Wednesday, April 3, 2013

മരുഭൂമിയുടെ ആത്മകഥ- വി മുസഫര്‍ അഹമ്മദ്



മിഴിയെത്താത്തിടത്ത് മനമെത്തുമ്പോഴാണത്രെ കനവുകള്‍ ഉരുവം കൊള്ളുന്നത്. കാണാനാവാത്ത കാഴ്ച്ചകളെ മനക്കണ്ണാല്‍ കാണുക; അതിന് ഭാഷ-വേഷ-രാജ്യ-മതാതിര്‍ത്തികളില്ല. സമയഭേദങ്ങളില്ല, നിയമസംഹിതകളില്ല. സുപ്തി ലോകത്ത് സ്വപ്നാടകനാണ് അധിപന്‍ , അതേത് അക്ഷയനായാലും. പക്ഷേ ഒരു നിമിഷാര്‍ദ്ധത്തെ സ്വബോധത്താല്‍ എറിഞ്ഞുടയ്ക്കപ്പെടുന്നവയാണ് ആ സ്വപ്നങ്ങള്‍ . അവശേഷിക്കുക കടുത്ത ഇച്ഛാഭംഗമാണ്; ജീവിതത്തിന്‍റെ നല്ല നിമിഷങ്ങളെ തല്ലിതകര്‍ക്കാന്‍ കരുത്തുള്ളവ.


ആലീസിന്‍റെ അത്ഭുതലോകത്തെന്നപോലെ സ്വയം പണിതുയര്‍ത്തിയ കിനാകുമിളയില്‍ മനനത്തിലിരിക്കുമ്പോഴാവും പലപ്പോഴുമവ ആപതികമായി ഛിന്നിക്കപ്പെടുക. അപ്പോഴെല്ലാം തോന്നാറുണ്ട് മനസ്സിനെന്ന പോലെ മിഴികള്‍ക്ക് ദേഹം വിട്ട് സഞ്ചരിക്കാനാകുമായിരുന്നെങ്കിലെന്ന്! കാണാത്ത കാഴ്ച്ചകളിലേക്ക്, ഇടങ്ങളിലേക്ക്, മനസ്സിനുപോലും സങ്കൽപ്പിക്കാനാവാത്ത ദൂരങ്ങളിലേക്ക്.. സ്വപ്നങ്ങള്‍ക്കെന്നതുപോലെ യാതൊരു വിഘ്നങ്ങളുമില്ലാതെ യഥേഷ്ടം..!! എങ്കിലൊരു മനുഷ്യജന്മത്തിലെത്ര കാഴ്ചാന്തരങ്ങളിലൂടെ ,  എത്ര ദൂരങ്ങള്‍ താണ്ടി, എത്ര ഋതുഭേദങ്ങനുഭവിച്ച് കണ്ണുകളലയുമായിരുന്നു.


ഭ്രാന്തമായ ഈ ചിന്തകള്‍ക്ക് ഒരു സാക്ഷാത്ക്കാരം പോലെയാണെനിക്ക് മുസഫര്‍ അഹമ്മദിന്‍റെ മരുഭൂമിയുടെ ആത്മകഥയുടെ വായന അനുഭവേദ്യമായത്. പതിനഞ്ച് വര്‍ഷത്തിലേറെ ഈ മരുക്കാടിന്‍റെ ഓരത്ത് ജീവിച്ചിട്ടും സങ്കൽപ്പങ്ങള്‍ക്ക് പോലും പ്രാപ്യമല്ലാതിരുന്ന കാഴ്ച്ചകളെയാണ് മണല്‍ പരപ്പിന്‍റെ ആത്മാവിലേക്കിറങ്ങിച്ചെന്ന് സഞ്ചാരപ്രിയനായ എഴുത്തുകാരന്‍ വാക്കുകളുടെ ചേടകത്തിലൊളിപ്പിച്ച് സമ്മാനിച്ചത്.

