Monday, October 31, 2011

കാലം മറിച്ചൊരേട്

ഞങ്ങളുടെ ഗ്രാമത്തില്‍ ഏറ്റവും ഉന്നതങ്ങള്‍ കീഴടക്കിയ വ്യക്തിയാണ് അയ്യപ്പേട്ടന്‍. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഗ്രാമവാസികള്‍ക്കിടയില്‍ അദ്ദേഹത്തിന് മാത്രം അവകാശപ്പെടാവുന്നതാണ്  ജീവിതത്തില്‍ ഇത്രയും ആരോഹണവരോഹണങ്ങള്‍.. ജീവിതത്തിന്‍റെ രണ്ടറ്റങ്ങളിലാണ് അയ്യപ്പേട്ടന്‍റെ ദിനരാത്രങ്ങള്‍.. 

നാട്ടിലെ ഏക തെങ്ങുകയറ്റക്കാരനാണ് അയ്യപ്പേട്ടന്‍. ഒരു സംഘടനയിലും അംഗമല്ലാത്ത, ഒരു അവകാശവാദങ്ങളും ഉന്നയിക്കാത്ത, നാടിന്‍റെ സ്പന്ദനങ്ങളില്‍ അലിഞ്ഞ് ചേര്‍ന്ന് ജീവിക്കുന്ന ഒരുപാവം. നിഷ്കളങ്കമായ ഒരു പുഞ്ചിരിയാണ് സ്ഥായീഭാവം. മുട്ടോളമെത്തുന്ന ഒരു നീളന്‍ ട്രൌസറും അതിനു മുകളില്‍ മുഷിഞ്ഞ്നാറിയ ഒരു ഒറ്റമുണ്ടും , കുപ്പായമിടാതെ തോളിലൊരു മുഷിഞ്ഞ തോര്‍ത്തുമാണ് അയ്യപ്പേട്ടന്‍റെ വേഷം.നാട്ടുകാര്‍ നിര്‍ബന്ധിക്കുമ്പോള്‍ മാത്രം വര്‍ഷത്തില്‍ ഒന്നോ രണ്ടൊ തവണ മുറിക്കുന്ന ഒരിക്കലും ചീകാത്ത മുടിയും താടിയും അയാളെ പൂര്‍ണ്ണനാക്കുന്നു.കല്ല്യാണത്തിനായാലും കള്ള്ഷാപ്പിലേക്കായാലും ഇത് തന്നെ വേഷം.. നെറ്റി ചുളിക്കേണ്ടാ.അയ്യപ്പേട്ടനൊരിക്കലും മാന്യരുടെ പന്തിയിലൊന്നും കയറിയിരുന്നു കൂടെ കഴിക്കില്ല. ഏതെങ്കിലും ഒഴിഞ്ഞ് കോണില്‍ പോയിരുന്ന് എന്തെങ്കിലും വാരിത്തിന്ന് എണീറ്റ് പോരും,അതൊരു മരചുവട്ടില്‍ വെച്ച്കൊടുത്താലും അങ്ങേര്‍ക്ക് പരാതിയില്ല.. മുഖത്തെ പുഞ്ചിരി മായുകയുമില്ല. ഒരു ഭക്ഷണപ്രിയനല്ല , ഈ ലോകത്ത് അയാള്‍ക്കാര്‍ത്തി ചാരായത്തോട് മാത്രം. അതില്ലെങ്കില്‍ അയ്യപ്പേട്ടനില്ല.

നാട്ടിലെ തെങ്ങുകളെല്ലാം അയ്യപ്പേട്ടന് സ്വന്തം. എന്നും രാവിലെ തുടങ്ങുന്ന തെങ്ങുകയറ്റം ഉച്ചവരെ നീളും.അതുകഴിഞ്ഞാല്‍ അപ്പുവേട്ടന്‍റെ ചായക്കടയില്‍ കയറി ഉച്ചയൂണ്. ഉച്ചചൂടില്‍ ആളൊഴിഞ്ഞ കവലയില്‍ ഏതെങ്കിലും പീടികകോലായിലൊരു ഉച്ചമയക്കം. കയറികിടക്കാനൊരു വീടില്ല അയ്യപ്പേട്ടന്, കാത്തിരിക്കാനൊരു കുടുംബവും. ജീവിതം ഈ കടകളുടെ ഒഴിഞ്ഞ വരാന്തകളിലാണ്, പിന്നെ അങ്ങ് ഉയരത്തില്‍ തെങ്ങുകള്‍ക്ക് മീതേയും. കള്ള്ചെത്തലും തെങ്ങ്കയറ്റവുമായി ഉച്ചവരെ ഉന്നതങ്ങളിലും അതുകഴിഞ്ഞാല്‍ ഒരു വിരിപ്പ് പോലുമില്ലാതെ, ഭൂമിയോട് ചേര്‍ന്ന് തറയിലും. അയ്യപ്പേട്ടന്‍ ഓര്‍മ്മവെച്ചനാള്‍ മുതല്‍ ഈ ഗ്രാമക്കവലയ്ക്ക് സ്വന്തം. അനാഥനായ കൊച്ചയ്യപ്പന്‍ അന്ന് തൊട്ടെ ഈ കവലയിലാണ്.. ഗ്രാമം വിട്ട് ഇതുവരെ എവിടേയും പോയിട്ടില്ല. അടുത്ത ടൌണിലേക്ക് പോലും. സ്കൂളങ്കണത്തിലേക്കയാള്‍ കാലെടുത്ത് വെച്ചിട്ടുള്ളത്, തെങ്ങ് കയറാന് പോവുമ്പോഴാണ്.

