Sunday, February 17, 2013

കല്പാന്തകാലംവെളിയില്‍, അപരാഹ്നം പതിവുപോലെ ഒരു ദിനത്തിന്‍റെ മുഴുവന്‍ പാപഭാരങ്ങളും താങ്ങി മങ്ങിയ മുഖത്തോടെ ചക്രവാളത്തിലേക്ക് തലകുമ്പിട്ടു.

നരച്ച നിറമുള്ള  ഫ്ളാറ്റിലെ ഇടുങ്ങിയ സ്വീകരണമുറിയില്‍ ആ വൃദ്ധനും മനുഷ്യായുസ്സിലെ ഇനിയും വേര്‍ത്തിരിച്ചെടുക്കാനാവാത്ത പാപപുണ്യങ്ങളുടെ  ഭാരത്താല്‍ നിഷ്പ്രഭാവനായി ജീവിതചക്രവാളത്തിലേക്ക് തലകുനിച്ച് സോഫയിലിരുന്ന് മയങ്ങുകയാണ്.

സോഫയ്ക്ക് മുന്നിലെ  ടി വിയില്‍, ഉറക്കക്കാഴ്ച്ചകളെന്ന പോലെ മിന്നിമായുന്ന പരസ്യങ്ങളുടെ ആഡംബര സ്വപ്നലോകവും വാര്‍ത്തകളുടെ യാഥാര്‍ത്യ ചകിതലോകവും അയാള്‍ ഏറെ കഷ്ടപെട്ട് ഇമകള്‍ പൊക്കി ഇടക്കിടെ നോക്കാന്‍ ശ്രമിക്കുന്നുണ്ട്.

കനലെരിയുന്ന ഒരിടത്തെന്നപോലെ,  തറയില്‍ കുത്താതെ കാലുകള്‍ രണ്ടും സോഫയിലേക്ക് കയറ്റിവെച്ച് ഒടിഞ്ഞുമടങ്ങിയിരിക്കുന്ന അയാളുടെ ഇടതുകയ്യിലെ ടി വി റിമോട്ട് ഉറക്കത്തിനിടെ കയ്യില്‍ നിന്നും വഴുതിവീഴുമ്പോള്‍ അസ്വസ്ഥതയോടെ പിടഞ്ഞെണീറ്റ് ചുറ്റുപാടും നോക്കും. തലയ്ക്ക് താങ്ങായി കുത്തിവെച്ചിരിക്കുന്ന വലത്കയ്യുടെ മരവിപ്പ് കളയാനെന്ന പോലെ ഒന്ന് ആഞ്ഞ് കുടഞ്ഞ്  നിര്‍വികാരനായി ടിവിയിലേക്ക് തുറിച്ച് നോക്കിയിരിക്കുന്നതിനിടയില്‍ അറിയാതെ വീണ്ടും മയക്കത്തിലേക്ക്...

സ്വാര്‍ത്ഥനിഷ്ഠതയോടെ മാത്രം  ചലിക്കുന്ന താക്കോലിനോടുള്ള പ്രതിഷേധമുയര്‍ത്തി താക്കോല്‍ദ്വാരം ഒച്ചവെച്ചപ്പോള്‍ വൃദ്ധനില്‍ പൂട്ടപ്പെട്ടിരുന്ന ഉറക്കശകലങ്ങളും സ്വതന്ത്രരായി. 

വാതില്‍ തുറന്ന് ചെറിയൊരു മൂളിപ്പാട്ടോടെ അകത്തേക്ക് വന്നത് ജോലി കഴിഞ്ഞെത്തിയ മകനാണ്.

ഒരു പകല്‍മുഴുവന്‍ തന്നെ ചുമന്ന് നടന്ന ഷൂസ് നിഷ്ക്കരുണം ഊരിയെറിഞ്ഞ് വന്ന മകന്‍റെ പ്രസാദാത്മകമായ മുഖത്ത് എഴുതിവെച്ചിരിക്കുന്നതുപോലെ തോന്നി ഈ മാസത്തെ ബിസിനസ്സ് ടാര്‍ജറ്റ് ഇതിനകം കൈപ്പിടിയിലൊതുങ്ങിയിരിക്കുന്നുവെന്ന്.

“അച്ഛാ, ഈ ടിവിയുടെ മുന്നിലിങ്ങിനെ ചടഞ്ഞിരിക്കാതെ ചന്തൂനേം കൊണ്ടൊന്ന് പുറത്തിറങ്ങി നടന്നൂടെ.. ആരോഗ്യത്തിനെത്ര നല്ലതാ.. ”

കിടപ്പുമുറിയില്‍ കമ്പ്യൂട്ടര്‍ ഗെയിംസില്‍ മുഴുകിയിരുന്ന കൊച്ചുമകനേയും അതിന്‍റെ മുന്നില്‍ തപസ്സിരിക്കുന്നു എന്ന് വഴക്ക് പറയുന്നത് കേട്ടപ്പോള്‍ വൃദ്ധനോര്‍ത്തു ഇന്ന് ഓഫീസില്‍ നിന്നും മകനേതോ ആരോഗ്യ ലേഖനം വായിച്ചിട്ടുണ്ട്. അതാണ് പതിവില്ലാത്ത ഈ ശ്രദ്ധ. ഇനി ജോലി കഴിഞ്ഞെത്തുന്ന മരുമകള്‍ക്കും കാത്ത് വെച്ചിട്ടുണ്ടാവും ഫാസ്റ്റ് ഫുഡിന്‍റെ ദോഷങ്ങളും പച്ചക്കറിയിലൂടെ അകത്ത് ചെല്ലുന്ന വിഷാംശങ്ങളും എല്ലാം ചേര്‍ത്തൊരു ബോധവല്‍ക്കരണ ക്ലാസ്സ്!

