Wednesday, July 6, 2011

കാലംതെറ്റി വിടര്‍ന്ന ഇലഞ്ഞിപ്പൂക്കള്‍ (ഭാഗം-1)


കോരിച്ചൊരിയുന്ന മഴ.. വൈകുന്നേരം നിലം പഴുത്ത് കണ്ടപ്പോഴേ നിരീച്ചു മഴയുണ്ടാകുമെന്ന്,, ഓപ്പോളോട് പറയേം ചെയ്തു.. ഞങ്ങള്‍ രണ്ട്പേരുംകൂടി ഉണക്കാനിട്ടിരുന്ന വിറകെല്ലാം പെറുക്കി ഇറയത്ത് അടുക്കി വെച്ചു.. ഇരുട്ടി തുടങ്ങുമ്പോഴേക്ക് നല്ല തണുത്ത കാറ്റ് വീശി തുടങ്ങി, അപ്പോഴാ ഓര്‍ത്തത് പടിഞ്ഞാറ്റയുടെ പിറകില്‍ പെറുക്കി കൊടുന്നിട്ട അടക്ക ഇപ്പോ പകുതി ഉണക്കമായി കാണുമെന്ന്.. ഓടിപോയി അത് കോരി കൊട്ടയിലാക്കി, അവസാനിക്കുമ്പോഴേക്ക് മഴ ചാറി തുടങ്ങി.. ഓപ്പോള്‍ ഓടി അകത്ത് കയറി.. പക്ഷേ മഴയെ ഈ രാത്രിയില്‍ ഒറ്റയ്ക്കാക്കി കയറാന്‍ മനസ്സ് വന്നില്ല .. അമ്മ വഴക്ക് പറഞ്ഞപ്പോള്‍ മനസ്സില്ലാ മനസ്സോടെ ഞാനും വീട്ടിലേക്ക്.. ഇപ്പോഴും ജാലകച്ചില്ലിനപ്പുറം രാത്രിമഴ എന്നോട് കിന്നാരം ചൊല്ലുന്നു... മനസ്സിന്‍റെ ജാലക ചില്ലയില്‍ പെയ്തുവീഴുന്ന ഈ മഴതുള്ളികള്‍ക്ക് കുളിരേറെ,, ആസ്വാദ്യതയും..മഴയാസ്വദിച്ച് നിന്നതെത്ര നേരമെന്നോര്‍മ്മയില്ല.. പെയ്തുവീഴുന്ന മഴ നോക്കി നില്‍ക്കുമ്പോള്‍ മനസ്സിലൊരുപാട് ഓര്‍മ്മകതുള്ളികള്‍ ഇറ്റിവീഴും, കോരിച്ചൊരിയുന്ന മഴയില്‍ മേല്‍ക്കൂരയില്‍ നിന്നും വീഴുന്ന മഴവെള്ളം മണ്ണില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ പോലെ ഓര്‍മ്മതുള്ളികള്‍ മനസ്സിലും എന്തൊക്കെയൊ ചിത്രങ്ങള്‍ വരയ്ക്കും.. ഇന്നലേകളുടെ സന്തോഷവും സന്താപവും കുളിരും നീറ്റലുമെല്ലാം ചായം പൂശിയ ഓര്‍മ്മചിത്രങ്ങള്‍.... അകലെനിന്നേതോ രാപ്പാടിയുടെ കേഴല്‍ .. കോരിച്ചൊരിയുന്ന മഴയില്‍ അവളും അമ്മക്കിളിയുടെ ചിറകിനിടയില്‍ ചൂട്പറ്റി ഉറങ്ങിയിരുന്ന ആ ബാല്യം ഓര്‍ത്തുകാണും.. “ഈ മഴയത്തെന്തിനാ കുട്ട്യേ ശീതലുകൊള്ളാന്‍ ജനാലേം തുറന്നിട്ട് ഇങ്ങിനെ.. ഉറങ്ങാറായില്ലേ,, വെളുപ്പിനെണീറ്റ് പോണ്ടതല്ലെ" ഓപ്പോളുടെ വിളി നേരമേറെയായി താനീ നിൽപ്പ് തുടങ്ങിയിട്ടെന്ന് ഓര്‍മ്മപ്പെടുത്തി.. നാഴിക ഒരുപാട് കടന്ന് പോയിരിക്കുന്നു, ഇനിയും ഉറങ്ങിയില്ലെങ്കില്‍ നാളെ എണീക്കാനും വിചാരിച്ച നേരത്ത് ഇറങ്ങാനും കഴിയില്ല.. എന്നും എവിടേയും ഓപ്പോളാണ്‍ തന്‍റെ ജീവിതത്തിലെ ഓര്‍മ്മപ്പെടുത്തല്‍.. ആ ഓര്‍മ്മപ്പെടുത്തലുകള്‍ എന്നും നേര്‍വഴി ചൂണ്ടികാണിച്ചിട്ടുണ്ട് ജീവിതമിതുവരെ.... എപ്പോഴും ഓര്‍ക്കും എന്നിട്ടുമെന്തേ ഓപ്പോളുടെ ജീവിതം ഒരു അക്ഷരതെറ്റായി മാറിയത്... ഓപ്പോള്‍ ജനല്പാളികള്‍ അടച്ച് കുറ്റിയിട്ട് വാതിലും ചാരി പോയി കഴിഞ്ഞിരുന്നു.. നാളത്തെ യാത്രയ്ക്കായ് എടുത്ത് വെച്ച ബാഗ് ഒന്നുകൂടി തുറന്ന് നോക്കി എല്ലാം ഉണ്ടന്ന് ഉറപ്പ് വരുത്തി.. ബാഗിന്‍റെ സൈഡ് പോക്കറ്റില്‍ താന്‍ കാണാതെ രാസനാദിപൊടിയും ചെറിയൊരു കുപ്പി അച്ചാറും തിരുകികയറ്റിയിരിക്കുന്നു ഓപ്പോള്‍,, പാവം അറിഞ്ഞാല്‍ താന്‍ സമ്മതിക്കില്ല്യാന്ന് നല്ല നിശ്ച്യം ഉള്ളതുകൊണ്ടാവാം... കിടക്ക വിരി ഒന്നുകൂടി തട്ടികുടഞ്ഞ് രാത്രിമഴയുടെ സംഗീതം കാതോര്‍ത്ത് ഉറക്കം വരാതെ ഇരുണ്ടവെളിച്ചത്തില്‍ മച്ചിലേക്ക് നോക്കി വെറുതെ കിടന്നു... രാത്രിമഴയുടെ താരാട്ടില്‍ മിഴികള്‍ പതുക്കെ നിദ്രയുടെ താളം പിടിക്കലില്‍ ലയിച്ചു...

