വീമാനത്താവളത്തിലെ ഔപചാരികതകള്‍ക്കൊടുവില്‍ തുടികൊട്ടും മനസ്സുമായ് പുറത്തേക്ക് അക്ഷരാര്‍ത്ഥത്തില്‍ ഓടുകയായിരുന്നു... പ്രിയപ്പെട്ടവരെ തിരയുന്ന മിഴികള്‍ക്ക് കാലിനേക്കാള്‍ ധൃതി... അപ്രതീക്ഷിതമായി അരക്കെട്ടില്‍ ചുറ്റിയ കുഞ്ഞുകരങ്ങളാണ്‍ പാച്ചലിനറുതി വരുത്തിയത്... മാമീ എന്ന കുഞ്ഞുമൊഴിയുമായ് ഞ്ഞങ്ങളുടെ ചക്കരകുട്ടന്‍ അഖിമോന്‍... കടലുകള്‍ക്കപ്പുറമിരുന്ന് കാണുവാനേറെ കൊതിച്ച മുഖം.. കിളിമൊഴികള്‍ പതിവായി കേള്‍ക്കാറുണ്ടെങ്കിലും ആ കുഞ്ഞുഭാവങ്ങള്ക്കെന്ത് ചാരുത.... ഒരിക്കലും കാത്ത് നില്‍ക്കാതെ മുന്നേ പായുന്ന കാലം പിറകിലുപേക്ഷിച്ച ഒരുവര്‍ഷം അവനിലും മാറ്റത്തിന്‍ കരുവിരുതേകിയിരിക്കുന്നു , ഉയരം വെച്ചിരിക്കുന്നു..മുഖത്തിന്‍റെ ഓമനത്തം കുസൃതിക്ക് ഇടം നല്‍കിയിരിക്കുന്നു..... എന്‍റെ സഹോദ്രപുത്രനാണവന്‍..എനിയ്ക്കു ശേഷം വീട്ടില്‍ മുഴങ്ങിയ കൊഞ്ചലിന്‍ പദനിസ്സ്വനങ്ങള്‍ അവന്റേതായിരുന്നു,, ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം, വേനലിന്‍റെ വരണ്ടഭൂമികയില്‍ പെയ്തിറങ്ങിയ നീറ്തുള്ളികളായിരുന്നു ഞങ്ങള്‍ക്കവന്‍റെ സാമീപ്യം...
വീട്ടിലേക്കുള്ള യാത്രയിലും കൈകുഞ്ഞായിരുന്ന മോളെ ഉമ്മച്ചിയെ ഏൽപ്പിച്ച് ഞാന്‍ അഖിമോനെ ചേര്‍ത്ത് പിടിച്ച് ഇരുന്നു.. അവന്‍റെ കിളികൊഞ്ചലുകളിലായിരുന്നു എന്‍റെ ശ്രദ്ധമുഴുവന്‍.. ആറ് വയസ്സായെങ്കിലും എനിക്കിപ്പോഴും അവനാ പഴയ വാവ തന്നെ.. ഒരുപാട് കഥകള്‍ കേള്‍പ്പിച്ച്, കിളികളെ കാണിച്ചുകൊടുത്ത്, കുയിലിന്‍റെ കൂവലിനു മറുവാക്കോതാന്‍ പഠിപ്പിച്ച് താഴെവെയ്ക്കാതെ തൊടിമുഴുവന്‍ അലഞ്ഞ്, ഊട്ടിയും ഉറക്കിയും ഞാന്‍ വളര്‍ത്തിയ, കോളേജ് ജീവിതകാലത്ത് വീട്ടിലെ ഏകാന്തതയില്‍ എനിക്ക് കൂട്ടായിരുന്ന, എന്‍റെ വായനകള്‍ക്കും എഴുത്തുകള്‍ക്കും കാവലിരുന്നിരുന്ന എന്‍റെ അഖികുട്ടന്‍... വായിക്കുന്ന പുസ്തകങ്ങളും എഴുതുന്ന കടലാസുതുണ്ടുകളും പലകഷണങ്ങളാക്കി പലപ്പോഴും അവനെന്റെ പോക്ക് ശരിയല്ലെന്ന് വിമര്‍ശിക്കാറുണ്ടായിരുന്നു...!! സങ്കടപ്പെട്ടിരിക്കുന്ന എന്നെ പാല്പുഞ്ചിരിയാലവന്‍ മയക്കാറുണ്ട്.... മാമിയുടെ വായിക്കാത്ത അക്ഷരങ്ങളായി, എഴുതാത്ത കവിതയായ് ഞാന്‍ കൂടെയില്ലെ എന്ന് അവന്‍ പറയാതെ പറയുമ്പോള്‍ എന്‍റെ വിഷമങ്ങളും ഇല്ലാതാവും..
