ക്കു പകരം, പുകച്ചുരുളുകള്‍ക്ക് പകരം പുതിയതൊന്നില്ലാതെ മനസ്സ് വറ്റിവരളുകയായിരുന്നു.


അങ്ങിനെ കരിഞ്ഞുണങ്ങിയൊരു  രാത്രിയിലാണയാള്‍ ആകാശത്തിനു താഴെ സ്വയംകുരുക്കിട്ട് സ്വപ്നങ്ങളിറങ്ങിയ ഒറ്റയടിപാതയിലൂടേ സ്നേഹമന്വേഷിച്ച് യാത്ര പോയത്.


ദൈവത്തിനൊരിടത്തും ഏറെ നാള്‍ തങ്ങാനാവില്ലല്ലോ എന്നതായിരുന്നു  സുബ്ബു പോയതിനെ കുറിച്ച് കോച്ചിയുടെ പ്രതികരണം..!


 കോച്ചി  മേല്‍മുണ്ടെടുത്ത് മാറത്തിട്ട്, ഇറയത്ത് നിന്ന് കുറ്റിച്ചൂലുമെടുത്ത് പഴയ പതിവുകാരുടെ മുറ്റങ്ങളന്വേഷിച്ച് ഇറങ്ങി, സുബ്ബുവിന് പകരം രണ്ട് കുഞ്ഞുങ്ങളെ കൂടെ കൂട്ടികൊണ്ട്.


ആരൊക്കെ ശ്രമിച്ചിട്ടും കോച്ചിയെ തടയാനായില്ല.


“പോയോര് പോയി, ദൈവം വിളിക്കണരെ ക്കും ന്റ്റെ മക്കള്‍ക്കും കഞ്ഞ്യുടിക്കണ്ടേ”


"ചത്തോരെ കൊടുന്നാ ദെണ്ണള്ളോരങ്ങ്ട്ട് കുയിച്ചിട്ടോളാ”


കോച്ചി മുറുകെ പിടിച്ച കുറ്റിച്ചൂലപ്പോള്‍ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു..


തൂത്തുവാരിയ മുറ്റത്തെ ചൂല്‍പ്പാടുകള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ടായിരുന്നു..











Sunday, December 2, 2012

ആലാഹയുടെ പെണ്മക്കള്‍


സാറാജോസഫിന്‍റെ ‘ആലാഹയുടെ പെണ്മക്കള്‍‘ ഒരു പ്രദേശത്തിന്‍റെ കഥ പറയുന്ന നോവലാണ്. നോവലിന്‍റെ രണ്ടാംവട്ട വായനയായിരുന്നെങ്കിലും കുറെയൊക്കെ മറവി വിഴുങ്ങിയിരുന്നതിനാല്‍ ആസ്വദിച്ച് വായിക്കാന്‍ കഴിഞ്ഞു.

കോക്കാഞ്ചിറക്കാരുടെ ജീവിതസ്പന്ദനങ്ങള്‍ വള്ളിപുള്ളി വിടാതെ ചേര്‍ത്തുവെച്ചിരിക്കുന്നു ഇതില്‍...  ചരിത്രവും  ജീവിതവും പുരോഗമനവും അധിനിവേശവും അടിമത്വവും നിസ്സഹായതയും എല്ലാം കോറിയിട്ടിരിക്കുന്ന ഈ നോവലില്‍ ജീവിക്കാന്‍ വേണ്ടി പോരാടുന്ന, പൊരുതി തളരുന്ന കുറെ മനുഷ്യരെയാണ് വായിക്കാനാവുക.

ആനിയെന്ന പെണ്‍കുട്ടിയുടെ കാഴ്ചകളിലൂടെ, കേട്ടറിവുകളിലൂടെ, വിചാരങ്ങളിലൂടെ, വികാരങ്ങളിലൂടെയെല്ലാമാണ് ഈ നോവല്‍ പുരോഗമിക്കുന്നത്.