ഉണര്‍ന്നത് മുറ്റമടിക്കാരി നാണിയമ്മയുടെ പായേരം പറച്ചില് പിന്നാമ്പുറത്ത് നിന്നും കേട്ട്കൊണ്ടാണ്‍.. ഇടമുറിയാതെ പെയ്യുന്ന ഇടവപ്പാതിയും കുട്ടികളുടെ ദീനവും മഴതോരാതെ പണിയ്ക്ക് പോവാന്‍ കഴിയാത്തതും അടുപ്പെരിഞ്ഞിട്ട് ദിവസങ്ങളായതുമൊക്കെ അമ്മയ്ക്ക് മുന്നില്‍ ബോധിപ്പിക്കുകയാണ്‍ പാവം.. കുറച്ച് പഴങ്കഞ്ഞിയോ ഒരു മൂട് കപ്പയോ പഴുത്ത് വീണ്‍പോകുന്ന ചക്കയോ എടുക്കാന്‍ ഒരു സമ്മതമാണവര്‍ക്ക് കേള്‍ക്കേണ്ടത്.. ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും മനുഷ്യജന്മങ്ങള്‍ പോലെ തന്നെ എന്തൊരു അന്തരം... നേരം പരപരാ വെളുത്തുവരുന്നതേ ഉള്ളൂ.. കാര്‍മേഘങ്ങള്‍ മൂടികെട്ടിയ അന്തരീക്ഷം.. രാത്രിമഴയുടെ നേര്‍ത്ത സ്വരം പോലെ അപ്പോഴും മഴ ചാറുന്നുണ്ട്.. ധൃതിയിലെണീറ്റു കുളക്കടവിലേക്ക് നടന്നു.. ശക്തിയായ് പെയ്യുന്ന ചാറ്റല്‍മഴയില്‍ ഈ വെള്ളത്തില്‍ മുങ്ങികിടക്കാന്‍ വല്ല്യ ഇഷ്ടാണ്‍.. പക്ഷേ ഇന്ന് ഒന്നിലും മനസ്സ് നില്‍ക്കുന്നില്ല, മഴയിലും നിറഞ്ഞ് കിടക്കുന്ന ഈ വെള്ളത്തിലും ഒന്നും.. പെട്ടെന്ന് കുളിച്ച് കൽപ്പടവുകള്‍ തിരിച്ച് കയറി.. മനസ്സില്‍ ഇന്നത്തെ യാത്ര മാത്രമാണ്‍.. ഭഗവാനെ തൊഴുത് വേണം ബസ് സ്റ്റാന്‍ഡിലെത്താന്‍.. ആദ്യത്തെ ബസ് തന്നെ പിടിക്കണം ബാഗ്ലൂര്‍ക്ക്..

