Friday, September 14, 2012

ചെറോണ!ചെറോണയെ അറിയില്ലേ?

പയ്യാങ്കര ഗ്രാമത്തിലേക്കൊരിക്കല്‍ വന്നവര്‍ ചെറോണയെ മറക്കില്ല.

നിര തെറ്റിയ ചിന്തകളും ചുറ്റും പാറിപ്പറക്കുന്ന ഭയങ്ങളും ചിതറികിടക്കുന്ന വിവിധ വികാരങ്ങളുമെല്ലാം ചേര്‍ന്ന് കാടുപിടിച്ചുകിടക്കുന്ന അവരുടെ മനസ്സിന്‍റെ നേര്‍ചിത്രം പോലെ, ജഡപിടിച്ച് ഒരു വൈക്കോല്‍കൂനയെ ഓര്‍മ്മിപ്പിച്ച് തലനിറഞ്ഞു നില്‍ക്കുന്നുണ്ട് അഴുക്കും പേനും നിറഞ്ഞ മുടി.

മുറുക്കാന്‍ നിറഞ്ഞ വായയിലെ ഒരിക്കലും വൃത്തിയാക്കാത്ത കറുകറുത്ത പല്ലുകളും ചുണ്ടിന്‍റെ ഇരുവശത്തേക്കും ചാലുകീറിയൊഴുകുന്ന ചുമന്ന തുപ്പലും ഇല്ലാതെ ചെറോണയുടെ ചിത്രം പൂര്‍ത്തിയാവില്ല.

കീറിപറിഞ്ഞ, നിറം മനസ്സിലാകാത്തവിധം നരച്ച ഷര്‍ട്ടും ഒരു അടിപ്പാവാടയുമിട്ട് കവലയിലും നാട്ടുവഴികളിലും, വേലിപടര്‍പ്പില്‍നിന്നും പൊട്ടിച്ചെടുത്ത ഏതെങ്കിലുമൊരു ഇലയും വായിലിട്ട് കടിച്ചുപറിച്ച് നടക്കുന്ന ചെറോണയാണ് പയ്യാങ്കര ഗ്രാമത്തിന്‍റെ അച്ചുതണ്ട്.

ചെറോണയ്ക്ക് കൊടുക്കുമെന്ന് ഭയപ്പെടുത്തി കുട്ടികളെ അനുസരിപ്പിക്കാന്‍, പഴകിപുളിച്ച ഭക്ഷണാവശിഷ്ടങ്ങള്‍ നശിപ്പിച്ചുവെന്ന കുറ്റബോധം ഒഴിവാക്കി ചെറോണയ്ക്കായി മാറ്റിവെക്കാന്‍, മോഷണം നടന്നാല്‍ ചെറോണയ്ക്ക് നേരെ കൈ ചൂണ്ടാന്‍, മാലിന്യകൂമ്പാരങ്ങളെ ചെറോണയോടുപമിക്കാന്‍, മാന്യരുടെ മാന്യത കാട്ടി ചെറോണയെ കാണുമ്പോള്‍ മൂക്ക് പൊത്തി ആഞ്ഞൊന്ന് തുപ്പാന്‍, രാത്രിയുടെ മറവില്‍ മാലിന്യമൊളിപ്പിച്ച് കുടുംബത്തില്‍ പിറന്നവന്‍റെ ദാഹം തീര്‍ക്കാന്‍.. എല്ലാം എല്ലാം ചെറോണയെന്ന അച്ചുത്തണ്ടില്ലാതെ പയ്യാങ്കര നിവാസികള്‍ക്കാവില്ല.

നാഴികയ്ക്ക് നാൽപ്പതുവട്ടം ആ ഭ്രാന്തിയങ്ങിനെ ആ കവലയില്‍ ചുറ്റികറങ്ങും. നാട്ടുവഴികളിലൂടെ തിരക്കുപിടിച്ച് നടക്കും. മാലിന്യകൂനയില്‍ തിരഞ്ഞുകൊണ്ടിരിക്കും. ഭക്ഷണാവശിഷ്ടങ്ങളെന്തെങ്കിലും കിട്ടിയാല്‍ പട്ടിയ്ക്കും പക്ഷികള്‍ക്കും മുന്‍പേ അതെടുത്ത് ഭക്ഷിക്കും.

തിരക്കുപിടിച്ച നടത്തത്തിനിടയില്‍ ചിലപ്പോള്‍ വേലിപടര്‍പ്പുകളിലേക്ക് സാകൂതം നോക്കി നില്‍ക്കും. ചെടികളിലെ ചിലന്തിവലകളില്‍ കുടുങ്ങിയ ഇരകളെ തെല്ലൊരാവേശത്തോടെ എടുത്ത് പുറത്തേക്കിടും.എന്നിട്ട് ഉറക്കെയുറക്കെ ചിരിക്കും. എന്തോക്കയോ പിറുപിറുത്ത് പിന്നെ പതിയെ നിലവിളിക്കും. പിന്നേയുമെന്തോ ഓര്‍ത്തെന്ന പോലെ തലയൊന്ന് കുടഞ്ഞ് നിശബ്ദം നടത്തം തുടരും.

