“ സ്നേഹത്തിന്‍റെയും പരിഗണനയുടെയും അടയാളമെന്താണ്?
-കാപ്പി.
എപ്പോഴെന്നില്ലാതെ വന്നു കേറുന്ന അതിഥികളെ സ്നേഹമുണ്ടെന്നു തെളിയിക്കാന്‍ ഞാന്‍ നിരന്തരം അടുക്കളയില്‍ കാപ്പി കൂട്ടിക്കൊണ്ടേയിരിക്കുന്നു.
അടുക്കളയെ ബ്രസീല്‍ എന്നും വിളിക്കാം.
കാപ്പിക്കയറ്റുമതിയുടെ നാട്.
കളിമണ്‍ കപ്പുകളിലൊതുങ്ങുന്ന തവിട്ടു സമുദ്രത്തില്‍ ഞാന്‍ ലോക സഞ്ചാരങ്ങള്‍ ചെയ്യുന്നു.”
ഒറ്റസ്നാപ്പില്‍ ഒതുക്കാനാവാത്ത ജന്മസത്യങ്ങളെ നാൽപ്പത്തഞ്ചാം വയസ്സില്‍ വിധി ചുരുട്ടിക്കൂട്ടി തിരികെയെടുത്തപ്പോഴേക്കും വരുംകാലത്തോട് അലറിവിളിക്കാന്‍ അര്‍ത്ഥഗര്‍ഭം പേറുന്ന ഒരുപിടി അക്ഷരക്കൂട്ടങ്ങളെ മായ്ക്കാനാവാത്തവിധം മലയാളത്തിന്‍റെ വായനാചുവരില്‍ പതിപ്പിച്ച് കഴിഞ്ഞിരുന്നു മരണത്തിലേക്ക് വലിച്ചിഴക്കപ്പെട്ട അക്ഷരങ്ങളുടെ പ്രിയതോഴി ഗീതാഹിരണ്യന്‍. അതുകൊണ്ടാവാം ‘ഗീതാഹിരണ്യന്‍റെ കഥകള്‍’ വായിക്കുമ്പോള്‍ മനസ്സ് കാലത്തിന് മുന്‍പേ നടന്ന ആ എഴുത്തുകാരിയുടെ നഷ്ടവേദനയില്‍ നെടുവീര്‍പ്പിടുന്നത്.
ഛിത്വരമൊഴികളാല്‍ അവര്‍
പറഞ്ഞുവെച്ച കഥകള്‍ വായനയുടെ ആഴങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നുണ്ട്. അതൊരുപക്ഷേ ഒട്ടുമേ അതിഭാവുകത്വമില്ലാതെ പറഞ്ഞുവെച്ച
ജീവിതങ്ങളുടെ നേര്‍വഴികള്‍ കൊണ്ടെത്തിക്കുന്നത് ജന്മസത്യങ്ങളുടെ
ചിരപരിചിതമായ പൊള്ളലിലേക്കാണ് എന്നതുകൊണ്ടായിരിക്കും.
കഥപറച്ചിലിന്‍റെ അധികം പരിചിതമല്ലാത്തിടങ്ങളിലൂടെ
പുതുമയുടെ ഗന്ധമാസ്വദിച്ചുള്ള വഴിനടത്തത്തില്‍ വായനക്കാരന്‍
പതറാതിരിക്കുന്നത് അയത്നലളിതമായ ആ ശൈലീയാകര്‍ഷകത്വത്തിലാണ്.
വരികള്‍ക്കിടയില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഉപഹാസങ്ങളില്‍
തട്ടി ഇടക്കിടെ വീഴുമ്പോഴും വായന തുടരാനാഗ്രഹിക്കുന്നത് എഴുതിവച്ചിരിക്കുന്നവയുടെ സാമൂഹിക സത്യങ്ങളെ
നിഷേധിക്കാനാവുന്നില്ല എന്നതിനാലുമാവാം.
ഗീതാഹിരണ്യന്‍റെ
ലഭ്യമായ കഥകള്‍ ക്രോഡികരിച്ച് ‘ഗീതാഹിരണ്യന്‍റെ കഥകള്‍’ എന്ന ശീര്‍ഷകത്തോടെ
കറന്‍റ്ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ പലനിലവാരത്തില്‍
നില്‍ക്കുന്ന ഇരുപത് രചനകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്, ഒരു അനുബന്ധകുറിപ്പും.
