Sunday, January 5, 2014

ഫെമിനിസ്റ്റ് ബീവ്യാത്ത

ഓഫീസ് കെട്ടിടത്തിന്‍റെ പടികളിറങ്ങുമ്പോള്‍ ജാക്വലിന്‍റെ മനസ്സ് നിറയെ സിസ്റ്റം ഓഫ്ചെയ്യുന്ന സമയത്ത് ഫേസ്ബുക്കിലിട്ട പുതിയ സ്റ്റാറ്റസിലിപ്പോള്‍ എത്രപേര്‍ പ്രതികരിച്ചിരിക്കുമെന്നതായിരുന്നു.. ഉച്ചസമയത്ത് പെയ്ത മഴയില്‍ നനഞ്ഞൊലിച്ച് കയറിവന്ന് ഗാര്‍ഹിക വായ്പയെ കുറിച്ച് വ്യഗ്രതയോടെ അന്വേഷിച്ച സ്ത്രീയെ കണ്ടപ്പോള്‍ കിട്ടിയ ഒരു ത്രെഡാണ് ആ ഫെമിനിസ്റ്റ് സ്റ്റാറ്റസിന് ആധാരമെന്നതാണ് തമാശ. ഓണ്‍ലൈന്‍ സ്വാതന്ത്ര്യവും അതാണ്. ഒരു അടിസ്ഥാനവുമില്ലാതെ ഭാവനകളെ സ്ഥാപിച്ചെടുക്കാം, ദൃക്‌സാക്ഷിയേക്കാള്‍ ദൃഢതയോടെ. അല്ലെങ്കില്‍ തനിക്കെന്തറിയാമായിരുന്നു ആ സ്ത്രീയെ കുറിച്ച്, മുഖത്ത് കണ്ട വിവശതയല്ലാതെ. ഭര്‍ത്താവ് ഒരു കള്ളുകുടിയാനാണെന്നും, അവരെ ഉപദ്രവിക്കുമെന്നും ചോര്‍ന്നൊലിക്കുന്ന വീട് പുതുക്കി പണിയാനാവാതെ, ഒരു നേരത്തെ ഭക്ഷണം കിട്ടാതെ ആ സ്ത്രീയും കുട്ടികളും കഷ്ടപ്പെടുകയാണെന്നുമൊക്കെ എന്നിട്ടും എത്ര വിശ്വസനീയതയോടെയാണ് എഴുതിപിടിപ്പിച്ചത്. അവര്‍ക്ക് ഭര്‍ത്താവുണ്ടോ കുട്ടികളുണ്ടോ എന്ന് പോലും തനിക്കറിയില്ല. ആണുങ്ങളെ അടച്ചാക്ഷേപിച്ച് നാല് വരികള്‍ കൂടുതല്‍ എഴുതിചേര്‍ത്തപ്പോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അനേകം കമന്റുകളും ലൈക്കുകളും, പുരുഷന്മാരുടേതടക്കം.

ചിന്തകളില്‍നിന്നും പടിയിറങ്ങിയത് ഒഴിഞ്ഞ പെപ്സി കാന്‍ കാലുകൊണ്ട് തട്ടിക്കളിച്ച് പോവുന്ന ഒരു കൂട്ടം ആണ്‍കുട്ടികളുടെ നടുവിലേക്കാണ്. കഴിഞ്ഞ ദിവസം സിതാ ഗോപാലാണെന്ന് തോന്നുന്നു പെണ്ണുങ്ങളുടെ ജീവിതം ഒഴിഞ്ഞ കോളാകാന്‍ പോലെ എന്ന് സ്റ്റാറ്റസിട്ടത്. പുരുഷന്മാര്‍ക്ക് തട്ടിക്കളിക്കാനുള്ള വെറും തകരപാത്രം! അവരുടെ ഇഷ്ടത്തിനനുസരിച്ച് തട്ടപ്പെടാനും ഞളുങ്ങാനും ആകൃതിവരെ നഷ്ടപ്പെട്ട് അവസാനം തന്‍റെ രൂപം(വ്യക്തിത്വം) എന്തായിരുന്നു എന്ന് പോലും തിരിച്ചറിയപ്പെടാനാവാത്ത വികൃത ജന്മങ്ങള്‍.

വീട്ടുമുറ്റത്ത് കളിക്കുന്ന അഞ്ചുവയസ്സുകാരന്‍ അച്ചുവും മൂന്നുവയസ്സുകാരി പൊന്നുവും ഉമ്മറപ്പടിയില്‍ കുട്ടികളേയും നോക്കി ഇരിക്കുന്ന രവിയേയും കണ്ടപ്പോള്‍ അവളുടെ സകല ചിന്തകളും അവരിലേക്കലിഞ്ഞു.

-കുറേ നേരായോ രവ്യേട്ടാ വന്നിട്ട്? ഞാന്‍ ചായയെടുക്കാം.
-പതുക്കെ മതി ജാനീ..

കുളി കഴിഞ്ഞ് ചായയുമെടുത്ത് വരുമ്പോഴേക്ക് മക്കള്‍ കളിനിര്‍ത്തി ടിവി ഓണ്‍ ചെയ്തിരുന്നു. രവിയേട്ടന്‍ ലാപ്ടോപ്പും. ഫേസ്ബുക്കും സ്റ്റാറ്റസും വീണ്ടും മനസ്സിലേക്ക് വന്നതപ്പോഴാണ്. ചായകപ്പ് രവിക്ക് കൈമാറി ജാക്വലിന്‍ രവിയുടെ കൈയിലിരിക്കുന്ന ലാപ്ടോപ്പില്‍ ഫേസ്ബുക്ക് ലോഗിന്‍ ചെയ്തു. ഒരുപാട് പേര്‍ പ്രതികരിച്ചിരിക്കുന്നു. സ്റ്റാറ്റസ് വായിച്ച രവിയുടെ മുഖമിരുണ്ടത് അവള്‍ ശ്രദ്ധിച്ചു.

-എന്തേ രവിയേട്ടാ? പലപ്പോഴായി ഞാന്‍ കാണുന്നു, എന്‍റെ സ്റ്റാറ്റസുകള്‍ വായിച്ചാലുള്ള ഈ ഇഷ്ടക്കുറവ്. നമുക്കിടയില്‍ അങ്ങിനെയൊന്ന് ഇല്ലായിരുന്നല്ലോ?

-നിനക്കെന്‍റെ കൂടെ ജീവിക്കുന്നത് തടവും പീഡനവുമായി അനുഭവപ്പെടുന്നുണ്ടോ ജാനീ?
രവിയുടെ ചോദ്യം പൊടുന്നനെയായിരുന്നു.

-അത്രയും ആഗ്രഹിച്ച്, വ്രതം നോറ്റ് നേടിയെടുത്തതാണ് ഈ ചെക്കനെ. എന്നിട്ടെനിക്കങ്ങിനെ തോന്നോ? ഏട്ടനും മക്കളുമല്ലേ എന്‍റെ പുണ്യം..

-നിന്‍റെ അച്ഛനെ കുറിച്ചെന്താ അഭിപ്രായം, എന്‍റെ പുന്നാര അളിയന്മാരെ കുറിച്ചും? അവരെന്നെങ്കിലും നിന്നോട് മോശമായി....?
-ഹേയ്..!!
-പഠിപ്പിച്ച സാറ്മാരോ മറ്റുവല്ല ആണുങ്ങളോ നിന്നോട്...?
രവി വളരെ ഗൗരവത്തിലായിരുന്നു.

ജാനിക്ക് രവി പറഞ്ഞുവരുന്നത് മനസ്സിലായി.