കൊടുംകാടായിരുന്ന തൃശൂരില്‍ നഗരവല്‍ക്കരണത്തിന്‍റെ ഭാഗമായി തൂത്തെറിയപ്പെട്ട  കീഴാളവര്‍ഗ്ഗത്തിലൂടെ വളര്‍ന്നുവന്നതാണ് ഗോസായികുന്നിന്മേല്‍ കോക്കാഞ്ചിറയത്രെ. നഗരം ശുചിയാക്കാന്‍, നഗരവാസികളുടെ വിസര്‍ജ്ജ്യങ്ങള്‍ ചുമന്ന് ഗോസായികുന്നിന്മേല്‍ കൊണ്ടുപോയി നിക്ഷേപിക്കാന്‍ നിയോഗിക്കപ്പെട്ട തോട്ടികളാണ് മാലിന്യങ്ങള്‍ക്കൊപ്പം പുരോഗമനത്തിന്‍റെ കറുത്തകരങ്ങളാല്‍ ഒരു നിയോഗം പോലെ ആദ്യം  ഗൊസായിക്കുന്നിലേക്കെടുത്തെറിയപ്പെട്ടത്. കാലം പിന്നേയും പലരേയും ഈ പ്രേതഭൂമിയിലേക്ക്  നിക്ഷേപിക്കുകയായിരുന്നു. ഇറച്ചിവെട്ടുകാര്‍,വേശ്യകള്‍, സാഹചര്യങ്ങളാല്‍ തിക്തരാക്കപ്പെട്ടവര്‍ അങ്ങിനെ പലരേയും, ആനിയുടെ പൂര്‍വ്വികരെയടക്കം.

ഒടുവില്‍ നിലനിൽപ്പിനായ് കോക്കാഞ്ചിറക്കാര്‍ ആ മാലിന്യ പ്രദേശത്തെ, പ്രേതഭൂമിയെ ഒരു ഗ്രാമമാക്കി മാറ്റിയെടുത്തപ്പോള്‍ അവിടേയും ചരിത്രമാവര്‍ത്തിക്കുകയാണ്. മേലാളവര്‍ഗ്ഗം നിസ്സാരവിലയ്ക്ക് സ്ഥലങ്ങള്‍ കയ്യടക്കി ഗ്രാമവാസികളെ കുടിയൊഴിപ്പിക്കുന്നു. തങ്ങളുടെ മോഹങ്ങള്‍, മോഹഭംഗങ്ങള്‍, ഓര്‍മ്മകള്‍, വിയര്‍പ്പ് എല്ലാം ആ മണ്ണിലുപേക്ഷിച്ച് പലരും പടിയിറങ്ങേണ്ടിവരുന്നു.

കനലെരിയുന്ന മനസ്സ് ഉള്ളിലൊതുക്കി നിസ്സംഗതയുടെ ചാരം പുറമേ തൂവി ജീവിക്കുന്ന  കുറെ സ്ത്രീ കഥാപാത്രങ്ങളുടെ നീറുന്ന ജീവിതങ്ങളാണ് ആനിയിലൂടെ കഥാകൃത്ത് പറഞ്ഞുവെയ്ക്കുന്നത്.ആനിയുടെ അമ്മാമയേയൂം അമ്മയേയും പോലെ ശക്തരും ചിയ്യമ്മയേയും കറുത്ത കുഞ്ഞാറത്തെയും പോലെ ദുര്‍ബലരും ആയ കുറേ  കഥാപാത്രങ്ങളിലൂടെ നമുക്കൊരു ദേശത്തിന്‍റെ വികാര വിചാരങ്ങളെ തന്നെ ഈ നോവലില്‍ കാണാം. അതിനിടയില്‍ , പ്രത്യാശയുടെ അവസാന വിപ്ലചിന്തകളും എരിഞ്ഞടങ്ങുന്നത് കണ്ട് പൊരുതാനാവാതെ നിസ്സഹായരാവുന്ന കുറച്ച് നന്മ നിറഞ്ഞ ആണുങ്ങളും. ഇനിയുമൊരു പ്രത്യാശയുടെ കച്ചിതുരുമ്പില്‍ കയറി പിടിക്കാനാവതില്ലാതെ ജീവിതത്തില്‍ ആത്മഹുതി ചെയ്യുകയാണിവിടെ പലരും.  ഇല്ലായ്മയുടെ ഈ വരള്‍ച്ചകള്‍ക്കിടയിലും നിരാശയുടെ ആ ഏകാന്തതുരുത്തില്‍ സ്വപ്നങ്ങളും പ്രണയങ്ങളും പ്രലോഭനങ്ങളും നിരാശകളും സങ്കടങ്ങളും എല്ലാം മനസ്സുകളെ ആര്‍ദ്രമാക്കുന്നുണ്ട്, ജീവിതത്തിന്‍റെ അനിവാര്യതകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്. എല്ലാറ്റിനും സാക്ഷിയായ് ആനിയുടെ വീട്ടിലെ അമരപന്തലും ...