അസ്വസ്ഥമായ സ്ത്രീമനസ്സുകളുടെ അകത്തളങ്ങളിലൂടെ സ്ത്രീമുക്തിയുടെ ദൃഢതപേറി
ഗീതയുടെ കഥകള്‍ കയറിയിറങ്ങുമ്പോള്‍ പെണ്ണെഴുത്തെന്ന അറപ്പുളവാക്കുന്ന
പടിപ്പുരപ്പുറത്തേക്ക് ഈ കഥാകാരിയെ മാറ്റിനിര്‍ത്തേണ്ടതില്ല. കാരണം നിസ്സഹായതയുടെ ഒരുപിടി സ്ത്രൈണവ വികാര വിചാരങ്ങള്‍ക്കൊപ്പം
സമൂഹത്തെ ഒന്നടങ്കം നാശോന്മുഖതമാക്കുന്ന ചില കുടില സ്ത്രീചിന്തകളേയും
പിച്ചിചീന്തി എഴുത്തിന്‍റെ തുലനത സാമൂഹിക ജീവിതാവസ്ഥകളുടേതാക്കാന്‍
അവര്‍ക്കാവുന്നുണ്ട്. സ്ത്രീമനസ്സിന്‍റെ അസ്വാരസ്യങ്ങള്‍ കഥകളിലൂടെ പായേരം
പറയുമ്പോഴും പുരുഷസമൂഹത്തെ ഒന്നടങ്കം കാര്‍ക്കിച്ചുത്തുപ്പുന്ന ഒരു
കുരുട്ട് സമീപനമല്ല ഗീതയുടേത്.
സ്ത്രീയുടെ വേദനകളും
അരക്ഷിതാവസ്ഥയും അസ്വാതന്ത്ര്യവും വിഭിന്നമായ ഭാവതലങ്ങളില്‍ നിന്നുകൊണ്ട്
മലയാളസാഹിത്യത്തിന്‍റെ അകത്താളുകളില്‍ അവര്‍ കോറിയിട്ടപ്പോള്‍ വായനാസമൂഹം കൈനീട്ടി സ്വീകരിച്ചത് നിശബ്ദമായി അതില്‍ സംവേദിക്കുന്ന കലാപഭാഷയുടെ അസാധാരണത്വം
കൊണ്ടായിരിക്കാം.
‘ഒറ്റസ്നാപ്പില്‍ ഒതുക്കാനാവില്ല, ഒരു ജന്മസത്യം’ എന്ന
കഥയിലൂടെ ഉള്ളവന്‍റെ മേല്‍ക്കോയ്മകള്‍ പേര് പോലും ഇല്ലാതാക്കിയ അവളെന്ന
പുറം പണിക്കാരിയിലൂടെ കഥാകാരി സമൂഹത്തില്‍ നടമാടുന്ന വൃത്തിക്കെട്ട
സാമ്പത്തീക വിവേചനങ്ങളെ നിശിതമായി പരിഹസിക്കുന്നുണ്ട്.
“സ്പോഞ്ച് പതപ്പിക്കുമ്പോള്‍ നനഞ്ഞു കുതിര്‍ന്ന
ഒരു പൂച്ചക്കുട്ടിയാണ് കൈപ്പിടിയില്‍ എന്ന് അവള്‍ക്കു തോന്നാറുണ്ട്.
ചുരുട്ടിപ്പിടിച്ച് തട്ടത്തിലേയ്ക്കു തിരികെ വെച്ചാല്‍ ഉടന്‍ മൂരി
നിവര്‍ന്നു മെല്ലെ വലുപ്പം വെയ്ക്കുന്ന ഒരു പൂച്ച” എന്ന ഈ കഥയുടെ
തുടക്കവരികള്‍ തന്നെ ഉള്ളവന്‍റെ മുന്നില്‍ നനഞ്ഞു കുതിരാനും ഉണങ്ങി വിള്ളാനും മാത്രം വിധിക്കപ്പെട്ട അവരുടെ കൈവെള്ളയ്ക്ക് പാകമായ അധരപറ്റത്തിന്‍റെ അധോഗതിയെ പറഞ്ഞുവെയ്ക്കുന്നു.
“ഹൌ..! വേദനിക്കുന്നവന്‍റെ പരിഭാഷയാണത്. സ്കൂള്‍
ഇംഗ്ലീഷിന്‍റെ അവശിഷ്ടമായി വ്യാഖ്യാനിക്കാമെങ്കിലും.” വരികള്‍
വായനക്കാരനിലും വേദനയുടെ ഭാഷ്യം രചിക്കുന്നു!