കുളികഴിഞ്ഞ് വരുമ്പോഴേക്കും ഓപ്പോള്‍ ചായയും അടയും കൊടുന്ന് മൂടിവെച്ചിരിക്കുന്നു.. അലക്കി വെളുപ്പിച്ച നിറമുള്ള മുണ്ടും കുപ്പായവും ഇസ്തിരിയിട്ട് തയ്യാറാക്കി വെച്ചിട്ടുണ്ട്..പാവം എത്ര നേരത്തെ എണീറ്റ് കാണും ഇതെല്ലാം ഒരുക്കാന്‍.. ഇന്നലെതന്നെ താന്‍ പറഞ്ഞതാണ്‍ ഉള്ളതൊക്കെ മതിയെന്ന്.. പണ്ട് തൊട്ടേ ഓപ്പോള്‍ ഇങ്ങിനെയാ, തന്‍റെ കാര്യങ്ങളില്‍ ഒരു വീഴ്ചയും വരാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധി... അമ്മയും വഴക്ക് പറയും നീയാണ്‍ അവനെ ഇങ്ങിനെ വഷളാക്കുന്നത് എന്ന് പറഞ്ഞ്.. അപ്പോഴും എന്‍റെ ഓപ്പോള്‍ടെ ചുണ്ടുകളില്‍ ഒരു വിളറിയ ചിരിമാത്രം മറുപടി, ഓപ്പോള്‍ ധരിക്കുന്ന വസ്ത്രം പോലെ, അല്ലാ ഓപ്പോള്‍ടെ ജീവിതം പോലെ ആ നരച്ച ചിരി.. തന്‍റെ ബാല്യകാലസ്മരണകളില്‍ ഇന്നും തിളങ്ങിനില്‍ക്കുന്നത് ഓപ്പോളുടെ ആ നിറഞ്ഞപുഞ്ചിരിയാണ്‍, അന്നെന്റെ ഓപ്പോളൊരു കിലുക്കാമ്പെട്ടിയായിരുന്നു.. കാലം ആ ചിരിക്കും വാര്‍ദ്ധക്യമേകിയിരിക്കുന്നു.. ഇത്ര നേരത്തെ ഒന്നും കഴിച്ച് ശീലമില്ലെങ്കിലും ഓപ്പോള്‍ വേദനിക്കേണ്ടെന്ന് കരുതി എന്തോ കഴിച്ചെന്നുവരുത്തി വസ്ത്രം മാറി വേഗം യാത്ര പുറപ്പെട്ടു.. ചെറ്യമ്പ്രാനെങ്ങ്ട്ടാ പുറപ്പെട്ട് പോണെ എന്ന നാണിയമ്മയുടെ ചോദ്യത്തിനു അമ്മ മറുപടി പറയുന്നത് കേട്ടു ആപ്പീസിലെ എന്തൊക്കെയൊ കടലാസുകള്‍ ശരിയാക്കാന് ദൂരെ ദേശത്തേക്കാ എന്ന്.. ബാഗുമായി പടിപ്പുരവരെ ഓപ്പോളും വന്നു ആ മഴചാറ്റലില്‍..