വിവാഹിതനല്ല അയ്യപ്പേട്ടന്‍. നാട്ടുകാര്‍ പറഞ്ഞുനടക്കുന്നൊരു കഥയുണ്ട്, പണ്ട് പെട്ടികടക്കാരി സരസ്വതിയെ അയ്യപ്പേട്ടനേറെ ഇഷ്ടായിരുന്നത്രെ. അവള്‍ക്കിങ്ങോട്ടും. പക്ഷേ കള്ള് കുടിക്കാത്ത, കുപ്പായമിട്ട് നടക്കുന്ന തുണിവിൽപ്പനക്കാരന്‍  തമിഴനെ കണ്ടപ്പോള്‍ സരസ്വതി പാവം അയ്യപ്പനെ മറന്ന് തമിഴ്നാട്ടിലേക്കയാളുടെ കൂടെ ഒളിച്ചോടിയത്രെ.. അന്നും അയ്യപ്പന്‍റെ മുഖത്തെ ചിരി മാഞ്ഞില്ലെന്ന്, കുടിക്കുന്ന ചാരായത്തിന്‍റെ അളവ് കൂടി. അയ്യപ്പേട്ടന്‍റെ ചിരിയുടെ വികാരം കണ്ടെത്താന്‍ ആര്‍ക്കുമിതുവരെ കഴിഞ്ഞിട്ടില്ല.. ചിലപ്പോ തോന്നും വേദനകള്‍ക്കുമേല്‍ അയാളിട്ടിരിക്കുന്ന പുതപ്പാണതെന്ന്, ചിലപ്പോള്‍ നിസ്സഹായതയുടെ നിര്‍ജ്ജീവത കാണാം ആ ചിരിയില്‍.. മറ്റൊരിക്കല്‍ ആ ചിരി സമ്മാനിക്കുക ജീവിതത്തെ ജീവിതമായി മാത്രം കാണാനുള്ള അയാളുടെ ചങ്കൂറ്റമാണ്. അന്നന്ന് അധ്വാനിക്കുന്നത് കൊണ്ട് കള്ള് കുടിക്കുക സ്വയം മറക്കുക എന്നതിനപ്പുറം അയാള്‍ക്ക് സ്വപ്നങ്ങളുണ്ടാവില്ലേ.. ഇതുവരെ ഉത്തരം കണ്ടെത്താനാവാത്ത ഒരു സംശയം.
നാല് തെങ്ങെങ്കിലും സ്വന്തമായുള്ള നാട്ടുകാര്‍ മുഴുവന്‍ അയ്യപ്പേട്ടന് മുതലാളിമാരാണ്.. കവലയില്‍ എവിടെ വെച്ചവരെ കണ്ടാലും അയാള്‍ വിനയത്വനായി എണീറ്റ് നിന്ന് കൈകൂപ്പും, അവരിങ്ങോട്ട് കണ്ടില്ലെങ്കിലും.  കയ്യില്‍ പൈസയില്ലെങ്കില്‍ ഈ വീടുകളില്‍ ഓടിച്ചെന്ന്  കുടിക്കാന്‍ നാലണയില്ല മുതലാളിയെന്ന് പറഞ്ഞ് ഉമ്മറത്ത് കാത്ത് നില്‍ക്കും.. കിട്ടിയില്ലെങ്കിലും കിട്ടിയാലും മുഖഭാവത്തിനൊരു മാറ്റവുമില്ല. അയ്യപ്പേട്ടന്‍റെ മുഖഭാവം മാറി ഞാനൊരുക്കലേ കണ്ടിട്ടുള്ളൂ.. അന്ന്, ഒരു 25 മില്ലി ചാരായം വേണമല്ലോ അയ്യപ്പാന്ന് എന്‍റെ ഉമ്മ ഒരു ശങ്കയും കൂടാതെ  ചോദിച്ചപ്പോ അയ്യപ്പേട്ടന്‍ ഞെട്ടുന്നത് ഞാന്‍ ശരിക്കും കണ്ടു.. കോഴിവസന്ത വന്ന് തൂങ്ങി നില്‍ക്കുന്ന കോഴികള്‍ക്ക്  തീറ്റിയില്‍ കുറച്ച് ചാരായം തെളിച്ച് കൊടുത്താല്‍ അസുഖം കുറയുമെന്ന് ടിവിയില്‍ ആരോ ചികിത്സ പറയുന്നത് കേട്ട് ചാരായം സംഘടിപ്പിക്കാനുള്ള ശ്രമമായിരുന്നു ഉമ്മയുടെ. വിശദീകരണം കേട്ടപ്പോള്‍ അയ്യപ്പേട്ടന്‍ ആദ്യമായി പൊട്ടിച്ചിരിക്കുന്നതും ഞാനന്ന് കണ്ടു.

