Wednesday, December 8, 2010

മാറാലകള്‍മറവിയാം മാറാല മനസ്സിന്‍
നേര്‍ക്കാഴ്ച മറയ്ക്കുന്നു...
വകഞ്ഞുമാറ്റി ഓര്‍മകളെ  തേടി
യാത്രപോയി ഞാന്‍ ഇന്നലേകളിലേക്ക്...
പകുത്തുമാറ്റിയവ എന്നില്‍നിന്നും
സ്വന്തമായിരുന്നെന്‍ ഓര്‍മ്മകളെ,
അവസാനയാത്രയ്ക്കായ് സ്വരുകൂട്ടിവെച്ച
ജീവിത സമ്പാദ്യമാം ഇന്നലേകളെ....
കട്ടെടുത്തുവെന്‍ ഓര്‍മ്മകളില്‍ ഉറങ്ങുന്ന 
ബാല്യം, കൌമാരം, യൌവ്വനം....
കാലമാം ചിലന്തി കരവിരുതിനാല്‍
മറവിയുടെ മാറാലയ്ക്ക് ഇഴകള്‍ നെയ്യുന്നു..
നാളെകളെന്നെ മാടിവിളിക്കുമ്പോള്‍
ഇന്നലേകളില്‍ ചിലന്തി പിടിമുറുക്കുന്നു...
ചിലന്തിവലകളാല്‍ മതിലുകള്‍ പണിത്
പ്രിയമെഴും ഓര്‍മ്മകളെ എനിക്ക് അന്യമാക്കുന്നു..
പിച്ചവെച്ച തൊടിയും അങ്കണവും
ആദ്യാക്ഷരം പകര്‍ന്നു തന്ന  വിദ്യാലയവും
മുത്തശ്ശിതന്‍ സ്നേഹ ചെല്ലവും
പൂക്കളാല്‍ അനുഗ്രഹവര്‍ഷമേകിയ
ഇലഞ്ഞിമരവും മുല്ലവള്ളിയും
തെക്കേതൊടിയിലെ ചക്കരമാവും
വക്ക്പൊട്ടിയൊരാ സ്ലേറ്റും
അക്ഷരങ്ങള്‍ പാതിമാഞ്ഞ പുസ്തകവും..
എന്‍ ആദ്യാനുരാഗവും കൂട്ടുകാരും
പൂക്കളാല്‍ പ്രണയകാവ്യം രചിക്കും ഗുല്‍മോഹറും
ചിലന്തിവലകള്‍  വലയം ചെയ്യുന്നു...
ഓര്‍മ്മകളെ എന്നില്‍ നിന്നടര്‍ത്തി മാറ്റി
മാറാലയുടെ മൂടുപടമണിയിക്കുന്നു കാലം...
ഇന്നലേകള്‍ കൂട്ടിനില്ലാതെ ശൂന്യമനവുമായ്
നാളെയിലേക്കുള്ള യാത്രയിലാണ് ഞാന്‍...
ഞാന്‍ നടന്നുവന്ന വഴികളെല്ലാം മാറാല മൂടുമ്പോള്‍
കാണുന്നുവെന്‍ അകതാരിലാ ദൃശ്യം
ഒരിക്കലീ കാലമാം ചിലന്തി എന്നെയും
മറവിയുടെ മാറലയാല്‍ അലങ്കരിക്കും ദിനം..!!

Saturday, November 20, 2010

Tuesday, October 19, 2010

Friday, October 15, 2010

കാലം

ഇന്നെന്‍ പാട്ടും ഈണമില്ലാതെ
മീട്ടിയ ശ്രുതികള്‍ ‍ പാഴ്ശ്രുതിയായ്‌
വരച്ച വരകള്‍ തെളിയാതെ
ചാലിച്ച ഛായക്കൂട്ടുകള്‍  വര്‍ണ്ണങ്ങളില്ലാതെ
എഴുതിയ അക്ഷരങ്ങള്‍ വാക്കുകളാകാതെ ..
മായ്ക്കുന്നുവോ കാലമെന്‍ കാല്‍പ്പാടുകള്‍ ?? ‌

ഏകിയ പുഞ്ചിരികളെന്നെ കൊഞ്ഞനം  കാട്ടുന്നു
ചെയ്ത പപങ്ങളെന്നോട്   ആക്രോശിക്കുന്നു
എന്നിലെ നന്മകള്‍ പരിഹസിക്കുന്നു
സ്വവാക്കുകള്‍ ചോദ്യ ശരങ്ങളെയ്യുന്നു..
ഒടുവില്‍ കാലമിതാ എനിക്കെതിരെയും …..!!