“മൃഗശാല. ഒന്നാമത്തെ കാഴ്ചയില്‍ കൌതുകം. രണ്ടാമത്തെ കാഴ്ചയില്‍ പരിഹാസം. മൂന്നാമത്തേതില്‍ മടുപ്പും അറപ്പും.” ‘അകത്തും പുറത്തും’ കഥയിലെ സില്‍വിയയുടെ ഈ നിരീക്ഷണം തന്നെയാണവള്‍ ജീവിതത്തിലും പുലര്‍ത്തുന്നത്. ആദ്യകാഴ്ചയുടെ കൌതുകം എന്തിലും നഷ്ടപ്പെടുന്നു എന്ന ആശങ്കയാവാം വളവുകളും തിരിവുകളും കൊണ്ടുപോവുന്ന അയാളുടെ ജീവിതാഭ്യര്‍ത്ഥന സ്വീകരിക്കാന്‍ സില്‍വിയയെ വിമുഖയാക്കുന്നത്.
“ഉള്ളിലടിക്കുന്ന വികാരങ്ങളെ ഒളിപ്പിച്ചു വെയ്ക്കുന്ന പര്‍ദ്ദ വാങ്ങാന്‍ ദൈവത്തോട് മറന്നവള്‍, ദുശ്ശാഠ്യങ്ങളുടേയും സ്നേഹദുരിതങ്ങളുടെയും അസാധാരണ ചേരുവ: ലളിത. പ്രണയത്താല്‍ കനം വെച്ച ലക്കോട്ട് ആരുമറിയാതെ ഈടിരിപ്പായി മനസ്സില്‍ സൂക്ഷിക്കുന്നവള്‍.!”(കവിതയും ജീവിതവും. ഒരുപന്യാസവിഷയത്തിനപ്പുറം)
“മനസ്സിന്‍റെ ഒരറയ്ക്കും പൂട്ടുവാതിലുകള്‍ ഘടിപ്പിക്കാതെയാണ് ഈശ്വരന്‍ അവളെ ഭൂമിയിലേക്ക് കൈ വിട്ടു കളഞ്ഞത്. പ്രാണവായുവിനു പിടയുന്നവന്‍റെ കൈകാലിട്ടടിപോലെ തന്‍റെ ആശങ്കകളേയും വ്യഥകളേയും അവള്‍ നിര്‍ലജ്ജം എവിടേയും പ്രദര്‍ശിപ്പിച്ചു കളയും.” (സമുദ്രം മുഴങ്ങാത്ത വാക്ക്)
തന്‍റെ ദേഹത്ത് ചുംബനങ്ങളെക്കൊണ്ടും അവയവങ്ങളെക്കൊണ്ടും അടയാളപ്പെടുത്തിയതിലും എത്രയോ ആഴത്തില്‍ വാക്കുകളെകൊണ്ട് അയാള്‍ മനസില്‍ അടയാളം ചെയ്തിരിക്കുന്നു എന്ന് അവള്‍ക്കപ്പോള്‍ മനസ്സിലായി. അതോടെ ഈ ജന്മം അയാളെ നിരസിക്കാനൊ വെറുക്കാനൊ താന്‍ അശക്തയാണെന്നും.(ഘരെ ബായ് രെ)
“മനസ്സിന്റെ ഒരറയ്ക്കും പൂട്ടുവാതിലുകള്‍ ഘടിപ്പിക്കാതെയാണ് ഈശ്വരന്‍ അവളെ ഭൂമിയിലേക്ക് കൈ വിട്ടു കളഞ്ഞത്. പ്രാണവായുവിനു പിടയുന്നവന്‍റെ കൈകാലിട്ടടിപോലെ തന്‍റെ ആശങ്കകളേയും വ്യഥകളേയും അവള്‍ നിര്‍ലജ്ജം എവിടേയും പ്രദര്‍ശിപ്പിച്ചു കളയും.” (സമുദ്രം മുഴങ്ങാത്ത വാക്ക്)
തന്‍റെ ദേഹത്ത് ചുംബനങ്ങളെക്കൊണ്ടും അവയവങ്ങളെക്കൊണ്ടും അടയാളപ്പെടുത്തിയതിലും എത്രയോ ആഴത്തില്‍ വാക്കുകളെകൊണ്ട് അയാള്‍ മനസില്‍ അടയാളം ചെയ്തിരിക്കുന്നു എന്ന് അവള്‍ക്കപ്പോള്‍ മനസ്സിലായി. അതോടെ ഈ ജന്മം അയാളെ നിരസിക്കാനൊ വെറുക്കാനൊ താന്‍ അശക്തയാണെന്നും.(ഘരെ ബായ് രെ)
ആര്‍ജ്ജവമുള്ള ഈ കഥകള്‍ വായനക്കാരനോട് സംവദിക്കുന്നത് സ്നേഹത്തിന്‍റെ വിവിധ ഭാവതലങ്ങളില്‍ നിന്നുകൊണ്ടാണ്. കഥകളോരോന്നിലൂടെയും കയറി ഇറങ്ങാനാവില്ല, ഓരോ കഥയിലും വരികള്‍ക്കിടയില്‍ ഗീതാഹിരണ്യന്‍ പൂഴുത്തിവെച്ച വലിയൊരു ഭാവ-വിവക്ഷാ സാഗരമുണ്ട്, ഓരോവായനയിലും മുങ്ങിതപ്പിയെടുക്കാന്‍ ഒത്തിരി കരുതിവെച്ചുകൊണ്ട്. എത്ര ശ്രമിച്ചാലും സമുദ്രത്തിന്‍റെ ആഴമളക്കാന്‍ അക്കങ്ങളില്ലാത്ത നിസ്സഹായതയില്‍ നില്‍ക്കാനേ എനിക്കാവൂ.
