Thursday, March 29, 2012

തമസ്സാഴങ്ങള്

വേനലിന്‍റെ വരണ്ട രാത്രിയുടെ നീരുവറ്റിയ അവസാനയാമത്തിലവളുണര്‍ന്നത് വിയര്‍ത്തൊട്ടിയ നിശാവസ്ത്രത്തിന്‍റെ  നനവിലേക്കാണ്. 

ശീതീകരണ യന്ത്രത്തെ തട്ടിയുണര്‍ത്താന് റിമോട്ടില്‍ വിരലമര്‍ത്തിയപ്പോഴാണ് വൈദ്യുതിയില്ലെന്നറിഞ്ഞത്. 

മനസ്സിലപ്പോള്‍ തോന്നിയ ശാപവാക്കുകളെല്ലാം ഉരുവിട്ടുകൊണ്ടവള്‍ കിടപ്പുമുറിയുടെ പടിഞ്ഞാറോട്ടുള്ള ജനല്പാളികളില്‍ മുകളിലേത് തുറന്നിട്ടു. 

വരണ്ടതെങ്കിലും ഒരു കാറ്റ് നഗരത്തിന്‍റെ സകല മാലിന്യഗന്ധങ്ങളും ആവാഹിച്ച് കിട്ടിയ അവസരം പാഴാക്കാതെ അകത്തേക്ക് വീശിയടിച്ചു, ഊറ്റിക്കുടിക്കലിന്‍റെ മൂളിപാട്ടോടെ കൊതുകുകളും.

സഹികെട്ട്, തുറന്ന ജനല്പാളികള്‍ ശബ്ദത്തോടെ ആഞ്ഞടച്ചു, പതിനഞ്ചു ദിവസത്തേക്കാണെങ്കിലും നാട്ടിലേക്ക് അവധിക്കു വരാന്‍ തോന്നിയതെന്തിനായിരുന്നുവെന്ന് സ്വയം പഴിച്ചുകൊണ്ട്.

ജനല്പ്പാളികള്‍ വലിച്ചടച്ച ശബ്ദം കേട്ട് മൂത്ത മകളൊന്ന് തിരിഞ്ഞു കിടന്നു. 

വൈകുന്നേരത്തെ കുടുംബവിരുന്ന് കഴിഞ്ഞ് വീട്ടിലെത്താന്‍ കുറേ വൈകി. എല്ലാവരും നല്ല ക്ഷീണിതരായതുകൊണ്ട് വേഗം തന്നെ ഉറങ്ങുകയും ചെയ്തു. 

ആളുകളും ബഹളവുമൊക്കെ കാരണം,അതും ഒട്ടും പരിചയമില്ലാത്ത ബന്ധുക്കള്‍, തനിക്കും മക്കളെ പോലെ വല്ലാതെ മുഷിച്ചല്‍ തോന്നി. ഭര്‍ത്താവ് നല്ല മൂഡിലായിരുന്നു. പതിവില്‍ കൂടുതല്‍ കുടിച്ചതുകൊണ്ടാവാം,ചെറിയ ചൂട് പോലും സഹിക്കാനാവാത്ത ആള്‍ ഇന്നൊന്നും അറിയുന്നില്ല. 

നാല് ദിവസംകൂടിയേ ഉള്ളൂ ഖത്തറിലേക്ക് തിരിച്ചുപോവാനെന്നോര്‍ത്തപ്പോള്‍ സമാധാനം തോന്നി. അവിടെ ചെന്നാല്‍ തിരക്കുകളില്‍ സ്വയമലിഞ്ഞ് എല്ലാം മറന്ന് ഒരു ജീവിതം. അസൌകര്യങ്ങളൊന്നുമില്ലാതെ, ഉള്ള അസൌകര്യങ്ങളെ ശ്രദ്ധിക്കാന്‍ സമയമില്ലാതെ ജീവിതമെന്ന ഒഴുക്ക്. ഭര്‍ത്താവിലേക്കും മക്കളിലേക്കും മാത്രമായി ജീവിതം ചുരുങ്ങുമ്പോള് കൂടുതല്‍ അസ്വസ്ഥതകളില്ല.