ഞാന്‍ താണ്ടിയവഴികളിന്ന്‍ ഊടുവഴികളായ്
എന്‍ മൊഴികള്‍ വെറും ജല്പ്പനങ്ങളായ്  ‌
കണ്ടറിഞ്ഞ കാഴ്ചകള്‍ പൊയ്കാഴ്ചകളായ്
സ്വരുക്കൂട്ടിയ  അറിവുകള്‍ അശാസ്ത്രീയമായ്‌ …
എന്നിലെഎന്നെ നോക്കുക്കുത്തിയാക്കി
കാലമിതാ പടിയിറക്കുന്നുഎന്നിലെ സത്വം  ..!!

പുതുതലമുറയിന്ന്  കാലത്തിന്‍ കരു
ഇന്നലെകളിലെന്‍  യുവത്വത്തിന്‍ സ്ഥാനം
അന്ന്‍ പൂര്‍വികര്‍ തന്‍കേഴലില്‍ ‍ കനിഞ്ഞില്ല
 അന്ന് കാലത്തിന്‍ ചൂതാട്ടമെന്നറിഞ്ഞില്ല..
ഖേദിപ്പിനര്‍ത്ഥമില്ല എങ്കിലും നോവാകുന്നു
പിതൃക്കള്‍ക്കേകിയ നോവിനാഴം....

ഇന്നീ അസ്തമന താഴ്വരയിലിരുന്
ചൊല്ലട്ടെ എന്‍ പ്രിയമക്കളോട്..                                                                                                         ഇന്നിന്‍ കരുക്കള്‍ നാളെ കാലത്തിന്‍ ഇരകള്‍

നിങ്ങള്‍ വരയ്ക്കുമീ ജീവിതചിത്രങ്ങള്‍
നാളെ കാലം മായ്ക്കും നിഷ്കരുണം
തള്ളിമാറ്റും കാലയവനികയ്ക്കുള്ളില്‍
തെളിയാത്ത ഛായകൂട്ടുകള്‍ കണക്കെ….
കാലത്തിന്‍ കളിയരങ്ങില്‍                                                                                                                      കഥയാണ് കാവല്‍ക്കാരന്‍

കളിക്കുന്നവന്‍ വെറും കളിക്കാരന്‍
കാലത്തിനായ് കളിക്കുന്നവന്‍ ...!!

Sunday, October 10, 2010

ചിതറിയ വളപ്പൊട്ടുകള്‍

മനസ്സ് നിറയെ ചിതറിയ വളപ്പൊട്ടുകള്‍
സ്നേഹത്തിന്‍ പൊട്ടിച്ചിതറിയകഷണങ്ങള്‍
വളപ്പൊട്ടിന്‍ തേങ്ങല്‍ അസ്വസ്ഥമാക്കുന്നു 
ഹൃത്തില്‍ കൊളുത്തിവലിക്കുന്നു കൂര്‍മ്മാഗ്രങ്ങള്‍ ..


കൂട്ടിച്ചേര്‍ക്കാനാവാത്ത വര്‍ണ്ണപ്പൊട്ടുകള്‍ 
പെറുക്കി കളയാനാകുന്നില്ല‍ മനതാരില്‍നിന്നും ..
കണ്ണുനീരിന് രക്തവര്‍ണ്ണ മേകി,
സ്നേഹത്തിന്‍ കൂര്‍ത്ത മുനകള്‍ നോവാകുന്നു.. 
ആത്മബന്ധത്തിന്‍ ‍ മാന്ത്രിക സ്പര്‍ശവുമായ്
ഈ കടുംനിറങ്ങളിനിയും  മാടിവിളിക്കുന്നു..


അരുമയോടെ തിരഞ്ഞെടുത്തൊരിക്കലീ  വള
സൂക്ഷിച്ചു ഹൃദയത്തിലതിന്‍ മനോഹാരിത 
ലാളിച്ചു കൂടെപ്പിറപ്പെന്ന പോല്‍
മോഹിച്ചു  പിരിയരുതൊരിക്കലുമെന്ന്  
നൊമ്പരങ്ങളെ കണ്ണീരിന്‍ ചമയങ്ങളണിയിക്കാന്‍
വിരഹം വേദിയൊരുക്കുമെന്ന് വിസ്മരിച്ചതെന്തേ..
പൊട്ടിച്ചെറിയലിന്‍ അട്ടഹാസം ‌ കാതില്..
വളപ്പൊട്ടിന്‍ കിലുക്കം പരിഹാസച്ചിരിയായ്...   


