Thursday, March 29, 2012

തമസ്സാഴങ്ങള്

വേനലിന്‍റെ വരണ്ട രാത്രിയുടെ നീരുവറ്റിയ അവസാനയാമത്തിലവളുണര്‍ന്നത് വിയര്‍ത്തൊട്ടിയ നിശാവസ്ത്രത്തിന്‍റെ  നനവിലേക്കാണ്. 

ശീതീകരണ യന്ത്രത്തെ തട്ടിയുണര്‍ത്താന് റിമോട്ടില്‍ വിരലമര്‍ത്തിയപ്പോഴാണ് വൈദ്യുതിയില്ലെന്നറിഞ്ഞത്. 

മനസ്സിലപ്പോള്‍ തോന്നിയ ശാപവാക്കുകളെല്ലാം ഉരുവിട്ടുകൊണ്ടവള്‍ കിടപ്പുമുറിയുടെ പടിഞ്ഞാറോട്ടുള്ള ജനല്പാളികളില്‍ മുകളിലേത് തുറന്നിട്ടു. 

വരണ്ടതെങ്കിലും ഒരു കാറ്റ് നഗരത്തിന്‍റെ സകല മാലിന്യഗന്ധങ്ങളും ആവാഹിച്ച് കിട്ടിയ അവസരം പാഴാക്കാതെ അകത്തേക്ക് വീശിയടിച്ചു, ഊറ്റിക്കുടിക്കലിന്‍റെ മൂളിപാട്ടോടെ കൊതുകുകളും.

സഹികെട്ട്, തുറന്ന ജനല്പാളികള്‍ ശബ്ദത്തോടെ ആഞ്ഞടച്ചു, പതിനഞ്ചു ദിവസത്തേക്കാണെങ്കിലും നാട്ടിലേക്ക് അവധിക്കു വരാന്‍ തോന്നിയതെന്തിനായിരുന്നുവെന്ന് സ്വയം പഴിച്ചുകൊണ്ട്.

ജനല്പ്പാളികള്‍ വലിച്ചടച്ച ശബ്ദം കേട്ട് മൂത്ത മകളൊന്ന് തിരിഞ്ഞു കിടന്നു. 

വൈകുന്നേരത്തെ കുടുംബവിരുന്ന് കഴിഞ്ഞ് വീട്ടിലെത്താന്‍ കുറേ വൈകി. എല്ലാവരും നല്ല ക്ഷീണിതരായതുകൊണ്ട് വേഗം തന്നെ ഉറങ്ങുകയും ചെയ്തു. 

ആളുകളും ബഹളവുമൊക്കെ കാരണം,അതും ഒട്ടും പരിചയമില്ലാത്ത ബന്ധുക്കള്‍, തനിക്കും മക്കളെ പോലെ വല്ലാതെ മുഷിച്ചല്‍ തോന്നി. ഭര്‍ത്താവ് നല്ല മൂഡിലായിരുന്നു. പതിവില്‍ കൂടുതല്‍ കുടിച്ചതുകൊണ്ടാവാം,ചെറിയ ചൂട് പോലും സഹിക്കാനാവാത്ത ആള്‍ ഇന്നൊന്നും അറിയുന്നില്ല. 

നാല് ദിവസംകൂടിയേ ഉള്ളൂ ഖത്തറിലേക്ക് തിരിച്ചുപോവാനെന്നോര്‍ത്തപ്പോള്‍ സമാധാനം തോന്നി. അവിടെ ചെന്നാല്‍ തിരക്കുകളില്‍ സ്വയമലിഞ്ഞ് എല്ലാം മറന്ന് ഒരു ജീവിതം. അസൌകര്യങ്ങളൊന്നുമില്ലാതെ, ഉള്ള അസൌകര്യങ്ങളെ ശ്രദ്ധിക്കാന്‍ സമയമില്ലാതെ ജീവിതമെന്ന ഒഴുക്ക്. ഭര്‍ത്താവിലേക്കും മക്കളിലേക്കും മാത്രമായി ജീവിതം ചുരുങ്ങുമ്പോള് കൂടുതല്‍ അസ്വസ്ഥതകളില്ല.

ചൂടും കൊതുകും; അവള്‍ക്കൊട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല. 

രാത്രിയുടെ മാനത്ത് ഇരുട്ട് വരയ്ക്കുന്ന ചിത്രങ്ങള്‍ നോക്കി കിടക്കവേ പുറത്ത് നിശബ്ദതയുടെ മൌനം ഭേദിച്ച് ആരുടേയോ വേഗത്തിലുള്ള കാലൊച്ച. അതടുത്തടുത്ത് വരുന്നു. 


ഭിത്തിക്കപ്പുറം നിലച്ച കാലച്ചൊകളില്‍ നിന്നുമിപ്പോള്‍ കിതപ്പിനൊപ്പം അടക്കിപിടിച്ച തേങ്ങല്‍ കേള്‍ക്കാം. 


അവള്‍ ഞെട്ടലോടെ കാതോര്‍ത്തു.

പതിഞ്ഞ ശബ്ദത്തില്‍ കതകില്‍ തട്ടി “രക്ഷിക്കണേ, രക്ഷിക്കണേ” എന്ന കേഴല്‍., ശബ്ദത്തില്‍ നിന്നും ഒരു കൌമാരക്കാരിയുടേതുപോലെ. 

വിഹല്വതയോടെ എഴുന്നേറ്റിരുന്ന് അവള്‍ ഭര്‍ത്താവിനെ തട്ടിവിളിക്കാന്‍ കൈകളുയര്‍ത്തി.

അതാ ഇരുളിന്‍റെ മറ വലിച്ചുകീറി പിന്നേയും ഓടിയടുക്കുന്ന ഒന്നില്‍കൂടുതല്‍ ഉറച്ച കാലൊച്ചകള്‍..

“അവളതാ, പിടക്കവളെ” തുടങ്ങിയ ശബ്ദം താഴ്ത്തിയ പരുക്കന്‍ മുരളലുകള്‍..

അവളയാളെ ഒച്ചയുണ്ടാക്കതെ തട്ടിയുണര്‍ത്താന്‍ നോക്കി. അയാളൊന്ന് തിരിഞ്ഞു കിടന്നു.

ഇപ്പോഴാ പെണ്‍കുട്ടിയുടെ കരച്ചില്‍ ഉച്ചത്തിലായി, ജനവാതിലിലെ തട്ടും. 

ഓടിപ്പോയി കതക് തുറന്ന് ആ പാവം പെണ്‍കുട്ടിയെ രക്ഷിക്കാന്‍ മനസ്സാഗ്രഹിച്ചു. തന്‍റെ മൂത്ത മകളുടെ പ്രായമായിരിക്കാം. മകളായിരുന്നെങ്കില്‍ ആ അവസ്ഥയിലെന്ന് ചിന്തിക്കാന്‍ പോലും മനസ്സ് പ്രാപ്തമല്ല. 


പിടഞ്ഞെഴുന്നേറ്റ അവള്‍ ഒന്നാലോചിച്ചു; 

പുറത്ത് അവളെ പിന്തുടരുന്നവര്‍ ഏതുതരക്കായിരിക്കും? തന്നേയും മക്കളേയും കണ്ടാല്‍ അവരവളെവിട്ട് തങ്ങളിലേക്ക് വരില്ലെന്ന് ഉറപ്പിക്കാമൊ? ഭര്‍ത്താവിനൊറ്റയ്ക്ക് എതിര്‍ക്കാനുമാവില്ല.  