വൈകുന്നേരമായാല്‍ പിന്നെ അയ്യപ്പേട്ടന്‍ സ്വപ്നലോകത്താണ്.. അന്ന് കിട്ടിയകാശിനു മുഴുവന്‍ രാത്രി ഏറെവൈകുംവരെ അയാള്‍ ചാരായ ഷാപ്പിലിരുന്നു കുടിക്കും.. വരുന്നവരും പോകുന്നവരും എന്ത് ചോദിച്ചാലും ആ ചിരിയിലൊതുക്കും മറുപടി... എത്ര കുടിച്ചാലും അയ്യപ്പേട്ടന്‍ ആര്‍ക്കും ശല്ല്യാമാവാറില്ല.. ഒന്നുറക്കെ സംസാരിക്കുക കൂടിയില്ല. ഷാപ്പടക്കുമ്പോള്‍ വേച്ച് വേച്ച്  ഏതെങ്കിലും കടയുടെ വരാന്തയില്‍ വന്ന് വീഴും. പുലരും മുന്‍പേ അയാളുണരും.. ആദ്യം പോവുക ചാരായ ഷാപ്പിനു മുന്നിലേക്കാണ്, തലേന്ന്  വഴിയിലെവിടെയോ ഉതിര്‍ന്ന് വീണ ഉടുത്തുണിയന്വേഷിച്ച്..!! പിന്നെ തെക്കേകണ്ടത്തിലെ അരുവിക്കുളം ലക്ഷ്യമാക്കി നടക്കും,, പ്രഭാതകൃത്യങ്ങളും കുളിയുമെല്ലാം അവിടെ. ഉടുത്തിരുന്ന മുണ്ട് കഴുകി അവിടെ തന്നെ വിരിച്ചിട്ട് പാതിഉണങ്ങുന്നതുവരെ കാത്തിരിക്കും. അപ്പോഴേക്കും നേരം വെളിച്ചംവെച്ച് തുടങ്ങും.. പാതിയുണങ്ങിയ മുണ്ടെടുത്ത് ചുറ്റി തലേന്ന് ഏറ്റെടുത്ത ഏതെങ്കിലും മുതലാളിയുടെ തൊടി ലക്ഷ്യമാക്കി അയാള്‍ നീങ്ങും, കയ്യിലൊരു വളയവും പിച്ചാത്തിയുമായ്, തെങ്ങ് കയറാന്‍. അത്ര നേരത്തെ ഷാപ്പ് തുറക്കാത്തതിനാല്‍ അയാള്‍ ബെഡ്കോഫി ഇല്ല. പത്തുമണിയോടടുത്ത് ഒരു ചെറിയ ഇടവേള.. അപ്പോഴേക്കുമയാള്‍ക്ക് കൈകാലുകള്‍ വിറച്ച് തുടങ്ങും, തെങ്ങ് കയറാന്‍ കഴിയാതെയാവും. ഓടിപ്പോയി ‘കുറച്ച്‘ അകത്താക്കിയാല്‍ അയ്യപ്പേട്ടന്‍ ഉഷാര്‍. ഉച്ചയ്ക്ക് മാത്രമാണ് അയ്യപ്പേട്ടന്‍റെ ഭക്ഷണം. അതും വീടുകളില്‍ നിന്ന് കൊടുത്താലൊന്നും കഴിക്കില്ല. അപ്പ്വോട്ടന്‍റെ ചായപീടികയിലെ തന്നെ വേണം.