-രവിയേട്ടാ, അതൊക്കെ വെറുതെ ഫേസ്ബുക്കിലെ ജനകീയതയ്ക്ക് വേണ്ടിയുള്ളതല്ലേ. ഏട്ടനും അറിയാലൊ ഞാനൊരു പുരുഷവിദ്വേഷിയല്ലാന്ന്. അവിടെ ശ്രദ്ധിക്കപ്പെടണമെങ്കില്‍ ഇങ്ങിനെയെന്തെങ്കിലും വേണം. ഫെമിനിസം ഏറ്റവും ഡിമാന്‍ഡുള്ള ഒന്നാണ്..
പൊട്ടിച്ചിരിച്ചുകൊണ്ട് ജാനി പറഞ്ഞത് പക്ഷേ രവിയുടെ മുഖത്തെ കടുപ്പമേറ്റിയതേയുള്ളൂ.

-രാപ്പകല്‍ ഫേസ്ബുക്കില്‍ തപസ്സിരിക്കുന്ന, ഇതൊക്കെ വായിച്ച് വികലമായ ചിന്താഗതിയോടെ വളര്‍ന്നുവരുന്ന ഒരു പുതിയ തലമുറയെ കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ ജാനീ? പുരുഷനെന്നാല്‍ ഇതൊക്കെയാണെന്ന് വായിച്ചു മനസ്സിലാക്കി പുരുഷവിദ്വേഷികളാവുന്ന പെണ്‍കുട്ടികളും പുരുഷനെകുറിച്ച് സ്ത്രീകള് ഇങ്ങിനെയേ മനസ്സിലാക്കൂവെന്ന് കരുതി സ്ത്രീവിദ്വേഷികളാവുന്ന ആണ്‍കുട്ടികളും.നാളെ നമ്മുടെ മക്കളടക്കം. അവരാല്‍ സൃഷ്ടിക്കപെടുന്ന കുടുംബം, സമൂഹം..

രവി നിര്‍ത്താന്‍ ഭാവമില്ല.

-ഏതാനും ശ്രദ്ധിക്കപ്പെടലുകള്‍ക്ക് വേണ്ടി ഫെമിനസത്തിന്‍റേയും അതുപോലെയുള്ള അനേകായിരം ചിന്താഗതികളുടേയും ചുവട്ടില്‍ ബലികൊടുക്കപ്പെടുന്നവയെ കുറിച്ച് കൂടി ഒരു നിമിഷം നിന്നെപോലുള്ളവര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഫെമിനിസത്തോടെനിക്ക് എതിര്‍പ്പില്ല. പക്ഷേ അത് നീയും നിന്‍റെ കൂട്ടുകാരും കാട്ടികൂട്ടുന്ന ഈ പ്രകടനപരതയല്ല.നമ്മുടെ ബീവ്യാത്തയെ നീ മറന്നിട്ടില്ലല്ലോ. അവരൊരു ഫെമിനിസ്റ്റായിരുന്നെന്ന് ഞാന്‍ സമ്മതിക്കും.

-രവ്യേട്ടാ കുട്ടികളുറങ്ങും. ഭക്ഷണമുണ്ടാക്കട്ടെ.

രവിയേട്ടന്‍റെ വിമര്‍ശനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വേറെ വഴിയില്ല.

പണികള്‍ക്കിടയിലും ഇടക്കിടെ മിന്നല്‍പിണര്‍ പോലെ ജാനിയുടെ മനസ്സില്‍ ബീവ്യാത്തയുടെ ഓര്‍മ്മകള്‍ തെളിഞ്ഞുകൊണ്ടിരുന്നു.

അന്നാട്ടുകാര്‍ക്കൊന്നും ബീവ്യാത്തയെ മറക്കാനാവില്ല..

ജീവിതംകൊണ്ട് സമരം ചെയ്ത് മരണത്തിലേക്ക് കയറിപോയവളാണ് ബീവ്യാത്ത.

ഫെമിനിസമെന്ന വാക്ക് സമൂഹം കേട്ട്തുടങ്ങുന്നതിനുമുന്‍പേ ഫെമിനിസ്റ്റായവള്‍ .

ഒരേ നാട്ടുകാരായ താനും രവിയേട്ടനും കല്ല്യാണത്തിന് ശേഷം ഈ പട്ടണത്തിലേക്ക് മാറിയത് ജോലി സൗകര്യത്തിനായിരുന്നു.
അന്ന്, കല്ല്യാണദിവസം വൈകുന്നേരം ആളുകളൊഴിഞ്ഞ് തുടങ്ങിയ രവിയേട്ടന്‍റെ വീട്ടിലെ വടിക്കിനി ഭാഗത്ത് പുറത്തേക്ക് നോക്കി നില്‍ക്കുമ്പോഴായിരുന്നു ബീവ്യാത്ത കടന്ന് വന്നത്.

-യ്യി ന്താടി കുട്ട്യേ പന്തം കണ്ട പെരുച്ചായീടെ മട്ട് മീച്ചോക്കി നിക്ക്ണത്. യ്യി കളിച്ച് വളര്‍ന്ന വീടല്ലേ ദ്ദ്.ന്ന്ട്ടാ പെണ്ണിന്‍റൊരു നാണം.

-ബീവ്യാത്താ, ഞാന്‍...

-യ്യി പര്ങ്ങൊന്നും മാണ്ടാ, ങ്ങടെ മൊഹബ്ബത്തൊക്കെ ഞമ്മള് കണ്ടേയ്നി.. തൊടാനും പിടിക്കാനൊന്നും നിക്കാത്തോണ്ട് ഞമ്മള് കണ്ണ് ചിമ്മ്യേതാ.. ഓനല്ലേലും തറവാട്ടി പിറന്നോനല്ലേ, ആ വക വങ്കത്തരത്തിനൊന്നും നിക്കൂലാ..

ബീവ്യാത്ത അങ്ങനെയാണ്. അനീതി എവിടെ കണ്ടാലും എതിര്‍ക്കും.സ്ത്രീകള്‍ക്കെതിരെയാണെങ്കില്‍ പ്രത്യേകിച്ച്. തന്‍റെ മലബാര്‍ ചുവയുള്ള ഗ്രാമീണഭാഷയില്‍തന്നെ ഉച്ചത്തില്‍ എതിര്‍ത്ത് സംസാരിക്കും, അതിനൊരു തീര്‍പ്പുണ്ടാവുന്നതുവരെ.

മലപ്പുറത്തെ ഏതോ നാട്ടിന്‍പുറത്ത് നിന്ന് വളക്കച്ചവടക്കാരനായ സെയ്താലിക്ക നിക്കാഹ് കഴിച്ച് ഇന്നാട്ടില്‍ കൊണ്ടുവന്നതാണ് ബീവ്യാത്തയെ.

-ചേല്ള്ള കുപ്പിവള കാട്ടി ലോഗ്യാക്ക്യേതാ ഓരെന്നെ. എല്ലാ ബുദനാച്ചേം വളക്കൊട്ട എടേഴീല് കാണണത് നോക്കികുത്തിരിക്കും ഉമ്മറത്ത് ഞാന്‍. അന്നെനിക്ക് പതിമൂന്ന് തേഞ്ഞിട്ടേണ്ടാര്‍ന്ന്ള്ളൂ.. അയലോക്കത്തെ തട്ടാന്‍റെ വളപ്പിലൂടെ ഞാന്‍ ഓരിരിക്ക്ണ ആലിഞ്ചോട്ടിലേക്കോടും. അന്‍റെ ചിരി കുപ്പിവള കില്ങ്ങണ ചേല്ക്കാന്നാ ഓരെന്നോട് പറയാ..