വായനപുരോഗമിക്കും തോറും  ഈ മരുദേശം ഒരു പ്രഹേളിക പോലെ എന്നില്‍ ആശ്ചര്യമാവുകയായിരുന്നു. നിസ്സംഗതയുടെ മൂടുപടമണിഞ്ഞ് അനന്തതയിലേക്ക് തലവെച്ച് കിടക്കുന്ന ഇവളുടെ ആഴങ്ങളിലൊളിപ്പിച്ചിരിക്കുന്ന രഹസ്യഭാവങ്ങള്‍ എന്നെ അതിശയിപ്പിക്കുകയായിരുന്നു. ഒപ്പം ഓരോമണല്‍ത്തരിയുടേയും ഉള്‍ത്തുടിപ്പുകളാവാഹിച്ച് അക്ഷരങ്ങളുടെ ആര്‍ദ്രതയില്‍ കെടാതെ സൂക്ഷിച്ച എഴുത്തുകാരനോടുള്ള ബഹുമാനവും, ചുട്ടുപൊള്ളുന്ന ഈ മണല്‍ക്കാട്ടില്‍ അതെത്ര കഠിനപ്രയത്നമായിരുന്നിരിക്കാമെന്ന തിരിച്ചറിവോടെത്തന്നെ.


മനോഹരമായ വര്‍ണ്ണകടലാസുകളില്‍ പൊതിഞ്ഞ് ഹൃദ്യമായ പതിനഞ്ച് സമ്മാനപ്പൊതികളായി അനുവാചകനേകുകയാണ് മുസഫര്‍ അഹമ്മദ് പതിനഞ്ചധ്യായങ്ങളിലൂടെ. ഓരോ പൊതിയിലും കരുതിവെച്ചിരിക്കുന്നത് വിസ്മയങ്ങളുടെ, കാണാക്കാഴ്ചകളുടെ, ചരിത്രസത്യങ്ങളുടെ
മനോഹാരിതയാണ്. അധ്യായ ശീര്‍ഷകങ്ങളില്‍ തുടങ്ങുന്ന ആകര്‍ഷകത്വം  അവസാനം വരെ കാത്ത് സൂക്ഷിക്കാന്‍  എഴുത്തില്‍ ശ്രദ്ധിച്ചിട്ടുണ്ട്.

എട്ടുവര്‍ഷത്തെ മണല്‍ക്കാട്ടിലെ അലച്ചിലുകളാണ്  ഈ പുസ്തകമെങ്കില്‍ ഇനിയുമൊട്ടേറെ കാഴ്ച്ചകള്‍ കാണാനും പകര്‍ത്താനും അദ്ദേഹത്തിന്‍റെ കണ്ണുകള്‍ക്കും തൂലികയ്ക്കും സര്‍വ്വേശ്വരന്‍ വര്‍ദ്ധിതവീര്യമേകട്ടെ.

മരുഭൂജീവിതങ്ങളിലൂടെ വായനതുടരുമ്പോള്‍ ഇതരപ്രദേശങ്ങളിലെ ജീവിതവുമായി കാണാവുന്ന ചില സമാനതകളുണ്ട്. ആദ്യ അധ്യായത്തില്‍ത്തന്നെ ഒരിറ്റുവെള്ളത്തിനുവേണ്ടിയുള്ള മരുഭൂനിവാസികളുടെ സ്പര്‍ദ്ധയാണങ്ങിനെ ചിന്തിപ്പിച്ചത്. ദാഹജലത്തിനുവേണ്ടി, പ്രാഥമികാവശ്യങ്ങള്‍ക്ക് വേണ്ടി അനിവാര്യതയുടെ യുദ്ധം ചെയ്യുന്നവര്‍ എല്ലായിടത്തുമുണ്ട്. അനിവാര്യതകളുടെ മാപകങ്ങളിലേ ഭേദമുള്ളൂ.