കാലം കുറച്ചേക്കാം അഗ്രത്തിന്‍ കൂര്‍മ്മത
എന്കിലുമീ വര്‍ണ്ണങ്ങള്‍ മായാതെ മനസ്സില്‍ , 
നഷ്ടപ്പെടലിന്‍ തേങ്ങല്‍ മരണം വരെ , 
പോയ സ്നേഹവസന്തം അഴലായ് പിറക്കുന്നു..


എഴുതിച്ചേര്‍ത്തോട്ടെ കണ്ണുനീരിന്‍ മഷികൂട്ടില്‍,
 മനസ്സാം പുസ്തകത്തിന്‍ നഷ്ടതാളുകളിലേക്ക് ,
 പൊട്ടിച്ചിതറിയ ഈ സ്നേഹപ്പൊട്ടുകളും…


കുപ്പിവള കണക്കെ ഇഹജീവിതം
ദു:ഖത്തിന്‍ ജല്പ്പനങ്ങള്ക്കര്‍ത്ഥമില്ല 
നിനച്ചിരിക്കാതെ പുല്‍കും  വിധിയില്‍
വീണുടയാം ജീവിതമാം വര്‍ണ്ണവളകള്‍ .. 
 മായാതിരിക്കട്ട അന്നും   ഇഹത്തില്‍
നമ്മുടെതായ്‌ ശേഷിക്കുമീ സ്നേഹ പ്പൊട്ടുകള്‍‍ ..!!‍
‍  

Saturday, October 2, 2010

നിലാവിന്‍റെ തോഴന്‍

നിലാവെളിച്ചം വല്ല്യ ഇഷ്ട്ടായിരുന്നു സച്ചുവിന് നിലവിനും അവന്‍റെ സ്വപ്നങ്ങള്‍ക്കും ഒരേ നിറമാണ ത്രേ ,നിലാവുള്ള രാത്രിയില്‍ ‍ വീട്ടിലെത്താന്‍ ഒരുപാട് വൈകും . കാത്തിരുന്നു മടുത്ത മുത്തശ്ശിയുടെയും അമ്മായിയുടെയും ശകാരങ്ങളിലും സച്ചുന്റെ  മുഖത്തെ നിലാപുഞ്ചിരി മായില്ല . ഒരു ചക്കര ഉമ്മയാല്‍ മുത്തശ്ശിയുടെയും സ്നേഹാശ്ലേഷത്തില്‍ അമ്മയുടെയും വായ്മൂടികെട്ടാന്‍ വിരുതനായിരുന്നു അവന്‍  . ഇത്തരം കുസൃതികളായിരുന്നല്ലോ അവനെ എല്ലാവര്‍ക്കും പ്രിയപെട്ടവനാക്കിയത് . 

