പ്രസാധകര്‍ : ഡി സി ബുക്ക്സ്
വില: 250 രൂപ
മരണമൊഴുകുന്ന വഴിയോരത്ത് മരണം പുകയുന്ന തീരത്താണ്
അവരുടെ കൂര; മരണമണമുള്ള മരണദൂതരുടെ. രാപ്പകലില്ലാതെ
മരണകുളമ്പടികളാല്‍ മുഖരിതമാണവിടം. വെന്തമാംസങ്ങളുടെ മരണമണം നിറഞ്ഞ
അന്തരീക്ഷം അന്ത്യയാത്രയുടെ അനിശ്ചിതത്വം പോലെ ചിതയില്‍നിന്നുയരുന്ന
പുകപടലങ്ങളാല്‍ ആവൃതമാണ്.
കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന
നോവല്‍ പറയുന്നത്, പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു ആരാച്ചാര്‍
കുടുംബത്തിന്‍റെ കഥയാണ്. തലമുറകളിലൂടെ കൈമാറപ്പെട്ട, നീതിനിര്‍വ്വഹണത്തിനു
വേണ്ടി ഭരണകൂടത്തിന്‍റെ ആജ്ഞാനുവര്‍ത്തിയായി വധശിക്ഷനടപ്പാക്കുക എന്ന
തൊഴില്‍ മഹത്വവല്‍ക്കരിപ്പെട്ടതെന്ന് സ്വയം നിനച്ച് വശായ പിതാമഹന്മാരിലൂടെ
കാലം ആ കൃത്യം ഇങ്ങേ കണ്ണിയായ ചേതനഗൃദ്ധാമല്ലിക്കിലെത്തിച്ച് ലോകത്തെ
ആദ്യത്തെ വനിതാ ആരാച്ചാര്‍ എന്ന പദവിയിലെത്തിക്കുന്നതും ദരിദ്രമായ ഒരു
കുടുംബത്തിലെ പെണ്‍കുട്ടിയെന്ന നിലയില്‍ അവളനുഭവിക്കേണ്ടിവരുന്ന പീഢനങ്ങളും തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ മനസ്ഥൈര്യവും അവള്‍ ചവിട്ടുന്ന
പടവുകളുടെ കയറ്റിറക്ക താളവുമാണ് നോവലിന്‍റെ ഇതിവൃത്തം.
കൊല്‍ക്കത്തയുടെ
പാശ്ചാത്തലത്തില്‍ പറയുന്ന ഈ കഥയിലൂടെ മീര അവിടുത്തെ ചരിത്രവും
തെരുവുകളും ജീവിതരീതികളുമെല്ലാം വായനക്കാരനെ അനുഭവേദ്യമാക്കുന്നുണ്ട്.
നോവല്‍ വായന കഴിയുമ്പോഴേക്ക് കറുത്തവരുടെ ലോകമായ ചിത്പൂരും മരണമൊഴുകുന്ന
സ്ട്രാന്‍ഡ് റോഡും മരണചിതകളൊരുക്കി കാത്തിരിക്കുന്ന ഗംഗാതീരത്തെ
നീംതലഘാട്ടും സൊനാഗച്ചിയെന്ന ചുവന്നതെരുവും ഹൃദിസ്ഥമാക്കി നാം ആലിപ്പൂര്‍
ജയിലിലും അവിടുത്തെ തൂക്കുമരത്തിനുചുറ്റും ഇനിയുമൊരു
നീതിനിര്‍വ്വഹണത്തിന്‍റെ ഇരയെ പ്രതീക്ഷിച്ച് കറങ്ങിനടക്കുന്നുണ്ടാവും.
അത്രകണ്ട് ആരച്ചാരുടെ തൊഴിലിനോടും വധശിക്ഷയോടും മരണത്തിനോടും
തൂക്കുകയറിനോടും കുടുക്കിനോടുമെല്ലാം താരതമ്യം പ്രാപിച്ചു കഴീഞ്ഞിരിക്കും
നാം.നിത്യസത്യമായ മരണമെന്ന വാക്ക് കേട്ടാല്‍ മനസ്സില്‍ പൊട്ടിപ്പൊട്ടി
ചിരിക്കണമെന്ന ഥാക്കുമായുടെ ഉപദേശം ഉള്ളില്‍ തികട്ടിവന്നുകൊണ്ടിരിക്കും.
