Thursday, March 6, 2014

അമുദയുടെ അമ്മ

അവരുടെ പേരെനിക്കോര്‍മ്മയില്ല. പരിചയപ്പെട്ട ആദ്യനാളുകളില്‍ ഒന്നില്‍കൂടുതല്‍ തവണ ചോദിച്ചതാണ്. പക്ഷേ..

അമുദയുടെ അമ്മ എന്നാണെന്‍റെ മനസ്സില്‍ അവരുടേതായി പതിഞ്ഞുകിടപ്പുള്ള പേര്. അമുദയുടെ അമ്മയായതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ പരിചിതരായതും. എനിക്ക് അവരെ വിളിക്കാവുന്ന സമുചിതമായ പേര് അതുതന്നെയാണ്. അവര്‍ക്ക് മാത്രമേകാവുന്ന ഒരുപേരായി അമുദയുടെ അമ്മ എന്നത് എന്‍റെയുള്ളില്‍ മാറുകയും ചെയ്തിരിക്കുന്നു!

അമുദ, എന്‍റെ മോള്‍ പഠിക്കുന്ന സ്കൂളിലെ രണ്ടാംക്ലാസ്സുകാരിയാണ്. നാലാം ക്ലാസ്സുകാരിയായ മോള്‍ക്ക് ബസ് സ്റ്റോപ്പ് വരെ കൂട്ടുപോവുന്ന ഞാനും അമുദയ്ക്ക് കൂട്ടുവരുന്ന അമുദയുടെ അമ്മയും ആദ്യമായി കണ്ടതും പരിചയപ്പെട്ടതും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ബസ് സ്റ്റോപ്പില്‍ വച്ചാണ്.

പരിചയപ്പെടല്‍ എന്ന് പറഞ്ഞാല്‍ സ്വന്തം മക്കളുടെ ലോകത്ത് അലിഞ്ഞ് ചേര്‍ന്നതിനടയ്ക്ക് ചിലപ്പോള്‍ മാത്രം പരസ്പരം ദാനം നല്‍കുന്ന ഒരു നോട്ടം, ആകസ്മികമായി കണ്ണുകള്‍ തമ്മില്‍ ഉടക്കിയാല്‍ സംഭവിക്കാവുന്ന ഒരു പുഞ്ചിരി, ഏതെങ്കിലും ദിവസം ശബ്ദവീചികള്‍ക്ക് പ്രാപ്യമായ ചുറ്റളവില്‍ എത്തപ്പെട്ടാല്‍ ഒരു ഹായ്, അല്ലെങ്കില്‍ രണ്ടോ മൂന്നോ അക്ഷരങ്ങളില്‍ ഒതുക്കാവുന്ന എന്തെങ്കിലുമൊരു വാക്ക്, ഒരു മറുവാക്ക്. വളരെ അപൂര്‍വ്വമായി മാത്രം കാര്യമാത്രാ പ്രസക്തമായ ഹ്രസ്വസംഭാഷണം. പരിചയത്തിന്‍റെ പ്രാന്തം ഇതിലും വളര്‍ന്നിട്ടില്ല ഇപ്പോഴും.

എന്നിട്ടും ഇന്ന് കാലത്ത് അമുദയുടെ അമ്മ ഞങ്ങള്‍ ഈ മാസവസാനം നാട്ടില്‍ പോവുകയാണ്,ഇനി തിരിച്ചുവരില്ല, മോളുടെ ടി സിക്ക് അപേക്ഷിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ തീവ്രമായി മനസ്സ് വേദനിച്ചതും തീര്‍ത്തും അപ്രതീക്ഷിത വാര്‍ത്തയെന്ന് ഉള്ളുരുക്കത്തോടെ തിരിച്ചറിഞ്ഞതും എന്തുകൊണ്ടായിരുന്നു?! ഒരുദിവസത്തിന്‍റെ സകല സന്തോഷങ്ങളേയും തച്ചുടച്ച് മനസ്സ് തളര്‍ന്ന് തിരികെ വീട്ടിലെത്തിയപ്പോഴും ഞാനോര്‍ക്കുകയായിരുന്നു അതിന് മാത്രം എന്ത് സ്നേഹബന്ധനമാണ് ഞങ്ങള്‍ക്കിടയിലുള്ളതെന്ന്. തമിഴ്നാട്ടുകാരാണ്, അവരും ഭര്‍ത്താവും സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നു, അമുദ ഏകമകളാണ്, എന്നതില്‍ കൂടുതല്‍ എനിക്കൊന്നുമറിയില്ല, അവര്‍ക്കെന്നേയും. താമസിക്കുന്ന കെട്ടിടം പോലും കൃത്യമായറിയില്ല എന്നതാണ് നേര്. എന്നിട്ടും...

