പനിയൊരോര്‍മ്മയാണ്..
കര്‍ക്കിടകത്തിലെ
ഇരുട്ടിന്‍ ചായ്പ്പില്‍,
ചോര്‍ന്നൊലിച്ച കൂരയില്‍
മഴവികൃതികള്‍ക്കൊപ്പം
പനി പൊള്ളിച്ചത്..
അമ്മവാത്സല്ല്യം നുണഞ്ഞ്
ചുടുകഞ്ഞി മോന്തിയത്..
മാറികിടക്കാനിടമില്ലാതെ
കീറിയ കമ്പളത്തിനുള്ളില്‍
ഞാനുംപനിയുംകൂട്ടായത്...
അമ്മയുടെ കണ്ണീര്‍ മായ്ക്കാന്‍
കൂരതകര്‍ത്ത് മഴയെത്തിയത്..
എരിയുന്നൊരാ പനിയിലേക്കാണ്.
പിന്നേയും പനിച്ചു.....
പ്രണയത്തിന്‍ അടയിരുപ്പില്‍
കുളിരുന്ന വൃശ്ചികരാവില്‍
വിറയാര്‍ന്ന പൊള്ളുന്ന പനി
സ്വപ്നങ്ങള്‍ക്ക് കാവലിരുന്നു
പ്രണയ രുചിയില്‍ അന്ന്
അമ്മതന്‍ മനസ്സറിഞ്ഞില്ല
അമ്മകണ്ണീരിന്‍ നനവറിഞ്ഞില്ല
മഞ്ഞുവീണ സ്വപ്നങ്ങള്‍ക്കൊപ്പം
ഞാനും പനിയും പ്രണയവും..
പിന്നെ പനിച്ചത്....
ഗ്രീഷ്മത്തിലെ പൊള്ളുന്ന പകലില്‍
തപിച്ചുരുകും ജീവിതസത്യങ്ങളിലേക്ക്
ഒട്ടുമേ കുളിരാതെ, വിറയ്ക്കാതെ
നിശബ്ദനായ് പനിയെത്തി..
പനിയില്‍ കുതിര്‍ന്ന ജീവിതം
സ്വപ്നങ്ങളുടെ കുഴിമാടത്തിനരികെ
അമ്മക്കഞ്ഞി തിരഞ്ഞപ്പോള്‍
പനിയുറക്കെയുറക്കെ ചിരിച്ചു..
ജീവിതത്തിനു മേലൊരു പുതപ്പിട്ട്
ഞാനും പനിയും യാത്രയായി
അമ്മക്കഞ്ഞിയുടെ സ്വാദ് നുകരാന്‍
മഴനൂലുകളായ് ചോര്‍ന്നൊലിക്കാന്‍
വൃശ്ചികരാത്രിയില്‍ കുളിരാകുവാന്‍
ഗ്രീഷ്മപകലുകളില്‍ പൊള്ളിപടരുവാന്‍..
ദിക്കറിയാതെ ദിശയറിയാതൊരു യാത്ര
ഓര്‍മ്മയുടെ കൈവഴികളിലൂടെ...