Saturday, January 9, 2016

ഗൃഹാതുരമാണീ ഓര്‍മ്മക്കാലം

പുസ്തകം : ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികള്‍ 
(ഓര്‍മ്മക്കുറിപ്പുകള്‍)
വില : 110 രൂപ 
പ്രസാധകര്‍: ഡി സി ബുക്സ്

ജനിച്ചുവളര്‍ന്ന ഇടങ്ങളോട് ഓരോര്‍ത്തര്‍ക്കുമുണ്ടാവുന്ന ആഭിമുഖ്യവും അഭിനിവേശവും തീര്‍ത്തും വ്യത്യസ്തമാണ്. ആ നഷ്ടപ്പെടലുകള്‍ ചിലരെ വാവിട്ട നിലവിളികളായി ആജിവനാന്തം അലോസരപ്പെടുത്തുമ്പോള്‍ മറ്റുചിലരില്‍ ജീവിതത്തിന്‍റെ തേങ്ങലായി താളപ്പെടുന്നു.  ഒരു വസ്ത്രമുപേക്ഷിക്കുന്ന വ്യഥപോലുമുളവാകാതെ ജനിച്ച വീടുംനാടുമുപേക്ഷിക്കുന്ന പ്രായോഗികമതികളുമുണ്ട്. ശബ്ദങ്ങളില്ലാത്ത വാക്കുപോലെയാണ് ചില കുട്ടിക്കാലങ്ങള്‍.  തലമുറകള്‍ മാറുംതോറും അനുഭവസമ്പത്തിന്‍റെ കുട്ടിക്കാലങ്ങള്‍ ശോഷിച്ചുകൊണ്ടിരിക്കുന്നുവോ, കാലം പുഴയോട് ചെയ്യുന്നതുപോലെ? അതോ അടയാളപ്പെടുത്തലുകളുടെ  സ്മൃതിമാപിനീയന്തരങ്ങളോ!

‘ഇലഞ്ഞിപ്പൂ മണമുള്ള നാട്ടുവഴികള്‍’ പി സുരേന്ദ്രന്‍റെ ഓര്‍മ്മകളുടേയും അനുഭവങ്ങളുടേയും പുസ്തകമാണ്. ഓര്‍മ്മകള്‍ നങ്കൂരമിട്ടിരിക്കുന്നതാവട്ടെ, അധികവും ബാല്യത്തിലും കൗമാരത്തിലും. ആമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്, “നിത്യജീവിതത്തില്‍ മറവികളുടെ കൂടാരമാണു ഞാന്‍. അള്‍ഷിമേഴ്സ് ബാധിച്ചവനെപ്പോലെ ചിലപ്പോള്‍ ഞാന്‍ പെരുമാറാറുണ്ട്.. അതേസമയം എന്‍റെ പ്രൈമറി വിദ്യാഭ്യാസ കാലഘട്ടത്തിലെയും മൈസൂറിലെ എന്‍റെ കൗമാരത്തിന്‍റെ ആദ്യവര്‍ഷങ്ങളെയും എനിക്ക് ഓര്‍ക്കാനാവുന്നുണ്ട്. അന്നത്തെ കാഴ്ചകളും ഗന്ധങ്ങളും സജീവമാണെനിക്ക്. ഭൂതകാലത്തെ നാം എത്രമേല്‍ സ്നേഹിക്കുന്നുവോ  അത്രമേല്‍ ഗൃഹാതുരത്വവും തീവ്രമാവും.”   ഗൃഹാതുരമാണീ വായനയും, ഓര്‍മ്മകളെ  ഇന്നിലേക്ക്  അടര്‍ത്തികൊണ്ടുപോന്നവര്‍ക്ക്.

മറവിയിലേക്ക് ഓടിയൊളിച്ച വളരെ പരിചിതങ്ങളായിരുന്ന ചില വാക്കുകള്‍, കാഴ്ചകള്‍, വസ്തുക്കള്‍, ജീവിതങ്ങള്‍.. എപ്പോഴണവ ഓര്‍മ്മകളില്‍ നിന്നും നിഷ്കാസിതമായത്. എന്നാണതെല്ലാം എന്‍റേതല്ലാതായി തീര്‍ന്നത്. ഈ വായനക്കിടയില്‍ തിരിച്ചുകിട്ടിയപ്പോള്‍ മാത്രം നഷ്ടപ്പെട്ടെന്നറിഞ്ഞവ..
-ഇരുവശവും തഴച്ച് വളര്‍ന്ന പൊന്തക്കാടുകളുടെ രൂക്ഷഗന്ധവും പേറി നില്‍ക്കുന്ന ‘കുണ്ടനെടേഴി’കളിലൂടെ ദിവസമെത്ര തവണ ശ്വാസമടക്കിപിടിച്ച് ഓടിയിരിക്കുന്നു. വേനലിലെ  ഇടവഴികളും, വര്‍ഷത്തിലെ നീര്‍ച്ചാലുകളുമായിരുന്നവ..
-മുവാണ്ടന്‍മാവില്‍ കൂടുകൂട്ടിയ പക്ഷികളുടെ കരച്ചില്‍  കാലന്‍ കോഴിയുടെ ശബ്ദമാണെന്ന് ഭയന്ന്  മരണചിന്തയില്‍ ഉറങ്ങാത്ത രാത്രികള്‍; അന്ന് വ്യാകുലതകളൊളിപ്പിക്കാന്‍ കരുതലിന്‍റെ ഒരു മുത്തശ്ശിമാറുണ്ടായിരുന്നെനിക്ക്..
-തെച്ചിപ്പഴവും  മുള്ളുംപഴവും പുളിങ്കുരു വറുത്തതും ഞാവൽപ്പഴവുമെല്ലാം കൊറിച്ചുനടന്നിരുന്ന കുട്ടിക്കാലം കൂട്ടുകാരോടുത്തുള്ള അലച്ചിലിന്‍റേതായിരുന്നു, അതിരറ്റ  ആഹ്ലാദത്തിന്‍റേയും..
--താളും തകരയും തുമ്പയും എരുക്കും കണ്ണാന്തളിയും  ഉമ്മത്തുമെല്ലാം കുട്ടിക്കാലത്തിന്‍റെ കാടോര്‍മ്മകളാണ്. അവ  ഉപയോഗശൂന്യമായ വാക്കുകള്‍ മാത്രമായത് ഏത് കാലത്തിരിവില്‍ വെച്ചായിരുന്നു ആവോ..
-പാവുട്ടത്തോക്കും പീച്ചാംകുഴലും ഓലപീപ്പിയും മഞ്ചാടിക്കുരുവുമെല്ലാം നഷ്ടപ്പെട്ടതും പൊയ്പ്പോയ ആ കുട്ടിക്കാലത്തിനൊപ്പമാണ്..
ഓര്‍മ്മയുടെ ഇരുട്ടറയില്‍  ഇനിയും  എന്തൊക്കെ, ആരൊക്കെ...ആര്‍ക്കറിയാം.
“മലയാളത്തില്‍ ഇങ്ങനെ എത്രയോ പദങ്ങള്‍ ഉപയോഗശൂന്യമാവുന്നു. പലതും ആളുകള്‍ക്കു വേണ്ടാതാവുമ്പോള്‍ അവയുടെ പേരുകള്‍ നിഘണ്ടുവിന്‍റെ ഏടുകളില്‍നിന്നു പുറത്തുവരാനാവാതെ തേങ്ങിക്കൊണ്ടിരിക്കും. ശബ്ദതാരാവലി തലയ്ക്കു മേല്‍വെച്ച് ഉറങ്ങിയ ദിവസം എത്രയോ വാക്കുകളുടെ മര്‍മ്മരം ഞാന്‍ കേട്ടിട്ടുണ്ട്. മറന്നോ എന്നെ മറന്നോ എന്ന് ആ പദങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. പല വാക്കുകളുടേയും മുഖങ്ങള്‍ എനിക്ക് ഓര്‍ക്കാനേ പറ്റിയില്ല.  എന്നാണു കണ്ടത്? എവിടെവെച്ചാണു കണ്ടത്? ജൈവവൈവിധ്യങ്ങള്‍ അപ്രത്യക്ഷമാവുമ്പോള്‍ അനേകം പദങ്ങളും വിനിമയത്തിലില്ലാതാവും.”

 അവസാനത്തെ ഏടും വായിച്ചുകഴിഞ്ഞപ്പോള്‍ പുസ്തകം മടക്കിവെച്ച് ഒരുനിമിഷം ഞാന്‍  വര്‍ത്തമാനങ്ങളെ പുറത്തുനിര്‍ത്തി ഒന്നാഴത്തില്‍ ഉള്ളിലേക്ക് ശ്വാസമെടുത്തു, ദീര്‍ഘമായി, അങ്ങ് കുട്ടിക്കാലത്തോളം.  മൂക്കിന്‍ത്തുമ്പില്‍ വന്ന് തൊട്ടു  ബാല്യകാലത്തിന്‍റെ മണങ്ങള്‍.   അടുക്കളച്ചൂരുള്ളൊരു വാത്സല്യത്തെ അമ്മേയെന്ന് നീട്ടിവിളിച്ചു മനസ്സ്. തൊടി നിറഞ്ഞ് നിന്നിരുന്ന വൃക്ഷലതാദികള്‍ക്കിടയില്‍ നിന്ന് പാരിജാതവും പച്ചമന്ദാരവും   ഇലഞ്ഞിയും ചെമ്പകവും സുഗന്ധത്തില്‍ പൊതിഞ്ഞൊരു കുട്ടിക്കാലത്തെ കാട്ടികൊതിപ്പിച്ചു. ഏതോ വേനലവധിക്കാലത്തിന്‍റെ പൊള്ളും പകലുകളെ നാട്ടുമാങ്ങയുടെയും കശുമാങ്ങയുടെയും രൂക്ഷഗന്ധത്തില്‍ പൊതിഞ്ഞ് തിരികെ തന്നു ഒരു പടിഞ്ഞാറന്‍ കാറ്റ്.  മാങ്ങാചുന പൊള്ളിയ ചിരിയോര്‍മ്മകളില്‍ ഞാനാ പുസ്തകത്തിലെ വരികള്‍ വീണ്ടും വായിച്ചു. “കൂറ്റന്‍ നാട്ടുമാവുകളുടെ തണലിലായിരുന്നു ഞങ്ങള്‍ മാങ്ങാച്ചാറിന്‍റെ മണം പിടിച്ചു കാറ്റിനായി കാത്തിരുന്നത്. അവിടെ പലതരം നാട്ടുമാവുകള്‍ ഉണ്ടായിരുന്നു. പല രുചികളില്‍ പല ഗന്ധങ്ങളില്‍ മാമ്പഴം പൊഴിയും. നാട്ടുമാങ്ങ മുട്ടിക്കുടിച്ചു മതിവന്നിട്ടില്ല ഒരു കുട്ടിക്കാലത്തിനും.”