പ്രവാസമങ്ങിനെയാണ്. പുതുതായി നട്ട ചെടിയെന്ന പോലെ പതുക്കെ, വളരെ പതുക്കെ പ്രവാസി ചുറ്റുപാടുകളുമായി സൌഹാര്‍ദ്ദത്തിലാവുന്നു. വേരുകള്‍ ആഴത്തിലിറങ്ങാതെ സൂക്ഷിച്ച് ചുറ്റുഭാഗങ്ങളിലേക്ക് പടര്‍ത്തുന്നു, വീണുപോവാതെ പിടിച്ചുനില്‍ക്കാന്‍ വേണ്ടിമാത്രം. പറിച്ച് നടപ്പെടുമ്പോള്‍ നോവാതിരിക്കാന്‍ എന്നും തിരുത്താം ആ ഉപരിപ്ലവ വേരോടലുകളെ. എന്നാല്‍ ഒരു ചിരിയില്‍, ഒരു കൈവീശലില്‍ പരിചയങ്ങളെ തളച്ചിടുമ്പോഴും അവരോട്, മനസ്സ് നാം അറിയാതെ പടര്‍ത്തിയെടുക്കുന്ന ഒരു ആത്മബന്ധമുണ്ട്; ഒഴുക്കൊളിപ്പിക്കുന്ന പുഴയെപോലെ. അവനവനിലേക്ക് മുരടിക്കാനുള്ള വ്യഗ്രതയ്ക്കിടയിലും നാടറിയാതെ, ഭാഷയറിയാതെ, ജീവിതമറിയാതെതന്നെ ചിരപരിചിതരായി മാറും ചിലര്‍ ചിലര്‍ക്ക്. കുറേ നാളുകള്‍ പതിവ് സമയങ്ങളില്‍ ചിലരെ കാണാതെയാവുമ്പോള്‍ അവര്‍ക്കെന്ത് പറ്റിയെന്ന് മനസ്സ് ആധികൊള്ളും. അതിന് പ്രവാസിയെന്ന നൂലിഴബന്ധം ഒന്ന് മാത്രം മതി.

ആ ഇഴചേര്‍ക്കല്‍ തന്നെയാവാം ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ താഴെയുള്ള തേന്‍ കടയിലെ ലബനാനി വൃദ്ധന്‍ തീര്‍ത്തും അപരിചിതരായിരുന്നിട്ടും കാണുമ്പോഴെല്ലാം വാത്സല്യപൂര്‍ണ്ണമൊരു പുഞ്ചിരിയോടെ സലാം ചൊല്ലുന്നതും ഇടയ്ക്കിടെ മോള്‍ക്ക് മധുരമൂറും തേനറകള്‍ സമ്മാനിക്കുന്നതും അവള്‍ക്ക് ഏറെ വേണ്ടപ്പെട്ട ഒരാളോടെന്ന പോലെ അടുപ്പം ഏതോ ഭൂപ്രകൃതിയില്‍ ജനിച്ചുവളര്‍ന്ന അയാളോട് ഉണ്ടാക്കപ്പെട്ടതും. തണുത്ത് വിറക്കുന്ന ശൈത്യരാവുകളില്‍ ഏറെ വൈകി കടയടച്ച് കൂനിക്കൂടി ആ വൃദ്ധന്‍ ഇരുട്ടിലലിയുമ്പോള്‍ കേവലം മനുഷ്യസഹജമായ സഹതാപത്തിനുമപ്പുറം അയാള്‍ക്കുവേണ്ടി ഒരു പ്രാര്‍ത്ഥനാശകലം എന്‍റെ മനസ്സിലുയരുന്നതും ആ ഇഴചേര്‍ക്കലില്‍ നിന്നാവാം.

എത്ര പരിചിതമുഖങ്ങള്‍ ഇതുപോലെ മുഖമില്ലാത്തവരായി ഈ ഭൂമികയില്‍ പ്രവാസക്കൂട്ടത്തിലലിയുന്നു.. വാക്കുകള്‍ക്കും ഭാഷകള്‍ക്കുമപ്പുറം കാലം നെയ്തെടുക്കുന്ന ആത്മബന്ധങ്ങളായി ഇഴചേര്‍ക്കപ്പെടുന്നു. ഓരോ പരിചിതമുഖത്തേക്കും സൂക്ഷിച്ച് നോക്കുമ്പോള്‍ കാണാം വിവിധ സംസ്കാരങ്ങളെ, ദേശങ്ങളെ, സ്വപ്നങ്ങളെ പേറി നടക്കുന്ന ഉള്ളകങ്ങള്‍. കുതൂഹലമാണ് ഓരോ മുഖത്ത് നിന്നും ഒട്ടും പരിചിതമല്ലാത്ത ഇടങ്ങളെ ഉദ്ഭാവനം ചെയ്യുക എന്നത്. അവരുടെ സ്വപ്നങ്ങളെ സങ്കൽപ്പ രൂപേണ വായിച്ചെടുക്കാന്‍ .