ഓര്‍മ്മകളിലേക്ക് നഷ്ടപ്പെടുന്ന ബീവ്യാത്ത.

അന്യനാട്ടുകാരനായിരുന്ന സെയ്താലിക്ക വളക്കച്ചവടത്തിന് വന്നിരുന്നതും അവരുടെ പ്രണയവും പലവുരു വാര്‍ദ്ധക്യത്തിന്‍റെ വിറയാര്‍ന്ന ശബ്ദത്തില്‍ കേട്ടിട്ടുണ്ട്..

തരക്കേടില്ലാത്ത ഒരു തറവാട്ടിലെ ബീവ്യാത്ത അവസാനം എല്ലാം ഉപേക്ഷിച്ച് സെയ്താലിക്കയോടൊപ്പം ഇറങ്ങി പോന്നു. വീട്ടുകാരുടെ ഉപദ്രവം പേടിച്ച് വഴിയില്‍ നിന്നും ഒരു കാളവണ്ടിയില്‍ കയറി രക്ഷപ്പെട്ടതും കാളവണ്ടിക്കാരന്‍ ദൂരെ, ഈ നാട്ടില്‍ കൊടുന്നിറക്കിയതുമൊക്കെ ബീവ്യാത്ത തന്‍റേതായ ശൈലിയില്‍ വിവരിക്കുമ്പോള്‍ ഒരു സിനിമാകഥയേക്കാള്‍ ഉദ്വേഗജനകമാണത്.

-ഓരപ്പോഴും ആ വളക്കൊട്ട തലേല്‍ന്ന് ഇറക്കീര്ന്നില്ല. ക്കാച്ചാ എട്ടും പൊട്ടും തിര്യാത്ത പ്രായം. ഒരു അന്തോമില്ലാത്ത നാടും നാട്ടാരും. പരുപരാ വെളുക്ക്ണേനും മുമ്പാ വണ്ടിക്കാരന്‍ ആ പീട്യേകോലായില്‍ എറക്ക്യേതേ.

- ഞങ്ങളങ്ങനെ പേടിച്ചിരിക്ക്മ്പളാ ചെറുമന്‍ കോരന്‍ തെക്ക്ന്ന് നടന്ന് വര്ണത് . കയ്യിലൊരു കൈക്കോട്ടും ണ്ട്. പാടത്ത് വെള്ളം തേവാന്‍ പോണ പോക്കാ. ഓന്‍റെ കാല്‍ക്ക വീണ് ന്‍റെ ആള്. ഒടുക്കം കാരിയേറ്റുകാരുടെ കളപ്പുരേല്‍ താമസം ഒപ്പിച്ച് തന്നത് ഓനാ.

ബീവ്യാത്താടെ കഥപറച്ചില്‍ ഇങ്ങിനെ തുടരും. എത്ര തവണ കേട്ടാലും ആ ഈണമുള്ള കഥപറച്ചില്‍ മടുക്കില്ല.

മുത്തശ്ശി പറയാറുണ്ട് അന്ന് ബീവ്യാത്ത ഒരു ഹൂറി തന്നെയായിരുന്നു എന്ന്. ആ ഭംഗി ആസ്വദിക്കാന്‍ വേണ്ടി മാത്രം അവര്‍ വെള്ളം കോരാന്‍ വരുന്ന പഞ്ചായത്ത് കിണറിന്‍റെ ചുറ്റും പെണ്ണുങ്ങള്‍ കൂടുമത്രെ. ആണുങ്ങള്‍ ആ വഴി വെറുതെ കറങ്ങിനടക്കുമായിരുന്നു എന്നും.
സെയ്താലിക്ക പൊന്ന് പോലെയാണ് ബീവിയെ നോക്കിയിരുന്നത്. വളക്കച്ചവടം കഴിഞ്ഞ് സന്ധ്യയ്ക്ക് മുന്‍പ് അരിസാമാനങ്ങളുമായി വീട്ടിലെത്തും. കളപ്പുരയിലെ താമസം വാടകയ്ക്ക് കിട്ടിയ ഒരു ചെറിയ ഓലപ്പുരയിലേക്ക് മാറിയിരുന്നു. ആഴ്ച്ചയിലൊരിക്കല്‍, വാടകയെക്കെടുത്ത സൈക്കിളില്‍ ബീവ്യാത്തേനേയും മുന്നിലിരുത്തി ചവിട്ടി സെയ്താലിക്ക രേവതി ടാക്കീസിലേക്ക് സിനിമ കാണാന്‍ പോവും.

പിന്നീടെപ്പോഴോ ഈ സൈക്കില്‍ സവാരി നിലച്ചു. സെയ്താലിക്ക വീട്ടിലെത്താന്‍ വൈകിത്തുടങ്ങി. ബീവ്യാത്താടെ തൂവെള്ളനിറമുള്ള കണ്‍തടങ്ങളില്‍ കറുപ്പിഴഞ്ഞു. ബീവ്യാത്ത അടുത്ത വീടുകളിലേക്ക് അടുക്കളപണിക്ക് പോവാന്‍ തുടങ്ങി.

വാണിയം കുളം കാലിച്ചന്തയില്‍ പോയി വന്ന ഹമീദാണ് ആ വാര്‍ത്ത നാട്ടില്‍ വിതച്ചത്; സെയ്താലിക്കയ്ക്ക് അവിടെ പെണ്ണും കുട്ടികളുമുണ്ടത്രെ!

-ഞാന് ന്‍റെ കണ്ണോണ്ട് കണ്ടതല്ലേ, ആ ഓടിട്ട വീടിന്‍റെ ഉമ്മറത്ത് മൂപ്പിരിങ്ങനെ വീടീം പൊകച്ചിരിക്ക്ണത്. മടീലൊരു പൈതലൂണ്ട് . മുറ്റത്ത് മൂത്തചെക്കന്‍ വണ്ടിരുട്ടി കളിക്ക്ണ്. ഞാങ്കേറിച്ചെന്നപ്പോ ഒന്ന് വെപ്രാളപ്പെട്ടെങ്കിലും പിന്നെ കട്ടനും മിക്സ്ച്ചറും തീറ്റിച്ചേ ന്നെ വിട്ടുള്ളൂ.”
ഹമീദ് നെഞ്ച് വിരിച്ച് നിന്ന് തെളിവുകള്‍ നിരത്തുകയാണ്. മൂക്കത്ത് വിരല്‍ വെച്ച് നിന്ന നാട്ടുകാര്‍ സെയ്താലിക്കാടെ ബീടരെ ഇതറിയിക്കാന്‍ തിക്കുംതിരക്കും കൂട്ടി. പക്ഷേ..

-അയ്ന്പ്പോന്താ കൂട്ടരേ. രണ്ടും നാലോക്കെ കെട്ട്ണത് ആണ്ങ്ങക്ക് പറഞ്ഞതന്നല്ലേ.. പോരാച്ചാ അഞ്ചാറാണ്ട് കയ്ഞ്ഞിട്ടും ഓര്ക്ക് മടീലിരുത്തി കളിപ്പിക്കാന്‍ ഒന്നിനെ കൊടുക്കാന്‍ ന്നെകൊണ്ടായിട്ടില്ല. അപ്പോ പിന്നെ ന്‍റെ മാപ്ലേം അയ്നുള്ള വയ്യ് നോക്ക്യേതാവും...

