Saturday, November 30, 2013

മാതായനങ്ങള്‍


പ്രസാധകര്‍ : സൈകതം ബുക്സ് 
വില : 55രൂപ

‘തന്‍റെ വികാരവിചാരങ്ങളെ അടുക്കിവെച്ച് അക്ഷരങ്ങളാല്‍ കെട്ടിത്തുന്നിയ ഒരു സ്ത്രീ ഹൃദയം’ ; മാതായാനങ്ങള്‍ വായിച്ചുമടക്കിയപ്പോള്‍ മനസ്സില്‍ തോന്നിയതിങ്ങനെയാണ്.

സ്നേഹത്തിന്‍റെ, സന്താപത്തിന്‍റെ, സന്തോഷത്തിന്‍റെ, ആകാംക്ഷയുടെ, പ്രതീക്ഷയുടെ,  ഉത്ക്കണ്ഠയുടെ, പ്രണയത്തിന്‍റെ, വിരഹത്തിന്‍റെ  ശ്വാസോച്ഛ്വാസങ്ങള്‍, പതിഞ്ഞ ശബ്ദത്തില്‍ ഈ വായനയിലുടനീളം നമുക്ക് കൂട്ടിരിക്കും. അതുതന്നെയാണല്ലോ മാതൃയാനത്തിന്റെ സമഗ്രതയും. ഒന്നുകൂടി ചൂഴ്ന്ന് വായിച്ചാല്‍ ‘മാതായനങ്ങളില്‍’ മാതൃത്വ പ്രയാണത്തിനുമപ്പുറം ഏത് തിരസ്കൃതിക്ക് മുന്നിലും പതറാതെ , വറ്റാതെ, നിശ്ചലമായി നില്‍ക്കുന്ന സ്ത്രീത്വത്തിന്‍റെ വലിയൊരു സ്വത്വം ദര്‍ശിക്കാം. ഇനിയും ആഴത്തിലറിഞ്ഞാല്‍ വരികള്‍ക്കിടയില്‍ അലിഞ്ഞ് കിടക്കുന്ന സ്ത്രീ-പുരുഷ ഗണങ്ങളെ വേര്‍ത്തിരിക്കാനാവാതെ, അവരൊന്നായ ജീവിതസൌന്ദര്യം നുകരാം..

സൂനജ എന്ന എഴുത്തുകാരിയുടെ പ്രഥമ കഥാസമാഹാരമാണ് ‘മാതായനങ്ങള്‍’. തിരഞ്ഞെടുത്ത പതിനെട്ട് കഥകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജീവിതത്തില്‍ ഊന്നിനിന്നുകൊണ്ട് സൂനജ പറയുന്ന ഈ കഥകള്‍ ജീവിതഗന്ധിയാണ്. അതിലനുഭവേദ്യമാകുന്ന നാറ്റവും സുഗന്ധവും ജീവിതത്തിന്‍റേതാണ്, മനുഷ്യ മനസ്സുകളുടേതാണ്. മരത്തണലിലിരുന്ന് തന്‍റെ കുഞ്ഞിന് ഒരമ്മ കൊടുക്കുന്ന ചോറുരുളപോലെ ഈ കഥകള്‍ വായനക്കാരന് ഹൃദ്യവും രുചികരുമാവുന്നത് കഥപറച്ചിലിന്‍റെ ലാളിത്യവും സാധാരണത്വവും കൊണ്ടുതന്നെയാണ്. ജീവിതത്തിന്‍റെ അതിഭാവുകത്വങ്ങള്‍ പക്ഷേ ഹൃദ്യമായ ആഖ്യാന മികവിനാല്‍ ലാഘവവല്‍ക്കരിച്ചിരിക്കുകയാണിവിടെ രചയിതാവ്.

