Friday, June 1, 2012

സ്നേഹാക്ഷരങ്ങളാലൊരു പ്രണയാജ്ഞലി...





പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ടെ തറവാട്ടില്‍ നിന്നും സ്വച്ഛന്ദമൊഴുകിതുടങ്ങിയ ആ തെളിനീരുറവയ്ക്ക് സ്വപ്നങ്ങളേറെയായിരുന്നു, പ്രതീക്ഷകളും!പലതലങ്ങളിലൂടെ, കൈവഴികളിലൂടെ ചാഞ്ഞും ചെരിഞ്ഞും ഒഴുകേണ്ടിവന്നപ്പോഴൊക്കെ വശ്യമായ പുഞ്ചിരിയുടെ കുളിര്‍മ്മയ്ക്കടിയില്‍ വികാരപ്രക്ഷുബ്ധമായ മനസ്സുമായവര്‍ സമരസപെട്ട് ഒഴുക്ക് തുടര്‍ന്നത് ഈ നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ സ്വപനലോകത്തിലൂടെയാണ്. സ്നേഹത്തിന്‍റെയും വെറുപ്പിന്‍റെയും ഇരുകരകളേയും പുഞ്ചിരിയോടെ പുണരാന്‍ അവരുടെ ആഴങ്ങളില്‍ ഒഴുകിയിരുന്ന ദിവ്യമായ പ്രണയത്തിന്‍റെ, കറകളഞ്ഞ സ്നേഹത്തിന്‍റെ അടിയൊഴുക്കുകള്‍ മാത്രം മതിയായിരുന്നു.


കമലാസുരയ്യയെന്ന മലയാളികളുടെ പ്രിയപ്പെട്ട മാധവിക്കുട്ടിയ്ക്ക് പ്രണയം മൂടിവെയ്ക്കാനുള്ളതൊന്നായിരുന്നില്ല.അതവരിലെ ആത്മചൈതന്യമായിരുന്നു. സ്നേഹത്തെ ചങ്ങലയ്ക്കിടാന്‍ താനൊരു ഭ്രാന്തിയല്ലെന്ന് ഇരുകരകളില്‍ന്നിന്നും കപടസദാചാരത്തിന്‍റെ വേരുകള്‍ തന്നിലേക്കാഴ്ന്നിറങ്ങി ഹൃദയം പിളര്‍ക്കുമ്പോഴും മാസ്മരികമായ അക്ഷര നൈപുണ്യത്തിലൂടെ അവര്‍ സധൈര്യം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പ്രണയം അതീവസുന്ദരമാണെന്നും സൌന്ദര്യമാണ് പ്രണയമെന്നും താനിപ്പോഴും പ്രണയിക്കുന്നുവെന്നും ഏറെ ഒഴുകിയതിനു ശേഷം തന്‍റെ അറുപതിയഞ്ചാം വയസ്സിലും വിളിച്ചു പറഞ്ഞ് ശരീരമാനത്തേക്കാള്‍ ഒന്നും ഒളിച്ചുവെയ്ക്കാതെ മനസ്സിന്‍റെ മാനം കാത്തവരാണവര്‍.അതുകൊണ്ട്തന്നെയാവാം തന്‍റെ ഓരോ രചനകള്‍ക്കും കിട്ടിയ കൂര്‍ത്തകല്ലുകളെ നിശബ്ദം എറ്റുവാങ്ങി പിന്നേയും പിന്നേയും വികാരങ്ങളെ, വിചാരങ്ങളെ അക്ഷരങ്ങളാല്‍ അനശ്വരമാക്കി വെള്ളാരം കല്ലുകളാക്കി എറിഞ്ഞവര്‍ക്ക് തിരിച്ചു സമ്മാനിക്കാന്‍ അവര്‍ക്കായതും.