സെഡാര്‍ മരങ്ങള്‍ തണല്‍വിരിച്ച വഴിത്താരയുള്ള, ആപ്പിളും മാതളവും ചെറീസും നിറയെ കായ്ച്ച് കിടക്കുന്ന തൊടിയുടെ മദ്ധ്യത്തില്‍ മനോഹരമായ ഒരു കൊച്ച് വീട് ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ലെബനാനില്‍ ആ വൃദ്ധസുഹൃത്തിനും, ജമന്തിയും സൂര്യകാന്തിപൂക്കളും നിറഞ്ഞ പൂപ്പാടത്തിനോരത്ത് പച്ചപ്പാര്‍ന്ന ഒരുകുന്നിന്‍ച്ചെരുവില്‍ തമിഴ്നാട്ടിലെ മനോഹരമായ ഒരു പേരറിയാഗ്രാമത്തില്‍ അമുദയുടെ അമ്മയ്ക്കുമായി ഞാനെന്നോ എന്‍റെ മനസ്സില്‍ പണിതീര്‍ത്തിക്കുന്നു.

പ്രവാസത്തിനിടയില്‍ പരിചയപ്പെട്ട പല പേരറിയാ മുഖങ്ങള്‍ക്കും ഇതുപോലെ സങ്കൽപ്പലോകങ്ങളുണ്ട് മനസ്സില്‍ . തീര്‍ത്തും വൈരുദ്ധ്യമാര്‍ന്നതായിരിക്കാം അവരുടെ നാട്ടിലെ ചുറ്റുപാടുകള്‍. വരണ്ടുണങ്ങിയ ഇടുങ്ങിയ തെരുവോരങ്ങളില്‍ സംഘര്‍ഷഭരിതമായൊരു ചുറ്റുപാടില്‍ ജീവിതം അനുഭവിച്ച് തീര്‍ക്കുന്നവരായിരിക്കാം പലരും ഈ പ്രാവസങ്ങള്‍ക്കുമപ്പുറം. എങ്കിലും ഈ സങ്കൽപ്പക്കണ്ണുകളിലൂടെ ഇവരെ കാണാന്‍ ഒരു മാധുര്യമുണ്ട്.

ഓരോ പ്രവൃത്തിദിവസവും തുടക്കം കുറിച്ചിരുന്നത് അമുദയുടെ അമ്മയ്ക്കൊപ്പമായിരുന്നു തീര്‍ന്നുപോയ ഈ രണ്ടുവര്‍ഷക്കാലം. ഇനി ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടാന്‍ സാധ്യതയില്ലാത്ത ഒരിടത്തേക്ക് അവര്‍ യാത്രയാവുകയാണ്. പ്രവാസമേകിയ ഇത്തിരി അനുഭവങ്ങളുടേയും ഓര്‍മ്മകളുടേയും ഭാണ്ഡം മുറുകെക്കെട്ടുന്ന തിരക്കിലായിരിക്കും ആ മനസ്സിപ്പോള്‍ . എത്ര ശ്രമിച്ചാലും അവയെ പൂര്‍ണ്ണമായും ഈ ഭൂര്‍ണ്ണിയില്‍ പരിത്യജിക്കാന്‍ പ്രവാസിക്കാവില്ല .

നാളെ ഒരുപക്ഷേ അമുദയും അമുദയുടെ അമ്മയും എന്‍റെ ഓര്‍മ്മകളില്‍ നിറം മങ്ങിയേക്കാം. എനിക്ക് സങ്കൽപ്പിക്കാന്‍ പോലുമാവാത്ത ഒരു ചുറ്റുപാടില്‍ അവരുടെ ജീവിതവും പലവഴികളിലൂടെ സഞ്ചരിക്കാം. അന്ന് ഹൃദയത്തിന്‍റെ ഈ കൊളുത്തിവലിക്കല്‍ ഒരു തമാശരൂപേണ ഓര്‍ത്തെടാക്കാനും കഴിയും. കാരണം, വിടവാങ്ങലുകള്‍ പ്രവാസത്തില്‍ ആദ്യാനുഭവമല്ല. ഒരുപാട് ശൂന്യമാക്കപ്പെടലുകള്‍ മനസ്സറിഞ്ഞതാണ്. കാലം വിദഗ്ദ്ധമായി മായ്ച്ചുകളയുന്ന ശൂന്യയിടങ്ങള്‍.

ഒരു തിരിച്ച് പോക്കിന് എല്ലാ പ്രവാസികളേയും പോലെ ഞാനുമൊരുങ്ങുന്നുണ്ട്. നാളെ പതിനഞ്ചുവര്‍ഷങ്ങളുടെ ഭാണ്ഡം മുറുക്കുമ്പോള്‍ മനസ്സിടറാതിരിക്കില്ല, ദേഹം തളരാതിരിക്കില്ല, തൊണ്ടവരളാതിരിക്കില്ല. യാത്രയാവുന്ന കാലടികള്‍ ഇടറാതിരിക്കില്ല. എങ്കിലും കണ്ണുകളില്‍ നിന്നും ഇറ്റുവീഴുന്ന കണ്ണുനീര്‍ ഈ മണ്ണില്‍ പതിയുമ്പോള്‍ എണ്ണമറ്റ കണ്ണുനീര്‍ തുള്ളികളെ മുന്‍പും ഏറ്റുവാങ്ങിയ ഈ മണല്‍തരികള്‍ എന്നേയും സമാശ്വാസിപ്പിച്ച് യാത്രയാക്കും. അമുദയുടെ അമ്മയുടേതടക്കം അനേകായിരം കാലടികളില്‍ ചവിട്ടി ഞാനും നാളെ....

