Tuesday, September 28, 2010
നഷ്ട സ്വപ്നങ്ങള്‍
തിരിഞ്ഞു നോക്കാനാവില്ലീ ജീവിതയാത്രയില്‍
പിന്നിട്ട പാന്ഥാവ് വെറും നെടുവീര്‍പ്പുകള്‍
മിഴികലൾക്കന്ന്യമാവുന്ന പ്രിയ കാഴ്ച്ചകള്‍
വിടപറഞ്ഞകലുന്ന പ്രിയമുള്ളവര്‍
എങ്കിലുമീ നിമിഷങ്ങൾക്ക് മായ്ക്കുവാനാകുമൊ
എന്നിലെ പ്രിയമെഴുംനിനവിന്റെ താളുകൾ..
ചാറ്റല്‍ മഴയായ് തട്ടിയുണർത്തുമ്പോഴും
ഇളംത്തെന്നലായ് തഴുകി തലോടുംമ്പോഴും
അറിഞ്ഞിരുന്നില്ല തോഴാ ഞാനതിൻ പൊരുൾ..
സാന്ത്വനമേകിയിരുന്നു ആ കുളിര്‍ക്കാറ്റെനിക്ക്
ദു:ഖങ്ങളെ കഴുകി കളഞ്ഞിരുന്നു ആ മഴയെന്നില്‍ നിന്നും..
ഇലഞ്ഞിപൂക്കളുടെ നറുസുഗന്ധവുമേറി വാരി പുണരുന്ന കാറ്റ്
പുതു മണ്ണിന്‍ഗന്ധത്താല്‍ എന്നെ പൊതിയുന്ന മഴ.....
ആ നിദാന്ത സാമീപ്യം ഉണര്‍ത്തി നിന്‍ ചിന്തയെ
കിന്നാരം പറഞ്ഞു കൊണ്ടവ സദാ എന്‍ചാരെ...
കുസൃതികള്‍ കാട്ടി കൊണ്ടെന്‍ കണ്‍വെട്ടത്ത്...
അറിയുന്നു ഞാന്‍ നിന്‍ അദൃശ്യ സാമീപ്യം
ആഹ്ലാദത്തിന്‍ പൊട്ടിച്ചിരിയായ്,
വേദനയിൽ നനുത്ത സ്പർശമായ്....
കാലമാം യവനിക നിന്നെ മറച്ചപ്പോള്‍
അഴലിന്റെ ഈണം വിലാപമായ് ഹ്രുത്തിൽ...
അറിയാം ഇനിയീ സാന്ത്വനവും
യാത്രാമൊഴി പോലും നല്‍കാതെ വിട്ടകലും
എന്നെ തനിച്ചാക്കി ഇനിയൊരു നാള്‍
വിധിയുടെ കരം പിടിച്ചു അകലങ്ങളിലേക്ക് .....
Saturday, September 25, 2010
ചാറ്റല്‍മഴയായ് …
യാത്രയിലെന്നും മഴ പെയ്തിരുന്നു
തോരാതെ പെയ്യുന്ന പെരുമഴകള്‍ ..!!
കൂലംകുത്തിയൊഴുകുന്ന മഴവെള്ളം
ജീവിതപാത നിറഞ്ഞൊഴുകി ….
കഴിഞ്ഞില്ല പലപ്പോഴുമീ സ്നേഹത്തിന്‍
കുത്തൊഴുക്ക് ഭേദിക്കാന്‍ , കാലുകളിടറി …
എങ്കിലും സ്നേഹിച്ചുവീ മഴയെ
സ്നേഹമാകുന്നൊരീ പെരുമഴയെ…
ഇതെനിക്കായ് പെയ്യുന്ന മഴ, സ്നേഹമഴാ….
ഈ സ്നേഹതുള്ളികളാല്‍ നനയുന്നതെന്‍ ദേഹം
കൂടെ നിറയുന്നുവെന്‍ മനസ്സ് …..
പെരുമഴയ്ക്കിടയില്‍ ഒരു ചാറ്റല്‍ മഴയായ് നീ …
ഒരു നാള്‍ നീ എനിക്കായ് പെയ്തു ….
ചാറ്റല്‍ മഴയായ് സ്നേഹനൂലുകള്‍ പെയ്തിറങ്ങി ….