സ്നേഹമില്ലാതെ കവിതയില്ലെന്നും സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖിരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണെന്നും ആ വലിയ എഴുത്തുകാരി പരിതപിക്കുമ്പോള്‍ സ്നേഹം വിറ്റും കാശാക്കുന്ന നമുക്ക് മനസ്സിലാവാതെ പോയത് അവരിലെ വറ്റാത്ത സ്നേഹമായിരുന്നില്ലേ. ഒരു കുട്ടിക്കാലം മുഴുവന്‍ അവളില്‍ സ്നേഹവാത്സല്യങ്ങള്‍ നിറച്ചുവെച്ച് ഒഴുകിയകന്ന നാലപ്പാട്ടെ മുത്തശ്ശിയുടെ പ്രിയപ്പെട്ട ആമിക്ക് നിറഞ്ഞ് സ്നേഹിക്കാനല്ലേ ആവുമായിരുന്നുള്ളൂ. സ്വപ്നങ്ങളുടെ അനന്തതയിലേക്ക് നിരന്തരം വെള്ളം തെറിപ്പിച്ച്, ആഞ്ഞുപുണരാനായി അവരൊഴുകുമ്പോഴും യാഥാര്‍ത്ഥ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങി നല്ലൊരു കുടുംബിനിയായ്, അമ്മയായ് സ്നേഹത്താല്‍, വാത്സല്യത്താല്‍ ചേര്‍ന്നൊഴുകാനും മാധവിക്കുട്ടിയിലെ സ്ത്രീ മറന്നില്ല.


ലൈഗികതയുടെ ചില സഭ്യമായ തുറന്നെഴുത്തുകള്‍ വായനക്കാരന്‍റെ നെറ്റിചുളിക്കുമ്പോഴും, മാന്യതയുടെ അരുതായ്മകള്‍ ആര്‍ത്തിരമ്പുമ്പോഴും കമലാസുരയ്യയെന്ന അനുഗ്രഹീത എഴുത്തുകാരിയെ കാമാര്‍ത്ഥയെന്ന് വിളിച്ചാക്ഷേപിക്കാന്‍ സമൂഹത്തിനാവാതെ പോയത് അവരുടെ നേരെഴുത്തെന്ന നിഷ്കളങ്ക വ്യക്തിത്വമൊന്നുകൊണ്ട് മാത്രമായിരുന്നു. ഒന്നൊളിഞ്ഞു നോക്കിയാല്‍ സമൂഹം മനസ്സിലൊളിപ്പിച്ച വിചാര വികാരങ്ങള്‍ തന്നെയായിരുന്നു അവരക്ഷരങ്ങളിലൂടെ ഉറക്കെ പറഞ്ഞത്. മലയാള സാഹിത്യത്തില്‍ അധികമാരും കാണിക്കാത്ത ധീരത.


ഏറെ പ്രിയപ്പെട്ട നാലപ്പാട്ട് തറവാട്ടില്‍ നിന്നും മഹാനഗരത്തിന്‍റെ വന്യതയിലേക്ക് പറിച്ചുനടപെട്ടപ്പോഴും നാഗരികജീവിതത്തിന്‍റെ അനന്തവിശാലതയില്‍നിന്നും ഏറെ പഠിച്ചപ്പോഴും ഗ്രാമത്തിന്‍റെ പച്ചപ്പ് മരണം വരെ മനസ്സില്‍ നനച്ചുവളര്‍ത്തിയവരാണവര്‍. ജീവിതാനുഭവങ്ങളുടെ തീഷ്ണതയില്‍ നിന്നുകൊണ്ട് മാധവിക്കുട്ടി, കമലാദാസ് എന്നീ വ്യത്യസ്ത പേരുകളില്‍ രണ്ട് ഭാഷകളിലും ഒരുപോലെയെഴുതി വായനക്കാരിലേക്കിറങ്ങിചെന്നു ആ അനശ്വര കലാകാരി. മലയാളസാഹിത്യത്തിന്‍റെ യാഥാസ്ഥിതിക എഴുത്തില്‍നിന്നും വഴിമാറിനടക്കാന്‍ തുടക്കമിട്ടവരില്‍ പ്രമുഖയാണ് കമലാസുരയ്യ. വേറിട്ടൊരു വ്യക്തിത്വമായിരുന്നവരുടെ പ്രത്യേകത, ജീവിതത്തിലും എഴുത്തിലും ഒരേ വ്യക്തിത്വം കാത്തുസൂക്ഷിച്ചവള്‍. വിചാരങ്ങള്‍ക്ക് അക്ഷരരൂപമേകിയവള്‍. സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഇഴചേര്‍ത്ത് മലയാളിയെ വിരുന്നൂട്ടിയവള്‍.


