ബസ് കേരളം വിട്ടിരിക്കുന്നു.. റോഡരികിലെ കാഴ്ചകളെ പിറകിലാക്കി വളരെവേഗതിയിലാണ്‍ പാച്ചില്‍..ജീവിതം ചവിട്ടിമെതിച്ചുപേക്ഷിച്ച ഇന്നലേകളോടെന്ന പോലെ, മുന്നോട്ടുള്ള ഈ യാത്രയിലൊരിക്കലും കടന്നുവരാതെ പിന്മറഞ്ഞ കാഴ്ചകളോട് വല്ലാത്തൊരു ആര്‍ത്തി തോന്നി.. ഒരിക്കലും കിട്ടില്ലെന്ന തിരിച്ചറിവേകുന്ന ഒരുതരം അഭിനിവേശം.. മഴയുടെ പച്ചപ്പ് മാറി വരണ്ട കാഴ്ചകളാണ്‍ പുറത്ത്.. കാഴ്ചകളും കാത്തിരിപ്പുകളും വ്യര്‍ഥമാവാന്‍ ഒരു നിമിഷം മതി... എന്‍റെ ഓപ്പോളുടെ സ്വപ്നങ്ങളും കാത്തിരിപ്പുകളും വ്യര്‍ഥമായതുപോലെ..
അന്ന് അമ്പലത്തില്‍ തൊഴാന്‍ പോയി ഇലഞ്ഞിമരചുവട്ടില്‍ വിനയേട്ടന്‍ തന്ന മിഠായിയും നുണഞ്ഞ് ആഞ്ഞിലിചക്ക തിരക്കിട്ട് കടിച്ച് പറിക്കുന്ന അണ്ണാന്‍ കുഞ്ഞിനെ നോക്കിയിരിക്കുമ്പോഴാണ്‍ അമ്മാവന്‍റെ അട്ടഹാസം.. ഓപ്പോളുടെ മുടിയില്‍ ശക്തിയായി പിടിച്ച് വലിക്കുന്നു,, ഒപ്പോള്‍ കരയാണ്‍.. വിനയേട്ടനെ അതാ കാര്യസ്ഥന്‍ നാണുവും പണിക്കാരന്‍ കോതയും കൂടി തല്ലി ചതയ്ക്കുന്നു.. കയ്യില്‍ അടക്കി പിടിച്ചിരുന്ന നാരങ്ങമിഠായി നിലത്തുവീണ്‍ ചിതറി.. ഓപ്പോളെ വിടുവിക്കാന്‍ അമ്മാവന്‍റെ കയ്യില്‍ കയറിപിടിച്ചു.. ആഞ്ഞൊരു തള്ളില്‍ താന്‍ ദൂരേക്ക് തെറിച്ച് വീണു.. കോപംകൊണ്ട് വിറയ്ക്കുകയാണ്‍ അമ്മാവന്‍.. ചുറ്റും ഒരുപാട് ആളുകള്‍ കൂടിയിരിക്കുന്നു.. അമ്മാവന്‍ ഓപ്പോളെ വലിച്ചിഴച്ച് തറവാട്ടിലേക്ക് കൊണ്ട്പോയി, ഉറക്കെ കരഞ്ഞ്കൊണ്ട് താന്‍ പിറകേയും.. അന്ന് ഒരുപാട് തല്ല് കിട്ടി ഓപ്പോള്‍ക്ക്.. വെളിച്ചം കടക്കാത്ത മച്ചിനകത്തിട്ട് പൂട്ടി എന്‍റെ ഓപ്പോളെ.. അമ്മ കരഞ്ഞ് കാല്‍ പിടിച്ചെങ്കിലും അമ്മാവന്‍ കനിഞ്ഞില്ല.. അന്ന് രാത്രി താന്‍ ഓപ്പോള്‍ടെ കൂടെയല്ല കിടന്നത്.. അമ്മയുടെ കൂടെ.. അമ്മ അന്ന് ഉറങ്ങിയിട്ടില്ല, ഓപ്പോള് കൂടെയില്ലാത്തതിനാല്‍ താനും... പിന്നീടൊരിക്കലും എന്‍റെ ഓപ്പോള്‍ ചിരിച്ചിട്ടില്ല, എന്നെ ബോധിപ്പിക്കാനുള്ള ആ നരച്ച ചിരിയല്ലാതെ.. വിനയേട്ടനെ പിന്നീടൊരിക്കലും കണ്ടില്ല.. നാരങ്ങമിഠായിയും ഇലഞ്ഞിപ്പൂക്കളും മനസ്സിലിന്നും ചിതറികിടക്കുന്നു, നനുത്ത ഇന്നലേകളുടെ ഇറ്റ് വീഴാന്‍ മടിക്കുന്ന മഴതുള്ളികള്‍ പോലെ..