ചില വഴിനടത്തങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ഏതെങ്കിലുമൊരു വീടിന്‍റെ പടികടന്ന് അകത്തേക്ക് വരും, ഉമ്മറത്തിരിക്കുന്നവരെയോ അവര്‍ ചോദിക്കുന്നതിനേയോ ശ്രദ്ധിക്കാതെ തൊഴുത്തിലേക്കോ വിറകുപുരയിലേക്കോ കയറി ചിലന്തിവലകളില് സാകൂതം പരിശോധിക്കും, വല്ല പ്രാണികളും കുടുങ്ങി കിടപ്പുണ്ടെങ്കില്‍ എടുത്ത് പുറത്തേക്കിടും, കറുത്തപല്ലുകാട്ടി തുറന്ന് ചിരിക്കും.

ചിലന്തികള്‍ വലനെയ്യുന്നതും നോക്കി ചെറോണ എത്ര നേരം വേണമെങ്കിലും അനങ്ങാതെ നില്‍ക്കും. അതു നോക്കിനില്‍ക്കുമ്പോള്‍ മാത്രം ചെറോണയുടെ മുഖം കറുത്തിരുളും. എന്തോ ചിന്താഭാരത്താല്‍ മുഖപേശികള്‍ വലിഞ്ഞു മുറുകും.വായിലിട്ട മുറുക്കാന്‍ ചവക്കാന്‍ മറക്കും.

“എന്തിനാ ചേറോണേ യ്യിങ്ങനെ വൃത്തീം മെനേല്ല്യാതെ നടക്കണേ, ന്നാ സോപ്പ്, ആ തോട്ടില്‍ പോയൊന്ന് തേച്ച് കുളിയ്ക്ക്, നാറീട്ടുവയ്യ”
എന്നോ മറ്റോ ഏതെങ്കിലും വീട്ടുകാരി ഉപദേശിച്ചാല്‍ ചില സമയമങ്ങളില്‍ ചെറോണ മറുപടി പറഞ്ഞെന്നിരിക്കും.

" അമ്പ്രാട്ടിക്ക്യെന്താ അടിയനെ നാറണത്, അമ്പ്രാന്‍ ന്ന് പുലച്ചേകൂടി അടിയന്‍റടുത്ത് വന്ന് കിടന്നപ്പോ നാറ്ണ്ന്ന് പറഞ്ഞില്ലല്ലോ. അമ്പ്രാട്ടിക്ക് വെക്കനെ തോന്നാ. എറോണക്ക് കുളിക്കണ്ടാ..! "

ആ തമ്പ്രാന്‍ തമ്പുരാട്ടിയുടെ ഭര്‍ത്താവാകാം, മകനാവാം, അച്ഛനാവാം, ആങ്ങളയാവാം. ചെറോണയ്ക്ക് പയ്യാങ്കര ഗ്രാമത്തില്‍ എല്ലാ മുതിര്‍ന്ന ആണുങ്ങളും തമ്പ്രാനും സ്ത്രീകള്‍ തമ്പ്രാട്ടികളുമാണ്. പിന്നേയും എന്തെങ്കിലുമൊക്കെ ചോദിച്ചറിഞ്ഞാല്‍ ചെറോണയ്ക്ക് വിശദീകരിക്കാന്‍ പലതുമുണ്ടാവും. പകല്‍വെളിച്ചത്തില്‍ കാര്‍ക്കിച്ച് തുപ്പിയ പലതമ്പ്രാക്കന്മാരും രാത്രി നെയ്ത ഇരുട്ടിന്‍റെ വലയില്‍ തുപ്പലിന്‍റെ ഒട്ടലുള്ള വില്ലേജാപ്പീസിന്‍റെ പിറകില്‍ താനെന്ന ഇരയെ തേടി ചിലന്തികളായി വരുന്നത്, ഊഴം കാത്ത് അനുസരണയുള്ള ചിലന്തികളായി കാത്തിരിക്കുന്നത്..അങ്ങിനെ പലതും.

അപ്പോള്‍ ചെറോണയ്ക്ക് ഭ്രാന്തില്ല, വരുന്നവരേയും പോവുന്നവരേയും നല്ല നിശ്ചയമാണ്. നെറ്റിയിലേക്കിറങ്ങി വരുന്ന മുഴുത്ത പേനുകളെ തപ്പിയെടുത്ത് നഖത്തില്‍വെച്ച് ഇറുക്കികൊന്നുകൊണ്ട് അവള് കിടന്ന് കൊടുക്കുമ്പോള്‍ ആര്‍ക്കും കാര്‍ക്കിച്ചു തുപ്പാന്‍ തോന്നാറില്ല ചെറോണയെ.