ചൂടും കൊതുകും; അവള്‍ക്കൊട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല. 

രാത്രിയുടെ മാനത്ത് ഇരുട്ട് വരയ്ക്കുന്ന ചിത്രങ്ങള്‍ നോക്കി കിടക്കവേ പുറത്ത് നിശബ്ദതയുടെ മൌനം ഭേദിച്ച് ആരുടേയോ വേഗത്തിലുള്ള കാലൊച്ച. അതടുത്തടുത്ത് വരുന്നു. 


ഭിത്തിക്കപ്പുറം നിലച്ച കാലച്ചൊകളില്‍ നിന്നുമിപ്പോള്‍ കിതപ്പിനൊപ്പം അടക്കിപിടിച്ച തേങ്ങല്‍ കേള്‍ക്കാം. 


അവള്‍ ഞെട്ടലോടെ കാതോര്‍ത്തു.

പതിഞ്ഞ ശബ്ദത്തില്‍ കതകില്‍ തട്ടി “രക്ഷിക്കണേ, രക്ഷിക്കണേ” എന്ന കേഴല്‍., ശബ്ദത്തില്‍ നിന്നും ഒരു കൌമാരക്കാരിയുടേതുപോലെ. 

വിഹല്വതയോടെ എഴുന്നേറ്റിരുന്ന് അവള്‍ ഭര്‍ത്താവിനെ തട്ടിവിളിക്കാന്‍ കൈകളുയര്‍ത്തി.

അതാ ഇരുളിന്‍റെ മറ വലിച്ചുകീറി പിന്നേയും ഓടിയടുക്കുന്ന ഒന്നില്‍കൂടുതല്‍ ഉറച്ച കാലൊച്ചകള്‍..

“അവളതാ, പിടക്കവളെ” തുടങ്ങിയ ശബ്ദം താഴ്ത്തിയ പരുക്കന്‍ മുരളലുകള്‍..

അവളയാളെ ഒച്ചയുണ്ടാക്കതെ തട്ടിയുണര്‍ത്താന്‍ നോക്കി. അയാളൊന്ന് തിരിഞ്ഞു കിടന്നു.

ഇപ്പോഴാ പെണ്‍കുട്ടിയുടെ കരച്ചില്‍ ഉച്ചത്തിലായി, ജനവാതിലിലെ തട്ടും. 

ഓടിപ്പോയി കതക് തുറന്ന് ആ പാവം പെണ്‍കുട്ടിയെ രക്ഷിക്കാന്‍ മനസ്സാഗ്രഹിച്ചു. തന്‍റെ മൂത്ത മകളുടെ പ്രായമായിരിക്കാം. മകളായിരുന്നെങ്കില്‍ ആ അവസ്ഥയിലെന്ന് ചിന്തിക്കാന്‍ പോലും മനസ്സ് പ്രാപ്തമല്ല. 


പിടഞ്ഞെഴുന്നേറ്റ അവള്‍ ഒന്നാലോചിച്ചു; 

പുറത്ത് അവളെ പിന്തുടരുന്നവര്‍ ഏതുതരക്കായിരിക്കും? തന്നേയും മക്കളേയും കണ്ടാല്‍ അവരവളെവിട്ട് തങ്ങളിലേക്ക് വരില്ലെന്ന് ഉറപ്പിക്കാമൊ? ഭര്‍ത്താവിനൊറ്റയ്ക്ക് എതിര്‍ക്കാനുമാവില്ല.  


ജനല്‍ പാളി തുറന്ന് ആള്‍ സാന്നിധ്യമറിയിക്കാമെന്ന് കരുതിയാല്‍.., വേണ്ട നാലുദിവസം കഴിഞ്ഞ് തിരിച്ചു പോവേണ്ടതാണ്. എന്തിനെങ്കിലും ദൃക്‌സാക്ഷിയായാല്‍ അതുമതി യാത്ര മുടങ്ങാന്‍.. 


മക്കള്‍ക്ക് സ്കൂള്‍ വാര്‍ഷികാഘോഷത്തിന് ഡാന്‍സ് പ്രാക്ടീസ് തുടങ്ങേണ്ടതാണ് അടുത്ത ആഴ്ച.