പറിച്ചുനടലെന്നതിനേക്കാള്‍ വാര്‍ദ്ധക്യമാര്‍ന്ന മരത്തിന്‍റെ വെട്ടിമാറ്റലിനെ ഓര്‍മ്മിപ്പിക്കുന്നതാണ് പലപ്പോഴും ഈ തിരിച്ചുപോക്കുകള്‍.ജന്മനാടിനോടുള്ള വൈരക്തമോ സുഖലോലുപതയോടുള്ള ആസക്തിയോ അല്ല ഈ കൊളുത്തിവലികള്‍. ദുരിതത്തിന്‍റെ ഭിന്നമുഖങ്ങളാണ് പ്രവാസഭൂരിപക്ഷത്തിന്. വീഴപ്പെട്ടിടത്ത്നിന്ന് പെറുക്കിമാറ്റപ്പെടുമ്പോഴുള്ള ഒരു അസ്വസ്ഥത മാത്രാമാണിത്. കണ്ടുപരിചയിച്ച കാഴ്ച്ചകളില്‍ നിന്നും കണ്ണുകള്‍ അടര്‍ത്തിമാറ്റപ്പെടുമ്പോഴുള്ള ഒരു ഇടര്‍ച്ച..

44 comments:

  1. Replies
    1. ഇലഞ്ഞിച്ചുവട്ടില്‍ ആദ്യമായി വന്നതിനും വായനയ്ക്കും നന്ദി സമിതാ..

      Delete
  2. മനസ്സിൽ തട്ടുന്ന പോസ്റ്റ്... ചുരുക്കം ചിലർ ചിലരിൽ അവരറിയാതെ വേരാഴ്ത്തി കടന്നു പോകുന്ന അവസ്ഥ...

    ReplyDelete
  3. പ്രവാസം..
    ഇടയ്ക്കെവിടെയോ കണ്ടുമുട്ടുന്നവരുടെ കണ്ണിമകള്‍ കൈമാറുന്ന സ്നേഹത്തിന്‍റെ,
    തരിച്ചുപോക്കുകളുടെ യാഥാര്‍ഥ്യത്തിന്‍റെ, ഹൃദയ ബന്ധങ്ങളുടെ കൊളുത്തി വലിക്കലുകലുകളുടെ,.......എല്ലാം തീവ്രതയും ഈ വരികളിലുണ്ട്.
    മനോഹരമായ ഭാഷ്യം!

    ReplyDelete
  4. ഒരു കുഞ്ഞുനോവ് ഉള്ളിന്റെ ഉള്ളിൽ എവിടെയൊ .... ഇത് വായിച്ചുതീരുമ്പോൾ മുറിഞ്ഞുവീണൊരു നിശ്വാസവും ... എന്തിനോ...

    ReplyDelete
    Replies
    1. വായനകള്‍ക്ക് സന്തോഷം പ്രിയരേ... മൌനം, കുസുമം, ജോസ്, അനിലേട്ടന്‍

      Delete
  5. ശരിയാണ്,ഷേയ.. പക്ഷെ,അത് ചില മനസുകളുടെ പ്രത്യേകതയും കൂടിയാണെന്ന് തോന്നുന്നു. ഹൃദയസ്പര്ശി യായി എഴുതി ഫലിപ്പിച്ചു,ആ അവസ്ഥ.(അമുദ എന്നു വേണംന്ന് ശ്വേത.)

    ReplyDelete
    Replies
    1. സന്തോഷം ചേച്ചീ. ശ്വേതയോടും എന്‍റെ നന്ദി അറിയിക്കൂ. പേരെങ്ങനെ എഴുതണമെന്നൊരു ആശങ്കയുണ്ടായിരുന്നു. അമുതം എന്നാല്‍ അമൃതമാണല്ലോ മലയാളത്തില്‍ എന്ന് കരുതി അമുത എന്നെഴുതുകയായിരുന്നു. ഞാന്‍ തിരുത്തിയിട്ടുണ്ട്.

      Delete
  6. നന്നായിരിക്കുന്നു ഈ കുറിപ്പ്‌
    വേര്‍പാടുകള്‍ മനസ്സില്‍ വേദനയുടെ അസ്വസ്ഥതയുണര്‍ത്തുന്ന വടുക്കളാണ്....
    ആശംസകള്‍

    ReplyDelete
  7. അൽപ്പമാത്രയിൽ നമ്മുടെ ജീവിതത്തിലേക്ക് സ്നേഹം ചൊരിഞ്ഞ് എവിടെയൊക്കെയോ പോയിമറയുന്നവരെക്കുറിച്ച് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് - പ്രവാസികൾക്ക് മാത്രമല്ല നിവാസികളും അനുഭവിക്കുന്നുണ്ട് വേർപിരിയലുകളുടെ ഹൃദയനൊമ്പരങ്ങൾ ......