ജനല്‍ പാളി തുറന്ന് ആള്‍ സാന്നിധ്യമറിയിക്കാമെന്ന് കരുതിയാല്‍.., വേണ്ട നാലുദിവസം കഴിഞ്ഞ് തിരിച്ചു പോവേണ്ടതാണ്. എന്തിനെങ്കിലും ദൃക്‌സാക്ഷിയായാല്‍ അതുമതി യാത്ര മുടങ്ങാന്‍.. 


മക്കള്‍ക്ക് സ്കൂള്‍ വാര്‍ഷികാഘോഷത്തിന് ഡാന്‍സ് പ്രാക്ടീസ് തുടങ്ങേണ്ടതാണ് അടുത്ത ആഴ്ച.

അവള്‍ അയാളെ വിളിക്കാന്‍ നീട്ടിയ കൈ പിന്‍വലിച്ചു. 

പെണ്‍കുട്ടിയുടെ ശബ്ദം ഒരു ഞരക്കം മാത്രമായിരിക്കുന്നു,ആരോ അവളുടെ വായ അടച്ചു പിടിച്ചതുപോലെ. ജനലിലെ തട്ടലും നിലച്ചിരിക്കുന്നു. 

ആ ഞരക്കവും പതുക്കെ ഇരുട്ടിലലിയുന്നു,അകന്നുപോകുന്ന കാലൊച്ചകളും.

വൈദ്യുതി, വേനല്‍ക്കാലത്തില്‍ കുത്തിവരയ്ക്കാന്‍  തിരികെയെത്തി. ശീതീകരണയന്ത്രം ഒരു പാശ്ചാത്താപമെന്നപോലെ ദ്രുതം  തണുപ്പ് തുപ്പാന്‍ തുടങ്ങി. പുറത്തെ ശബ്ദങ്ങളെല്ലാം ഏസിയുടെ മൂളല് വിഴുങ്ങി. 

അവള്‍ക്കാശ്വാസം തോന്നി. ഇനിയൊന്നും കേള്‍ക്കേണ്ടതില്ലല്ലൊ. ഒരു സിനിമ കണ്ടുകഴിഞ്ഞതെന്നപോല്‍ അവളാ രംഗങ്ങളെ  ഭര്‍ത്താവിനോടും മക്കളോടും പ്രാതലിനൊപ്പം വിളമ്പാനുള്ള കഥയായ് കാത്തുവെച്ചു. 


നമ്മുടെ നാടിന്‍റെ അധ:പതനത്തെ കുറിച്ച്, മനസാക്ഷിയില്ലാത്ത പീഢനകഥകളെ കുറിച്ച്  ഗള്‍ഫിലെ കൂട്ടുകാരുടെ വാരാന്ത്യ ഒത്തുകൂടലുകളില്‍ വിളമ്പാനൊരു ഹോട്ട് സ്റ്റോറിയുമായി!

മക്കളെ തണുപ്പാക്രമിക്കാതിരിക്കാന്‍  ശ്രദ്ധയോടെ പുതപ്പിച്ചു, യാഥാര്‍ത്ഥ്യം മറയ്ക്കാനെന്ന പോലെ സ്വയം തലവഴി പുതപ്പ്  മൂടി  നിദ്രയിലേക്കൊഴുകി.

പിറ്റേന്നുണര്‍ന്നത് കാക്കളുടെ കൂട്ടത്തെയോടുള്ള കരച്ചിലിലേക്കാണ്. 


മതിലരികിലെ കശുമാവിനു മുകളിലും താഴെയുമായി നിറയെ കാക്കള്‍..; 


ഏതോ കാക്കാകൂട്ടില്‍ വിരിഞ്ഞ കുയില്‍കുഞ്ഞിനെ പകല്‍ വെളിച്ചത്തിന്റ്റെ മുഖമൂടിയിട്ട് മാന്യത പഠിപ്പിക്കുയാണവര്‍, ധാര്‍ഷ്ട്യത്തിന്‍റെ കാ..കാ ശബ്ദത്തില്‍..  


അവിടെ കൂര്‍ത്ത ചരല്കല്ലുകള്‍ക്കിടയില്‍ ആ പാവം കുയില്‍ക്കുഞ്ഞ്  കൊത്തിപ്പറിക്കപ്പെട്ട തൂവലുകള്‍ക്കിടയില്‍ തലപൂഴ്ത്തി ഒരപരാധിയെ പോലെ.....


അകലങ്ങളിലെവിടെയോ, ജന്മമേകിയ കുറ്റബോധത്തോടെ രണ്ടു കുയില്‍ജന്മങ്ങള്‍ നിസ്സഹായതയുടെ നിസ്സംഗതപേറി പൂത്തുലുഞ്ഞ പൂമരത്തിന്‍റെ ഉണങ്ങിയ ചില്ലമേല്‍..!

80 comments:

  1. മനുഷ്യന്‍ കൂടുതല്‍ സ്വാര്‍ത്ഥരായികൊണ്ടിരിയ്ക്കുന്നു; പട്ടാപ്പകല്‍ പോലും കണ്മുന്നില്‍ കാണുന്ന തിന്മകളെ പ്രതിഷേധിയ്ക്കാതെ ഒരു കാഴ്ചക്കാരനായി അവശേഷിയ്ക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ഇന്നുള്ളത്.. എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ് നിന്ന് സ്വയം സുരക്ഷിതമാക്കുമ്പോള്‍ തന്നിലും ഇത്തരമൊരാക്രമണം പതിഞ്ഞിരിയ്ക്കുന്നുണ്ടെന്നുള്ളത് മറക്കുന്നു.. നല്ല തീം ഷേയ..

    ആശംസകള്‍!

    ReplyDelete
  2. പിന്നെ എന്ന് വെച്ചാ എല്ലാരും കൊച്ച്മൊലാളീയാന്ന് കരുതിയാ ഹും

    ReplyDelete
  3. ഇന്നലെ നൌഷാദ് അകമ്പാടം വരച്ച ഒരു കാര്‍ട്ടൂണ്‍ കണ്ടിരുന്നു.പ്രവാസി ഗള്‍ഫിലും നാട്ടിലും . ഇന്ന്ഇത് കൂടി വായിച്ചപ്പോള്‍ ചിത്രം പൂര്‍ത്തിയായി .എല്ലാവരും സ്വന്തത്തിലേക്ക് മാത്രമായി ഒതുങ്ങാന്‍ ശീലിച്ചു തുടങ്ങിയിരിക്കുന്നു

    ReplyDelete
  4. എന്റെ മനസ്സ് വളരെ ഭാവാത്മകമായി ചിന്തിക്കും ഇത്തരം എഴുത്തുകൾ വായിച്ചാൽ, ഞാൻ എന്തൊക്കെയോ ചിന്തിച്ച് പോയി...! തലേന്ന് കേട്ട ആ ശബ്ദം,ഒരു കാക്കക്കുട്ടിയെ കുയിലുകൾ ഒക്കെക്കൂടി കൊന്നതായിരുന്നല്ലേ ? ഞാനങ്ങ് ചിന്തിച്ച് കാട് കയറിപ്പോയീ.... ആശംസകൾ.