കോരിച്ചെരിയുന്ന മഴയത്ത്, പ്രിയപ്പെട്ടവര്‍ക്കൊപ്പം നാട്ടില്‍ കാല്‍കുത്തിയ അന്നു തന്നെ ഇങ്ങിനെയൊരു യാത്ര... മനസ്സ് നിറഞ്ഞു.. കുറെ കലപില പറഞ്ഞതിനുശേഷം എന്തോ തീരുമാനിച്ചുറച്ചതുപോലെ മോളുറങ്ങുന്നതും നോക്കി സാകൂതമിരിക്കുകയാണ്‍ അഖി... “യാത്രയൊക്കെ സുഖമായിരുന്നൊ മോളെ?” എന്നോടുള്ള ഉപ്പാടെ ചോദ്യമവനെ വീണ്ടും വാചാലനാക്കി... യാത്രചെയ്തത് എന്നെ സ്വീകരിക്കാന്‍ വന്ന അവരാണത്രെ,, കൂടുതലന്വേഷിച്ചപ്പോള്‍ മനസ്സിലായി ഗള്‍ഫ് എന്ന് പറയുന്നത് വീമാനത്താവളത്തിലെ കെട്ടിടങ്ങള്‍ക്കപ്പുറമെവിടെയോ ആണെന്നാണ്‍ ആ കുഞ്ഞു മനസ്സിലെ ധാരണ.. ഞാനവനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു,, കടലുകള്‍ക്കപ്പുറം ഇത്രയൊന്നും സുന്ദരമല്ലെങ്കിലും ഒരുപാട് പേര്‍ക്ക് അന്നമേകുന്ന ഒരു കൊച്ചു കരയുണ്ട്,, അവിടെയാണ്‍ മാമി.. അവിടുന്ന് വീമാനത്തിലാണ്‍ ഇങ്ങോട്ട് വരിക.. മാമിക്കെന്താ എന്നെകൂടെ കൊണ്ടുപോയാല്‍,, അവന്‍റെ ചോദ്യം അപ്രതീക്ഷിതമെങ്കിലും ഒന്നുകൂടി വലുതായിട്ട് അവനെ യു എ ഇ കാണിക്കാന്‍ കൊണ്ട്പോകണമെന്ന കണക്കുകൂട്ടല് മനസ്സിലുള്ളതുകൊണ്ട് മറുപടിക്കായ് തപ്പിതടയേണ്ടി വന്നില്ല. “മോന്‍ ഒന്നുകൂടി വലുതാവട്ടെ,, എന്നിട്ട് മാമി കൊണ്ടുപോവാം,, അപ്പോഴേക്ക് അച്ചൂട്ടിയുമൊന്ന് നടക്കാറാവും, നിനക്കപ്പോള്‍ കളിക്കാന്‍ ആളാവുമല്ലൊ...പിന്നെ ഒന്നുകൂടി വലുതായി അവിടെയൊക്കെ കണ്ടാല്‍ മോന്‍റെ ഓര്‍മ്മയിലെന്നും ആ യാത്ര ഉണ്ടാകും..“ അവനെന്തൊക്കെയോ മനസ്സിലായപോലെ തലയാട്ടി.. പിന്നീടുള്ള സംശയങ്ങളെല്ലാം വരുവാനിരിക്കുന്ന യാത്രയെ കുറിച്ചായിരുന്നു,,, ഫ്ളൈറ്റില്‍ കയറിയാല്‍ മാമിക്ക് പേടിയുണ്ടെങ്കില്‍ മോനെ പിടിച്ചിരുന്നോ തുടങ്ങി കുറെ ഉപദേശങ്ങളും.. അവന്‍റെ സ്വപ്നങ്ങളിനിയും ഒരുപാട് ഉയരങ്ങളിലേക്ക് ചിറകടിച്ചുയരാതിരിക്കാന്‍ ഞാന്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു..എനിക്കും അവനും ഏറെ പ്രിയപ്പെട്ട,, വീട്ടിലെ തെക്കേ അതിരില്‍ നില്‍ക്കുന്ന പാരിജാതത്തെ കുറിച്ച് ചോദിച്ചു ഞാനവനോട്... അഖിമോന്‍ വീണ്ടും വാചാലനായി,,“പാരിജാതത്തില്‍ നിറയെ പൂക്കളൂണ്ട്,, ഞാന്‍ പറഞ്ഞു മാമി ഇന്ന് വരുന്നുണ്ടെന്ന് .. ഉപ്പച്ചി ഒരുദിവസം പാരിജാതത്തിന്‍റെ കൊമ്പ് മുറിക്കാന്‍ വന്നു,, ഞാന്‍ സമ്മതിച്ചില്ല.. തെങ്ങിനു വളരാന്‍ സ്ഥലമില്ലെങ്കില്‍ തെങ്ങ് വെട്ടിയാല്‍ പോരെ....“
"നിന്‍റെ വട്ടൊക്കെ എന്‍റെ മോനെകൂടി പഠിപ്പിച്ചാണല്ലൊ നീ പോയത്,, ഇപ്പൊ തൊടിയില്‍ അലച്ചിലും, മരത്തിനോടും കിളികളോടും സംസാരിക്കലുമൊക്കെയാ അവനും, ഇടക്കിടെ പാരിജാതത്തോട് പോയി സംസാരിക്കുന്നത് കാണാം..” ഇക്കാക്ക അറിയുന്നില്ലല്ലൊ മനുഷ്യരേക്കള്‍ മനസ്സറിയുന്നവരാണ്‍ മരങ്ങളെന്ന്...
വീട്ടിലെത്തിയപ്പോള്‍ നേരമിരുട്ടിയിരിക്കുന്നു.. “മാമി നമുക്ക് പാരിജാത ചുവട്ടില്‍ പോവാം..” അഖിയുടെ ധൃതി.. ഉമ്മ വഴക്ക് പറഞ്ഞു,, “ഈ സമയത്തോ.. അവിടെയാകെ കാടും പടലവും പിടിച്ച് കിടക്കുകയാ,, വല്ല ഇഴജന്തുക്കളുമുണ്ടാകും ഈ നേരത്ത്.”
വീട്ടിലെനിക്കേറ്റവും പ്രിയപ്പെട്ടതാണവിടം.. എന്നാലും അഖിയെ സമാധാനിപ്പിച്ചു,,നമുക്ക് നാളെ നേരത്തെ എണീറ്റ് പൂക്കള്‍ പെറുക്കാം.. ഇപ്പോ ഇരുട്ടിയില്ലെ കുട്ടാ.. അവന്‍ പാതിമനസ്സോടെ തലയാട്ടി.
അന്ന് രാത്രി എനിക്കും അച്ചുവിനുമൊപ്പം അവനും കട്ടിലില്‍ സ്ഥാനം പിടിച്ചു,,, വിശേഷങ്ങള്‍ പറഞ്ഞു തീരുന്നില്ല അവന്‍,, എന്നെ കെട്ടിപിടിച്ച് കിടന്ന് കളികളുടെ, കൂട്ടുകാരുടെ, വീരസാഹസങ്ങളുടെ ഭാണ്ഡകെട്ടഴിച്ച് ഓരോന്നായി വാരിവിതറുകയാണ്.... യാത്രാക്ഷീണം കാരണമെന്‍റെ കണ്ണുകള്‍ അടഞ്ഞ്പോവുന്നു... മാമിക്ക് ഉറക്കം വരുന്നുണ്ടൊ,, ഇനി നാളെ പറയാട്ടൊ എന്ന് പറഞ്ഞ് അവനും ഉറങ്ങി...