മരുഭൂമിയിലെ കാഴ്ച്ചകളെ  ഏടുകളിലേക്ക് പകര്‍ത്തി വെയ്ക്കുമ്പോള്‍ കണ്ടകാഴ്ച്ചകളുടെ സൌന്ദര്യമായിരുന്നിരിക്കണം എഴുത്തിനെ ഇത്രയും വശ്യമായി പകര്‍ത്തിവെയ്ക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. ചരിത്രവും യാഥാര്‍ത്ഥ്യവും തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു കഥ പറയുന്നതിനേക്കാള്‍ സരസമായി  വിവരിക്കുമ്പോള്‍ ഒരു മുത്തശ്ശിക്കഥ കേട്ടിരിക്കുന്ന ലാഘവത്തോടെ ഈ യാത്രാവിവരണം വായിച്ചുപോവാന്‍ നമുക്കാവുന്നതും മരുഭൂമിയുടെ ആത്മാവ് ഇതില്‍ അലിഞ്ഞു ചേര്‍ന്നതു കൊണ്ടായിരിക്കണം.

ഇസ്ലാമിക യുദ്ധഭൂമികയുടെ വിവരണങ്ങളും,പ്രവാചകനും അനുയായികളും ചേര്‍ന്ന് കുഴിച്ച കിടങ്ങും, ഫോസില്‍ പാടങ്ങളും, മരുഭൂമിയിലെ മരുപ്പച്ചകളും, ഗുഹാവീടുകളും, ശിലാലിഖിതങ്ങളും, മണല്‍ക്കാറ്റും, മരുഭൂമഴയും, യൂറോപ്പിലേക്ക് വരെ പൂക്കള്‍ കയറ്റിയയക്കുന്ന മരുഭൂമദ്ധ്യത്തിലെ പൂപ്പാടങ്ങളും , മണല്‍ക്കാട്ടില്‍ പതിയിരിക്കുന്ന വിഷജീവികളും, ജീര്‍ണ്ണിക്കാനനുവദിക്കാതെ മരുഭൂ ചേര്‍ത്തുപിടിച്ച ശവശരീരങ്ങളും, പിണങ്ങി പിരിഞ്ഞതുപോലെ മരുഭൂമിയില്‍ നിന്ന് പിന്‍ വാങ്ങിയ സമുദ്രങ്ങളും , നിലാവ് കോരിക്കുടിക്കുന്ന കള്ളിമുള്‍ച്ചെടികളും, ലൈലാമജ്നുവിന്‍റെ പ്രണയം മിടിക്കുന്ന ലൈല അഫ് ലാജും, മരുഭൂവിലെ സൂര്യാസ്തമനവും, ജലസാന്നിധ്യം കാലടികളെ നനയ്ക്കുന്നു എന്ന് തോന്നിപ്പിക്കുന്ന അല്‍ ഹസ മരുഭൂമിയും, തേന്മണമുള്ള അബഹയും, ഭൂമിയെ കാണാതായ മുനമ്പും, ലോകത്തിന്‍റെ ഞരമ്പ് പാഞ്ഞ നഗരങ്ങള്‍-മക്കയും മദീനയും, ഹറമും അറഫയും മുസഫര്‍ അഹമ്മദ് ഒട്ടും അതിഭാവുകത്വമോ അതിശയോക്തിയോ ചേര്‍ക്കാതെ പറഞ്ഞുവെയ്ക്കുമ്പോള്‍ സിരകളില്‍ നുരഞ്ഞ്കയറുകയായിരുന്നു അനിര്‍വചനീയമായ ഒരു വായനാഹരം. പുണ്യഭൂമിയായ മക്കയിലും മദീനയിലും മാത്രമൊതുങ്ങിയലഞ്ഞിരുന്ന എന്‍റെ മനക്കണ്ണുകള്‍ തൊട്ടറിയുകായായിരുന്നു സൌദിഅറേബ്യയിലെ മരുഭൂവിശേഷങ്ങള്‍ , മഹത്വങ്ങള്‍ , ചരിത്രപ്രാധാന്യങ്ങള്‍ .

