വെളുത്തുസുന്ദരിയായ അവളെ കാണാത്തദിവസങ്ങള്‍ എനിക്ക് നഷ്ട പ്രതീതിയാണ്.. ഓരോ യാത്രകളിലുംഅവളെന്നെ ചിരിച്ച് തലയാട്ടി യാത്രയാക്കുമ്പോള്‍, എത്രവൈകിയുള്ള തിരിച്ചുവരവുകളിലും പരിഭവമില്ലാതെ സ്ന്തോഷത്തോടെ സ്വീകരിക്കുമ്പോള്‍, മനസ്സ് നിറയും.. വര്‍ണ്ണിക്കാനാവത്തൊരു അഴകാണവള്‍ക്ക്, കണ്ണെടുക്കാന്‍ തോന്നാത്ത സൌന്ദര്യം..!! വെണ്മേഘങ്ങളെ വെല്ലും വെളുപ്പിനേക്കാള്‍ അവള് പുലര്‍ത്തുന്ന ലാളിത്യമാണെന്നെ കൂടുതലാകര്‍ഷിച്ചത്. ഞാനവളെ കാണാന്‍ തുടങ്ങിയിട്ട് ഒരു മാസമാവുന്നതേയുള്ളൂ.അന്ന് ഒരു കുഞ്ഞായിരുന്നു, വല്ലാത്തൊരു ഭംഗി അന്നുമവള്‍ക്ക് സ്വന്തമായിരുന്നു. ഒരോദിവസം കാണുമ്പോഴും അവള്‍ വളരുകയായിരുന്നു; വളരുംന്തോറും അവളുടെ ഭംഗിയും!
മതിലരികില്‍ നിന്നിരുന്ന നീണ്ടുമെലിഞ്ഞ ചില്ലകളുള്ള ചെടി ഞങ്ങളുടെ ഇണക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും പായേരം പറച്ചിലുകള്‍ക്കുമെല്ലാം മൂകസാക്ഷിയായി.. ഇങ്ങിനെയൊരു ചെടി അവിടെ ഞാന്‍ ശ്രദ്ധിച്ചതുതന്നെ അവള്‍ വന്നതിനുശേഷമാണെന്നത് അത്ഭുതം.. ഇലകളില്ലാതെ ഉണങ്ങിയതിനു തുല്ല്യം നിന്നതുകൊണ്ടാവാം ഇത്ര അടുത്തുണ്ടായിട്ടും കാണാതെപോയത്. പിന്നീടാ ചെടിയുടെ താഴെ ഇത്തിരിനേരം എനിക്കേറെ പ്രിയപ്പെട്ടവളുമായി സല്ലപിക്കാന്‍ ചെന്നിരിക്കാത്ത പ്രഭാതപ്രദോഷങ്ങള്‍ വല്ലാത്തൊരു ശൂന്യത നിറച്ചു മനസ്സില്‍, അവള്‍ക്കങ്ങിനെ തോന്നാറുണ്ടോ ആവൊ.. ഒന്നറിയാം, അവള്‍ക്കെന്നേയും ഇഷ്ടമായിരുന്നെന്ന്. വശ്യമായ തലയാട്ടലും അംഗവിക്ഷേപങ്ങളുമെല്ലാം അവളുടെ നിശബ്ദപ്രണയം എന്നെ അനുഭവേദ്യമാക്കാന്‍ പ്രാപ്തമായിരുന്നു. ചില ഇഷ്ടങ്ങളും വിചാരങ്ങളും വാക്കുകളില്‍ കൂടി പ്രകടിപ്പിച്ചു മനസ്സിലാക്കുന്നതിനേക്കാള്‍ മാധുര്യം ഹൃദയങ്ങളിലൂടെ കൈമാറുമ്പോഴാണ്..