ഇരുപത്തിരണ്ടുകാരിയായ ചേതനയുടെ കഥയാണിത്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യഭാരത്തിനും മുന്‍പേ ആരാച്ചാര്‍ തൊഴില്‍ തുടങ്ങി, 450 കുറ്റവാളികളെ ഇതിനകം തൂക്കിലേറ്റിയ അവളുടെ ബാബ ഫണിഭൂഷന്‍ ഗൃദ്ധാമല്ലിക്കിന്‍റേയും ഒരുപാട് തലമുറകളുടെ ചരിത്രങ്ങള്‍ ഓര്‍മ്മകളില്‍ ചിട്ടയോടെ അടുക്കിവെച്ചിരിക്കുന്ന, ആരാച്ചാര്‍ കുടുംബത്തിലെ പെണ്ണുങ്ങള്‍ ഉറച്ച മനസ്സുള്ളവരായിരിക്കണമെന്നും പെണ്ണുചിരിക്കുന്ന വീട് നശിക്കുമെന്നും വിശ്വസിക്കുന്ന, മരണമെന്ന് കേട്ടാല്‍ മനസ്സിലുറക്കെ ചിരിക്കണം, അത് ചത്തതായാലും കൊന്നതായാലും എന്ന് ഉദ്ബോധിപ്പിക്കുന്ന അവളുടെ ഥാക്കുമായുടെയും രാജ്യവിഭജനത്തിന്‍റെ കത്തുന്ന ഓര്‍മ്മകളില്‍ സ്വജീവിതം ഒരുപിടിചാരമായ നിസ്സാഹയതയുടെ എരിയുന്ന ചിത മനസ്സിലേന്തി ജീവിക്കുന്ന മായുടേയും ആരാച്ചാര്‍ കുടുംബത്തിന്‍റെ പേരില്‍ ബലിയാടാക്കപ്പെട്ട സഹോദരന്‍ രാമുദായുടെയും ഒരേസമയം ചേതനയുടെ ആസക്തനും വൈരിയുമായ, കറുത്ത കണ്ണടയ്ക്കുള്ളില്‍ പച്ചക്കണ്ണുകള്‍ ഒളിപ്പിച്ച് വെച്ച കൌശലക്കാരനായ സഞ്ജീവ്കുമാര്‍ മിത്രയുടേയും കൊല്ലാനുള്ള പേടി കാരണം ആരാച്ചാര്‍ കുടുംബത്തില്‍ ഒന്നുമല്ലാതായി തീര്‍ന്ന സുഖ്ദേവ് കാക്കുവിന്‍റേയും പിന്നെ ചേതനയ്ക്ക് ചുറ്റുമുള്ള പലരുടേയും കഥയാണ്.അതുപോലെ മുന്‍തലമുറക്കാരുടേയും ചരിത്രസ്മരണകളുടേയും അസംഖ്യം കഥകള്‍ കൂടിയാണിത്.
ഒരു കടുത്ത സ്ത്രീപക്ഷ നോവലായി ‘ആരാച്ചാര്‍‘ വായിക്കുന്നവരെ പഴിചാരാനാവില്ല. സാഹചര്യങ്ങളുടെ തീച്ചൂളയില്‍ വെന്ത് വെന്ത് ഈയ്യത്തിന്‍റെ ഉള്‍ക്കരുത്ത് നേടുന്ന ചേതന ഇന്നിന്‍റെ സമൂഹത്തിന് അത്യന്താപേക്ഷിതമാണ്. ദുപ്പട്ടയില്‍ കുരുക്കിട്ട് ആക്രമിക്കുന്നവനെ കുരുക്കിലാക്കുന്ന ആ മനസ്സാന്നിധ്യവും ധൈര്യവും ഒരംശം സമൂഹത്തിലെ സ്ത്രീകള്‍ക്കുണ്ടായിരുന്നെങ്കിലെന്ന് കഥയെന്ന് മറന്ന് ഞാനും ആഗ്രഹിച്ചു ഒരുനിമിഷം. എന്നാലും ഇതൊരു സാമൂഹികമാനമുള്ള നോവലായി വായിക്കാനാണെനിക്ക് തോന്നിയത്. ആധുനികസമൂഹത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാവുന്നുണ്ട് പലയിടത്തും ഈ കഥ. സാമൂഹിക-സാമ്പത്തിക-ലിംഗ അസമത്വങ്ങളിലേക്കും മാധ്യമങ്ങളുടെ അതിപ്രസരത്തിലേക്കും ഏത് തൊഴിലിലുമുള്ള അന്ധമായ വാണിജ്യവത്ക്കരണത്തിലേക്കും ആര്‍ത്തിപിടിച്ചോടുന്നവന്‍റെ നെറികേടിലേക്കും വലിച്ചെറിയുന്നുണ്ട് വായനക്കാരനെ ഈ കഥയില്‍.