ഏറെ മുതിര്ന്നതിനു ശേഷം അഛന്റെ വീട്ടില്‍ അവധിക്കാലത്ത് പോവുമ്പോള്‍ അമ്മായിമാരും അഛമ്മയും പറയുന്ന പഴംകഥകളില്‍ നിന്നാണ്‍ ഒരു ചിത്രം കിട്ടിയത്.. വീട്ടിലാരും അതിനെ കുറിച്ച് സംസാരിക്കാറില്ല. അന്ന് വിനയേട്ടനും ഓപ്പോളും തമ്മിലുള്ള പ്രണയം കയ്യോടെ പിടികൂടിയ അമ്മാവന്‍ വിനയേട്ടനോട് എല്ലാം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടത്രെ.. താഴ്ന്ന ജാതിക്കാരന്‍ തറവാട്ടില്‍ വന്ന് കയറുന്നത് ചിന്തിക്കാന്‍ പോലും യാഥാസ്ഥിതികനായ അമ്മാവന്‍ കഴിയില്ല.. പിന്മാറാന്‍ തയ്യാറല്ലെന്നും ഓപ്പോളെ വിളിച്ചിറക്കി സ്വന്തം വീട്ടിലേക്ക് കൊണ്ട്പോവുമെന്നുമുള്ള വിനയേട്ടന്‍റെ വെല്ലുവിളി.. പിന്നീടാരും വിനയേട്ടനെ കണ്ടവരില്ല.. വിനയേട്ടന്‍റെ പാവം വീട്ടുകാര്‍പോലും.. ദുഷ്ടന്‍ കൊന്നതാവുമെന്ന് അഛന്‍ പെങ്ങള്‍ പറയുന്നു.. അഛന്‍ അന്ന് തന്നെ വിവരമറിഞ്ഞ് തറവാട്ടില്‍ ചെന്നത്രെ.. ഓപ്പോള്‍ടെ, വിനയേട്ടനെ മാത്രമേ വിവാഹം കഴിക്കൂവെന്ന പിടിവാശി കണ്ട് അഛന്‍ അമ്മാവനോട് ശുപാര്‍ശ ചെയ്തത്രെ കുട്ടികളുടെ ഇഷ്ടം നടത്തി കൊടുക്കാന്‍... തറവാടിന്‍റെ അന്തസ്സ് പോയാല്‍ നിങ്ങള്‍ക്കെന്താ അല്ലേ എന്നും പറഞ്ഞ് അമ്മാവന്‍ അഛനെ അവഹേളിച്ചിറക്കി വിട്ടുവെന്ന്.. പിന്നീടഛന്‍ ആ പടി കയറിയിട്ടില്ല.. വിവാഹാലോചനകള്‍ക്ക് മുന്നില്‍ തനിക്കിനിയൊരു താലികെട്ട് മരണത്തെ മാത്രമെന്ന് പൊട്ടിതെറിച്ച ഓപ്പോള്‍ക്ക് മുന്നില്‍ അമ്മാവന്‍ പോലും നിശബ്ദനായി... പിന്നെ ഓപ്പോള്‍ ജീവിച്ചത് വിധിയോടുള്ള തന്‍റെ പ്രതികാരം കണക്കേ ആയിരുന്നു.. വികാരങ്ങളില്ലാതെ, ഒന്ന് കണ്ണ് നിറയ്ക്കുക പോലുമില്ലാതെ ജീവിതത്തോടുള്ള പക വീട്ടുകയാണിന്നും ഓപ്പോള്‍...
