Monday, March 17, 2014

സ്വോണ്‍ റിവറിലെ സ്വര്‍ണ്ണമരാളങ്ങള്‍

മലയാളനാട് ഓണ്‍ലൈന്‍ വാരികയില്‍ പ്രസിദ്ധീകരിച്ചത്..

പുസ്തകം :സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍
(യാത്രാവിവരണം)
വില: 110 രൂപ
പ്രസാധകര്‍ : റാസ്ബെറി ഇംപ്രിന്‍റ്

അജ്ഞാതരായ സഞ്ചാരികളെ കാത്ത് ഓരോ ഇടവും എത്രയെത്ര കാഴ്ചകളാണ് കരുതിവെച്ചിരിക്കുന്നത്! ഓരോ സഞ്ചാരവും അനുഭവങ്ങളോടൊപ്പം ആശ്ചര്യങ്ങളുടേതും ആകസ്മിതകളുടേതുമാണ്. ഒരേയിടങ്ങള്‍ തന്നെ പലപ്പോഴും വ്യത്യസ്ത അനുഭവങ്ങള്‍ സമ്മാനിക്കും, ഒരേയിടത്ത് പലരും കാണുന്ന കാഴ്ചകളും തീര്‍ത്തും ഭിന്നമായിരിക്കും. അത് കാലം, കാഴ്ച, കാഴ്ചപ്പാട്, വ്യക്തി, നിലപാട് തുടങ്ങി പലതിനേയും ആശ്രയിച്ചിരിക്കും. യാത്രകളുടെ മനോഹാരിത അതുകൊണ്ടുതന്നെ പൂര്‍ണ്ണമായും സഞ്ചാരിയില്‍ ആലംബിതമാണ്. കാഴ്ചകളെ അക്ഷരപ്പെടുത്താന്‍ അക്ഷരങ്ങളാലാവുന്ന ഒരു സഞ്ചാരി വായനാലോകത്തിന്‍റെ കൂടി സൗഭാഗ്യമാവുന്നതുമങ്ങിനെയാണ്.

‘സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍’ എന്ന പുസ്തകത്താളുകള്‍ മറിക്കുമ്പോള്‍ ആദ്യം കണ്ണിലുടക്കുക
"As a woman, I have no country.
As a woman I want no country.
As a woman my country is the whole world." എന്ന വരികളാണ്. പ്രശസ്ത എഴുത്തുകാരി വിര്‍ജിനീയ വൂള്‍ഫ്, സ്ത്രീയുടെ രാജ്യസങ്കൽപ്പം വിവരിക്കുന്ന വരികള്‍!

ശ്രീമതി സാജിദ അബ്ദുറഹ്മാന്‍റെ ഓസ്ട്രേലിയന്‍ യാത്രാവിവരണമാണ് ‘സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍’. അതിമനോഹരമായ ഭാഷയില്‍ സാഹിതീയചൈതന്യമുറ്റ എട്ട് അധ്യായങ്ങളിലായി ഓസ്ട്രേലിയന്‍ സഞ്ചാരത്തിന്‍റെ കാഴ്ചകളെ വിതാനിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ കെ എ ബീനയുടെ അവതാരികയുമുണ്ട്. റാസ്ബെറി ഇംപ്രിന്‍റ് ആണ് പ്രസാധകര്‍.

“ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് രാജ്യങ്ങളില്ല. ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് രാജ്യങ്ങള്‍ വേണ്ട. ഒരു സ്ത്രീയെന്ന നിലയില്‍ എന്‍റെ രാജ്യം ഈ ലോകം മുഴുവനാണ്.” എന്ന വിര്‍ജിനീയ വൂള്‍ഫിന്‍റെ വരികളിലൂടെ തുടങ്ങുന്ന ഈ യാത്രാവിവരണ വായന മേല്‍വരികളെ അടിവരയിടുന്നതാണ്. സഞ്ചാരത്തിന്‍റെ നയനമനോഹര കാഴ്ചകളെ വര്‍ണ്ണാതീത സാഹിത്യഭംഗിയോടെ വരികളായി വിന്യസിക്കുമ്പോള്‍ സഞ്ചാരിണിയിവിടെ അതിരുകളില്ലാത്ത പ്രകൃതിഭംഗിയുടെ വായനാസമൂഹത്തിലേക്കുള്ള സഞ്ചാരിക കൂടിയാവുന്നു. സഞ്ചാരത്തിന്‍റെ സ്ത്രീപക്ഷ കാഴ്ചയെന്ന് ഈ യാത്രാവിവരണത്തെ വിവക്ഷിക്കാമെങ്കിലും സ്ത്രീപക്ഷകാഴ്ച എന്ന വാക്കിന്‍റെ ഉപരിപ്ലവ പ്രതിച്ഛന്ദത്തില്‍ തളച്ചിടാനാവുന്നതല്ല ഈ എഴുത്ത്.

കാഴ്ചകളുടെ നേര്‍ചിത്രങ്ങള്‍ക്കൊപ്പം ഓസ്ട്രേലിയയെന്ന ചെറിയ ഭൂഖണ്ഡത്തിന്‍റെ രാഷ്ട്രീയ-ഭൂമിശാസ്ത്ര-സാമൂഹിക-അധിനിവേശ വിവരണങ്ങളും ഒട്ടും മുഷിപ്പില്ലാതെ കോര്‍ത്തിണക്കി വായനയെ ഉന്നതമായൊരു തലത്തിലേക്കുയര്‍ത്തുന്നുണ്ട് ഈ പുസ്തകം. ആദ്യമായി കാണുന്ന, തീര്‍ത്തും പുതിയൊരു ലോകത്തെ അതേ ആശ്ചര്യത്തോടെ വായനക്കാരനിലേക്ക് പകര്‍ന്നുതരാന്‍ എഴുത്തുകാരിക്കാവുന്നുണ്ട്. അതിനുപയോഗിച്ച നല്ല ഭാഷയും മികച്ച ശൈലിയും എഴുത്തിനെ ഹൃദ്യമാക്കുന്നു.

ഇരുപതാംനൂറ്റാണ്ടിന്‍റെ അവസാനപകുതിയില്‍ ജീവിച്ചവര്‍ക്ക് മറക്കാനാവാത്ത ഒരു സംഭവത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് ആദ്യ അധ്യായം ‘ആത്മാക്കളുറങ്ങുന്ന താഴ്വരയില്‍’ തുടങ്ങുന്നത്; അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സകൈലാബ് എന്ന ബഹിരാകാശ പേടകത്തിന്‍റെ തിരിച്ചുവരവുണ്ടാക്കിയ ആശങ്കകളും ഒടുവിലത് ഓസ്ട്രേലിയയിലെ പെര്‍ത്തിന്‍റെ പ്രാന്തപ്രദേശത്ത് നിപതിച്ചതും. ഓര്‍മ്മകളുടെ ഈ പിന്‍യാത്രയിലൂടെ എലിസ മലനിരകളുടെ താഴ്വാരത്തിലെ ചരിത്രം മയങ്ങുന്ന കിംഗ്സ് പാര്‍ക്കിലേക്കും സ്വോണ്‍ നദീതീരത്തേക്കും അനന്യസുന്ദരമായ പ്രകൃതിഭംഗിയിലേക്കുമാണ് പിന്നീട് വായന നമ്മെ കൂട്ടിക്കൊണ്ടുപോവുന്നത്.