ഗെയിം നിര്‍ത്തേണ്ടിവന്നു എന്നതിനേക്കാള്‍ ഇരിക്കുന്ന സീറ്റില്‍ നിന്നും എണീറ്റ്  നടക്കേണ്ടിവന്നതിന്‍റെ ദേഷ്യം മുഴുവന്‍ കണ്ണുകളിലൂടെ തുപ്പി കാലുകളിലൊരു ഫുഡ്ബാള്‍ നിയന്ത്രിച്ച് സ്വീകരണമുറിയിലേക്ക് വരുന്ന കൊച്ചുമകനെ  വൃദ്ധന്‍ അടുത്തേക്ക് മാടി വിളിച്ചു.

മകന്‍ പതിവില്ലാതെ കിടപ്പുമുറിയുടെ ജാലകം തുറന്നിടുന്ന ശബ്ദം കേട്ടു. വൃദ്ധനോര്‍ത്തു, ജാലകങ്ങളില്ലാം കഴിഞ്ഞയാഴ്ച്ച ഉറപ്പിച്ച കൊതുക് വലയുടെ ധൈര്യത്തിലായിരിക്കും. 

കൊതുകിനെ തടഞ്ഞാലും നഗരത്തിന്‍റെ സകലമാലിന്യങ്ങളും ചുമന്നുകൊണ്ട് വരുന്ന കാറ്റിനെ തടയാനാവില്ലല്ലൊ. അകത്തേക്ക് വന്ന ഒരു കെട്ടമണത്തോടൊപ്പം മകന്‍ ജനവാതില്‍  വലിച്ചടയ്ക്കുന്ന ശബ്ദം വൃദ്ധനില്‍ ചിരിപടര്‍ത്തി.

കിടപ്പുമുറിയുടെ ജനവാതിലുകള്‍ തുറക്കുന്നത് നഗരമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നിടത്തേക്കാണ്. അടച്ചുപൂട്ടിയ ഫ്ളാറ്റിനെപോലും ഭേദിച്ച് പലപ്പോഴും സഹിക്കവയ്യാത്ത നാറ്റങ്ങള്‍ അകത്തേക്ക് നുഴഞ്ഞുകയറാറുണ്ട്.


സ്വീകരണമുറിയുടെ ജാലകങ്ങളും തുറക്കാന്‍ വയ്യ. ഉറക്കം വരാതെ ഉഴലുന്ന രാത്രികളില്‍ ഈ ദിവാന്‍ കോട്ടില്‍ മലര്‍ന്ന് കിടന്ന് ഇരുട്ടിലേക്ക് മിഴികള്‍ പായിക്കുമ്പോള്‍ കാണാം തന്നോടൊപ്പം  മുറിയില്‍ തടവിലാക്കപ്പെട്ട് വട്ടം കറങ്ങുന്ന നാറുന്ന കുറേ വായുതന്മാത്രകള്‍.. 

അവയെ സ്വതന്ത്രമാക്കാന്‍ എണീറ്റ്, ഇരുട്ടിനെ വകഞ്ഞുമാറ്റി ജാലകപാളികള്‍ തുറന്നിട്ടാലും  ചെന്നെത്തുക തൊട്ടടുത്ത കെട്ടിടത്തിലെ ഒരു ഫ്ളാറ്റിന്‍റെ ടോയിലറ്റ് വെന്‍റിലേഷനിലേക്ക്, തിരികെ കിട്ടുക ഇതിനേക്കാള്‍ ദുര്‍ഗന്ധപൂര്‍ണ്ണമായവ..

തന്‍റെ കണ്മുന്നിലാണ് ഈ സ്ഥലമിങ്ങിനെ വളര്‍ന്നുപന്തലിച്ചത്, അല്ലാ വളര്‍ന്നു ചുരുങ്ങിയത് എന്നതാണ് ശരി. വൃദ്ധന്‍ സ്വയം തിരുത്തി. 

വളരെ കുറച്ച് വീടുകളും ഉയരം കുറഞ്ഞ വിരലിലെണ്ണാവുന്ന കെട്ടിടങ്ങളും. അന്ന് ഈ പ്രദേശം  ശവസംസ്ക്കാരമൊന്നുമില്ലെങ്കിലും  ശവക്കോട്ടയെന്നാണ് അറിയപ്പെട്ടിരുന്നത്.  

പ്രദേശം നിറഞ്ഞുനിന്നിരുന്ന കീരിപ്പഴച്ചെടികളുടെ സമൃദ്ധമായ തഴച്ചുവളരല്‍ പൂര്‍വ്വീകകാലത്തെന്നോ ഇവിടെ ശവസംസ്കാരമുണ്ടായിരുന്നു എന്ന ധാരണ ശരിവെയ്ക്കുന്നതായിരുന്നു. അതുകൊണ്ടാണല്ലൊ അന്ന് മുതിര്‍ന്നവര്‍, വെളുത്ത ബള്‍ബുകള്‍ കത്തിച്ചിട്ടതുപോലെ  പ്രദേശം നിറഞ്ഞുനിന്നിരുന്ന മധുരതരമായ കീരിപ്പഴങ്ങള്‍ പറിച്ച് കഴിക്കാന്‍ കുട്ടികളെ അനുവദിക്കാതിരുന്നിരുന്നത്. മണ്ണില്‍ നിറഞ്ഞ മനുഷ്യശരീരങ്ങളുടെ നെയ്യാണാവയുടെ വളം എന്നായിരുന്നു ഭാഷ്യം.

കറുത്ത കട്ടിഫ്രൈമുള്ള കണ്ണട ഊരി വൃദ്ധന്‍ തന്‍റെ മുഷിഞ്ഞതല്ലെങ്കിലും നിറം തീരെ മങ്ങിയ മുണ്ടിന്‍റെ മൂലകൊണ്ട് ചില്ലുകള്‍ അമര്‍ത്തി തുടച്ചു.

താന്‍ ചന്തുവിനേക്കാള്‍ കുഞ്ഞായിരിക്കുമ്പോള്‍ മുത്തശ്ശന്‍  പറയുന്നത് കേട്ടിട്ടുണ്ട്, അദ്ദേഹത്തിന്‍റെ കുട്ടിക്കാലത്തെ സമൃദ്ധിയെ കുറിച്ച്. അതിരുകളില്ലാത്ത ഭൂമിയെ കുറിച്ച്. കാലംകൊണ്ടുവന്ന, തനിക്കുള്‍ക്കൊള്ളാനാവാത്ത മാറ്റങ്ങളെ കുറിച്ച്. 