കേള്‍ക്കാനിഷ്ടമില്ലാത്ത പലതും കേള്‍ക്കേണ്ടിവരുമെന്നോര്‍ത്തോ എന്തോ സ്ത്രീകളേറേയും ചെറോണയോടധികമൊന്നും ഉപദേശത്തിന് ചെല്ലാറില്ല.

“അസത്ത് എങ്ങനാ വേണ്ടേച്ചാ നടന്നോട്ടെ, അന്തോം കുന്തോമില്ലാതെ വായേ തോന്നണതൊക്കെ വിളിച്ച് പറയും” എന്ന് സ്വയം സമാധാനിച്ച് തിരിച്ചു നടക്കുമെങ്കിലും ചെറോണ നുണ പറയാറില്ലെന്ന് അവിടുത്ത്കാര്‍ക്കൊക്കെ അറിയാം.

ഒരു ദിവസം ചെറോണയുടെ ഗ്രാമവഴികളിലൂടെയുള്ള പതിവ് നടത്തം കണ്ടില്ലെങ്കില്‍ നാട്ടുകാര്‍ക്കറിയാം സംഭവിച്ചതെന്തായിരിക്കുമെന്ന്. വെയിലായാലും മഴയായാലും കൂസാതെ നടക്കുന്ന ചെറോണ വര്‍ഷത്തിലൊരു ദിവസമേ നടത്തം മുടക്കൂ. അന്നവളെ കാണാന്‍ പാടവരമ്പിലെ കൈതകൂട്ടത്തിനരികില്‍ പോയി നോക്കിയാല്‍ മതി. പേറ്റുനോവിന്‍റെ ക്ഷീണം മുഴുവന്‍ പെയ്തൊഴിക്കാന്‍ അവളാ കൈതകൂട്ടില്‍ ചുരുണ്ടുകിടക്കുന്നുണ്ടാവും.

പക്ഷേ ആരുമാ കാഴ്ച്ച കാണാന്‍ ആ വഴി പോവാറില്ലെന്ന് മാത്രമല്ല, കൈതത്തോട് വഴി പോവേണ്ടവര്‍ ചെറോണയെ കാണാതാവുന്ന ദിവസം വഴി മാറി നടക്കും. അന്ന് ചെറോണ പല സത്യങ്ങളും വിളിച്ചു പറയും. തന്‍റെ കുഞ്ഞിന്‍റെ തന്ത ആരൊക്കെയാവാം എന്ന സത്യം വരെ.

പിറ്റേന്ന് പുലര്‍ച്ചതൊട്ടേ ചെറോണയെ പതിവുപോലെ കവലയില്‍ കാണാം. കാലിലൂടേയും ഉടുത്തിരിക്കുന്ന പാവാടയിലൂടെയും രക്തമൊലിച്ചിറങ്ങുന്ന കോലം കണ്ട്
സഹിക്കാനാവാതെ ആരെങ്കിലും പഴയ തുണി കൊടുത്താല്‍ അവളൊന്ന് മലര്‍ക്കെ ചിരിച്ചുകൊണ്ടത് വാങ്ങിക്കും. പാവാട കിട്ടിയാലൊന്ന് മാറിയുടുക്കും. ആകെ കൂടി ചെറോണ വസ്ത്രം മാറ്റുന്നതിങ്ങിനെയാണ്.

നുരഞ്ഞിറങ്ങുന്ന മുലപ്പാല്‍ പിഴിഞ്ഞുകളഞ്ഞുകൊണ്ടവള്‍ കവലയിലൂടെ പൊട്ടിച്ചിരിച്ച് പിന്നേയും നടക്കും. ആ ദിവസങ്ങളില്‍ രാവും പകലും പയ്യാങ്കര ഗ്രാമം മുഴുവന്‍ ചെറോണയുടെ പൊട്ടിച്ചിരികള്‍ കേള്‍ക്കാം, അട്ടഹാസങ്ങള്‍ കേള്‍ക്കാം. ഉറക്കെ എന്തോക്കയോ വിളിച്ച് പറഞ്ഞ് രാത്രിയുടെ ഉറക്കത്തെ പരിഹസിച്ചവള്‍ ഇറങ്ങി നടക്കും.