ബീവ്യാത്താടെ പ്രസ്താവന നാട്ടുകൂട്ടത്തെ വല്ലാതെ നിരാശപ്പെടുത്തുന്നതായിരുന്നു.
ഹമീദ് കണ്ടത്കൊണ്ടോ എന്തോ സെയ്താലിക്ക പിന്നെ അന്നാട്ടിലേക്ക് വന്നതേയില്ല.
-ഒരുപെണ്ണൊരുത്ത്യേ ഒറ്റയ്ക്ക് ഇവിടെകൊണ്ട്ന്ന് താമസിപ്പിച്ചിട്ട് ഓനങ്ങനെ മണ്ട്യാ ശര്യാവോ.. ഇന്നാട്ടിലെ വാല്യേക്കാര് ആണുങ്ങളെ ചീത്താവാന്‍ അത് മത്യേല്ലോ..
പലതവണ മുട്ടിയിട്ടും തുറക്കപ്പെടാത്ത ബീവ്യാത്തയുടെ വാതിലിനോടുള്ള പ്രതിഷേധം. നാട്ടിലെ സദാചാരവാദികള്‍ ഉണര്‍ന്നു, സെയ്താലിക്കയെ നിര്‍ബന്ധമായി കൂട്ടികൊണ്ടുവരാന്‍ തീരുമാനമായി.

-ന്നെ പോറ്റാനും കാക്കാനും നിക്കറിയാം. ങ്ങള് ബേജാറാവണ്ടാ. ആരും ഓരെ തേടി പോവേം മാണ്ടാ..
ബീവ്യാത്തയിലെ സ്ത്രീ സടകുടഞ്ഞെണീറ്റു.

ബീവ്യാത്ത ഞാറ് നടാനും കൊയ്യാനും ചാണകം ചുമക്കാനും പ്രസവശുശ്രൂഷയ്ക്കുമെല്ലാം പോയിതുടങ്ങി. പണികഴിഞ്ഞ് വന്നാല്‍ രാത്രിവരെ അടുക്കളജോലികള്‍ക്ക് പോവും പലവീടുകളില്‍. കൂലി ചോദിച്ച് വാങ്ങിക്കും.

-ഒത്തൊരു ആണൊരുത്തനേക്കാള്‍ അധ്വാനിക്കും ഓള്. പാവം ഓരോ വിധി, എങ്ങനത്തെ വീട്ടില്‍ ജീവിക്കേണ്ടോളാ..!
കൂലിക്കൊപ്പം കിട്ടുന്ന സഹതാപങ്ങള്‍ക്ക് ബീവ്യാത്ത ചെവികൊടുത്തില്ല.
ദാനം കൊടുക്കുന്നതൊന്നും ബീവ്യാത്ത കൈപ്പറ്റില്ല. എവിടേയും കൈനീട്ടുകയുമില്ല.

ഇരുട്ടിന്‍റെ കൂട്ടില്‍ അടയിരിക്കാനെത്തുന്ന രാത്രികൂട്ടങ്ങളെ ഉച്ചത്തില്‍ തെറിപറഞ്ഞും തിളച്ചവെള്ളം വാതില്പാളികള്‍ക്കിടയിലൂടെ നീട്ടിയൊഴിച്ചും ബീവ്യാത്ത ഓടിച്ചു.

വയര്‍ മുറുക്കിയെടുത്ത സമ്പാദിച്ചത് സ്വരുക്കൂട്ടി, പേശിപിണങ്ങി ഇത്തിരിസ്ഥലം വാങ്ങി ഒരു കൂരപണിതു.
-ഒരുപെണ്ണ് ഇത്രയൊക്കെ...!
നാട്ടുകാര്‍ക്ക് മൂക്കത്ത് വെച്ച വിരലെടുക്കാന്‍ ബീവ്യാത്ത സമയം കൊടുത്തില്ല.

പതുക്കെ ബീവ്യാത്തയും വാര്‍ദ്ധക്യത്തിലേക്ക് കടന്നു. ആരോഗ്യം നശിച്ച് തുടങ്ങിയപ്പോള്‍ വീടിന്‍റെ വരാന്തയില്‍ തന്നെ ഒരു ചെറിയ പലചരക്ക് കട തുടങ്ങി.പശുക്കള്‍ക്കുള്ള പുല്ല് വരെ അരിഞ്ഞ്കൊടുന്നുവെച്ച് വില്‍ക്കുന്നൊരിടം.

എന്ത് അനീതി കണ്ടാലും എതിര്‍ക്കും. നല്ല കാര്യങ്ങളെ പിന്തുണയ്ക്കും.
കവലയില്‍ ഘോരം ഘോരം പ്രസംഗിച്ചിരുന്ന രാഷ്ട്രീയക്കാരന്‍റെ മൈക്ക് പിടിച്ചുവാങ്ങി തിരിച്ച് ചോദ്യങ്ങള്‍ ചോദിച്ച് നാണം കെടുത്തിയിട്ടുണ്ട് ബീവ്യാത്ത.
പെണ്‍കുട്ടികളെ വഴിനടക്കാനനുവദിക്കാത്ത ഓട്ടോറിക്ഷ ഡ്രൈവര്‍മാരടക്കമുളളവരുടെ കോളറിന് പിടിച്ച് ഭീഷണി മുഴക്കിയിട്ടുണ്ട്.

പ്രണയിച്ച് വിവാഹം കഴിക്കാനൊരുങ്ങിയവരെ തടഞ്ഞ വീട്ടുകാരെ പരസ്യമായി തെറിവിളിച്ച് കല്ല്യാണത്തിന് സാക്ഷി ഒപ്പിട്ട് അവരെ വീട്ടില്‍ കൊടുന്ന് താമസിപ്പിക്കും അവര്‍.

നടുറോഡില്‍ കയറി നിന്ന് വിദ്യാര്‍ത്ഥിനികളെ കയറ്റാതെ പോവുന്ന ബസുകളെ തടഞ്ഞിടും.

കള്ള്കുടിച്ച് ഉപദ്രവിക്കുന്ന ഭര്‍ത്താക്കന്മാരില്‍ നിന്നും വിളിച്ചിറക്കികൊണ്ടുവന്ന് സ്ത്രീകളെ സ്വന്തം കൂരയില്‍ പാര്‍പ്പിക്കും.

ബിവ്യാത്തയോടുള്ള അന്നാട്ടുകാരുടെ ആദരവും അംഗീകാരവും അവരുടെ വ്യക്തിത്വത്തോടുള്ളതായിരുന്നു.

പ്രായം ബീവ്യാത്തയ്ക്കൊരു കൂന് സമ്മാനിച്ചു. എന്നാലും അവര്‍ അധ്വാനം നിര്‍ത്തിയില്ല.

അക്കൊല്ലത്തെ അമ്പലവിളിക്കിന് വന്ന കച്ചവടക്കാരില്‍ ആരോ പറഞ്ഞാണ് നാട്ടുകാരറിഞ്ഞത് സെയ്താലിക്ക ഗുരുവായൂര്‍ അമ്പലനടയിലും തെരുവോരത്തും അലഞ്ഞ് നടക്കുന്നുണ്ട്, രണ്ടാം ഭാര്യയും മക്കളും വര്‍ഷങ്ങള്‍ക്ക് മുന്‍പേ അയാളെ വീട്ടില്‍ നിന്നും അടിച്ചുപുറത്താക്കിയെന്ന്.
ഇത്തവണ നിസ്സംഗത ബീവ്യാത്തയ്ക്ക് കൂട്ടിനെത്തിയില്ല. വിവരമറിഞ്ഞ അവര്‍ ഗുരുവായൂര്‍ക്ക് ബസ് കയറി. സഹായത്തിന് അന്നാട്ടുകാരില്‍ ചിലര്‍ സ്വമേധയാ കൂടെ പോയി.