ഓസ്ട്രേലിയയുടെ നയനമനോഹരകാഴ്ചകളില്‍ നിന്നും അധിനിവേശത്തിന്‍റേയും സാമ്രാജ്യത്വവെറിയുടേയും, സ്വന്തം ഭൂമികയില്‍ നിന്നും നാമാവശേഷമാക്കപ്പെട്ട ആദിമവര്‍ഗ്ഗത്തിന്‍റെ നിസ്സഹായതയുടേയും വരണ്ടുണങ്ങിയ ചരിത്രത്തിലേക്ക് കാഴ്ചകളെ പറിച്ചുനടുമ്പോള്‍ വായനക്കാരനിലും രക്തം തിളയ്ക്കുന്നത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അധിനിവേശ തിന്മകളുടെ വര്‍ത്തമാനകാലത്തെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കും. ബൂമറാങ്ങുകളുടെ മൂളിപ്പറക്കലിന്‍റെ ഇരമ്പം പോലെ അബോര്‍ജിന്‍ വംശത്തിന്‍റെ അവശിഷ്ടങ്ങളായി, എല്ലാ ഉന്മൂലനങ്ങളേയും അതിജീവിച്ച ചെറുതല്ലാത്ത ഒരു സമൂഹത്തെ ഇന്നും ഓസ്ട്രേലിയയില്‍ കാണാം.

അരയന്നങ്ങളുടെ താഴ്വരയും മുന്തിരിപ്പാടങ്ങളും പ്രാചീനഗുഹകളും കടലാഴങ്ങളിലെ നിഗൂഢതകളും, ഭൂപ്രകൃതിയുടെ വന്യതയും, ആധുനിക സാമൂഹികജീവിതവും വായനയിലേക്ക് വരുന്നത് കേവലം കാഴ്ചകളെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല. അവിടെ നിമിത്തങ്ങളും ചരിത്രവുമെല്ലാം ഒരു വഴികാട്ടിയുടെ നിപുണതയോടെ എഴുത്തുകാരി കാത്തുവെച്ചിട്ടുണ്ട്. അതുതന്നെയാണ് ഈ വായനയുടെ പൂര്‍ണ്ണതയും.

മുന്നൊരുക്കങ്ങളില്ലാതെ നടത്തുന്ന യാത്രകളുടെ ത്രസിക്കുന്ന വായനാനുഭവം ഈ പുസ്തകമേകില്ല. പാതയോരത്ത് പതിയിരിക്കുന്ന ആകസ്മികതകളും വൈതരണികളും തുലോം കുറവാണ്. വഴിയോരത്ത് കണ്ടുമുട്ടുന്ന ജീവിതാനുഭവങ്ങളും വഴിയമ്പലങ്ങളിലെ ജീവിതതാളവും ഈ പുസ്തകത്തില്‍ വായിക്കാനാവില്ല. ഈ പുസ്തകത്തെക്കുറിച്ച് എനിക്കാരോപിക്കാനാവുന്ന പോരായ്മയും ഇതാണ്. കുടുംബത്തോടൊപ്പം ഒരു സ്ത്രീ നടത്തിയ യാത്രയുടെ നേര്‍ച്ചിത്രമാണിത്. തീര്‍ത്തും ആസൂത്രിതമായി നടത്തിയ ഒരു യാത്രയുടെ സര്‍വ്വമനോഹാരിതയും ഇതിലുണ്ട്.

ആത്മാക്കളുറങ്ങുന്ന താഴ്വരയില്‍, മൂളിപ്പറക്കുന്ന ബൂമറാങ്ങുകള്‍, സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങളും മണിമേടയും, മത്സ്യകന്യകയുടെ ഉദ്യാനവിരുന്ന്, ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം, ശില്പവിസ്മയങ്ങളുടെ രത്നഖനി, ബണ്‍ബെറിയിലേക്ക് ഒഴുകിയെത്തിയ യാനപാത്രങ്ങള്‍, പനിനീര്‍ മലരുകളുടെ പറുദീസ എന്നീ എട്ട് അധ്യായങ്ങളിലായി ഒരുക്കിവെച്ച ഓസ്ട്രേലിയന്‍ യാത്രാവിവരണം ഇത്ര മനോഹരമായി വായനക്കാരനിലേക്ക് എത്തിക്കുന്നതില്‍ ‘റാസ്ബെറി ഇംപ്രിന്‍റ് ’ എന്ന പ്രസിദ്ധീകരണശാല വഹിച്ച പങ്ക് നിസ്തുലമാണ്. അന്തര്‍ദ്ദേശീയനിലവാരമുള്ള രൂപകല്പനയും അച്ചടിയും വായനാതാല്പര്യം ഉയര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. അച്ചടിലോകത്തേക്ക് ആദ്യമായെത്തുന്ന ഒരു എഴുത്തുകാരന്‍റെ പുസ്തകത്തെ വായനക്കാരനിലേക്കെത്തിക്കാന്‍ ആ പുസ്തകത്തിന്‍റെ രൂപഘടനയും അച്ചടിനിലവാരവും അവതാരികയും വലിയ സ്ഥാനം വഹിക്കുന്നുണ്ട്.