അമ്പലനടയില്‍ നിന്നുകൊണ്ട് തന്നെ ഭഗവാനെ തൊഴുത് ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു.. നല്ല തിരക്കുണ്ട് അമ്പലത്തില്‍.. കിഴക്കേ നടയിലൂടെ സ്റ്റാന്ഡിലേക്ക് നടക്കുമ്പോഴും മനസ്സ് മുഴുവന് ഈ യാത്ര സഫലമാവണേ എന്ന മൂകപ്രാര്‍ത്ഥനമാത്രമായിരുന്നു.
ഗുരുവായൂരപ്പനെ ഒരുനോക്കുകാണാന്‍ ധൃതിയില്‍ നടന്നടുക്കുന്ന ദൂരദേശക്കാരുടെ തിരക്കാണ്‍ നടമുഴുവന്‍.. പിന്നെ വിവിധ കച്ചവടക്കാരും.. സ്റ്റാന്‍ഡിലും നിറയെ ആളുകള്‍..അധികവും അമ്പലത്തില്‍ തൊഴാന്‍ വന്നിറങ്ങിയവര്‍... മഴ ഇപ്പോഴും ചിണുങ്ങി കൊണ്ടിരിക്കുന്നു.. നല്ല ശീതകാറ്റും.. ബാഗ്ലൂര്‍ ബസ് വരാന്‍ ഇനിയും 15 മിനിട്ട് കഴിയണമെന്ന് ടിക്കറ്റെടുക്കുമ്പോള്‍ ചോദിച്ചറിഞ്ഞു.... മഴശീതല്‍ അധികം തെറിക്കാത്ത ഒരു പടിയുടെ അരിക് പറ്റി ബസ് വരുന്നതും നോക്കിയിരുന്നു.. 


ബസില്‍ അധികം യാത്രക്കാരൊന്നുമില്ല.. സീറ്റുകളധികവും ഒഴിഞ്ഞ് കിടക്കുന്നു.. ഉള്ളവരില്‍ പലരും പാതിമയക്കത്തിലാണ്‍.. ചിലര്‍ ഗാഡമായ ചിന്തയില്‍.. ചിലര്‍ അലസമായി പുറം കാഴ്ചകളില്‍ മുഴുകിയിരിക്കുന്നു.. ജനവാതിലിനടുത്ത ഒരു സീറ്റിലിരുന്നു.. ഇപ്പോള്‍ നേരം നല്ലവണ്ണം വെളിച്ചം വെച്ചു.. മഴയുടെ ശക്തികൂടിയിരിക്കുന്നു.. ബസിന്‍റെ ചില്ലുജാലത്തില്‍ പെയ്തിറങ്ങുന്ന മഴതുള്ളികളെ നോക്കി ഇരുന്നു.. ഒരു വിരല്‍തുമ്പിനപ്പുറമെങ്കിലും സ്പര്ശിക്കാനാവാതെ അവയെ വെറുതെ നോക്കിയിരിക്കുമ്പോള്‍ നഷ്ടപ്പെടലിന്‍റെ നൊമ്പരം മനസ്സില്‍.. അടുത്തറിഞ്ഞിട്ടും പരസ്പരം തൊട്ടറിയാനാവാത്ത മനുഷ്യമനസ്സുകളുടെ ഭാവം ഈ മഴത്തുള്ളികള്‍ക്കും.. എന്‍റെ ഓപ്പോള്‍ടെ വിധിപോലെ..