    ReplyDelete
  5. വളരെ മനോഹരമായ കഥ. പശ്ചാത്തലവും വരികളും ഒക്കെ നന്നായി.

    ഈ ബാക്ഗ്രവുണ്ട് വായിക്കാന്‍ വല്ലാത്ത കഴ്ടം ഉണ്ടാക്കുന്നു. പോസ്റ്റിനു പ്ലെയിന്‍ ബാക്ഗ്രവുണ്ട് നല്കിക്കൂടെ?

    ReplyDelete
  6. അവനവന്‍ അവനവനിലേയ്ക്ക് മാത്രമായി ചുരുങ്ങി കൊണ്ടിരിക്കുന്ന
    കഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  7. അകംബാടതിന്റെ കാര്‍ട്ടൂണ്‍ കണ്ടിരുന്നു... പെട്ടെന്ന് ഓര്‍മ വന്നത് അതായിരുന്നു...

    ഷേയ.. ചുരുങ്ങിയ വാക്കുകളില്‍ നന്നായി പറഞ്ഞു....
    എല്ലാര്‍ക്കും സ്വന്തം കാര്യം മാത്രം... നാളെ ഞങ്ങളിലേക്കും വരാമെന്നാരോര്‍ക്കുന്നു...

    ReplyDelete
  8. ഇവിടെ കഥകള്‍ വരുമ്പോഴാണ് എനിക്ക് കൂടുതല്‍ സന്തോഷം. :)
    ഒത്തിരി നന്നായിട്ടുണ്ട് ട്ടോ
    ആശംസകള്‍

    ReplyDelete
  9. ചുറ്റിലും കേള്‍ക്കുന്ന രോധനങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ മാനവന്‍ മറന്നു കൊണ്ടിരിക്കുകയാ
    സ്വന്തം ക്കാര്യം സിന്ദാബാദ് എന്‍റെ ബ്ലോഗിലും കിട്ടണം കമെന്റ് ഇതാണ് നമ്മുടെ മുദ്രാ വാക്യം

    ReplyDelete
  10. ഒരു നിലവിളിയല്ലേ ,എ/സിയുടെ തണുപ്പ് അല്‍പ്പം കൂട്ടാം .സുഖകരമായി മയങ്ങാം ,,ആശംസകള്‍

    ReplyDelete
  11. വളരെ നന്നായിട്ടെഴുതി.. യാഥാർത്ഥ്യങ്ങളുടെ തുറന്നെഴുത്ത്…പുതു തലമുറകൾ എപ്പോഴും സ്വന്തം കാര്യം സിന്ദാബാദ് എന്നു കരുതുന്നു...പിടഞ്ഞു വീഴുമ്പോഴും വീഴ്ത്തുന്നത് കാണുമ്പോഴും കാണാത്തതു പോലെ ജനലടയ്ക്കുന്നു.. മിണ്ടാതിരിക്കുന്നത് സംസ്കാരമാണെന്ന് കരുതിയിട്ടാകാം അല്ലെങ്കിൽ ഭയന്നാകാം....അനീതികളെ ഭയക്കുന്നത് ഭീരുത്വമാണ്..ഒന്ന് ഒച്ചവെച്ച് എതിർക്കുന്നത് ചിലപ്പോൾ ഒരു ജീവിതത്തെ രക്ഷിക്കലാകാം...അതു പോലുള്ള ഒച്ചകൾ ചിലപ്പോൾ നാളെ നമ്മളേയും രക്ഷിച്ചേക്കാം...തുടരുക എഴുത്ത്. ഭാവുകങ്ങൾ നേരുന്നു..

    ReplyDelete
  12. നന്നായി ഇലഞ്ഞി പുഷ്പ്പമേ... ഇങ്ങനെ കണ്ണടച്ച് ജീവിക്കുന്നവർ ആണു ഇന്നിന്റെ ശാപം....നമ്മൾ പ്രവാസികൾ അങ്ങിനെ ആണു ശക്തിയില്ലാത്തവർ....

    ReplyDelete
  13. google+ല്‍ നിന്നാണ് ലിങ്ക് കിട്ടിയത് .ഇപ്പോള്‍ ബ്ലോഗെഴുത്തും ബ്ലോഗ് നോക്കലുമൊന്നുമില്ല .ഇങ്ങിനെ ശ്രദ്ധയില്‍ പെടുന്ന ബ്ലോഗുകള്‍ വായിച്ചു കാമ്മന്റ്റ്‌ കുറിക്കും.അത്രമാത്രം.വായിച്ചു.വളരെ നന്നായി.മൂല്യമുള്ള രചന.അഭിനന്ദനങ്ങള്‍.സുഖാശംസകളോടെ nmk

    ReplyDelete
  14. സ്വയംവിമര്‍ശനപരമായി ഓരോരുത്തരും അവനവനെ കാര്യമായി വിലയിരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണു ഈ കഥ വിരല്‍ ചൂണ്ടുന്നതെന്ന് ഞാന്‍ കരുതുന്നു. സ്വന്തം സുഖവും സമാധാനവും നഷ്ടപ്പെടുത്തിക്കൊണ്ട് ഒരൊത്തുതീര്‍പ്പിനും തയ്യാറല്ലാത്ത ഇന്നത്തെ മനുഷ്യമനസ്സുകള്‍.
    ഈ ബ്ലോഗിന്റെ പശ്ചാത്തലസൌന്ദര്യം പോലെ തന്നെ സുന്ദരമായ കഥ.

    ReplyDelete
  15. എന്റേതല്ലെന്ന കാരണത്താൽ
    ചെവി കൊടുത്തില്ലാ വിതുമ്പലിന്നു
    ഒരു വിരൽതുമ്പിൻ ദൂരത്തിൽ..
    മനുഷ്യക്കോലത്തിന്റെ മൃഗതാണ്ഢവം
    കണ്ണടച്ചിരുന്നു കണ്ടു ഞാൻ
    ശാപമാമെന്റെ നിർവ്വികാരതയിൽ.....

    ReplyDelete
  16. പ്രിയപ്പെട്ട കൂട്ടുകാരി,
    ശ്രീരാമ നവമി ആശംസകള്‍ !
    ഇന്നത്തെ സത്യങ്ങള്‍, ഹൃദയം സ്പര്‍ശിക്കും വിധം എഴുതി!
    എന്നും കിടക്കുന്നതിനു മുന്‍പ്,എല്ലാവരും ആത്മപരിശോധന നടത്തുകയാണെങ്കില്‍, പ്രഭാതത്തില്‍, നന്മ നിറഞ്ഞ ഒരു സുമനസ്സു കൂടി ഉണ്ടാകും! :)
    വളരെ നല്ല പോസ്റ്റ്‌ !അഭിനന്ദനങ്ങള്‍!
    മനോഹരമായ ഒരു ദിവസം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  17. നമ്മുടെ നാടിന്‍റെ അധ:പതനത്തെ കുറിച്ച്, മനസാക്ഷിയില്ലാത്ത പീഢനകഥകളെ കുറിച്ച് ഗള്‍ഫിലെ കൂട്ടുകാരുടെ വാരാന്ത്യ ഒത്തുകൂടലുകളില്‍ വിളമ്പാനൊരു ഹോട്ട് സ്റ്റോറിയുമായി........ഇന്നത്തെ യാഥാര്‍ത്ഥ്യം വരികളിലൂടെ വായിച്ചെടുത്തു ...