തന്‍റെ സ്വപ്നങ്ങളും ജീവിതവും ഇരുദിശകളിലേക്കൊഴുകുന്നതിന്‍റെ നിരാശയും ആശങ്കയും മാധവിക്കുട്ടിയുടെ കൃതികളില്‍ കാണാമായിരുന്നു. എങ്കിലും താന്‍ സ്വപ്നലോകത്തുണ്ടാക്കിയ സങ്കൽപ്പകൊട്ടാരം അക്ഷരജാലകങ്ങളിലൂടെ നമുക്കവര്‍ തുറന്നു തന്നു.ജീവിതത്തിന്‍റെ നേര്‍കാഴ്ച്ചകള്‍ക്കൊപ്പം. നീര്‍മാതളവും നീലാംബരിയും നേരില്‍ കാണാത്തവര്‍ക്കും വായനയിലൂടെ അതിന്‍റെ സുഗന്ധവും മാധുര്യവും കുളിര്‍മ്മയും അനുഭവേദ്യമാക്കാന്‍ പ്രാപ്തമായിരുന്നു അവരുടെ വാഗ്ജാലം.


ഒരു നീരൊഴുക്കില്‍ നിന്നും അനുഭവങ്ങളുടെ, സ്വപ്നങ്ങളുടെ നഷ്ടപ്രണയങ്ങളുടെ, ജീവിതസമസ്യകളുടെ ഭൂമികയിലൂടെ കമലാസുരയ്യ എന്ന പ്രശസ്ത എഴുത്തുകാരി പരന്നൊഴുകി ഒരു സാഗരമായി പന്തലിക്കുകയായിരുന്നു, പലപേരുകളില്‍, പലഭാഷകളില്‍. മലയാള സാഹിത്യലോകത്ത് അവരാല്‍ സൃഷ്ടിക്കപ്പെട്ട തെളിനീരുറവ;അതൊഴുകികൊണ്ടേയിരിക്കും, കാലാന്തരങ്ങളിലൂടെ. സ്വപ്നങ്ങള്‍ക്കൊരു മലയാളഭാഷയുണ്ടാക്കിതന്ന, പ്രണയം പ്രണയിക്കാനുള്ളതെന്ന് ജീവിച്ചുകാണിച്ചു തന്ന പ്രിയഎഴുത്തുകാരിക്ക് സ്നേഹമനസ്സുകളെങ്ങിനെ ചിതയൊരുക്കും..

27 comments:

  1. ഒന്നൊളിഞ്ഞു നോക്കിയാല്‍ സമൂഹം മനസ്സിലൊളിപ്പിച്ച വിചാര വികാരങ്ങള്‍ തന്നെയായിരുന്നു അവരക്ഷരങ്ങളിലൂടെ ഉറക്കെ പറഞ്ഞത്.

    ReplyDelete
  2. "അന്ധര്‍നിന്‍ തുമ്പിയോ കൊമ്പോ പള്ളയോ തൊട്ടിടങ്ങിടാം
    എനിയ്ക്കു കൊതി നിന്‍ വാലിന്‍ രോമം കൊണ്ടൊരു മോതിരം"

    ReplyDelete
  3. സ്നേഹം മാത്രം കൊതിച്ചു മതം വരെ മാറിയ മലയാളിയുടെ മാധവിക്കുട്ടി.കഥയെഴുത്തുകാര്‍ക്ക് മാതൃകയാണ് ആ കഥകള്‍.

    ReplyDelete
  4. എനിക്കേറ്റവും ഇഷ്ടപെട്ട അമ്മ ... സ്നേഹം മാത്രം കൊതിച്ച അമ്മ ...നല്ല ഓര്‍മ്മകള്‍

    ReplyDelete
  5. സ്നേഹമില്ലാതെ കവിതയില്ലെന്നും സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖിരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണെന്നും ആ വലിയ എഴുത്തുകാരി പരിതപിക്കുമ്പോള്‍ സ്നേഹം വിറ്റും കാശാക്കുന്ന നമുക്ക് മനസ്സിലാവാതെ പോയത് അവരിലെ വറ്റാത്ത സ്നേഹമായിരുന്നില്ലേ.....