ഇളംതെന്നലുള്ള സന്ധ്യാസമയങ്ങള്‍ അവള്‍ക്കേറെ പ്രിയപ്പെട്ടതാണ്.. കാറ്റിന്‍റെ താളത്തിനൊത്തെന്നപോലെ അവള്‍ ചിരിച്ചുകൊണ്ടിരിക്കും. തിരക്കുകള്‍ കാരണം കണ്ടുമുട്ടാന്‍ കഴിയാത്തപ്പോഴും അവള്‍ പരിഭവിക്കാറില്ല. എന്നെ മനസ്സിലാക്കുന്ന അവളോടുള്ള പ്രണയമേറിവരികയായിരുന്നു. നഷ്ടപ്പെടരുതെന്ന് മനസ്സാഗ്രഹിച്ചു. ആ തൂവെള്ളമേനിയില്‍ തലോടാന്‍, മൃദുലഭാവങ്ങളുടെ ചാരുത നുകരാന്‍, ചേര്‍ന്നിരുന്ന് അവളിലെ സൌരഭ്യം നുകരാന്‍ വല്ലാതെ കൊതി. അവളുമിതൊക്കെ ആഗ്രഹിക്കുന്നുണ്ടാവാം. ഇഷ്ടമാണോന്ന് ചോദിച്ചിട്ട് കാര്യമില്ല, പറയാതെ മനസ്സിലാവില്ലേ എന്നെ ചോദ്യഭാവത്തില്‍ അപ്പോഴും ഒരു കുണുങ്ങി ചിരിയാവും മറുപടി..
ഒരവധിദിനം തന്നെ അവളെ സ്വന്തമാക്കാന്‍ ഞാന്‍ തിരഞ്ഞെടുത്തു. തലേദിവസം സന്ധ്യയ്ക്ക് ഞാനതവളോട് പറയുകയും ചെയ്തു. അപ്പോഴും കുണുങ്ങിചിരിച്ചുകൊണ്ടവള്‍ മൌനത്തിന്‍ ചിമിഴിലൊളിച്ചു.. കൂടുതലൊന്നും ഞാനും പ്രതീക്ഷിച്ചിരുന്നില്ല എന്നത് സത്യം . ആ അവധിദിനം ഞാന്‍ പതിവിലും നേരത്തേ എണീറ്റു. പുലര്‍ക്കാലമഞ്ഞിനെ വകഞ്ഞുമാറ്റി തിരക്കിട്ട് അവള്‍ക്കരികിലെത്തി.ഒരു ഇളംത്തെന്നല്‍ അവള്‍ക്ക്ചുറ്റുമപ്പോഴും തത്തിക്കളിക്കുന്നുണ്ടായിരുന്നു ,അവളുമാ കാറ്റിനോട് വല്ലാതെ അലിഞ്ഞതുപോലെ..
പ്രപഞ്ചത്തിലെ മുഴുവന്‍ പ്രണയവും സ്വരുക്കൂട്ടി ഞാനവളെ എന്‍റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. പക്ഷേ, പലതവണ വിളിച്ചിട്ടും അവളിറങ്ങിവന്നില്ല, ഇളംകാറ്റില്‍ കുണുങ്ങി ചിരിക്കുന്ന അവളെന്നെ കളിയാക്കുന്നതായി തോന്നി. ഈ അവഗണന സഹിക്കാനാവുന്നില്ല,, വല്ലാതെ ദേഷ്യം വന്നു. എന്തുത്യാഗം സഹിച്ചും അവളെ സ്വന്തമാക്കാന്‍ മനസ്സുറപ്പിച്ചു. എന്നിട്ടേ ഇനിയൊരു തിരിച്ചുപോക്കുള്ളൂ. എനിക്കവളത്രയും പ്രിയപ്പെട്ടവളാണ്..