അഖിയെ വിളിച്ചുണര്‍ത്തി മദ്രസ്സയില്‍ (മതപാഠശ്ശാല) പോവാന്‍ ധൃതിവെയ്ക്കുന്ന ഇത്താടെ ശബ്ദം കേട്ടാണ്‍ രാവിലെ ഉണര്‍ന്നത്... അവന്‍ ഉണര്‍ന്നതും ചാടിയെണീറ്റ് എന്നോട് പറഞ്ഞു പൂക്കള്‍ പെറുക്കാന്‍ പോവാം മാമീ..... ഇനിയും വൈകിയാല്‍ ഇന്നത്തെ ക്ലാസ്സും മുടങ്ങുമെന്ന് ഇത്താടെ ബഹളം.... പുലരിയിലെ മലര്‍മഴ കൊള്ളാന്‍ ഉള്ളിലാഗ്രഹമുണ്ടെങ്കിലും മോന്‍റെ ക്ലാസ്സ് മുടങ്ങേണ്ടെന്ന് കരുതി ഞാന്‍ പറഞ്ഞു, “മദ്രസ്സ കഴിഞ്ഞുവാ,, എന്നിട്ട് നമുക്ക് പൂക്കളിറുക്കാന്‍ പോവാം.. മാമി കാത്തിരിക്കാം.“
വേറെ നിവൃത്തിയില്ലാതെ , മനസ്സില്ലാ മനസ്സോടെ അവനൊരുങ്ങി... തലേന്ന് കൊടുത്ത ചോക്ലേറ്റില്‍ ബാക്കി കഴിക്കാനൊരുങ്ങിയപ്പൊള്‍ ഉപ്പ വിലക്കി,, വന്നിട്ട് കഴിക്കാം,,ഒഴിഞ്ഞ വയറില്‍ കഴിച്ചാല്‍ വയറ്വേദനിക്കും.. അവന്‍ പുസ്തകവുമെടുത്ത് ഇറങ്ങി.. സൂക്ഷിച്ച് അരിക് ചേര്‍ന്ന് നടക്കണേ മോനെ.. ഉമ്മാടെ ഓര്‍മ്മപ്പെടുത്തല്‍..
പാതിമനസ്സ് എനിക്കരികില് വെച്ച് പോകുന്ന അഖികുട്ടനെ നോക്കി ഞാനവിടെ നിന്നു.. തിരിഞ്ഞു നോക്കി, തിരിഞ്ഞുനോക്കി നടന്ന് അവന്‍ പടികടന്നപ്പോള്‍ ഞാന്‍ തിരികെ വീട്ടിലേക്ക് കയറി.. കാതടപ്പിക്കുന്ന ആ ശബ്ദം കേട്ട് തിരിഞ്ഞൊന്ന് റോഡിലേക്ക് നോക്കാന്‍ പോലും കഴിയാതെ തരിച്ചുപോയി ... മോനേ എന്നലറിവിളിക്കുന്ന നിലവിളികള്‍ക്കിടയില്‍ ഞാന് ശൂന്യതയിലേക്ക് പറന്നുയരുന്നത് പോലെ...
നീലനിറമുള്ള എസ്റ്റീംകാറുകള്‍ക്ക് ഇന്നെന്‍റെ മനസ്സില്‍ മരണത്തിന്‍റെ മുഖമാണ്‍.... വണ്ടികളുടെ സഡന്‍ ബ്രേക്കിടലുകള്‍ക്ക് മരണത്തിന്‍റെ അലര്‍ച്ചയാണ്‍....
പൊന്നുമോന്‍ പെറുക്കാതെപോയ പാരിജാതപ്പൂക്കളുടെ ഗന്ധമാണിന്നും വീട്ടില്‍...
അവന്‍ മാറ്റിവെച്ച ചോക്ലേറ്റിന്‍റെ മധുരമെന്നും മനസ്സിലെ കയ്പ്പായ് അവശേഷിക്കുന്നു...
ആശിച്ച യാത്രകള്‍ക്കും സ്വപ്നങ്ങള്‍ക്കും കാത്തുനില്‍ക്കാതെ അവന്‍ യാത്രയായ്,, പ്രിയപ്പെട്ടവര്ക്ക് മുന്‍പേ, ആരുംകാണാത്തൊരിടം തേടി....
അവിടെ പാരിജാതചെടികള്‍ക്ക് താഴെ വെള്ളപ്പൂക്കള്‍ കാലം കാണാത്ത ചിത്രങ്ങള്‍ വരയ്ക്കുന്നുണ്ടാവുമോ....!!