    മാധവിക്കുട്ടി എന്ന സ്നേഹത്തിനു മുന്നില്‍ എന്റെ പ്രണാമം....


    നല്ല ലേഖനം....ഷേയൂസിനു ആശംസകള്‍...

    ReplyDelete
  6. എത്ര പറഞ്ഞാലും തീരാത്ത ,എല്ലാവരെയും സ്നേഹിക്കാന്‍ മാത്രം അറിയുന്ന മലയാളികുടെ സ്വന്തം മാധവിക്കുട്ടിയെ ക്കുറിച്ചുള്ള അവസരോചിതമായ ഒരു കുറിപ്പ്‌ അഭിനന്ദനങ്ങള്‍!!!!!!

    ReplyDelete
  7. പണ്ടെപ്പഴോ അവരെ തെറ്റിദ്ദരിച്ചതിനു ഞാൻ പശ്ചാത്തപിച്ചത് അവരുടെ ക്യതികൾ വായിച്ച് തുടങ്ങിയപ്പോഴാണു. ഇന്നെന്റെ ഏറ്റവും ഇഷ്ടഎഴുത്തുകാരി

    നല്ല പോസ്റ്റ്...ഒരു സ്മരണാഞ്ജലി

    ReplyDelete
  8. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിച്ച എഴുത്തുകാരിക്കുള്ള ഓര്‍മ കുറിപ്പ് നന്നായി..

    ReplyDelete
  9. സന്തോഷം. അവരുടെ അവസാന തീരുമാനം ഒഴിച്ച് മറ്റെല്ലാം ഇഷ്ട്ടപ്പെടുന്നു.ഒരു കഥാകാരി ആയി മാത്രം.നല്ലൊരു പോസ്റ്റ്‌ ഇലഞ്ഞി.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. സ്നേഹമതിയും പരോപകാരതല്പരയുമായ ഒരു മഹദ്‌വ്യക്തിത്വത്തെ തനതായി അവതരിപ്പിച്ചു.അഭിനന്ദനങ്ങള്‍ !

    ReplyDelete
  12. വളരെ നല്ല ഒരു അനുസ്മരണ പോസ്റ്റ്‌!
    ആശംസകള്‍ ഇലഞ്ഞിപ്പൂക്കള്‍ !!!!!

    ReplyDelete
  13. സ്നേഹവും പ്രണയവും ഒക്കെ പറഞ്ഞ് കഥകളെഴുതിയപ്പോ എല്ലാവരുടേയും മനസ്സിലെത്തിയത് കാമവും ആസക്തിയുമൊക്കെയാ, അതാ ആ സ്ത്രീയെ ഇങ്ങനെ എല്ലാവരും ക്രൂശിക്കാൻ കാരണം. നല്ല വാക്കുകളിലൂടെ അവർ സ്നേഹത്തിനേയും പ്രണയത്തേയും കുറിച്ച് പറഞ്ഞപ്പോഴൊക്കെ ചെറിയ ശതമാനം വായനക്കാരുടെ മനസ്സിലേക്കെങ്കിലും എത്തിയത് കാമവും ശരീരത്തിനോടുള്ള ആസക്തിയും മാത്രമായിരുന്നൂ. അല്ലാതുള്ള സ്നേഹത്തെ പറ്റിയൊന്നും അറിയാത്തവരാണ് ആ എഴുത്തുകാരിയെ ഇങ്ങനെ ദ്രോഹിച്ചത്. നല്ല അനുസ്മരണം ചേച്ചീ. ആശ്അംസകൾ.