    ReplyDelete
  18. ഉം......അവനവനിസം ..!
    നന്നായി അവതരിപ്പിച്ചു ഇലഞ്ഞി...........!

    ReplyDelete
  19. ആ കുട്ടിയെ രക്ഷിക്കനുള്ള ശ്രമമെങ്കിലും നടത്താമായിരുന്നു.? സ്വാർത്ഥത അവളെ കൂച്ചുവിലങ്ങിട്ടു..? മനസ്സിനെ ത്രസ്സിപ്പിക്കുന്നതും ആകാംഷനിറഞ്ഞതും നൊമ്പരമുളവാക്കുന്നതുമായ നല്ലൊരു കഥ..ഭാവുകങ്ങൾ’!!!

    ReplyDelete
  20. വല്ലാതെ വേദനിച്ചു. ഇതൊരിക്കലും സംഭവിക്കാതിരിക്കട്ടെ.

    ReplyDelete
  21. തന്റെ ലോകത്തേക്കും ഒടുക്കം തന്നിലെക്കും ചുരുങ്ങുന്നവര്‍ ...
    ഉള്ളില്‍ തട്ടുന്നുണ്ട് ഈ കഥ....
    അല്‍പ്പം കുറ്റബോധത്തോടെ ഞാനും തല താഴ്ത്തുന്നു....

    ReplyDelete
  22. കഥ നന്നായല്ലോ. നൊമ്പരം ബാക്കിയാക്കുന്നു.... ആശംസകള്‍....

    ReplyDelete
  23. വളരെ നന്നായി. സ്വാര്‍ഥതയെ കുറിച്ച് ചാനലില്‍ ചര്‍ച്ചിക്കുന്നവരും കഥകള്‍ എഴുതുന്നവരും ഞാനും നിങ്ങളും അടങ്ങുന്ന ഓരോരുത്തരും സ്വാര്‍ത്ഥരാണ്.. മറ്റുള്ളവരെ സദാചാരം പഠിപ്പിക്കാനിറങ്ങിയവരും ഇതിനൊരു അപവാദം അല്ല.

    ReplyDelete
    Replies
    1. ഫ്രീ ഹിറ്റ്‌: ബ്ലോഗിന്‍റെ കളര്‍ സെറ്റിംഗ്സ് നന്നാക്കൂ.. വായിക്കാന്‍ ബുദ്ധിമുട്ടാണ്

      Delete
  24. അന്ന്യന്റെ നിലവിളിക്ക്‌ മുന്നില്‍ കാതു പൊത്തി സ്വന്തം മാളത്തിലേക്ക് വലിയുന്ന സ്വാര്‍ത്ഥ താല്പ്പര്യകാരാന് നമ്മില്‍ കൂടുതലും .. നന്നായി എഴുതി .. ആശംസകള്‍ ..... :)))

    ReplyDelete
  25. എന്തെന്നില്ലാത്ത ഒരു നൊമ്പരം മനസില്‍ അവശേഷിക്കുന്നു :((
    എന്തുകൊണ്ടോ എല്ലാരും അവരവരുടെ കാര്യം മാത്രം നോക്കാന്‍ ശ്രമിക്കുന്നു.. മറ്റുള്ളവര്‍ക്ക് ഒരാപത്ത് വന്നാല്‍, അത് തന്നിലേക്കും പടരുമോ എന്ന ഭീതികാരണം ആവാന്‍.. ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കുന്നത്... :((
    വളരെ നന്നായ് എഴുതിയിട്ടുണ്ട്.. ആ രംഗങ്ങള്‍ നേരിട്ട് കാണുന്ന ഒരു ഫീല്‍..

    സസ്നേഹം
    അന്നാമോട്ടി

    ReplyDelete
  26. കരുത്തും ലാളിത്യവുമുള്ള ഭാഷയാണ് ഏറ്റവും ആകര്‍ഷകമായി തോന്നിയത് .

    മക്കളെ തണുപ്പാക്രമിക്കാതിരിക്കാന്‍ ശ്രദ്ധയോടെ പുതപ്പിച്ചു, യാഥാര്‍ത്ഥ്യം മറയ്ക്കാനെന്ന പോലെ സ്വയം തലവഴി പുതപ്പ് മൂടി നിദ്രയിലേക്കൊഴുകി. എന്ന വരികളിലേക്ക് കഥ വളര്‍ത്തിയെടുത്ത കൈയ്യടക്കത്തെ അഭിനന്ദിക്കാതെ വയ്യ.

    അതിഭാവുകത്വത്തിന്റെ അതിപ്രസരമില്ലാതെ കാലത്തിന്റെ പൊള്ളുന്ന സത്യം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിരിക്കുന്നു.....

    ReplyDelete
  27. സമൂഹത്തിന്റെ നേര്‍ക്കാഴ്ച ഈ കഥയിലൂടെ വരച്ചു കാട്ടി. സൌമ്യയുടെ കരച്ചില്‍ കേട്ട് രക്ഷിക്കാന്‍ ശ്രമിച്ച ആളെ മറ്റു യാത്രക്കാര്‍ ശാസിച്ചത് ഓര്‍മ്മ വന്നു.

    ഈ കഥ ഒരു ഉണര്‍ത്തു പാട്ടാകാട്ടെ

    ReplyDelete
  28. പ്രിയ ഇലഞ്ഞിപൂക്കള്‍,
    കഥ വളരെ വളരെ നന്നായി എന്ന് മേലപരഞ്ഞവരുടെ വാക്കുകള്‍ ആവര്‍ത്തിക്കുന്നു.
    " ഒരു സിനിമ കണ്ടുകഴിഞ്ഞതെന്നപോല്‍ അവളാ രംഗങ്ങളെ ഭര്‍ത്താവിനോടും മക്കളോടും പ്രാതലിനൊപ്പം വിളമ്പാനുള്ള കഥയായ് കാത്തുവെച്ചു. "
    ഇതാണ് ശരിക്കും ഒരു ദുരന്തം ആസ്വദിക്കുന്ന മലയാളി മനസ്സ്. അത് ഈ ഭാഷയില്‍ വരച്ചു കാട്ടിയ താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍.
    പിന്നെ ഒരു സംശയം ,
    "ഏതൊ കുയില്‍കൂട്ടില്‍ വിരിഞ്ഞ കാക്കാകുഞ്ഞിനെ കൊത്തി വലിച്ചെറിഞ്ഞുകളഞ്ഞ കുയിലുകളോടുള്ള പ്രതിഷേധമറിയിക്കുകയാണവര്‍, നിസ്സാഹായതയുടെ കാ..കാ ശബ്ദത്തില്‍..: :::::; "
    കുയില്‍ കൂട് കേട്ടാറില്ല എന്നാണ് അറിവ്. അതിനാല്‍ കുയില്‍കൂട്ടില്‍ ഒരു കാക്കകുഞ്ഞു വിരിയാന്‍ സാധ്യതയുമില്ല. ഒരു അലങ്കാരത്തിനു എഴുതിയതാണെങ്കിലും അതൊരു അസാധ്യ സാധ്യത അല്ലെ ?