നിന്‍സൌഹ്രദ തലോടലില്‍ മറന്നുവെല്ലാം
നീയാംസ്നേഹം ചാഞ്ഞ്പെയ്തപ്പോള്‍ ,
നിയാം സാന്ത്വനം എന്നെ തഴുകിയപ്പോള്‍
നീയാം സൌഹ്രദം എന്നെകുളിരണിയിച്ചപ്പോള്‍
മനം നിറഞ്ഞൊഴുകി സ്നേഹ തുള്ളികളാല്‍ …
അറിയുകയായിരുന്നീ സൌഹ്രദ മഴയെ ….!!
ആകുലതകളാം അഴുക്കിനെ ഒഴുക്കി കളയാന്‍
സന്തോഷമാം പൂജാദ്രവ്യങ്ങളാല്‍ മനം നിറയ്ക്കാന്‍
നീ സ്നേഹതുള്ളികളാല്‍ നന്മാതുള്ളികളാല്‍
ഹൃദ്യമാം ചാറ്റല്‍മഴയായെന്നെ നനച്ചു …
എന്‍ സുഹൃത്തിന്‍ സൌഹ്രദം ഞാന്‍ ആസ്വദിച്ചു…
മനമറിഞ്ഞ് നീ പെയ്തു തീരെ നോവിക്കാതെ …
ഏകാന്തതകളില്‍ മഴയുടെ സംഗീതം കേള്‍പ്പിച്ചു
വേദനകളില്‍ മഴയുടെ കുളിരു നല്‍കി
എന്‍റെ കണ്ണുനീരിനെ മഴവെള്ളത്തില്‍ ഒഴുക്കി
എന്‍റെ ചിരികളില്‍ എന്നോടൊപ്പം ചാറി …
ചാഞ്ഞും ചെരിഞ്ഞും നിന്‍ പെയ്യലുകള്‍ …
ഈ സൌഹൃതമഴയുമൊരിക്കല്‍ നിലയ്ക്കുമോ
അന്നെന്‍ മനവും ഊഷരഭൂമി കണക്കെ ഉരുകും ..
സമൃദ്ധമാം ആഹ്ലാദ പച്ചപ്പുകള്‍ കരിയും….
പറന്നു നടക്കും സ്വപ്നമാം പറവകള്‍അകലും….
കൊടുക്കില്ലൊരു കാറ്റിനുമീ ചാറ്റല്‍മഴയെ
അകറ്റാനാവില്ലൊരു സൂര്യനുമീ സൌഹ്രദ മഴയെ …
ഇതെന്മഴ, എനിക്കായ് പെയ്യുന്ന മഴ..!!
എന്നിലേക്ക് പെയ്തിറങ്ങും ചാറ്റല്‍ മഴ..!!
കാര്‍മേഘങ്ങള്‍ ഇല്ലാതെ ചാറുന്ന മഴാ ….!!!
Wednesday, September 22, 2010
ഓര്‍മ്മകള്‍
മനസ്സിൻ അഗാധ ഗർത്തങ്ങളിൽ തള്ളിയിട്ട്
മറവിതൻ കല്ലറയിൽ തളയ്ക്കാൻ ശ്രമിക്കവേ
ഉശിരയാം ഫിനിക്സ് പക്ഷിയെ പോൽ
ഉയിർത്തെഴുന്നേൽക്കുന്നു ഓർമകൾ..
പരിഭവമെന്നോണം കാലം ആരാഞ്ഞു
ദു:ഖത്തിൻ വരികൾ ഓർമയുടെ താളുകളിൽ
കാലം നിനക്കായൊരിക്കലും എഴുതിയില്ലല്ലോ
എന്നിട്ടുമെന്തിനീ പരിഭ്രമത്തിൻ വ്യാകുലത...
കാലം നിനക്കായ് കാരുണ്യം പൊഴിച്ചു
വിധി നിനക്കേകി നന്മയുടെ സുകൃതം
കൊഴിഞ്ഞുവീണ ഓരോ നിമിഷവും
ആഹ്ലാദത്തിൻ പൂച്ചെണ്ടുകളേകി...
ഇതാണെൻ ആകുലമനസ്സിൻ ഹേതു
ഉയർച്ചയാം പടവുകൾ മാത്രം ചവിട്ടി,
ഗർത്തങ്ങളിൽ കാലിടറിയിട്ടില്ലിതുവരെ..