ഇന്ന് ആ മുത്തശ്ശന്‍ തന്‍റെ പിന്‍തലമുറയെ തേടി തിരികെയെത്തിയാല്‍ കാണുന്ന കാഴ്ചകളെ കുറിച്ച് വൃദ്ധന്‍ ഇനിയും വരളാത്ത കുസൃതിമനസ്സോടെ വെറുതെ ഓര്‍ത്തു.

ഓര്‍മ്മകള്‍ക്ക് വൃദ്ധനെ വിട്ടുകൊടുക്കാതെ കൊച്ചുമകന്‍ ആ ശുഷ്കിച്ച കാലുകളില്‍ വന്നിരുന്ന് അവന്‍റെ ചോദ്യപ്പെട്ടി തുറന്നു.

വൃദ്ധനറിയാത്ത ഒരുപാട് ചോദ്യങ്ങള്‍ക്ക് അയാള്‍ മെലിഞ്ഞുണങ്ങിയ കൈകള്‍ മലര്‍ത്തി അറിയില്ല എന്ന ഭാവത്തോടെ ഇരിക്കുമ്പോള്‍ കൊച്ചുമകന്‍ പുത്തന്‍ തലമുറയുടെ സ്ഥായിയായ മോടിയോടെ തന്‍റെ കൊച്ചറിവുകള്‍ അയാള്‍ക്ക് മുന്നില്‍ വാരിവിതറിക്കൊണ്ടിരുന്നു.

“മുത്തച്ഛന് ഫുഡ്ബാള്‍ കളിയറിയോ?” ഞരമ്പുകള്‍ എഴുന്നേറ്റ് നില്‍ക്കുന്ന അയാളുടെ നീണ്ട കൈവിരലുകളിലൂടെ പന്തുരുട്ടി അവന്‍ ചോദിച്ചു.

“ പന്തുരുട്ടാനറിയാത്ത ജന്മങ്ങളുണ്ടോ കുട്ടീ..”  

"ജനിയുടെ അതിതുംഗശൈലത്തില്‍ നിന്നും പാദങ്ങളിലെത്തുന്ന ആ പന്ത് മൃതിസാനുവില്‍ ഉപേക്ഷിക്കും വരെ  ഉരുട്ടിക്കളിക്കുന്നവരല്ലേ നാം..” 

കൊച്ചുമകന്‍റെ കൈ പിടിച്ച് ലിഫ്റ്റില്‍ കയറുമ്പോഴും വൃദ്ധന്‍  പറഞ്ഞു കൊണ്ടേയിരുന്നു;

“ ഈ പന്തിലെ പോലെ  കേവലം നശ്വരമായ ഉച്ഛ്വാസങ്ങളല്ല അതിന്‍റെ ജീവവായു. ദിനരാത്ര യുഗങ്ങളാണ്..”

“എത്തപ്പെടുന്ന പാദങ്ങള്‍ക്കനുസൃതമായി അത് ഉരുണ്ടുകൊണ്ടേയിരിക്കും, കുടിലിലൂടെ, കൊട്ടാരത്തിലൂടെ, തെരുവോരങ്ങളിലൂടെ, കുപ്പത്തൊട്ടിയിലൂടെ.. അഴുക്കും അഴകും ഒരുപോലെ പുരളുമ്പോഴും കാലം നിസ്സംഗമായുരുളും.”

വൃദ്ധന്‍ പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും എന്തെങ്കിലും സംസാരിക്കുവാനൊരാള്‍ എന്ന സമാധാനത്തോടെ കൊച്ചുമകന്‍ കാലം കാതങ്ങള്‍ അടയാളപ്പെടുത്തിയ അയാളുടെ കൂര്‍ത്ത കൈവിരല്‍ നഖങ്ങളിലൂടെ തന്‍റെ ഉള്ളം കൈ തടവി അയാള്‍ക്ക് ചെവിയോര്‍ത്ത് ലിഫ്റ്റിറങ്ങി തെരുവോരത്തേക്ക് നടന്നു.

ചീറിപ്പായുന്ന വാഹനശബ്ദങ്ങള്‍ക്ക് നടുവില്‍ കൊച്ചുമകനെ തന്നോട് ചേര്‍ത്ത് പിടിച്ച് വൃദ്ധന്‍ ചിലമ്പിച്ച ഒച്ചയോടെ തുടര്‍ന്നു.

“ഒടുവിലയാള്‍ എല്ലാ കളികള്‍ക്കും അവസാനം മൃതിയുടെ താഴ്വാരത്തില്‍ ആ കാല്പന്ത് ഉപേക്ഷിക്കുന്നു; ചിലര്‍ കളിച്ചു മടുത്തിട്ട്, മറ്റുചിലര്‍ മതിവരാതെ..."  

"ഉപേക്ഷിക്കപ്പെടുന്ന കാലം ഭാവഭേതങ്ങളില്ലാതെ മറ്റൊരു കാലില്‍ ഒട്ടിച്ചേരും, ഇനിയുമിനിയും തട്ടിക്കളിക്കപ്പെടാന്‍ ..”

നീണ്ടുകിടക്കുന്ന പാതയോരത്ത് ഒരിത്തിരി നല്ല കാറ്റന്വേഷിച്ച് വൃദ്ധന്‍ തിമിരം മൂടിയ കണ്ണുകള്‍ക്ക് മീതെ വത്സരങ്ങള്‍ ചുളുക്കിയ കൈകള്‍ വെച്ച് അനന്തതയിലേക്ക് നോക്കി നെടുവീര്‍പ്പിടവേ, ചെറുമകന്‍ അത്യന്ത വഴക്കത്തോടെ പന്ത് കാലുകള്‍കൊണ്ട് അമ്മാനമാടി കളിക്കുകയായിരുന്നു.