ശ്രീമതി സാജിദ അബ്ദുറഹ്മാന്‍റെ ആദ്യപുസ്തകമാണ് ‘സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍’. തുടക്കക്കാരിയുടെ യാതൊരു പതര്‍ച്ചയുമില്ലാതെ, സ്വോണ്‍ നദിയില്‍ നീന്തിത്തുടിക്കുന്ന അരയന്നപ്പിടകളുടേതുപോലെ ചാരുതയും ലാളിത്യവും ഈ എഴുത്തിലും നമുക്കനുഭവിക്കാം. നിലവാരമുള്ള ഭാഷയും സാഹിത്യഭംഗിയും ഇഴചേര്‍ന്ന ഈ എഴുത്ത് ഓസ്ട്രേലിയയുടെ ഇളം കാറ്റേറ്റ് ഒരു വട്ടമെങ്കിലും സ്വോണ്‍നദീതീരത്ത് സ്വയം മറന്നിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കും.

യാത്രകളുടെ തുടച്ചകള്‍ സംഭവിക്കുക ഒരേ ജീവിതത്തില്‍ തന്നെയാവണമെന്നില്ല. ‘സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍’ വായന എന്നെങ്കിലും നിങ്ങളുടെ ഓസ്ട്രേലിയന്‍ യാത്രയെ പണ്ടെന്നോ നടത്തിയ ഒരു യാത്രയുടെ തുടര്‍ച്ചയെന്ന് അനുഭവിപ്പിച്ചാല്‍ യാത്രകളുടെ നിരന്തരത തൊട്ടറിയാം, വായനയുടെ അനശ്വരതയും. വായനയുടെ അവസാനതാളുകളിലെ, ഒരുപാട് മോഹിപ്പിച്ച പനിനീര്‍ മലരുകളുടെ പറുദീസയില്‍ എന്നെങ്കിലുമെത്തിപ്പെട്ടാല്‍ എനിക്കുമേറെ പരിചിതമായിരിക്കും ആ മലര്‍വാടിയിലെ ഓരോ ദളവും. അക്ഷരങ്ങളാല്‍ മുദ്രണം ചെയ്യപ്പെട്ട ചില കാഴ്ചകളെ കവച്ചുവയ്ക്കാന്‍ കണ്ണുകള്‍ക്കുമാവില്ലല്ലോ..

21 comments:

  1. സ്വദേശമായ കോഴിക്കോട് വിട്ടുള്ള ദൂരസ്ഥങ്ങളിലൊന്നും അധികം യാത്ര ചെയ്തിട്ടില്ലെങ്കിലും, യാത്രാവിവരണങ്ങൾ എന്റെ ഏറ്റവും പ്രിയപ്പെട്ട വായനയാണ് - അന്യാദൃശമായ ഭാഷയുടേയും, ഭാവനയുടേയും ചാരുത ചില യാത്രവിവരണങ്ങളെ ഏറെ ആകർഷണീയമാക്കുന്നു. ഈ വിവരണത്തിൽ നിന്നും ഇവിടെ പ്രതിപാദിച്ച പുസ്തകം അത്തരത്തിൽ ഒന്നാണെന്നു മനസ്സിലാക്കുന്നു .അതിമനോഹരമായ കവർച്ചിത്രം ഈ പുസ്തകത്തെ വായനക്കാരിലേക്ക് അടുപ്പിക്കുന്നുണ്ട്. ഇതെഴുതിയ എഴുത്തുകാരിയെക്കുറിച്ച് ഇതുവരെ അറിയില്ലെങ്കിലും, പുസ്തകം വാങ്ങി വായിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ഈ നല്ല അവലോകനം

