Thursday, January 23, 2014

യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍
പ്രസാധകര്‍ : പൂര്‍ണ പബ്ലിക്കേഷന്‍സ് 
വില : 25 രൂപ

മന്‍സൂര്‍ ചെറുവാടിയുടെ യാത്രാവിവരണങ്ങള്‍ , അനുഭവക്കുറിപ്പുകള്‍ എല്ലാം വായിക്കുമ്പോള്‍ നൊസ്റ്റാള്‍ജിക്കെന്ന് കളിയാക്കുമെങ്കിലും ഉള്ളാലെ അഭിമാനിക്കാറുണ്ട്, ഇത്രയും നന്നായെഴുതുന്നവരും എന്‍റെ കൂട്ടുകാരില്‍ ഉണ്ടല്ലോ എന്ന്. അത്രയും ഹൃദ്യമാണ് പല കുറിപ്പുകളും. ഒരിക്കല്‍ വായിച്ചാല്‍ മനസ്സില്‍ പതിയുന്നവ. നീയെങ്ങിനെ ഇത്ര നന്നായെഴുതുന്നു എന്ന കുശുമ്പ് ചിലപ്പോഴൊക്കെ അവനോട്തന്നെ പറയാറുമുണ്ട്. പ്രശസ്ത എഴുത്തുകാരന്‍ അബ്ദുചെറുവാടിയുടെ ചില പുസ്തകങ്ങള്‍ വായിച്ചപ്പോഴാണ് മന്‍സൂര്‍ ചെറുവാടിയെന്ന മകന്‍റെ ആലേഖന നിപുണതയുടെ രഹസ്യം മനസ്സിലായത്. ആ പിതാവിന്‍റെ മകനായി ജനിച്ച മന്‍സൂറിന്‍റെ എഴുത്ത് ഇത്രയും ചുരുങ്ങിപോയതില്‍ നൈരാശ്യം തോന്നുന്നുണ്ടിപ്പോള്‍ . കഴിവില്ലാതെയല്ല, ശ്രമിക്കാതെയാണ് എന്ന് മന്‍സൂറിന്‍റെ കൂട്ടുകാര്‍ക്കെല്ലാം അറിയാം..


അബ്ദുചെറുവാടിയെന്ന എഴുത്തുകാരനെ ഇത്രയുംനാള്‍ വായിക്കാതെ മാറ്റിവെച്ചതില്‍ നേരിയ കുറ്റബോധമുണ്ട് മനസ്സില്‍. ‘യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍’ എന്ന ചെറിയൊരു പുസ്തകത്തിലൂടെ അദ്ദേഹം കാണിച്ചുതരുന്നത് വലിയൊരു ലോകം തന്നെയാണ്. ഒരു യാത്രാവിവരണത്തിന്‍റെ പൂര്‍ണ്ണതയല്ല ഈ പുസ്തകത്തിന്‍റെ മാഹാത്മ്യം. മറിച്ച് യാത്രകളിലെ  അപരിചിതമായ പാതയോരങ്ങളില്‍ കാത്തിരിക്കുന്ന ആകസ്മികതകളാണ്.

ഒരു നോട്ടത്തിനോ, ഏതാനും വാക്കുകള്‍ക്കോ, ഒരു ആലിംഗനത്തിനോ മാത്രം തരാന്‍ കഴിയുന്ന  ചില അനശ്വര ബന്ധങ്ങളുണ്ട്, പിന്നീടൊരിക്കലും കണ്ടില്ലെങ്കിലും ജീവിതത്തിലെന്നും പ്രിയപ്പെട്ടവയാവാന്‍ പ്രാപ്തിയുള്ളവ. അങ്ങനെയുള്ള ഹൃദയബന്ധങ്ങളെ  ഈ പുസ്തകത്താളുകള്‍ക്കിടയില്‍ പലവട്ടം അനുഭവിക്കാം. കാലത്തിനും ദൂരത്തിനുമൊന്നും മായ്ച്ചുകളയാനാവാത്ത അത്തരം ഹൃദയമിടിപ്പുകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന എഴുത്തുകാരന്‍റെ മനസ്സും കൂടിയുണ്ടിതില്‍ . യാത്രയ്ക്കിടയില്‍ , അതും വലിയ മുന്നൊരുക്കങ്ങളില്ലാത്ത യാത്രകളില്‍, നേരിടേണ്ടിവരുന്ന ചില അവിചാരിത പ്രതിസന്ധികളില്‍  എല്ലായാത്രകളും ഇതാ ഇവിടെ അവസാനിക്കുന്നു, ജീവിതയാത്രയടക്കം എന്ന ആന്തലില്‍ തീര്‍ത്തും അപ്രതീക്ഷിതമായി നമുക്ക് നേരെ നീണ്ടുവരുന്ന സഹായഹസ്തങ്ങള്‍ ദൈവീകം തന്നെയെന്ന് വിശ്വസിക്കുന്നത് സ്വാഭാവികം. എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്യാന്‍ ദൈവമൊരു കൈ നീട്ടിത്തരും എന്ന വിശ്വാസം തന്നെയാണല്ലോ ജാതിവിഭാഗീയതകള്‍ക്കപ്പുറം ഓരോവിശ്വാസിയുടേയും കരുത്ത്.

എഴുത്തുകാരന്‍റെ മുന്‍മൊഴിയും ശ്രീ സക്കറിയയുടെ അവതാരികയും എട്ട് അനുഭവ കുറിപ്പുകളുമടക്കം കേവലം 52 പേജുകളുള്ള ഈ കൊച്ചുപുസ്തകം ഒറ്റയിരിപ്പില്‍ വായിച്ചുതീരുമ്പോള്‍ ദാഹം തീരുന്നതിന് മുന്‍പേ മൊന്തകാലിയായതുപോലെ ഒരു നിരാശ വായനക്കാരനില്‍ പടരും. തീര്‍ത്തും ലളിതമായി, വായനക്കാരന്‍റെ മുന്നിലിരുന്ന് നേരില്‍ അനുഭവങ്ങള്‍ വിവരിക്കുന്ന എഴുത്തുകാരനെ ഈ വരികള്‍ക്കിടയില്‍ പരിചയപ്പെടാം.

ശ്രീനഗറിലേക്കുള്ള യാത്രാമദ്ധ്യേ പരിചയപ്പെട്ട യൂറോപ്പ്യന്‍ പെണ്‍കുട്ടി പറഞ്ഞ ‘ആയിശ’ എന്ന പോര്‍ത്ത്ഗീസ് നാടോടി വിലാപകാവ്യത്തിന്‍റെ കഥയും പിറ്റേന്ന് പുലര്‍ച്ചെ മൂടല്‍മഞ്ഞ്പോലെ, ഒരു യാത്രമൊഴിപോലുമേകാതെ അപ്രത്യക്ഷമായ ആ പെണ്‍കുട്ടിയും, മറ്റൊരു യാത്രയില്‍ ആഗ്ര റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കണ്ട ഖദര്‍സൂട്ടുകാരന്‍ എന്നോ നാട് വിട്ടുപോയ തന്‍റെ അമ്മാവനാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയ വിചിത്രതയും പിന്നീടുണ്ടായ സമാഗമവും,ഒരിക്കല്‍ ശ്രീനഗറിലെ നിസ്സഹായാവസ്ഥയില്‍ തണലായ റസൂല്‍ ഭായിയും മകള്‍ നൂറാനൂനും പിന്നീട് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മക്കയില്‍ വെച്ച് ആ മകളെ കണ്ടുമുട്ടാനിടവന്നതുമെല്ലാം  ജീവിതം കാത്തുവെച്ച ആകസ്മിതകളല്ലാതെ മറ്റെന്താണ്. അദൃശമായ ചില കണ്ണികളാല്‍ കാലം ചില സംഭവങ്ങളെ പരമ്പരകള്‍ പോലെ കാത്ത് സൂക്ഷിക്കുന്നുണ്ട്.  അവ ജീവിതത്തിന്‍റെ ഏതൊക്കെ വഴിത്തിരിവുകളിലായിരിക്കും കാത്തിരിക്കുന്നത് എന്നത് പ്രവചനാതീതം.


