മിഴിയെത്താത്തിടത്ത്
മനമെത്തുമ്പോഴാണത്രെ കനവുകള്‍ ഉരുവം കൊള്ളുന്നത്. കാണാനാവാത്ത കാഴ്ച്ചകളെ
മനക്കണ്ണാല്‍ കാണുക; അതിന് ഭാഷ-വേഷ-രാജ്യ-മതാതിര്ത്തികളി ല്ല.
സമയഭേദങ്ങളില്ല, നിയമസംഹിതകളില്ല. സുപ്തി ലോകത്ത് സ്വപ്നാടകനാണ് അധിപന്‍ ,
അതേത് അക്ഷയനായാലും. പക്ഷേ ഒരു നിമിഷാര്‍ദ്ധത്തെ സ്വബോധത്താല്‍
എറിഞ്ഞുടയ്ക്കപ്പെടുന്നവയാണ് ആ സ്വപ്നങ്ങള്‍ . അവശേഷിക്കുക കടുത്ത
ഇച്ഛാഭംഗമാണ്; ജീവിതത്തിന്‍റെ നല്ല നിമിഷങ്ങളെ തല്ലിതകര്‍ക്കാന്‍
കരുത്തുള്ളവ.
വായനപുരോഗമിക്കും തോറും ഈ മരുദേശം ഒരു പ്രഹേളിക പോലെ എന്നില്‍ ആശ്ചര്യമാവുകയായിരുന്നു. നിസ്സംഗതയുടെ മൂടുപടമണിഞ്ഞ് അനന്തതയിലേക്ക് തലവെച്ച് കിടക്കുന്ന ഇവളുടെ ആഴങ്ങളിലൊളിപ്പിച്ചിരിക്കുന്ന രഹസ്യഭാവങ്ങള്‍ എന്നെ അതിശയിപ്പിക്കുകയായിരുന്നു. ഒപ്പം ഓരോമണല്‍ത്തരിയുടേയും ഉള്‍ത്തുടിപ്പുകളാവാഹിച്ച് അക്ഷരങ്ങളുടെ ആര്‍ദ്രതയില്‍ കെടാതെ സൂക്ഷിച്ച എഴുത്തുകാരനോടുള്ള ബഹുമാനവും, ചുട്ടുപൊള്ളുന്ന ഈ മണല്‍ക്കാട്ടില്‍ അതെത്ര കഠിനപ്രയത്നമായിരുന്നിരിക്കാമെ
മനോഹരമായ
വര്‍ണ്ണകടലാസുകളില്‍ പൊതിഞ്ഞ് ഹൃദ്യമായ പതിനഞ്ച് സമ്മാനപ്പൊതികളായി
അനുവാചകനേകുകയാണ് മുസഫര്‍ അഹമ്മദ് പതിനഞ്ചധ്യായങ്ങളിലൂടെ. ഓരോ പൊതിയിലും
കരുതിവെച്ചിരിക്കുന്നത് വിസ്മയങ്ങളുടെ, കാണാക്കാഴ്ചകളുടെ , ചരിത്രസത്യങ്ങളുടെ
മനോഹാരിതയാണ്. അധ്യായ ശീര്‍ഷകങ്ങളില്‍ തുടങ്ങുന്ന ആകര്‍ഷകത്വം അവസാനം വരെ കാത്ത് സൂക്ഷിക്കാന്‍ എഴുത്തില്‍ ശ്രദ്ധിച്ചിട്ടുണ്ട്.
മനോഹാരിതയാണ്. അധ്യായ ശീര്‍ഷകങ്ങളില്‍ തുടങ്ങുന്ന ആകര്‍ഷകത്വം അവസാനം വരെ കാത്ത് സൂക്ഷിക്കാന്‍ എഴുത്തില്‍ ശ്രദ്ധിച്ചിട്ടുണ്ട്.
എട്ടുവര്‍ഷത്തെ
മണല്‍ക്കാട്ടിലെ അലച്ചിലുകളാണ് ഈ പുസ്തകമെങ്കില്‍ ഇനിയുമൊട്ടേറെ
കാഴ്ച്ചകള്‍ കാണാനും പകര്‍ത്താനും അദ്ദേഹത്തിന്‍റെ കണ്ണുകള്‍ക്കും
തൂലികയ്ക്കും സര്‍വ്വേശ്വരന്‍ വര്‍ദ്ധിതവീര്യമേകട്ടെ.
മരുഭൂജീവിതങ്ങളിലൂടെ വായനതുടരുമ്പോള്‍
ഇതരപ്രദേശങ്ങളിലെ ജീവിതവുമായി കാണാവുന്ന ചില സമാനതകളുണ്ട്. ആദ്യ
അധ്യായത്തില്‍ത്തന്നെ ഒരിറ്റുവെള്ളത്തിനുവേണ്ടിയുള്ള മരുഭൂനിവാസികളുടെ
സ്പര്‍ദ്ധയാണങ്ങിനെ ചിന്തിപ്പിച്ചത്. ദാഹജലത്തിനുവേണ്ടി,
പ്രാഥമികാവശ്യങ്ങള്‍ക്ക് വേണ്ടി അനിവാര്യതയുടെ യുദ്ധം ചെയ്യുന്നവര്‍
എല്ലായിടത്തുമുണ്ട്. അനിവാര്യതകളുടെ മാപകങ്ങളിലേ ഭേദമുള്ളൂ.