കൊല്‍ക്കത്തയുടെ പ്രൌഢഗംഭീരമായ സംസ്കാരത്തിലൂന്നി എഴുതിയിരിക്കുന്ന ഈ കഥയില്‍ മീരയുടെ ശക്തമായ ഭാഷയും കഥാതന്തുവും വല്ലാതെ ആകര്‍ഷിക്കുമ്പോള്‍ തന്നെ ഇത്രയും മുഷിച്ചലോടെ ഞാന്‍ അടുത്തൊന്നും ഒരു പുസ്തകം വായിച്ചു തീര്‍ത്തിട്ടില്ല എന്നുകൂടി പറയേണ്ടിവരുന്നു. എന്‍റെ വായനയുടെ ദോഷമായിരിക്കാം, എന്നാലും വല്ലാതെ ഇഴച്ചിലനുഭവപ്പെട്ടു വായനയിലുടനീളം. പുരാണകഥകളുടെ അതിപ്രസരം വായനയെ അലോസരപ്പെടുത്തിയത് കുറച്ചൊന്നുമല്ല. മുഖ്യ കഥയേക്കാള്‍ കൂടുതല്‍ ഉപകഥകള്‍ പറഞ്ഞ് പോയപ്പോള്‍ എന്നിലെ വായനക്കാരി വായന തുടരാന്‍ പാടുപ്പെട്ടു. കൈച്ചിട്ടിറക്കാനും വയ്യ , മധുരിച്ച് തുപ്പാനും വയ്യെന്ന അവസ്ഥയിലൂടെ കടന്നുപോവാന്‍ കാരണം ഈ ഇഴച്ചിലും ആവര്‍ത്തനവിരസമായ കഥയിലെ സംഭവപരമ്പരകളും അതേസമയം മീരയുടെ ഏറെ ആകര്‍ഷകമായ കഥയും ശക്തമായ ഭാഷയുമാണ്.
2012-ലെ ഏറ്റവും നല്ല പുസ്തകങ്ങളില്‍ മുന്‍ നിരയില്‍ ആരാച്ചാര്‍ ഉണ്ടായിരുന്നു
പല കണക്കെടുപ്പുകളിലും, പ്രഗത്ഭര്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട് ധാരാളം
എന്നതൊന്നും മറന്നിട്ടല്ല ഈ ന്യൂനത എടുത്ത് കാണിച്ചത്. ഇതെന്‍റെ പരിമിതമായ വായനാ തോന്നലുകള്‍ മാത്രമാണ്. അത്യാകര്‍ഷകമായ ചെറുകഥകളിലൂടെ മീര കരസ്ഥമാക്കിയ ഒരു ഉന്നത സ്ഥാനമുണ്ട് മനസ്സില്‍ .
അവിടെനിന്നവര്‍ ഊര്‍ന്ന് വീഴാതിരിക്കാന്‍ ആ പ്രിയ ചെറുകഥാ കൃത്തിന്‍റെ
മാറ്റൊരു നോവല്‍ വായനയെക്കെടുക്കാന്‍ ഞാനൊന്ന് മടിക്കും കുറച്ച്
കാലത്തേക്കെങ്കിലും എന്നത് നേര്.