ഓര്‍മ്മ പൂര്‍ണ്ണമായും നശിച്ച നിലയിലായിരുന്നു സെയ്താലിക്ക.
മുഷിഞ്ഞ്  നാറി അസ്ഥികൂടമായ ഒരു രൂപം..

ബീവ്യാത്താടെ മനസ്സ് വിങ്ങി. ആ കൈകളില്‍ മുറുകെ പിടിച്ച് കൂടെ നടത്തി. ബസില്‍ ആ മാറിലേക്ക് ചാഞ്ഞിരുന്ന് ബീവ്യാത്ത സ്വയം നിറഞ്ഞു.

- ന്നെ ദ് വരെ ഒന്നറിയിച്ചില്ലല്ലോ യ്യി ന്‍റെ പടച്ചോനേ..

അവര്‍ ദൈവത്തോട് പരിഭവപ്പെട്ടു.

സെയ്താലിക്ക പക്ഷേ ഓര്‍മ്മകള്‍ നഷ്ടപ്പെട്ടവരുടെ മായികലോകത്തായിരുന്നു. ബീവ്യാത്തയും ആ പഴയ കുപ്പിവള നിറങ്ങളുമൊക്കെ മോഷ്ടിക്കപ്പെട്ടിരിക്കുന്നു സെയ്താലിക്കയുടെ മനസ്സില്‍ നിന്നും.

-ഞമ്മന്‍റെ രണ്ടൂട്ടരുടേം പേരിലാ ഈ പൊരേം പറമ്പും മാങ്ങ്യേക്ക്ണത്..
വീട്ടിലേക്ക് സെയ്താലിക്കായെ കയറ്റുമ്പോള്‍ ഭംഗിയുള്ള തൊണ്ണ് കാട്ടി ചിരിച്ചുകൊണ്ട് ബീവ്യാത്ത സെയ്താലിക്ക കേള്‍ക്കാനെന്നോണം പറഞ്ഞു.

സെയ്താലിക്കയെ ശുശ്രൂഷിക്കുക എന്ന തപസ്സിലേക്ക് ബീവ്യാത്ത സ്വയം അര്‍പ്പിക്കുകയായിരുന്നു. കൂനികൂടിയ ദേഹവും ചുമന്ന് ,ഒരു പരിഭവവുമില്ലാതെ, വല്ലാത്തൊരു നിര്‍വൃതിയോടെ നഷ്ടപ്പെട്ട കാലങ്ങളെ തിരിച്ചെടുക്കാനെന്നതുപോലെ അവര്‍ ഭര്‍ത്താവിനെ രാപ്പകല്‍ പരിചരിച്ചു. ബീവ്യാത്താടെ മുഖത്ത് ആ പഴയ തിളക്കം തിരികെ വന്നുവെന്ന് നാട്ടുകാര്‍..

പക്ഷേ ബീവ്യാത്തയെ തനിച്ചാക്കി സെയ്താലിക്ക വീണ്ടും യാത്രപോയപ്പോള്‍ വല്ലാത്തൊരു മൌനത്തിലേക്ക് വഴുതിവീണു അവര്‍. ആരോടും മിണ്ടാതെ കബറിസ്ഥാന്‍റെ വേലിക്കല്‍ ചെന്ന് വിദൂരയിലേക്ക് നോക്കിനില്‍ക്കും ബീവ്യാത്ത എന്നും.. തിരികെ പോരുമ്പോള്‍ വേലിപടര്‍പ്പില്‍ നിന്നും ഒരുപിടി മൈലാഞ്ചിയിലകള്‍ പറിച്ചെടുത്ത് തന്‍റെ തലയിണക്കീഴെ കൊടുന്ന് സൂക്ഷിക്കും.

ഒരു വെള്ളിയാഴ്ച്ചരാവില്‍ ഖബറിസ്ഥാനില്‍ നിന്ന് നിറയെ മൈലാഞ്ചിയിലകള്‍ പറിച്ച്കൊണ്ടുവന്ന് തന്‍റെ പായയില്‍ വിതറി ബീവ്യാത്ത. കുറച്ച് ഇലകള്‍ അരച്ചെടുത്ത് ഇരുകൈകളും മൈലാഞ്ചിയാല്‍ പൊതിഞ്ഞ് ഉറങ്ങാന്‍ കിടന്നു.
പിറ്റേന്ന്, മൈലാഞ്ചിചുവപ്പിനാല്‍ തിളങ്ങുന്ന ബീവ്യാത്തയുടെ നിശ്ചല കരങ്ങളെടുത്ത് നേരെ വെയ്ക്കുമ്പോള്‍ അന്നാട്ടുകാരുടെ കാഴ്ച്ചകള്‍ക്ക് മീതെ കണ്ണുനീരും ശബ്ദങ്ങള്‍ക്ക് മീതെ മൌനവും കൂടുകൂട്ടിയിരുന്നു.

സെയ്താലിക്കയുടെ ഖബറിനോട് ചേര്‍ന്ന് ബീവ്യാത്തയ്ക്ക് വെട്ടിയ ഖബറിലേക്ക് ഇറങ്ങി വന്നിരിക്കുന്ന മൈലാഞ്ചിവേരുകള്‍ക്ക് ബീവ്യാത്തയോളം മൊഞ്ചുണ്ടായിരുന്നെന്ന് അവര്‍ ഓര്‍മ്മകളുടെ ഇടര്‍ച്ചകളില്‍ ഇന്നുമോര്‍ക്കും.

- അമ്മേ ഉറക്കം വരുന്നു.
അച്ചുവിന്‍റെ ശബ്ദം.

- ദാ, ഭക്ഷണം കഴിച്ചോളൂ.

തിരക്കിട്ട് അച്ചുവിലേക്ക് നടക്കുമ്പോള്‍ ബീവ്യാത്തയുടെ ഒരു ഫോട്ടോ എടുത്ത് വെക്കാതിരുന്നതിലുള്ള നഷ്ടബോധമായിരുന്നു ജാക്വലിനില്‍ നിറയെ. എന്‍റെ ഫെമിനിസ്റ്റ് ഗുരു എന്ന തലക്കെട്ടോടെ ഇടുകയായിരുന്നെങ്കില്‍ എത്ര കമന്‍റ്സ് കിട്ടുമായിരുന്നു..!

39 comments:

  1. എനിക്കിഷ്ട്ടായി ഈ സമകാലീന ഫെമിനിസവും ഫെയ്സ്ബുക്ക്‌ സ്റ്റാറ്റസ് ഇടാനുള്ള വ്യഗ്രതയുമൊക്കെ.

    ReplyDelete
  2. ഫെമിനിസ്റ്റ് എന്ന സംജ്ഞയെ എത്ര ഹൃദ്യമായിട്ടാണ് താങ്കൾ അപനിർമാണം നടത്തിയിരിക്കുന്നത്?!. ആധുനിക വസ്ത്രധാരണ രീതിയിലെ 'അൽപ'ത്തമോ, അനുസരണരാഹിത്യത്തിന്റെ ഞാൻ ഭാവമോ കടന്നുവരാത്ത ഒരു ഫെമിനിസ സങ്കല്പം ബീവ്യാത്തയിലൂടെ ഇതൾ വിരിയുമ്പോൾ, സോഷ്യൽ മീഡിയത്തിലെ സെൻസേഷനലിസത്തെക്കൂടി പ്രതിക്കൂട്ടിൽ നിർത്തുന്ന കൃത്യമായ സാമൂഹ്യവിമർശനം വികാസം പ്രാപിക്കുമ്പോൾ താങ്കളുടെ വിമർശനത്തിന്റെ തൂലിക ഇരുതല മൂർച്ചയുള്ള വാളായി പരിണമിക്കുന്നുണ്ട്.
    നല്ല വായന സമ്മാനിച്ചതിന് നന്ദി.