"വാക്കാണ് എഴുത്തുകാരനെ ശിപാര്‍ശ ചെയ്യുക. അതുകൊണ്ട് എനിക്ക് വാക്കിലേക്ക് സ്വതന്ത്രയാവണം. വാക്കിന്‍റെ ധ്വനി ഉണര്‍ന്നിരിക്കലാണ്. എഴുത്തിന്‍റെ മോഹനത്ത്വം എന്ന ഓര്‍മ്മയില്‍ മൌനംകൊണ്ട് സദാ വാക്കുകളെ ഞാന്‍ തേടുന്നു.” എന്ന് പറഞ്ഞുവെച്ച കഥാകാരിക്ക് വാക്കുകളെ ഇത്രമേല്‍ ചാരുതയോടെയല്ലാതെ വിന്യസിക്കാതിരിക്കാനാവില്ല തന്നെ.
അവസാനമെഴുതിയ ‘ശിലപ കഥയെഴുതുകയാണ്’ എന്ന അപൂര്‍ണ്ണകഥയില്‍ വാക്കുകളെ ഇത്രമേല്‍ സ്നേഹിക്കുന്ന ആ കഥകാരി വായനാലോകത്തോട് പറയാതെ ബാക്കിവെച്ചത് എന്തായിരിക്കും? പൂര്‍ണ്ണതയ്ക്ക് മുന്‍പേ മരണം മുനയൊടിച്ചുകളഞ്ഞ ആ തൂലികത്തുമ്പില്‍ ഇപ്പോഴും അക്ഷരങ്ങള്‍ കട്ടപ്പിടിച്ച് കിടക്കുന്നുണ്ടാവുമോ!
"വാക്കാണെന്‍റെ ഒരേ ഒരു സ്വത്ത്, ആരോടും വെളിപ്പെടുത്താത്ത സ്വത്ത്."കാലത്തിന്‍റെ സൂക്ഷ്മവികാരങ്ങളെ കഥകളാക്കിയ ആ എഴുത്തുകാരി നമുക്ക് തന്നിട്ട് പോയത് അവരുടെ വിലപ്പെട്ടസ്വത്താണ്; ജീവിതം തപംചെയ്തെടുത്ത വാക്കുകള്‍!
അവസാനമെഴുതിയ ‘ശിലപ കഥയെഴുതുകയാണ്’ എന്ന അപൂര്‍ണ്ണകഥയില്‍ വാക്കുകളെ ഇത്രമേല്‍ സ്നേഹിക്കുന്ന ആ കഥകാരി വായനാലോകത്തോട് പറയാതെ ബാക്കിവെച്ചത് എന്തായിരിക്കും? പൂര്‍ണ്ണതയ്ക്ക് മുന്‍പേ മരണം മുനയൊടിച്ചുകളഞ്ഞ ആ തൂലികത്തുമ്പില്‍ ഇപ്പോഴും അക്ഷരങ്ങള്‍ കട്ടപ്പിടിച്ച് കിടക്കുന്നുണ്ടാവുമോ!
"വാക്കാണെന്‍റെ ഒരേ ഒരു സ്വത്ത്, ആരോടും വെളിപ്പെടുത്താത്ത സ്വത്ത്."കാലത്തിന്‍റെ സൂക്ഷ്മവികാരങ്ങളെ കഥകളാക്കിയ ആ എഴുത്തുകാരി നമുക്ക് തന്നിട്ട് പോയത് അവരുടെ വിലപ്പെട്ടസ്വത്താണ്; ജീവിതം തപംചെയ്തെടുത്ത വാക്കുകള്‍!
എഴുതാനാവാതെ പോയ വാക്കുകളുറങ്ങുന്ന ആ കൈവിരല്‍തുമ്പുകളില്‍ മനസ്സ്തൊട്ട് പറയട്ടെ- പ്രണാമം.