എനിക്കവന്‍ ആരായിരുന്നു ,ഇന്നും ആ ചോദ്യമെന്നില്‍ അവശേഷിക്കുന്നു . അമ്മാവന്‍റെ മകന്‍ എന്നതില്‍ കവിഞ്ഞ് പവിത്രമായൊരു  ബന്ധം ഞങ്ങള്‍ക്കി ടയില്‍ ഉണ്ടായിരുന്നു . എന്നെക്കാള്‍ ഒരു വയസ്സ് താഴെ ‌ എങ്കിലും പലപ്പോഴും ഒരുപാട് മുതിര്‍ന്നവരെ പോലെ അവന്‍ എന്നെ ശകാരിച്ചു , ഉപദേശിച്ചു .ആ സ്നേഹ ശാസനകള്‍ എനിക്കേറെ പ്രിയപെട്ടതായിരുന്നു . ഒരു വലിയ തണലായിരുന്നു സച്ചുവെനിക്ക് . എന്തും പറയാനും ഉപദേശം തേടാനും  എല്ലാം എല്ലാം. എങ്ങിനെ എന്റെ കളികൂട്ടുകാരന്‍ ഇത്രേം പക്വത നേടിയെന്ന് ഞാന്‍ ചിന്തിക്കാറുണ്ട് .കുട്ടികാലത്ത് അവന്‍ മഹാകുസൃതി ആയിരുന്നു , ആ കുസൃതികള്‍ വലുതായപ്പോഴും  വിട്ടകന്നില്ല എന്നത് സത്യം. ഒടുവില്‍ എന്‍റെ മോഹങ്ങള്‍ ‌ വീട്ടുകാരോട് വാദിച്ചു നേടിതന്നതും ആ കളിതോഴനായിരുന്നല്ലോ . എന്‍റെമനസ്സിലെ പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ അവന്‍റെ മുഖത്തെ ഭാവം വായിച്ചറിയാന്‍ എനിക്കാവാഞ്ഞതെന്തേ ,, നിനക്കും പ്രണയമോ എന്നാ ചോദ്യത്തിന്‍റെ അര്‍ത്ഥമെന്തായിരുന്നു ? എനിക്കായ്‌ അദ്ദേഹത്തെ  പോയി കണ്ടതും എന്‍റെ വീട്ടില്‍ വിഷയം അവതരിപ്പിച്ചതും സമ്മതം വാങ്ങിതന്നതും എല്ലാം സച്ചുവായിരുന്നു .ഒടുവില്‍ ഞങ്ങള്‍ പ്രവാസജീവിതത്തിനായ്‌ യാത്ര പറഞ്ഞപ്പോള്‍ ,‍സ ച്ചുവിന്റെ അന്നത്തെ  വേദനിക്കുന്ന മുഖം  ഒരിക്കലും മനസ്സില്‍നിന്നും മായില്ല .
ഇനിയെന്നും അവനീ  വേദനിക്കുന്ന മുഖമാകുമെന്ന് അന്ന് ഞാനറിഞ്ഞില്ലല്ലോ  . എല്ലാം പരസ്പരം പറയുന്ന  എന്നില്‍ നിന്ന് പോലും അവനെന്തിനാ  എല്ലാം  ഒളിച്ചു വെച്ചത് .. എന്‍റെ സന്തോഷങ്ങളെ  തൂക്കിലേറ്റെണ്ട എന്നോര്ത്താകും … കാന്‍സര്‍ അവനെ കാര്‍ന്നു തിന്നുന്ന സമയത്താണ് അതറിയാതെയെങ്കിലും‍ എന്‍റെ പ്രണയം അവനെ അറിയിച്ചതും  ആ   ബന്ധം വീട്ടുകാരെകൊണ്ട് സമ്മതിപ്പിക്കാന്‍ അവനെ ഏല്‍പ്പിച്ചതും ‍എന്നുമോര്‍ക്കുമ്പോള്‍ ‍ വെറുക്കുന്നു ഞാനെന്നെ  . ആരെയും അറിയിക്കാതെ വേദനിപ്പിക്കാതെ സ്വയം ഉരുകുകയായിരുന്നു  എന്‍റെ കളികൂട്ടുകാരന്‍ .എങ്കിലും എത്രനാള്‍  പിടിച്ചു നില്‍ക്കാനാകും .

അവന്‍റെ അസുഖവിവരം  ,,, പ്രതികരിക്കാന്‍ പോലുമാകാതെ  മരവിച്ച മനസ്സുമായ്‌ ഞാന്‍,, ഒരിറ്റ് കണ്ണീര്പോലും അവനായ്‌ നല്‍കാനാവാതെ  മരിച്ചിരുന്നു എന്നിലെ വികാരങ്ങള്‍ . നിര്‍ബന്ധങ്ങള്‍ക്ക്  വഴങ്ങി നാട്ടില്‍ പോയി അവനെ കാണുമ്പോളും ഞാന്‍ വിശ്വസിച്ചില്ല അവന്‍  രോഗിയാണെന്ന് . കാരണം  എല്ലാ വേദനകളെയും ശമിപ്പിക്കുന്ന ആ  നിലാപുഞ്ചിരി അപ്പോളും സച്ചുവിന്റെ  മുഖത്തുണ്ടായിരുന്നു …. ശ്വസിക്കാന്‍ പോലും കഴിയാതെ വിഷമിച്ചിരുന്ന അവനില്‍  എന്‍റെ സാന്നിധ്യം വരുത്തിയ  ശമനം എല്ലാവരെയും സന്തോഷിപ്പിച്ചു ,, അന്ന് രാത്രി തറവാടിന്‍റെ പൂമുഖത്തെ അവനേറെ പ്രിയപ്പെട്ട  ചാരുപടിയില്‍ കിടന്ന് പരന്നുകിടക്കുന്ന നിലാവെളിച്ചം നോക്കി സച്ചുവെന്നോട് രാവേറെ ചെല്ലുംവരെ  സംസാരിച്ചു ,, ഞങ്ങള്‍ കളിച്ചു വളര്‍ന്ന ആ തൊടിയും മുറ്റവും  പടിപുരയുമെല്ലാം അത് കേട്ട് വിതുമ്പുകയായിരുന്നോ?