Friday, February 8, 2013

പട്ടം പറത്തുന്നവന്‍ - ഖാലിദ് ഹൊസൈനി


വിവര്‍ത്തനം: രമാ മേനോന്‍
പ്രസാധകര്‍:  ഡി സി ബുക്ക്സ്
വില : 160 രൂപ

ഒന്നോര്‍ത്തുനോക്കൂ, പിറവിയുടെ ആദ്യാക്ഷരങ്ങള്‍ക്ക് സാക്ഷിയായ.. ജനനത്തിന്‍റെ പ്രതിഷേധകരച്ചിലുകള്‍ക്ക് കാതോര്‍ത്ത.. ആദ്യച്ചുവടുകള്‍ക്ക് , വളര്‍ച്ചയുടെ ശ്വാസഗതികള്‍ക്ക് താങ്ങേകിയ.. ജീവിതത്തിന്‍റെ വേവും ചൂടും ഗന്ധവും മനസ്സിലേറ്റിയ  ജന്മഗേഹം വിട്ടൊരുനാള്‍ പെട്ടെന്ന് പാലായനം ചെയ്യേണ്ടിവരുന്ന അവസ്ഥ!

തീര്‍ത്തും സ്വന്തമായിരുന്ന ഓരോ മണല്‍ത്തരിയും വൃക്ഷലതാദികളും കാടും മലയും കുന്നും കാട്ടാറും ഇടവഴികളും തെരുവും കവലയും നാട്ടുകാരും വിദ്യാലയവും അധ്യാപകരുമെല്ലാം ഇനി ഒരിക്കലും കാണാനാവാത്ത വിധം പൊടുന്നനെയൊരു പുലരിയില്‍ ജീവിതത്തില്‍നിന്നും അന്യവല്‍ക്കരിക്കപ്പെടുക.. പതിനെട്ടുവയസ്സുവരെയുള്ള ജീവിതം, അനുഭവങ്ങള്‍,  പരിചയങ്ങള്‍ എല്ലാമെല്ലാം തൂത്തുവാരിയ മുറ്റം പോലെ ജീവിതത്തില്‍ നിന്നും ഓര്‍മ്മകളിലേക്ക് കോരിമാറ്റപ്പെടുക. പിന്നീട് ആയുസ്സ് മുഴുവന്‍ അവ  അനുസരണയില്ലാത്ത കരിയിലകളെപോലെ മനസ്സിന്‍റെ തിരുമുറ്റത്ത് പാറി പറന്നുകൊണ്ടിരിക്കുക!

ജീവിതത്തിന്‍റെ മദ്ധ്യാഹ്നത്തിനുമപ്പുറം ഒരുനാള്‍ വീണ്ടും  അപഹര്‍ത്താവിനെപോലെ താന്‍ കളിച്ചുവളര്‍ന്ന നാടിന്‍റെ മടിത്തട്ടില്‍ മടങ്ങിയെത്തുക.. ജന്മഗേഹത്തിലേക്ക്, തന്‍റെ നിശ്വാസങ്ങള്‍ തങ്ങിനില്‍ക്കുന്ന  തൊടിയിലേക്ക് ഒളിഞ്ഞുനോക്കേണ്ടി വരിക. അനന്യമായിരുന്നതെല്ലാം അന്യമാക്കപ്പെട്ട അവസ്ഥയിലേക്ക് അപരിചതത്വത്തിന്‍റെ ഏറ്ക്കണ്ണുകള്‍ പായിക്കേണ്ടിവരുന്നവന്‍റെ ഹൃദയവ്യഥ..!


ഖാലിദ് ഹൊസൈനിയുടെ ‘പട്ടം പറത്തുന്നവന്‍‘ എന്ന നോവലിലൂടെ വായനക്കാരന് ഇതെല്ലാം അനുഭവേദ്യമാകും. അമീറിന്‍റെ ബാല്യ-കൌമാര ഓര്‍മ്മകള്‍ അടക്കം ചെയ്ത അഗ്നിപര്‍വ്വതത്തിലെ പുകയുന്ന ജീവിതനോവ് അക്ഷര മാസ്മരികതയിലൂടെ ലാവയായൊഴുകി വായിക്കുന്നവന്‍റെ ഹൃദയത്തെ പൊള്ളിക്കും. നീറിനീറിയത് കണ്ണുനീരിലൂടെ പ്രപഞ്ചത്തിലെ നരകയാതന അനുഭവിക്കുന്നവന് വേണ്ടിയുള്ള പ്രാര്‍ത്ഥനയായൊഴുകും.


ഹസാര, പഷ്ട് എന്നീ വ്യതസ്ത വര്‍ഗ്ഗക്കാരായ ഹസ്സന്‍, അമീര്‍ എന്നിവരുടെ ബാല്യകാല സൌഹൃദങ്ങളിലൂടെ ഇതള്‍ വിടരുന്ന കഥ  ചിത്രകാരന്‍റെ നിപുണതയോടെ രചയിതാവ് പല  വര്‍ണ്ണക്കൂട്ടേകി അഫ്ഗാനിസ്ഥാനിലെ വംശീയകലാപങ്ങളും അധിനിവേശങ്ങളും നരകതുല്യമാവുന്ന മനുഷ്യജീവിതവും പാലായനങ്ങളും അരാജകത്വവും എല്ലാം വരച്ചിടുമ്പോള്‍ അക്ഷരവര്‍ണ്ണങ്ങളുടെ നിറദീപം കൊളുത്തിവെയ്ക്കപ്പെടുന്നത് ഓരോ വായനക്കാരന്‍റേയും ഉള്ളിലാണ്. തങ്ങളുടെ ബാബമാര്‍ കാത്തുസൂക്ഷിച്ച അതേ അപൂര്‍വ്വ സൌഹൃദം അമീറിലൂടെയും ഹസ്സനിലൂടെയും തുടരുകയാണ്, ഹസ്സനും പിതാവ് അലിയും അമീറിന്‍റെ വീട്ടിലെ വേലക്കാരാണെങ്കിലും.