ഉദ്വേകജനകമാണ് ഈ വിചിത്രാനുഭവ വായന. തീര്‍ത്തും ആസ്വാദ്യകരവും. ലാളിത്യമാര്‍ന്ന ഭാഷയും വശ്യമാര്‍ന്ന ആഖ്യാനവും വായനയെ ആകര്‍ഷകമാക്കുന്നു. ‘അജ്മീറില്‍ ഒരു വെളിപാട് ’പോലുള്ള ചില കുറിപ്പുകള്‍ എഴുത്തുകാരന്‍റെ വ്യക്തിബന്ധങ്ങളുടെ ഊഷ്മളത വെളിവാക്കുന്നവയാണ്.


ഒരു നല്ല യാത്രികന്‍ യാത്ര ചെയ്യുക തന്‍റെ കണ്ണും കാതും മനസ്സും ഒരുപോലെ തുറന്നുവെച്ചുകൊണ്ടായിരിക്കും. യാത്രയുടെ ഓരോ മിടിപ്പും ഒപ്പിയെടുത്ത് മനസ്സില്‍ പതിപ്പിക്കുമ്പോള്‍തന്നെ അതിനൊരു അക്ഷരരൂപം കൈവരുന്നുണ്ടെങ്കില്‍ തീര്‍ച്ച, അദ്ദേഹമൊരു നല്ല എഴുത്തുകാരന്‍ കൂടിയാണ്. വായനക്കാരന്‍റെ പ്രാര്‍ത്ഥനയും അതായിരിക്കും, കാഴ്ച്ചകളെ അക്ഷരങ്ങളാക്കി  രൂപഭേദം വരുത്താനാവുന്നവരാവട്ടെ ഓരോ സഞ്ചാരിയുമെന്ന്. കാഴ്ച്ചകളെ ഇത്ര ഹൃദ്യതയോടെ വരച്ചുവെയ്ക്കാന്‍ വാക്കുകള്‍ക്ക് കാഴ്ച്ചയേകുന്ന ഒരു സഞ്ചാരിക്കാവുമെന്ന് വായനക്കാരനറിയാം.

പരക്കെ വായിക്കപ്പെടേണ്ട ഈ കൃതിക്ക് അതര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചോ എന്ന എന്‍റെ സംശയം ന്യായമല്ലേ?  പരിചയക്കാര്‍ക്കിടയിലും കൂട്ടുകാര്‍ക്കിടയിലും മാത്രം ഒതുങ്ങേണ്ടതല്ല ആ മഹാനായ എഴുത്തുകാരന്‍റെ പുസ്തകങ്ങള്‍. ചിലതങ്ങനെയാണ് അര്‍ഹിക്കുന്ന പ്രാമുഖ്യം  കാലം ചില കണ്ണികളില്‍  വിളക്കിചേര്‍ത്തിട്ടുണ്ടാവും. അവിടെയെത്തുമ്പോള്‍ മാത്രം ഒരു ഉയര്‍ത്തെഴുന്നേൽപ്പ് പോലെ അംഗീകരിക്കപ്പെടും, വായിക്കപ്പെടും.  ‘യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍’ എന്ന പുസ്തകത്തെ വിളക്കിചേര്‍ത്ത കണ്ണിയിലേക്ക് കാലം ഒരിക്കല്‍ വായനക്കാരെ കൂട്ടികൊണ്ടുപോവുന്ന് ആശിക്കാം, അതര്‍ഹിക്കുന്ന അംഗീകാരമേകിക്കൊണ്ടുതന്നെ.


Wednesday, January 8, 2014

ഓര്‍മ്മകളുടെ ജാലകം
ജീവിതം അതിവിദഗ്ദ്ധമായി നെയ്തുകൊണ്ടിരിക്കുന്ന ഓര്‍മ്മകളുടെ ജാലിക ഓരോ മനുഷ്യനും പേറുന്നുണ്ട്. ആയുസ്സ് ഇന്നലേകളുടെ മടിത്തട്ടില്‍ കൂനിക്കൂടിയിരുന്ന് ഓര്‍മ്മവല നെയ്തുകൊണ്ടേയിരിക്കുന്നു, മരണത്തോളം. പലമനസ്സുകളില്‍ ഉരുവംകൊള്ളുന്ന ഈ സൂക്ഷ്മവലകള്‍ക്ക് ഉരുതയും പലതായിരിക്കും. മനോഹാരിതയും നൈപുണ്യവുമൊത്ത ഓര്‍മ്മവലകള്‍ക്ക് പക്ഷേ ചില സമയങ്ങളില്‍ വല്ലാത്ത ഭാരം അനുഭവപ്പെടും. വലക്കണ്ണികളിലൊളിപ്പിച്ച അസഖ്യം സ്മരണകളില്‍ ചിലത് അനുസരണക്കേടോടെ ഇടയ്ക്കൊന്ന് തുളുമ്പിയാല്‍ മതി ഹൃദയം ഘനം തൂങ്ങാന്‍. ചിലയകങ്ങള്‍ക്ക് ഈ ഘനംതൂങ്ങലുകളെ കല്പനാമൂശയിലിട്ട് അതിമനോഹരമായ വരികളായി ഉടച്ചുവാര്‍ത്ത് പുറംതള്ളി ഉള്ളം ശിഥിലമാക്കാന്‍ അപാരമായ കഴിവുണ്ട്.

അനില്‍കുമാര്‍ സി പിയുടെ ‘ഓര്‍മ്മകളുടെ ജാലകം’ എന്ന പതിനെട്ട് കഥകളുടെ സമാഹാരത്തിന്‍റേതും ഏറെക്കുറെ ഇത്തരമൊരു പ്രജനനമാണെന്ന് വായനയിലൂടെ അനുമാനിക്കാം. ഓര്‍മ്മകളുടെ ജാലകപ്പഴുതിലൂടെ കഥാകൃത്ത് ചുരുള്‍നിവര്‍ത്തിയിടുന്ന വലക്കണ്ണികള്‍ വായനക്കാരനുള്ളിലെ ഓര്‍മ്മകളേയും പ്രകമ്പനം കൊള്ളിക്കുന്നത് നെയ്തെടുക്കപ്പെട്ട ഇഴകളുടെ സമാനതകള്‍ കൊണ്ടാവും. ഓര്‍മ്മകളും പ്രവാസവും നഷ്ടമൂല്യങ്ങളും വരികളില്‍ ലയിക്കുമ്പോള്‍ ആഖ്യാനമികവേകുന്ന ശ്രുതിമധുരം അത്തരം മനസ്സുകളില്‍ ഗൃഹാതുരവീചികളാവും.