    ReplyDelete
    Replies
    1. നന്ദി അംജത്, എനിക്കുപറ്റിയ ഒരു ആനമണ്ടത്തരമായിരുന്നു അത്.. മനസ്സില്‍ വിചാരിച്ചത് കാക്കാകൂട്ടില്‍ മുട്ടയിട്ട കുയിലായിരുന്നെങ്കിലും എന്തോ തിരിച്ചെഴുതിപ്പോയി.. ഓര്‍മ്മകള്‍ പിണങ്ങി തുടങ്ങിയെന്ന് തോന്നുന്നു, ഓര്‍മ്മകളിലെ ബാല്യവും. ഞാന്‍ മാറ്റി എഴുതി.

      Delete
    2. സാരമില്ല. ഓര്‍മ്മകള്‍ ഇനിയും പിണങ്ങാതിരിക്കട്ടെ എല്ലാ സഹൃദയരുടെയും പ്രാര്‍ഥനകള്‍ കൂടെയുണ്ട് .... ഇനിയും എഴുതണമല്ലോ ഞങ്ങളാ ചെലരുടെ മനസ്സ് നിറയ്ക്കാന്‍ ....

      Delete
  29. സ്വാർത്ഥതയുടെ ഒളിച്ചോട്ടങ്ങളാണല്ലോ എഴുത്തുകാരുടെ പ്രധാനപ്രമേയം..മനസാക്ഷിയിൽ നിന്നൊളിച്ചോടാനാവാതെ നാമത് അക്ഷരങ്ങളിലേക്ക് പകർത്തുന്നു..
    സേതുലക്ഷ്മിയുടെ ബ്ലോഗിലാണെന്നു തോന്നുന്നു ഇതേ പ്രമേയം ആസ്പദമാക്കി ഒരു കഥ വായിച്ചത്. നായിക ബസ്സു കാത്തു നിൽക്കുമ്പോൾ അവിടെയെത്തുന്ന പെൺകുട്ടിയും പിന്നാലെയെത്തുന്ന അക്രമികളും..
    എഴുത്ത് നന്നായി..

    ReplyDelete
  30. അവിടെ കൂര്‍ത്ത ചരല്കല്ലുകള്‍ക്കിടയില്‍ ആ പാവം കുയില്‍ക്കുഞ്ഞ് കൊത്തിപ്പറിക്കപ്പെട്ട തൂവലുകള്‍ക്കിടയില്‍ തലപൂഴ്ത്തി ഒരപരാധിയെ പോലെ.....

    മനസ്സില്‍ നീറ്റലായ് ഈ എഴുത്ത്....
    ഇഷ്ടമായ്‌ കഥ.
    ഇലഞ്ഞിപ്പൂക്കള്‍... നന്മകള്‍ നേരുന്നു..

    ReplyDelete
  31. ആദ്യം മനസ്സിലെത്തിയത് കഴിഞ്ഞ ദിവസം കണ്ട അകമ്പാടത്തിന്റെ കാര്‍ട്ടൂണ്‍ ആയിരുന്നു.
    കാലികമായ വിഷയം, വിഷയം ആവിശ്യപ്പെടുന്ന ഭാഷയില്‍ തന്നെയെഴുതി.

    ReplyDelete
  32. നാലു ചുവരുകള്‍ക്കുള്ളിലേക്ക് ചുരുങ്ങുന്ന ജീവിത യാ‍ഥാര്‍ത്ഥ്യങ്ങള്‍............തനിക്ക് സംഭവിക്കുന്നതു വരെ എല്ലാം വെറുംകാഴ്ച്ചകള്‍ മാത്രമായി മാറ്റാനുള്ള മനുഷ്യന്റെ കഴിവ് ........നന്നായി വരച്ചുകാട്ടി ഷേയാ.....

    ReplyDelete
  33. എല്ലാം കണ്ടാലും കേട്ടാലും ഒരു നിര്‍വികാര ജീവിയായി നില്‍ക്കാനേ ഇപ്പോള്‍ ഈ കലിയുകത്തില്‍ നമുക്കെല്ലാം കഴിയൂ.. അതിനു സ്വാര്‍ഥത എന്നോ മറ്റു പ്രശ്നങ്ങളില്‍ ഇടപെട്ടാല്‍ തന്റെ സ്വൈര്യ ജീവിതം നഷ്ട്ടപ്പെടും എന്ന യാഥാര്‍ത്യവും ആവാം സാമൂഹ്യ ജീവിയായ നമ്മളെ അതില്‍ നിന്നെല്ലാം പിന്തിരിക്കുന്നത്..... മറ്റുള്ളവരുടെ നഷ്ട്ടത്തില്‍ പരിതപിക്കുകയും സ്വയം നഷ്ട്ടം വരാതിര്‍ക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയില്‍ ആയി നാമെല്ലാം..എന്ത് ചെയ്യാം...!!!
    ദൈവത്തിന്റെ സ്വന്തം നാട്ടിലെ ചെകുത്താന്‍മാരുടെ കയ്യാല്‍ കൊത്തിപ്പറിക്കപ്പെടുന്ന ജീവനുകളെ കുറിച്ച് നാം എത്രയോ കേള്‍ക്കുന്നു ദിവസും...
    യാഥാര്‍ത്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കഥ..
    അഭിനന്ദനങ്ങള്‍..

    www.ettavattam.blogspot.com

    ReplyDelete
  34. അകലങ്ങളിലെവിടെയോ, ജന്മമേകിയ കുറ്റബോധത്തോടെ രണ്ടു കുയില്‍ജന്മങ്ങള്‍ നിസ്സഹായതയുടെ നിസ്സംഗതപേറി പൂത്തുലുഞ്ഞ പൂമരത്തിന്‍റെ ഉണങ്ങിയ ചില്ലമേല്‍..
    കാലികമായ വിഷയത്തില്‍ ചെറിയ സന്ദര്‍ഭത്തെ സുന്ദരമായ അക്ഷരങ്ങള്‍ കൊണ്ട് എഴുതി ആശംസകള്‍

    ReplyDelete
  35. എല്ലാര്‍ക്കും അവരവരുടെ കാര്യം മാത്രം...!!
    ഷേയയുടെ ഈ എഴുത്തും ഇഷ്ടായി ട്ടോ ..!!!

    ReplyDelete
  36. ശരിയാണ്. നമ്മള്‍ കണ്ടു കഴിഞ്ഞാല്‍ പിന്നെ സാക്ഷിപറച്ചിലും പൊല്ളാപ്പും. കതകു തുറക്കാതിരുന്നാലിതൊന്നും വേണ്ടല്ലോ. നല്ല കഥ. ആശംസകള്‍

    ReplyDelete
  37. മനോഹരമായ അവതരണം, സമൂഹ മനസാക്ഷിയുടെ നേർപകുപ്പ് തന്നെ, ഇതിനെ പ്രവാസത്തിന്റെ ചട്ടക്കൂട്ടിലൊതുക്കാൻ എനിക്കാകുന്നില്ല, കഥാസാഹചര്യം അങ്ങനെയാണെങ്കിലും.. കേവലമായ മനുഷ്യന്തെ സ്വാർത്ഥ ചിന്തകൾ തന്നെ... !!

    പുലകാലത്തിലെ കാഴ്ചയാണ് എഴുത്തിന്റെ, കഥയുടെ ശക്തിപരിണാമം..