ചിതറിത്തെറിച്ച കുറേ അനുഭവ വര്‍ഷങ്ങളെ പെറുക്കിയെടുത്ത് ഓര്‍മ്മകളാക്കി ഈ പുസ്തകത്തില്‍  ചേര്‍ത്ത് വെയ്ക്കുമ്പോള്‍ പി സുരേന്ദ്രനെന്ന എഴുത്തുകാരന്‍റെ വളര്‍ച്ചകൂടി അടയാളപ്പെടുന്നുണ്ടിവിടെ. പാപ്പിനിപ്പാറയിലേയും വട്ടംകുളത്തേയും പിന്നെ പല ഇടത്താവളങ്ങളിലേയും കുട്ടിക്കാലവും ഗ്രാമീണ വായനാശാലയിലേയും  പാരല്‍കോളേജിലേയും വായനയുടെയും എഴുത്തിന്‍റെയും കൗമാരക്കാലവും ഉപ്പും ചോറും തേടിയുള്ള മൈസൂര്‍ ഓര്‍മ്മകളും ജീവിതയാത്രയില്‍ മനസിലിടം നേടിയ ചില വ്യക്തികളും കാഴ്ചകളുമെല്ലാമാണു ഇതില്‍. ഒരു സാധാരണ വായനക്കാരന്‍റെ വായനയെ തൃപ്തിപ്പെടുത്തുന്നൊരു പുസ്തകം.  പി സുരേന്ദ്രനെന്ന എഴുത്തുകാരന്‍റെ പതിവുള്ള സാഹിത്യഭംഗി ഈ പുസ്തകത്തിലാസ്വദിക്കാനായില്ല. ഓര്‍മ്മകളുടെ കുട്ടിക്കാലത്തില്‍ സാഹിത്യത്തിന്‍റെ കൃത്രിമത്വം ഇഴചേര്‍ക്കേണ്ടെന്ന് നിനച്ചിരിക്കാം.
മറവയിലേക്കൊഴുകിപോയൊരു കാലം മനസ്സിലേക്ക് തിരിച്ചൊഴുകുന്നുണ്ട്  ഈ വായനയില്‍.  കത്തുന്ന ഗ്രീഷ്മത്തിലേക്ക് പെയ്തുവീണ ഒരു വേനല്മഴയെ അതനുഭവിപ്പിക്കും; കുളിരില്ല പക്ഷേ നനയാം. പെയ്തൊഴിഞ്ഞുപോയൊരാ മഴക്കാലത്തെ മനസാ പുണര്‍ന്നുകൊണ്ട്..

Thursday, April 9, 2015

മൃതിയുടെ നിശ്ശൂന്യയിടങ്ങള്‍

ഒരു ഉള്‍ക്കിടിലത്തോടെ മാത്രം ഉള്‍ക്കൊള്ളാനാവുന്ന വാക്കാണ് മരണം. അല്ലെന്ന് വാദിക്കുമായിരിക്കാം. ഭയമില്ലെന്ന് നടിക്കുമ്പോഴും മറ്റേതൊരു വാക്കിനേയും സ്വീകരിക്കുന്ന ലാഘവത്തോടെ മൃത്യുവിനെ കേള്‍ക്കുവാന്‍ മനസ്സുകള്‍ മടിക്കുന്നില്ലേ? മരണഭയമെന്ന വികാരത്തെ വിശകലനം ചെയ്യുമ്പോള്‍ തിരിച്ചറിയാനാവും ഭയക്കുന്നത് സ്വയം ഇല്ലാതാവുന്നതിനേക്കാള്‍ ചുറ്റുമുള്ള പ്രിയപ്പെട്ടവരുടെ ദേഹവിയോഗങ്ങളെയാണ്. ഇത്തിരിയോര്‍മ്മകളെ മാത്രം അവശേഷിപ്പിച്ചുകൊണ്ട് മരണം പ്രിയപ്പെട്ടവരെ കൂടെകൊണ്ടുപോവുമ്പോള്‍ അനുഭവിക്കുന്ന നിസ്സഹായത കുടഞ്ഞെറിയുന്നത് കാത്തുവെച്ച ജീവിതവര്‍ണ്ണങ്ങളെയാണ്. പിന്നീടെത്ര ഛായക്കൂട്ടുകള്‍ ഏതൊക്കെയളവില്‍ കോരിയൊഴിച്ചാലും നിറംമങ്ങിപ്പോവുന്ന നാളേകള്‍. പിച്ചവെയ്ക്കാനൊരു വിരല്‍ത്തുമ്പ്, വാത്സല്യം കാത്തുവെച്ചൊരു മാറിടം, കാതോര്‍ത്ത് കിടക്കാനൊരു ഹൃദയതാളം, വാരിയെടുക്കാനൊരു പാല്പുഞ്ചിരി...;നഷ്ടങ്ങള്‍ക്ക് കടുംനിറങ്ങളാണ്!

തൂവെള്ള തുണിയില്‍ പൊതിഞ്ഞുകെട്ടിയ യാത്രാമൊഴിയായിരുന്നു കൊച്ചുന്നാളില്‍ എനിക്ക് മരണം. ഒരുപാടാളുകള്‍ ഒത്തുകൂടി ഒരാളെ വെള്ളപുതപ്പിച്ച്, എങ്ങോട്ടോ എടുത്തുകൊണ്ടുപോയി യാത്രയാക്കുന്നു. അന്ന് ഗള്‍ഫിലേക്കും മറ്റ് വിദൂരദേശങ്ങളിലേക്കും ആളുകളെ യാത്രയാക്കുന്ന ഒരു തോന്നല്‍ മാത്രമായിരുന്നു മനസ്സില്‍. ഒരു മതില്‍ക്കെട്ടിനപ്പുറമെന്നതുപോലെ, കാണാനാവാത്ത ഒരിടത്ത് അവര്‍ ഇതുപോലെ വീടും ജോലിയുമൊക്കെയായി ജീവിക്കുന്നു എന്നൊരു സങ്കൽപ്പം ഓരോ മരണവും എനിക്ക് തന്നുകൊണ്ടിരുന്നു. മരണത്തിനന്ന് വെള്ളപുതച്ച ഒരു അരൂപമായിരുന്നു മനസ്സില്‍. കാലമൊരിക്കല്‍, ഏറ്റവും നല്ല കൂട്ടുകാരിയായിരുന്ന മുത്തശ്ശിയെ മൃത്യുവിനെറിഞ്ഞ് കൊടുത്തപ്പോഴാണ് എന്‍റെ മനസ്സില്‍ ദ്രംഷ്ടകള്‍ നിറഞ്ഞ ഒരു നരച്ചരൂപം മരണത്തിന് കൈവന്നത്. ഇരുട്ടിലേത് നിമിഷവും എന്‍റെ പ്രിയപ്പെട്ടവര്‍ക്കാര്‍ക്ക് നേരേയുമത് ചാടിവീഴാമെന്ന ഒരു ഭയവും. മഴക്കാറ് മൂടിയ സന്ധ്യാസമയങ്ങളില്‍ പതുങ്ങിവന്ന് കോഴിക്കുഞ്ഞുങ്ങളെ കടിച്ചെടുത്ത് പൊന്തക്കാട്ടിലേക്ക് മറയുന്ന കീരിയെ പോലെ. മരണത്തെ കുറിച്ചുള്ള കൊച്ചുമനസ്സിലെ സംശയങ്ങള്‍ അന്നാരും നിവൃത്തിച്ചിരുന്നുമില്ല. മരണമെന്ന വാക്ക്  മൌനികളാക്കിയതാവാം.

വര്ഷങ്ങള്‍ക്കിപ്പുറം, രഞ്ജുവായിരുന്നു മരണത്തെ കുറിച്ച് അത്രയും അഗാധതയില്‍ എന്നോടാദ്യം സംസാരിക്കുന്നത്, ചിന്തിപ്പിക്കുന്നതും. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് ചാപ്പലിലേക്ക് നീണ്ടുകിടക്കുന്ന നിഴലുകള്‍ മൂടിയ വഴിത്താരയില്‍, നിറയെ കായ്ച്ചുകിടക്കുന്ന ലൂപിക്കാമരത്തിന്‍റെ ചുവട്ടില്‍ എന്നിലേക്ക് ചാഞ്ഞിരുന്ന് അവളിത്രയും ആഴത്തില്‍ സംസാരിക്കുമ്പോള്‍, അതുവരെ ചേര്‍ന്നുനടന്ന കൂട്ടുകാരിയുടെ സ്വരത്തില്‍ തളം കെട്ടിക്കിടന്ന പക്വത ഒട്ടൊരു അപരിചിതത്വത്തോടെ കേട്ടിരിക്കുകയായിരുന്നു ഞാന്‍.