ബസ് ബാങ്ക്ലൂര്‍ അടുക്കുന്നു.. കൂടെ പഠിച്ച മനുവിന്‍റെ എഴുത്താണ്‍ ഈ യാത്രയുടെ ഹേതു.. അവനിപ്പോള്‍ ബാങ്ക്ലൂരൊരു ആപ്പീസിലാണ്‍ ഉദ്യോഗം.. അടുത്ത നാട്ടുകാരനും ആത്മമിത്രവുമാണ്‍.. വീട്ടിലെ എല്ലാ കഥകളും അവനറിയാം.. വിനയേട്ടന്‍റെ കഥയും.. അവന്‍ ബാങ്ക്ലൂരില്‍ താമസിക്കുന്നതിന്‍ അടുത്ത വീട്ടില്‍ ഒരു മനുഷ്യന്‍ ഒറ്റയ്ക്ക് താമസിക്കുന്നുണ്ടത്രെ.. അധികം മിണ്ടാതെ ആരോടും ചങ്ങാത്തം കൂടാതെ ജീവിക്കുന്ന അയാളെ മനുവിന്‍റെ റൂമിലാറ്ക്കും വലിയ പരിചയമില.. ഒരുദിവസം മനു ജോലിക്ക് പോകുന്ന സമയത്ത് വഴിയരികില്‍ രക്തം ഛര്‍ദ്ദിച്ച് അബോധാവസ്ഥയില്‍ കിടക്കുന്ന അയാളെ കണ്ടു.. ആശുപത്രിയിലെത്തിച്ചു,, മറ്റാരും കൂടെയില്ലാത്തതിനാല്‍ അവധിയെടുത്ത് അയാളെ പരിചരിക്കാന്‍ നിര്‍ബന്ധിതനായി.. ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നെന്ന്.. ബോധം വന്നപ്പോള്‍ അയാള്‍ക്ക് മനുവിനോട് വല്ലാത്തൊരു അടുപ്പം.. വിനയന്‍ എന്നാണ്‍ പേരെന്നും പ്രണയത്തിന്‍റെ ബാക്കിപത്രമായ് കിട്ടിയ അടികള്‍ക്കൊടുവില്‍ ജീവിക്കാനുള്ള കൊതിയേക്കാള്‍ മരണത്തിനു മുന്നില് തോറ്റ്കൊടുക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ , എന്നെങ്കിലുമൊരിക്കല്‍ തിരികെ ചെന്ന് തന്‍റെ പ്രണയിനിയെ സ്വന്തമാക്കാന്‍ ജീവന് അനിവാര്യമാണെന്നും കരുതി നാടുവിട്ടതാണത്രെ.. പക്ഷേ കാലം തന്നിലെ പ്രതികാരങ്ങളെ കെടുത്തികളഞ്ഞെന്നും ഇന്നവള്‍ നല്ലൊരു കുടുംബിനിയാകും ആ ജീവിതം താന്‍ നശിപ്പിക്കരുതെന്നും കരുതി ഇവിടെ വിധിയോട് പ്രതികാരം വീട്ടുകയാണ്‍ അയാളെന്ന്.. നാടും പേരും എല്ലാം കേട്ടപ്പോള്‍ മനുവിനേതാണ്ട് ഉറപ്പായി... അങ്ങിനെ തന്നെ അറിയിച്ചതാണ്‍.. കത്ത് വായിച്ച് കഴിഞ്ഞപ്പോള്‍ മനസ്സ് പെരുമ്പറ കൊട്ടുകയായിരുന്നു എല്ലാവരോടും ഉറക്കെ വിളിച്ച് പറയാന്‍.. എന്‍റെ ഓപ്പോള്‍ ജീവിക്കാന്‍ പോണു.. ഒടുവില്‍ കാലം കനിഞ്ഞിരിക്കുന്നു.. വിധി മുട്ടുമടക്കിയിരിക്കുന്നു.. എന്‍റെ ഓപ്പോള്‍ ജയിച്ചു.. പക്ഷേ പിന്നെ തോന്നി വേണ്ട, വിനയേട്ടനെ മുന്നില്‍ കൊടുന്ന് നിര്‍ത്തി കൊടുത്ത് ഓപ്പോളോട് തനിക്ക് പറയണം.. ന്നാ ഓപ്പോളെ കുട്ടന്‍റെ സ്നേഹത്തിന്‍റെ കാണിക്ക.. ഇതെന്‍റെ ഓപ്പോള്‍ക്ക് മാത്രമുള്ളതാണ്‍.. അപ്പോള്‍ ആ മുഖത്ത് ഉദിക്കുന്ന ഇലഞ്ഞിപ്പൂവിന്‍റെ മനോഹാരിതയുള്ള , നാരങ്ങമിഠായിയുടെ വര്‍ണ്ണപ്പൊലിമയുള്ള ആ പഴയചിരി കണ്ട് തനിക്ക് മനസ്സ് നിറയ്ക്കണം.. അതുമതി എനിക്കീ ജന്മം സുകൃതമാവാന്‍.. അപ്പോള്‍ ആ കണ്ണുകളില്‍ തിരിച്ചെത്തുന്ന തെളിച്ചം..അതുമതി തനിക്കീ ജീവിതം പ്രകാശമാനമാകാന്‍.. അതുകൊണ്ട്തന്നെ വീട്ടിലെല്ലാവരോടും ചില കടലാസുകള്‍ ശരിയാക്കാന്‍ പോവാന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ..