    ആശംസകൾ....

    ReplyDelete
  38. രചനാശൈലിയാണ് ഏറ്റവും ഇഷ്ട്ടമായത് ,,കുറഞ്ഞ വരികളില്‍ അധികം വലിച്ചു നീട്ടാതെ എന്നാല്‍ ഒരു ചിന്തക്ക്‌ വക നല്‍കുന്ന മനോഹരമായ കഥ !!ആശംസകള്‍

    ReplyDelete
  39. ഹൃദയ സ്പര്‍ശിയായി എഴുതി.. സ്വാര്‍ത്ഥതയുടെ, ഒരു തരം നിസ്സംഗതയോടെ മാത്രം വീക്ഷിക്കുന്ന പുതു തലമുറകള്‍.. സത്യസന്ധമായി വിവരിച്ചു.. ഷേയൂ.. ആശംസകള്‍..

    ReplyDelete
  40. ജീവിത ക്രമങ്ങളുടെ മുഖഭാവം തന്നെ മാറിമറഞ്ഞിരിയ്ക്കുന്നു. സ്വന്തക്കാര്‍ക്ക് പോലും അത്യാഹിതം സംഭവിച്ചാല്‍ പിന്തിരിഞ്ഞ് നില്‍ക്കുന്ന കാഴ്ചയാണ് ഇന്നിന്റേത്. നമ്മളില്‍ മാത്രം ഒതുങ്ങിനിന്നതുകൊണ്ട് നാം നാമാകുന്നില്ല! ചിന്തനീയമായ ഒരു എഴുത്ത്.. ആശംസകള്‍ സുഹൃത്തെ!

    ReplyDelete
  41. സ്വാര്‍ത്ഥതയിലേക്ക് ചുരുങ്ങിപ്പോകുന്ന ഇന്നിന്റെ മുഖം അസ്സലായി വരച്ചു കാട്ടിയിരിക്കുന്നു ഈ കൊച്ചു കഥയിലൂടെ...

    ReplyDelete
  42. സുപ്രഭാതം സ്നേഹൂ....
    വരാൻ വൈകി, ക്ഷമിയ്ക്കൂ ട്ടൊ..
    എഴുത്തിന് കൂടുതല്‍ ഭംഗി കൈവരുന്നൂ...ഇഷ്ടായി ട്ടൊ...ആശംസകള്‍...!

    ReplyDelete
  43. നമ്മുടെ നാടിന്‍റെ അധ:പതനത്തെ കുറിച്ച്, മനസാക്ഷിയില്ലാത്ത പീഢനകഥകളെ കുറിച്ച് ഗള്‍ഫിലെ കൂട്ടുകാരുടെ വാരാന്ത്യ ഒത്തുകൂടലുകളില്‍ വിളമ്പാനൊരു ഹോട്ട് സ്റ്റോറിയുമായി!!!!!!!!!!!!

    ഏസിയും അറ്റാച്ച്ഡ് ബാത്ത്‌റൂമും മറ്റെല്ലാ സൌകര്യങ്ങളും ഉള്ള പുറംതോടിനുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞു നാണമില്ലാത്തവര്‍ നമ്മള്‍!!!!

    ReplyDelete
  44. നമ്മളിലെ സ്വാര്‍ത്ഥത നമ്മളെ നമ്മളിലേക്ക മാത്രമാക്കി ഒരു പൊയ്മുഖമെടുത്തണിയിച്ചിരിക്കയാണ്..ഉള്ളില്‍ പ്രതികരിക്കണമെന്ന ചിന്ത തലപൊക്കുമ്പോഴേക്കും അന്തസ്സിന്റേയും സംസ്കാരമഹിമയുടേയും മേലാ ടകള്‍ അതിനെ മൂടുന്നു..അല്ലെങ്കില്‍ തന്നെ ഇന്നീ ആത്മരക്ഷക്ക് വേണ്ടിയുള്ള മുറവിളിക്കു കശാപ്പുകാരന്റെ കത്തിത്തലക്ക് മുന്നിലെ നാല്ക്കാലിയുടെ രോദനത്തിന്റെ വിലപോലുമില്ലാതായല്ലോ...യാത്രക്കിടയിലും ,ഇടവഴികളിലും തൊട്ടപ്പുറത്തെ മുറിക്കുള്ളില്‍ നിന്നുമെല്ലാം കേള്‍ക്കുന്ന അലമുറക്ക് ഒരേ രാഗവും താളവുമായിക്കഴിഞ്ഞു....പരിതസ്ഥിതികളുമായ് പൊരുത്തപ്പെടാന്‍ മനുഷ്യന്‍ എപ്പോഴും മിടുക്കനാണ്..ഈ എഴുത്തും .ഇലഞ്ഞിപ്പൂവിന്റെ സുഗന്ധമേറ്റി കേട്ടോ....ഇനിയും ആ ശാഖികളില്‍ നിത്യസുഗന്ധം പരത്തുന്ന പൂക്കുലകള്‍ വിരിയട്ടെ...

    ReplyDelete
  45. അവതരണവും വിഷയവും മികച്ചത്. കഥകളിലൂടെയുള്ള എഴുത്ത് ഒന്നിനൊന്ന് മികച്ചതാവുന്നുണ്ട് ട്ടാ!
    ആശംസകള്‍ :)

    ReplyDelete
  46. nala katha...

    manushyar epolum swarthar thanne..

    ReplyDelete
  47. സുന്ദരമാണ് വരികളും എഴുത്തും ഭാവനയും...
    നനമകള്‍ നേരുന്നു..

    ReplyDelete
  48. ഇലഞ്ഞിപ്പൂക്കള്‍, കഥ കൊള്ളാം. പക്ഷേ, ഇനിയും കുറെക്കൂടി നന്നാക്കാമായിരുന്നു. എഴുത്തിലെ ക്രാഫ്ട് തീരെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നു. മറ്റു കഥകള്‍ വായിക്കുമ്പോള്‍, ചിലതിനോട് നമുക്ക് ഇഷ്ടം തോന്നും. അതെന്തുകൊണ്ടാണെന്ന് ഒബ്‌സര്‍വ് ചെയ്താല്‍ മനസ്സിലാവും. ചിലപ്പോള്‍ അത് എഴുതിയ ശൈലികൊണ്ടാവാം, അവതരണം കൊണ്ടാവാം, ഇതിവൃത്തംകൊണ്ടാവാം....അത് കണ്ടെത്തുക, എന്നിട്ട് അതുപോലെ എഴുതാന്‍ ശ്രമിക്കുക.....എഴുതാന്‍ വേണ്ടി എഴുതിയതു പോലെ എനിക്ക് തോന്നി. (ഇത് എന്റെ അഭിപ്രായം തുറന്നു പറഞ്ഞതാണേ....നീരസം തോന്നരുത്. ഇലഞ്ഞിപ്പൂക്കള്‍ വളരെ നന്നായി ഇനിയും എഴുതാവേണ്ടി പറയുന്നതാ...) ....ദേ...ഈ എഴുതിയ കമന്റ് വായിക്കാനൊരു സുഖമുണ്ട്....എന്താ കാരണം....കണ്ടെത്തൂ....