    ReplyDelete
  2. പെര്‍ത്ത് എന്ന പടിഞ്ഞാറന്‍ പ്രവിശ്യയുടെ മാത്രം മനോഹാരിതയും വൈവിധ്യവും ഇത്രയുമാണെങ്കില്‍ ആ ചെറിയ ഭൂഖണ്ഡം യാത്രികര്‍ക്കായി കരുതി വെച്ചിരിക്കുന്ന വിസ്മയങ്ങള്‍ ഏറെയാണ്‌ എന്ന ചിന്ത വായനക്കാരില്‍ ഉളവാക്കാന്‍ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. വായനാവസാനം പെന്‍ഷന്‍ കാലം ഓസ്ട്രേലിയയില്‍ കൃഷി ചെയ്തു കഴിഞ്ഞുകൂടിയാലോ എന്നൊരു തോന്നല്‍ ഉണ്ടായി എന്ന് വരാം.

    പുസ്തകം കയ്യിലെടുക്കുമ്പോഴേ വായിക്കാന്‍ പ്രേരിപ്പിക്കുന്ന മിഴിവോടെ വലിയ അക്ഷരങ്ങളില്‍ പേജുകളുടെ ക്രമീകരണവും ചിത്രങ്ങളും ചേര്‍ത്ത് ഒരുക്കിയതില്‍ പ്രസാധകര്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.

    ഓസ്ട്രേലിയ എന്ന രാജ്യത്തെ പറ്റി മലയാളത്തില്‍ അധികം യാത്രാ വിവരണങ്ങള്‍ വന്നിട്ടില്ല എന്നതുകൊണ്ടും ഈ പുസ്തം സഞ്ചാരസാഹിത്യത്തില്‍ ഒരു മുതല്‍കൂട്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ.

    ReplyDelete
  3. നന്ദി എല്‍ഞ്യെ! ഓസ്ട്രേലിയയുടെ ഇളം കാറ്റേറ്റ് ഒരു വട്ടമെങ്കിലും സ്വോണ്‍നദീതീരത്ത് സ്വയം മറന്നിരിക്കണം! ദീദിയുടെ പുസ്തകം വായിക്കാള്ള കൊതി കൂടി! അടുത്ത് തന്നെ കയ്യില്‍ കിട്ടും! :)

    ReplyDelete

  4. ഓസ്ട്രേലിയയുടെ നയനമനോഹരകാഴ്ചകളില്‍ നിന്നും അധിനിവേശത്തിന്‍റേയും സാമ്രാജ്യത്വവെറിയുടേയും, സ്വന്തം ഭൂമികയില്‍ നിന്നും നാമാവശേഷമാക്കപ്പെട്ട ആദിമവര്‍ഗ്ഗത്തിന്‍റെ നിസ്സഹായതയുടേയും വരണ്ടുണങ്ങിയ ചരിത്രത്തിലേക്ക് കാഴ്ചകളെ പറിച്ചുനടുമ്പോള്‍ വായനക്കാരനിലും രക്തം തിളയ്ക്കുന്നത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അധിനിവേശ തിന്മകളുടെ വര്‍ത്തമാനകാലത്തെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കും. ബൂമറാങ്ങുകളുടെ മൂളിപ്പറക്കലിന്‍റെ ഇരമ്പം പോലെ അബോര്‍ജിന്‍ വംശത്തിന്‍റെ അവശിഷ്ടങ്ങളായി, എല്ലാ ഉന്മൂലനങ്ങളേയും അതിജീവിച്ച ചെറുതല്ലാത്ത ഒരു സമൂഹത്തെ ഇന്നും ഓസ്ട്രേലിയയില്‍ കാണാം.

    ReplyDelete
  5. വരട്ടെ...അത്ര മനോഹരമാണെങ്കില്‍ ഒന്ന് വായിച്ചിട്ടേ വേറെ കാര്യമോള്ളൂ !