വരുന്ന വിവരത്തിന്‍ മനുവിന്‍ കത്തിട്ടിരുന്നു.. ബസ്റ്റാന്‍ഡില്‍ വന്ന് നില്‍ക്കാനും.. നാട്ടില്‍ നിന്ന് പുറപ്പെടുന്ന സമയം ഏകദേശം അറിയിച്ചിരുന്നു.. ഇനി കാത്ത് നിന്ന് മുഷിഞ്ഞോ ആവൊ.. വിനയേട്ടനെ കാണുന്ന നിമിഷങ്ങള്‍ അടുക്കുന്നു.. ബാഗ്ലൂരെത്താന്‍ വല്ലാത്ത ധൃതി...ബസ്സിറങ്ങി സ്റ്റാന്ഡ് മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും മനുവിനെ കണ്ടില്ല.. ഇനിയെന്ത് ചെയ്യും.. സ്ഥലം ഒട്ടും പരിചയമില്ല.. ആദ്യമായാണ്‍ ഇങ്ങിനെയൊരു ദൂരയാത്ര വരെ.. തിരികെ ഗുരുവായൂര്‍ക്ക് വണ്ടി കയറിയാലൊ.. പക്ഷേ എന്‍റെ ഓപ്പോള്‍ക്ക് വിനയേട്ടനെ തിരികെ നല്‍കേണ്ടെ.. ബാഗില്‍ തപ്പിയപ്പോ മനുവിന്‍റെ എഴുത്ത് കിട്ടി.. കാറ്ഡിന്‍റെ പിറകില്‍ അവന്‍റെ വിലാസമുണ്ട്.. ഒരു റിക്ഷയില്‍ കയറി ആ വിലാസം കാണിച്ച് കൊടുത്തു.. ഭാഷയറിയാത്തതുകൊണ്ട് അധികമൊന്നും പറയാന്‍ വയ്യ.. പലവഴികള്‍ താണ്ടി റിക്ഷാക്കാരന്‍ അവസാനം ഒരു പഴയ കെട്ടിടത്തിനു മുന്നില്‍ വണ്ടി നിര്‍ത്തി.. നല്ല മഴക്കാറുണ്ട് , പെയ്യാന്‍ വിതുമ്പി നില്‍ക്കുകയാണ്‍ മാനം.. പക്ഷേ മഴക്കാറുകള്‍ നൃത്തം വെയ്ക്കുന്ന അന്തരീക്ഷത്തിന്‍ ഗുരുവായൂരിലെ കാര്‍മേഘങ്ങളുടെ ഭംഗി തോന്നിയില്ല ..