കാലം അയ്യപ്പേട്ടനിലും വാര്‍ദ്ധക്യത്തിന്‍റെ ശിൽപ്പം കൊത്തിവെച്ചു, അനാരോഗ്യത്തിന്‍റെ നിറങ്ങളില്‍ മുക്കി. അടങ്ങിയിരിക്കാന്‍ അയ്യപ്പേട്ടന്‍ തയ്യാറല്ലായിരുന്നു,, ഇരുന്നിട്ടുമെന്തിന്, ആരും നോക്കാനില്ലാതെ, കിടക്കാനൊരിടമില്ലാതെ.. പതുക്കെയാണെങ്കിലും എല്ലാ തെങ്ങുകളിലും അയ്യപ്പേട്ടനെത്തി.കുടിയുടെ ഇടവേളകള്‍ കുറഞ്ഞ് വന്നു. മുഖത്ത് നോക്കി ഇനി അയ്യപ്പന്‍ തെങ്ങ് കയറേണ്ടെന്ന് പറയാനുള്ള മടികാരണം ഉടമസ്ഥരും മൌനാനുവാദം നല്‍കി. ആരെങ്കിലും അങ്ങിനെ പറഞ്ഞാല്‍ ആ കണ്ണൂകള്‍ നിറയുമായിരുന്നു,, മുഖത്തെ ചിരി മാഞ്ഞില്ലെങ്കിലും.അയ്യപ്പേട്ടനെ ഒരുപാടിഷ്ടമായിരുന്ന നാട്ടുകാര്‍ക്ക് ആ വേദന കാണാന്‍ വയ്യായിരുന്നു.

ഒരു തെങ്ങുകയറ്റദിവസം തെങ്ങിന്‍റെ മണ്ടയില്‍ നിന്നും അയ്യപ്പേട്ടന്‍ താഴെ വീണു.  ആളുകള്‍ ഓടിക്കൂടി.. ഒന്നും ചെയ്യാനില്ലായിരുന്നു.. ഉന്നതങ്ങളില്‍ നിന്ന് ഒരുപാട് ആഴങ്ങളിലേക്കുള്ള യാത്രയിലായിരുന്നു നാടിന്‍റെ സ്വന്തം അയ്യപ്പേട്ടന്‍. മുഖത്തെ ചിരി മായാതെ.

Monday, October 24, 2011

നീ..


നിന്നില്‍ വീണ്‍ ചിതറി തെറിക്കുന്നെ
എന്‍ കണ്ണുനീര്‍  തുള്ളികളില്‍ നീ
ചഞ്ചലപെടാത്തത്  സ്നേഹം
ഈയം കണക്കേ ഉരുക്കിയൊഴിച്ച്
മനതാരില്‍ ഞാന്‍ നിന്നെ കാലത്തിന്‍ 
മൂശയില്‍ വാര്‍ത്തെടുത്തതിനാലാവാം...


സ്വതന്ത്രമാവാന്‍ നീയാഗ്രഹിച്ചിട്ടും

വേദനയോടെയെങ്കിലും ഞാനതെത്ര 
ശ്രമിച്ചിട്ടും പറിച്ചെടുക്കാനാവാതെ
നിന്നോടൊപ്പം എന്‍റെ ഹൃദയവും 
ഉതിരുന്നതോ സഖേ ആത്മബന്ധം.....



ഖിന്നയാണ്‍ ഞാന്‍ നിന്‍ അടിയായ്മയില്‍

ഇനി നിന്‍ മൃതിയിലും നീ അസ്വാതന്ത്ര്യ
അന്നുമെന്‍ ചേതസ്സില്‍ നിന്നോര്‍മ്മകള്‍
വാഴും, ചിപ്പിയിലുറങ്ങും മുത്ത് പോലെ..



ശ്രമിക്കുക, അവഗണനയുടെ കൂരമ്പുകളാല്
എന്‍റെ കരള്‍  തുരന്ന് മോചിതയാവാന്‍,
എന്‍റെ കണ്ണുകള്‍ പെയ്യിക്കും നൊമ്പരം 
ശിരസ്സില്‍ വീണ്‍ തകര്‍ന്നുടയുമ്പോഴും
നീ നനയുന്നില്ലെന്ന് സ്വയം വിശ്വസിച്ച്
പറന്നകലാന്‍ ചിറകിട്ടടിക്കുക..
സ്നേഹ മന്ത്രങ്ങള്‍ ഉണര്‍ത്തുപാട്ടാവാത്ത
ബന്ധനങ്ങളില്ലാത്ത തീരത്തേക്ക്...