    നല്ല ചിന്തകളാണ് പങ്കുവെച്ചത് .....

    ReplyDelete
  8. ഹൃദയസ്പര്‍ശിയായ എഴുത്ത്

    ReplyDelete
  9. //ഏതെങ്കിലും ദിവസം ശബ്ദവീചികള്‍ക്ക് പ്രാപ്യമായ ചുറ്റളവില്‍ എത്തപ്പെട്ടാല്‍ ഒരു ഹായ്, അല്ലെങ്കില്‍ രണ്ടോ മൂന്നോ അക്ഷരങ്ങളില്‍ ഒതുക്കാവുന്ന എന്തെങ്കിലുമൊരു വാക്ക്, ഒരു മറുവാക്ക്.// ഏറ്റവും ഇഷ്ടപ്പെട്ട വരികള്‍..

    ReplyDelete
  10. ഇത് വായിച്ചു കുറെ നേരം ഞാനും ചിന്തിച്ചു , അമുതയുടെ അമ്മയെ പോലെ ചിലര്‍ , ഒരു തിരിച്ചുപോക്കും നടക്കാതെ മരുഭൂമിയില്‍ തന്നെ മണ്ണോടു ചേരുന്നവര്‍ ,അങ്ങിനെ അങ്ങിനെ എന്തോക്കെയോ .... ചിന്തിപ്പിക്കുന്ന കുറിപ്പ് .

    ReplyDelete
  11. ഒരിക്കല്‍ കൂടെ വായിച്ചു. ചില ബന്ധങ്ങള്‍ നിശബ്ദമായി നമ്മെ പിന്തുടരും... നല്ല പോസ്റ്റ്‌ ഷേയാ.

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും സന്തോഷം തങ്കപ്പന്‍ ചേട്ടാ, മാഷേ, സാജന്‍, ജെഫൂ, ഫൈസല്‍, മുബീ.

      Delete
  12. പരിചയിച്ച കാഴ്ച്ചകളില്‍ നിന്നും കണ്ണുകളെ അടര്‍ത്തിമാറ്റപ്പെടുമ്പോഴുള്ള ഒരു ഇടര്‍ച്ച..
    ഇനിയും എത്ര കാഴ്ചകള്‍...
    അങ്ങനെ പ്രവാസം...
    നന്നായി എഴുതി. ഇഷ്ടപ്പെട്ടു

    ReplyDelete
  13. ചില ബന്ധങ്ങള്‍ അങ്ങിനെയാണ്.
    എവിടെ പോയൊളിച്ചാലും നമ്മെ പിന്തുടര്‍ന്നു കൊണ്ടേ ഇരിക്കും.
    നല്ല ചിന്തകള്‍.

    ReplyDelete
  14. "പരിചയിച്ച കാഴ്ച്ചകളില്‍ നിന്നും കണ്ണുകളെ അടര്‍ത്തിമാറ്റപ്പെടുമ്പോഴുള്ള ഒരു ഇടര്‍ച്ച....." അതിനുള്ള തയ്യാറെടുപ്പിലാണോ ഇലഞ്ഞി?

    ചില ബന്ധങ്ങള്‍ അങ്ങനെയാണ് ...വഴിവക്കില്‍ നിന്നോ ആള്‍ക്കൂട്ടത്തില്‍ നിന്നോ ചില മുഖങ്ങള്‍ മാത്രം നമ്മില്‍ പതിഞ്ഞുപോകും..കാണാതെ ആകുമ്പോള്‍ മാത്രം നമ്മള്‍ തിരയുന്ന മുഖങ്ങള്‍..
    നല്ല എഴുത്ത് ..സുഖമുള്ള വായന ..

    ReplyDelete
    Replies
    1. സന്തോഷം റോസിലിചേച്ചീ, റാംജിസര്‍, ലക്ഷ്മിചേച്ചീ..

      Delete
  15. Replies
    1. നന്ദി എന്‍റെ ബ്ലോഗും വരികള്‍ക്കിടയില്‍ പരാമര്‍ശിച്ചതിന്.