    ReplyDelete
  3. ലൈക്‌ കിട്ടാതെ പോയ ജീവിതങ്ങൾ

    ReplyDelete
  4. കഥ പറയുന്ന ചേല്ക്ക്, അത്രമേല്‍ നാട്യ പ്രധാനമാണ് ഓണ്‍ലൈന്‍ ആക്റ്റിവിസങ്ങള്‍ എന്നത് അല്പം പരിഹാസം കലര്‍ന്ന വിമര്‍ശനമാണ്. ആശയ പ്രചരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകവും ആത്മാര്‍ത്ഥവുമായ ഇടപെടലുകള്‍ നടത്തുന്ന ആളുകള്‍ 'ഇ' ഇടത്ത് ധാരാളമായുണ്ട്‌. അപ്പോഴും ചിലയിടങ്ങളില്‍ നിന്നെല്ലാം വളരെ അപക്വമായ ഇടപെടലുകള്‍ ഈ രംഗത്തെ പ്രവര്‍ത്തനങ്ങളെ പരിഹാസ്യമാക്കുകയും ചെയ്യുന്നുണ്ട് എന്നത് സത്യമാണ്. പക്ഷെ, അത് ഇത്തരം നിരുത്തരവാദപരവും പ്രകടനപരവുമായ വിഷയ ന്യൂനീകരണത്തിലൂടെയല്ല. മറിച്ച് അത് ചിന്താപരവും ആശയപരവുമായ വ്യക്തതക്കുറവിന്‍റെയും എത്തപ്പെട്ട ബോധ്യത്തിന്റെയും ഭാഗമായി സംഭവിക്കുന്നതാണ്.

    അതില്‍ പ്രധാനമായും കണ്ടുവരുന്നത്: സ്തീപക്ഷ വായന കൈകാര്യം ചെയ്യുമ്പോൾ വിജാതീയ സ്വത്വത്തെയും അതിന്റെ ഭാവങ്ങളെയും ശത്രുപക്ഷത്ത് നിറുത്തി, മനുഷ്യജീവിതത്തെ അതിന്റെ ആസ്വാദ്യ തലത്തിൽ നിന്നും ഇറക്കിവിട്ട് യാന്ത്രികമാക്കാറുണ്ട് ചിലർ. ഇത് ഏതെങ്കിലും വിധത്തിലുള്ള ഗുണമുത്പാദിപ്പിക്കുന്നു എന്ന് ഞാൻ കരുന്നില്ല. മാത്രവുമല്ല, ഇതൊരു ശരിയായ സ്ത്രീപക്ഷ ചിന്തയുമല്ല. ആ അര്‍ത്ഥത്തില്‍ ജാക്വിലിന്‍ ബീവ്യാത്തയിലൂടെ സ്വയം വിമര്‍ശനത്തിന് തയ്യാറാകേണ്ടതുണ്ട് എന്ന് കഥ തന്നെ ഓര്‍മ്മിപ്പിക്കുമ്പോള്‍, നാട്യമേതുമില്ലാത്ത ഒരു സമരജീവിതത്തെ ശ്ലാഘിക്കുന്നുണ്ട്. കാര്യങ്ങള്‍ അങ്ങനെയൊക്കെയാകുമ്പോഴും... കഥ, കേവലം ഒരു വാക്ക് ഉപയോഗിക്കുന്ന ലാഘവത്തിലാണ് ഫെമിനിസം എന്ന ചിന്തയെ കൈകാര്യം ചെയ്തിരിക്കുന്നത് എന്ന ഒരു പോരായ്മ എഴുത്ത് ഉത്പാദിപ്പിക്കുന്ന അ/രാഷ്ട്രീയത്തിലുണ്ട് എന്നാണ് എന്റെ അഭിപ്രായം.

    എഴുത്ത് തുടരുക,
    ആശംസകള്‍.

    ReplyDelete
  5. എനിക്ക് ഈ കഥയിൽ ജാക്വലിൻ എന്ന കഥാപാത്രം വേണ്ടിയിരുന്നില്ല എന്ന് തോന്നി . ബീവ്യാത്തയുടെ ഫെമിനിസത്തിലേക്ക് എത്തിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ കഥാപാത്രം പോലെ . അവർ ഇല്ലാതെ തന്നെ ബീവ്യാത്തയിലെ ഫെമിനിസം ഇതിൽ വ്യക്തമാണ് . അതേസമയം ആന്റി ഫെമിനിസവും .

    ഞാൻ അതുകൊണ്ട് ഒരിക്കൽ കൂടി വായിച്ചു . ആദ്യവും അവസാനവും ഒഴിവാക്കിയുള്ള വായനയാണ് കൂടുതൽ ഭംഗിയായി തോന്നിയത് . എങ്ങിനെ എഴുതണം എന്നല്ല പറഞ്ഞത് . ഇങ്ങിനെയാണ്‌ എന്റെ വായനയിൽ തോന്നിയത് എന്നാണ് പറഞ്ഞത് .

    ReplyDelete
  6. ലിങ്കിന്റെ കൂടെ ഉള്ള വിവരണം കണ്ടു രണ്ടെണ്ണം പറയണം എന്ന് കരുതി വന്നു വായിച്ചതാ ദേ കിടക്കണ് പറയാൻ കരുതിയത് ഒക്കെ ഇവള് പറഞ്ഞിരിക്കുന്നു കൊള്ളാം ഇത് നന്നായി

    ReplyDelete
  7. കഥ ഇഷ്ടമായി.ആശംസകള്‍.

    ReplyDelete
  8. തീരെ ചെറിയ സംഭവങ്ങള്‍ വരെ ഊതിവീര്‍പ്പിക്കുന്ന ഒരു പ്രവണത 'ഇ' ഇടത്ത് എന്നല്ല എവിടെയും സാധാരണപോലെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ശരിയല്ല പറയുന്നത് എന്ന് സ്വയം ബോദ്ധ്യമുള്ളപ്പോഴും വായിക്കുന്നവരുടെയോ കാണുന്നവരുടെയോ പ്രീതി നേടിയെടുക്കുന്നതിന് പലതും ചിട്ടപ്പെടുത്തുന്നത് ഒരു രീതിയായി മാറിയിരിക്കുന്നു. ഇവിടെയാകുമ്പോള്‍ പ്രതികരണം നേരിട്ട് ഉടനെ ലഭിക്കുന്നു എന്നുവരുമ്പോള്‍ അതല്പം കൂടുന്നു.
    വളരെ ലളിതമായി പറയേണ്ടത് നേരെ പറഞ്ഞിരിക്കുന്നു.

    ReplyDelete
  9. ഒരു ലൈക്ക്
    ഒരു സ്മൈലി

    ReplyDelete
  10. ബീവ്യാത്ത പോയിട്ട് ഒരു ബീ എന്കിലും കേരളത്തിലെ വീടുകളിൽ ഉണ്ടായാൽ മതിയായിരുന്നു.ഫെമിനിസത്തോട് ഉള്ളതിനെക്കാളേറെ വിയോജിപ്പുണ്ട് ബീവ്യാത്തയുടെ ഫെമിനിസത്തോട്.കഥ വല്ലാതെ വലിച്ചു നീട്ടി എന്നും തോന്നി..