    " നന്ദി അംജത്, എനിക്കുപറ്റിയ ഒരു ആനമണ്ടത്തരമായിരുന്നു അത്.. മനസ്സില്‍ വിചാരിച്ചത് കാക്കാകൂട്ടില്‍ മുട്ടയിട്ട കുയിലായിരുന്നെങ്കിലും എന്തോ തിരിച്ചെഴുതിപ്പോയി.. ഓര്‍മ്മകള്‍ പിണങ്ങി തുടങ്ങിയെന്ന് തോന്നുന്നു, ഓര്‍മ്മകളിലെ ബാല്യവും. ഞാന്‍ മാറ്റി എഴുതി."

    ReplyDelete
    Replies
    1. manoharamayi paranju...... aashamsakal..... blogil puthiya post...... NEW GENERATION CINEMA ENNAAL........ vayikkane.......

      Delete
    2. ഈ കൂതറക്ക് ഇതെല്ലാതെ പണിയില്ലേ... പോസ്റ്റ് വായിക്കാതെ ഈ കമെന്റ് തന്നെ എന്റേതടക്കം 10ൽ അധികം ബ്ലോഗിൽ കണ്ടു...അവനും അവന്റെ ഒരു സിനിമയും :)

      ഈ പോസ്റ്റിനുള്ള കമെന്റ് നാളെ ഇടാം ഇലഞ്ഞിപ്പൂക്കളെ...

      Delete
  49. സ്വാര്‍ഥതയെ വളരെ നന്നായി ലളിതമായി അവതരിപ്പിച്ചു...
    നല്ല അവതരണ ശൈലി..മികച്ച രചന തന്നെ ഷേയൂസേ..
    ഷേയൂസിനു അഭിനന്ദനങ്ങള്‍....

    ReplyDelete
  50. ഏതോ കാക്കാകൂട്ടില്‍ വിരിഞ്ഞ കുയില്‍കുഞ്ഞിനെ പകല്‍ വെളിച്ചത്തിന്റ്റെ മുഖമൂടിയിട്ട് മാന്യത പഠിപ്പിക്കുയാണവര്‍, ധാര്‍ഷ്ട്യത്തിന്‍റെ കാ..കാ ശബ്ദത്തില്‍......
    മാന്യതയുടെ തുരുത്ത് തേടുന്നവര്‍ നമ്മളും...

    ReplyDelete
  51. സ്വാര്‍ഥതയുടെ വര്‍ത്തമാന പതിപ്പിനെ ലളിതമായ ആഖ്യാനത്തിലൂടെ അസാധാരണ കയ്യടക്കത്തോടെ ചെറു കഥയുടെ പരിമിതിക്കുള്ളില്‍ ഭദ്രമാക്കി അവതരിപ്പിച്ചു. ഒന്നും കൂട്ടാനും കുറക്കാനുമില്ല. ആശയം കുറിക്കു കൊള്ളും വിധം കഥ പാകപ്പെടുത്തി.

    വഴിയരികില്‍ ഒരാള്‍ മുറിവേറ്റു ചോര വാര്‍ന്നു പ്രാണം പിടയുന്ന കാഴ്ച കണ്ടാല്‍ പോലും തനിക്കു ഓഫീസിലെത്താനുള്ള സമയത്തെ ഓര്‍മ്മിച്ചു വണ്ടി വിട്ടു പോകുന്നവരുടെ ലോകത്ത് ഈ കഥയിലെ പ്രമേയം അതിഭാവുകത്വമോ അതിശയോതിയോ നല്‍കുന്നില്ല എന്നത് തന്നെയാണ് നമ്മില്‍ ഞെട്ടലുണ്ടാക്കുന്നത്.

    ആശയത്തിന്, അവതരണത്തിനു, കഥയിലെ നല്ല പ്രയോഗങ്ങള്‍ക്കു എല്ലാം അഭിനന്ദങ്ങള്‍.

    ReplyDelete
  52. കാഴ്ചകളില്‍ അഭിരമിക്കുന്ന മലയാളി ദുരന്തത്തെയും ആഘോഷിക്കുന്നു. എനിക്കെന്തു ലാഭം എന്ന ചോദ്യത്തില്‍ നഷ്ടം എന്ന് മാത്രമുത്തരമെങ്കില്‍ രണ്ടാമതൊന്നു ആലോചിക്കാതെ ചോദ്യം തന്നെ വിഴുങ്ങിക്കളയുന്ന സ്വാര്‍ഥതയുടെ പുതിയ പേരാണ് 'ജീവിക്കാന്‍ പഠിച്ച മലയാളി' എന്ന്. കഥയുടെ പേര് സൂചിപ്പിക്കുന്നത് പോലെ കട്ട പിടിച്ച ഇരുട്ടിന്റെ ആഴങ്ങളിലേക്ക്... ആ തമോഗര്ത്തങ്ങളിലെ മറ്റൊരു ചുഴിയായി കഥയും. !
    കുറെ നാളു കൂടിയാണ് ബൂലോക സഞ്ചാരം.. ആ വഴിയിളിവിടെയും. സന്തോഷം ഈ നല്ല വായനക്ക്.

    ReplyDelete
  53. ഒരു ഗള്‍ഫ്‌ വീട്ടമ്മയുടെ നേര്‍ചിതരം തനിമ ചോര്‍ന്നു പോവാതെ വരച്ചു കാട്ടിയതിന് നന്ദി.!

    ReplyDelete
  54. തമസ്സാഴങ്ങള്‍ വായിച്ച എല്ലാ കൂട്ടുകാരോടും ഹൃദയം നിറഞ്ഞ സന്തോഷവും നന്ദിയും അറിയിക്കട്ടെ.. പോരായ്മകള്‍ ചൂണ്ടികാണിച്ചതെല്ലാം എന്‍റെ പരിമിതമായ കഴിവിനനുസരിച്ച് ശരിയാക്കാന്‍ ശ്രമിക്കാം. ഈ പ്രോത്സാഹനങ്ങളും വിമര്‍ശനങ്ങളുമാണ് എഴുതുവാന്‍ പ്രേരിപ്പിക്കുന്ന മുഖ്യഘടകം. പേരെടുത്തു പറയുന്നില്ലെങ്കിലും ഓരോ കൂട്ടുകാരോടും എന്‍റെ സന്തോഷം, സ്നേഹം.

    ReplyDelete
  55. കഥ പറഞ്ഞ രീതി ഭംഗിയായി.നമ്മള്‍ വെറുതെ പ്രതികരിക്കുന്ന ഒരു ജനതയാണ്.യഥാര്‍ത്ഥ പ്രതിസന്ധിയില്‍ ഒരുളുപ്പുമില്ലാതെ ഓടി ഒളിക്കും.

    ReplyDelete
  56. നല്ല ഒഴുക്ക് ........
    ഇത് കഥയോ ഗുണ പാഠമോ ...
    എന്തായാലും ഇരുണ്ട മനസ്സുള്ളവര്‍ക്ക് ....എല്ലാം നേരം പോക്കുകള്‍ .....
    അത് കാലത്തിന്റെ കൂടപ്പിറപ്പുകള്‍ ....

    ReplyDelete
  57. ഞാന്‍ പുതപ്പ് മുഖത്തേക്ക് വലിച്ചിട്ടു, കണ്ണടച്ചു സുഗ്ഖ സുഷുപ്തിയില്‍ സ്വയം മറന്നു..!
    നന്നായി പറഞ്ഞിരിക്കുന്നു..