      Delete
  16. പ്രവാസമങ്ങിനെയാണ്. പുതുതായി നട്ട ചെടിയെന്ന പോലെ പതുക്കെ, വളരെ പതുക്കെ പ്രവാസി ചുറ്റുപാടുകളുമായി സൌഹാര്‍ദ്ദത്തിലാവുന്നു. വേരുകള്‍ ആഴത്തിലിറങ്ങാതെ സൂക്ഷിച്ച് ചുറ്റുഭാഗങ്ങളിലേക്ക് പടര്‍ത്തുന്നു...... ഇതിലുണ്ട് എല്ലാം

    പ്രവാസിയുടെ മനസ്സ് തൊട്ടറിഞ്ഞ എഴുത്ത്. ഹൃദ്യം . മനോഹരം

    ReplyDelete
  17. ദീര്‍ഘകാലത്തെ അനുഭവങ്ങളില്‍നിന്ന്...ശീലിച്ചു പഴകിയ ജീവിത പ്രദേശങ്ങളില്‍നിന്നു അനിവാര്യമായ ഒരു മടക്കയാത്രയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചു...ആശംസകള്‍.

    ReplyDelete
  18. ഹൃദയ സ്പർശിയായ കുറിപ്പ്. പ്രവാസം അതിരുകൾക്ക് വഴങ്ങാത്ത ഹൃദയ ബന്ധങ്ങളുടെ സങ്കീർണ്ണതകൾ സൃഷ്ടിക്കാറുണ്ട്..ഭാഷയും ദേശവും കടന്നു വളരുന്ന സ്നേഹത്തിന്റെ ഗതി പ്രവാഹങ്ങൾക്ക് ഇവിടം വഴി ഒരുക്കുന്നു.

    ഒറ്റപ്പെടലിന്റെയോ ഗൃഹാതുരതയുടെയോ നൈരാശ്യത്തിന്റെയോ ഒക്കെ സമാന വികാരങ്ങൾ പരപ്സരം പറയാതെ പറഞ്ഞു ജീവിക്കുന്നവരുടെ ഒരു തുരുത്താണ് പ്രവാസ ലോകം. വേർപാടുകൾ വേദനകൾ സമ്മാനിക്കുന്നത് അങ്ങിനെയാണ്..

    നല്ല ഭാഷയിൽ ഷേയ മനസ്സ് തുറന്നപ്പോൾ കണ്ണുകൾ അറിയാതെ അകലങ്ങളിലെ പിരിഞ്ഞു പോയ ഒരു പിടി സൌഹൃദങ്ങൾ തേടി....

    ReplyDelete
  19. പറിച്ചുനടലെന്നതിനേക്കാള്‍ വാര്‍ദ്ധക്യമാര്‍ന്ന മരത്തിന്‍റെ വെട്ടിമാറ്റലിനെ ഓര്‍മ്മിപ്പിക്കുന്നതാണ് പലപ്പോഴും ഈ തിരിച്ചുപോക്കുകള്‍.ജന്മനാടിനോടുള്ള വൈരക്തമോ സുഖലോലുപതയോടുള്ള ആസക്തിയോ അല്ല ഈ കൊളുത്തിവലികള്‍. ദുരിതത്തിന്‍റെ ഭിന്നമുഖങ്ങളാണ് പ്രവാസഭൂരിപക്ഷത്തിന്. വീഴപ്പെട്ടിടത്ത്നിന്ന് പെറുക്കിമാറ്റപ്പെടുമ്പോഴുള്ള ഒരു അസ്വസ്ഥത മാത്രാമാണിത്. കണ്ടുപരിചയിച്ച കാഴ്ച്ചകളില്‍ നിന്നും കണ്ണുകള്‍ അടര്‍ത്തിമാറ്റപ്പെടുമ്പോഴുള്ള ഒരു ഇടര്‍ച്ച..

    വളരെ ശരി. ആഴത്തിലേയ്ക്ക് വേരോടാതെ, വീഴാതിരിയ്ക്കാന്‍ മാത്രം ചുറ്റും വേര്‍ പടര്‍ത്തുന്നതായി എഴുതിയതും ഇഷ്ടപ്പെട്ടു

    ReplyDelete
  20. ജീവിതത്തിൽ നാം അറിയാതെ ചില മുഖങ്ങൾ നമ്മുടെ മനസ്സിലെ നെ കീഴടക്കും അതിനെ നമ്മൾ അവഗണിച്ചാൽ പോലും അത് നമ്മുടെ മനസ്സിൽ സ്ഥാനം നേടിയിരിക്കും യഥാർതത്തിൽ അതാണ്‌ ബന്ധങ്ങൾ വളരെ നന്നായി പറഞ്ഞു ആശംസകൾ

    ReplyDelete
  21. ഷേയൂ..! മനോഹരമായി പകര്‍ത്തി ഈ വിങ്ങലുകള്‍! മുഖങ്ങളില്ലാത്ത പരിചിതമുഖങ്ങള്‍!!! ഞാനും കാത്തിരിക്കുന്നു നീണ്ട ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം എന്നോ നടന്നേക്കാവുന്ന ഒരു മുറിച്ചു മാറ്റലിനായി....!

