മലയാളനാട് ഓണ്‍ലൈന്‍ വാരികയില്‍ പ്രസിദ്ധീകരിച്ചത്..
പ്രവാസത്തിന്‍റെ മുറിവുകള്‍
(അനുഭവ കുറിപ്പുകള്‍)
മാതൃഭൂമി ബുക്സ്
വില: 115രൂപ.
ഒരിക്കല്‍ താനായിരുന്ന ഒരിടം തന്‍റേതാണെന്നുപോലും വിശ്വസിക്കാനാവാത്ത ഒരു മനസ്സ് നിങ്ങളെ വന്ന് തൊട്ടിട്ടുണ്ടോ, എന്നെങ്കിലുമൊരിക്കല്‍? മണലാരണ്യത്തിന്‍റെ ധമനികളിലൂടെ ഇരമ്പിയാര്‍ത്തൊഴുകുന്ന, ശൂന്യതയുടെ മണലാഴങ്ങളില്‍ തന്‍റെ സ്വപ്നങ്ങളെ കുഴിച്ചിട്ട് അത് പെറ്റുപെരുകുന്നത് നിസ്സംഗതയോടെ നോക്കിയിരിക്കാന്‍ വിധിക്കപ്പെട്ട ഒരു സാധാരണ പ്രവാസിയുടെ ഹൃദയസ്പന്ദനത്തിന് കാതോര്‍ത്ത് നോക്കൂ. പിറവിയുടെ ആദ്യതാളം, വളര്‍ച്ചയുടെ താളധ്വനികള്‍, ഉറ്റവരുടെ തലോടലുകള്‍ എല്ലാമെല്ലാം ഓര്‍മ്മകളില്‍ ഇനിയൊരു കാത്തിരിപ്പസാധ്യമാംവിധം തിരികെ വിളിക്കുമ്പോള്‍ , അതുമല്ലെങ്കില്‍ ഊറ്റിക്കൊടുക്കാന്‍ ഇനിയൊരിറ്റ് സ്വാസ്ഥ്യം തന്നിലവശേഷിക്കുന്നില്ലെന്ന നിസ്സഹായതയില്‍ തിരികെ ജന്മനാട് പൂകുമ്പോള്‍, അവനെ കാത്തിരിക്കുന്ന അന്യത്വത്തിലേക്കുള്ള കാഴ്ചകള്‍ ഹൃദയഭേദകമാണ്. എന്നോ മുറിച്ചുമാറ്റപ്പെട്ട നാരായവേരിലേക്ക് തിരികെച്ചേരാനാവാതെ തിരസ്കൃതനാക്കപ്പെടുന്നവന്‍റെ ജീവിതബാക്കി തീര്‍ത്തും ശാപതുല്യമാണ്.
ബാബു ഭരദ്വാജിന്‍റെ ‘പ്രവാസത്തിന്‍റെ മുറിവുകള്‍’ പറഞ്ഞുവയ്ക്കുന്നതും പ്രവാസിയുടെ ഒരിക്കലുമുണങ്ങാതെ, ചീഞ്ഞളിഞ്ഞ് പ്രേക്ഷകനെപോലും അസ്വസ്ഥമാക്കുന്ന ഇത്തരം കുറേ വ്രണങ്ങളെകുറിച്ചാണ്. അറബ് ദേശങ്ങളിലൂടെയുള്ള ഈ യാത്രാനുഭവങ്ങള്‍, ജീവിതാനുഭവങ്ങള്‍ ഒരിക്കലും നിലയ്ക്കാത്ത പ്രവാസത്തേങ്ങലുകളുടേതാണ്. രചയിതാവ് പറയുന്നു, പ്രവാസത്തിന്‍റേയും അധിനിവേശത്തിന്‍റേയും പ്രതിരോധത്തിന്‍റേയുമാണ് ഈ മുറിവുകളെന്ന്. പ്രവാസം വലിയൊരു മുറിവാണെന്ന് ഞാനറിയുന്നു, ആ മുറിവിന്‍റെ നീറ്റലാണെന്നെ മനുഷ്യനാക്കുന്നതെന്ന്. അതുകൊണ്ടുതന്നെയാകാം വായനക്കാരനുള്ളിലും ഒരു നീറ്റലുളവാക്കിക്കൊണ്ട് ഈ അനുഭവാഖ്യാനങ്ങള്‍ ഇത്രയധികം വായിക്കപ്പെടുന്നത്; പ്രവാസവും അധിനിവേശവും പ്രതിരോധവും കേട്ടും അനുഭവിച്ചും തഴക്കം ചെന്ന മലയാളിസമൂഹം പിന്നേയും പിന്നേയും ‘പ്രവാസത്തിന്‍റെ മുറിവുകള്‍’ സ്വയമൊരു ഓര്‍മ്മപ്പെടുത്തലിനെന്നവണ്ണം വായനക്കെടുക്കുന്നതും.