നന്നായി പറഞ്ഞു..
ReplyDeleteവായിച്ചിട്ടുണ്ട് പണ്ടെപ്പെഴൊക്കെയോ ഗീതാ ഹിരണ്യയെ..
‘ഒറ്റസ്നാപ്പില്‍ ഒതുക്കാനാവില്ല, ഒരു ജന്മസത്യം’എന്ന ടൈറ്റില്‍ മാത്രമേ ഇപ്പോള്‍ ഓര്‍മ്മയിലുള്ളൂ...അതാ പേരിന്‍റെ കൂടി പ്രത്യേകതയാവാം..
ഒന്നൂടെ വായിക്കാന്‍ കൊതിപ്പികുന്നുണ്ട് ഈ കുറിപ്പ്.
സന്തോഷം ട്ടാ..
ഇന്ന് മിക്ക ആനുകാലികങ്ങളിലും കാണുന്ന പുസ്തക പരിചയ കോളങ്ങൾ വെറും ചടങ്ങ് പോലെ ഒരേ ശൈലിയിൽ ആവർത്തിക്കപ്പെടുമ്പോൾ സമ്പന്നമായ ഭാഷ കൊണ്ട് നല്ലൊരു വായന അനുഭവം പങ്കുവെക്കുകയാണ് ഷേയ . പുസ്തകത്തിലെ വരികൾ എടുത്തെഴുതാതെ നമ്മളെങ്ങിനെ വായിക്കുന്നു എന്ന് സ്വന്തം ശൈലിയിൽ അവതരിപ്പിക്കുമ്പോൾ അതിനൊരു വിത്യസ്തതയുണ്ട് .
ReplyDelete"അസ്വസ്ഥമായ സ്ത്രീ മനസ്സുകളുടെ അകത്തളങ്ങളിലൂടെ സ്ത്രീമുക്തിയുടെ ദൃഡത പേറി ഗീതയുടെ കഥകള കയറി ഇറങ്ങുമ്പോൾ പെണ്ണെഴുത്തെന്ന അറപ്പുളവാക്കുന്ന പടിപ്പുരപുറത്തേക്ക് ഈ എഴുത്തുകാരിയെ മാറ്റി നിർത്തേണ്ടതില്ല . കാരണം നിസ്സഹായതയുടെ ഒരുപിടി സ്ത്രൈണ വികാര വിചാരങ്ങൾക്കൊപ്പം സമൂഹത്തെ ഒന്നടങ്കം
നാശോന്മുഖമാക്കുന്ന ചില കുടില സ്ത്രീ ചിന്തകളെയും പിച്ചിച്ചീന്തി എഴുത്തിൻറെ തുലനത സാമൂഹിക ജീവിതാവസ്ഥകളുടെതാക്കാൻ അവർക്കാവുനുണ്ട് . പുരുഷ സമൂഹത്തെ ഒന്നടങ്കം കാർക്കിച്ചു തുപ്പുന്ന ഒരു കുരുട്ട് സമീപനം അല്ല ഗീതയുടെത് ".
ഗീത മാത്രമല്ല , ഈ വരികൾ എഴുതിയതിലൂടെ ഷേയയും മുന്നോട്ട് വെക്കുന്നത് ഇതുപോലൊരു നിലപാടാണ് . ധീരമായ സമീപനം .
ഇഷ്ടാനുസരണം ഓരോ കളങ്ങൾ തീർക്കുക, എന്നിട്ടതിലേക്ക് ഒതുക്കി നിറുത്തുക. ഇതാവശ്യവും എളുപ്പവുമാണ് വേട്ടക്ക്. അവശ്യം വേണ്ടത്, എഴുത്തിനെ ഉയർത്തുകയാണ്. എഴുത്ത് കൈകാര്യം ചെയ്യുന്ന വിഷയത്തെ ചർച്ചക്കെടുക്കലാണ്. അല്ലാത്തതൊക്കെയും ചില നിഗൂഡ താത്പര്യങ്ങളുടെ ക്വട്ടേഷൻ സൂക്ഷിക്കുന്നുണ്ടെന്ന് വേണം മനസ്സിലാക്കാൻ.!