ഒട്ടും മുഷിയാതെ ഒറ്റയിരുപ്പില്‍ അയത്നം വായിച്ചുപോവാം മാതായനങ്ങളിലെ  കഥകള്‍. ഹൃദയത്തില്‍ തൊടുന്നുണ്ട് പല കഥകളും. നല്ല ഒഴുക്കുള്ള ഭാഷയില്‍ കഥാകാരി പറഞ്ഞുവെച്ചിരിക്കുന്നത് അധികവും സ്ത്രീ മനസ്സുകളെയാണ്. പിന്നെ സ്ത്രീയെ സ്ത്രീയായി  കാണാന്‍, സ്നേഹിക്കാന്‍ കഴിഞ്ഞ ചില ആണ്‍ജീവിതങ്ങളുടേയും. ആകുലതകളും സ്നേഹവും വിരഹവുമെല്ലാം ഓരോ കഥകള്ക്കും വ്യത്യസ്ത മാനങ്ങളേകുമ്പോള്‍ ചിരപരിചിതമായ ആരുടേയൊക്കെയോ ജീവിതകഥ വായിക്കുന്നതുപോലെ തോന്നും. അതിനു കാരണം ഒരുപക്ഷേ മാനവീകതയുടെ സമാനതകളാവാം.

നൂതന കഥപറച്ചിലിന്‍റെ ലക്ഷണമൊത്ത സമസ്യകളൊന്നും മാതായനങ്ങളെന്ന ഈ  കഥാപുസ്തകത്തില്‍ പ്രതീക്ഷിക്കേണ്ടതില്ല. വായനക്കാരന്‍ പൂരിപ്പിക്കേണ്ട, വരികള്‍ക്കിടയിലെ പറയാതെവിട്ട കഥാഭാഗങ്ങളും തുലോം കുറവാണ്. ആരും പറയാത്ത, ഇതുവരെ കേള്‍ക്കാത്ത കഥാതന്ത്രങ്ങളൊന്നും എഴുത്തുകാരി ഈ കഥകളില്‍ പരീക്ഷിച്ചിട്ടില്ല. കണ്ടും കേട്ടും അനുഭവിച്ചും പാകം വന്ന ഈ കഥകളില്‍ പുതുമയ്ക്കുവേണ്ടിയുള്ള അത്തരം ശകലങ്ങള്‍ മുഴച്ചുനില്‍ക്കുകതന്നെ ചെയ്യുമെന്നതാണ് ശരി. എങ്കിലും അതുതന്നെയാണ് ഈ പുസ്തകത്തെ കുറിച്ചെനിക്ക് തോന്നിയ പോരായ്മയും. സമാനതകളുടെ ഒരു പൊതുതട്ടകത്തില്‍ നിന്നുമാണ് ഭൂരിപക്ഷം കഥകളുടേയും നിര്‍മ്മിതി. വേറിട്ട പാതകള്‍ വെട്ടിത്തെളിയിക്കാന്‍ ആഖ്യാന-സാഹിത്യ മികവുണ്ടായിട്ടും കഥാകൃത്ത് അറച്ചുനില്‍ക്കുന്നതുപോലെ.  പക്ഷേ എഴുതിതീരാത്തയത്രയും കഥകളുമായി അസംഖ്യം ജീവിതങ്ങള്‍ കണ്മുന്നിലെത്തുമ്പോള്‍ ഇല്ലാകഥകളിലെ പുതുമത്തേടണോ വായനക്കാരീ എന്ന് മാതായനങ്ങളിലെ ജീവിക്കുന്ന കഥകള്‍ തിരികെ ചോദിക്കുന്നു

ഓരോ കഥയും വെവ്വേറെ വിശദീകരിച്ചെഴുതുന്നില്ല. പക്ഷേ ഓരോ കഥയുടേയും അപഗ്രഥനമേകുക വിവിധ ജീവിതാവസ്ഥകളാണ്, ഇന്നിന്‍റെ ആധികളാണ്. കഥകളോരോന്നും വായിച്ചുതീര്‍ന്നവസാനം മനസ്സിലവശേഷിക്കുക നമുക്ക് ചുറ്റും ജീവിച്ചു മറഞ്ഞ, ജീവിച്ചുകൊണ്ടിരിക്കുന്ന പല മുഖങ്ങളാണ്, ചിലപ്പോഴൊക്കെ സ്വന്തം മുഖവും.. അതുകൊണ്ടുതന്നെ ‘മാതായനങ്ങള്‍’ എളുപ്പം മനസ്സില്‍ നിന്നും മായില്ല. ചില ജീവിതങ്ങളിലൂടെ ഈ കഥകള്‍ വീണ്ടും വീണ്ടും  ഉള്ളില്‍ ഓര്‍മ്മകളുണ്ടാക്കികൊണ്ടിരിക്കും, തീര്‍ച്ച.. !