സമാനതകള്‍ക്കിടമില്ലാത്ത അതിമനോഹരമായ ഭാഷയും ശൈലീപ്രയോഗവും ബാബു ഭരദ്വാജിന്‍റെ എഴുത്തിനെ ഹൃദ്യമാക്കുന്നു. ഒരിക്കല്‍ വായിച്ചവനെ ആരാധകനാക്കുന്ന മാന്ത്രികതയുണ്ട് ആ അനുഗൃഹീത എഴുത്തുകാരന്‍റെ തൂലികത്തുമ്പില്‍. ഓരോ വാചകവും വന്നുപതിക്കുക വായനക്കാരന്‍റെ ഉള്ളകങ്ങളിലാണ്. അതൊരുപക്ഷേ എഴുതിയതെല്ലാം, അനുഭവിച്ചറിഞ്ഞ അനുഭവസാക്ഷ്യങ്ങളുടെ പരിച്ഛേദങ്ങളായതുകൊണ്ടാവാം. എഴുത്തിന് ചുറ്റുമാര്‍ക്കുന്ന ചെറുതല്ലാത്ത വായനാസമൂഹം ഓര്‍മ്മിപ്പിക്കുന്നതും പഴുത്തൊലിക്കുന്ന മുറിവിനുചുറ്റും കൊതിയോടെ ഇരതേടിയാര്‍ക്കുന്ന ഒരുപറ്റം ഈച്ചകളെയാണ്.
പ്രവാസത്തിന്‍റെ ഭിന്നമുഖങ്ങളാണ് ഈ പുസ്തകത്തിലൂടെ ബാബു ഭരദ്വാജ് അനാവൃതമാക്കിയിരിക്കുന്നത്. അതില്‍ നിസ്സഹായതയുടെ, അധിനിവേശത്തിന്‍റെ, അതിജീവനത്തിന്‍റെ, ചെറുത്തുനില്‍പ്പിന്‍റെ, ഒളിപ്പോരിന്‍റെ, പ്രതികാരത്തിന്‍റെ, കരുത്തിന്‍റെ, ക്രൂരതയുടെ , കാലത്തിന്‍റെ, സ്വപ്നങ്ങളുടെ, മറവിയുടെ, ഓര്‍മ്മപ്പെടുത്തലുകളുടെ, വിരഹത്തിന്‍റെ, സാക്ഷാത്കാരത്തിന്‍റെ എല്ലാമെല്ലാം പ്രവാസതലങ്ങളുണ്ട്.
