Friday, January 28, 2011

ചിതറിയ മുത്തുകള്‍



മനസ്സില്‍ ചിതറി വീണ
മുള്ളുകള്‍ പെറുക്കാന്‍ 
സ്നേഹത്തുള്ളികളായ് നീ
പെയ്തിറങ്ങിയെങ്കില്‍ ....

മുറിവേറ്റ നിമിഷങ്ങളെ
മറവിയുടെ മാസ്മരികത
മനതാരില്‍നിന്നും
മായ്ച്ചെങ്കില്‍....

വാക്കുകള്‍ വീണുടഞ്ഞ്
മുറിവേറ്റ ഹൃദയത്തില്‍
ഓര്‍മ്മകളുടെ നിലയ്ക്കാത്ത
രക്തപ്പാച്ചില്‍ ...

ഇന്നലേകളുടെ നീറ്റലില്‍
ഇന്ന് വിരഹത്തിന്‍ 
പുഴുവരിക്കുന്നു.....

നക്ഷത്രങ്ങള്‍ ചിരിക്കാന്‍
മറന്ന മാനം പോലെ
മനസ്സിന്ന് കാര്‍മേഘങ്ങള്‍ക്ക്
സ്വന്തം...

പെയ്യാമെന്നാശിപ്പിച്ച്
പെയ്യാതെപ്പോയ മഴമേഘങ്ങള്‍ക്ക്
നിന്‍റെ സ്നേഹത്തിന്റ്റെ ഓര്‍മ്മ...

ഓര്‍മ്മകളുടെ ആകാശത്ത്
തമസ്സിനെ തപം ചെയ്ത്
ഇനിയൊരുനാള്‍
താരകമുദിക്കുമോ...

നക്ഷത്രങ്ങള്‍ വിരുന്നിനെത്താത്ത
വിണ്ണിന്‍ താഴ്വരയില്‍
വര്‍ണ്ണപ്പൂക്കളൊരിക്കലും
നൃത്തം വെയ്ക്കില്ലത്രെ...

പൂക്കള്‍ നൃത്തമാടാത്ത താഴ്വാരത്തില്‍
കാറ്റിന്‍റെ കനകച്ചിലങ്ക കിലുങ്ങില്ല...
ഓര്‍മ്മകള്‍ ഓളമിടാത്ത മനതാരില്‍
സ്വപ്നങ്ങള്‍ ശ്രുതി മീട്ടില്ല....!!

Friday, January 14, 2011

പഥിക


സ്നേഹമന്ത്രങ്ങള്‍ 
മാതൃഭാഷയായ,,
നന്മകള്‍ വിവിധ
വര്‍ണ്ണങ്ങളില്‍ 
വിരിഞ്ഞുനില്‍ക്കുന്ന
സൌഹൃദത്താല്‍
സുഗന്ധപൂരിതമായ 
സ്വപ്നതാഴവാരം 
തേടിയാണീ യാത്ര... 
സ്വപ്നങ്ങളാല്‍ 
നെയ്തെടുത്തൊരു
പട്ടുചേലയും 
മോഹങ്ങള്‍ പൊതിഞ്ഞെടുത്ത 
പാഥേയവും മാത്രമാണീ 
യാത്രയില്‍ കൂട്ട്...!!
ഞാനെന്‍റെ യാത്രയിലാണ്...
വഴിയെ ഞാന്‍
 ഭയക്കുന്നില്ല...
വഴിയോരകാഴ്ചകളെന്നെ
ഭയപ്പെടുത്തുന്നു...
തമസ്സിന്റ്റെ ഇരുണ്ട കുടചൂടി 
ഞാന്‍ യാഥാര്‍ത്ഥ്യത്തിന്‍ 
വഴിയോരങ്ങളില്‍ എത്തപ്പെട്ടു..
അവിടെ ഇളിച്ചുകാട്ടൂം
വെള്ളാരം പല്ലുകള്‍ക്കിടയില്‍ 
ചിരിക്കുന്ന ചതിയുടെ കറ...
ക്രൂരതയുടെ രക്തപാച്ചിലില്‍ 
കുലംകുത്തിയൊഴുകുന്ന
സനാതനമൂല്യങ്ങള്‍ ...
സ്വാര്‍ത്ഥതയുടെ 
ചീഞ്ഞളിഞ്ഞ ശവങ്ങള്‍
വഴിയോരങ്ങളെ
മോടിപിടിപ്പിക്കുന്നു...
ദുര്‍ഗന്ധമാണിവിടെ 
പരിലസിക്കും സുഗന്ധം...
തമസ്സാണിവിടെ 
വഴികാട്ടും വെളിച്ചം...
പൊയ്മുഖങ്ങളാണിവിടെ 
സൌന്ദര്യവാഹകര്‍ ‍...
യാത്ര തുടരുന്നു ഞാന്‍,, 
മാറിയ ലോകം തൊട്ടറിയാന്‍... 
മനസ്സിനെ വെല്ലാന്‍ 
ചന്തമേറുമൊരു പൊയ്മുഖം
ഇന്നെനിക്കുംസ്വന്തം...!!