വൈഖരി എന്ന കഥയുടെ വായന തീര്‍ന്നിട്ടും ഹൃദയമിടിപ്പുകളുടെ താളം പ്രായികമാവാത്തത് കഥയുടെ തീവ്രതകൊണ്ടുതന്നെയാണ്. വിരഹത്തിന്‍റെ വരണ്ടഭൂമികയിലൂടെ ഇന്നലേകളിലേക്കുള്ള ആ തിരിച്ചുനടത്തം വായനയെ ഇങ്ങിനെ വേദനിപ്പിച്ചത് പ്രണയത്തിന്‍റെ മാസ്മരിക വീര്യമാണ്. സ്വപ്നങ്ങളുടെ ഉത്തുംഗതയില്‍ നിന്നും നഷ്ടപ്പെടലുകളുടെ അഗാധങ്ങളിലേക്ക് നിപതിച്ച പാര്‍വ്വതിയുടെ ജീവിതം മനോഹരമായി കഥാകൃത്ത് വരച്ചുവെച്ചിരിക്കുന്നു. തകര്‍ന്നടിഞ്ഞ ധനുഷ്കോടിയുടെ പാശ്ചാത്തലം ഈ കഥയ്ക്ക് വര്‍ദ്ധിതഭാവമേകുന്നുണ്ട്.

“കടലെടുത്ത മോഹങ്ങളും പേറിയുള്ള എന്‍റെയീ യാത്രയില്‍ എനിക്കു കൂട്ട് കണ്ണീരുണങ്ങാത്ത ഓര്‍മ്മകളുടെ ഉപ്പുകാറ്റ് മാത്രമായിരുന്നു എന്ന് നീയറിഞ്ഞിരുന്നോ?

അനന്താ, കടലാഴങ്ങളിലേക്ക് എന്നേയും തനിച്ചാക്കി പോയപ്പോള്‍ നീ കൊണ്ടുപോയത് കണ്ടുതീരാത്ത നമ്മുടെ സ്വപ്നങ്ങളായിരുന്നില്ലേ?..

...മോളെ ചേര്‍ത്ത് പിടിച്ചു.

അനന്താ, ഇതാ നമ്മുടെ വൈഖരി.

ഒരു നിഴല്‍ നടന്ന് മറയുന്നതുപോലെ. എനിക്ക് തോന്നിയതാണൊ.. അറിയില്ല”

മനക്കോട്ടയുടെ അസ്തിവാരം തകര്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ജീവിതങ്ങളെ എത്രത്തോളം ജീവച്ഛവമാക്കുമെന്നത് തീര്‍ത്തും വ്യത്യസ്തമായ പാശ്ചാത്തലത്തിലെഴുതിയ ‘ശവമുറിയിലെ 358-ആം നമ്പര്‍ പെട്ടി’ എന്ന കഥയില്‍ വായിക്കാം. ചിത്രകാരനാവാന്‍ ആഗ്രഹിച്ചവന്‍ മോര്‍ച്ചറിയിലെ ശവപ്പെട്ടികളുടെ പരിചാരകനാവേണ്ടിവരുന്ന വിധിവൈപരീത്യം. തുച്ഛമായ ജീവിതസഫലീകരണങ്ങള്‍ക്ക് വേണ്ടി സ്വപ്നങ്ങളുടെ ശവപ്പറമ്പിലൂടെ അലയാന്‍ വിധിക്കപ്പെട്ട ഓരോരുത്തരുടേയും കഥയാണിത്. അവസാനം ജീവിതവും മരണവും തെരഞ്ഞെടുക്കാന്‍ അവകാശമില്ലാത്തവന് അവശ്യം വേണ്ട നിസ്സംഗതയിലേക്ക് വായന നമ്മളെ കൊണ്ടെത്തിക്കുന്നു.

വൈഖരി, ശവമുറിയിലെ 358-ആം നമ്പര്‍ പെട്ടി, എരിഞ്ഞ് ഒടുങ്ങാത്ത ചിത, പാപസങ്കീര്‍ത്തനം, മൂന്നാമത്തെ നദി, മേഘമായ് മധു മാത്യൂസ്, ഓര്‍മ്മകളുടെ ജാലകം, അമ്മ, ചാറ്റ്റൂം, ഗ്രീഷ്മം, കണ്ണുകള്‍, ചോര മണക്കുന്ന നാട്ടുവഴികള്‍, കൊഴിഞ്ഞുപോയൊരു കൊന്നപ്പൂ, ഗുല്‍മോഹര്‍പ്പൂക്കളെ സ്നേഹിച്ച പെണ്‍കുട്ടി, ആഘോഷമില്ലാത്തവര്‍, നിലാവ് പരത്തിയൊരു മിന്നാമിനുങ്ങ്, ഊന്നുവടികള്‍, ചുവരുകളുടെ ചുംബനങ്ങള്‍ എന്നീ കഥകളാണ് ‘ഓര്‍മ്മകളുടെ ജാലകം’ എന്ന കഥാ സമാഹരത്തിലുള്ളത്. ഫേബിയന്‍ ബുക്സാണ് പ്രസാധകര്‍. എല്ലാകഥകളേയും പരിചയപ്പെടുത്തി വായനാപുതുമ കളയുന്നില്ല.

ലാളിത്യമാര്‍ന്നവയാണ് ശ്രീ അനില്‍കുമാറിന്‍റെ കഥകളെല്ലാം. പ്രിയപ്പെട്ടൊരു സുഹൃത്തിന്‍റെ അനുഭവക്കഥകള്‍ നേരില്‍ കേട്ടിരിക്കുന്ന ലാഘവത്തോടെ ഈ കഥകളെ നമുക്ക് വായിക്കാം. അതൊരുപക്ഷേ ഞാന്‍ നേരത്തെ പറഞ്ഞ പലജീവിതങ്ങളുടെ അനുഭവസമാനതകളുടേതാവാം. പ്രവാസത്തിന്‍റെ തപിക്കുന്ന ജീവിതാനുഭവങ്ങളെ ചെറുക്കാന്‍ ഒരു മഞ്ഞുക്കട്ടിപോലെ മനസ്സില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഗൃഹാതുരതയും പ്രണയത്തുണ്ടുകളുമെല്ലാം നാടുവിട്ടവനിലെ സ്ഥാസ്നുവാം ചുമടുകളാണല്ലൊ. തീര്‍ത്തും അസ്വസ്ഥമാക്കുന്ന ഇന്നിന്‍റെ വികൃതചെയ്തികളേയും ചില കഥകളിലൂടെ വായിക്കാം. കൃത്രിമത്വമാര്‍ന്ന സംഭാഷണ ശകലങ്ങളും ഏറെപരിചയിച്ച വിഷയങ്ങളും പല കഥകളിലും കേട്ട് പഴകിയ ഒരു കഥാവസന്തകാലത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഓര്‍മ്മകളുടെ ജാലകത്തില്‍ നിന്നും മുക്തനായി കഥാകാരന്‍ പുതുവഴികളിലൂടെ തൂലിക ചലിപ്പിക്കേണ്ടത് വായനക്കാരന്റെ കൂടി ആവശ്യമാണ്, കാരണം അത് കഥയുടെ പുതിയൊരു വസന്തക്കാലം തീര്‍ക്കും, തീര്‍ച്ച.