അവള്‍ അയാളെ വിളിക്കാന്‍ നീട്ടിയ കൈ പിന്‍വലിച്ചു. 

പെണ്‍കുട്ടിയുടെ ശബ്ദം ഒരു ഞരക്കം മാത്രമായിരിക്കുന്നു,ആരോ അവളുടെ വായ അടച്ചു പിടിച്ചതുപോലെ. ജനലിലെ തട്ടലും നിലച്ചിരിക്കുന്നു. 

ആ ഞരക്കവും പതുക്കെ ഇരുട്ടിലലിയുന്നു,അകന്നുപോകുന്ന കാലൊച്ചകളും.

വൈദ്യുതി, വേനല്‍ക്കാലത്തില്‍ കുത്തിവരയ്ക്കാന്‍  തിരികെയെത്തി. ശീതീകരണയന്ത്രം ഒരു പാശ്ചാത്താപമെന്നപോലെ ദ്രുതം  തണുപ്പ് തുപ്പാന്‍ തുടങ്ങി. പുറത്തെ ശബ്ദങ്ങളെല്ലാം ഏസിയുടെ മൂളല് വിഴുങ്ങി. 

അവള്‍ക്കാശ്വാസം തോന്നി. ഇനിയൊന്നും കേള്‍ക്കേണ്ടതില്ലല്ലൊ. ഒരു സിനിമ കണ്ടുകഴിഞ്ഞതെന്നപോല്‍ അവളാ രംഗങ്ങളെ  ഭര്‍ത്താവിനോടും മക്കളോടും പ്രാതലിനൊപ്പം വിളമ്പാനുള്ള കഥയായ് കാത്തുവെച്ചു. 


നമ്മുടെ നാടിന്‍റെ അധ:പതനത്തെ കുറിച്ച്, മനസാക്ഷിയില്ലാത്ത പീഢനകഥകളെ കുറിച്ച്  ഗള്‍ഫിലെ കൂട്ടുകാരുടെ വാരാന്ത്യ ഒത്തുകൂടലുകളില്‍ വിളമ്പാനൊരു ഹോട്ട് സ്റ്റോറിയുമായി!

മക്കളെ തണുപ്പാക്രമിക്കാതിരിക്കാന്‍  ശ്രദ്ധയോടെ പുതപ്പിച്ചു, യാഥാര്‍ത്ഥ്യം മറയ്ക്കാനെന്ന പോലെ സ്വയം തലവഴി പുതപ്പ്  മൂടി  നിദ്രയിലേക്കൊഴുകി.

പിറ്റേന്നുണര്‍ന്നത് കാക്കളുടെ കൂട്ടത്തെയോടുള്ള കരച്ചിലിലേക്കാണ്. 


മതിലരികിലെ കശുമാവിനു മുകളിലും താഴെയുമായി നിറയെ കാക്കള്‍..; 


ഏതോ കാക്കാകൂട്ടില്‍ വിരിഞ്ഞ കുയില്‍കുഞ്ഞിനെ പകല്‍ വെളിച്ചത്തിന്റ്റെ മുഖമൂടിയിട്ട് മാന്യത പഠിപ്പിക്കുയാണവര്‍, ധാര്‍ഷ്ട്യത്തിന്‍റെ കാ..കാ ശബ്ദത്തില്‍..  


അവിടെ കൂര്‍ത്ത ചരല്കല്ലുകള്‍ക്കിടയില്‍ ആ പാവം കുയില്‍ക്കുഞ്ഞ്  കൊത്തിപ്പറിക്കപ്പെട്ട തൂവലുകള്‍ക്കിടയില്‍ തലപൂഴ്ത്തി ഒരപരാധിയെ പോലെ.....


അകലങ്ങളിലെവിടെയോ, ജന്മമേകിയ കുറ്റബോധത്തോടെ രണ്ടു കുയില്‍ജന്മങ്ങള്‍ നിസ്സഹായതയുടെ നിസ്സംഗതപേറി പൂത്തുലുഞ്ഞ പൂമരത്തിന്‍റെ ഉണങ്ങിയ ചില്ലമേല്‍..!