ഒലിവും മുന്തിരിയും അത്തിയും മാതളവും കുലച്ച് കായ്ച്ചുനില്‍ക്കുന്ന തോപ്പുകളും അതിരുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന ഞാവല്‍മരക്കാടുകളും ദേവദാരു വൃക്ഷങ്ങള്‍ തണല്‍ വിരിച്ച നാട്ടുവഴികളുമുള്ള, കാറ്റിന് മുന്തിരിപ്പഴങ്ങളുടെ ലഹരിയും അത്തിപ്പഴങ്ങളുടെ മധുരവും, അന്തികള്‍ക്ക് മാതളപ്പഴങ്ങളുടെ ശോഭയും പുലരികള്‍ക്ക് ഞാവല്‍പ്പഴങ്ങളുടെ കടുംനീലിമയുമുള്ള കനാവെന്ന ലെബനാനിലെ സുന്ദരഗ്രാമത്തിനേറ്റ മുറിവ് ഇനിയൊരിക്കലും ഉണങ്ങാത്തവിധം പഴുത്തളിഞ്ഞപ്പോള്‍ അതില്‍ പിടഞ്ഞുമരിച്ച അനേകം കിനാവുകളിലൊന്നായിരുന്നു നടക്കാതെ പോയ വിവാഹത്തിന്‍റെ വാര്‍ഷികം ചരമഗീതമായി മനസ്സില്‍ സൂക്ഷിക്കുന്ന യാക്കുബിന്‍റേതും. കല്ല്യാണത്തലേന്ന് വധൂഗൃഹത്തിലേക്ക് ഇരമ്പിക്കയറിയ ഇസ്രായേല്‍ സേന തട്ടിത്തെറിപ്പിച്ചത് ചുണ്ടോടടുപ്പിച്ച മിറിയമെന്ന അവന്‍റെ പാനപാത്രമായിരുന്നു.“ ഇന്ന് കനാവിലെ ഞാവല്‍പ്പഴങ്ങള്‍ക്ക് വെടിമരുന്നിന്‍റെ ചുവയാണ്, തെളിനീര്‍ ചോര ഉപ്പിക്കുന്നു..”
ജമീല ഖാദിരിയെപ്പോലെ ചിലര്‍ , പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രവാസമനുഭവിക്കുന്നവര്‍ . ജമീലാ ഖാദിരിയുടെ വാക്കുകളില്‍ പറഞ്ഞാല്‍, “ഞങ്ങള്‍ ഒളിച്ചോടി വന്നത് കുടുംബം പുലര്‍ത്താനല്ല. ഒരുപാട് സമ്പാദിച്ച് തിരിച്ചുചെന്ന് രമ്യഹര്‍മ്യങ്ങള്‍ തീര്‍ക്കാനും പൊങ്ങച്ചം പ്രദര്‍ശിപ്പിക്കാനുമല്ല. ഞങ്ങളുടെ പ്രവാസം രാഷ്ട്രീയമാണ്. ഞങ്ങളുടെയൊക്കെ കൗമാര യൗവന സ്വപ്നങ്ങളാണ് ഞങ്ങള്‍ ബലികൊടുത്തിരിക്കുന്നത്. വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഞങ്ങളൊക്കെ നാടുവിട്ടത്. അങ്ങനെ പറയുന്നതും ശരിയല്ല. സ്വപ്നങ്ങള്‍ക്ക് പൂക്കാനും കായ്ക്കാനും പറ്റിയ ഒരിടമല്ല സോമാലിയ. അതാവണമെങ്കില്‍ ഞങ്ങള്‍ കുറേപ്പേര്‍ക്ക് ഇങ്ങനെ ചീഞ്ഞുവളമാകാതെ വയ്യ.”
ചങ്ങലക്കെട്ടുകളില്‍ പിടയുന്ന ഒരു ജനതയ്ക്ക് നേരെ സഹായഹസ്തം നീട്ടാനാണ്, അവരുടെ വേദനകള്‍ക്കൊപ്പം ഞാനുമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിക്കാനാണ് രണ്ടാംക്ലാസ്സിലെ സഹപാഠിയായിരുന്ന സൈനബ സഹാറയുടെ ഉരുകലിലേക്ക് പ്രവാസത്തെ പറിച്ചുനട്ടത്. മാനവീകതയുടെ സൗമ്യമധുരമായ പ്രകാശമായിരുന്നു സൈനബയ്ക്കപ്പോള്‍..
എല്ലാ തപാല്‍പെട്ടികളും അടഞ്ഞുപോയ ഒരു പ്രവാസം. എഴുതിത്തീര്‍ത്ത കത്ത് കൈമാറാനാവാതെ, എഴുത്തിനുള്ളില്‍ കിടന്ന് ശ്വാസം മുട്ടുന്ന അക്ഷരങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് പോക്കറ്റില്‍ സൂക്ഷിച്ച നാളുകള്‍ . ഒടുവില്‍ ഒരു ദൂതനുമില്ലാതെ പ്രിയതമയ്ക്ക് നേരിട്ടേകാന്‍ നിയോഗപ്പെട്ട കത്ത്. അക്ഷരങ്ങളേറെയും മാഞ്ഞുപോയിരുന്നെങ്കിലും വരികള്‍ക്കിടയിലെ സ്നേഹം അപ്പോഴും നിറഞ്ഞ് ജീവിച്ചിരുന്നു. ഗോപാലന്‍കുട്ടിയുടെ ഈ അനുഭവക്കുറിപ്പില്‍ കുവൈറ്റ് അധിനിവേശവും നരകയാതനയുടെ കുറേ നാളുകളും വിശക്കുന്നവന്‍റെ വെറിയും ... ദുരിതങ്ങളിനിയുമൊരുപാട് തൊട്ടറിയാം.