വിനയേട്ടന്‍റെ മുഖം അവ്യക്തമായി മാത്രമാണ്‍ മനസ്സിലുള്ളത്.. പക്ഷേ വെളുത്തു മെലിഞ്ഞ ആ ശാന്തസ്വഭാവക്കാരന്‍ മനസ്സിലുണ്ട്, മായാതെ നില്‍ക്കുന്ന ആ പുഞ്ചിരിയും.. തന്‍റെ ആരാധനാ കഥാപാത്രമായിരുന്നു വിനയേട്ടന്‍.. വയലിനപ്പുറമാണ്‍ വിനയേട്ടന്‍റെ വീട്.. ഇടവഴി കടന്നാല്‍ ഞങ്ങളുടേയും പാക്കോട്ട് തറവാട്ടുകാരുടേയും പാടശേഖരമാണ്‍.. അതിന്‍റെ അപ്പുറത്തെ കരയിലാണ്‍ വിനയേട്ടന്‍റെ വീടും പാര്‍ക്കാടിക്കാവമ്പലവും.. ഓപ്പോള്‍ക്ക് കൂട്ടായി അമ്പലത്തിലേക്ക് പോവുമ്പോഴാണ്‍ നിറപുഞ്ചിരിയുമായ് കാത്ത്നില്‍ക്കുന്ന വിനയേട്ടനെ കാണാറ്.. അന്ന് തനിക്ക് 5-6 വയസ്സുകാണും.. ധൃതിയില്‍ തൊഴുത് കുട്ടാ ഓപ്പോള്ക്ക് ഇലഞ്ഞിപ്പൂമാല കോര്‍ക്കാന്‍ പൂ പെറുക്കാം എന്ന് പറഞ്ഞ് അമ്പലത്തിന്‍ കുറച്ച് മാറിയുള്ള ഇലഞ്ഞിമരചുവട്ടിലേക്ക് നടക്കും ഓപ്പോള്‍.. അവിടെ വിനയേട്ടനിരിക്കുന്നുണ്ടാവും.. ഇപ്പോ തന്നെ അമ്പലമുറ്റത്ത് കണ്ട വിനയേട്ടനും പൂ പെറുക്കാന്‍ വന്നതാകുമെന്ന് വിസ്മയപ്പെടും ഞാന്‍.. വിനയേട്ടന്‍ തനിക്കായ് കരുതിയ നാരങ്ങമിഠായി കയ്യില്‍ വെച്ചുതരുന്നതോടെ എല്ലാ സംശയങ്ങളും മറക്കും.... അതുവരെ ചിരിച്ച് നടന്നിരുന്ന ഓപ്പോളുടെ മുഖത്ത് പിന്നെ വെപ്രാളമാണ്‍.. വിനയേട്ടനോട് സംസാരിക്കുന്നതിനിടെ കുറച്ച് പൂക്കള്‍മാത്രം പെറുക്കും.. പൂക്കളില്ലാത്ത കാലത്തും എന്തിനാ പൂപെറുക്കാന്‍ പോവുന്നതെന്ന തന്‍റെ ചോദ്യത്തിനു ഓപ്പോളൊരിക്കലും വ്യക്തമായ മറുപടി തന്നിട്ടില്ല.. മഴക്കാലങ്ങളില്‍ പൂപെറുക്കാന്‍ ചെന്നാല്‍ പൂവില്ല ഓപ്പോളെ എന്ന് പരാതിപ്പെടുമ്പോള്‍ മഴപെയ്തുതോര്‍ന്ന സന്ധ്യകളില്‍ മരത്തിനു ചുവട്ടില്‍ തന്നേയും ഓപ്പോളെയും പിടിച്ച് നിര്‍ത്തി വിനയേട്ടന്‍ മരം പെയ്യിക്കും.. പൂക്കളുള്ള കാലങ്ങളില്‍ മരം ശ്ക്തിയായ് കുലുക്കി മലര്‍മഴയും... വല്ല്യ ഇഷ്ടായിരുന്നു ഓപ്പോള്‍ക്കത്.. തിരിച്ചുവര്‍മ്പോള്‍ പാടവരമ്പിലൂടെ തന്നെ ചേര്‍ത്ത് പിടിച്ച് നടക്കുമ്പോള്‍ ഓപ്പോള്‍ പറയും, കുട്ടാ വീട്ടില്‍ പറയരുത് മിഠായി കഴിച്ചതും ഇലഞ്ഞിപ്പൂക്കല്പെറുക്കാന്‍ പോയതും കണ്ടവരുമായ് സംസാരിച്ചതുമൊന്നും..അമ്മാവന്‍ ന്റ്റെ കുട്ടനെ അടിക്കും.. ഓപ്പോളെ പട്ടിണിക്കിടും.. തനിക്ക് കിട്ടുന്ന അടിയേക്കാള്‍ പേടിയായിരുന്നു ഓപ്പോളെ അമ്മാവന് ശകാരിക്കുന്നത്.. അതുകൊണ്ട് തന്നെ ഒന്നും മിണ്ടില്ല..