    ReplyDelete
  14. നമ്മുടെ മാതു.....നീർമാതളത്തിന്റെ പ്രിയ തോഴി

    ReplyDelete
  15. കമല എന്ന മാധവികുട്ടിയെ വായിക്കുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ തന്നെ അറിയുകയാണു നമ്മള്‍ ...പ്രണയവും സ്നേഹവും മാതൃത്വവും ആര്‍ദ്രതയും ഇറ്റു വീഴുന്ന വരികളിലൂടെ അവര്‍ വായനക്കാരുടെ മനസ്സിലേക്കെത്തുമ്പോള്‍ തിരിച്ചവര്‍ ആഗ്രഹിച്ചത് കറകളഞ്ഞ സ്നേഹം മാത്രം ..ആ സ്നേഹഗായികക്കു മുന്നില്‍ ചില ബുദ്ധിജീവികള്‍ നിരത്തുന്ന വിമര്‍ശനങ്ങളെല്ലാം കാറ്റിലലയുന്ന അപ്പൂപ്പന്‍ താടികള്‍ മാത്രം ..ഒരു വ്യക്തിയെന്ന നിലയില്‍ അവര്‍ എങ്ങനെയൊക്കെ ആയിരിക്കണമെന്നത് അവരില്‍ നിക്ഷിപ്തമായ അവരുടെ മാത്രം സ്വാതന്ത്ര്യമാണ്..കമല പിന്നീട് കമല സുരയ്യ ആയത് ജീവിതത്തിലവര്‍ക്കിനിയും അപരിചിതമായ സാന്ത്വനങ്ങളെ ,സ്നേഹത്തെ, ആത്മചൈതന്യത്തെ കൈപ്പിടിയിലാക്കാനായിരുന്നു..അവരതില്‍ വിജയിക്കുകയും ചെയ്തു..അല്ലെങ്കില്‍ ഒരിക്കലും അവരുടെ ഇച്ഛക്കനുസൃതമല്ലാതെ ആ പൂവാക ചോട്ടില്‍ അന്ത്യവിശ്രമം കൊള്ളില്ലായിരുന്നല്ലോ..കമലക്കു പകരം കമല മാത്രം ..നന്നായി എഴുതി ഷേയു..ഒരിളം കാറ്റു വന്നു കവിളില്‍ തലോടിയ പോലെയുള്ള വരികള്‍ ...

    ReplyDelete
  16. ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട മഹദ് വ്യക്തിത്വത്തിന്‍റെ ഉടമ!
    സ്മരണാഞ്ജലി നന്നായി.
    ആശംസകള്‍

    ReplyDelete
  17. മാധവി കുട്ടിയെ ഞാന്‍ കൂടുതല്‍ ഒന്നും വായിച്ചിട്ടില്ല അവരെ രണ്ടു പുസ്തകങ്ങള്‍ ആണ് ആകെ വായിച്ചത് ഒന്ന് ജാനുവമ്മ പറഞ്ഞ കഥ രണ്ടാമത് വായിച്ചത് നീര്‍മാതളം പൂത്ത കാലം ജാനുവമ്മ പറഞ്ഞ കഥ അക്ഷരാര്‍ത്ഥത്തില്‍ എനിക്കിഷ്ടപെട്ട ഒന്നാണ് പക്ഷെ നീര്‍ മാതളങ്ങള്‍ പൂത്തക്കാലം അതൊരു കഥ പറച്ചിലായിട്ടു തോന്നിയില്ല കടുത്ത സൌന്ദര്യ ആരാധികയുടെ ഒരു പൊങ്ങച്ചം പറച്ചില്‍ മാത്രമായിട്ടാണ് തോന്നിyath ഈ ഒരു അഭിപ്രായത്തില്‍ നിന്നെ എനിക്ക് മാധവി കുട്ടിയെ സ്മരിക്കാന്‍ ആവൂ ഷേയ ആശംസകള്‍

    ReplyDelete
  18. ശരിയാണ്, അവരെ ആക്ഷേപിക്കാന്‍ സമൂഹത്തിനാവാതെ പോയത് അവരുടെ നേരെഴുത്തെന്ന നിഷ്കളങ്ക വ്യക്തിത്വമൊന്നുകൊണ്ട് മാത്രമായിരുന്നു...
    സ്മരണാഞ്ജലി നന്നായി.

    ReplyDelete
    Replies
    1. snehaaksharangalaaloru pranayaanjali nalloru smranaanjaliyum koodiyyaayittund ..aksharangalaal upamikkaan kazhiyattha vidhathil vaayanakkaarante manassil chira pradhishtta nediya aa valiya ezhuthukaarikku nalkaavunnathil vachettavum nalla akshara pranayaanjali samarppicha ilanjikku abhinandanangal'..!!