    ReplyDelete
  11. ബീവ്യാത്തയെ ഇഷ്ടായി ഇലഞ്ഞി... :)

    ReplyDelete
  12. ഇമ്മിണി ബല്ല്യ ഒരു ലൈക്ക്.............. (y)

    ReplyDelete
  13. ബീവാത്ത ഒരു ഹൂറി ന്നേ :)

    ReplyDelete
  14. ബീവ്യാത്ത എന്ന ശക്തമായ കഥാപാത്രത്തെ ഇത്രയേറെ അറിഞ്ഞിട്ടും ആ ജീവിതം ജാക്വലിനെ ഒട്ടും സ്വാധീനിക്കാതെപോയത് കഷ്ടമായിപ്പോയി. അവരുടെ ജീവിതം ജാക്വലിനെ സ്വാധീനിച്ചിരുന്നെങ്കിൽ എന്‍റെ ഫെമിനിസ്റ്റ് ഗുരു എന്ന തലക്കെട്ടോടെ സ്റ്റാറ്റസ് ഇട്ട് ആ വലിയ ജീവിതത്തെ പരിഹസിക്കാൻ ജാക്വലിൻ മുതിരില്ലായിരുന്നു എന്നത് എന്റെ വായന......

    ReplyDelete
  15. വല്ലാത്ത ഒരു ഒഴുക്കായിരുന്നു വായനക്ക് ഒറ്റ ശാസ്വത്തില്‍ വായിച്ചു തീര്‍ത്തു ....ഒത്തിരി ഇഷ്ട്ടത്തോടെ

    ReplyDelete
  16. നാട്യപ്രധാനമല്ലോ ലോകം!
    നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
  17. രാപ്പകല്‍ ഫേസ്ബുക്കില്‍ തപസ്സിരിക്കുന്ന, ഇതൊക്കെ വായിച്ച്
    വികലമായ ചിന്താഗതിയോടെ വളര്‍ന്നുവരുന്ന
    ഒരു പുതിയ തലമുറയെ കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ..?

    പുരുഷനെന്നാല്‍ ഇതൊക്കെയാണെന്ന്
    വായിച്ചു മനസ്സിലാക്കി പുരുഷവിദ്വേഷികളാവുന്ന പെണ്‍കുട്ടികളും
    പുരുഷനെകുറിച്ച് സ്ത്രീകള് ഇങ്ങിനെയേ
    മനസ്സിലാക്കൂവെന്ന് കരുതി സ്ത്രീവിദ്വേഷികളാവുന്ന ആണ്‍കുട്ടികളും.

    നാളെ നമ്മുടെ മക്കളടക്കം. അവരാല്‍ സൃഷ്ടിക്കപെടുന്ന കുടുംബം, സമൂഹം....!

    ReplyDelete
  18. ബീവ്യാത്ത മനസിൽ ഏറെ നാൾ തങ്ങി നിൽക്കും ഇങ്ങിനെ എത്ര ബീവ്യാത്തമാർ .. ! വളരെ നന്നായി അവതരിപ്പിച്ചു..സോഷ്യൽ മീഡിയയിലെ അഭിനവ ഫെമിൻസ്റ്റ് കൊച്ചമ്മാരുടേ കാപട്യവും ജാക്വലിന്റെ സ്റ്ററ്റസിലൂടെ തുറന്ന് കാട്ടപ്പെടുന്നു. ആശംസകൾ

    ReplyDelete
  19. ബീവാത്തയെ മാത്രം പറഞ്ഞാലും ഈ കഥ മനോഹരം തന്നെ. വായിച്ചു കഴിയുമ്പോൾ വേറെ ആരും ചിത്രത്തിൽ ഇല്ല . അഭിനന്ദനങ്ങൾ..
    അവലോകനത്തിന് അവധി എന്നാലെന്താ നല്ലൊരു കഥ ആയല്ലോ.

    ReplyDelete
  20. നന്ദി,വായിച്ച് അഭിപ്രായം പറഞ്ഞ എന്‍റെ കൂട്ടുകാര്‍ക്ക്.

    ReplyDelete
  21. ജീവിതംകൊണ്ട് സമരം ചെയ്ത് മരണത്തിലേക്ക് കയറിപോയ ബീവ്യാത്ത ഒരു ലോകം കാണിച്ചു തരുന്നു. ജീവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരുടെ ലോകം.വളരെ ഹൃദയസ്പൃക്കായ അവതരണം.

    ReplyDelete
  22. തുടക്കം ഒരു ഇഴലിച്ച .പിന്നീട് ആകാക്ഷ അവസാനം നൊമ്പരമായി ഒരു അവസാനവും. നല്ല കഥ , മുകളില്‍ പറഞ്ഞപോലെ ബീവ്യാത്തയെ മാത്രം പറഞ്ഞാല്‍; ഈ കഥ ഒന്നും കൂടി മനോഹരമായേനെ എന്ന് തോന്നി, നല്ല കഥ .

    ReplyDelete
  23. ഫേസ്ബുക്ക് ആക്റ്റിവിസത്തിത്തിനും ലൈക്കുകൾക്കായി കാട്ടിക്കൂട്ടുന്ന പ്രഹസനങ്ങൾക്കും ഒക്കെനേരേ ആക്ഷേപഹാസ്യത്തിന്റെ അരമുള്ള വക്കുകൾ...

    വായനക്കാരന്റെ മനസ്സിൽ ബീവ്യാത്ത എന്ന ശക്തമായ കഥാപാത്രത്തെ സൃഷ്ടിച്ച്, അവനിൽ ഒരു കൊച്ചുനോവും കുറേയേറെ ചിന്തകളും ഒക്കെയായി കഥപറച്ചിലിന്റെ മനോഹരമായ ഒരു തലത്തിലെത്തിച്ചിട്ട് അവിടെനിന്നും അവ്നേ പൊടുന്നനേ വലിച്ച് താഴെയിട്ടതുപോലെയായി “- അമ്മേ ഉറക്കം വരുന്നു...” എന്നത്. അവിടം മുതലുള്ള അവസാനഭാഗം വേണ്ടിയിരുന്നില്ല എന്നു തോന്നി എനിക്ക്.

    ReplyDelete
  24. ബീവ്യാത്ത മനോഹരമായി..

    ReplyDelete
  25. കഥ ഇഷ്ടമായി. ഓരോ ഗ്രാമങ്ങളിലുമുണ്ട് ഇത്തരം ഓരോ ബീവ്യാത്തമാര്‍. അവരുടെ പ്രവൃത്തികള്‍ സത്യത്തോടും നീതിയോടും ചേര്‍ന്ന് നിന്നായിരുന്നു. ഇന്നത്തെ പോലെ ഏതാനും ശ്രദ്ധിക്കപ്പെടലുകള്‍ക്ക് വേണ്ടി നടത്തുന്ന പ്രകടനപരതയായിരുന്നില്ല ബീവ്യാത്തമാരുടെ ഫെമിനിസം.

    ബീവ്യാത്തയുടെ ഒരു ഫോട്ടോയെടുത്തു എന്റെ ഫെമിനിസ്റ്റ്‌ ഗുരു എന്ന് പോസ്റ്റ്‌ ചെയ്തു ലൈക്കുകളും കമന്‍റുകളും നേടാന്‍ കൊതിക്കുന്ന ജാക്വിലിന്റെ മനസ്സ് തന്നെയാണ് ഇന്നത്തെ സൊ കാള്‍ഡ് ഫെമിനിസ്റ്റുകളുടെ പ്രകടനപരതക്കുള്ള പ്രത്യക്ഷോദാഹരണം.