ബാല്യത്തിന്‍റെ അപക്വതയും ഒറ്റപ്പെടലും  സാഹചര്യങ്ങളും അമീറിലുണ്ടാക്കുന്ന അബദ്ധതോന്നലുകളും തീരുമാനങ്ങളും ഒരു ജീവിതകാലം മുഴുവന്‍ നീറികഴിയാനുള്ളത് അവന്  സമ്മാനിക്കുമ്പോള്‍ എന്നും മറ്റുള്ളവന്‍റെ കയ്യിലെ കളിപ്പാട്ടമാവാന്‍ വിധിക്കപ്പെട്ട ഹസാരയായ ഹസ്സന് നഷ്ടപ്പെടുന്നത്  ‘അമീര്‍ ആഗാ, ഒരായിരം തവണ നിങ്ങള്‍ക്കുവേണ്ടി’ എന്ന് സ്വയം വിധേയത്വം പ്രകടിപ്പിക്കാനുള്ള, ജീവനേക്കാളേറെ അവന്‍ സ്നേഹിച്ചിരുന്ന അവന്‍റെ കളിക്കൂട്ടുകാരനേയും ഒരു പരിധിവരെ അവന്‍റെ തന്നെ ജീവിതവുമായിരുന്നു.

വൈദേശിക ശക്തികള്‍ അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കിയതോടെ നഷ്ട്പ്പെട്ടതാണവിടുത്തെ സ്വൈരജീവിതം. അശാന്തിയുടെ വെടിയൊച്ചകളിലൂടെ അധികാര കൊതിയുടെ, വംശീയകലാപത്തിന്‍റെ, തീവ്രവാദത്തിന്‍റെ കരാളഹസ്തങ്ങള്‍ ആ  നാടിന്‍റെ കഴുത്തിറുക്കി ശ്വാസം മുട്ടിക്കുമ്പോള്‍ കണ്ണുതുറിക്കപ്പെട്ടത് ആ മണ്ണിനെ സ്നേഹിച്ച്, ശ്വസിച്ച്, സ്വപ്നങ്ങളെ ഇറുകെ പിടിച്ച് ജീവിച്ചിരുന്ന നിരപരാധികളായ ഒരു ജനസഞ്ചയത്തിന്‍റേതായിരുന്നു. തുളച്ചുകയറുന്ന വെടിയുണ്ടകളിലൂടെ ചിതറിത്തെറിച്ച അവര്‍ പ്രാണരക്ഷാര്‍ത്ഥം പാലായനം ചെയ്യുമ്പോള്‍ ജന്മനാട്ടിലുപേക്ഷിച്ച ജീവിത സമ്പാദ്യങ്ങള്‍ക്കൊപ്പം അനാഥമാക്കപ്പെട്ടതാണവരുടെ സ്വപ്നങ്ങളും. 


അമീറിന്‍റെ ബാബയടക്കം അന്നാട്ടിലെ പ്രമാണിമാരില്‍ പലരും വിധിയുടെ കറങ്ങിത്തിരിയലില്‍ വെറും അഭയാര്‍ത്ഥികളായി അന്യനാട്ടിലേക്ക് ഓടിരക്ഷപ്പെടുമ്പോഴും എന്നെങ്കിലും ജന്മനാട്ടില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയുടെ ഇത്തിരിവെട്ടം അസ്തമിച്ചിരുന്നില്ല. പക്ഷേ..! 


അന്ന് രക്ഷപ്പെടാനാവാതെ, അധികാരവര്‍ഗ്ഗത്തിന്‍റെ വെടിയുണ്ടകള്‍ക്ക് നേരെ കഴുത്ത് നീട്ടികൊടുക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ഒന്നാശ്വസിക്കാം, മരിച്ചുവീണത് പിറന്ന മണ്ണിലാണെന്ന്, മാളികപ്പുറത്ത്നിന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട് പിച്ച തെണ്ടുന്നത് സ്വന്തം തെരുവോരത്താണെന്ന്.


ഇങ്ങിനെയൊക്കെ പറഞ്ഞുവെക്കുമ്പോള്‍ തന്നെ ഇതൊരു വിപ്ലവ നോവലോ രക്തംചിന്തുന്ന യുദ്ധകഥയോ അല്ല. മറിച്ച് സ്വച്ഛന്ദമൊഴുകുന്ന,  ഇടക്കിടെ ചുഴികളും കയങ്ങളും കുത്തൊഴുക്കുകളുമുള്ള ഒരു ജീവിതകഥ മാത്രമാണ്.  കാബൂള്‍ക്കാരനായ അമീറിന്‍റെയും അവന്‍റെ പ്രിയരുടേയും കഥ. 


അമീറും ബാബയും പ്രിയകൂട്ടുകാരന്‍ ഹസ്സനും അവന്‍റെ ബാബ  അമീറിന്‍റെ വീട്ടുജോലിക്കാരന്‍ അലിയും ,  ബാബയുടെ മനസാക്ഷിസൂഷിപ്പുകാരന്‍ റഹീംഖാനും വികൃതി അയല്‍ക്കാരന്‍ ആസിഫും  തുടങ്ങി ഒട്ടേറെ പേര്‍ കടന്നുവരുന്ന കാബൂള്‍ ജീവിതത്തിലെ ആദ്യപകുതിയും അമേരിക്കന്‍ പൌരന്മാരാവുന്ന അമീറും ബാബയും അന്യത്വം മുഴച്ചുനില്‍ക്കുന്ന അവിടുത്തെ ജീവിതരീതികളും സൊറയ്യ എന്ന പ്രാണസഖിയും അവളുടെ മാതാപിതാക്കളും  ചേര്‍ന്ന രണ്ടാം പകുതിയും  സൊറാബ് എന്ന ജീവിതത്തിലെ വഴിത്തിരിവും എല്ലാം ചേര്‍ന്ന അമീറിന്‍റെ ജീവിത കഥയാണിത്. 