      Delete
  19. എഴുത്തുകാരിക്കുള്ള ഓര്‍മ കുറിപ്പ് നന്നായി. ആശംസകള്

    ReplyDelete
  20. കമല സുരയ്യയുടെ ഓരോ കൃതികളും വായിക്കുമ്പോള്‍ ഒരു പ്രത്യേക ലോകത്തേക്ക് നമ്മളെ കൊണ്ട് പോകും ആവരികളില്‍ നിറഞ്ഞു നില്‍ക്കും കവിയത്രിയുടെ സ്നേഹം . സ്മരണ പങ്കുവെച്ചതില്‍ ഒരു പാട് നന്ദി കേട്ടോ.നല്ല പോസ്റ്റു എല്ലാ ആശംസകളും ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  21. "സ്നേഹിക്കുന്നവരെ നഷ്ടപ്പെട്ടവര്‍ക്കെ സ്നേഹം എത്ര അമൂല്യമാണെന്നറിയൂ" എന്ന്പറഞ്ഞ , സ്നേഹത്തെ കൂടുതല്‍ ഇഷ്ടപ്പെട്ട കമലാ സുരയ്യ എന്ന കവിയത്രിയെ കുറിച്ചുള്ള നല്ല ഒരു അനുസ്മരണ കുറിപ്പ് ഷേയൂ ...!

    ReplyDelete
  22. അനുസ്മരണക്കുറിപ്പ് വളരെ നന്നായി.

    ReplyDelete
  23. പ്രിയപ്പെട്ട കൂട്ടുകാരി,
    മഴപെയ്തു തോര്‍ന്ന ഈ ഇടവേളയില്‍,ആമിയെക്കുറിച്ച് എഴുതിയ ഈ പോസ്റ്റ്‌ വായിച്ചു.ഒത്തിരി ഇഷ്ടായി.
    എന്റെ അച്ഛന്റെ നാട്ടിലെ പ്രിയപ്പെട്ട എഴുത്തുകാരിയെക്കുറിച്ചു രണ്ടു പോസ്റ്റുകള്‍ എഴുതിയിട്ടുണ്ട്.
    ''ആ നീര്‍മാതളം ഇനി പൂക്കുകയില്ല''.......!
    ആമിയുടെ വ്യക്തിത്വം ആകര്‍ഷകമാണ്. ആ എഴുത്ത് ഹൃദയത്തോട് ചേര്‍ത്ത് വെക്കേണ്ടതും.
    നീര്‍മാതളം ലോകപ്രസിദ്ധമാകാന്‍ മാധവിക്കുട്ടിയായിരുന്നു,കാരണം.
    സ്നേഹത്തിനു വേണ്ടി ദാഹിച്ചു, സ്നേഹം നിറഞ്ഞൊഴുകിയ നോവലുകള്‍ നമുക്ക് നല്‍കിയ പ്രിയപ്പെട്ട ആമിയോപ്പുവിനു ആദരാഞ്ജലികള്‍ !
    വളരെ നന്നായി കമലാദാസിനെക്കുറിച്ച് എഴുതിയ കൂട്ടുകാരി, ഇലഞ്ഞിപൂക്കള്‍ !
    മനോഹരമായ ഒരു മഴദിവസം ആശംസിച്ചു കൊണ്ട്,
    സസ്നേഹം,
    അനു

    ReplyDelete
  24. ബഞ്ചുമാർക്ക് ചെയ്യപ്പെട്ട എഴുത്തുകാരിയെക്കുറിച്ചുള്ള സ്മരണയും നന്നായിരിക്കുന്നു.

    ReplyDelete
  25. ഏറെ സന്തോഷം വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും..

    ReplyDelete
  26. കാട്ടുതെനിലലിഞ്ഞു ചേര്‍ന്ന വസന്തങ്ങളെ കാട്ടിത്തന്ന്‍ ,കളങ്കമറിയാത്ത തുറന്നെഴുത്തിന്റെ കനല്‍വഴികളില്‍ വെന്ത് പാടി ,പ്പറഞ്ഞുനടന്നവള്‍ക്ക് ...പ്രണാമം.
    സലാം ഇലഞ്ഞിപൂക്കള്‍ ..കുറെയായി ഈ വഴിക്ക്.

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!