Friday, March 15, 2013

ടൈഫൂണ്‍ - ഖ്വൈസ്റ ഷഹറാസ്



നോവല്‍   
വിവര്‍ത്തനം : ഷീബ ഇ.കെ 
പ്രസാധകര്‍ : ഡിസി ബുക്ക്സ് 
വില: 130 രുപ

കാലം പറത്തി വിടുന്ന ചില ചുഴലിക്കാറ്റുകളുണ്ട്. സമയത്തിന്റെ ആത്മാവില്‍ ആഴത്തില്‍ വേരുകളൂന്നി, മാനംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന പര്‍വ്വതക്കൂട്ടങ്ങളെ തന്നെയായിരിക്കും ചിലപ്പോഴെങ്കിലും അവ കടപുഴക്കിയെറിയുന്നത്. ചരിത്രത്തിന് പോലും ഉറക്കം നടിക്കേണ്ടി വരുന്ന ഒരു കാലഘട്ടമാവും ഈ സംഹാര താണ്ഡവത്തിന്റെ അവശിഷ്ട ഉല്പന്നം. പറത്തിവിട്ട കാറ്റിനെ തിരിച്ചുപിടിക്കാനാവാതെ കല്പാന്തകാലം വരെ പശ്ചാത്തപിക്കേണ്ടിവരുന്ന കാലത്തിന്‍റെ ദുര്‍ഗ്ഗതിയോര്‍ത്ത്, കലിയടങ്ങിയ കാറ്റുപോലും പിന്നീട് പരിതപിക്കാറുണ്ടാവാം.

ചില മനുഷ്യജന്മങ്ങളിലേക്കും കാലം വിധിയുടെ ഉടുപ്പണിയിച്ച് ചുഴലിക്കാറ്റിനെ പറത്തിവിട്ട് രസിക്കാറുണ്ട്. അപ്രതീക്ഷിത കറക്കത്തില്‍ ആടിയാടി നിലമ്പരിശാകുന്ന ജീവിതങ്ങളെ നോക്കി ആര്‍ത്തട്ടഹസിക്കുന്ന കാറ്റിനൊപ്പം ചിരിച്ച് മടുക്കുമ്പോള്‍ ഒരു ബോധോദയം പോലെ എല്ലാം നേരെയാക്കാന്‍ ഒരു വിഫലശ്രമം കാലം നടത്തും. പോയ കാലത്തെ തിരിച്ചു പിടിക്കാനാവില്ലെന്ന പരമാര്‍ത്ഥം കൊടുംങ്കാറ്റിനൊടുവിലെ അവശിഷ്ട കൂമ്പാരങ്ങള്‍ പോലെ കാലത്തിനുമേല്‍ കല്ലിച്ചുകിടക്കും.

ടൈഫൂണ്‍ എന്ന നോവല്‍ വയിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിലുടക്കിയത് വിധിയുടെ ചുഴലിപ്രവാതം തന്നെയാണ്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ചിരാഗ്പൂര്‍ എന്ന കുഗ്രാമത്തിന്‍റെ പാശ്ചാത്തലത്തില്‍ ഒരുകൂട്ടം സ്ത്രീകളുടെ കഥ പറയുകയാണ് ടൈഫൂണ്‍ എന്ന ഇംഗ്ലീഷ് നോവലിലൂടെ പാക്കിസ്ഥാനില്‍ ജനിച്ച് ബ്രിട്ടനിലേക്ക് ഒന്‍പതാം വയസ്സിലേ കുടിയേറിപാര്‍ത്ത ഖ്വൈസറ ഷഹറാസ് എന്ന എഴുത്തുകാരി.



ഏറെ പ്രശസ്തമായ ‘ദ ഹോളി വുമണ്‍’ എന്ന ആദ്യനോവലിനു ശേഷം ഖ്വൈസറ ഷഹറാസെഴുതിയ നോവലാണ് ടൈഫൂണ്‍. ആദ്യനോവലിനോടുള്ള  പ്രണയമാണ് അതിന്‍റെ തുടര്‍ച്ചയെന്നോണം, എന്നാല്‍ സ്വതന്ത്രമായൊരു കഥയായിതന്നെ ടൈഫൂണെഴുതാന്‍ അവരെ പ്രേരിപ്പിച്ചതത്രെ. അത്രകണ്ട് ആദ്യനോവലിലെ കഥാപാത്രങ്ങളും പാശ്ചാത്തലവും അവരുടെ മനസ്സില്‍ ജീവിച്ചിരുന്നിരിക്കാം. വിവിധഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ടൈഫൂണ്‍ മലയാളീകരിച്ചിരിക്കുന്നത് ഷീബ ഇ കെ ആണ്.