അവള്‍ സദാസമയവും കളിചിരികളുമായി കറങ്ങിനടക്കുന്ന ഒരു വായാടിയായിരുന്നു. ആരേയും സങ്കടപ്പെട്ടിരിക്കാനോ പിണങ്ങാനോ അനുവദിക്കില്ല. അതുകൊണ്ടുതന്നെയാണ് തിരൂരിലെ വീട്ടില്‍ നിന്നും തിരികെയെത്താന്‍ അവധിദിവസങ്ങളും കഴിഞ്ഞ് അവളൊരു ദിവസം വൈകിയാല്‍ പോലും ഹോസ്റ്റലും ക്ലാസ്സുമെല്ലാം മൂകമാവുന്നത്. ഞങ്ങള്‍, കൂട്ടുകാരെല്ലാം നഷ്ടപ്പെട്ടവരെപോലെ ചുറ്റിനും തിരയുന്നത്. ജീവിതം ഉരുക്കിയൊഴിച്ച കറുത്തഹാസ്യങ്ങളാലാണ് അവളീ ചിരിപ്പിക്കുന്നതെന്ന തിരിച്ചറിവിന് ഗ്രീഷ്മങ്ങളൊരുപാട് പിന്നേയും വേണ്ടിവന്നു ഞങ്ങള്‍ക്ക്.

അന്ന് രഞ്ജു പറഞ്ഞതുമുഴുവന്‍ മരണത്തെ കുറിച്ചായിരുന്നു. തന്‍റെ ഏഴാം വയസ്സില്‍ അച്ഛനെ തട്ടിപ്പറിച്ചുകൊണ്ടുപോയ മരണം. ആ കൊച്ചുവീട്ടില്‍ അലതല്ലിയിരുന്ന ഒരുപാട് സന്തോഷങ്ങളെ അന്ന് മരണം കൂടെകൊണ്ടുപോയത്, അതുവരെ അവര്‍ സ്വരുക്കൂട്ടിവെച്ച ഇത്തിരി മോഹങ്ങള്‍ അനാഥമായത്.. ഇപ്പോഴും മരണം മണക്കുന്ന ആ വീടിന്‍റെ അകത്തളങ്ങളെ കുറിച്ച്, ഓരോ കോണിലും അച്ഛന്‍റെ ഓര്‍മ്മകളെ പൂജയ്ക്ക് വെച്ചിരിക്കുന്ന അമ്മമനസ്സിനെ കുറിച്ച്.. ഓര്‍മ്മകള്‍ നീറ്റുമ്പോള്‍ കണ്ണുനീരിനാല്‍ കുതിരുന്ന വിശേഷദിവസങ്ങളെ കുറിച്ച്.. അച്ഛനില്ലാതായതോടെ ഇരുട്ടിലേക്ക്പോലും ഒന്നു തറപ്പിച്ചുനോക്കാന്‍ ഭയപ്പെടുന്ന, ചുരുട്ടിവെക്കപ്പെട്ട തന്‍റെ വ്യക്തിത്വത്തെ കുറിച്ച്.. അകതാരിന്നാഴങ്ങളില്‍ നിന്നും അവള്‍ പറഞ്ഞുകൊണ്ടേയിരുന്നപ്പോള്‍ മൃതിയെ ഞാന്‍ ആദ്യമായി കേള്‍ക്കുന്നതുപോലെ. ഒരു ചെറുക്കാറ്റില്‍ ഞങ്ങള്‍ക്കിടയിലേക്ക് അപ്പോള്‍ പൊഴിഞ്ഞ ലൂപിക്കാപഴങ്ങളും മരണം രുചിച്ചിരുന്നു.

പിന്നീട് മരണമെന്ന വാക്കിന്‍റെ പരപ്പ് ഞാന്‍ അറിഞ്ഞുകൊണ്ടേയിരുന്നു.അപ്രതീക്ഷിത പ്രയാണങ്ങളുളവാക്കുന്ന നടുക്കങ്ങളുടെ പ്രകമ്പനം കേട്ടുകൊണ്ടേയിരുന്നു. മരണം ബാക്കിവെച്ചു പോവുന്ന നിശ്ശൂന്യയിടങ്ങളുടെ വ്യാപ്തി ഉറ്റവരുടെ ശിഷ്ടായുസ്സില്‍ വിഭീതിവടുക്കളായി വിണ്ടുപൊള്ളുന്നത് തളര്‍ച്ചയോടെ കണ്ടുനിന്നിട്ടുണ്ട്. ആ ഒഴിഞ്ഞയിടങ്ങളുടെ വിടവ് നികത്താനാവാതെ ജീവിച്ചു ജീവിച്ച് ഒടുവില്‍ ആയുസ്സിനെ തന്നെ ബലിയറ്പ്പിക്കുന്ന ചില ജന്മങ്ങളുടെ മുഖത്തെ ശാന്തത, ജീവിതം പറഞ്ഞുകൊടുത്ത മൃതിഹ്ലാദമായിരിക്കാം; ഉരുകിയുരുകി തീര്‍ക്കേണ്ടിവന്ന ഒരായുസ്സിന്‍റെ ആത്മാവിനായുള്ള കരുതല്‍.

ഒരൊറ്റ ജീവിതത്തെ പകുത്തെടുത്തത്, ഒരേ പുഴയായി ഒഴുകിയത്, വരണ്ട ഭൂമികയില്‍ നനവായ് തീര്‍ന്നത്, പടര്‍ന്ന് കയറാന്‍ ചില്ലയായ് വളര്‍ന്നത്, തണലായി താഴന്നത്..! ഒരു ദേഹാന്തം അനാഥമാക്കുന്നത് പലരെയാണ്. ക്ഷണേനയുള്ള അന്തര്‍ദ്ധാനം രൂപപ്പെടുത്തുന്ന ശൂന്യയിടങ്ങള്‍ അണയിടുന്നത് പല ജീവിതങ്ങള്‍ക്കാണ്. ദ്രുതഗതിയില്‍ സഞ്ചരിക്കുന്ന കാലം പോലും ഈ വീടകങ്ങളെ ഭയക്കുന്നു. അവിടെ പലപ്പോഴും ജീവിതം നിശ്ചലമാകുന്നു. വസന്തത്തിലും പൂക്കാന്‍ മറന്ന ചില മരങ്ങളെപോലെ അവര്‍...

മൃതിക്കപ്പുറമുള്ള ഒരിടത്തെ കുറിച്ച് മനനം ചെയ്യുക അപ്രാപ്യാമാണ് മനുഷ്യന്, സങ്കൽപ്പങ്ങളല്ലാതെ.മരിച്ചുപോയവര്‍ ആഹ്ലാദചിത്തരാണെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. എവിടെയോ വായിച്ചു, മരണം ഒരു ഗാഢനിദ്രയിലെന്നപോലെയാണെന്ന്. ആയിരിക്കട്ടെ, നല്ല നല്ല സ്വപ്നങ്ങളില്‍ അവര്‍ക്കുറങ്ങാനാവട്ടെ. അല്ലലുകളും അലട്ടലുകളുമൊഴിഞ്ഞ് ഒരുനാള്‍ എല്ലാവര്‍ക്കുമൊരിടം. അതൊരു ശുഭപ്രതീക്ഷയേകുന്നു. സര്‍വ്വ നഷ്ടതകളേയും ഏറ്റുവാങ്ങുവാനൊരു അത്താണി. സ്വപ്നങ്ങള്‍ നിഷേധിക്കപ്പെട്ട ഈയിടത്തില്‍നിന്ന് രഞ്ജുവും നേരത്തേ നടന്നകന്നത് അതുകൊണ്ടാവാം. മാരകരോഗത്തിന്‍റെ കൈപ്പിടിച്ച് നടന്നകലുമ്പോഴും ജീവിതത്തെ തോൽപ്പിക്കുന്ന ആ ചിരി അവളില്‍ നിറഞ്ഞിരുന്നു.

നിറഞ്ഞുകായ്ക്കാന്‍ വസന്തങ്ങളെ കാത്തിരുന്ന ആ ലൂപിക്കാമരത്തിന്‍റെ തണലില്‍ ഇന്നും അനേകം വിത്തുകള്‍ മുളപൊട്ടുന്നുണ്ടാവാം, ആര്‍ദ്രമായ ഏതോ കനവിലേക്ക് മിഴികളൂന്നി..

Saturday, October 11, 2014

സ്വപ്നങ്ങളെ തടവിലാക്കിയവര്‍വീടിനകത്തെ ചൂട് അസഹനീയമായൊരു ഉച്ചനേരത്തിലേക്കാണ് സൈന കയറിവന്നത്. പാപമുക്തമാക്കപ്പെടാതെ, പ്രകൃതിയുടെ ശകാരച്ചൂടില്‍ ആ കോണ്‍ക്രീറ്റ് കാട് ഒന്നാകെ പൊള്ളിയടരുന്നുണ്ടായിരുന്നു. ആ വേവിലേക്കാണ് തണുത്ത വെള്ളത്തില്‍ നിന്നെന്നപോലെ, ഉരുകിയൊലിക്കുന്ന ടാര്‍ റോഡിലൂടെ കത്തിവീഴുന്ന ചൂടിനെ വകഞ്ഞുമാറ്റി വിളറിവെളുത്ത മുഖവുമായി സൈന തന്‍റെ കുട്ടികളേയുംകൊണ്ട് ഒട്ടും തിടുക്കപ്പെടാതെ നടന്നു വന്നത്. വികാരങ്ങളേശാത്ത ഇവളുടെ മനസ്സ് പോലെ ശരീരവും മരവിച്ചുവോ എന്നത്ഭുതപ്പെട്ട് നില്‍ക്കേ സൈന ചോദിക്കുന്നു;

“ന്നാള് കാണുന്നേക്കാളും യ്യി ഒന്നൂടെ തടിച്ചോ?!”