ജീവിതമാം പുസ്തകത്തിൻ ഒരോയേടും
ആസ്വാദ്യകരമായിരുന്നു എനിക്കെന്നും..
താളുകൾ ഓരോന്നായ് മറിയുമ്പോൾ
ഇടറുന്നു മനം, നിറയുന്നു മിഴികൾ
മറിച്ചുനോക്കാനാകാത്ത വിധമീ ഏടുകളെ
ഓർമകളാൽ ബന്ധിച്ചതും കാലം!!
ആകില്ലല്ലോ കാലമാം യാഗാശ്വത്തെ തളച്ചിടാൻ
മനതാരിൽ തുന്നിചേർത്തൊരേട് പോലെ...
ഒരിക്കലും തിരിച്ചു കിട്ടാത്തൊരാ നിമിഷങ്ങളെ
സ്മരണകൾ മഴയായെന്നിൽ പെയ്യിക്കവേ
മഴവെള്ളം കുത്തിയൊലിച്ച ഭൂമി കണക്കെ
ശൂന്യമാകുന്നുവെൻ മനം, അസ്വസ്ഥവും….
Friday, September 17, 2010
നിഴലായ് !!
നിറങ്ങളേതുമില്ലത്തോരീ നിഴലിനെ
ഇഷ്ടമായിരുന്നില്ലെനിക്ക് ,പുഛമായിരുന്നു !!
ആത്മാവില്ലാത്ത നിഴല്‍, അസ്ഥിത്വമില്ലാത്ത നിഴല്‍
നിഴല്‍ വെറും നിഴല്‍ മാത്രം , വെറും നിഴല്‍ !!!
നിഴലിന്‍ ദുര്‍വിധിയോര്‍ത്ത്പരിതപിക്കാറുണ്ട്പണ്ട് ..
മറ്റുള്ളവര്‍ക്കായ് ചലിക്കാന്‍ വിധിക്കപെട്ടവന്‍
തന്‍റെ മോഹങ്ങളെ വഴിയരികില്‍ ഉപേക്ഷിച്ചവന്‍
ജന്മം മുഴുവന്‍ ആടി തിമിര്‍ത്താലും
ഒരോര്‍മ്മയിലും എഴുതപെടാത്ത നര്‍ത്തകന്‍ ..!!
കാലത്തിന്‍ യാത്രയില്‍ ഞാനുമൊരു
നിറമില്ലാത്ത നിഴലായ്‌മാറി..!!!
മര്‍ത്യനായ്ജീവിക്കുക വ്യാമോഹമാണെന്നറിഞ്ഞു
സമൂഹത്തിന്‍മാന്യനാകാന്‍ പഠിച്ച ശരികളും
നെഞ്ചിലേറ്റിയ മൂല്യങ്ങളും മായ്ച്ചു കളയണം
അനീതികള്‍ കാണരുത്, അസമത്വങ്ങള്‍ അറിയരുത്
മനസ്സിന്‍റെ നേരില്‍ ഉയരുന്ന ചോദ്യശരങ്ങളെ
നിഷ്കരുണം മുനയൊടിച്ചീടേണം.
സമൂഹത്തിന്‍ നിഴലായ്, മേലാധികാരിയുടെ നിഴലായ്
സഹയാത്രികന്‍റെ നിഴലായ് ,ലോകത്തിന്‍തന്‍ നിഴലായ്
ചോദ്യങ്ങളുതിര്‍ക്കാതെ ന്യായമാം സംശയങ്ങളുമില്ലാതെ
നിര്‍വികാരമായ് , നിറങ്ങളില്ലാതെ ജീവിക്കുക !!
കാലം കാതങ്ങള്‍ താണ്ടവേ നിഴലിന്‍ നിറമില്ലായ്ക കൂടും
കാറ്റിന്‍ കൈകളാല്‍ മുളങ്കാടിന്‍ നിഴല്‍ നൃത്തം വെയ്ക്കവേ
ഞാനെന്ന നിഴലിന്‍ അസ്ഥിത്വം ഉത്തരമില്ലാ ചോദ്യമായ് അലയുന്നു …
ഒന്നറിയുന്നുഞാന്‍ നിഴലില്ലാതെ ശരീരമില്ലെന്നു...!!!