ഭാഷയില്ലാത്ത വാക്കുകള്‍ക്ക് ഇഴയടുപ്പം കൂടുമെന്നത് നേര്. ചില എഴുത്തുകളെന്നാല്‍ ഭാഷയുടെ ആഴങ്ങളിലൂന്നി നിന്നാവുമ്പോള്‍  വാക്കുകള്‍ക്കത് അനിര്‍വ്വചനീയ മിഴിവേകും. വായിക്കുന്നവന്‍റെ കണ്ണുകളിലൂടെ തുളഞ്ഞുകയറി മനസ്സാഴങ്ങളില്‍ തറഞ്ഞിരിക്കും; മുസഫര്‍ അഹമ്മദിന്‍റെ  മരുഭൂമിയുടെ ആത്മാവ് തൊട്ടറിഞ്ഞ എഴുത്തുപോലെ.

എനിക്ക് മുന്‍പേ ‘മരുഭൂമിയുടെ ആത്മകഥ’യിലൂടെ അലഞ്ഞവര്‍ പറഞ്ഞുവെച്ചിട്ടുണ്ട് മനോഹരമായ ഭാഷയില്‍ ആത്മാവില്‍ തൊട്ട ആസ്വാദനങ്ങള്‍ എന്നതുകൊണ്ടുതന്നെ വിശദമായ ഒരു അവലോകനത്തിന് മുതിരുന്നില്ല. അവയില്‍ ചിലത് ഇവിടെ വായിക്കാം:


http://www.mansoormaruppacha.blogspot.ae/2012/06/blog-post_07.html

29 comments:

  1. മുസഫര്‍ അഹമ്മദിന്റെ മരുഭൂമുയുടെ ആത്മാവ് തൊട്ടറിഞ്ഞൊരവലോകനം.................

    ReplyDelete
  2. മനോഹരമായി വായിച്ചു ട്ടോ .
    വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മനസ്സിൽ നില്ക്കുന്ന സന്തോഷമാണ്‌ മരുഭൂമിയുടെ ആത്മകഥയുടെ വായന .
    ആര് വായിച്ചാലും എന്തെങ്കിലും പറയാൻ ബാക്കിയാവുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത . ഞാൻ വായിച്ചപോലെയല്ല ജെഫു എഴുതിയത് . അത് രണ്ടും പോലല്ല ഷേയ പരിചയപ്പെടുത്തിയത് . നല്ലൊരു രചന അർഹിക്കുന്ന ഒന്നാണത് .
    ഇത് വായിച്ചപ്പോൾ വീണ്ടും ഒരു പുനർവായന ആഗ്രഹിച്ചു പോകുന്നു .

    ReplyDelete
  3. മേല്പ്പറഞ്ഞ ബ്ലോഗുക്കളിലേക്ക് ചേര്‍ത്ത് ഈ ഇലഞ്ഞിമുറ്റവും ..വളരെ ശക്തമായ ഭാഷയില്‍ തന്നെ മരുഭൂമിയുടെ ആത്മകഥ വിശകലനം ചെയ്തു..എത്ര വായിച്ചാലും മതിവരാത്ത മുസഫറിന്റെ സുന്ദരന്‍ ഭാഷക്ക് പകരം വെക്കാന്‍ ഒന്നുമില്ല..അദ്ദേഹം പകര്‍ന്ന അറിവിനും അഴകിനും ഒപ്പം ...

    ReplyDelete
  4. വായിച്ചിരിക്കേണ്ടതെന്ന് കൂട്ടുകാര് വാശി പിടിക്കുമ്പോൾ, "തീര്ച്ചയായും: അതെ" എന്നുത്തരം.
    {ഈയിടെയായി ഏറെ വായിക്കുന്നു അല്ലേ..? സന്തോഷം, ഈ പരിചയപ്പെടുത്തലുകൾക്ക് }

    ReplyDelete
  5. ഇവിടത്തെ പതിവ് വിവരണങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നു. ചെറുവാടി പറഞ്ഞ പോലെ വായന മറ്റൊരു രീതിയിൽ തന്നെ. മനോഹരം.