സച്ചുവിന റിയാമായിരുന്നു ജീവിത പുസ്തകത്തില്‍  തനിക്കിനി മറിക്കാന്‍ചുരുക്കം താളുകളെ ന്ന്‍ .   “ എന്നെ കാണാന്‍ കൊതിക്കുമ്പോള്‍ ഈ നിലാവില്‍ വന്നിരിക്കൂ, നിനെക്കെന്നോട് സംസാരിക്കാം , ഞാന്‍ അലിഞ്ഞു ചേര്‍ന്ന നിലാവില്‍ നിനക്കെന്നെ  കാണാമല്ലോ .” അവന്‍റെ വാക്കുകള്‍ ശരിയാണെന്ന്  ഞാന്‍ അനുഭവിച്ചു ,, സച്ചു  യാത്ര പറഞ്ഞ ദിവസം  നിലാവിന് പതിവില്‍ കൂടുതല്‍ പ്രകാശ മാ യിരുന്നു …. അവന്‍റെ പുഞ്ചിരിക്കുന്ന മുഖം പോലെ ….
ഇന്നും നിലാവുള്ള രാത്രികളില്‍ ആ കുസൃതിച്ചിരി ഞാനറിയുന്നു ….. നിലാവിനും സ്വപ്നങ്ങള്‍ക്കും പകിട്ടേറ്റി കൊണ്ട്  ഇന്നവനും അതേ നിറം….

Tuesday, September 28, 2010

നഷ്ട സ്വപ്നങ്ങള്‍


തിരിഞ്ഞു നോക്കാനാവില്ലീ ജീവിതയാത്രയില്‍
പിന്നിട്ട പാന്ഥാവ് വെറും നെടുവീര്‍പ്പുകള്‍
മിഴികലൾ‍ക്കന്ന്യമാവുന്ന പ്രിയ കാഴ്ച്ചകള്‍
വിടപറഞ്ഞകലുന്ന പ്രിയമുള്ളവര്‍
എങ്കിലുമീ നിമിഷങ്ങൾക്ക് മായ്ക്കുവാനാകുമൊ
എന്നിലെ പ്രിയമെഴുംനിനവിന്റെ താളുകൾ..

ചാറ്റല്‍ മഴയായ്‌ തട്ടിയുണർത്തുമ്പോഴും
ഇളംത്തെന്നലായ്‌ തഴുകി തലോടുംമ്പോഴും
അറിഞ്ഞിരുന്നില്ല തോഴാ ഞാനതിൻ പൊരുൾ..
സാന്ത്വനമേകിയിരുന്നു ആ കുളിര്‍ക്കാറ്റെനിക്ക്
ദു:ഖങ്ങളെ കഴുകി കളഞ്ഞിരുന്നു ആ മഴയെന്നില്‍ നിന്നും..
ഇലഞ്ഞിപൂക്കളുടെ നറുസുഗന്ധവുമേറി വാരി പുണരുന്ന കാറ്റ്
പുതു മണ്ണിന്‍ഗന്ധത്താല്‍ എന്നെ പൊതിയുന്ന മഴ.....

ആ നിദാന്ത സാമീപ്യം ഉണര്‍ത്തി നിന്‍ ചിന്തയെ
കിന്നാരം പറഞ്ഞു കൊണ്ടവ സദാ എന്‍ചാരെ...
കുസൃതികള്‍ കാട്ടി കൊണ്ടെന്‍ കണ്‍വെട്ടത്ത്...
അറിയുന്നു ഞാന്‍ നിന്‍ അദൃശ്യ സാമീപ്യം
ആഹ്ലാദത്തിന്‍ പൊട്ടിച്ചിരിയായ്,
വേദനയിൽ നനുത്ത സ്പർശമായ്....
കാലമാം യവനിക നിന്നെ മറച്ചപ്പോള്‍
അഴലിന്റെ ഈണം വിലാപമായ് ഹ്രുത്തിൽ...

അറിയാം ഇനിയീ സാന്ത്വനവും
യാത്രാമൊഴി പോലും നല്‍കാതെ വിട്ടകലും
എന്നെ തനിച്ചാക്കി ഇനിയൊരു നാള്‍
വിധിയുടെ കരം പിടിച്ചു അകലങ്ങളിലേക്ക് .....

Saturday, September 25, 2010

ചാറ്റല്‍മഴയായ്‌ …
യാത്രയിലെന്നും മഴ പെയ്തിരുന്നു
തോരാതെ പെയ്യുന്ന പെരുമഴകള്‍ ..!!
കൂലംകുത്തിയൊഴുകുന്ന മഴവെള്ളം ‍
ജീവിതപാത‍ ‍ ‍ നിറഞ്ഞൊഴുകി ….
കഴിഞ്ഞില്ല പലപ്പോഴുമീ സ്നേഹത്തിന്‍
കുത്തൊഴുക്ക് ഭേദിക്കാന്‍ , കാലുകളിടറി …
എങ്കിലും സ്നേഹിച്ചുവീ മഴയെ
സ്നേഹമാകുന്നൊരീ പെരുമഴയെ…
ഇതെനിക്കായ്‌ പെയ്യുന്ന മഴ, സ്നേഹമഴാ….
ഈ സ്നേഹതുള്ളികളാല്‍ നനയുന്നതെന്‍ ദേഹം
കൂടെ നിറയുന്നുവെന്‍ മനസ്സ്‌ …..