    ഇനിയും ഇലഞ്ഞിപൂക്കളില്‍ നല്ല കഥകള്‍ വിരിയട്ടെ ... ആശംസകള്‍ ഷേയാ

    ReplyDelete
  26. ബീവ്യാത്ത....മാതൃക ആക്കേണ്ട കഥാപാത്രം

    ReplyDelete
  27. വായിച്ചുകഴിയുമ്പോള്‍ ബീവ്യാത്ത മാത്രമാണ് നെഞ്ചില്‍ അവശേഷിക്കുന്നത്. ബഹുമാനം തോന്നുന്ന സ്വന്തം കാലില്‍ നില്‍ക്കുന്ന വ്യക്തിത്വമുള്ള കഥാപാത്രം. ആ കഥാപാത്രത്തിന്റെ തന്മയീഭാവങ്ങളെ അവതരിപ്പിക്കാന്‍ കഴിയുന്ന ജാക്വലിന്, കമന്റുകള്‍ കിട്ടാന്‍ വേണ്ടി സ്റ്റാറ്റസിടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. തുടക്കം അങ്ങനെ ആവണമെന്നില്ലായിരുന്നു. രവിയേട്ടനുമായുള്ള സംഭാഷണം മുതല്‍ വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു. ഈ ആവിഷ്ക്കാരം വളരെ നന്നായി ഇലഞ്ഞീ....

    ReplyDelete
  28. ചതിക്കുഴിയിൽ വീണിട്ടും ആരെയും ആശ്രയിക്കാതെ ജീവിതത്തിന്റെ വൈധരണികളത്രയും തന്റേടത്തോടെ നേരിട്ട, സ്നേഹം നിഷേധിച്ചവനു സ്നേഹം പകർന്നു മധുരമായി പകരം വീട്ടിയ ബീവ്യാത്തയിലൂടെ പറയുന്നത് യഥാർത്ഥ ഫെമിനിസമാണെങ്കിൽ, സമകാലിക പരിസരങ്ങളിൽ കാണുന്ന ഫെമിസ്നിസ്റ്റു നാട്ട്യങ്ങളുടെ പൊയിമുഖമാണ് ജീക്വലിനിലൂടെ കഥാകാരി അനാവരണം ചെയ്യുന്നത്. ഒപ്പം രവിയിലൂടെ പ്രായോഗിക ജീവിതത്തിന്റെ യാഥാർത്യങ്ങളിലേക്ക് കഥ വിരൽ ചൂണ്ടുന്നു. അങ്ങിനെ കഥയിലെ ഓരോ കഥാ പാത്രങ്ങളും അവരുടെ ധർമ്മം നിർവഹിക്കുന്നു .

    സാമൂഹ്യ വിമർശനത്തിൻറെ കൂരമ്പുകൾക്കൊപ്പം ബീവ്യാത്ത എന്ന നിഷ്കളങ്കയായ ഏകാകിനിയുടെ മുഴു നീള ജീവിതംകൂടെ കുറഞ്ഞ വരികളിൽ കയ്യടക്കത്തോടെ അവതരിപ്പിക്കുന്നുണ്ട്. മികച്ച ഒരു കഥയെന്നു തന്നെ ഞാൻ പറയുന്നു..

    ReplyDelete
  29. beautiful......
    satire,criticism,humor and
    facts....:)..like....

    ReplyDelete
  30. ഫെമിനിസ്സത്തിനൊരു പുതിയ മാനം നൽകിയ ബീവ്യാത്തയെ നിയ്ക്കും ഇഷ്ടമായി.. അവരിലേയ്ക്ക്‌ എത്തിച്ചേരാൻ സൃഷ്ടിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയമായില്ലെന്ന് ന്റെ വായന.. ഇനിയും നല്ല കഥകൾ ഈ പൂമരതണലിൽ പൂക്കുവാൻ ആശംസകൾ സ്നേഹൂ...സ്നേഹം.

    ReplyDelete
  31. ഹൃദയഹരിയായ കഥ ബീവ്യാത്ത മാത്രം മനസിൽ നിൽക്കുന്നു ഇപ്പോൾ ... പച്ചയായ ജീവിതത്തെ നേരിട്ട് ജീവിച്ച എത്രയോ ബീവ്യാത്തമാർ .. ഇനിയും കഥ തുടരും..

    ReplyDelete
  32. പ്രകടനപരത ഉള്ളവരും ഉണ്ടാവും, ഇല്ലാത്തവരും ഉണ്ടാവും. ഫേസ്ബുക്കിലും ഉണ്ടാവും.വ്യവസ്ഥയോട് എത്ര കടുത്ത പ്രതിഷേധം ഉള്ളിൽ സൂക്ഷിക്കുമ്പോഴും, അതെല്ലാം ഉള്ളിലമർത്തി ജീവിച്ചു പോകുന്നവരല്ലേ സമൂഹത്തിലെ നല്ലൊരു ശതമാനവും ? പ്രതിഷേധിച്ചാൽ, തിരിച്ചിങ്ങോട്ട് പ്രശ്നമൊന്നുമുണ്ടാവില്ല എന്നിടത്തൊക്കെ നമ്മളൊക്കെ അതു ചെയ്യാൻ ധൈര്യപ്പെടുകയും ചെയ്യും. ഫേസ് ബുക്കിലെ വിപ്ലവപേച്ചുകളെ അങ്ങനെയാണ് ഞാൻ കാണുന്നത്.

    ബീവ്യാത്തയെ കുറിച്ച് പറയാൻ ജാകിലിനെ കൂടി കൊണ്ടുവന്നപ്പോൾ കഥയ്ക്ക് ഒരു ഇഴച്ചിൽ അനുഭവപ്പെട്ടു. ഇരുവരുടെയും കഥകൾക്കും പുതുമ തോന്നിയതുമില്ല. 'വായിച്ചു പോകാം' എന്നു മാത്രമേ തോന്നിയുള്ളു.ജാക്വിലിനെ കുറിച്ചുള്ള ആക്ഷേപഹാസ്യത്തിനു മൂർച്ച അനുഭവപ്പെട്ടില്ല.

    ReplyDelete
  33. സേതുലക്ഷ്മിJanuary 22, 2014 at 9:57 AM

    പതിവ് പോലെ നന്നായി എഴുതി,ഷേയ. എങ്കിലും ബീവ്യാത്തയുടെ കഥ മാത്രം പറഞ്ഞിരുന്നെങ്കില്‍ കുറച്ചു കൂടി മുറുക്കവും ഭംഗിയും കൂടിയേനെ എന്നും തോന്നി.

    ReplyDelete
  34. ഇഷ്ടം ഷേയൂ.....!

    ReplyDelete
  35. ജീവിതം എല്ലാവര്‍ക്കും ഒരുപോലെയല്ലല്ലോ .പക്ഷെ മതാവാകുവാന്‍ ആഗ്രഹിച്ചിട്ടും അതിന്‌ കഴിയാതെപോകുന്ന ചില സഹോദരികളുണ്ട് നമ്മുടെ സമൂഹത്തില്‍ .അങ്ങിനെയുള്ളവര്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപെടുകയാണ് പതിവ് .പിന്നീട് ജീവിതത്തില്‍ അവര്‍ അനുഭവിക്കുന്ന ഒറ്റപെടലുകള്‍ അസഹ്യമായതാണ് .ആശംസകള്‍

    ReplyDelete
  36. നന്നായിരിക്കുന്നു, ആശംസകൾ

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!