ആദ്യകൃതിയെന്ന നിലയ്ക്കുള്ള ഇത്തരം പോരായ്മകള്‍ ശിഥിലമാക്കപ്പെടുന്നുണ്ട് മികവുറ്റ പ്രയോഗങ്ങളിലൂടെയും ശൈലിയിലൂടേയും. അവതാരികയില്‍ ശ്രീ. എം കെ ഹരികുമാര്‍ പറഞ്ഞിരിക്കുന്നതുപോലെ അനില്‍കുമാര്‍ സി പിയുടെ കഥകള്‍ ഗതകാലത്തേക്ക് മൃതസഞ്ജീവനി തേടിപ്പോകുന്ന അനുഭവമാണ് തരിക. അതുകൊണ്ടുതന്നെ ഈ പുസ്തകവായന നാം മറന്നുവെച്ച പലതിലേക്കും ഒരു പിന്‍ നടത്തത്തിന് വ്യഗ്രതയേകും. കഥാകൃത്തിന്‍റെ തന്നെ വാക്കുകള്‍ കടംകൊണ്ടാല്‍, ഒറ്റപ്പെടലിന്‍റെ വേവില്‍ ഉതിര്‍ന്നുവീണ വാക്കുകള്‍ എഴുതിച്ചേര്‍ത്ത ഇതിലെ കഥകള്‍ക്ക് ആത്മാവിന്‍റെ നേരും അനുഭവങ്ങളുടെ തീഷ്ണതയും കാല്പനികതയുടെ സ്പര്‍ശവും കണ്ടേക്കാം..

ഇതുകൊണ്ടുകൂടിയാവാം വായിച്ചുമടക്കിയ പുസ്തകത്തോടൊപ്പം പടിയിറക്കപ്പെടുന്ന കഥാപാത്രങ്ങളില്‍ നിന്നും ഭിന്നമായി ചിലരെങ്കിലും ചില ഓര്‍മ്മകളിലേക്ക് കൈപിടിച്ച് നടത്തി ഉള്ളിലുള്ളത്.

Sunday, January 5, 2014

ഫെമിനിസ്റ്റ് ബീവ്യാത്ത

ഓഫീസ് കെട്ടിടത്തിന്‍റെ പടികളിറങ്ങുമ്പോള്‍ ജാക്വലിന്‍റെ മനസ്സ് നിറയെ സിസ്റ്റം ഓഫ്ചെയ്യുന്ന സമയത്ത് ഫേസ്ബുക്കിലിട്ട പുതിയ സ്റ്റാറ്റസിലിപ്പോള്‍ എത്രപേര്‍ പ്രതികരിച്ചിരിക്കുമെന്നതായിരുന്നു.. ഉച്ചസമയത്ത് പെയ്ത മഴയില്‍ നനഞ്ഞൊലിച്ച് കയറിവന്ന് ഗാര്‍ഹിക വായ്പയെ കുറിച്ച് വ്യഗ്രതയോടെ അന്വേഷിച്ച സ്ത്രീയെ കണ്ടപ്പോള്‍ കിട്ടിയ ഒരു ത്രെഡാണ് ആ ഫെമിനിസ്റ്റ് സ്റ്റാറ്റസിന് ആധാരമെന്നതാണ് തമാശ. ഓണ്‍ലൈന്‍ സ്വാതന്ത്ര്യവും അതാണ്. ഒരു അടിസ്ഥാനവുമില്ലാതെ ഭാവനകളെ സ്ഥാപിച്ചെടുക്കാം, ദൃക്‌സാക്ഷിയേക്കാള്‍ ദൃഢതയോടെ. അല്ലെങ്കില്‍ തനിക്കെന്തറിയാമായിരുന്നു ആ സ്ത്രീയെ കുറിച്ച്, മുഖത്ത് കണ്ട വിവശതയല്ലാതെ. ഭര്‍ത്താവ് ഒരു കള്ളുകുടിയാനാണെന്നും, അവരെ ഉപദ്രവിക്കുമെന്നും ചോര്‍ന്നൊലിക്കുന്ന വീട് പുതുക്കി പണിയാനാവാതെ, ഒരു നേരത്തെ ഭക്ഷണം കിട്ടാതെ ആ സ്ത്രീയും കുട്ടികളും കഷ്ടപ്പെടുകയാണെന്നുമൊക്കെ എന്നിട്ടും എത്ര വിശ്വസനീയതയോടെയാണ് എഴുതിപിടിപ്പിച്ചത്. അവര്‍ക്ക് ഭര്‍ത്താവുണ്ടോ കുട്ടികളുണ്ടോ എന്ന് പോലും തനിക്കറിയില്ല. ആണുങ്ങളെ അടച്ചാക്ഷേപിച്ച് നാല് വരികള്‍ കൂടുതല്‍ എഴുതിചേര്‍ത്തപ്പോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അനേകം കമന്റുകളും ലൈക്കുകളും, പുരുഷന്മാരുടേതടക്കം.

ചിന്തകളില്‍നിന്നും പടിയിറങ്ങിയത് ഒഴിഞ്ഞ പെപ്സി കാന്‍ കാലുകൊണ്ട് തട്ടിക്കളിച്ച് പോവുന്ന ഒരു കൂട്ടം ആണ്‍കുട്ടികളുടെ നടുവിലേക്കാണ്. കഴിഞ്ഞ ദിവസം സിതാ ഗോപാലാണെന്ന് തോന്നുന്നു പെണ്ണുങ്ങളുടെ ജീവിതം ഒഴിഞ്ഞ കോളാകാന്‍ പോലെ എന്ന് സ്റ്റാറ്റസിട്ടത്. പുരുഷന്മാര്‍ക്ക് തട്ടിക്കളിക്കാനുള്ള വെറും തകരപാത്രം! അവരുടെ ഇഷ്ടത്തിനനുസരിച്ച് തട്ടപ്പെടാനും ഞളുങ്ങാനും ആകൃതിവരെ നഷ്ടപ്പെട്ട് അവസാനം തന്‍റെ രൂപം(വ്യക്തിത്വം) എന്തായിരുന്നു എന്ന് പോലും തിരിച്ചറിയപ്പെടാനാവാത്ത വികൃത ജന്മങ്ങള്‍.

വീട്ടുമുറ്റത്ത് കളിക്കുന്ന അഞ്ചുവയസ്സുകാരന്‍ അച്ചുവും മൂന്നുവയസ്സുകാരി പൊന്നുവും ഉമ്മറപ്പടിയില്‍ കുട്ടികളേയും നോക്കി ഇരിക്കുന്ന രവിയേയും കണ്ടപ്പോള്‍ അവളുടെ സകല ചിന്തകളും അവരിലേക്കലിഞ്ഞു.

-കുറേ നേരായോ രവ്യേട്ടാ വന്നിട്ട്? ഞാന്‍ ചായയെടുക്കാം.
-പതുക്കെ മതി ജാനീ..

കുളി കഴിഞ്ഞ് ചായയുമെടുത്ത് വരുമ്പോഴേക്ക് മക്കള്‍ കളിനിര്‍ത്തി ടിവി ഓണ്‍ ചെയ്തിരുന്നു. രവിയേട്ടന്‍ ലാപ്ടോപ്പും. ഫേസ്ബുക്കും സ്റ്റാറ്റസും വീണ്ടും മനസ്സിലേക്ക് വന്നതപ്പോഴാണ്. ചായകപ്പ് രവിക്ക് കൈമാറി ജാക്വലിന്‍ രവിയുടെ കൈയിലിരിക്കുന്ന ലാപ്ടോപ്പില്‍ ഫേസ്ബുക്ക് ലോഗിന്‍ ചെയ്തു. ഒരുപാട് പേര്‍ പ്രതികരിച്ചിരിക്കുന്നു. സ്റ്റാറ്റസ് വായിച്ച രവിയുടെ മുഖമിരുണ്ടത് അവള്‍ ശ്രദ്ധിച്ചു.

-എന്തേ രവിയേട്ടാ? പലപ്പോഴായി ഞാന്‍ കാണുന്നു, എന്‍റെ സ്റ്റാറ്റസുകള്‍ വായിച്ചാലുള്ള ഈ ഇഷ്ടക്കുറവ്. നമുക്കിടയില്‍ അങ്ങിനെയൊന്ന് ഇല്ലായിരുന്നല്ലോ?