ReplyDeleteപിന്നെ, സ്തീപക്ഷ വായന കൈകാര്യം ചെയ്യുമ്പോൾ വിജാതീയ സ്വത്വത്തെയും അതിന്റെ ഭാവങ്ങളെയും ശത്രുപക്ഷത്ത് നിറുത്തി, മനുഷ്യജീവിതത്തെ അതിന്റെ ആസ്വാദ്യ തലത്തിൽ നിന്നും ഇറക്കിവിട്ട് യാന്ത്രികമാക്കാറുണ്ട് ചിലർ. ഇത് ഏതെങ്കിലും വിധത്തിലുള്ള ഗുണമുത്പാദിപ്പിക്കുന്നു എന്ന് ഞാൻ കാണുന്നില്ല. ആ അർത്ഥത്തിൽ ഷേയത്തയുടെയും ചെറുവാടിയുടെയും നിരീക്ഷണത്തോട് യോജിക്കുന്നു.
ഞാനിന്ന് വക്കുരഞ്ഞ് മൂർച്ച പോയ വാക്കുകളുടെ മാത്രം ഉടമസ്ഥനും കാവലാളുമാണ്. എങ്കിലുമെനിക്കറിയാം, വാക്ക് അതൊരായിരം വാക്കുകളെ ഉത്പാദിക്കണം. അങ്ങനെ ചിതമുള്ള വാക്കുകളെ നട്ട് നനച്ച് പരിപാലിക്കുന്ന എഴുത്താളുകൾ ഭാഷയുടെ സമ്പത്താണ്. അവർ സംസ്കാരത്തിന്റെ കൊടിവാഹകരുമാണ്. യഥാകാലം വിളയുന്ന വാക്കുകളുടെ വയല്നിലങ്ങളിലേക്ക്... ഞാനുമെന്റെ വായനയെ തുറന്ന് വെക്കുന്നു. അതിൽ ഇവിടെ പരിചയപ്പെടുത്തിയ എഴുത്തും എഴുത്താളിയും ഉണ്ടാകും.
ഈ പുസ്തക പരിചയത്തിന് നന്ദി, ഈ ശ്രമം ഏറെ അഭിനന്ദനാർഹവുമാണ്. തുടരുക, ഭാവുകങ്ങൾ. :)
രചനകളെ ആഴത്തില്‍ വിലയിരുത്തുവാന്‍ ആത്മാര്‍ഥമായി ശ്രമിച്ചതിന്റെ ഫലമാണ് ഈ നിരൂപണം.വായനക്ക് പ്രേരിപ്പിക്കുന്ന വിശകലനം.ആശംസകള്‍
ReplyDeleteഅഭിനന്ദനങ്ങള്‍ ഷെയ......
ReplyDeleteഗീതാ ഹിരണ്യനെ വായിച്ചിട്ടുണ്ട്...എങ്കിലും ഒന്നൂടെ വായിക്കണമെന്നു തോന്നിപോയി ഈ അവലോകനം വായിച്ചപ്പോള്‍..നന്ദി
ReplyDeleteനന്ദി ഈ പരിചപ്പെടുത്തലിന്ന്
ReplyDeleteകുറെ കഥകള്‍ വായിച്ചിട്ടുണ്ട്...... ഈ പരിചയപ്പെടുത്തല്‍ വളരെ നന്നായി.
ReplyDeleteഅവരെ ഓര്‍ക്കുമ്പോള്‍.... ഈ വായന എന്നെ വേദനിപ്പിക്കുകയും ചെയ്യുന്നു....
അകാലത്തില്‍ പൊലിഞ്ഞ ആ പ്രതിഭയുടെ കഥകള്‍ ഒരു പുസ്തകമായി വായിക്കാന്‍ കഴിഞ്ഞിട്ടില്ല...എപ്പോഴെക്കെയോ ആഴ്ച്ചപതിപ്പുകളില്‍ വന്നിട്ടുള്ളത് വായിച്ച ഓര്‍മ്മയേ ഉള്ളൂ..എങ്കിലും ആ വേറിട്ട പെണ്‍ ശബ്ദം വല്ലാതെ ആകര്‍ഷിച്ചിട്ടുള്ളതാണ്....ഹൃദ്യമായ ഈ അവലോകനം ..കഥാകാരിയുടെ ഹൃദയത്തെ തൊട്ടെഴുതയത് പോലെ...ആഴമുള്ള വായനയിലൂടെ സാധ്യമാകുന്ന ഉള്‍ക്കൊള്ളല്‍ എന്നു ഷേയയുടെ എഴുത്തിനെ കുറിച്ച് പറയാം ..അത്രക്ക് മനോഹരം ..!!!
ReplyDeleteപരിചയപ്പെടുത്തിയ വ്യക്തിയെ അകമഴിഞ്ഞ് അഭിനന്ദിക്കണം എന്നുണ്ട്.