ആര്‍ക്കും തടുക്കാനാവാത്ത ഒരു പ്രളയത്തിലൂടെ നാശത്തിന്‍റെ വക്കില്‍ വായനയവസാനിച്ച് പുസ്തകം മടക്കുമ്പോള്‍ അത്യാഗ്രഹത്തിന്‍റെ അധിനിവേശങ്ങള്‍ക്കും നിലനിൽപ്പിന്‍റെ പോരാട്ടങ്ങള്‍ക്കുമിടയില്‍ വീര്‍പ്പുമുട്ടുന്ന പ്രകൃതിയുടെ വികാരപ്രകടനമായിരുന്നു മുഴങ്ങി കേട്ടിരുന്നത്.

ഇതൊരു സ്ത്രീപക്ഷ നോവലായി കാണാനാവില്ല. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കാന്‍  വിധിക്കപ്പെട്ടവരുടെ പക്ഷത്താണ്, അവരുടെ നിസ്സഹയതയ്ക്കൊപ്പമാണ് ഈ വായന. പ്രാദേശികമായ വാമൊഴികളിലൂടെ ഒഴുകുന്ന വായന കഥാപാത്രങ്ങളിലേക്കും ജീവിതസാഹചര്യങ്ങളിലേക്കും വായനക്കാരനെ എടുത്തെറിയുന്നുണ്ട്.

ആ കോക്കാഞ്ചിറയാണത്രെ ഇന്നത്തെ കുരിയച്ചിറ. ഇനി കുരിയച്ചിറയില്‍ പോവുമ്പോള്‍ ആനിയോടൊപ്പം കുറച്ച് സമയമെങ്കിലും ആ അമരപന്തലിലിരിക്കണം...

അമ്മയും അമ്മായിയും ചോറുംകുട്ടയുമായി കുന്നിറങ്ങിയിരുന്ന വഴികളിലൂടെ  വെറുതെ നടക്കണം...
വറുതിയുടെ ദിനങ്ങളില്‍ ആനി അമ്മാമ്മയ്ക്കൊപ്പം ഇരുട്ടിന്‍റെ മറപറ്റി നെല്ല് വാങ്ങിക്കാന്‍ പോയ തങ്കമണിക്കേറ്റത്തിലേക്ക് കയറിയിറങ്ങണം..

പണ്ടത്തെ കൊടും കാടായിരുന്ന തൃശൂരങ്ങാടിയിലൂടെ, തേക്കിന്‍ കാട് മൈതാനിയിലൂടെ കുടിയിറക്കപ്പെട്ട ആനിയുടെ അമ്മാമയുടെ കുടുംബത്തെയോര്‍ത്ത്, മാലിന്യം കോരുന്നവന്‍റെ സ്ഥാനം മാലിന്യങ്ങള്‍ക്കൊപ്പമെന്ന അധികാരവര്‍ഗ്ഗത്തിന്‍റെ ആക്രോശങ്ങളെ ശിരസ്സാ വഹിച്ച തോട്ടികളേയോര്‍ത്ത് ഓര്‍മ്മകളിലൂടെ ഒരു അലസയാത്ര.

ഒരുപക്ഷേ തുടരുന്ന അധിനിവേശങ്ങളുടെ പൊട്ടിച്ചിരികള്‍ക്കിടയില്‍ അവരുടെ തേങ്ങലുകളെനിക്ക് കേള്‍ക്കാനാവില്ലായിരിക്കാം.. എന്നാലും....എന്നാലും..