ഞങ്ങള്‍ അവസാനം കണ്ടത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നുവെന്ന് ചിരിയോടെ ഓര്‍ത്തു. എന്നിട്ടും കഴിഞ്ഞ ദിവസം കണ്ടതുപോലെ സൈന സംസാരിച്ചു തുടങ്ങുന്നു, പ്രവൃത്തിക്കുന്നു.
അടുക്കളയില്‍ കയറി കരിപുരണ്ട പാത്രങ്ങളെടുത്ത് മുറ്റത്തേക്ക് വെച്ച് ചാരമിട്ട് കഴുകാന്‍ തുടങ്ങിയപ്പോള്‍ തടയാന്‍ തോന്നിയില്ല, ആ ഔപചാരികത അവളെ വേദനിപ്പിക്കുമെന്നറിയാവുന്നതുകൊണ്ട്.

സൈനയുടെ മക്കള്‍ ചാമ്പയുടെ താഴെ വീണുകിടക്കുന്ന പഴങ്ങള്‍ ആര്‍ത്തിയോടെ പെറുക്കിയെടുക്കുന്ന തിരക്കിലാണ്. ഉന്തിയ വയറും മെലിഞ്ഞുണങ്ങിയ ശരീരവുമായി എന്തൊരു കോലമാണ് ഓരോന്നിന്‍റേയും. പഴകിമുഷിഞ്ഞ ഉടുപ്പുകള്‍ നിറയെ ചാമ്പയ്ക്ക ശേഖരിച്ച് അവര്‍ സൈനയ്ക്കരികില്‍ വന്നിരുന്നു.
“ചൂല് ദാ ആ ചായ്പ്പിലിരിക്ക്ണ്, യ്യ്യാ മുറ്റൊന്നടിക്ക് വെക്കം.” മൂത്തവളെ നോക്കി സൈന.

“ഇവരെല്ലാം ഏതു ക്ലാസ്സുകളിലാണ് പഠിക്കുന്നത്?”

“ഓരെയൊന്നും പഠിക്കാനയക്ക്ണില്ല. പെണ്‍കുട്ട്യേളല്ലേ..” അതുപറയുമ്പോള്‍ സൈനയുടെ ഒട്ടിയ മുഖത്തെ ഉന്തിനില്‍ക്കുന്ന മുന്‍പല്ലുകള്‍ പതിവിലും കൂടുതല്‍ പുറത്തേക്ക് തള്ളിയതുപോലെ തോന്നി . അടിച്ചമര്‍ത്തിവെച്ചിരിക്കുന്ന മനസ്സിലെ പ്രതിഷേധങ്ങളില്‍ വേരുകളൂന്നിയാവുമോ ഈ പല്ലുകളിങ്ങനെ പുറത്തേക്ക് വളരുന്നത്! പണ്ട് സൈനയുടെ പല്ലുകളിങ്ങനെയായിരുന്നില്ല.

പഠിക്കാന്‍ മിടുക്കിയായിരുന്നു സൈന. ജീവിതം തകര്‍ന്നുതരിപ്പണമാക്കുംവിധം പഠിച്ചവള്‍! മീന്കാരന്‍ അലവിക്കായുടെ ഒന്‍പത് പെണ്മക്കളില്‍ ഒരുവളാണെന്നത് ഓര്‍ക്കാതെ, ദാരിദ്ര്യത്തിന്‍റെ ആ ചെറ്റക്കുടിലില്‍ അന്തിയുറങ്ങുന്നവളുടെ വിധികളെ മാനിക്കാതെ പഠിച്ചവള്‍, നല്ല ജോലിയും വലിയ വീടും മികച്ച ജീവിതവും സ്വപ്നംകണ്ടവള്‍. അവസാനം..

ഓരോ പരീക്ഷകളിലേയും ഉന്നതവിജയം അവളുടെ കണ്ണുകളിലെ സ്വപ്നത്തിളക്കം കൂട്ടുന്നത് കൌതുകത്തോടെ നോക്കിയിരിക്കാന്‍ എനിക്കിഷ്ടമായിരുന്നു. അവളോ, വാതോരാതെ തന്‍റെ സ്വപ്നങ്ങളെന്നോട് പങ്കുവെയ്ക്കുമായിരുന്നു. സ്വപ്നങ്ങള്‍ക്കിത്രയും അഴകുണ്ടെന്ന് ഞാനറിഞ്ഞത് സൈന കണ്ട സ്വപ്നങ്ങളിലൂടെയായിരുന്നു. പക്ഷേ സ്വപ്നങ്ങളെ ചിതയൊരുക്കി ദഹിപ്പിക്കുന്നതെങ്ങനെയെന്നും അവളവസാനം കാണിച്ചുതന്നു.

എട്ടാം ക്ലാസ്സിലെ വേനലവധിക്ക് വിരുന്ന് പോയി കുറേ ദിവസങ്ങള്‍ നിന്ന് തിരികെയെത്തിയപ്പോഴാണ് സൈനയുടെ കല്ല്യാണമായിരുന്നെന്നും തമിഴ്നാട്ടിലെ ഏതോ കുഗ്രാമത്തിലേക്ക് പോയെന്നുമെല്ലാം അറിഞ്ഞത്. ദേഷ്യമാണവളോട് തോന്നിയത്; സ്വപ്നങ്ങളെന്ന പേരില്‍ പലതും പറഞ്ഞെന്നെ പറ്റിച്ചതിന്. ക്ലാസ്സ് മുറികളിലും ഒഴിവുദിനങ്ങളിലും എന്നെ അനാഥയാക്കിയതിന്.

സൈനയ്ക്കു താഴെ നാല് പെണ്മക്കള്‍ കൂടിയുള്ള അലവിക്കായുടെ നിസ്സഹായതയും സൈനയുടെ എതിര്‍പ്പും പഠിക്കണമെന്ന വാശിയും കരച്ചിലും അപേക്ഷകളും എല്ലാമെല്ലാം പിന്നീടാണ് പലരിലൂടെ കേട്ടറിഞ്ഞത്. ഒടുവില്‍ അറവുമാടിനെപോലെ അന്യദേശത്തേക്ക് അതുവരെ അറിയാത്ത ഒരാളുടെ കൂടെ ഇറങ്ങിപോയ സൈനയെ കുറിച്ചുള്ള വിവരണങ്ങള്‍ പലരാത്രികളേയും വേട്ടയാടിക്കൊണ്ടിരുന്നു.

മൂന്നോ നാലോ വര്‍ഷങ്ങളുടെ ഇടവേളകളില്‍ പിന്നീടവളെ കാണുമ്പോഴെല്ലാം മുഖത്ത് ഈ വിരക്തിയുടെ മുഖാവരണവുമുണ്ടായിരുന്നു.കാലം അതിന്റെ കനം കൂട്ടിയതേയുള്ളൂ. പല്ലുകള്‍ കൂടുതല്‍ കൂടുതല്‍ പുറത്തേക്ക് വളര്‍ന്നുകൊണ്ടിരുന്നു. കണ്ണുകള്‍ കുഴികളിലാണ്ടാണ്ടു പോയി..

“-പഠിച്ചോര്‍ക്കേ വേദനിക്ക്ള്ളൂ. സകലതും ചോദ്യം ചെയ്യാന്‍ തോന്നൂ.
-ഇതിപ്പോ ഒന്നൊറിയാത്തോര്‍ക്ക് എന്തായാലെന്താ. എല്ലാരും പറേണതും കാട്ട്ണതുംന്നെ ശരി.
-അതോണ്ടന്നെ ഒന്നിനേം ഞാന്‍ സ്കൂളീലയച്ചില്ല.
-പുസ്തകം കണ്ടാ ന്റെ മക്കള്‍ പഠിക്കാതിരിക്കില്ല. സ്വപ്നം കാണാണ്ടേമിരിക്കില്ല.
-നിക്ക് വയ്യടീ ന്‍റെ മക്കളുടെ നെഞ്ച് പൊളിച്ച് അവരുടെ കിനാവുകള്‍ക്ക് ഖബറ് തോണ്ടാന്‍.” സൈന പറഞ്ഞുകൊണ്ടിരുന്നു.

ചരിത്രത്തിന്‍റെ ആവര്‍ത്തനം പോലെ സൈനയ്ക്കും ആറ് പെണ്മക്കള്‍! പക്ഷേ ഇത്തവണ വിധിയെ തോല്പിക്കാനുള്ള വാശിയിലാണവള്‍. സ്വപ്നങ്ങളെ അടുപ്പിക്കാതെ തടവറയിലാക്കിയ മക്കളുടെ ജീവിതങ്ങള്‍ക്ക് കാവലിരിക്കുന്നു. ഇനിയൊരിക്കല്‍ തല്ലിക്കെടുത്താന്‍ വിധിക്ക് ഒരവസരമേകാതെ വര്‍ണ്ണങ്ങളില്ലാത്തലോകത്ത് മക്കളെ തളച്ചിട്ടിരിക്കുന്നു.

“അനക്കോര്‍മ്മണ്ടാ, സിസിലിടീച്ചര്‍ എപ്പ്ഴും പറയും നന്നായി പഠിക്കണം, പഠിച്ചവരുടെ മുഖം ഏതാള്‍ക്കൂട്ടത്തിലും തിളങ്ങി നില്‍ക്കും ന്ന്. എല്ലാം വെറുതെയാ. ഞങ്ങളെ പോലുള്ളോര് പഠിച്ചാ തീക്കനിലിന്‍റെ ചൂടില്‍ അകം വെന്തുകൊണ്ടിരിക്കാ ചെയ്യാ. ഒരു കാലത്തിനും അതൊന്ന് ഊതികെടുത്താന്‍ പറ്റില്ല. കനലെരിയും മനം എന്നൊക്കെ പണ്ടേതോ കവിതയില്‍ പഠിച്ചതോര്‍മ്മണ്ടാ? അതുപോലെ വെന്ത് വെന്ത്, എന്നാലൊന്ന് കരിഞ്ഞ് ഇല്ലാതാവാന്‍ പോലും സമ്മതിക്കാതെ...”