പെരുമഴയ്ക്കിടയില്‍ ഒരു ചാറ്റല്‍ മഴയായ്‌ നീ …
ഒരു നാള്‍ ‍ നീ എനിക്കായ് പെയ്തു ….
ചാറ്റല്‍ മഴയായ്‌ സ്നേഹനൂലുകള്‍ പെയ്തിറങ്ങി ….
നിന്‍സൌഹ്രദ തലോടലില്‍ മറന്നുവെല്ലാം
നീയാംസ്നേഹം ചാഞ്ഞ്പെയ്തപ്പോള്‍ ,
നിയാം സാന്ത്വനം എന്നെ തഴുകിയപ്പോള്‍
നീയാം സൌഹ്രദം എന്നെകുളിരണിയിച്ചപ്പോള്‍
മനം നിറഞ്ഞൊഴുകി സ്നേഹ തുള്ളികളാല്‍ …
അറിയുകയായിരുന്നീ സൌഹ്രദ മഴയെ ….!!

ആകുലതകളാം അഴുക്കിനെ ഒഴുക്കി കളയാന്‍
സന്തോഷമാം പൂജാദ്രവ്യങ്ങളാല്‍ മനം നിറയ്ക്കാന്‍ ‍
നീ സ്നേഹതുള്ളികളാല്‍ നന്മാതുള്ളികളാല്‍
ഹൃദ്യമാം ചാറ്റല്‍മഴയായെന്നെ നനച്ചു …
എന്‍ സുഹൃത്തിന്‍ ‍ ‍ സൌഹ്രദം ഞാന്‍ ആസ്വദിച്ചു…
മനമറിഞ്ഞ് നീ പെയ്തു തീരെ നോവിക്കാതെ …
ഏകാന്തതകളില്‍ മഴയുടെ സംഗീതം കേള്‍പ്പിച്ചു
വേദനകളില്‍ മഴയുടെ കുളിരു നല്‍കി
എന്‍റെ കണ്ണുനീരിനെ മഴവെള്ളത്തില്‍ ഒഴുക്കി
എന്‍റെ ചിരികളില്‍ എന്നോടൊപ്പം ചാറി …
ചാഞ്ഞും ചെരിഞ്ഞും നിന്‍ പെയ്യലുകള്‍ …

ഈ സൌഹൃതമഴയുമൊരിക്കല്‍ നിലയ്ക്കുമോ
അന്നെന്‍ മനവും ഊഷരഭൂമി കണക്കെ ഉരുകും ..
സമൃദ്ധമാം ആഹ്ലാദ പച്ചപ്പുകള്‍ കരിയും….
പറന്നു നടക്കും സ്വപ്നമാം ‍ പറവകള്‍അകലും….
കൊടുക്കില്ലൊരു കാറ്റിനുമീ ചാറ്റല്‍മഴയെ
അകറ്റാനാവില്ലൊരു സൂര്യനുമീ സൌഹ്രദ മഴയെ …
ഇതെന്മഴ, എനിക്കായ് പെയ്യുന്ന മഴ..!!
എന്നിലേക്ക്‌ പെയ്തിറങ്ങും ചാറ്റല്‍ മഴ..!!
കാര്‍മേഘങ്ങള്‍ ഇല്ലാതെ ചാറുന്ന മഴാ ….!!!