Wednesday, December 8, 2010

മാറാലകള്‍



മറവിയാം മാറാല മനസ്സിന്‍
നേര്‍ക്കാഴ്ച മറയ്ക്കുന്നു...
വകഞ്ഞുമാറ്റി ഓര്‍മകളെ  തേടി
യാത്രപോയി ഞാന്‍ ഇന്നലേകളിലേക്ക്...
പകുത്തുമാറ്റിയവ എന്നില്‍നിന്നും
സ്വന്തമായിരുന്നെന്‍ ഓര്‍മ്മകളെ,
അവസാനയാത്രയ്ക്കായ് സ്വരുകൂട്ടിവെച്ച
ജീവിത സമ്പാദ്യമാം ഇന്നലേകളെ....
കട്ടെടുത്തുവെന്‍ ഓര്‍മ്മകളില്‍ ഉറങ്ങുന്ന 
ബാല്യം, കൌമാരം, യൌവ്വനം....
കാലമാം ചിലന്തി കരവിരുതിനാല്‍
മറവിയുടെ മാറാലയ്ക്ക് ഇഴകള്‍ നെയ്യുന്നു..
നാളെകളെന്നെ മാടിവിളിക്കുമ്പോള്‍
ഇന്നലേകളില്‍ ചിലന്തി പിടിമുറുക്കുന്നു...
ചിലന്തിവലകളാല്‍ മതിലുകള്‍ പണിത്
പ്രിയമെഴും ഓര്‍മ്മകളെ എനിക്ക് അന്യമാക്കുന്നു..
പിച്ചവെച്ച തൊടിയും അങ്കണവും
ആദ്യാക്ഷരം പകര്‍ന്നു തന്ന  വിദ്യാലയവും
മുത്തശ്ശിതന്‍ സ്നേഹ ചെല്ലവും
പൂക്കളാല്‍ അനുഗ്രഹവര്‍ഷമേകിയ
ഇലഞ്ഞിമരവും മുല്ലവള്ളിയും
തെക്കേതൊടിയിലെ ചക്കരമാവും
വക്ക്പൊട്ടിയൊരാ സ്ലേറ്റും
അക്ഷരങ്ങള്‍ പാതിമാഞ്ഞ പുസ്തകവും..
എന്‍ ആദ്യാനുരാഗവും കൂട്ടുകാരും
പൂക്കളാല്‍ പ്രണയകാവ്യം രചിക്കും ഗുല്‍മോഹറും
ചിലന്തിവലകള്‍  വലയം ചെയ്യുന്നു...
ഓര്‍മ്മകളെ എന്നില്‍ നിന്നടര്‍ത്തി മാറ്റി
മാറാലയുടെ മൂടുപടമണിയിക്കുന്നു കാലം...
ഇന്നലേകള്‍ കൂട്ടിനില്ലാതെ ശൂന്യമനവുമായ്
നാളെയിലേക്കുള്ള യാത്രയിലാണ് ഞാന്‍...
ഞാന്‍ നടന്നുവന്ന വഴികളെല്ലാം മാറാല മൂടുമ്പോള്‍
കാണുന്നുവെന്‍ അകതാരിലാ ദൃശ്യം
ഒരിക്കലീ കാലമാം ചിലന്തി എന്നെയും
മറവിയുടെ മാറലയാല്‍ അലങ്കരിക്കും ദിനം..!!

Tuesday, November 23, 2010