വീര്‍ത്ത വയറും താങ്ങി ആയാസപ്പെട്ട് സൈന പാത്രങ്ങള്‍ കഴുകിയെണീറ്റു.
“ആറാം മാസായിട്ടേള്ളൂ. അപ്പളേക്കും തീരെ വയ്യാണ്ടായി നിയ്ക്ക്.”
“ഇതുംകൂടി പെണ്ണാണെങ്കില് ഞങ്ങള്‍ടെ ചെറ്റപുരേല്‍ക്ക് പുതിയൊരു മണവാട്ടി കൂടിവരും. ന്റെ മാപ്ലേടെ രണ്ടാംബീവ്യായിട്ട്. ആങ്കുട്ട്യേ പെറാന്‍!” പല്ലുകള്‍ പുറത്തേക്കുന്തി സൈന ചിരിക്കുന്നത് നോക്കി നില്‍ക്കാനാവുന്നില്ല.

“ആ കൊട്ടാരത്തില്‍ വര്‍ണോള്‍ക്ക് കൂടി ഇനിയെവിടെ പായ വിരിക്കൂന്നാ ഞാനാലോയിക്ക്ണത്.. ആകെ രണ്ട് അകാണ് പെരക്കുള്ളില്. ഒന്നില്‍ ഞങ്ങള്‍ മൂന്ന് ആണ്മക്കളുടെ പെണ്ണുങ്ങളും കുട്ട്യേളും വാപ്പേം ഉമ്മേം കൂടി കിടക്കും. ആണുങ്ങളെല്ലാരും മുറ്റത്ത് കയര്‍ കട്ടിലിലും. തുണിയും പായയും കൊണ്ട് കെട്ടിമറച്ചുണ്ടാക്കിയ മറ്റേ മുറിയില്‍ ഊഴമനുസരിച്ച് ഞങ്ങള്‍ ഓരോ കുടുംബം ഓരോ രാത്രി കഴിയും. അതില്‍ക്കാണിനി പുതിയൊരു പെണ്ണുകൂടി.” തല താഴ്ത്തിയിരുന്ന് ഭക്ഷണം കഴിക്കുന്ന സൈനയുടെ മുഖം കാണാതിരുന്നതില്‍ ആശ്വാസം തോന്നി.

“ ഞാന്‍ ഭാഗ്യള്ളോളാന്നാ ആ കോളനിക്കാര്‍ മുഴോന്‍ പറേണത്. കള്ള് കുടിച്ച് വന്ന് തല്ലാത്ത, ആ വലിയ കൂട്ടു കുടുംബത്തെ മുഴോന്‍ നയിച്ചുണ്ടാക്കി പോറ്റുന്നോന്‍റെ ബീവ്യല്ലേന്ന്.. ഉടുമുണ്ട് മുറുക്ക്യെടുത്തെടുത്ത് അടയാളം വീണ പട്ടിണിവയറുകളുടെ ഭാഗ്യം അന്നാട്ടുകാര്‍ക്ക് പുത്തരിയല്ല.”

"അനന്തരാവകാശിക്ക് വേണ്ട്യാത്രെ ഒരു ആങ്കുട്ടി. നാലു കുടുംബങ്ങള്‍ പാര്‍ക്കണ ഞങ്ങള്‍ടെ ചെറ്റപ്പെര തന്നെ പുറമ്പോക്കിലാണ് കെട്ടിണ്ടാക്കീട്ട്ള്ളത്. അനന്തരവാകാശം!”

സൈനയുടെ കൂടുതല്‍ വിശേഷങ്ങള്‍ കേള്‍ക്കാന്‍ അശക്തയായി ഞാനിരിക്കവേ, അവളും മക്കളും വെയിലിലേക്കിറങ്ങി യാത്ര ചോദിച്ചു. കരുതിവെച്ചിരുന്ന പൈസ സൈനയുടെ കൈകളില്‍ വെച്ചുകൊടുക്കുമ്പോള്‍ എന്‍റെ കൈകളില്‍ മുറുകെ പിടിച്ച് അവളാശ്വസിപ്പിച്ചു;

"യ്യി വ്യസിനിക്കണ്ടാ. ഇതൊക്കെ നിക്ക് ശീലായി. ഇനി ന്‍റെ മക്കള്‍ക്കും അവരുടെ മക്കള്‍ക്കുമെല്ലാം വിധി ഇതന്ന്യാ. ഇല്ല്യാത്തോന്‍റെ കുടുംബത്തില്‍ പെണ്ണായി പിറക്കണേലും നല്ലത് കന്നുകാലി ജന്മാണ്. വല്ലോനും പിടിച്ചുകെട്ടി അറ്ക്കണവരല്ലേ അനുഭവിക്കേണ്ടൂ.ഇതുപോലെ മൂക്കുകയറില്‍ ജന്മം മുഴുവന്‍ അവറ്റോള്‍ക്ക് നരകിക്കേണ്ടല്ലോ.”

പൊന്തിയ പല്ലുകളെ ചുണ്ടുകള്‍കൊണ്ട് മൂടിവെയ്ക്കാന്‍ വ്യഥാശ്രമിച്ച് നിസ്സംഗതയുടെ മൂടുപടം മുഖത്തേക്ക് വലച്ചിട്ട് സൈന മക്കളേയും കൂട്ടി പടിയിറങ്ങി.അവര്‍ എരിയിച്ചുവെച്ച ഈ നെരിപ്പോടിലേക്കിനി എത്ര ദിവസങ്ങളെ കോരിയൊഴിക്കേണ്ടി വരുമോ ആവോ ഒന്നണയാന്‍...

Sunday, April 13, 2014

മൂഢവിശ്വാസങ്ങളുടെ പെണ്‍വിലാപങ്ങള്‍

മലയാളനാട് ഓണ്‍ലൈന്‍ വാരികയില്‍ പ്രസിദ്ധീകരിച്ചത്..


പുസ്തകം : ദേവദാസിത്തെരുവുകളിലൂടെ 
(യാത്രാവിവരണം)
വില : 65രൂപ 
പ്രസാധകര്‍: ഗ്രീന്‍ ബുക്ക്സ്

ശ്രീ പി സുരേന്ദ്രനെഴുതിയ യാത്രാവിവരണമാണ് ‘ദേവദാസിത്തെരുവുകളിലൂടെ’. ഡക്കാനിലെ ദേവദാസി സ്ത്രീകളുടെ ജീവിതമാണ് ഇതിലെ മുഖ്യപ്രമേയം.അധീശത്വത്തിന്‍റെ കരാളതാണ്ഡവം ചവിട്ടിമെതിച്ച നിസ്സഹായതയുടെ തേങ്ങലാണ് ഈ പുസ്തകമെന്ന് ഒറ്റവരിയില്‍ വിശേഷിപ്പിക്കാം.

ആധിപത്യങ്ങളുടെ അകക്കാമ്പ് എത്രമാത്രം ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധപൂരിതമാണെന്ന് ഈ പുസ്തകം അനുഭവിപ്പിക്കും. അത് മതത്തെ, വിശ്വാസങ്ങളെ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതും നിസ്സഹായരായ ഒരു ജനവിഭാഗത്തെ മേലാളന്മാരുടെ അടങ്ങിക്കിടക്കാത്ത വികാരശമനത്തിനായി എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നതും ദേവദാസികളുടെ ദുരിതപൂര്‍ണ്ണത വിവരിക്കുന്ന ഈ വരികളിലുണ്ട്.

മേല്‍ക്കോയ്മ സ്ഥാപിക്കുന്നത് എന്തുമാവട്ടെ,
​ശക്തിയോ ബുദ്ധിയോ, വര്‍ണ്ണവര്‍ഗ്ഗ വേര്‍തിരിവുകളോ, ജാതീയചിന്തകളോ, ദേശ-ഭാഷാ വ്യത്യാസങ്ങളോ അങ്ങനെയെന്തും; അവയില്‍ നിന്നും നിഷ്കരുണം ആഴ്ന്നിറങ്ങും ചില കൂര്‍ത്ത മുനകള്‍. അവയുടെ തീറ്റ കീഴാളരുടെ കണ്ണുനീരും വേദനയുമാണ്. ക്രൂശിതരുടെ യാതനകള്‍ ഭക്ഷിപ്പിച്ച് കാലം വളര്‍ത്തിക്കൊണ്ടുവരുന്നവ നാള്‍ക്കുനാള്‍ ശക്തിപ്രാപിക്കുന്നതും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നതും സ്വാഭാവികം. ഉണ്ടിരിക്കുന്ന നായയ്ക്കാണല്ലോ ഓരിയിടാന്‍ തോന്നുക.

സര്‍ക്കാര്‍ നിരോധിച്ചതെങ്കിലും ഭാരതത്തിന്‍റെ വിവിധ ഗ്രാമപ്രദേശങ്ങളില്‍, പ്രത്യേകിച്ച് കര്‍ണാടക, ആന്ധ്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഹീനമായ ദേവദാസി സമ്പ്രദായത്തിന്‍റെ നേരറിവുകളാണ് ലേഖകന്‍ തന്‍റെ യാത്രകളെ സാക്ഷിനിര്‍ത്തി ഇവിടെ വിവരിക്കുന്നത്. ദൈന്യം നിറഞ്ഞ കാമപ്പേക്കൂത്തുകളുടെ ആഖ്യാനം മാത്രമല്ല; ഗോവയുടെ, ഡക്കാന്‍റെ ചരിത്രവും ഭൂപ്രകൃതിയും ദന്‍ഗര്‍ എന്ന ആട്ടിടയന്മാരുടെ ഗോത്രജീവിതവും സഞ്ചാരപഥങ്ങളും സാമൂഹികജീവിതവുമെല്ലാം നമുക്കീ പുസ്തകത്തില്‍ വായിക്കാം.സംഗീതം,​ നൃത്തം,​ ചിത്രമെഴുത്ത് തുടങ്ങി വിവിധ കലാരൂപങ്ങളുടെ നിപുണതയിലൂടെ ബഹുമാന്യരായ ഒരു ചരിത്രം ദേവദാസികള്‍ക്കുണ്ടായിരുന്നു. പ്രശസ്തരായ പലരും ഇന്നും ദേവദാസി വിഭാഗത്തില്‍നിന്ന് നമുക്കിടയിലുണ്ട്. പക്ഷേ,​ കാലം ഈ വിഭാഗത്തെ ചുരുക്കിച്ചുരുക്കി വെറുംലൈംഗികോപകരണങ്ങള്‍ മാത്രമാക്കി മാറ്റുകയായിരുന്നു. ദൈന്യം നിറഞ്ഞ ഗ്രാമാന്തരീക്ഷങ്ങളില്‍ ഉന്നതരുടെകാമവെറികൾക്ക് ഇരയാവാൻ വിധിക്കപ്പെട്ടവര്‍. ലേഖകന്‍ പറയുന്നു, “ഉയര്‍ന്ന ജാതിക്കാരായ ഭൂവുടമകളുടെ കാമത്തിന് ഇരയായി വിലാപങ്ങളുടെ കുടിലുകളില്‍ ജീവിക്കുന്ന ദളിത് സ്ത്രീകളാണ് ഇന്നത്തെ ഡക്കാന്‍ ദേവദാസികള്‍.”

