മനസ്സില്‍ ചിതറി വീണ
മുള്ളുകള്‍ പെറുക്കാന്‍
സ്നേഹത്തുള്ളികളായ് നീ
പെയ്തിറങ്ങിയെങ്കില്‍ ....
മുറിവേറ്റ നിമിഷങ്ങളെ
മറവിയുടെ മാസ്മരികത
മനതാരില്‍നിന്നും
മായ്ച്ചെങ്കില്‍....
വാക്കുകള്‍ വീണുടഞ്ഞ്
മുറിവേറ്റ ഹൃദയത്തില്‍
ഓര്‍മ്മകളുടെ നിലയ്ക്കാത്ത
രക്തപ്പാച്ചില്‍ ...
ഇന്നലേകളുടെ നീറ്റലില്‍
ഇന്ന് വിരഹത്തിന്‍
പുഴുവരിക്കുന്നു.....
നക്ഷത്രങ്ങള്‍ ചിരിക്കാന്‍
മറന്ന മാനം പോലെ
മനസ്സിന്ന് കാര്‍മേഘങ്ങള്‍ക്ക്
സ്വന്തം...
പെയ്യാമെന്നാശിപ്പിച്ച്
പെയ്യാതെപ്പോയ മഴമേഘങ്ങള്‍ക്ക്
നിന്‍റെ സ്നേഹത്തിന്റ്റെ ഓര്‍മ്മ...
ഓര്‍മ്മകളുടെ ആകാശത്ത്
തമസ്സിനെ തപം ചെയ്ത്
ഇനിയൊരുനാള്‍
താരകമുദിക്കുമോ...
നക്ഷത്രങ്ങള്‍ വിരുന്നിനെത്താത്ത
വിണ്ണിന്‍ താഴ്വരയില്‍
വര്‍ണ്ണപ്പൂക്കളൊരിക്കലും
നൃത്തം വെയ്ക്കില്ലത്രെ...
പൂക്കള്‍ നൃത്തമാടാത്ത താഴ്വാരത്തില്‍
കാറ്റിന്‍റെ കനകച്ചിലങ്ക കിലുങ്ങില്ല...
ഓര്‍മ്മകള്‍ ഓളമിടാത്ത മനതാരില്‍
സ്വപ്നങ്ങള്‍ ശ്രുതി മീട്ടില്ല....!!