എത്രനീട്ടി കൈകളുയര്‍ത്തിയിട്ടും എനിക്കവളിലേക്കെത്താനാവത്ത വിധം ഉയരത്തിലാണവള്‍ നിന്നിരുന്നത്. ഇറങ്ങിവരുവാനൊരു ഭാവവുമവളില്ല. ഒരുപാട് ശ്രമിച്ച് തൊടാന് കഴിയാതെയ് വന്നപ്പോള്‍ ഞാന്‍ തോറ്റുപോവുമോ എന്ന് ഭയന്നു.. ഒടുവില്,, ഒടുവില്‍ അവള്‍ നിന്നിരുന്ന ശിഖിരം ഞാന്‍ ബലമായ് താഴ്ത്തി. പ്രതിരോധിക്കാനെന്നവണ്ണം ആ ചില്ലയിലെ മുള്ളുകള്‍ കൈകളില്‍ ആഞ്ഞുകുത്തി. രക്തം പൊടിയുന്നുണ്ടായിരുന്നെങ്കിലും വേദനയറിഞ്ഞില്ല.. ഞങ്ങളുടെ ഒരുമിക്കലിന്‍റെ രക്തഹാരമായ് ഞാനതിനെ കണ്ടു. അടര്‍ത്തിയെടുക്കാന്‍ ഞാന്‍ കൈകള്‍ നീട്ടിയത് അവളൊട്ടും പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. അവളൊന്ന് പിറകോട്ട് മാറിയതുപോലെ. അവളുടെ തേങ്ങല് പൂക്കളുടെ താഴ്വാരത്തില്‍ ഒരുനിമിഷം അലയടിച്ചുവോ.. വെറുംതോന്ന്ലാവാം. വൃത്തിക്കെട്ടൊരു വാശിയോടെ ഞാനവളെ സ്വന്തമാക്കി. അവളില്‍ നിന്നും ഇറ്റുവീണ തുള്ളികള്‍ ആ ഹൃദയത്തിന്‍റെ കണ്ണുനീര് പോലെ.. ഇതുവരെ വീശിയടിച്ചിരുന്ന കാറ്റും ഈ കാഴ്ച കാണാനാവില്ലെന്ന പോലെ നിശ്ചലമായി.
എന്തിനാണവളെ പറിച്ചെടുത്തതെന്ന ചിന്ത എന്നെ അലട്ടാന്‍ തുടങ്ങി. കണ്ണുനീരൊപ്പി ആശ്വസിപ്പിക്കാന്‍ ഞാനവളെ എന്നോടടുപ്പിച്ചു. ഞെട്ടിപ്പോയി, എന്‍റെ പ്രതീക്ഷകളെക്കെല്ലാമകലെയായിരുന്നു അവള് ; സുഗന്ധമെന്നല്ല ഗന്ധമേ ഇല്ലാത്തവളാണെന്ന തിരിച്ചറിവ് പൊഴിച്ചത് എന്‍റെ സ്വപ്നങ്ങളായിരുന്നു. ആശ്വസിപ്പിക്കാനായി ഞാനവളെ പതുക്കെ തലോടി, അവിടേയും എന്‍റെ ധാരണകള് തോറ്റു; ഒട്ടും മൃദുലമായിരുന്നില്ല അവളുടെ ദലങ്ങള്‍. !!., , പാവം പൂവ്.. പറിച്ചെടുത്തതോടെ നിശ്ചലമായി, പിന്നീടവള്‍ ചിരിച്ചില്ല, എന്നെ നോക്കി തലയാട്ടിയില്ല. മരവിച്ച മനസ്സോടെ എന്‍റെ മേശപ്പുറത്ത് ക്രൂരതയുടെ, സ്വാര്‍ത്ഥതയുടെ അലങ്കാരത്തിനെന്നോണം നിശ്ചലമായ് അവളിരുന്നു.
ദിവസങ്ങള്‍ കഴിയുന്തോറും അവളാകെ വാടി , വെണ്മ നശിച്ചു .. എനിക്കിന്നവളെ കാണുന്നതേ ഇഷ്ടമല്ല. എന്‍റെ മനസ്സിന്‍റെ നരച്ചനിറം അവളിലേക്കും പകര്‍ന്നു കിട്ടിയിരിക്കുന്നു.ഒരു കടലാസ്സു കഷണത്തിന്‍റെ ഭംഗിപോലും അവകാശപ്പെടാനില്ലാതെ എന്‍റെ പ്രിയപ്പെട്ട കടലാസ്പ്പൂവ് അസ്തമിച്ച മനസ്സോടെ, സ്വാര്‍ത്ഥതയുടെ, അന്ധമായ പ്രണയത്തിന്‍റെ , വിവേകമില്ലാത്ത വികാരങ്ങളുടെ ഇരയായ് ഇന്നിന്‍റെ നോക്കുകുത്തിപോലെ എന്‍റെ കണ്മുന്‍പില്‍ .. കണ്ണുകളെത്ര ഇറുക്കിയടച്ചിട്ടും വാതിലുകളെത്ര അമര്‍ത്തിയടച്ചിട്ടും ആ നരച്ച രൂപം എനിക്ക്ചുറ്റും കാഴ്ചകളുടെ ആഴം കൂട്ടുന്നു...