പുരുഷകേന്ദ്രീകൃതമായ സാമൂഹികവ്യവസ്ഥയുടെ ഇരകളാണ് ഈ ദേവദാസികളില്‍ മഹാഭൂരിപക്ഷവും. അവന്‍റെ സുഖത്തിനുവേണ്ടി അവനുണ്ടാക്കിയ നിയമങ്ങളില്‍, അവന്‍ എഴുതിച്ചേര്‍ത്ത മതാചാരങ്ങളില്‍, അവന്‍ മെനഞ്ഞുണ്ടാക്കിയ അന്ധവിശ്വാസങ്ങളില്‍ തളച്ചിടപ്പെട്ട സ്ത്രീകള്‍. സ്ത്രീകളെന്ന വിഭാഗത്തില്‍ പൂര്‍ണ്ണമാവുന്നില്ല ദാംഭികന്‍റെ കുടിലാസക്തി. അവന്‍ കീഴാളരായ ചില പുരുഷ പ്രജകളിലേയ്ക്കുകൂടി ലമ്പടദംഷ്ട്രകള്‍ നീട്ടുന്നു. വിലാപങ്ങളുടെ ശവശരീരങ്ങള്‍ക്കുമേല്‍ കോരിയൊഴിക്കപ്പെട്ട ആസക്തികള്‍ക്ക് പ്രായപരിഗണനകള്‍ പോലുമില്ലായിരുന്നു. വിശ്വാസത്തിന്‍റെ തിരശ്ശീലയിട്ട് അന്ത:പുരങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടത് കേവലം പത്തുവയസ്സ് പോലും തികയാത്ത പെണ്‍കുരുന്നുകളാണ്.

രതിയെ ആദര്‍ശവത്ക്കരിച്ച് മതാത്മകമായി ഉപയോഗിക്കുന്നത് ഭാരതത്തില്‍ മാത്രമായിരുന്നില്ല, ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ മണ്ണിനും ദൈവങ്ങള്‍ക്കും പ്രകൃതിക്കും വേണ്ടി വൈകൃതമായി തന്നെ രതിയ്ക്ക് മതാവരണം നല്‍കിയിരുന്നു. നിര്‍മ്മിച്ചവന്‍റെ, നിയന്ത്രിക്കുന്നവന്‍റെ താല്പര്യാനുസരണം ആചാരതീവ്രതകളില്‍ ഏറ്റക്കുറച്ചിലുണ്ടായി.

യെല്ലമ്മയാണ് ദേവദാസികളുടെ കുലദേവത,​ ഹരിജനസമുദായത്തിന്റേയും എന്നും പറയാം. അതിന്‍റെ രസകരമായ ഐതീഹ്യവും പുരാണവുമെല്ലാം ലേഖകന്‍ വിവരിക്കുന്നുണ്ട്. ഐശ്വര്യം കാംക്ഷിച്ച് വീട്ടുകാര്‍ യെല്ലമ്മയ്ക്ക് സമര്‍പ്പിക്കുന്ന മനുഷ്യജന്മങ്ങളാണ് ദേവദാസികളാവാന്‍ വിധിക്കപ്പെട്ടവര്‍. ചില ആണ്‍കുരുന്നുകളും ഇങ്ങനെ ദേവീസമക്ഷം അര്‍പ്പിക്കപ്പെടുന്നു. ദേവപ്രീതിക്കുവേണ്ടിയുള്ള മൃഗബലിപോലെ. വ്യത്യാസം ഒന്ന് മാത്രം; മൃഗബലിയില്‍ ജീവനില്ലാത്ത മൃഗയിറച്ചി ഭുജിക്കുമ്പോള്‍ ഇവിടെ പ്രാണനോടെ പിടയ്ക്കുന്ന മനുഷ്യമാംസം പച്ചക്ക് തിന്നുന്നു!

“യെല്ലമ്മയ്ക്ക് സമര്‍പ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുമ്പോള്‍ അവളെ ആദ്യമായി പ്രാപിക്കാനുള്ള അവകാശം പുരോഹിതന്മാര്‍ക്കാണ്.  പണ്ടുകാലത്ത് ജന്മിമാര്‍ക്ക് വഴങ്ങി ജീവിച്ചിരുന്നവരാണ് പൂജാരിമാരും. അതിനാല്‍ ദേവദാസി പെണ്‍കുട്ടികളെ ഒരു പരിക്കുമേല്‍ക്കാത്ത പൂക്കളായി ജന്മിമാര്‍ക്ക് സമര്‍പ്പിച്ചാല്‍ പൂജാരിമാര്‍ക്കും ഗുണങ്ങളുണ്ട്.”

ക്ഷേത്രവേശ്യകളും വെപ്പാട്ടികളും മാത്രമല്ല അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളും നരകസമാനമായ ജീവിതം നയിക്കേണ്ടവരാണ് എന്നതാണ് ആചാരം. വളരെ ചെറുപ്പത്തിലേ കാമകലകള്‍ അവളെ പഠിപ്പിക്കാന്‍ തുടങ്ങും. എന്ന് പറഞ്ഞാല്‍ അവളെ തേടിവരുന്ന പുരുഷന്മാരെ പരമാവധി സന്തോഷിപ്പിക്കാനുള്ള പരിശീലനമുറകള്‍! സ്വന്തം ഭാര്യമാര്‍ക്ക് താനില്ലാത്തനേരത്ത് പരപുരുഷബന്ധം ഇല്ലാതിരിക്കാന്‍ വീടിനകത്ത് ‘ചാരിത്ര്യപ്പട്ട’ ധരിപ്പിച്ചിരുത്തി വെപ്പാട്ടികളെ തേടി പോവുമായിരുന്ന ഭര്‍ത്താക്കന്മാര്‍ പക്ഷേ ഭാരതത്തിന്‍റെ ചരിത്രസമ്പാദ്യമല്ല, പുരാതന പാശ്ചാത്യരാജ്യങ്ങളുടേതാണ്.

വൃദ്ധദേവദാസികള്‍ കരളലിയിപ്പിക്കുന്ന കാഴ്ചയാണെന്ന് എഴുത്തുകാരന്‍ പറയുന്നു. ജീവിതത്തിന്‍റെ നല്ലകാലം വെപ്പാട്ടികളും ഗ്രാമവേശ്യകളുമായി ജീവിച്ചവര്‍ വാര്‍ദ്ധക്യത്തില്‍ കരിമ്പിന്‍ ചണ്ടിപോലെ യെല്ലമ്മക്ഷേത്രങ്ങളുടെ പരിസരത്ത് നട ​തള്ളപ്പെടുന്നു. ഭിക്ഷയാചിച്ച്, വയര്‍
​ ​മുറുക്കിയുടുത്തുള്ള ജീവിതം അവര്‍ക്കെന്നേ പരിചിതമാണ്. വിശന്നൊട്ടിയ സ്വന്തം വയറിനെ അവഗണിച്ച് തേടിവരുന്ന പുരുഷന്മാരുടെ വിശപ്പടക്കി പ്രീതിപ്പെടുത്തുക എന്നതത്രെ പ്രഥമ ദേവദാസീധര്‍മ്മം! ഭക്തിയുടെയും (അന്ധ)വിശ്വാസത്തിന്‍റേയും ഇരകളായിരുന്നിട്ടും ഇത്രയേറെ ദുരിതങ്ങള്‍ അനുഭവിച്ചത് എന്തുകൊണ്ടാണീ ഹ്രസ്വജീവിതത്തിലെന്ന് ചിന്തിക്കാന്‍ പോലും അടിച്ചേൽപ്പിക്കപ്പെട്ട അന്ധവിശ്വാസങ്ങള്‍ അവരെ അധീരരാക്കുന്നു.