    ReplyDelete
  58. Satyammmm ... Manushayar ennum kooduthal swartharaaayi kondirikkaa

    Nannayi Ezhuthi

    Aashamsakal ..SheyAAAA

    ReplyDelete
  59. ഇഷ്ടപ്പെട്ടു കഥ. ആശംസകള്‍

    ReplyDelete
  60. വരാന്‍ വൈകി.ഇവിടെ വന്നിട്ടും കുറേയായി....ഇപ്പോളങ്ങിനെയോക്കെയാണ്.നിസ്സംഗതയെന്നു വിളിക്കാന്‍ മനസ്സ് സമ്മതിക്കുന്നുമില്ല.ക്ഷമിക്കുമല്ലോ?
    __________
    കഥ ,അതിന്റെ കാതല്‍വിഷയം കൊണ്ടുതന്നെ വളരെ വളരെ നിലവാരം പുലര്‍ത്തി.പറയാനുള്ളത് comment-ല്‍ പലരും പറഞ്ഞിട്ടുണ്ട്.ആശംസകള്‍ - അകംനിറഞ്ഞ ....

    ReplyDelete
  61. സ്വന്തം കാര്യം സിന്ദാബാദ്....
    ആദ്യമായാണീ വഴി...കഥ നന്നായി അവതരിപ്പിച്ചു...



    --------------------------------------
    ആ ബാക്ക് ഗ്രൌണ്ട് ഡിസൈന്‍ വായനാ സുഖം നഷ്ടപ്പെടുത്തുന്നു...

    ReplyDelete
  62. പങ്കു വെക്കപ്പെടുന്ന വിഹ്വലതകള്‍, ഉൽക്കണ്ഠ kal എല്ലാം ഒന്ന് തന്നെ, പക്ഷെ അതിന്‍ മീതെ നിസ്സംഗതയുടെ പുതപ്പു വലിച്ചു മൂടാന്‍ നമുക്കൊക്കെ എത്ര എളുപ്പം സാധിക്കുന്വല്ലേ..സ്വയം..,സ്വയം സഹതപിക്കാന്‍ ആണ്~ തോന്നുന്നത്!

    ReplyDelete
  63. ഇന്നെല്ലാവരും സ്വന്തം കാര്യമല്ലേ നോക്കുന്നത് ..വളരെ നന്നായിട്ടുണ്ട് ..ഈ വഴി വരാന്‍ താമസിച്ചു

    ReplyDelete
  64. ഞാനും കുടുംബവും പിന്നെ എന്റെ ബാങ്ക് ബാലന്‍സും എന്നിടത്തെക്ക് ലോകം ചുരുങ്ങിയിരിക്കുന്നു .ആശംസകള്‍

    ReplyDelete
  65. പ്രിയ ഇലഞ്ഞിപ്പൂക്കൾ, (ആണാണോ പെണ്ണാണോ എന്നരിയില്ല) ഞാൻ ആദ്യമായാണിവിടം. സാധാരണയായി എന്റെ പോസ്റ്റിന് കമെന്റിടുന്നവരെ തേടി ഞാൻ പോകാറുണ്ട്. പോസ്റ്റുകൾ വീട്ടിൽ നിന്നും കോപ്പിയെടുത്ത് ഓഫ്ഫീസിലേക്ക്ക് മെയിലായി അയക്കും. അവ ഒഴിവ് കിട്ടുന്നതിനനുസരിച്ച് വായിച്ച് കമെന്റിടുകയാണ് പതിവ്. ഇവിടെ കോപ്പിയെടുക്കാൻ കഴിയുന്നില്ല എന്നത് കൊണ്ട് മാത്രമാണ് ഇവിടെ ഞാൻ കമെന്റിടാത്തത്... എന്തായാലും എന്റെ സ്ഥിര വായനക്കാരനെ ഞാൻ കൈവെടിയുന്നില്ല.

    ഞാൻ ആദ്യമേ താങ്കളെ ഫോളോ ചെയ്യുന്നുണ്ട്. ഈ കഥ വായിച്ച് ഇപ്പോൾ തന്നെ കമെന്റിടാം... ഇതുവരെ വായിക്കാത്തതിനാൽ ക്ഷമിക്കുമല്ലോ

    ReplyDelete
  66. കഥ വായിച്ചു, സ്വാർത്ഥമതിയായ ഒരു ഭാര്യയുടെ വിഹ്വലതകൾ. വെറൂം വിഹ്വലകൾ മതി എം ടി യുടെ കഥാ പാത്രങ്ങളെ പോലെ. മറ്റുള്ളവരുടെ വിഷമങ്ങൾ കണ്ട് വിഷമിക്കുകയും എന്നാൽ തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പോലും ചെയ്യാതെ , പ്രതികരിക്കാതെ മിണ്ടാതിരിക്കുന്ന സമൂഹത്തിന്റെ പ്രതിനിധികൾ... എഴുത്ത് പിടിച്ചുരത്തി. നല്ല കയ്യടക്കം ആശംസകൾ , ഇനി സ്ഥിരമായി വരാം കെട്ടോ :)

    ReplyDelete
  67. ഏതോ കാക്കാകൂട്ടില്‍ വിരിഞ്ഞ കുയില്‍കുഞ്ഞിനെ പകല്‍ വെളിച്ചത്തിന്റ്റെ മുഖമൂടിയിട്ട് മാന്യത പഠിപ്പിക്കുയാണവര്‍, ധാര്‍ഷ്ട്യത്തിന്‍റെ കാ..കാ ശബ്ദത്തില്‍..
    ഇതെനിക്കങ്ങോട്ടു ബോധിച്ചു കെട്ടാ
    ആശംസകള്‍

    ReplyDelete
  68. ഒരു ശരാശരി മലയാളിയുടെ ഇന്നത്തെ അവസ്ഥയുടെ നേര്‍ക്കാഴ്ച.
    നന്നായി അവതരിപ്പിച്ചു.
    പറയുവാന്‍ കരുതിയ കാര്യം നന്നായി പകര്‍ത്തി .

    ഇലഞ്ഞിപൂക്കള്‍ അങ്ങനെയാണ്, ഇലച്ചാര്‍ത്തില്‍ മുഴുകി മറഞ്ഞുനിന്ന് സൌരഭം പകരും

    ReplyDelete
  69. പ്രമേയവും കഥാവസാനവും മുകുന്ദന്റെ ഡല്‍ഹി എന്ന ചെറുകഥയുടെ സ്മരണകളുണര്‍ത്തി!
    നല്ല ക്രാഫ്റ്റിഗ്, ആശംസകള്‍!!

    ReplyDelete
  70. സന്തോഷം കൂട്ടുകാരെ, വന്നതിനും വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും..

    ReplyDelete
  71. നന്നായി എഴുതി സുഹൃത്തേ, ആശംസകള്‍ !

    ReplyDelete
  72. എന്നാലും നാട്ടിലായിരുന്നില്ലേ..ഒന്നിറങ്ങി നോക്കാമായിരുന്നില്ലേ...വെളിച്ചം വന്നപ്പോഴെങ്കിലും...എന്ന് മനസ് സങ്കടപ്പെടുന്നു.

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!