കാലവും കോലവും മതവും പാശ്ചത്തലവും എല്ലാം മാറിയാലും മനുഷ്യജന്മങ്ങള്‍ ലോകത്തെമ്പാടും ചില സാമാനതകള്‍ കാത്തുസൂക്ഷിക്കാറുണ്ടെന്ന് ഈ നോവല്‍ ഓര്‍മ്മപ്പെടുത്തും. എത്രകണ്ട് മാറ്റിച്ചാലിച്ചാലും രൂപപ്പെടുന്ന വര്‍ണ്ണസമാനതകളുള്ള ഛായക്കൂട്ടുകള്‍ പോലെ അവ ഒട്ടുമിക്ക ജനകൂട്ടായ്മകള്‍ക്കും ഒരു പൊതുക്കാഴ്ച്ചയേകും. അതുകൊണ്ടുതന്നെയാണ് അങ്ങ് പാക്കിസ്ഥാനിലെ ഉള്‍ഗ്രാമമായ ചിരാഗ്പൂര്‍ ഗ്രാമവും തദ്ദേശവാസികളും ജീവിതവുമെല്ലാം വായനക്കാരന് ഏറെ പരിചിതമായി തോന്നുന്നത്.

ഇരുളിമായര്‍ന്ന ഭൂതകാലത്തെചൊല്ലി നീറി, ചുടലസമാനമായി ജീവിക്കുന്ന മൂന്ന് സ്ത്രീകഥാപാത്രങ്ങളുടെ തീവ്രവേദനയിലൂടെ വികസിക്കുന്ന കഥയില്‍ വരച്ചുകാട്ടുന്ന അനേക കഥാപാത്രങ്ങളിലൂടെ ഒരു ഗ്രാമത്തിന്‍റെ തന്നെ കഥയാണ് പറയപ്പെടുന്നത്. ചിരഞ്ജീവികളായ പ്രണയത്തിന്‍റേയും  സമൂഹത്തിലെ അനാചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും പവിത്രമായ മതനീതികളിലെ മാനവകൈക്കടത്തലുകളുടേയുംഎല്ലാം കഥയാണ് ടൈഫൂണ്‍.


നജ്മാന എന്ന നാഗരിക യുവതി അവധിക്കാലം ചിലവഴിക്കാനായി തന്‍റെ അമ്മായിയെ തേടി ചിരാഗ്പൂരിലെത്തുന്നതോടെ വീശിയടിക്കപ്പെടുന്ന ‘ചുഴലിക്കാറ്റ്‘ പിന്നീട് ചുഴറ്റിയെറിയുന്നത് പല മനുഷ്യ ബന്ധങ്ങളേയുമാണ്. അവിചാരിതമായി അവിടെ വെച്ച്  തന്‍റെ ഭര്‍ത്താവായ ഹാരൂണിനെ വര്‍ഷങ്ങള്‍ക്ക് ശേഷം  മറ്റൊരുവളുടെ ഭര്‍ത്താവായി  കാണപ്പെടുന്നതും, പ്രണയത്തിന്‍റെ വറ്റാത്തൊരു നീരുറവ ഇരുവരുടേയും മനസ്സിലപ്പോഴും ആര്‍ദ്രതയോടെ ഒഴുകുന്നുണ്ടെന്ന തിരിച്ചറിവും അതുണ്ടാക്കുന്ന അനേകം  പ്രശ്നങ്ങളും ഹാരൂണിന്‍റെ രണ്ടാം ഭാര്യയായ  ഗുത്ഷന് അതുണ്ടാക്കുന്ന അളവറ്റ നഷ്ടങ്ങളും എല്ലാം ചേര്‍ന്ന് നോവല്‍ പുരോഗമിക്കുന്നു.

പരിഷ്കാരിയായ നജ്മാനയെ അകരാണമായി വെറുത്തിരുന്ന ഗ്രാമവാസികള്‍  ഒന്നടങ്കം  ഒരു കാരണം കിട്ടിയപ്പോള്‍ ഗ്രാമത്തലവനായ ബാബ സിറാജ് ദിന്‍റെ നേതൃത്വത്തില്‍ ഗ്രാമക്കച്ചേരി കൂടി ഹാറൂണിനേയും നജ്മാനയേയും മുത്തലാഖ് ചൊല്ലിച്ച് എന്നത്തേക്കുമായി വേര്‍പ്പെടുത്തി. പിന്നീട് ആ കടുത്ത തീരുമാനം തെറ്റായി പോയെന്ന തിരിച്ചറിവ് ഗ്രാമപ്രമുഖനെയടക്കം ഗ്രാമത്തെ മുഴുവന്‍ പാശ്ചാത്തപ വിവശരാക്കുന്നു. മറ്റൊരു സ്ത്രീക്ക് വേണ്ടി സ്വയം കുരുതിക്ക് തയ്യാറായ നജ്മാന തകര്‍ന്ന മനസ്സോടെ തനിക്കേറ്റവും പ്രിയപ്പെട്ട ഹാരൂണിനൊപ്പം  തന്‍റെ പ്രിയപ്പെട്ട പലതും ഗ്രാമത്തിലുപേക്ഷിച്ച് തിരിച്ചുപോവുന്നു.