ദേവദാസി സമ്പ്രദായം ഒരു സമുദായത്തിന്‍റേയോ മതത്തിന്‍റേയോ ചുമലില്‍ കെട്ടിവെക്കാനാവില്ല. എല്ലാ മതങ്ങളിലും മനുഷ്യനിര്‍മ്മിതമായ ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയുമെല്ലാം ഏറ്റക്കുറച്ചിലോടെ കാമാസക്തരായ പുരുഷന്‍റെ കളിപ്പാട്ടമാവാന്‍ വിധിക്കപ്പെട്ട ദേവദാസീസമൂഹം സൃഷ്ടിക്കപ്പെട്ടിരുന്നു.​ പിന്നീടത് പലഘട്ടങ്ങളിലായി തുടച്ച് നീക്കപ്പെട്ടുവെങ്കിലും ഒളിഞ്ഞും തെളിഞ്ഞും പലയിടത്തും നിലനില്‍ക്കുന്നുമുണ്ട്.
മാറിയ കാലഘട്ടവും സര്‍ക്കാരിന്‍റെ വിലക്കും സാമൂഹിക പരിഷ്കരണവും ബോധവത്ക്കരണവുമെല്ലാം ഇന്ന് ഈ അവസ്ഥകള്‍ക്ക് ഒരുപാട് മാറ്റമേകിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ദേവദാസീസമ്പ്രദായം തീര്‍ത്തും ഇല്ലാതായിരിക്കുന്നു. പക്ഷേ പലയിടങ്ങളിലും ഇന്നും ഈ കെട്ടുകളെ പൂര്‍ണ്ണമായി പൊട്ടിച്ചെറിയാന്‍ അടിയുറച്ചുപോയ മിഥ്യാവിശ്വാസങ്ങള്‍ പലരേയും അനുവദിക്കുന്നില്ല. തീര്‍ത്തും വൃത്തിഹീനമായ,​ ദീനം പിടിച്ച ചേരികളില്‍ എയ്ഡ്സിന്‍റെ നിഴലില്‍ ജീവിക്കുന്ന അനേകം ദേവദാസീ കുടുംബങ്ങള്‍ ഇതിന് ഉദാഹരണമായി ലേഖകന്‍ എടുത്തുകാട്ടുന്നു. ഇവരുടെ പുനരധിവാസവും തൊഴില്ലായ്മയും പല പുനരധിവാസ സംഘടനകളും അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം കൂടിയാണ്.

ഗോവയുടെ സംസ്കാരത്തിലൂടേയും സാമൂഹികചുറ്റുപാടുകളിലൂടേയും പ്രകൃതിയിലൂടെയുമെല്ലാം ലേഖകന്‍ വിശദമായി കടന്നുപോവുന്നുണ്ട്. ഒരു ജനതയുടെ സംസ്കാരം ഉരുത്തിരിഞ്ഞുവരുന്നത് എങ്ങിനെയാണെന്ന് ഗോവന്‍ യാത്രാവിവരണത്തില്‍ വ്യക്തമായി വായിച്ചറിയാം. ദളിത് സമൂഹത്തിലൂടെയും ദന്‍ഗറുകളുടെ ഗ്രാമീണത ഇറ്റുവീഴുന്ന പീഠഭൂമികളിലൂടെയുമെല്ലാമുള്ള യാത്ര പുസ്തകത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത് അതിമനോഹാരിതയോടെയാണ്.

ഇനിയുമുണ്ട് ഏറെ, വിഷയങ്ങളുടെ ആഴക്കൂടുതലാല്‍ പറയാതെ മാറ്റിവെച്ചവ.
​​ഒരുപാട് വേദനിച്ച് പൊള്ളുമ്പോള്‍, ആ നീറ്റലില്‍ വെന്തുരുകാനാണൊ എന്നറിയില്ല, ചില വേദനകളെ നമ്മള്‍ വീണ്ടും ആഗ്രഹിക്കും. അതുപോലെയാണ് ഈ പുസ്തകവായന. ആദ്യപകുതി പൊള്ളിയടര്‍ത്തുന്നുണ്ട് മനസ്സ്. എന്നാലും വീണ്ടും വീണ്ടും വായിക്കാതിരിക്കാനാവുന്നില്ല. ദേവദാസി ജീവിതങ്ങളെ വരികളേകുന്ന അകക്കണ്ണോടെ കാണാതിരിക്കാനാവുന്നില്ല.

പി. സുരേന്ദ്രന്‍റെ ‘ദേവദാസിത്തെരുവുകളിലൂടെ’ എല്ലാവരും വാങ്ങിത്തന്നെ വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ​കാരണം,​ ഈ പുസ്തകത്തിലൂടെ കിട്ടുന്ന വരുമാനം നീക്കിവയ്ക്കപ്പെട്ടിരിക്കുന്നത് ദേവദാസസ്ത്രീകള്‍ക്കുവേണ്ടിയുള്ള പുനരധിവാസ സംഘടനയായ ‘സ്നേഹ’യ്ക്ക് വേണ്ടിയാണ്. നിസ്സാരമെങ്കിലും ഈ തുക ഒരു നിമിഷത്തേക്കെങ്കിലും അവരുടെ സ്വപ്നങ്ങളെ പൊലിപ്പിക്കുമെങ്കില്‍ അതില്‍പ്പരം പുണ്യമുണ്ടോ.

വിദ്യാഭ്യാസവും സാമൂഹികാവബോധവും നല്‍കപ്പെടേണ്ടത് സേവകരുടെ പാദങ്ങളില്‍ ചെളിപുരളാനിടവരാത്ത ഇടങ്ങളിലല്ല. ഇങ്ങനെ അന്ധവിശ്വാസങ്ങള്‍ കട്ടപിടിച്ചുകിടക്കുന്ന അബല സമൂഹങ്ങള്‍ക്കിടയിലാവുമ്പോഴേ അതൊരു കൈത്താങ്ങും ലക്ഷ്യപ്രാപ്തിയും രക്ഷാ മാര്‍ഗ്ഗവുമാവുന്നുള്ളൂ.
​​
​​നാളെ, അന്ധവിശ്വാസങ്ങളാല്‍ തന്‍റെ പേരില്‍ ബലിയര്‍പ്പിക്കപ്പെടുന്ന ഭക്തരുടെ തേങ്ങലുകളില്‍ ഉരുകിത്തീരാതെ ശാന്തയായ് വാഴാന്‍ യെല്ലമ്മാ ദേവിക്കാവട്ടെ.

Friday, March 28, 2014

ഉത്തരാധുനികതയുടെ നാട്ടിന്‍പുറത്തുകാരന്‍

‘പുടവ’ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്..   ഇതോ ഉത്തരാധുനികചെറുകഥയുടെ യുവകഥാകൃത്ത് ! കിടപ്പറസമരം എന്ന കഥാസമാഹാരത്തിലെ ആദ്യ കഥ ‘പൊക്കന്‍’ വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയതിങ്ങനെ. കഥയെഴുത്തില്‍ ഉത്തരാധുനികന്‍ എന്ന വിശേഷണം കണ്ട് വായിക്കാനെടുക്കാതെ തീണ്ടാപ്പാടകലെ നിര്‍ത്തിയതായിരുന്നു പിവി ഷാജികുമാറിന്‍റെ പുസ്തകങ്ങള്‍. അവിടേയുമിവിടേയും തൊടാതെ, കഥാകൃത്തിന്‍റെ മനസ്സിലുള്ള ആശയത്തെ വായനക്കാരന് മനസ്സിലാവരുതെന്ന വാശിയിലെഴുതിയ കഥകളാണ് ഇത്രനാള്‍ ഈ വിശേഷണ മേല്‍വിലാസത്തോടെ ഞാന്‍ വായിച്ചവയിലധികവും. വായനാഭൂരിപക്ഷമാവട്ടെ ഇത്തരം കഥകള്‍ വായിച്ച് മരണാനന്തര സ്ഥിതികളെ കുറിച്ച്പോലുമില്ലാത്തയത്രയും സംശയചോദ്യങ്ങളെ പൊതുക്കിവെച്ച് സ്വന്തമായി ഒരു നിഗമനത്തിലെത്തിയെന്ന് ഭാവിക്കുന്നു, കഥയെ കുറിച്ച് അഭിപ്രായം പറയുന്നു! എനിക്കിത്തരം വായനാ വ്യായാമങ്ങളേക്കാള്‍ വായനാ ആസ്വാദനങ്ങളാണ് പതം.പക്ഷേ ഉത്തരാധുനിക ചെറുകഥകളെന്ന് ഞാന്‍ ധരിച്ച് വശായവയല്ല യഥാര്‍ത്ഥത്തില്‍ അവയെന്ന് തിരുത്തി തരുന്നവയായിരുന്നു ഷാജികുമാറിന്‍റെ കഥകള്‍ . തിരഞ്ഞെടുപ്പിലെ പിഴവാണ് അത്തരംകഥകളില്‍ മാത്രം ഉത്തരാധുനിക മലയാളചെറുകഥയെ തളച്ചിടാന്‍ എന്നെ പ്രേരിപ്പിച്ചത് എന്നത് നേര്.

നാട്ടുമണം ചുവയ്ക്കുന്ന, ഗ്രാമീണത തുടിക്കുന്ന കഥകളാണ് കിടപ്പറസമരമെന്ന കഥാസമാഹാരത്തിലധികവും. അസാമാന്യ ഭാഷാ സൗന്ദര്യം നിങ്ങള്‍ക്കീ പുസ്തകത്തില്‍ അനുഭവ്യമാകും . ഒട്ടും ഔപചാരികതകളില്ലാതെ ഒരു നാട്ടിന്‍പുറത്തുകാരന്‍റെ കൂടെ ഈ കഥാവഴികളിലൂടെ നടക്കാം. പൊടുന്നനെ, ഉത്തരം കിട്ടാത്ത ചില നാഗരിക സമാസങ്ങളുടെ അക്ഷരക്കൂട്ടങ്ങള്‍ക്കിടയില്‍ ചിലരെങ്കിലും കാലിടറി വീഴാനും സാധ്യതയുണ്ട്. പക്ഷേ അവിടേയും മേൽപ്പറഞ്ഞ ഭാഷാസൗന്ദര്യത്തില്‍ വീഴ്ച്ചയുടെ എല്ലാ മുറിപ്പാടുകളും കരിഞ്ഞ് ഇല്ലാതാവും..