അവിടെ, പകുത്തേകാത്ത സ്നേഹം
നിന്നില്‍ പര്‍വ്വതീകരിക്കുമ്പോള്‍,
ബന്ധനങ്ങളില്ലാത്ത സ്വാതന്ത്ര്യം
നിന്നെ വരിഞ്ഞു മുറുക്കുമ്പോള്‍
തിരിച്ചു പറക്കാമെന്‍റെ
അകതാരിലേക്ക് സങ്കോചമന്യേ..
നീ ശൂന്യമാക്കിയ മനം കാതോര്‍ക്കും
പ്രത്യാഗമനത്തിന്‍ ചിറകടികള്‍ക്കായ്..

Tuesday, October 11, 2011

ഇതു ജീവിതമാണ്

കണ്ണേ കരയരുതേ..
നീ കോറിയിട്ട സ്വപ്നങ്ങളില്‍
കാലം കരിയെഴുതുമ്പോള്‍
കണ്ണുകള്‍ നിറയ്ക്കരുതേ...

കാതേ അടയരുതേ..
കേള്‍ക്കാന്‍ കൊതിച്ച
ഈണങ്ങളില്‍ കാലം
അപശ്രുതിമീട്ടുമ്പോള്
കാതുകള്‍ പൊത്തരുതേ...

പ്രിയ ഹൃദയമേ വിതുമ്പരുതേ..
കൂരമ്പുകളാല്‍  കാലം
നിന്നില്‍ ചിത്രങ്ങള്‍ വരച്ച്,
വരച്ചതില്‍ വീണ്ടും വരച്ച്
രക്തചിത്രങ്ങള്‍ക്കാഴം കൂട്ടുമ്പോള്‍
സ്വയം പൊട്ടിയൊഴുകരുതേ...

ഇതുജീവിതമാണ്
ജനിച്ചവനായ് ചാര്‍ത്തി
കൊടുക്കുമുടയാട...
ധരിക്കുവാന്‍ പഠിക്കണം 
നോവാതെ നോവാവാതെ..
കൈകുമ്പിളില്‍ സൂക്ഷിക്കും
നീര്‍മണിത്തുള്ളിപോല്‍
അടരാതെ, പതിക്കാതെ
കാത്തുകൊള്ളുക..
ഇതു ജീവിതമാണ്...!

Tuesday, October 4, 2011

നിമിഷങ്ങള്‍


നിമിഷങ്ങള്‍ നിരര്‍ത്ഥകമായതും
നിലാവിന്‍റെ നീലിമയ്ക്ക് നിറം മങ്ങിയതും
നീലവിരിയിട്ട ജാലകത്തിലൂടെ
തേടിവന്ന നീര്‍മണിത്തുള്ളികള്‍ക്ക്
കുളിരില്ലാതായതും വിധി
നിനച്ചിരിക്കാതെയൊരു നിമിഷം
എതിര്ദിശയില്‍ നിന്നും 
പെയ്ത് വീണപ്പോഴായിരുന്നു...

നിമിഷങ്ങള്‍ നിശ്ചലമായത്
പരസ്പര അസാന്നിധ്യങ്ങളിലും
നിമിഷങ്ങള്‍ക്ക് നരവീണത്
ശൂന്യമാക്കപ്പെട്ട പ്രതീക്ഷകളിലും
കടുത്ത വേനലിന്‍റെ പകല്‍ പോലെ
നിമിഷങ്ങളുടെ ദൈര്‍ഘ്യമളന്നത്
ചേതനയറ്റ ചില കാത്തിരിപ്പുകളിലുമായിരുന്നു..
നിമിഷങ്ങള്‍ വേനല്‍മണ്ണില്‍ വീണ
പുതുമഴ തുള്ളിപോല്‍ അപ്രത്യക്ഷമായത്
ഏറെ കൊതിച്ച  കണ്ടുമുട്ടലുകളിലും..

നിമിഷങ്ങള് തന്‍ നൃത്തം നിലച്ചാല്‍
നിശ്ചലം നിശബ്ദം   ലോകം..
ആയുസ്സൊഴുക്കുകള്‍ നിലയ്ക്കും..
നീയും ഞാനും നിരര്‍ത്ഥരാവും..
ജീവിതം, സൂചികള്‍ നിലച്ച
ഘടികാരം പോലെ ആയുസ്സിന്‍
ഭിത്തിയില്‍ ചത്തിരിക്കും...!