    ReplyDelete
  22. പ്രവാസം ...സ്വദേശം വിട്ടു അന്യദേശവാസം നടത്തുന്ന അവസ്ഥ ..അതില്‍ തന്നെയുണ്ട് വിരഹത്തിന്റെ കനലുകള്‍ ..ദേശത്തോടോ ബന്ധത്തോടോ ഉണ്ടാകുന്ന വിരഹം ..തിരിച്ചു പോക്കുകളും പറിച്ചു നടലുകളും എല്ലാം ഈ പ്രവാസത്തിന്റെ നേരിപ്പോടിലെരിഞ്ഞു കൊണ്ട് മാത്രം ...ഒരു പക്ഷെ മരണം പോലും അങ്ങനെ ..ഈ ഇഹത്തിലെ ജീവിതത്തില്‍ നിന്നും അജ്ഞാതമായോരിടത്തെക്ക് ...ഒന്നും ശാശ്വതമാല്ലാത്ത ഈ ലോകത്ത് ക്ഷണികമായ ചില അസ്വസ്ഥതകള്‍ മാത്രം ആയി ഈ താല്‍ക്കാലിക വിരഹങ്ങളെ വിവക്ഷിക്കാം ..എങ്കിലും ഉള്ളിലെവിടെയോ ഒരു ഭയം തോന്നുന്നു..ഇഷ്ടപ്പെട്ട ..ശീലിച്ച ഇടങ്ങളും ചര്യകളും ഒരു നാള്‍ വിരാമമിട്ടു കൊണ്ട് ..പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുക..ഷേയ തന്റെ സ്വതസിദ്ധമായ ഒഴുക്കുള്ള മനോഹര ശൈലിയില്‍ തന്നെ ആ ഭീതിയിലേക്ക് ഒരു മാത്ര എന്റെ ചിന്തകളെയും കൊണ്ട് പോയി....വശ്യ സുന്ദരം ഈ ശൈലിയും ഭാഷയും.......

    ReplyDelete
  23. മനോഹരം ഷേയാ.ചിലരോട് നമുക്കൊരു അടുപ്പം തോന്നും.അവര്‍ക്കും തിരിച്ചും.കാണാതിരിക്കുമ്പോഴാണ്‍ അവര്‍ നമുക്കെത്ര പ്രിയപ്പെട്ടവരായിരുന്നു എന്നു നമ്മള്‍ തിരിച്ചറിയുന്നത്.വായിച്ചു കഴിഞ്ഞപ്പോള്‍ അമുദയും അമ്മയും തേന്‍ വില്‍ക്കുന്ന ലബനാനി വൃദ്ധന്നും വേദനയായി.


    ReplyDelete
  24. മനോഹരം ഷേയാ.ചിലരോട് നമുക്കൊരു അടുപ്പം തോന്നും.അവര്‍ക്കും തിരിച്ചും.കാണാതിരിക്കുമ്പോഴാണ്‍ അവര്‍ നമുക്കെത്ര പ്രിയപ്പെട്ടവരായിരുന്നു എന്നു നമ്മള്‍ തിരിച്ചറിയുന്നത്.വായിച്ചു കഴിഞ്ഞപ്പോള്‍ അമുദയും അമ്മയും തേന്‍ വില്‍ക്കുന്ന ലബനാനി വൃദ്ധന്നും വേദനയായി.


    ReplyDelete
  25. ഹൃദയസ്പര്‍ശിയായി അനുഭവപ്പെട്ടു ഈ വരികള്‍.
    മലയാളികള്‍ മറ്റുജില്ലക്കാരെ അപേക്ഷിച്ച് ഇത്തരം സൗഹാര്‍ദ്ദങ്ങളില്‍ നിന്നും
    ഒരു അകലം പാലിക്കുന്നതായി പ്രവാസിയായ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.
    നന്മകള്‍, പരസ്പരവിശ്വാസം എന്നും എല്ലാവരിലും എല്ലായിടത്തും,എല്ലായ്പ്പോഴും ഉണ്ടാവട്ടെ...

    -ആശംസകള്‍-

    ReplyDelete
  26. മനോഹരമായ ഭാഷയും എഴുത്തും. പല വേര്‍പിരിയലുകലും സമ്മാനിക്കുന്നത് മനസ്സില്‍ ആഴത്തില്‍ കുത്തിവരയ്ക്കുന്നതുപോലെയുള്ള വേദനകളാണ്..

    ReplyDelete
  27. ചില ബന്ധങ്ങൾ അങ്ങനെയാണു സ്നേഹൂ..പറയാതെ അറിയാതെ നേഞ്ചോട്‌ ചേർന്നു നിൽക്കുന്നവർ പൊയ്പ്പോകുമ്പോഴുണ്ടാകുന്ന നൊമ്പരം ഉള്ളറയിൽ വിങ്ങലായ്‌ അവശേഷിക്കുന്നു :(

    ReplyDelete
  28. വേര്‍പാടിന്റെ വിങ്ങല്‍ വളരെ നന്നായ് പറഞ്ഞിട്ടുണ്ട്. ഇത് വായിക്കുമ്പൊ ഇതുപോലെ മിസ്സ് ആയ കൂട്ടുകാരെ കുറിച്ച് ഒക്കെ വെറുതെ ഓര്‍ത്തു. പത്തില്‍ കൂട്ടക്കരച്ചില്‍ കരഞ്ഞതും ഓട്ടോഗ്രാഫ്...അങ്ങിനെ,അങ്ങിനെ...പ്രവാസിയല്ലാത്തതിനാല്‍ ഒത്തിരി വേര്‍പാടുകള്‍ വരുന്നില്ലെന്ന് മാത്രം...