-നിനക്കെന്‍റെ കൂടെ ജീവിക്കുന്നത് തടവും പീഡനവുമായി അനുഭവപ്പെടുന്നുണ്ടോ ജാനീ?
രവിയുടെ ചോദ്യം പൊടുന്നനെയായിരുന്നു.

-അത്രയും ആഗ്രഹിച്ച്, വ്രതം നോറ്റ് നേടിയെടുത്തതാണ് ഈ ചെക്കനെ. എന്നിട്ടെനിക്കങ്ങിനെ തോന്നോ? ഏട്ടനും മക്കളുമല്ലേ എന്‍റെ പുണ്യം..

-നിന്‍റെ അച്ഛനെ കുറിച്ചെന്താ അഭിപ്രായം, എന്‍റെ പുന്നാര അളിയന്മാരെ കുറിച്ചും? അവരെന്നെങ്കിലും നിന്നോട് മോശമായി....?
-ഹേയ്..!!
-പഠിപ്പിച്ച സാറ്മാരോ മറ്റുവല്ല ആണുങ്ങളോ നിന്നോട്...?
രവി വളരെ ഗൗരവത്തിലായിരുന്നു.

ജാനിക്ക് രവി പറഞ്ഞുവരുന്നത് മനസ്സിലായി.

-രവിയേട്ടാ, അതൊക്കെ വെറുതെ ഫേസ്ബുക്കിലെ ജനകീയതയ്ക്ക് വേണ്ടിയുള്ളതല്ലേ. ഏട്ടനും അറിയാലൊ ഞാനൊരു പുരുഷവിദ്വേഷിയല്ലാന്ന്. അവിടെ ശ്രദ്ധിക്കപ്പെടണമെങ്കില്‍ ഇങ്ങിനെയെന്തെങ്കിലും വേണം. ഫെമിനിസം ഏറ്റവും ഡിമാന്‍ഡുള്ള ഒന്നാണ്..
പൊട്ടിച്ചിരിച്ചുകൊണ്ട് ജാനി പറഞ്ഞത് പക്ഷേ രവിയുടെ മുഖത്തെ കടുപ്പമേറ്റിയതേയുള്ളൂ.

-രാപ്പകല്‍ ഫേസ്ബുക്കില്‍ തപസ്സിരിക്കുന്ന, ഇതൊക്കെ വായിച്ച് വികലമായ ചിന്താഗതിയോടെ വളര്‍ന്നുവരുന്ന ഒരു പുതിയ തലമുറയെ കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ ജാനീ? പുരുഷനെന്നാല്‍ ഇതൊക്കെയാണെന്ന് വായിച്ചു മനസ്സിലാക്കി പുരുഷവിദ്വേഷികളാവുന്ന പെണ്‍കുട്ടികളും പുരുഷനെകുറിച്ച് സ്ത്രീകള് ഇങ്ങിനെയേ മനസ്സിലാക്കൂവെന്ന് കരുതി സ്ത്രീവിദ്വേഷികളാവുന്ന ആണ്‍കുട്ടികളും.നാളെ നമ്മുടെ മക്കളടക്കം. അവരാല്‍ സൃഷ്ടിക്കപെടുന്ന കുടുംബം, സമൂഹം..

രവി നിര്‍ത്താന്‍ ഭാവമില്ല.

-ഏതാനും ശ്രദ്ധിക്കപ്പെടലുകള്‍ക്ക് വേണ്ടി ഫെമിനസത്തിന്‍റേയും അതുപോലെയുള്ള അനേകായിരം ചിന്താഗതികളുടേയും ചുവട്ടില്‍ ബലികൊടുക്കപ്പെടുന്നവയെ കുറിച്ച് കൂടി ഒരു നിമിഷം നിന്നെപോലുള്ളവര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഫെമിനിസത്തോടെനിക്ക് എതിര്‍പ്പില്ല. പക്ഷേ അത് നീയും നിന്‍റെ കൂട്ടുകാരും കാട്ടികൂട്ടുന്ന ഈ പ്രകടനപരതയല്ല.നമ്മുടെ ബീവ്യാത്തയെ നീ മറന്നിട്ടില്ലല്ലോ. അവരൊരു ഫെമിനിസ്റ്റായിരുന്നെന്ന് ഞാന്‍ സമ്മതിക്കും.

-രവ്യേട്ടാ കുട്ടികളുറങ്ങും. ഭക്ഷണമുണ്ടാക്കട്ടെ.

രവിയേട്ടന്‍റെ വിമര്‍ശനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വേറെ വഴിയില്ല.

പണികള്‍ക്കിടയിലും ഇടക്കിടെ മിന്നല്‍പിണര്‍ പോലെ ജാനിയുടെ മനസ്സില്‍ ബീവ്യാത്തയുടെ ഓര്‍മ്മകള്‍ തെളിഞ്ഞുകൊണ്ടിരുന്നു.

അന്നാട്ടുകാര്‍ക്കൊന്നും ബീവ്യാത്തയെ മറക്കാനാവില്ല..

ജീവിതംകൊണ്ട് സമരം ചെയ്ത് മരണത്തിലേക്ക് കയറിപോയവളാണ് ബീവ്യാത്ത.

ഫെമിനിസമെന്ന വാക്ക് സമൂഹം കേട്ട്തുടങ്ങുന്നതിനുമുന്‍പേ ഫെമിനിസ്റ്റായവള്‍ .

ഒരേ നാട്ടുകാരായ താനും രവിയേട്ടനും കല്ല്യാണത്തിന് ശേഷം ഈ പട്ടണത്തിലേക്ക് മാറിയത് ജോലി സൗകര്യത്തിനായിരുന്നു.
അന്ന്, കല്ല്യാണദിവസം വൈകുന്നേരം ആളുകളൊഴിഞ്ഞ് തുടങ്ങിയ രവിയേട്ടന്‍റെ വീട്ടിലെ വടിക്കിനി ഭാഗത്ത് പുറത്തേക്ക് നോക്കി നില്‍ക്കുമ്പോഴായിരുന്നു ബീവ്യാത്ത കടന്ന് വന്നത്.

-യ്യി ന്താടി കുട്ട്യേ പന്തം കണ്ട പെരുച്ചായീടെ മട്ട് മീച്ചോക്കി നിക്ക്ണത്. യ്യി കളിച്ച് വളര്‍ന്ന വീടല്ലേ ദ്ദ്.ന്ന്ട്ടാ പെണ്ണിന്‍റൊരു നാണം.

-ബീവ്യാത്താ, ഞാന്‍...

-യ്യി പര്ങ്ങൊന്നും മാണ്ടാ, ങ്ങടെ മൊഹബ്ബത്തൊക്കെ ഞമ്മള് കണ്ടേയ്നി.. തൊടാനും പിടിക്കാനൊന്നും നിക്കാത്തോണ്ട് ഞമ്മള് കണ്ണ് ചിമ്മ്യേതാ.. ഓനല്ലേലും തറവാട്ടി പിറന്നോനല്ലേ, ആ വക വങ്കത്തരത്തിനൊന്നും നിക്കൂലാ..

ബീവ്യാത്ത അങ്ങനെയാണ്. അനീതി എവിടെ കണ്ടാലും എതിര്‍ക്കും.സ്ത്രീകള്‍ക്കെതിരെയാണെങ്കില്‍ പ്രത്യേകിച്ച്. തന്‍റെ മലബാര്‍ ചുവയുള്ള ഗ്രാമീണഭാഷയില്‍തന്നെ ഉച്ചത്തില്‍ എതിര്‍ത്ത് സംസാരിക്കും, അതിനൊരു തീര്‍പ്പുണ്ടാവുന്നതുവരെ.