അപ്പോഴും ചെറോണ മറക്കാത്ത ഒന്നുണ്ട്, ചിലന്തിവലകളിലെ പ്രാണികളെ രക്ഷിക്കാന്‍., ചിലന്തികള്‍ സശ്രദ്ധം വലനെയ്യുന്നത് നോക്കി നില്‍ക്കാന്‍.,.. ഇരയെ കാത്ത് വലയില്‍ പതുങ്ങിയിരിക്കുന്ന ചിലന്തികളെ അവള്‍ക്കപ്പോഴും പേടിയാണ്. അവയെ നോക്കുമ്പോള്‍ ചെറോണയുടെ കണ്ണില്‍ ഭയം തിരയടിക്കും. ചുമന്ന് ചുളുങ്ങിയ ചുണ്ടുകള്‍ ഒരുവശത്തേക്ക് കോടിപോവും.

പെറ്റ പെണ്ണിന്‍റെ കൈകളില്‍ കുട്ടിയെ തിരയേണ്ട. പ്രസവിച്ച് മണിക്കൂറുകള്‍ക്കകം ചെറോണ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലും. തോട്ടുവക്കത്ത് കൈതകൂട്ടില്‍ കൈകൊണ്ട് മണ്ണ് മാന്തിയതിനെ കുഴിച്ചിടും. കൈതകൂട്ടില്‍ വലകെട്ടിയ ഒരു ചിലന്തിയെ തഞ്ചത്തില്‍ കൊന്ന് ആ മണ്‍കൂനയുടെ മുകളില്‍ വെച്ച് കൈ കൊട്ടി ചിരിക്കും.

ഇതെത്രാമത്തെ പ്രസവമാണെന്ന് ചെറോണയ്ക്കൊ നാട്ടുകാര്‍ക്കോ അറിയില്ല. എല്ലാ വര്‍ഷവും ചെറോണ പ്രസവിക്കും. പ്രസവതലേന്ന് വരെ അവള്‍ ‘അമ്പ്രാക്കന്മാരെ’ അനുസരിക്കും, അമ്പ്രാട്ടിമാരുടെ ശാപവാക്കുകള്‍ സ്വീകരിക്കും. പ്രസവിച്ച കുഞ്ഞുങ്ങളെ അവളിതുവരെ ആരേയും കാണിച്ചിട്ടില്ല. അതുകൊണ്ട് നാട്ടുകാര്‍ക്ക് മുഖഛായ എന്നൊരു പേടിയില്ല. ഭ്രാന്തിയെന്ന നിലയില്‍ കൊലപാതകത്തിന് കേസും കൂട്ടവുമില്ല. പോലീസുകാര്‍ തിരിഞ്ഞുനോക്കാറില്ല, ആരും കേസുകൊടുക്കാറുമില്ല. പോലീസുകാരടക്കം എല്ലാവരും ‘അമ്പ്രാക്കന്‍‘മാരാണല്ലൊ!

“അവനാന്‍റെ വയറ്റില്‍ പിറന്ന കുഞ്ഞിനെ എന്തിനാ ചെറോണെ ഇങ്ങിനെ കണ്ണീചോരല്ല്യാണ്ടെ കൊല്ലണേ” എന്ന് ആരെങ്കിലും ചോദിച്ചാ ചെറോണയതിന് ചിരിച്ചോണ്ട് മറുപടി പറയും.

"അതൊരു പ്രാണ്യേര്‍ന്നമ്പ്രാ. എട്ടാല്യോളിറങ്ങും അന്ത്യായാ. എന്നിട്ടോറ്റേടെ ചോര ജീവനോടൂറ്റി കുടിക്കും. അട്യേനത് കാണാന്‍ വയ്യമ്പ്രാ. അട്യേനാ പ്രാണീനെ രസ്സിച്ചതാമ്പ്രാ..”

കേട്ടുനില്‍ക്കുന്നവനൊന്നും മനസ്സിലായില്ലെങ്കിലും ചെറോണയ്ക്കെല്ലാം മനസ്സിലാവും. രാത്രിയില്‍ ചിലന്തിവല നെയ്യുന്ന ഇരുട്ടും, രാത്രിവലയിലൂടെ പുറത്തിറങ്ങുന്ന ചിലന്തികളും, ചിലന്തികള്‍ക്കിരയാവുന്ന പ്രാണികളും എല്ലാം അവള്‍ക്ക് നന്നേ നിശ്ചയമുണ്ട്.

പയ്യാങ്കര ഗ്രാമത്തിന്‍റെ ചെറോണ ജീവിക്കുന്നു, എട്ടുകാലികള്‍ക്കിടയില്‍, ചിലന്തി വലയുടെ കുരുക്കഴിക്കാനറിയാത്ത ഇരയായ്... ഇനിയൊരു പ്രാണിയും ഇരയാവരുതെന്ന വാശിയോടെ.. പയ്യാങ്കരയുടെ സ്വന്തം ചെറോണ!