റിക്ഷാക്കാരനെ വാടകകൊടുത്ത് യാത്രയാക്കി..കെട്ടിടത്തിന്‍ ഗേറ്റില്‍ നിന്നിരുന്ന കാവല്‍ക്കാരന്‍ ആ അഡ്രസ്സ് കാണിച്ച് കൊടുത്തപ്പോ ഇടത്ത് വശത്തുള്ള ചെറിയൊരു മുറി കാണിച്ച് തന്നു.. അവിടെ ഒരു സ്ത്രീ ഇരിപ്പുണ്ട്.. അവരെ കാര്‍ഡ് കാണിച്ചപ്പോള്‍ ഇരിക്കാന്‍ പറഞ്ഞു അകത്തേക്ക് പോയി.. മനുവിന്‍റെ ആഫീസാണെന്ന് തോന്നുന്നു.. കുറച്ച് കഴിഞ്ഞപ്പോള്‍ മനുവിനൊപ്പം അവര്‍ തിരികെ വന്നു.. മനുവിനെന്നെ കണ്ടപ്പോള്‍ ആശ്ചര്യം.. പിന്നെ മുഖം മങ്ങി.. ഞാനയച്ച കത്ത് കിട്ടിയില്ലെ, മനു ചോദിക്കുന്നു.. കിട്ടിയതുകൊണ്ടാണല്ലൊ ഞാനിങ്ങോട്ട് തിരിച്ചത്.. രണ്ടാമതും ഞാനെഴുതിയിരുന്നു വരേണ്ടെന്ന് പറഞ്ഞുകൊണ്ട് ,, കിട്ടികാണില്ല.. അവന്‍ തലകുനിച്ച് പറഞ്ഞു.. വിനയേട്ടന്‍ മരിച്ചു... ഏഴെട്ട് ദിവസായി.. ഹാര്‍ട്ട് അറ്റാക്കായിരുന്നത്രെ.. അരുമറിഞ്ഞില്ല. നേരം വെളുത്തപ്പോള്‍ പണിക്കാരാണ്‍ കണ്ടത് മരിച്ച് കിടക്കുന്നത്. ഞാനന്നേ എഴുതിയിരുന്നു നിനക്ക്..... മനു പറഞ്ഞു നിര്ത്തി.... പുറത്ത് മഴ ശക്തിയായി പെയ്ത് തുടങ്ങിയിരിക്കുന്നു... മിഴികളും.. ബാഗുമെടുത്ത് മഴയിലേക്ക് ഇറങ്ങി.. എവിടെയോ വായിച്ചിട്ടുണ്ട് എല്ലാ ദു:ഖങ്ങളേയും മഴ കഴുകി കളയുമെന്ന്..
മനു പുറകില്‍ നിന്നും വിളിക്കുന്നു.. മഴമാറി അവന്‍റെ റൂമിലേക്ക് പോകാമെന്ന് .. ഒന്നിനും തോന്നിയില്ല.. നീ നാട്ടില്‍വരുമ്പോള്‍ കാണാം എന്നും പറഞ്ഞ് ഇറങ്ങി നടന്നു.. അവന്‍ പിറകെ വരുന്നു.. പേഴ്സില്‍നിന്നും നിറം മങ്ങിയ രണ്ട് ഫോട്ടൊ എടുത്ത് കയ്യില്‍ വെച്ച് തന്നു.. കാലം കറകള്‍ വീഴ്ത്തിയ ദ്രവിച്ച് തുടങ്ങിയ പഴയ ഫോട്ടൊ.. ഒന്ന് ഓപ്പോളുടെ , മറ്റേത് വിനയേട്ടന്‍റെ.. വിനയേട്ടന്‍ സൂക്ഷിച്ചിരുന്നവയാണത്രെ.. അവയിലേക്ക് രണ്ടാമതൊന്ന് നോക്കാന്‍ താന്‍ അശക്തനായിരുന്നു... തിരികെ ബസ് സ്റ്റാന്‍ഡിലേക്ക് നടക്കുമ്പോള്‍ വഴിയോ സ്ഥലമോ യാതൊരു അപരിചിതത്വവും തോന്നിയില്ല.. റിക്ഷ വന്ന വഴിയേ തിരികെ നടന്നു.. വഴികാട്ടുന്നത് മഴയോ വിനയേട്ടനോ.. നിശ്ചയം പോരാ.. സ്റ്റാന്‍ഡിലെത്തുമ്പോഴേക്ക് മഴ തോര്‍ന്നിരിക്കുന്നു.. നനഞ്ഞ വസ്ത്രങ്ങളും കാറ്റില്‍ ഉണങ്ങിയിരിക്കുന്നു.. കാലം കൽപ്പിക്കുന്ന കടുത്ത വേദനകളേയും ഇതുപോലെ ഉണക്കുവാനായെങ്കില്‍...
ഗുരുവായൂര്‍ക്കുള്ള ബസ് ടിക്കെറ്റെടുത്തു,, പുറപ്പെടാന്‍ നില്‍ക്കുന്ന ബസില്‍ കയറി.. ഇത്രവേഗമുള്ള തിരിച്ച് വരവിന്‍ ഓപ്പോളോടും അമ്മയോടും പറായാനുള്ള വാചകങ്ങള്‍ മനസ്സില്‍ ഒരുകൂട്ടിവെച്ചു... അപ്പോഴും മഴപെയ്യുന്നുണ്ടായിരുന്നു.. ജാലകത്തിനിപ്പുറത്ത്, നഷ്ടങ്ങളുടെ, ദു:ഖങ്ങളുടെ തോരാമഴ...