Friday, September 10, 2010
നഷ്ടപ്പെടലിന്‍ നൊമ്പരം
അകലുവാനായെന്തിനീ ഹൃദയ ബന്ധങ്ങള്‍ ,
നഷ്ടങ്ങള്‍ക്കായെന്തിനീ സുന്ദര നിമിഷങ്ങള്‍.....
രാത്രിയെ തേടും പകലായ് , അസ്തമനം തേടും ഉദയമായ്
അകലുവാനായ് നാം അടുക്കുന്നു, നഷ്ടപ്പെടലുകള്‍ക്കായ് നേടുന്നു
കണ്ണുനീര്‍ തേടി ചിരിക്കുന്നു , പിരിയുവാനായ് കൂടുന്നു …
ജീവിത യാത്രയില്‍ നേടിയെടുക്കും ആത്മബന്ധങ്ങള്‍
ഹൃദ്യമാം ബന്ധങ്ങള്‍ നല്‍കും മനോഹര നിമിഷങ്ങള്‍...
ഒടുക്കം നഷ്ടപെടലുകള്‍ക്ക് മുന്നില്‍ ഖിന്നരായ്
വിധി തട്ടിയെടുക്കും ചിലത്, സ്വയം നഷ്ടപ്പെടുത്തും പലത്...
അകലുവാനെങ്കില്‍ അടുത്തതെന്തിനെന്ന പരിഭവനിഴല്‍
യാത്ര പറച്ചിലുകള്‍ വെട്ടും കണ്ണുനീര്‍ ചാലുകള്‍ …
മറഞ്ഞുപോകുമോരോ ദിനവും നഷ്ടപ്പെടലിന്‍ വിങ്ങലായ്
അനുഭവിച്ചു തീരുമോരോ നിമിഷവും കത്തിതീരും തിരിയായ്...
നൊമ്പരം മനസ്സിന്‍ മതിലില്‍ ഓര്‍മയാല്‍ നഖക്ഷതങ്ങള്‍ തീര്‍ക്കുന്നു ….
ഓടുന്ന വണ്ടി പിന്നിലാക്കും കാഴ്ചകള്‍ കണക്കേ നാം
മായുന്ന ജിവിത കാഴ്ചകള്‍ക്ക് മുന്നില്‍ നിസ്സഹായരായ്...
പൊയ്പ്പോയൊരാ ഹൃദ്യാനുഭവങ്ങളെ ആസ്വദിച്ചു തീരാതെ
പിന്നിലേ സഞ്ചരിക്കാനാവാതെ കേഴുന്ന ജന്മങ്ങള്‍ ……
കൈകുമ്പിളില്‍ സൂക്ഷിച്ച ദാഹജലം കണക്കേ ആയുസ്സ് ,
ഊര്‍ന്നുപോകുന്നോരോ ബന്ധങ്ങളിലും നിസ്സഹായരായ്
നഷ്ടപ്പെടലിന്‍ വിങ്ങലുകള്‍ ഓര്‍മകളായി മനതാരില്‍ …
ഒടുവിലീ ഓര്‍മകളും യാത്രയാകുന്ന ഒരുനാള്‍..
നഷ്ടങ്ങള്‍ക്ക് സമ്മാനിക്കാന്‍ കണ്ണുനീരില്ലാതെ,
മോഹങ്ങളേ സാന്ത്വനിപ്പിക്കാന്‍ സ്വപ്നങ്ങളില്ലാതെ ....
അഴലിനെ പ്രണയിക്കും വിധിയുടെ കളിപ്പാട്ടം മനുജന്‍ …
ഒരിക്കല്‍ നിത്യ വിരഹം ഉറ്റവര്‍ക്കേകി
യാത്രയാവുന്നു നാം വേര്പാടുകളില്ലാത്തിടം തേടി
വിരഹത്തിന്‍ രോദനം കേള്‍ക്കാത്ത അകലങ്ങളിലേക്ക്
കാത്തിരിക്കാമവിടെ പ്രത്യാശയുടെ വെട്ടത്തില്‍
ക്ഷണികമീ ഭൂമിയാം സത്രത്തില്‍ വിധി വേര്‍പിരിച്ച
സ്നേഹിച്ചു കൊതിതീരാത്ത ആത്മബന്ധങ്ങള്‍ക്കായ്..
Subscribe to:
Posts (Atom)