    ReplyDelete
  6. ഈ പുസ്തകം വായിയ്ക്കണമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്
    ഇതുവരെ സാധിച്ചില്ല
    ഇനി വായിയ്ക്കണം

    ReplyDelete
  7. മരുഭൂമിയുടെ ആത്മകഥയെക്കുറിച്ച് പലയിടത്തായി പരിചയപ്പെടുന്നു.
    എന്തായാലും വായിക്കാതെ പറ്റില്ല.

    ReplyDelete
  8. മരുഭൂമിയുടെ ആത്മകഥയെക്കുറിച്ച് പലയിടത്തായി പരിചയപ്പെടുന്നു. മുൻപേ വായിക്കണമെന്ന് കരുതിയ ഈ പുസ്തകത്തെക്കുറിച്ച് ഇലഞ്ഞിയുടെ ഈ എഴുത്ത് കൂടി വായിച്ചപ്പോൾ ഈ പുസ്തകം വായിക്കാൻ വല്ലാതെ കൊതിയാവുന്നുണ്ട്.

    ReplyDelete
  9. വായന നിരാശപ്പെടുത്താത്ത ഒരു പുസ്തകം തന്നെയാണ് മരുഭൂമിയുടെ ആത്മകഥ ,,കയ്യില്‍ കിട്ടിയാല്‍ പിന്നെ അവസാനിപ്പിക്കാന്‍ തോന്നാത്ത അത്രക്കും രസകരമായ യാത്രാവിവരണം ,,,ചെറുവാടിയുടെയും, ജെഫു വിന്‍റെയും ഇപ്പോള്‍ ദെ ഇലഞ്ഞി യുടെയും പരിചയപ്പെടുത്തല്‍ വായിക്കുമ്പോള്‍ ഒന്ന് കൂടി വായിക്കാന്‍ തോന്നുന്നു ...

    ReplyDelete
  10. നല്ല വിവരണം.. ശരിക്കും ഉപകരിക്കുന്നത്
    ആശംസകൾ

    ReplyDelete
  11. മലയാളഭാഷയിൽ എഴുതപ്പെട്ട മികച്ചപുസ്തകങ്ങളിൽ ഒന്നിന്റെ നല്ല ആസ്വാദനം.....

    ReplyDelete
  12. ഈ പുസ്തകത്തെ കുറിച്ച് അവതരിപ്പിച്ചപ്പോൾ എനിക്ക് വായിക്കാൻ ആശ തോന്നി

    നല്ല അവതരണം

    ReplyDelete
  13. നല്ല വായനയുടെ നല്ല പരിചയപ്പെടുത്തലിനു നന്ദി

    ReplyDelete
  14. നേരെത്തെ തന്നെ ഇതിന്‍റെ ആസ്വാദനം വായിചിടുണ്ട് മുകളില്‍ പറഞ്ഞ ബ്ലോഗുകളില്‍ നിന്ന് എന്നാലും ഇതും ഒരു പുതിയ അനുഭവമായി ആശംസകള്‍

    ReplyDelete
  15. ഈ പുസ്തകം വായിപ്പിച്ചേ അടങ്ങൂ അല്ലേ..ഇലഞ്ഞി?
    മനോഹരമായ ആസ്വാദനക്കുറിപ്പ്! അഭിനന്ദനങ്ങള്‍!!