    നല്ല ആശംസകളോടെ
    @srus..

    ReplyDelete
  6. സാജിതയുടെ രചന മനോഹരമായിരിക്കും എന്ന് അതീവ ഹൃദ്യമായ ഈ ആസ്വാദനം ബോധ്യപ്പെടുത്തുന്നു. പുസ്തകം വായിക്കാനാവുന്നില്ലല്ലോ എന്നാ നിരാശ ബാക്കി വയ്ക്കുന്നു.

    ReplyDelete
  7. ഒട്ടും മുഷിപ്പിക്കാതെ കോര്‍ത്തിണക്കിയ വായന സമ്മാനിക്കുന്നു എന്ന് എഴുതുമ്പോള്‍ തന്നെ വായിക്കാന്‍ തോന്നും.
    പരിചയപ്പെടുത്തല്‍ ഇഷ്ടപ്പെട്ടു

    ReplyDelete
  8. വായിക്കാന്‍ വേണ്ടി തിരഞ്ഞെടുത്ത പുസ്തകം തന്നെ ആയിരുന്നു ...കിട്ടിയില്ല ...ഇത് കൂടി വായിച്ചപ്പോള്‍ കിട്ടിയില്ലല്ലോ എന്നോര്‍ത്ത് നഷ്ട്ടബോധം തോന്നുന്നു ....കാത്തിരിക്കുന്നു ഈ നല്ല ബുക്കിനായി .....

    ReplyDelete
  9. പെരിച്ചയപ്പെടുത്തല്‍ പോലും എത്ര മനോഹരമായി, അപ്പോള്‍ വിവരണം എത്ര മനോഹരമായിരിക്കണം !

    ReplyDelete
  10. പുസ്തകപരിചയം വളരെ മനോഹരമായിരിയ്ക്കുന്നു

    ReplyDelete
  11. ഇലഞ്ഞി കേമായിട്ട് പരിചയപ്പെടുത്തി.. ( അതു പിന്നങ്ങനെയല്ലേ? ) ബുക്ക് വായിക്കാന്‍ കിട്ടണമെന്ന ആശയാണ് ബാക്കി ...
    അഭിനന്ദനങ്ങള്‍ കേട്ടോ ഇലഞ്ഞിപ്പൂവേ...

    ReplyDelete
  12. പരിചയപ്പെട്ടപ്പോൾ വായിക്കാൻ കൊതിയുണ്ടാക്കി ....

    ReplyDelete
  13. പുസ്തകം തേടിപ്പിടിച്ച് വായിക്കാന്‍ തോന്നുന്ന പരിചയപ്പെടുത്തല്‍!
    ആശംസകള്‍

    ReplyDelete
  14. നന്നായി പരിചയപ്പെടുത്തി

    ReplyDelete
  15. ഈ പരിചയപ്പെടുത്തല്‍ ഇഷ്ടായി ഇലഞ്ഞ്യെ ..!

    ReplyDelete
  16. സാജിത ഇത്തയുടെ കഥകള്‍ ബ്ലോഗിലും മഴവില്ലിലുമൊക്കെ വായിക്കാറുള്ളതു കൊണ്ട് ആ എഴുത്തിന്റെ ശൈലി നന്നായി അറിയാം , അത് കൊണ്ട് വായന മടുപ്പിക്കില്ല എന്ന് കരുതാം അല്ലെ , നന്ദി ഇലഞ്ഞി

    ReplyDelete
  17. നല്ല പരിചയപ്പെടുത്തല്‍...

    ReplyDelete
  18. വായിച്ചു. നന്മകള്‍. ‘സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍’ വായിക്കണം ഇനി...

    ReplyDelete
  19. പുസ്തക പരിചയം നന്നായിരിക്കുന്നു. ഇനി പുസ്തകം വായിക്കണം

    ReplyDelete
  20. നന്ദി കൂട്ടുകാരേ വായനകള്‍ക്ക്..

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!