അതിന്‍റെ സമാന്തരമായി കാലം ഒഴുക്കുന്നതാണ് മറ്റെല്ലാ കഥകളും. അമീറിന്‍റെ ജീവിതം എഴുത്തുകാരനെന്ന വഴിത്തിരിവിലേക്കെത്തി നില്‍ക്കുമ്പൊഴുണ്ടാകുന്ന ചില ആകസ്മിതകള്‍ കൂടി ചേരുമ്പോള്‍ ഈ നോവല്‍ പൂര്‍ണ്ണമാവുന്നു.


അടുത്തകാലത്ത് വായിച്ചവയില്‍ മനസ്സ് നിറഞ്ഞ് കവിഞ്ഞൊരു വയനാനുഭവമെന്ന് ഞാനീ വായനയെ വിശേഷിപ്പിക്കും. ഒരിടത്തും മുഷിയാതെ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍  പ്രേരിപ്പിക്കുന്ന ഖാലിദ് ഹൊസൈനി എന്ന  അഫ്ഗാനി എഴുത്തുകാരന്‍റെ  ഈ പ്രഥമ നോവലിനെ സാഹിത്യഭംഗി ഒട്ടും നഷ്ടപ്പെടുത്താതെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത രമാ മേനോന്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഭൂരിഭാഗം വായനാരുചികളേയും സംതൃപ്തിപ്പെടുത്തുന്ന ഈ പുസ്തകത്തിന്‍റെ പ്രസാധകര്‍ ഡി സി ബുക്സ്. കഥയുടെ ചെറുവിവരണം പോലും വായിക്കാനൊരുങ്ങുന്നവന്‍റെ  ആസ്വാദനത്തെ ബാധിക്കുമെന്നതിനാല്‍ അതിനൊരുങ്ങുന്നില്ല.


കാബൂളിലെ വസീര്‍ അക്ബര്‍ഖാന്‍   പ്രദേശവും തലയെടുപ്പോടെ നില്‍ക്കുന്ന   ബാബയുടെ വീടും വീട്ടുമുറ്റത്തെ പോപ്ലാര്‍ മരങ്ങളും  ഷാര്‍ -ഇ-നൌ അങ്ങാടിയും  കുന്നിന്‍പുറവും മാതളമരവും  ശൈത്യം പുതപ്പിക്കുന്ന തൂവെള്ള മഞ്ഞും പാറിപ്പറക്കുന്ന പട്ടങ്ങളും പട്ടം പറപ്പിക്കുന്നവരും പൊട്ടിയപട്ടത്തിന്‍റെ പിറകെ ഓടുന്നവരുമെല്ലാം മനസ്സില്‍ നിന്ന് പടിയിറങ്ങാതെ വായന അവസാനിക്കുമ്പോള്‍ എന്‍റെ ഉള്ളിലിരുന്ന് ആരോ പറയുന്നുണ്ട്;

" വസന്തം വന്നെത്തുമ്പോള്‍ മഞ്ഞുപാളികള്‍ ഒന്നായി ഉരുകി വീഴുന്നില്ല; മെല്ലെ മെല്ലെ ഓരോരോ പാളികളായി.....” ഇപ്പോള്‍ ഞാന്‍ കണ്ടതും അതുതന്നെയാണ്!

Saturday, February 2, 2013

ചിറകറ്റ ഹേമന്തം


ശീതക്കാറ്റടിച്ച് തണുത്തുറഞ്ഞ സായാഹ്നത്തില്‍,  വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകത്തിലെ കഥാപാത്രങ്ങളുമായി മനസ്സില്‍  കലപില കൂട്ടികൊണ്ട്   മുഷിരിഫ് പാര്‍ക്കിലേക്കുള്ള പതിവ്  നടത്തത്തിനിടയിലാണ് അറബിവില്ലകള്‍ക്ക് ചന്തമേകി വിടര്‍ന്ന് പരിലസിച്ചിരുന്ന സൂര്യകാന്തി പൂക്കള്‍ക്കിടയില്‍ ആ ചിറകൊടിഞ്ഞ കുഞ്ഞിക്കിളിയെ കണ്ടത്.  

കാല്പെരുമാറ്റം അതിനെ കൂടുതല്‍ വിഹ്വലയാക്കിയെന്നു തോന്നുന്നു. പേടി പിടയ്ക്കുന്ന കണ്ണുകളോടെ അത് മുറിവേറ്റ ചിറകുകള്‍ താങ്ങി ചപ്പിലകള്‍ക്കിടയില്‍ ഒളിക്കാന്‍ വിഫലശ്രമം നടത്തുന്നതിനിടയിലാണ്, കുട്ടികള്‍  കയറി പൂന്തോട്ടം നശിപ്പിക്കാതിരിക്കാന്‍ കെട്ടിയ കമ്പിവേലിയില്‍ ചിറകുടക്കി മുറിവേറ്റ ആ ചിറക് കുഞ്ഞുദേഹത്ത് നിന്നും വേര്‍പ്പെട്ടത്.. വേദനകൊണ്ടത് പിടയുന്നുണ്ട്..

കുഞ്ഞികാലടികള്‍ ഇടറി ചരല്‍മണ്ണില്‍ വീണ് കാല്‍മുട്ടുരഞ്ഞ് അമ്മേന്ന് വിളിച്ചുകരയുന്ന മക്കളുടെ മുഖം അതിന്‍റെ കരച്ചില്‍ മനസ്സില്‍ കോറിയിട്ടു. നോവിക്കാതെ ആ കിളിയെ കമ്പികള്‍ക്കിടയില്‍ നിന്നും വേര്‍പ്പെടുത്താനുള്ള ശ്രമത്തിനിടെ പെട്ടന്നാണ് എവിടെനിന്നോ പാഞ്ഞുവന്നൊരു കിളി  കൈകളില്‍ കൊത്തിയത്. ഇത്തിരിക്കുഞ്ഞനെങ്കിലും ഇണയെ രക്ഷിക്കാനുള്ള വ്യഗ്രത ആ കൊത്തില്‍ പ്രകടമായിരുന്നു. പൊടുന്നനെ കൈ പിന്‍ വലിച്ചതുകൊണ്ട് മുറിപ്പെട്ടില്ല. നൊന്ത കയ്യുമായി ദേഷ്യത്തോടെ, അതിലേറെ ഭയത്തോടെ പിന്‍വാങ്ങി.


ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് തൊട്ടപ്പുറത്ത് ചപ്പുചവറുകള്‍ പെറുക്കി നിരത്ത് വൃത്തിയാക്കുകയായിരുന്ന ആ ബംഗാളിപയ്യന്‍ ഓടിവന്ന്  പറഞ്ഞു;

“വേണ്ടാ, അതാ മുറിവേറ്റ പക്ഷിയുടെ അമ്മയായിരിക്കും. തന്‍റെ  കുഞ്ഞിനെ ഉപദ്രവിക്കുന്നെന്ന് കരുതിയാണത് നിങ്ങളെ ആക്രമിച്ചത്.”

ഇരുപതില്‍ കൂടാത്ത പ്രായം. നല്ല ഭംഗിയുള്ള പയ്യന്‍. ആത്മവിശ്വാസം സ്ഫുരിക്കുന്ന ആ മുഖത്ത് കറുത്ത മറുക് പോലെ വിഷാദകാളിമ ഒറ്റനോട്ടത്തിലേ തിരിച്ചറിയാം.

“ഹേയ്, അതവന്‍റെ അമ്മയല്ല, ഇണയാവാനാണ് സാധ്യത.”
ഞാനാ ഓമനത്വം തളം കെട്ടിനില്‍ക്കുന്ന മുഖത്ത് നിന്നും കണ്ണെടുക്കാതെ പറഞ്ഞു.

“അല്ല, ഇങ്ങിനെ സ്വജീവന്‍ പണയം വെച്ച് മറ്റൊരുജീവനു വേണ്ടി പോരാടാന്‍ ഒരമ്മമനസ്സിനേ കഴിയൂ..” അത് പറയുമ്പോഴവന്‍റെ മുഖത്ത് ക്രോധവും ശോകവും നിലാവെട്ടിയിരുന്നു.

പറന്നുവന്ന ആ കിളിയപ്പോഴും മുറിവേറ്റ് പിടയുന്നതിന് ചുറ്റും വെപ്രാളത്തോടെ ചാടിച്ചാടി നടക്കുന്നുണ്ട്.

ഇത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയുന്നവന്‍ എന്തേ ഇങ്ങിനെയൊരു ജോലിയില്‍  എന്നതിലായിരുന്നു എന്‍റെ അത്ഭുതം.

“നിന്‍റെ പേര്?”

“ആരുഷ്”

“ബംഗാളി?”

“അതെ.”

“ആരുഷിന്‍റെ വിദ്യഭ്യാസം?”

വിഷാദം നിഴലിക്കുന്ന ആരുഷിന്‍റെ മുഖം, മേലേ ആകാശത്തിനേക്കാള്‍ മൂടിക്കെട്ടിയപ്പോള്‍ ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.

ചവറുകള്‍ പെറുക്കി ചവറ്റുക്കുട്ടയിലേക്കിടാന്‍ ഉപയോഗിക്കുന്ന ദണ്ഡ് മതിലില്‍ ചാരിവെച്ച്, കട്ടികൂടിയ കയ്യുറകള്‍ ഊരിമാറ്റി അവന്‍ പതുക്കെ മഞ്ഞപൂക്കള്‍ പന്തലിച്ചു നില്‍ക്കുന്ന ആ പേരറിയാ മരത്തിന്‍റെ ചുവട്ടിലേക്ക് നടന്നു. സിമന്‍റ് ബഞ്ചിനു താഴെ ഇരിപ്പുറപ്പിച്ച ആരുഷ് എന്നെ ബഞ്ചിലേക്ക് ക്ഷണിച്ചു.

ആ പെരുമാറ്റ മര്യാദയും കുലീനത്വവും അവനോട് വല്ലാത്തൊരു വാത്സല്യം ജനിപ്പിക്കുന്നതായിരുന്നു.

“ഞാന്‍ വിദ്യ അഭ്യസിച്ചിട്ടില്ല ..  വിദ്യ അഭ്യസിക്കണമെങ്കില്‍ അതിനൊരു അഭ്യാസിയുടെ ശിക്ഷ്യത്വം സ്വീകരിക്കണം. അറിവുള്ളവര്‍ പറയുന്നതും റേഡിയോയിലെ ഇംഗ്ലീഷ് ട്രെയിനിങ്ങ് പ്രോഗ്രാമും തപ്പിത്തടഞ്ഞ് വായിക്കുന്ന ചില പുസ്തകങ്ങളുമാണ് എന്‍റെ സ്കൂള്‍.  എന്‍റെ ഗുരു ജീവിതമാണ്. ജീവിതമെന്നത് എന്‍റെ അമ്മയും! ”

അത് പറയുമ്പോഴവന്‍റെ കണ്ണുനീരാല്‍ മണ്ണില്‍ കിടന്നിരുന്ന കരയില നനയുന്നത് നോക്കി ഞാനിരുന്നു.

കരയുന്നതെന്തിനെന്ന് അറിയില്ലെങ്കിലും ഒരനിയനെയെന്നപോലെ  ചേര്‍ത്ത് പിടിച്ചവനെ ആശ്വസിപ്പിക്കാന്‍  തോന്നി.

“അമ്മ പണിയെടുത്ത് കിട്ടുന്ന കാശുകൊണ്ട് ഞാനും അമ്മയും ഏട്ടനും സുഖമായി ജീവിച്ചു പോരുമ്പോഴാണ് അച്ഛനെന്ന് പറയുന്ന അയാള്‍  വീണ്ടും വീട്ടില്‍ വന്ന് താമസമാക്കിയത്.. അഞ്ചുവയസ്സായ, എന്നെയതുവരെ കാണാത്ത ആ മനുഷ്യന്‍ വീടുപേക്ഷിച്ച് പോയിട്ടപ്പോഴേക്ക് അഞ്ചരവര്‍ഷം കഴിഞ്ഞിരുന്നു. ആദ്യ ഒരാഴ്ച കഴിഞ്ഞപ്പോള്‍  വീട്ടില്‍ അടിയും ഉപദ്രവങ്ങളും തുടങ്ങി. അമ്മയെ മര്‍ദ്ദിച്ച് അവശയാക്കുന്നത് കണ്ടുനില്‍ക്കാനെ എനിക്കും ഏട്ടനും കഴിയുമായിരുന്നുള്ളൂ..”