Wednesday, September 22, 2010

ഓര്‍മ്മകള്‍

മനസ്സിൻ അഗാധ ഗർത്തങ്ങളിൽ തള്ളിയിട്ട്
മറവിതൻ കല്ലറയിൽ തളയ്ക്കാൻ ശ്രമിക്കവേ
ഉശിരയാം ഫിനിക്സ് പക്ഷിയെ പോൽ
ഉയിർത്തെഴുന്നേൽക്കുന്നു ഓർമകൾ..
പരിഭവമെന്നോണം കാലം ആരാഞ്ഞു
ദു:ഖത്തിൻ വരികൾ ഓർമയുടെ താളുകളിൽ
കാലം നിനക്കായൊരിക്കലും എഴുതിയില്ലല്ലോ
എന്നിട്ടുമെന്തിനീ പരിഭ്രമത്തിൻ വ്യാകുലത...
കാലം നിനക്കായ് കാരുണ്യം പൊഴിച്ചു
വിധി നിനക്കേകി നന്മയുടെ സുകൃതം
കൊഴിഞ്ഞുവീണ ഓരോ നിമിഷവും
ആഹ്ലാദത്തിൻ പൂച്ചെണ്ടുകളേകി...
ഇതാണെൻ ആകുലമനസ്സിൻ ഹേതു
ഉയർച്ചയാം പടവുകൾ മാത്രം ചവിട്ടി,
ഗർത്തങ്ങളിൽ കാലിടറിയിട്ടില്ലിതുവരെ..
ജീവിതമാം പുസ്തകത്തിൻ ഒരോയേടും
ആസ്വാദ്യകരമായിരുന്നു എനിക്കെന്നും..
താളുകൾ ഓരോന്നായ് മറിയുമ്പോൾ
ഇടറുന്നു മനം, നിറയുന്നു മിഴികൾ
മറിച്ചുനോക്കാനാകാത്ത വിധമീ ഏടുകളെ
ഓർമകളാൽ ബന്ധിച്ചതും കാലം!!
ആകില്ലല്ലോ കാലമാം യാഗാശ്വത്തെ തളച്ചിടാൻ
മനതാരിൽ തുന്നിചേർത്തൊരേട് പോലെ...
ഒരിക്കലും തിരിച്ചു കിട്ടാത്തൊരാ നിമിഷങ്ങളെ
സ്മരണകൾ മഴയായെന്നിൽ പെയ്യിക്കവേ
മഴവെള്ളം കുത്തിയൊലിച്ച ഭൂമി കണക്കെ
ശൂന്യമാകുന്നുവെൻ മനം, അസ്വസ്ഥവും….

Friday, September 17, 2010

നിഴലായ്‌ !!നിറങ്ങളേതുമില്ലത്തോരീ നിഴലിനെ
ഇഷ്ടമായിരുന്നില്ലെനിക്ക് ,പുഛമായിരുന്നു !!
ആത്മാവില്ലാത്ത നിഴല്‍, അസ്ഥിത്വമില്ലാത്ത നിഴല്‍
നിഴല്‍ വെറും നിഴല്‍ മാത്രം , വെറും നിഴല്‍ !!!
നിഴലിന്‍ ദുര്‍വിധിയോര്‍ത്ത്പരിതപിക്കാറുണ്ട്പണ്ട് ..
മറ്റുള്ളവര്‍ക്കായ്‌ ചലിക്കാന്‍ വിധിക്കപെട്ടവന്‍
തന്‍റെ മോഹങ്ങളെ വഴിയരികില്‍ ഉപേക്ഷിച്ചവന്‍
ജന്മം മുഴുവന്‍ ആടി തിമിര്‍ത്താലും
ഒരോര്‍മ്മയിലും എഴുതപെടാത്ത നര്‍ത്തകന്‍ ..!!

കാലത്തിന്‍ യാത്രയില്‍ ഞാനുമൊരു
നിറമില്ലാത്ത നിഴലായ്‌മാറി..!!!
മര്‍ത്യനായ്ജീവിക്കുക വ്യാമോഹമാണെന്നറിഞ്ഞു
സമൂഹത്തിന്‍മാന്യനാകാന്‍ പഠിച്ച ശരികളും
നെഞ്ചിലേറ്റിയ മൂല്യങ്ങളും മായ്ച്ചു കളയണം
അനീതികള്‍ കാണരുത്, അസമത്വങ്ങള്‍ അറിയരുത്
മനസ്സിന്‍റെ നേരില്‍ ഉയരുന്ന ചോദ്യശരങ്ങളെ
നിഷ്കരുണം മുനയൊടിച്ചീടേണം. 


സമൂഹത്തിന്‍ നിഴലായ്‌, മേലാധികാരിയുടെ നിഴലായ്‌
സഹയാത്രികന്‍റെ നിഴലായ്‌ ,ലോകത്തിന്‍തന്‍ നിഴലായ്‌
ചോദ്യങ്ങളുതിര്‍ക്കാതെ ന്യായമാം സംശയങ്ങളുമില്ലാതെ
നിര്‍വികാരമായ്‌ , നിറങ്ങളില്ലാതെ ജീവിക്കുക !!

കാലം കാതങ്ങള്‍ താണ്ടവേ നിഴലിന്‍ നിറമില്ലായ്ക കൂടും
കാറ്റിന്‍ കൈകളാല്‍ മുളങ്കാടിന്‍ നിഴല്‍ ‍ നൃത്തം വെയ്ക്കവേ
ഞാനെന്ന നിഴലിന്‍ അസ്ഥിത്വം ഉത്തരമില്ലാ ചോദ്യമായ്‌ അലയുന്നു …
ഒന്നറിയുന്നുഞാന്‍ നിഴലില്ലാതെ ശരീരമില്ലെന്നു...!!!