തൊഴാന്‍ പോയി വന്ന രാത്രികളില്‍ ഓപ്പോളെ ചേര്‍ന്ന് കിടക്കുമ്പോള്‍ പതിവുള്ള കഥപറച്ചില്‍ ഉണ്ടാവില്ല... ഓപ്പോള്‍ക്ക് ഉറക്കം വരുന്നു കുട്ടാ എന്ന്പറഞ്ഞ് ഒഴിഞ്ഞുമാറും ഓപ്പോള്‍.. എന്നാലും നല്ല സന്തോഷത്തിലാവും മുഖം.. ആ സന്തോഷത്തില്‍ മനസ്സ് നിറഞ്ഞ് കുട്ടനുറങ്ങും.. പിന്നീടെപ്പോഴാണ്‍ ഓപ്പോളുടെ രാത്രികള്‍ നിദ്രാവിഹീനങ്ങളായത്,, വിരിപ്പും തലയിണയും കണ്ണുനീരില്‍ കുതിര്‍ന്നത്.. ഓപ്പോളുടെ നിശബ്ദതേങ്ങലുകള്‍ എനിക്ക് താരാട്ടായത്...(തുടരും)
6 comments:

 1. www.malayalamsong.net for Malayalam Songs, Film & Album songs with Video and Lyrics. Collection of rare malayalam songs and information on each song. Watch the video enjoy the music and go through the lyrics.

  ReplyDelete
 2. ഓർമ്മവച്ചകാലം മുതൽ വലിയൊരു ഇലഞ്ഞിമരം എന്റെ തറവാട്ടുമുറ്റത്തുണ്ട്. ഇന്നും.
  അതിൽ നിന്നു വീഴുന്ന പൂക്കൾ പെറുക്കാൻ അയലത്തെ പെൺ കുട്ടികൾ മുഴുവൻ വന്നിരുന്നു.
  അവർക്കൊപ്പം ഇലഞ്ഞിപ്പൂക്കൾ പെറുക്കി ആർക്കെന്നില്ലാതെ വാഴനാരിൽ ഞാൻ മാല കോർത്തിരുന്നു....

  ഒരു കാലം....

  ഒക്കെ ഓർമ്മ വന്നു.
  നന്ദി!

  ReplyDelete
 3. ഓപ്പോള്‍ ഒരു നൊമ്പരമായല്ലോ ചേച്ചീ ..സ്നേഹത്തിന്റെ കുളിര്മാ ഇനിയും വാര്‍ന്നു പോകാത്ത ആ പുഞ്ചിരി മനസ്സിലെവിടെയോ നിറഞ്ഞു നില്‍ക്കുന്നു...ഷേയേച്ചിയുടെ വാക്കുകള്‍ കൂടെ ആയപ്പോ ഒപ്പോള്‍ക്കെന്തൊരു ചേല്

  ReplyDelete
 4. ഫോണ്ട് ബോള്‍ഡ്, കണ്ണിന്റെ കഥ തീര്‍ക്കും, നോര്‍മ്മല്‍ ആക്കാമോ?

  ReplyDelete
 5. ജയേട്ടാ, സീതകുട്ടീ സന്തോഷം ഈ വായനയ്ക്ക്..

  സുരഭീ,, ബോള്‍ഡ് ഫോണ്ട് മാറ്റി.. നന്ദി ശ്രദ്ധയിൽപ്പെടുത്തിയതിന്..

  ReplyDelete
 6. :)

  രണ്ടാം ഭാഗവും വായിക്കട്ടേ, പറയാനുണ്ട് ഇത്തിരി ;)

  ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!