ഭാഷ മാറിയാലും നാട് മാറിയാലും ജീവിതങ്ങള്‍ മാറുന്നില്ല; ഞാനോര്‍ത്തു.

“അമ്മ പണികഴിഞ്ഞുവരാന്‍ വൈകിയ അന്ന് അയാള്‍ ഏട്ടനെ അയാളുടെ മകനല്ലെന്നും പറഞ്ഞ് വെട്ടുകത്തിയെടുത്ത് മരപ്പലകലയില്‍ വെച്ച് വെട്ടിനുറുക്കി. അടുത്ത ഊഴം എന്‍റേതാണെന്ന തിരിച്ചറിവില്‍ പേടിച്ച് മിണ്ടാനാവാതെ ഇതെല്ലാം കണ്ടുകൊണ്ടുനില്‍ക്കുകയായിരുന്ന എന്‍റെ മുന്നിലേക്ക് ദൈവത്തെ പോലെ അമ്മ കയറിവന്നു.”

മരംകോച്ചുന്ന ആ തണുപ്പില്‍ ആരുഷിന്‍റെ കഥ കേട്ട് ഞാന്‍ വിയര്‍ത്തൊലിച്ചു, ഒരു ശിശിരത്തിനും സമാധാനിപ്പിക്കാനാവാത്ത വിധം.

“അമ്മ കറിക്കത്തിയെടുത്ത്, ഏട്ടനെ വെട്ടി കഷണങ്ങളാക്കിക്കൊണ്ടിരുന്ന അയാളെ പിന്നില്‍നിന്നും ആഞ്ഞാഞ്ഞ് കുത്തി. തൊട്ടടത്തുനിന്നിരുന്ന എന്‍റെ മുഖത്തേക്ക് ചീറ്റിത്തെറിച്ച ചോര അരിക്കലത്തിലെ വെള്ളത്തില്‍ കഴുകിതന്നുകൊണ്ട് എന്നെ ആ ഇരുട്ടിലേക്ക് ഇറക്കിവിട്ട് അമ്മ   പറഞ്ഞു, എവിടെയെങ്കിലും പോയി രക്ഷപ്പെടാന്‍”

“കവലവിട്ട് എവിടേയും പോയി പരിചയിച്ചിട്ടില്ലാത്ത ഞാന്‍ ഓടിയത് പിന്നീട് പലകവലകളിലൂടെ, പല നിരത്തുകളിലൂടെയായിരുന്നു, പതിനെട്ടാം വയസ്സില്‍ ഒരു  നല്ല മനുഷ്യന്‍ മേല്‍വിലാസവും ധനസഹായവുമേകി എന്നെയിങ്ങോട്ട് കയറ്റിവിടുന്നതുവരെ.”

പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് മുഖത്ത് തെറിച്ച രക്തക്കറ തുടച്ച് കളയാനെന്നവണ്ണം ആരുഷ് കൈവെള്ളകളാല്‍ മുഖമൊന്നമര്‍ത്തി തുടച്ചു.

“ അമ്മയിന്ന് ജീവിച്ചിരിപ്പുണ്ടോന്നറിയില്ല. അന്നയാളെ കൊന്നോ എന്നും.അന്വേഷിച്ച് പോവാന്‍ എനിക്ക് ഞാനോടിയ വഴികളോ എന്‍റെ സ്ഥലപേരോ ഓര്‍മ്മയില്ല. ഞാനിതുവരെ കണ്ടവരില്‍ ആരെങ്കിലും എന്‍റെ അമ്മയായിരുന്നോ എന്നുമറിയില്ല. അത്രയും തെളിയാത്തൊരു ചിത്രം പോലെ മങ്ങികിടക്കുകയാണമ്മ മനസ്സ് നിറയെ. എന്നുമൊരു ജീവശ്വാസം പോലെ അന്ന് തൊട്ടിന്നുവരെ ഞാനോര്‍ക്കുന്ന അമ്മയുടെ മുഖമെന്തേ ദൈവമെന്നില്‍ ഇത്രയും മങ്ങിയ ചിത്രമാക്കി ഒളിപ്പിച്ചുവെച്ചിരിക്കുന്നത്? ഒരുപക്ഷേ ചുറ്റും കാണുന്ന സ്ത്രീകളിലെല്ലാം ഒരു പ്രതീക്ഷപോലെ എനിക്കെന്‍റെ അമ്മയെ നോക്കികാണാന്‍ വേണ്ടിയാവും അല്ലേ ചേച്ചീ..”

മറുപടിയ്ക്ക് കാക്കാതെ അവന്‍ സമയമൊരുപാടായി എന്ന വേവലാതിയോടെ തിരക്കിട്ട് തിരിഞ്ഞുനടന്നത് ചിലപ്പോള്‍ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ കണ്ട് ഈ അമ്മ സങ്കടപ്പെടേണ്ട എന്ന് കരുതിയാവാം..

വേലിക്കമ്പിയില്‍ കുരുങ്ങി ജീവന്‍പൊലിഞ്ഞ കുഞ്ഞിക്കിളിക്കരികെ വട്ടമിട്ടുകൊണ്ടിരുന്ന   അടയ്ക്കാകിളിയുടെ കണ്ണുകളിലെനിക്കപ്പോള്‍ ആരുഷ് പറഞ്ഞതുപോലെ ഒരമ്മയുടെ സങ്കടക്കടല്‍ ആര്‍ത്തിരമ്പുന്നത് കാണാനായി....