Friday, September 10, 2010

നഷ്ടപ്പെടലിന്‍ നൊമ്പരം

അകലുവാനായെന്തിനീ ഹൃദയ ബന്ധങ്ങള്‍ ,
നഷ്ടങ്ങള്‍ക്കായെന്തിനീ സുന്ദര നിമിഷങ്ങള്‍.....
രാത്രിയെ തേടും പകലായ്‌ ‍ , അസ്തമനം തേടും ഉദയമായ്‌
അകലുവാനായ് നാം അടുക്കുന്നു, നഷ്ടപ്പെടലുകള്‍ക്കായ് നേടുന്നു
കണ്ണുനീര്‍ തേടി ചിരിക്കുന്നു , പിരിയുവാനായ്‌ കൂടുന്നു …

ജീവിത യാത്രയില്‍ നേടിയെടുക്കും ആത്മബന്ധങ്ങള്‍
ഹൃദ്യമാം ബന്ധങ്ങള്‍ നല്‍കും മനോഹര നിമിഷങ്ങള്‍...
ഒടുക്കം നഷ്ടപെടലുകള്‍ക്ക് മുന്നില്‍ ‌ഖിന്നരായ്‌
വിധി തട്ടിയെടുക്കും ചിലത്, സ്വയം നഷ്ടപ്പെടുത്തും പലത്...

അകലുവാനെങ്കില്‍ അടുത്തതെന്തിനെന്ന പരിഭവനിഴല്‍
യാത്ര പറച്ചിലുകള്‍ വെട്ടും കണ്ണുനീര്‍ ചാലുകള്‍ …
മറഞ്ഞുപോകുമോരോ ദിനവും നഷ്ടപ്പെടലിന്‍ വിങ്ങലായ്
അനുഭവിച്ചു തീരുമോരോ നിമിഷവും കത്തിതീരും തിരിയായ്‌...
നൊമ്പരം മനസ്സിന്‍ മതിലില്‍ ഓര്‍മയാല്‍ നഖക്ഷതങ്ങള്‍ തീര്‍ക്കുന്നു ….

ഓടുന്ന വണ്ടി പിന്നിലാക്കും കാഴ്ചകള്‍ കണക്കേ നാം
മായുന്ന ജിവിത കാഴ്ചകള്‍ക്ക് മുന്നില്‍ നിസ്സഹായരായ്...
പൊയ്പ്പോയൊരാ ഹൃദ്യാനുഭവങ്ങളെ ആസ്വദിച്ചു തീരാതെ
പിന്നിലേ സഞ്ചരിക്കാനാവാതെ കേഴുന്ന ജന്മങ്ങള്‍ ……

കൈകുമ്പിളില്‍ സൂക്ഷിച്ച ദാഹജലം കണക്കേ ആയുസ്സ്‌ ,
ഊര്‍ന്നുപോകുന്നോരോ ബന്ധങ്ങളിലും നിസ്സഹായരായ്‌
നഷ്ടപ്പെടലിന്‍ വിങ്ങലുകള്‍ ഓര്‍മകളായി മനതാരില്‍ …
ഒടുവിലീ ഓര്‍മകളും യാത്രയാകുന്ന ഒരുനാള്‍..
നഷ്ടങ്ങള്‍ക്ക് സമ്മാനിക്കാന്‍ കണ്ണുനീരില്ലാതെ,
മോഹങ്ങളേ സാന്ത്വനിപ്പിക്കാന്‍ സ്വപ്നങ്ങളില്ലാതെ ....
അഴലിനെ പ്രണയിക്കും വിധിയുടെ കളിപ്പാട്ടം ‍ മനുജന്‍ …

ഒരിക്കല്‍ നിത്യ വിരഹം ഉറ്റവര്‍ക്കേകി
യാത്രയാവുന്നു നാം വേര്പാടുകളില്ലാത്തിടം തേടി
വിരഹത്തിന്‍ രോദനം കേള്‍ക്കാത്ത അകലങ്ങളിലേക്ക്
കാത്തിരിക്കാമവിടെ പ്രത്യാശയുടെ വെട്ടത്തില്‍
ക്ഷണികമീ ഭൂമിയാം സത്രത്തില്‍ വിധി വേര്‍പിരിച്ച
സ്നേഹിച്ചു കൊതിതീരാത്ത ആത്മബന്ധങ്ങള്‍ക്കായ്..