ജീവിച്ചിടം കഥാതട്ടകമാക്കി മാറ്റാനുള്ള ഷാജികുമാറിന്‍റെ പാടവം അപാരമാണ്. പിറന്നുവീണ, വളര്‍ന്നുവലുതായ നാടിനോടുള്ള ഒടുങ്ങാത്ത പ്രതിപത്തി, ഓരോ കഥാപാത്രത്തേയും തന്‍റെ നാട്ടില്‍ നിന്നും നുള്ളിയെടുത്ത് കഥാതാളുകള്‍ക്കിടയില്‍ പ്രതിഷ്ഠിക്കാന്‍ , അങ്ങനെ വായനാമനസ്സുകളില്‍ തന്‍റെ നാട്ടോര്‍മ്മകള്‍ക്ക് ചിരഞ്ജീവിത്വമേകാന്‍ ആ കഥാകാരനെ പ്രേരിപ്പിച്ചിരിക്കണം. നാട്ടിന്‍ പുറത്തെ ഈ കഥ പറച്ചിലുകള്‍ക്കിടയിലും കഥാകാരന്‍റെ തൂലിക ഇടക്കിട നാഗരിക ഇടങ്ങളിലേക്ക് എഴുത്തിനെ എടുത്തെറിയുന്നുണ്ട്.

വളരെ ലാഘവത്തോടെ വായിച്ച് പോകാവുന്നവയും വായനയുടെ ആഴങ്ങള്‍ ആവശ്യപ്പെടുന്നവയുമായ കഥകള്‍ ഈ സമാഹാരത്തിലുണ്ട്.അനുഭവങ്ങളുടെ സൂക്ഷ്മനിരീക്ഷണങ്ങളെ ഭാഷയുടെ അലോക്യ ശബളിതയില്‍ കൊരുത്തുണ്ടാക്കിയ ഈ കഥകള്‍ ഷാജികുമാറിനെ, കേട്ട് തഴമ്പിച്ച കഥകളുടെ സാധാരണത്വത്തില്‍ നിന്നും എന്നാല്‍ വ്യത്യസ്തതയ്ക്കുവേണ്ടി പടച്ചുണ്ടാക്കുന്ന കഥകളുടെ അസാധാരണത്വത്തില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നുണ്ട്. കഥ പറച്ചിലിന്‍റെ പുതുമ ഇത്രകണ്ട് ആസ്വദിച്ച് അനുഭവിക്കാവുന്ന കഥകള്‍ ആധുനിക ചെറുകഥകളിലും ഉത്തരാധുനിക ചെറുകഥകളിലും വിരളമാണെന്ന് വായന സാക്ഷ്യപ്പെടുത്തുന്നു. കിടപ്പറസമരമെന്ന ഈ കഥാസമാഹാരത്തിലെ എല്ലാം കഥകള്‍ക്കും ഒരുപോലെ അവകാശപ്പെടാനാവുന്നതാണ് ഈ ആഖ്യാനപുതുമ. വ്യക്തമായ രാഷ്ട്രീയബോധത്തോടെയുള്ള കഥകള്‍ സമകാലിക സമൂഹത്തിന്‍റെ പരിച്ഛേദം കൂടിയാവുന്നുണ്ട്. ഒഴുക്കോടെ, മികച്ച ഭാഷയില്‍, പുതുമയോടെ വായനക്കാരെ പിടിച്ചിരുന്ന ഈ കഥപറച്ചില്‍ കഥാകൃത്തിന്‍റെ മറ്റുപുസ്തകങ്ങളും തേടിപ്പിടിച്ച് വായിക്കാന്‍ പ്രേരിപ്പിക്കും.

പൊക്കന്‍, മരണമുണ്ടാക്കിക്കളിക്കാം, നഗരത്തിലെ മഴ, 18+, സ്വപ്നവേട്ട, കോട്ടച്ചേരി വളവിലെ വാര്‍പ്പിന്‍പണിക്കാരികള്‍ , വിശ്വസിച്ചേ പറ്റൂ, ഉച്ചമഴയിലെ തുമ്പികള്‍, കാലാവസ്ഥ, കളി, ബില്‍ക്ലിന്‍റന്‍റെ അച്ഛന്‍, കിടപ്പറസമരം എന്നീ പന്ത്രണ്ട് കഥകളും എണര് എന്ന പേരിലൊരു അനുബന്ധവുമാണ് ഈ പുസ്തക സമ്പാദ്യം.

‘പൊക്കന്‍’ മാനസികവിഭ്രാന്തിയുള്ള, നിര്‍ത്താതെ നടന്നുകൊണ്ടിരിക്കുന്ന നീളം കുറഞ്ഞ, കറുത്തുമെല്ലിച്ച, വലിയകൂനുള്ള പൊക്കന്റെ കഥയാണ്. പക്ഷേ വായനാന്ത്യം വായനക്കാരന്‍ വിരല്‍ചൂണ്ടപ്പെടുന്നത് തന്‍റെ തന്നെ ഉള്ളകങ്ങളില്‍ ചിലനേരമെങ്കിലും പിടിതരാതെ കുതറിയോടുന്ന ജീവിതത്തിലേക്കാണെന്നത് നേര്.

“പൊരല്ലാലാവുമ്പം(പുലര്‍ച്ചയ്ക്ക് തന്നെ) പൊക്കന്‍ നടത്തം തുടങ്ങും. രാത്രിയാവുമ്പരെ. കുടേം കൈയിലുണ്ടാവും. ഒരക്ഷരം മിണ്ടൂല. ഏട്ത്തേക്കാണ് നടക്കുന്നെന്നറിയില്ല. നടത്തത്തോട് നടത്തം... പ്രാന്തന്നെ.. നട്ടപ്രാന്ത്..”

ചാരുതയാര്‍ന്ന നാട്ടിന്‍പുറ പാശ്ചാത്തലമാണ് ഈ കഥാവായനയെ പിടിച്ചിരുത്തുന്ന മറ്റൊരു ഘടകം.

മരണപ്പെട്ടവന്‍റെ നിസ്സഹായതയും വെപ്രാളചെയ്തികളുമാണ് മരണമുണ്ടാക്കിക്കളിക്കാമെന്ന കഥയുടെ ഇതിവൃത്തം. പക്ഷേ ആ കഥ മനുഷ്യാവസ്ഥയുടെ നൈമിഷികായുസ്സിനെ പൊതിഞ്ഞുവെച്ച ഒന്നാണ്.

“ഉടലില്‍ ചൂട് പൊതിഞ്ഞപ്പോള്‍ ഉറക്കം ഞെട്ടി. ചിതയില്‍ താന്‍ ലോകത്തുനിന്ന് അദൃശ്യപ്പെട്ടിരിക്കുന്നത് ഞെട്ടലോടെ അയാള്‍ തിരിച്ചറിഞ്ഞു.”“തീ അയാളെ ചുറ്റിപ്പിടിച്ചു. ചിതയില്‍ നിന്ന് പുറത്തേക്ക് ചാടി, തീ അയാളുടെ ഉടലിന്‍റെ ചിറകുകളായി, ‘ദാണ്ടെടാ.. തല പുറത്തേക്ക് വീണു. അകത്തേക്ക് കുത്തിയിട്’ ആരോ അങ്ങനെ പറഞ്ഞതും രണ്ടുതടിച്ച മുളക്കഷ്ണങ്ങള്‍ അയാളെ ചിതയിലേക്ക് തള്ളി. അയാളിലെ പ്രതിരോധം വിഫലമായി.”

പൊക്കന്‍ , മരണമുണ്ടാക്കിക്കളിക്കാം, 18+, കോട്ടച്ചേരിവളവിലെ വാര്‍പ്പിന്‍പണിക്കാരികള്‍, കിടപ്പറസമരം എന്നിവയാണ് ആവര്‍ത്തിച്ച് വായിക്കാന്‍ എന്നെ പ്രേരിപ്പിച്ച കഥകള്‍ . ഒന്നോ രണ്ടോ കഥകള്‍ ഒരു ശരാശരി കഥാ നിലവാരത്തില്‍ നിന്ന് ഒട്ടും ഉന്നതിയിലല്ല എന്ന തോന്നലും വായനാനുഭവം. പക്ഷേ അവിടേയും ഭാഷാ നിലാവാരവും ശൈലിയും എടുത്ത് പറയേണ്ടവയാണ്.

അനുബന്ധമായി ചേര്‍ത്തിരിക്കുന്ന ‘എണര്’ എന്ന അനുഭവക്കുറിപ്പ് പരാമര്‍ശിക്കാതെ അപൂര്‍ണ്ണമാണീ ആസ്വാദനം . കഥാകൃത്തിന്‍റെ വ്യക്തിസ്വരൂപവും ചിന്താഗതികളും രാഷ്ട്രീയനിലപാടുകളും ഉറച്ച, വേറിട്ട ശബ്ദവും, കഥാതലങ്ങളുമെല്ലാം ഇവിടെ നേരിട്ടനുഭവിക്കാം, അതിമനോഹരമായ, ഗ്രാമീണത മുറ്റിനില്‍ക്കുന്ന വരികളിലൂടെ.

ഒരു അവതാരികപോലുമില്ലാതെ നേരെ കഥകളിലേക്ക് കൈപ്പിടിച്ചാനയിക്കുന്ന ഈ പുസ്തകത്തിന് മുഴുവനുണ്ട് കഥകാരന്‍റെ അതേ ചങ്കൂറ്റം. കഥകളിലൂടെ പലപ്രദേശങ്ങളിലേക്കും ചിന്തകളിലേക്കും ആസ്വാദനങ്ങളിലേക്കും വായനക്കാരനെ വഴിനടത്തുമ്പോള്‍ ഒരു ഗ്രാമം മൊത്തം കണ്മുന്നില്‍ അക്ഷരങ്ങളായി തെളിയും.. അവസാനം, കഥകളെല്ലാം വായിച്ചവസാനിച്ചാലും ഒരു നാട്ടിന്‍പുറ ഇടവഴിയിലെ കലുങ്കില്‍, നാടന്‍ കാറ്റ് കൊണ്ടിരിക്കുന്ന ഹൃദ്യതയില്‍നിന്നും മുക്തരാവാന്‍ നമ്മള്‍ പിന്നേയും നേരമെടുക്കും.