Wednesday, December 8, 2010

മാറാലകള്‍



മറവിയാം മാറാല മനസ്സിന്‍
നേര്‍ക്കാഴ്ച മറയ്ക്കുന്നു...
വകഞ്ഞുമാറ്റി ഓര്‍മകളെ  തേടി
യാത്രപോയി ഞാന്‍ ഇന്നലേകളിലേക്ക്...
പകുത്തുമാറ്റിയവ എന്നില്‍നിന്നും
സ്വന്തമായിരുന്നെന്‍ ഓര്‍മ്മകളെ,
അവസാനയാത്രയ്ക്കായ് സ്വരുകൂട്ടിവെച്ച
ജീവിത സമ്പാദ്യമാം ഇന്നലേകളെ....
കട്ടെടുത്തുവെന്‍ ഓര്‍മ്മകളില്‍ ഉറങ്ങുന്ന 
ബാല്യം, കൌമാരം, യൌവ്വനം....
കാലമാം ചിലന്തി കരവിരുതിനാല്‍
മറവിയുടെ മാറാലയ്ക്ക് ഇഴകള്‍ നെയ്യുന്നു..
നാളെകളെന്നെ മാടിവിളിക്കുമ്പോള്‍
ഇന്നലേകളില്‍ ചിലന്തി പിടിമുറുക്കുന്നു...
ചിലന്തിവലകളാല്‍ മതിലുകള്‍ പണിത്
പ്രിയമെഴും ഓര്‍മ്മകളെ എനിക്ക് അന്യമാക്കുന്നു..
പിച്ചവെച്ച തൊടിയും അങ്കണവും
ആദ്യാക്ഷരം പകര്‍ന്നു തന്ന  വിദ്യാലയവും
മുത്തശ്ശിതന്‍ സ്നേഹ ചെല്ലവും
പൂക്കളാല്‍ അനുഗ്രഹവര്‍ഷമേകിയ
ഇലഞ്ഞിമരവും മുല്ലവള്ളിയും
തെക്കേതൊടിയിലെ ചക്കരമാവും
വക്ക്പൊട്ടിയൊരാ സ്ലേറ്റും
അക്ഷരങ്ങള്‍ പാതിമാഞ്ഞ പുസ്തകവും..
എന്‍ ആദ്യാനുരാഗവും കൂട്ടുകാരും
പൂക്കളാല്‍ പ്രണയകാവ്യം രചിക്കും ഗുല്‍മോഹറും
ചിലന്തിവലകള്‍  വലയം ചെയ്യുന്നു...
ഓര്‍മ്മകളെ എന്നില്‍ നിന്നടര്‍ത്തി മാറ്റി
മാറാലയുടെ മൂടുപടമണിയിക്കുന്നു കാലം...
ഇന്നലേകള്‍ കൂട്ടിനില്ലാതെ ശൂന്യമനവുമായ്
നാളെയിലേക്കുള്ള യാത്രയിലാണ് ഞാന്‍...
ഞാന്‍ നടന്നുവന്ന വഴികളെല്ലാം മാറാല മൂടുമ്പോള്‍
കാണുന്നുവെന്‍ അകതാരിലാ ദൃശ്യം
ഒരിക്കലീ കാലമാം ചിലന്തി എന്നെയും
മറവിയുടെ മാറലയാല്‍ അലങ്കരിക്കും ദിനം..!!