കാലം തല്ലിക്കെടുത്തിയെന്ന് അഹങ്കരിച്ച ചുഴലിക്കാറ്റ് അപ്പോഴും പലഹൃദയങ്ങളിലും ഹുങ്കാരത്തോടെ വീശിയടിക്കുന്നുണ്ടായിരുന്നു.   ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം മരണാസന്നനായ ബാബ സിറാജ് ദിന്‍റെ അപേക്ഷ പ്രകാരം തിരിച്ചു ഗ്രാമത്തിലെത്തുന്ന നജ്മാനയെ കാത്ത് പതിന്മടങ്ങ് ശക്തിസംഭരിച്ച് ഒളിഞ്ഞിരുന്നിരുന്ന  ചുഴലിക്കാറ്റിനെ മുന്‍കൂട്ടികാണാന്‍ ആര്‍ക്കും കഴിയാതിരുന്നത് കാലത്തിന്‍റെ കളിയാകാം, കരുതലാകാം..

എന്‍റെ വായനയിലൂടെ ടൈഫൂണ്‍ എന്ന നോവലിനെ വിലയിരുത്തുകയാണെങ്കില്‍, ഇരുന്നൂറ്റി പതിനഞ്ച് പേജുകളുള്ള  പുസ്തകം ഒറ്റദിവസം കൊണ്ട് വായിച്ചു തീര്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ച ഒരാകര്‍ഷണീയത ആ കഥയിലുണ്ട്. പക്ഷേ  വലിയ ഭാഷാ സൌന്ദര്യമൊന്നും അവകാശപ്പെടാനില്ലാത്ത, ഉദ്വേഗത്തോടെ വായിച്ച് പോകാനാവുന്ന ഒരു നല്ല നോവല്‍. എന്നും പറയേണ്ടിവരും. ഇനിയും ഒരുപാട് ആഴത്തില്‍ പറയാന്‍ സാധ്യതകള്‍ ഉണ്ടായിരുന്ന ഒരു കഥ . ഒരുപക്ഷേ തന്‍റെ ബാല്യത്തിലേ  പാകിസ്ഥാന്‍ വിട്ടതുകൊണ്ടാവും ആ ഗ്രാമപാശ്ചാത്തലവും ഗ്രാമീണജീവിതവുമെല്ലാം ആഴത്തില്‍ സ്പര്‍ശിക്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടില്ല എന്നാണെനിക്ക് അനുഭവപ്പെട്ടത്. സംഭാഷണങ്ങള്‍ക്ക് പലയിടത്തും ഒരു നാടകീയത അനുഭവപ്പെട്ടത്, വിവര്‍ത്തനത്തില്‍ നൂറ് ശതമാനം സത്യസന്ധതപാലിക്കപ്പെടാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നിരിക്കാം. ഒന്നുകൂടി മലയാളിത്വത്തോടെ അവ അവതരിപ്പിച്ചിരുന്നെങ്കിലെന്ന് വായനയില്‍ പലയിടത്തും തോന്നി. എന്‍റെ മാത്രം വായനാതോന്നലുകളാവാം ഇവ.

സ്ത്രീ മനസ്സുകളുടെ വിചാരവികാരങ്ങളെ ഒപ്പിയെടുത്തിരിക്കുന്നത് അങ്ങേയറ്റം തന്മയത്വത്തോടെയാണ്. ഒരുപാട് സ്ത്രീ മനസ്സുകളിലൂടെ, ജീവിതങ്ങളിലൂടെ, സ്വഭാവങ്ങളിലൂടെ എഴുതിചേര്‍ക്കപ്പെടുന്ന ടൈഫൂണ്‍ പാകിസ്ഥാന്‍ ഉള്‍ഗ്രാമങ്ങളുടെ മാത്രമല്ല, നമുക്കേറെ പരിചിതമായ ഗ്രാമപ്രദേശങ്ങളുടേയും ചിരപരിചിതരായ ചിലരുടേയും കഥകൂടിയാണ്. അതുകാരണമായിരിക്കാം കുത്സുംബീബിയേയും നയിമതിനേയും പോലെയുള്ളവര്‍ വായനക്കാരന് അപരിചതരല്ലാതായി തീരുന്നത്.


ഒരു ചുഴലിക്കാറ്റിനാല്‍ കടപ്പുഴക്കപ്പെടുന്നവയുടെ ആത്മാക്കള്‍ ചേക്കേറുക കാലത്തിന്‍റെ ഏത് ചില്ലയിലായിരിക്കും? ജീവിച്ച് മതിവരാത്ത ആഗ്രഹങ്ങള്‍ തൂങ്ങിയാടുന്ന വിധിയുടെ ചില്ലകള്‍ക്ക് ഭാരം അനുഭവപ്പെടുന്നുണ്ടാവുമൊ..?
അറ്റമില്ലാതെ
അനശ്വരതയിലേക്കു
നീളുന്ന
ഒരു കടലാസ് ചുരുള്‍
പോലെയാണെന്‍റെ ജീവിതം
തുടക്കം മുതല്‍ ഒടുക്കം വരെ
അതിലെഴുതിയിരിക്കുന്നു,
“എന്നെ വിട്ടു പോകരുതേ.....”
                                                      -ജലാലുദ്ദീന്‍ റൂമി-