ReplyDeleteനാമൂസിന്റെ കമെന്റ് കണ്ട് അതിനു മുതിരാതെ ഞാന്‍ മടങ്ങുന്നു. :)
ReplyDeleteഒരുപാട് നന്നായി ഈ പരിചയപ്പെടുത്തൽ ..
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി
ഈ എഴുത്തുകാരിയുടെ ഒരു കഥ പോലും വായിച്ചിട്ടില്ല. ഷേയയുടെ ഈ പരിചയപ്പെടുത്തല്‍ തന്നതല്‍പ്പം വിങ്ങലാണ്. ആ വലിയ എഴുത്തുകാരിയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ പ്രണാമം.
ReplyDeleteഈ പുസ്തകം വായിച്ചിട്ടില്ല എങ്കിലും ഗീതാഹിരണ്യന്റെ പല കഥകളും വായിച്ചിട്ടുണ്ട്. നല്ല കഥാകാരിക്ക് അനുയോജ്യമായൊരു മുഖവുരയാണ് നല്‍കിയത്.......
ReplyDeleteവിഷമത്തൊടെ തന്നെ പറയട്ടെ , ഈ പേര് എന്റെ മനസ്സിലെപ്പൊഴോ
ReplyDeleteകടന്ന് വന്നിട്ടുണ്ട് എന്നതൊഴിച്ചാല്‍ ഒരു വരികള്‍ പൊലും
ഞാന്‍ ഈ കഥാകാരിയുടെ വായിച്ചിട്ടില്ല ..
ഇനിയും പറയാനേറെ ബാക്കി വച്ചത് , ആ മനസ്സിന്റെ തുമ്പിലും
വിരല്‍ തുമ്പിലും നിറഞ്ഞ് നില്പ്പുണ്ടാവാം , പല മനസ്സുകളിലൂടെയും
ചിലപ്പൊള്‍ അവയൊക്കെ പൊഴിഞ്ഞിട്ടുണ്ടാവാം ..
മുഴുപ്പിക്കാതെ പൊകുന്ന പലതിനും നാം എത്രയോക്കെ
നിറം ചേര്‍ത്ത് വച്ചാലും ഒരു അപൂര്‍ണതയുണ്ടാകും
അവര്‍ക്ക് മാത്രമറിയുന്ന ചിലത് അവരിലൂടെ മാത്രമാകുന്ന ചിലത് ..
എന്തൊ ഒരു വല്ലായികയുണ്ട് , അവസ്സാനമെത്തിയപ്പൊള്‍ , സത്യത്തില്‍
ഞാനത് പ്രതീക്ഷിച്ചില്ല .. വായിക്കണം , വായിക്കാം ...!
ഷേയ,
ReplyDeleteഒടുവില്‍ പുസ്തകം വായിച്ചു.അല്ലെ..? അകവും പുറവും പോലെ എന്നെ വല്ലാതെ ആകര്‍ഷിച്ച കഥകള്‍. ഞാന്‍ പറഞ്ഞത് ശരിയാണെന്ന് തോന്നിയോ..? ഇങ്ങിനെയൊരു പരിചയപ്പെടുത്തല്‍ എഴുതാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമം ഉണ്ടായിരുന്നു. അതിപ്പോള്‍ മാറി. എഴുത്തിന്റെ ഉള്ളറിഞ്ഞ വിലയിരുത്തല്‍. ഒത്തിരി സന്തോഷം.
സേതു ചേച്ചി പറഞ്ഞത് കേട്ടാണ് ഞാനും ഈ പുസ്തകം വായിക്കുന്നത് . അത്രമേല്‍ ഇഷ്ടമായ കഥകള്‍ ആയിരുന്നു അതില്‍ . വായനയ്ക്കൊടുവിലാണ് കഥാകാരി ജീവിചിരുപ്പില്ലെന്നറിയുന്നത് . അത് വലിയ സങ്കടമായി . പിന്നെ ഒരു കുറിപ്പ് പോലും എഴുതാന്‍ തോന്നിയില്ല . ഇലഞ്ഞി എഴുതിയത് അസ്സലായി . ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ഷേയ .. സേതു ചേച്ചിക്ക് നന്ദിയും ,മനോഹരമായ കുറച്ചു കഥകള്‍ വായിക്കാന്‍ വഴികാണിച്ചതിന്...
Deleteഛിത്വരമൊഴികള്‍....
ReplyDeleteഗീതാഹിരണ്യനെ എങ്ങിനെ വായിച്ചു
ReplyDeleteഎന്നുള്ള ഈ പരിചയപ്പെടുത്തൽ കൊള്ളാം കേട്ടൊ
അകാലത്തില്‍ പൊളിഞ്ഞു പോയ എഴുത്തുകാരിക്ക് പ്രണാമം.
