നിനച്ചിരിക്കാതെ നിലം പൂകിയ ഒരില...
വൃക്ഷത്തെ പ്രണയിച്ചിരുന്നവള് ഇവള്‍...
പ്രണയാതുരനാം മരത്തിന്‍ സിരകളില്‍
പ്രണയ കാവ്യമായ് മുളച്ചവള്‍....
രാപ്പകല്‍ ചുമക്കുമൊരീ തടിക്ക് തന്നോട്
പവിത്രപ്രണയമെന്നവള്‍ വ്യഥാ....
ഋതുഭേതങ്ങള്‍ക്കേകാതെ താന്‍
വൃക്ഷത്തെ കാക്കുന്നുവെന്നെന്തേ
ഇല അറിഞ്ഞില്ലെന്ന് നടിച്ചു....
ഇലയുടെ കളിതോഴന്‍ തെക്കന്‍ കാറ്റ്
വിരുന്നിനെത്തിയൊരുനാള്‍ മരത്തില്‍..
കാറ്റിന്‍റെ പാട്ടില്‍ ഇല നൃത്തമാടി....
വൃക്ഷത്തിനികതാരില്‍ പകയെരിഞ്ഞു..
ഇലയെ നിഷ്കരുണം കാറ്റിന്‍
കൈകളിലേക്കെടുത്തെറിഞ്ഞു…
കരയുവാന് കണ്ണുനീരില്ലാതെ,
തേങ്ങുവാന്‍ സ്വരമില്ലാതെ,
ഇല നിസ്സഹായതയുടെ തമസ്സിലേക്ക്...
പുതുനാമ്പുകളെ പ്രണയിക്കും മരം...
താണ്ടുവാനിനിയുമേറെദൂരമോതി
പറന്നകന്ന കാറ്റ് മൂളിയത്
ഇലയുടെ തേങ്ങലിനീണമോ...
പരവശതയാല്‍ നിപതിച്ച ഇലയെ
സ്നേഹതലോടല്‍ തൊട്ടുണര്‍ത്തി..
വൃക്ഷത്തെ ചുമക്കും ഭൂമി,, ഭൃത്യന്‍റെ
മാറിലെ അഭയമവള്‍ക്ക് അലോസരമായ്...
കുതറിമാറുവാനുള്ള ശ്രമങ്ങളൊക്കെയും
അവനിയുടെ മാറില്‍ തിരികെ പതിച്ചു..
പ്രണയത്തിന്‍ അനന്തപൊരുള്‍ ഭൂമി-
യിലൂടെ അറിയുകയായിരുന്നവള്‍,
നിസ്വാര്‍ത്ഥ പ്രണയമായ്...
നിരുപാധിക സാന്ത്വനമായ്...
അനുരാഗത്തിന്‍ ഭൂമികയില്‍
ഇല ഊഴിതന്‍ സിരകളില്‍ ലയിച്ചു...
“നൈമിഷികായുസ്സിന്‍ ദേഹങ്ങളല്ല,,
നിത്യസത്യത്തിന്‍ ദേഹികള് കമിതാക്കള്‍...
നശ്വരപ്രണയം മാത്രം വര്‍ത്തമാനം
അനശ്വരപ്രണയം സൃഷ്ടാവിനോട്....."
കൊഴിയുംഇലകളോട് ഭൂമിയുടെ
ഹൃത്തില്‍ ചേര്‍ന്നിരുന്ന് ഇല
മന്ത്രിച്ചു,,പ്രണയാതുരമായ്...!!