മലപ്പുറത്തെ ഏതോ നാട്ടിന്‍പുറത്ത് നിന്ന് വളക്കച്ചവടക്കാരനായ സെയ്താലിക്ക നിക്കാഹ് കഴിച്ച് ഇന്നാട്ടില്‍ കൊണ്ടുവന്നതാണ് ബീവ്യാത്തയെ.

-ചേല്ള്ള കുപ്പിവള കാട്ടി ലോഗ്യാക്ക്യേതാ ഓരെന്നെ. എല്ലാ ബുദനാച്ചേം വളക്കൊട്ട എടേഴീല് കാണണത് നോക്കികുത്തിരിക്കും ഉമ്മറത്ത് ഞാന്‍. അന്നെനിക്ക് പതിമൂന്ന് തേഞ്ഞിട്ടേണ്ടാര്‍ന്ന്ള്ളൂ.. അയലോക്കത്തെ തട്ടാന്‍റെ വളപ്പിലൂടെ ഞാന്‍ ഓരിരിക്ക്ണ ആലിഞ്ചോട്ടിലേക്കോടും. അന്‍റെ ചിരി കുപ്പിവള കില്ങ്ങണ ചേല്ക്കാന്നാ ഓരെന്നോട് പറയാ..

ഓര്‍മ്മകളിലേക്ക് നഷ്ടപ്പെടുന്ന ബീവ്യാത്ത.

അന്യനാട്ടുകാരനായിരുന്ന സെയ്താലിക്ക വളക്കച്ചവടത്തിന് വന്നിരുന്നതും അവരുടെ പ്രണയവും പലവുരു വാര്‍ദ്ധക്യത്തിന്‍റെ വിറയാര്‍ന്ന ശബ്ദത്തില്‍ കേട്ടിട്ടുണ്ട്..

തരക്കേടില്ലാത്ത ഒരു തറവാട്ടിലെ ബീവ്യാത്ത അവസാനം എല്ലാം ഉപേക്ഷിച്ച് സെയ്താലിക്കയോടൊപ്പം ഇറങ്ങി പോന്നു. വീട്ടുകാരുടെ ഉപദ്രവം പേടിച്ച് വഴിയില്‍ നിന്നും ഒരു കാളവണ്ടിയില്‍ കയറി രക്ഷപ്പെട്ടതും കാളവണ്ടിക്കാരന്‍ ദൂരെ, ഈ നാട്ടില്‍ കൊടുന്നിറക്കിയതുമൊക്കെ ബീവ്യാത്ത തന്‍റേതായ ശൈലിയില്‍ വിവരിക്കുമ്പോള്‍ ഒരു സിനിമാകഥയേക്കാള്‍ ഉദ്വേഗജനകമാണത്.

-ഓരപ്പോഴും ആ വളക്കൊട്ട തലേല്‍ന്ന് ഇറക്കീര്ന്നില്ല. ക്കാച്ചാ എട്ടും പൊട്ടും തിര്യാത്ത പ്രായം. ഒരു അന്തോമില്ലാത്ത നാടും നാട്ടാരും. പരുപരാ വെളുക്ക്ണേനും മുമ്പാ വണ്ടിക്കാരന്‍ ആ പീട്യേകോലായില്‍ എറക്ക്യേതേ.

- ഞങ്ങളങ്ങനെ പേടിച്ചിരിക്ക്മ്പളാ ചെറുമന്‍ കോരന്‍ തെക്ക്ന്ന് നടന്ന് വര്ണത് . കയ്യിലൊരു കൈക്കോട്ടും ണ്ട്. പാടത്ത് വെള്ളം തേവാന്‍ പോണ പോക്കാ. ഓന്‍റെ കാല്‍ക്ക വീണ് ന്‍റെ ആള്. ഒടുക്കം കാരിയേറ്റുകാരുടെ കളപ്പുരേല്‍ താമസം ഒപ്പിച്ച് തന്നത് ഓനാ.

ബീവ്യാത്താടെ കഥപറച്ചില്‍ ഇങ്ങിനെ തുടരും. എത്ര തവണ കേട്ടാലും ആ ഈണമുള്ള കഥപറച്ചില്‍ മടുക്കില്ല.

മുത്തശ്ശി പറയാറുണ്ട് അന്ന് ബീവ്യാത്ത ഒരു ഹൂറി തന്നെയായിരുന്നു എന്ന്. ആ ഭംഗി ആസ്വദിക്കാന്‍ വേണ്ടി മാത്രം അവര്‍ വെള്ളം കോരാന്‍ വരുന്ന പഞ്ചായത്ത് കിണറിന്‍റെ ചുറ്റും പെണ്ണുങ്ങള്‍ കൂടുമത്രെ. ആണുങ്ങള്‍ ആ വഴി വെറുതെ കറങ്ങിനടക്കുമായിരുന്നു എന്നും.
സെയ്താലിക്ക പൊന്ന് പോലെയാണ് ബീവിയെ നോക്കിയിരുന്നത്. വളക്കച്ചവടം കഴിഞ്ഞ് സന്ധ്യയ്ക്ക് മുന്‍പ് അരിസാമാനങ്ങളുമായി വീട്ടിലെത്തും. കളപ്പുരയിലെ താമസം വാടകയ്ക്ക് കിട്ടിയ ഒരു ചെറിയ ഓലപ്പുരയിലേക്ക് മാറിയിരുന്നു. ആഴ്ച്ചയിലൊരിക്കല്‍, വാടകയെക്കെടുത്ത സൈക്കിളില്‍ ബീവ്യാത്തേനേയും മുന്നിലിരുത്തി ചവിട്ടി സെയ്താലിക്ക രേവതി ടാക്കീസിലേക്ക് സിനിമ കാണാന്‍ പോവും.

പിന്നീടെപ്പോഴോ ഈ സൈക്കില്‍ സവാരി നിലച്ചു. സെയ്താലിക്ക വീട്ടിലെത്താന്‍ വൈകിത്തുടങ്ങി. ബീവ്യാത്താടെ തൂവെള്ളനിറമുള്ള കണ്‍തടങ്ങളില്‍ കറുപ്പിഴഞ്ഞു. ബീവ്യാത്ത അടുത്ത വീടുകളിലേക്ക് അടുക്കളപണിക്ക് പോവാന്‍ തുടങ്ങി.

വാണിയം കുളം കാലിച്ചന്തയില്‍ പോയി വന്ന ഹമീദാണ് ആ വാര്‍ത്ത നാട്ടില്‍ വിതച്ചത്; സെയ്താലിക്കയ്ക്ക് അവിടെ പെണ്ണും കുട്ടികളുമുണ്ടത്രെ!

-ഞാന് ന്‍റെ കണ്ണോണ്ട് കണ്ടതല്ലേ, ആ ഓടിട്ട വീടിന്‍റെ ഉമ്മറത്ത് മൂപ്പിരിങ്ങനെ വീടീം പൊകച്ചിരിക്ക്ണത്. മടീലൊരു പൈതലൂണ്ട് . മുറ്റത്ത് മൂത്തചെക്കന്‍ വണ്ടിരുട്ടി കളിക്ക്ണ്. ഞാങ്കേറിച്ചെന്നപ്പോ ഒന്ന് വെപ്രാളപ്പെട്ടെങ്കിലും പിന്നെ കട്ടനും മിക്സ്ച്ചറും തീറ്റിച്ചേ ന്നെ വിട്ടുള്ളൂ.”
ഹമീദ് നെഞ്ച് വിരിച്ച് നിന്ന് തെളിവുകള്‍ നിരത്തുകയാണ്. മൂക്കത്ത് വിരല്‍ വെച്ച് നിന്ന നാട്ടുകാര്‍ സെയ്താലിക്കാടെ ബീടരെ ഇതറിയിക്കാന്‍ തിക്കുംതിരക്കും കൂട്ടി. പക്ഷേ..