ReplyDeleteഞാന്‍ ഇതിലെ കഥകള്‍ വായിച്ചിട്ടില്ല.
ഈ പുസ്തകത്തെ വാങ്ങി വായിക്കാന്‍ തോന്നുന്ന തരത്തില്‍ ഇലഞ്ഞി മനോഹരമായി പരിചയപ്പെടുത്തി.
സന്തോഷം
ഗീതാ ഹിരണ്യന്റെ കഥകളുടെ ഒരു ആരാധകനായിരുന്നു ഞാനും.
ReplyDeleteവായനയുടെ ആ പൂക്കാലത്തെ ഉണര്ത്തി ഈ ലേഖനം. നന്ദി
എത്ര മനോഹരമായി വായനക്കാരി തന്റെ കടമ നിർ വഹിച്ചിരിക്കുന്നൂ..
ReplyDeleteനല്ലോരു വായനാനുഭവം തരമാക്കിയിരിക്കുന്നു..
നന്ദി,സ്നേഹം സ്നേഹൂ..!
തന്‍റെ ദേഹത്ത് ചുംബനങ്ങളെക്കൊണ്ടും അവയവങ്ങളെക്കൊണ്ടും അടയാളപ്പെടുത്തിയതിലും എത്രയോ ആഴത്തില്‍ വാക്കുകളെകൊണ്ട് അയാള്‍ മനസില്‍ അടയാളം ചെയ്തിരിക്കുന്നു എന്ന് അവള്‍ക്കപ്പോള്‍ മനസ്സിലായി !!!
ReplyDeleteആഴമുള്ള ഇവരെ വായിച്ചിട്ടില്ല ..വായിക്കാൻ ആഗ്രഹം തോന്നണു. നല്ല രീതിയിൽ പരി ജയപ്പെടുതിയിരിക്കുന്നു ഇലഞ്ഞിപ്പൂവേ...
ഞാനും ഇതിലെ കഥകള്‍ വായിച്ചിട്ടില്ല. അല്ലെങ്കിലും മാതൃഭൂമിയില്‍ പണ്ട് വന്ന കഥകള്‍ മാത്രമാണ്,(മാധവിക്കുട്ടി, M T ഒഴികെ, അവരുടെ രചനകള്‍ വാങ്ങിയിട്ടുണ്ട്. ) ഞാന്‍ വായിച്ചിട്ടുള്ളത്.
ReplyDeleteഈ പുസ്തകത്തെ വാങ്ങി വായിക്കണം. ഇലഞ്ഞി മനോഹരമായി പരിചയപ്പെടുത്തി.
കഥയെക്കാള്‍ വായിക്കാന്‍ ഇഷ്ടം തോന്നുന്ന അവലോകനം !!
ReplyDeleteപരിചയപ്പെടുത്തലിനു നന്ദി
ReplyDelete"ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവാത്ത ജന്മസത്യങ്ങളെ നാൽപ്പത്തഞ്ചാം വയസ്സില്‍ വിധി ചുരുട്ടിക്കൂട്ടി തിരികെയെടുത്തപ്പോഴേക്കും വരുംകാലത്തോട് അലറിവിളിക്കാന്‍ അര്‍ത്ഥഗര്‍ഭം പേറുന്ന ഒരുപിടി അക്ഷരക്കൂട്ടങ്ങളെ മായ്ക്കാനാവാത്തവിധം മലയാളത്തിന്‍റെ വായനാചുവരില്‍ പതിപ്പിച്ച് കഴിഞ്ഞിരുന്നു മരണത്തിലേക്ക് വലിച്ചിഴക്കപ്പെട്ട അക്ഷരങ്ങളുടെ പ്രിയതോഴി ഗീതാഹിരണ്യന്‍...","
ReplyDeleteപുസ്തക പരിചയം ഗംഭീരമായി ശേയ, നല്ല ഭാഷ, ആഴത്തിലുള്ള വായന, മനോഹരമായ പ്രസന്റേഷൻ. അഭിനന്ദനങ്ങൾ.
നല്ല ലേഖനം ..
ReplyDeleteമനോഹരമായി.... അഭിനന്ദനങ്ങൾ .
ReplyDeleteമനോഹരമായ ഈ പരിചയപ്പെടുത്തലിനു നന്ദി പൂവേ ..
ReplyDeleteമനോഹരമായി... വര്‍ണ്ണിക്കാന്‍ വാക്കുകള്‍ ഇല്ല
ReplyDeleteഅഭിനന്ദനങ്ങള്‍
ReplyDeleteസ്നേഹപൂര്‍വ്വം നന്ദി.
ReplyDelete