മടക്കമില്ലാത്ത ചില യാത്രകള്‍ ഒരു വിധിയാണ്. അവിടെ ഉപേക്ഷിക്കേണ്ടിവന്നവയുടെ നഷ്ടപ്പെടലിന്‍റെ ആഴം അളവറ്റതാണ്. പക്ഷേ അതൊരു നിയോഗം കൂടിയാണ്. കൃഷ്ണേട്ടനെ പോലെ.
ജീവിതം കൊണ്ടുതന്നെ മേല്‍വിലാസം തീര്‍ത്ത പാര്‍വ്വതിയെ പോലുള്ള പ്രവാസികള്‍, നഷ്ടപ്പെടുന്നത് ജീവിതമാണെന്ന ബോധ്യമില്ലാത്ത മോഹനനെ പോലുള്ള അതിമോഹത്തിന്‍റെ പ്രവാസക്കുരുതികള്‍, സ്ത്രീജന്മത്തിന്‍റെ ശാപമായ അരക്ഷിതത്വം താലിച്ചരടിന്‍റെ പേരില്‍ എന്നെന്നേക്കുമായി പ്രവാസിയാക്കിയ ഖദീജ, ഈന്തപ്പനകള്‍ക്കൊപ്പം പൂക്കുകയും കായ്ക്കുകയും ചെയ്യുന്നവര്‍, ഒരേ നുകത്തിനുചുറ്റും തലമുറകളായി കറങ്ങിക്കൊണ്ടിരിക്കുന്നവര്‍ , ഓര്‍മ്മകളെകൊണ്ട് മരണത്തെ പ്രതിരോധിക്കുന്നവര്‍ . പ്രവാസമുഖങ്ങള്‍ ഇനിയുമൊരുപാടുണ്ട് ഈ പുസ്തകത്താളുകള്‍ക്കിടയില്‍.
പറഞ്ഞ്പഴകിയ പ്രവാസം പരിചിതമെങ്കിലും ആഖ്യാനമികവതിനെ തീര്‍ത്തും പുതുമയുളവതാക്കുന്നു. കൂടെ നേരത്തെ പറഞ്ഞ ഭാഷാമാന്ത്രികതയും. പ്രവാസത്തിന്‍റെ മുറിവുകളിലെ പ്രവാസം ആഗോളവത്കരിക്കപ്പെട്ടതാണ്. കഥാപാത്രങ്ങള്‍ പാശ്ചാത്യനും പൌരസ്ത്യനും കറുത്തവനും വെളുത്തവനുമടക്കം പലരുമാണ്, പല സംസ്കാരങ്ങളാണ്. പ്രവാസി ചുമക്കുന്ന മുറിവുകളുടെ നീറ്റലിനൊപ്പം അതാത് ദേശങ്ങളുടെ യാത്രാവിവരണവും കാഴ്ചകളും സാമൂഹികജീവിതവും ചരിത്രവും ഭൂപ്രകൃതിയുമെല്ലാം രചയിതാവ് ഏറ്റവും ഹൃദ്യമായി തന്നെ വിവരിച്ച് തരുന്നുണ്ട്.
സ്വാനുഭവങ്ങള്‍ക്കും നേര്‍ക്കാഴ്ചയ്ക്കും മാത്രമല്ല മനസ്സില്‍ കൊള്ളുന്ന എഴുത്തിനും ഹൃദയങ്ങളില്‍ മുറിവും നീറ്റലുമുണ്ടാക്കാനാവുമെന്ന് ഈ വായന സാക്ഷ്യപ്പെടുത്തും, തീര്‍ച്ച.