-അയ്ന്പ്പോന്താ കൂട്ടരേ. രണ്ടും നാലോക്കെ കെട്ട്ണത് ആണ്ങ്ങക്ക് പറഞ്ഞതന്നല്ലേ.. പോരാച്ചാ അഞ്ചാറാണ്ട് കയ്ഞ്ഞിട്ടും ഓര്ക്ക് മടീലിരുത്തി കളിപ്പിക്കാന്‍ ഒന്നിനെ കൊടുക്കാന്‍ ന്നെകൊണ്ടായിട്ടില്ല. അപ്പോ പിന്നെ ന്‍റെ മാപ്ലേം അയ്നുള്ള വയ്യ് നോക്ക്യേതാവും...

ബീവ്യാത്താടെ പ്രസ്താവന നാട്ടുകൂട്ടത്തെ വല്ലാതെ നിരാശപ്പെടുത്തുന്നതായിരുന്നു.
ഹമീദ് കണ്ടത്കൊണ്ടോ എന്തോ സെയ്താലിക്ക പിന്നെ അന്നാട്ടിലേക്ക് വന്നതേയില്ല.
-ഒരുപെണ്ണൊരുത്ത്യേ ഒറ്റയ്ക്ക് ഇവിടെകൊണ്ട്ന്ന് താമസിപ്പിച്ചിട്ട് ഓനങ്ങനെ മണ്ട്യാ ശര്യാവോ.. ഇന്നാട്ടിലെ വാല്യേക്കാര് ആണുങ്ങളെ ചീത്താവാന്‍ അത് മത്യേല്ലോ..
പലതവണ മുട്ടിയിട്ടും തുറക്കപ്പെടാത്ത ബീവ്യാത്തയുടെ വാതിലിനോടുള്ള പ്രതിഷേധം. നാട്ടിലെ സദാചാരവാദികള്‍ ഉണര്‍ന്നു, സെയ്താലിക്കയെ നിര്‍ബന്ധമായി കൂട്ടികൊണ്ടുവരാന്‍ തീരുമാനമായി.

-ന്നെ പോറ്റാനും കാക്കാനും നിക്കറിയാം. ങ്ങള് ബേജാറാവണ്ടാ. ആരും ഓരെ തേടി പോവേം മാണ്ടാ..
ബീവ്യാത്തയിലെ സ്ത്രീ സടകുടഞ്ഞെണീറ്റു.

ബീവ്യാത്ത ഞാറ് നടാനും കൊയ്യാനും ചാണകം ചുമക്കാനും പ്രസവശുശ്രൂഷയ്ക്കുമെല്ലാം പോയിതുടങ്ങി. പണികഴിഞ്ഞ് വന്നാല്‍ രാത്രിവരെ അടുക്കളജോലികള്‍ക്ക് പോവും പലവീടുകളില്‍. കൂലി ചോദിച്ച് വാങ്ങിക്കും.

-ഒത്തൊരു ആണൊരുത്തനേക്കാള്‍ അധ്വാനിക്കും ഓള്. പാവം ഓരോ വിധി, എങ്ങനത്തെ വീട്ടില്‍ ജീവിക്കേണ്ടോളാ..!
കൂലിക്കൊപ്പം കിട്ടുന്ന സഹതാപങ്ങള്‍ക്ക് ബീവ്യാത്ത ചെവികൊടുത്തില്ല.
ദാനം കൊടുക്കുന്നതൊന്നും ബീവ്യാത്ത കൈപ്പറ്റില്ല. എവിടേയും കൈനീട്ടുകയുമില്ല.

ഇരുട്ടിന്‍റെ കൂട്ടില്‍ അടയിരിക്കാനെത്തുന്ന രാത്രികൂട്ടങ്ങളെ ഉച്ചത്തില്‍ തെറിപറഞ്ഞും തിളച്ചവെള്ളം വാതില്പാളികള്‍ക്കിടയിലൂടെ നീട്ടിയൊഴിച്ചും ബീവ്യാത്ത ഓടിച്ചു.

വയര്‍ മുറുക്കിയെടുത്ത സമ്പാദിച്ചത് സ്വരുക്കൂട്ടി, പേശിപിണങ്ങി ഇത്തിരിസ്ഥലം വാങ്ങി ഒരു കൂരപണിതു.
-ഒരുപെണ്ണ് ഇത്രയൊക്കെ...!
നാട്ടുകാര്‍ക്ക് മൂക്കത്ത് വെച്ച വിരലെടുക്കാന്‍ ബീവ്യാത്ത സമയം കൊടുത്തില്ല.

പതുക്കെ ബീവ്യാത്തയും വാര്‍ദ്ധക്യത്തിലേക്ക് കടന്നു. ആരോഗ്യം നശിച്ച് തുടങ്ങിയപ്പോള്‍ വീടിന്‍റെ വരാന്തയില്‍ തന്നെ ഒരു ചെറിയ പലചരക്ക് കട തുടങ്ങി.പശുക്കള്‍ക്കുള്ള പുല്ല് വരെ അരിഞ്ഞ്കൊടുന്നുവെച്ച് വില്‍ക്കുന്നൊരിടം.

എന്ത് അനീതി കണ്ടാലും എതിര്‍ക്കും. നല്ല കാര്യങ്ങളെ പിന്തുണയ്ക്കും.
കവലയില്‍ ഘോരം ഘോരം പ്രസംഗിച്ചിരുന്ന രാഷ്ട്രീയക്കാരന്‍റെ മൈക്ക് പിടിച്ചുവാങ്ങി തിരിച്ച് ചോദ്യങ്ങള്‍ ചോദിച്ച് നാണം കെടുത്തിയിട്ടുണ്ട് ബീവ്യാത്ത.
പെണ്‍കുട്ടികളെ വഴിനടക്കാനനുവദിക്കാത്ത ഓട്ടോറിക്ഷ ഡ്രൈവര്‍മാരടക്കമുളളവരുടെ കോളറിന് പിടിച്ച് ഭീഷണി മുഴക്കിയിട്ടുണ്ട്.

പ്രണയിച്ച് വിവാഹം കഴിക്കാനൊരുങ്ങിയവരെ തടഞ്ഞ വീട്ടുകാരെ പരസ്യമായി തെറിവിളിച്ച് കല്ല്യാണത്തിന് സാക്ഷി ഒപ്പിട്ട് അവരെ വീട്ടില്‍ കൊടുന്ന് താമസിപ്പിക്കും അവര്‍.

നടുറോഡില്‍ കയറി നിന്ന് വിദ്യാര്‍ത്ഥിനികളെ കയറ്റാതെ പോവുന്ന ബസുകളെ തടഞ്ഞിടും.

കള്ള്കുടിച്ച് ഉപദ്രവിക്കുന്ന ഭര്‍ത്താക്കന്മാരില്‍ നിന്നും വിളിച്ചിറക്കികൊണ്ടുവന്ന് സ്ത്രീകളെ സ്വന്തം കൂരയില്‍ പാര്‍പ്പിക്കും.

ബിവ്യാത്തയോടുള്ള അന്നാട്ടുകാരുടെ ആദരവും അംഗീകാരവും അവരുടെ വ്യക്തിത്വത്തോടുള്ളതായിരുന്നു.