    ReplyDelete
  29. പ്രവാസമങ്ങിനെയാണ്. പുതുതായി
    നട്ട ചെടിയെന്ന പോലെ പതുക്കെ, വളരെ
    പതുക്കെ പ്രവാസി ചുറ്റുപാടുകളുമായി സൌഹാര്‍ദ്ദത്തിലാവുന്നു.
    വേരുകള്‍ ആഴത്തിലിറങ്ങാതെ സൂക്ഷിച്ച് ചുറ്റുഭാഗങ്ങളിലേക്ക് പടര്‍ത്തുന്നു,
    വീണുപോവാതെ പിടിച്ചുനില്‍ക്കാന്‍ വേണ്ടിമാത്രം.

    ReplyDelete
  30. മധുരം അറിയെണമെങ്കില്‍ രുചിച്ചു നോക്കുകതന്നെ വേണം . അത് പോലെത്തന്നെയാണ് പ്രവാസവും .
    ഒരു തിരിച്ചുപോക്ക് പ്രവാസിയെ സംബന്ധിച്ചിടത്തോളം ഏറെ ദുര്‍ഘടമായ ഒരു സിറ്റുവേഷനാണ് .
    അതില്‍ പല പല കാരണങ്ങള്‍ ഉണ്ടാവാം ...
    നല്ല എഴുത്തിനു ..നല്ല ആശംസകളോടെ
    @srus..

    ReplyDelete
  31. മാറിത്താമസിക്കൽ എവിടേയ്ക്കായാലും ഇതേ പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നുന്നു. പുതിയയിടത്ത് സൂക്ഷ്മമായേ വേരുകൾ താഴ്ത്താൻ നാമിഷ്ടപ്പെടൂ. വീണ്ടും അവിടെ നിന്ന് വേരുകൾ പറിച്ച് മറ്റൊരിടത്തേയ്ക്ക് പോകുമ്പോഴുള്ള വേദന ഒഴിവാക്കാനായിരിക്കണം അത്. നഷ്ടപ്പെടലിന്റെ വേദന അനുഭവിക്കാതിരിക്കാൻ ഒന്നും പങ്കുവെക്കാതിരിക്കുക എന്ന ലളിതമനശാസ്ത്രം. എന്നിട്ടും നാം പോലുമറിയാതെ ജൈവസിദ്ധികളാൽ, സ്നേഹത്തിന്റെ നീരുറവകൾ എവിടെയൊക്കെയോ കണ്ടെത്തുന്നു, ആഴ്ന്നു പോകുന്നു, പിന്നെയും വേരുകൾ.

    മനോഹരമായി എഴുതി.

    ReplyDelete
  32. ചടഞ്ഞിരുന്നു വായിച്ചു തുടങ്ങിയ ഞാന്‍ നിവര്‍ന്നിരുന്നു വായിച്ചു തീര്‍ത്തിരിക്കുന്നു .

    ReplyDelete
  33. ഈ പ്രവാസത്തിലിരുന്നിത് വായിക്കുമ്പോൾ ശെരിക്കും മനസ്സിൽ എന്തൊക്കെയോ..........

    ReplyDelete
  34. നമുക്ക് ഒരുപാട് ബന്ധുക്കളുണ്ടെന്ന് പറയുന്നത് ശരിയാണ്‌. കണ്ണുതുറന്ന് നോക്കിയാൽ നാം തിരയുന്ന നമ്മെ തിരയുന്ന മിഴികളെ കാണാം.

    ReplyDelete
  35. ചില ബന്ധങ്ങള്‍ അങ്ങനെയാണ്...അടുത്തുള്ളപ്പോള്‍ നമുക്കവര്‍ ആരുമായിരിക്കില്ല...അകലുമ്പോഴേ അവര്‍ നമുക്ക് എത്ര മാത്രം പ്രിയപ്പെട്ടവരായിരുന്നു എന്ന് മനസ്സിലാവുകയുള്ളൂ...

    ReplyDelete
  36. നന്നായി എഴുതി. ഒരു നോട്ടത്തിലൂടെ മാത്രം, ഒരു പുഞ്ചിരിയിലൂടെ മാത്രം, സൗഹൃദത്തിന്റെ അദൃശ്യമായ നൂലിഴ തീര്‍ത്ത ഒരുപാട് മുഖങ്ങളെ ഓര്‍ത്തെടുത്തു. ചില വായനകള്‍ ഓര്‍മ്മകളെ ഉണര്‍ത്തും.

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!