    ReplyDelete
  16. മനോഹരമായ, വായിക്കാൻ കൊതിപ്പിക്കുന്ന അവതരണം. സാന്ദ്രമായ ഭാഷ. എന്നാലും അവിടവിടെ ചില അക്ഷരപ്പിശാചുകൾ. തിരുത്തുമല്ലോ. ('ചേടകം' പോലെ, ഉപയോഗിക്കാതെ മറവിയിൽ മാഞ്ഞുപോയ ചില വാക്കുകൾ ഓർമ്മപ്പെടുത്തിയതിനു നന്ദി)

    ReplyDelete
  17. മന്സൂര്ക്ക പരിചയപ്പെടുത്തിയിട്ടുണ്ട് ഈ കഥ . ഇലഞ്ഞിയുടെ മനോഹരമായ അവതരണ രീതിയെ ഈ മരുഭൂമിയെ സുന്ദരമാക്കി . ഇലഞ്ഞിക്ക് ഇലഞ്ഞിപോലെ ഒരായിരം ഭാവുകങ്ങൾ നേരുന്നു

    ReplyDelete
  18. ഈ പുസ്തകത്തെ പണ്ട് ചെറുവാടി പരിചയപ്പെടുത്തിയത് വായിച്ചിരുന്നു.

    അന്ന് മുതല്‍ അതൊന്നു വായിക്കാന്‍ കൊതിക്കയാണ്. ഷേയയുടെ ഈ അവലോകനം ആ ആശ ഇരട്ടിപ്പിച്ചു. നല്ല പുസ്തകകങ്ങളെ ഇനിയും ഇത് പോലെ ഞങ്ങള്‍ക്ക് മുന്നിലെത്തിക്കൂ .

    ആശംസകള്‍

    ReplyDelete
  19. നന്ദി ഈ പരിചയപ്പെടുത്തലിനു.

    ReplyDelete
  20. ന്റെ ഇലഞ്ഞിയെ ഞാന്‍ വായിക്കാന്‍ എടുത്തിട്ടു മാറ്റി വച്ച പുസ്തകമാണല്ലോ ഇത് ..എന്തായാലും ഇനി വായിക്കണം

    ReplyDelete
  21. ഞാൻ വായിച്ചിട്ടില്ല ഈ പുസ്തകം. "മക്കയിലേക്കുള്ള പാത" തുറന്നു വെച്ച ഒരു വഴിയുണ്ട്, അപരിചിതമായ മണൽക്കൂനകൾക്കിടയിലൂടെ ബദുവിന്റെ ഒട്ടകപ്പാട് നോക്കി ചന്ദ്രനെ മാത്രം സാക്ഷിയാക്കി നടന്നു നീങ്ങുന്ന ഒരു വഴി...ഈ പുസ്തകം അതിന്റെ തുടർച്ചയാകട്ടെ...

    ReplyDelete
  22. ചെറുവാടിക്ക് ശേഷം ഈ പരിചപ്പെടുത്തലിലൂടെ
    അടുത്ത വരവിൽ വാങ്ങി വായിക്കുവാൻ വീണ്ടും പ്രേരിപ്പിക്കുന്നൂ‍ൂ

    ReplyDelete
  23. ഇനിയിപ്പോ വായിച്ചേ ഒക്കൂ :)

    ReplyDelete
  24. ഒറ്റക്കുഴപ്പെയുള്ളൂ ---- സമയമില്ലാ എന്നത് ... ന്നാലും :)

    ReplyDelete
  25. നന്ദി വായിച്ച എല്ലാവര്‍ക്കും.

    ReplyDelete
  26. വായിച്ചിട്ടില്ല ,തീര്‍ച്ചയായും വായിക്കും ...പരിചയപ്പെടുത്തല്‍ അത്ര ഹൃദ്യമായിരുന്നു .

    ReplyDelete
  27. ഇലഞ്ഞിപ്പൂക്കള്‍ വളരെ മനോഹരമായി എഴുതുന്നു.... അതിസുന്ദരം...എല്ലാ അഭിനന്ദനങ്ങളും...
    മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച മുസഫര്‍ അഹമ്മദിന്‍റെ ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്. പുസ്തകം വായിക്കണം... ഇലഞ്ഞിപ്പൂക്കള്‍ ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ .... വായിക്കാതിരിക്കുന്നതെങ്ങനെ?

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!