പ്രായം ബീവ്യാത്തയ്ക്കൊരു കൂന് സമ്മാനിച്ചു. എന്നാലും അവര്‍ അധ്വാനം നിര്‍ത്തിയില്ല.

അക്കൊല്ലത്തെ അമ്പലവിളിക്കിന് വന്ന കച്ചവടക്കാരില്‍ ആരോ പറഞ്ഞാണ് നാട്ടുകാരറിഞ്ഞത് സെയ്താലിക്ക ഗുരുവായൂര്‍ അമ്പലനടയിലും തെരുവോരത്തും അലഞ്ഞ് നടക്കുന്നുണ്ട്, രണ്ടാം ഭാര്യയും മക്കളും വര്‍ഷങ്ങള്‍ക്ക് മുന്‍പേ അയാളെ വീട്ടില്‍ നിന്നും അടിച്ചുപുറത്താക്കിയെന്ന്.
ഇത്തവണ നിസ്സംഗത ബീവ്യാത്തയ്ക്ക് കൂട്ടിനെത്തിയില്ല. വിവരമറിഞ്ഞ അവര്‍ ഗുരുവായൂര്‍ക്ക് ബസ് കയറി. സഹായത്തിന് അന്നാട്ടുകാരില്‍ ചിലര്‍ സ്വമേധയാ കൂടെ പോയി.

ഓര്‍മ്മ പൂര്‍ണ്ണമായും നശിച്ച നിലയിലായിരുന്നു സെയ്താലിക്ക.
മുഷിഞ്ഞ്  നാറി അസ്ഥികൂടമായ ഒരു രൂപം..

ബീവ്യാത്താടെ മനസ്സ് വിങ്ങി. ആ കൈകളില്‍ മുറുകെ പിടിച്ച് കൂടെ നടത്തി. ബസില്‍ ആ മാറിലേക്ക് ചാഞ്ഞിരുന്ന് ബീവ്യാത്ത സ്വയം നിറഞ്ഞു.

- ന്നെ ദ് വരെ ഒന്നറിയിച്ചില്ലല്ലോ യ്യി ന്‍റെ പടച്ചോനേ..

അവര്‍ ദൈവത്തോട് പരിഭവപ്പെട്ടു.

സെയ്താലിക്ക പക്ഷേ ഓര്‍മ്മകള്‍ നഷ്ടപ്പെട്ടവരുടെ മായികലോകത്തായിരുന്നു. ബീവ്യാത്തയും ആ പഴയ കുപ്പിവള നിറങ്ങളുമൊക്കെ മോഷ്ടിക്കപ്പെട്ടിരിക്കുന്നു സെയ്താലിക്കയുടെ മനസ്സില്‍ നിന്നും.

-ഞമ്മന്‍റെ രണ്ടൂട്ടരുടേം പേരിലാ ഈ പൊരേം പറമ്പും മാങ്ങ്യേക്ക്ണത്..
വീട്ടിലേക്ക് സെയ്താലിക്കായെ കയറ്റുമ്പോള്‍ ഭംഗിയുള്ള തൊണ്ണ് കാട്ടി ചിരിച്ചുകൊണ്ട് ബീവ്യാത്ത സെയ്താലിക്ക കേള്‍ക്കാനെന്നോണം പറഞ്ഞു.

സെയ്താലിക്കയെ ശുശ്രൂഷിക്കുക എന്ന തപസ്സിലേക്ക് ബീവ്യാത്ത സ്വയം അര്‍പ്പിക്കുകയായിരുന്നു. കൂനികൂടിയ ദേഹവും ചുമന്ന് ,ഒരു പരിഭവവുമില്ലാതെ, വല്ലാത്തൊരു നിര്‍വൃതിയോടെ നഷ്ടപ്പെട്ട കാലങ്ങളെ തിരിച്ചെടുക്കാനെന്നതുപോലെ അവര്‍ ഭര്‍ത്താവിനെ രാപ്പകല്‍ പരിചരിച്ചു. ബീവ്യാത്താടെ മുഖത്ത് ആ പഴയ തിളക്കം തിരികെ വന്നുവെന്ന് നാട്ടുകാര്‍..

പക്ഷേ ബീവ്യാത്തയെ തനിച്ചാക്കി സെയ്താലിക്ക വീണ്ടും യാത്രപോയപ്പോള്‍ വല്ലാത്തൊരു മൌനത്തിലേക്ക് വഴുതിവീണു അവര്‍. ആരോടും മിണ്ടാതെ കബറിസ്ഥാന്‍റെ വേലിക്കല്‍ ചെന്ന് വിദൂരയിലേക്ക് നോക്കിനില്‍ക്കും ബീവ്യാത്ത എന്നും.. തിരികെ പോരുമ്പോള്‍ വേലിപടര്‍പ്പില്‍ നിന്നും ഒരുപിടി മൈലാഞ്ചിയിലകള്‍ പറിച്ചെടുത്ത് തന്‍റെ തലയിണക്കീഴെ കൊടുന്ന് സൂക്ഷിക്കും.

ഒരു വെള്ളിയാഴ്ച്ചരാവില്‍ ഖബറിസ്ഥാനില്‍ നിന്ന് നിറയെ മൈലാഞ്ചിയിലകള്‍ പറിച്ച്കൊണ്ടുവന്ന് തന്‍റെ പായയില്‍ വിതറി ബീവ്യാത്ത. കുറച്ച് ഇലകള്‍ അരച്ചെടുത്ത് ഇരുകൈകളും മൈലാഞ്ചിയാല്‍ പൊതിഞ്ഞ് ഉറങ്ങാന്‍ കിടന്നു.
പിറ്റേന്ന്, മൈലാഞ്ചിചുവപ്പിനാല്‍ തിളങ്ങുന്ന ബീവ്യാത്തയുടെ നിശ്ചല കരങ്ങളെടുത്ത് നേരെ വെയ്ക്കുമ്പോള്‍ അന്നാട്ടുകാരുടെ കാഴ്ച്ചകള്‍ക്ക് മീതെ കണ്ണുനീരും ശബ്ദങ്ങള്‍ക്ക് മീതെ മൌനവും കൂടുകൂട്ടിയിരുന്നു.

സെയ്താലിക്കയുടെ ഖബറിനോട് ചേര്‍ന്ന് ബീവ്യാത്തയ്ക്ക് വെട്ടിയ ഖബറിലേക്ക് ഇറങ്ങി വന്നിരിക്കുന്ന മൈലാഞ്ചിവേരുകള്‍ക്ക് ബീവ്യാത്തയോളം മൊഞ്ചുണ്ടായിരുന്നെന്ന് അവര്‍ ഓര്‍മ്മകളുടെ ഇടര്‍ച്ചകളില്‍ ഇന്നുമോര്‍ക്കും.

- അമ്മേ ഉറക്കം വരുന്നു.
അച്ചുവിന്‍റെ ശബ്ദം.

- ദാ, ഭക്ഷണം കഴിച്ചോളൂ.

തിരക്കിട്ട് അച്ചുവിലേക്ക് നടക്കുമ്പോള്‍ ബീവ്യാത്തയുടെ ഒരു ഫോട്ടോ എടുത്ത് വെക്കാതിരുന്നതിലുള്ള നഷ്ടബോധമായിരുന്നു ജാക്വലിനില്‍ നിറയെ. എന്‍റെ ഫെമിനിസ്റ്റ് ഗുരു എന്ന തലക്കെട്ടോടെ ഇടുകയായിരുന്നെങ്കില്‍ എത്ര കമന്‍റ്സ് കിട്ടുമായിരുന്നു..!