മരുഭൂമിയിലെ കാഴ്ച്ചകളെ ഏടുകളിലേക്ക് പകര്‍ത്തി വെയ്ക്കുമ്പോള്‍
കണ്ടകാഴ്ച്ചകളുടെ സൌന്ദര്യമായിരുന്നിരിക്കണം എഴുത്തിനെ ഇത്രയും വശ്യമായി
പകര്‍ത്തിവെയ്ക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. ചരിത്രവും യാഥാര്‍ത്ഥ്യവും
തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു കഥ പറയുന്നതിനേക്കാള്‍ സരസമായി വിവരിക്കുമ്പോള്‍ ഒരു മുത്തശ്ശിക്കഥ കേട്ടിരിക്കുന്ന ലാഘവത്തോടെ ഈ
യാത്രാവിവരണം വായിച്ചുപോവാന്‍ നമുക്കാവുന്നതും മരുഭൂമിയുടെ ആത്മാവ് ഇതില്‍
അലിഞ്ഞു ചേര്‍ന്നതു കൊണ്ടായിരിക്കണം.
ഇസ്ലാമിക
യുദ്ധഭൂമികയുടെ വിവരണങ്ങളും,പ്രവാചകനും അനുയായികളും ചേര്‍ന്ന് കുഴിച്ച
കിടങ്ങും, ഫോസില്‍ പാടങ്ങളും, മരുഭൂമിയിലെ മരുപ്പച്ചകളും, ഗുഹാവീടുകളും,
ശിലാലിഖിതങ്ങളും, മണല്‍ക്കാറ്റും, മരുഭൂമഴയും, യൂറോപ്പിലേക്ക് വരെ പൂക്കള്‍ കയറ്റിയയക്കുന്ന മരുഭൂമദ്ധ്യത്തിലെ പൂപ്പാടങ്ങളും
, മണല്‍ക്കാട്ടില്‍ പതിയിരിക്കുന്ന വിഷജീവികളും,
ജീര്‍ണ്ണിക്കാനനുവദിക്കാതെ മരുഭൂ ചേര്‍ത്തുപിടിച്ച ശവശരീരങ്ങളും, പിണങ്ങി
പിരിഞ്ഞതുപോലെ മരുഭൂമിയില്‍ നിന്ന് പിന്‍ വാങ്ങിയ സമുദ്രങ്ങളും , നിലാവ്
കോരിക്കുടിക്കുന്ന കള്ളിമുള്‍ച്ചെടികളും, ലൈലാമജ്നുവിന്‍റെ പ്രണയം
മിടിക്കുന്ന ലൈല അഫ് ലാജും, മരുഭൂവിലെ സൂര്യാസ്തമനവും, ജലസാന്നിധ്യം കാലടികളെ നനയ്ക്കുന്നു എന്ന് തോന്നിപ്പിക്കുന്ന അല്‍ ഹസ മരുഭൂമിയും, തേന്മണമുള്ള അബഹയും, ഭൂമിയെ കാണാതായ മുനമ്പും, ലോകത്തിന്‍റെ ഞരമ്പ് പാഞ്ഞ നഗരങ്ങള്‍-മക്കയും മദീനയും,
ഹറമും അറഫയും മുസഫര്‍ അഹമ്മദ് ഒട്ടും അതിഭാവുകത്വമോ അതിശയോക്തിയോ
ചേര്‍ക്കാതെ പറഞ്ഞുവെയ്ക്കുമ്പോള്‍ സിരകളില്‍ നുരഞ്ഞ്കയറുകയായിരുന്നു
അനിര്‍വചനീയമായ ഒരു വായനാഹരം. പുണ്യഭൂമിയായ മക്കയിലും മദീനയിലും
മാത്രമൊതുങ്ങിയലഞ്ഞിരുന്ന എന്‍റെ മനക്കണ്ണുകള്‍ തൊട്ടറിയുകായായിരുന്നു
സൌദിഅറേബ്യയിലെ മരുഭൂവിശേഷങ്ങള്‍ , മഹത്വങ്ങള്‍ , ചരിത്രപ്രാധാന്യങ്ങള്‍ .
ഭാഷയില്ലാത്ത വാക്കുകള്‍ക്ക് ഇഴയടുപ്പം കൂടുമെന്നത് നേര്. ചില എഴുത്തുകളെന്നാല്‍ ഭാഷയുടെ ആഴങ്ങളിലൂന്നി നിന്നാവുമ്പോള്‍ വാക്കുകള്‍ക്കത് അനിര്‍വ്വചനീയ മിഴിവേകും. വായിക്കുന്നവന്‍റെ കണ്ണുകളിലൂടെ തുളഞ്ഞുകയറി മനസ്സാഴങ്ങളില്‍ തറഞ്ഞിരിക്കും; മുസഫര്‍ അഹമ്മദിന്‍റെ മരുഭൂമിയുടെ ആത്മാവ് തൊട്ടറിഞ്ഞ എഴുത്തുപോലെ.
എനിക്ക് മുന്‍പേ ‘മരുഭൂമിയുടെ ആത്മകഥ’യിലൂടെ അലഞ്ഞവര്‍ പറഞ്ഞുവെച്ചിട്ടുണ്ട് മനോഹരമായ ഭാഷയില്‍ ആത്മാവില്‍ തൊട്ട ആസ്വാദനങ്ങള്‍ എന്നതുകൊണ്ടുതന്നെ വിശദമായ ഒരു അവലോകനത്തിന് മുതിരുന്നില്ല. അവയില്‍ ചിലത് ഇവിടെ വായിക്കാം:
http://www.mansoormaruppacha.blogspot.ae/2012/06/blog-post_07.html