Saturday, July 23, 2011

ഉണര്‍ത്തുപ്പാട്ട്..


അകലുവാനാവാത്ത
ആത്മബന്ധത്തിനാ-
ഴങ്ങളില്‍ നിപതിച്ച-
-തറിയാതെ പോയ്...


ഞാനെന്‍റെ കരള്‍ 
പറിച്ചെറിയാം
നിന്നെ സ്വതന്ത്രമാക്കുവാന്‍


വിരലുകളറുത്ത് മാറ്റാം 
മുറുകെ പിടിച്ചൊരാ 
പിടി വിടുവിക്കുവാന്‍


കണ്ണുകള്‍ തുരന്നെടുക്കാ-
മിനി നിന്‍ കാലടികള്‍ 
പിന്തുടരാതിരിക്കുവാന്‍


കാതുകറുത്ത് മാറ്റാം
നിന്‍ നിശ്വാസങ്ങള്‍ക്ക് 
കാതോര്‍ക്കാതിരിക്കുവാന്‍


എങ്കിലും നിന്നോര്‍മ്മകളെ
 തൂത്തെറിയുവാനിനിയുമെത്ര
ജന്മങ്ങള്‍ ഞാന്‍
 ജനിമൃതികള്‍ക്കിടയി-
 ലലയണം... 

നീയെന്ന സ്വപ്നമെന്‍ 
ഉറക്കുപാട്ടാവാതീരിക്കുവാന്‍
എത്ര യാമങ്ങളെ 
നിദ്രാവിഹീനമാക്കണം..


എന്നാലും വിരിയുമോരോ 
മലരും നീയായെന്നില്‍ വിടരും..

കാറ്റിന്‍റെ ജന്മം 
പൂക്കളെ താലോലിക്കാനെന്ന്
നീ മറന്നതെന്തേ...

9 comments:

 1. നീയെന്ന സ്വപ്നം എന്‍റെ
  ഉറക്ക് പാട്ടാവാതീരിക്കാന്‍
  എത്ര യാമങ്ങളെ
  നിദ്രാവിഹീനമാക്കണം..

  ഇവിടെ നിര്‍ത്താമായിരുന്നു,, അതിലൊരു സുഖമുണ്ടായേനെ!

  കവിതയെ ആസ്വദിച്ചു :)

  ReplyDelete
 2. ചില മുഖങ്ങൾ...അവ നൽകുന്ന ഓർമ്മകൾ..അസ്തിമാടത്തിലെ കറുകയായ് പുനർജ്ജനിച്ചാലും അകന്നു പോകില്ല...നല്ല ആശയം ചേച്ചീ

  ReplyDelete
 3. ജീവിതത്തിലെ ചില കാര്യങ്ങളങ്ങനെയാണ്..പറിച്ചു മാറ്റിയാലും അറുത്തു മാറ്റിയാലും ,പൊട്ടിച്ചെറിഞ്ഞാലും കത്തിച്ചു കളഞ്ഞാലും ഏതൊ കാറ്റിന്‍ മൂളല്‍ പോലെ,ഏതൊ മനം മയക്കും സൌരഭ്യം പോലെ ,അകലെ തിളങ്ങും മിന്നമിന്നിനുങ്ങിന്റെ നുറുങ്ങ് വെട്ടമായ് ,മണ്‍ ചിരാതില്‍ തെളിയും ദീപമായ്...നമ്മളിലെത്തും ...അതൊരു പ്രകൃതി നിയമമാണ് .ഷേയ എപ്പോഴുമെന്ന പോലെ ഇപ്പോഴും മനോഹരമായ പദവിന്യാസം നടത്തി.,

  ReplyDelete
 4. ഈയിടെയായി വിഷാദ സ്മ്രുതികലാണ് ഇലഞ്ഞിപ്പൂക്ക ളായി കൊഴിയുന്നത് ..വരുമോരോ ദശ വന്നപോലെ പോം ..അങ്ങനെ വിചാരിക്കുക ..സമാധാനിക്കുക ..കവിത നന്നായി :)

  ReplyDelete
 5. "എന്നാലും വിരിയുമോരോ-
  മലരും നീയായി
  എന്നില്‍ ജീവിക്കും ..."
  കവിതയുടെ ആത്മാവ് ഈ പദങ്ങളില്‍ സ്പന്ദിക്കുന്നുവെന്നാണ് എന്‍റെ അഭിപ്രായം.കവിത-അതിന്റെ ആശയഗാംഭീര്യം അപരിമേയമാണല്ലോ.വായിച്ചെടുക്കാം പല ആശയങ്ങളില്‍ ....കവിക്ക്‌ ഒരുപാട് ഊഷ്മളാശംസകള്‍ !!

  ReplyDelete
 6. എന്നാലും വിരിയുമോരോ
  മലരും നീയായ്
  എന്നില്‍ ജീവിക്കും..

  കൊള്ളാം.ഇഷ്ടപ്പെട്ടു.

  ReplyDelete
 7. ഇലഞ്ഞിമരച്ചുവട്ടില്‍ വന്ന പ്രിയകൂട്ടുകാര്‍ക്ക് നിറഞ്ഞ സന്തോഷം തിരിച്ച് തന്നോട്ടെ...


  @സുരഭീ,, ശരിയാ, അതുവരെ മതിയായിരുന്നു വരികളെന്ന് ഇപ്പോഴെനിക്കും തോന്നുന്നു.. എഴുതുമ്പോള്‍ ഇനിയുമേറെ വരികള്‍ മനസ്സിലുണ്ടായിരുന്നു,, കവിതയുടെ ദൈര്‍ഘ്യവും വായിക്കാന്‍ വരുന്ന കൂട്ടുകാരേയുമോര്‍ത്ത് ഇവിടെ നിര്‍ത്തി..

  ReplyDelete
 8. “എങ്കിലും നിന്‍ ഓര്‍മ്മകളെ
  തൂത്തെറിയാന്‍ ഇനിയുമെത്ര
  ജന്മങ്ങള്‍ ഞാന്‍
  ജനിമൃതികള്‍ക്കിടയില്‍
  അലയണം... “

  ചിലതിങ്ങിനെയാണ്, വെറുതെ മോഹങ്ങളും, ആശകളും, കൊടുത്ത് പിന്നീടത് അവര്‍ക്ക് തന്നെ അത് ഭാരമാകുന്നു. തന്റെ പ്രിയപ്പെട്ടതാണെങ്കില്‍ പിന്നെ എന്തിനാണാ കൈപ്പിടി വിടുവിയ്ക്കുന്നത്? എന്തിനാ കരള്‍ പറിച്ചെറിയുന്നു..? ഓര്‍മ്മകള്‍ എന്നും വേട്ടയാടുന്നറിഞ്ഞിട്ടും പിന്നെയെന്തിനീ പ്രഹസനം? മനുഷ്യന്‍ എത്ര സ്വാര്‍ത്ഥനാണ് അവനെന്നും സുഖമായി നിദ്രയെ പുല്‍കണം.. !

  ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!