Tuesday, February 1, 2011

ഓര്‍മ്മകളേ...


മണ്ണിന്‍റെ മാറിലൊരു 
മഞ്ഞുത്തുള്ളിയായ്
വീണലിയുമ്പോഴും മിഴികള്‍ 
തിരഞ്ഞത്  മൌനത്തിന്‍
 മണ്‍ചിരാതില്‍ മനസ്സൊളിപ്പിച്ച
പ്രിയമെഴുമാ ഓര്‍മ്മകളെ....

കിനാവിന്‍റെ രാക്കിളികള്‍ക്ക്
രാപ്പാര്‍ക്കാന്‍ ഓര്‍മ്മകളില്‍
ഞാന്‍ സ്വപ്നകമ്പുകളാല്‍
മോഹക്കൂട് പണിതിരുന്നു...

ബാല്യത്തിന്‍ കുസൃതിയുടെ 
ചുവന്ന മഞ്ചാടിക്കുരു പെറുക്കി
ഈ ഓര്‍മ്മയുടെ ഇടനാഴിയില്‍
കൂട്ടിവെച്ചിരുന്നു....

കാലത്തിനൊപ്പം പായാത്ത,
നാളേകളെ  വിരുന്നിനു വിളിക്കാത്ത
സമയസൂചിക ഒളിപ്പിച്ചതും
ഓര്‍മ്മകളുടെ ഇരുണ്ട
കോണിലെവിടെയോ....

കൌതുകത്തിന്‍ കുഞ്ഞിക്കൈകള്‍
സ്വരുക്കൂട്ടിയ  വളപ്പൊട്ടുകള്‍
വര്‍ണ്ണങ്ങള്‍ നെയ്യാറുണ്ടിവിടെ...

മനംമയക്കും കൈതപ്പൂവിന്‍റെ
ഗന്ധമാണെന്‍റെ ഓര്‍മ്മകള്‍ക്ക്,
ഒരിക്കലും നഷ്ടപ്പെടാത്ത 
ആത്മബന്ധങ്ങളുടെ ഗന്ധം....

മാനം കാണിക്കാതെ സൂക്ഷിച്ച
മയിൽപ്പീലി പേറ്റുനോവുമായ്
ഇന്നും ഓര്‍മ്മത്താളുകളിലെവിടേയൊ.....

എനിക്ക് മുന്‍പേ മണ്ണിന്‍റെ 
മനസ്സറിഞ്ഞ ഉറ്റവരുടെ
കാൽപ്പാടുകള്‍ നക്ഷത്രങ്ങളായ്
ഓര്‍മ്മയുടെ മാനത്ത് തിളങ്ങുന്നു...

പെയ്തൊഴിഞ്ഞ ഇന്നലേകള്‍ക്ക്
ഞാനൊരുക്കിയ സ്മാരകം
ഓര്‍മ്മകളില്‍ ജീവിക്കുന്നു...

ഓര്‍മ്മയുടെ പെരുമഴയിലെന്നെ
നനച്ച ഭൂമിയില്‍ ഒരിക്കല്‍
ഞാനുമൊരു തുള്ളിയായ് 
അലിഞ്ഞുചേരും...

ഓര്‍മ്മകളേറെ എനിക്കേകിയ ഈ 
മണ്ണില്‍ എന്‍റെ ഓര്‍മ്മകളും
മണ്ണാവുന്നു, ഒടുവില്‍ ഞാനുമീ 
മണ്ണിലലിയുന്നു, വെറും 
ഓര്‍മ്മയാവുന്നു...!!



4 comments:

  1. ഓര്‍മ്മകളേ കൈവള ചാര്‍ത്തി

    വരൂ വിമൂകമീ വേദി

    ഏതോ... ശോകാന്ത ഗാനം

    ഏതോ... ഗന്‍ധര്‍വന്‍ പാടുന്നുവോ..

    ReplyDelete
  2. "കാലത്തിനൊപ്പം പായാത്ത,
    നാളേകളെ വിരുന്നിനു വിളിക്കാത്ത,
    സമയസൂചിക ഒളിപ്പിച്ചതും
    ഓര്‍മ്മകളുടെ ഇരുണ്ട
    കോണിലെവിടെയോ..."
    ശരിയാണ് ഷേയ...നാം കടന്നു പോകുന്ന സമയരഥം ഓര്‍മകളുടെ ഇരുണ്ട കോണിലെവിടെയോ വഴി തെറ്റി ഉരുളുന്നു..

    ReplyDelete
  3. കൈതപ്പൂവിന്റെ ഗന്ധം നിറഞ്ഞ ഈ രചനക്ക് പ്രത്യേക അഭിനന്ദനങ്ങള്‍.

    ReplyDelete
  4. വരികള്‍ ഇപ്പൊ വായിയ്ക്കാന്‍ പറ്റി,

    നല്ല വരികള്‍ മാത്രം സമ്മാനിയ്കുന്ന ന്റ്റെ സഖിയ്ക്ക് അഭിനന്ദങ്ങള്‍..

    പെയ്തൊഴിഞ്ഞ ഇന്നലേകള്‍ക്ക്
    ഞാനൊരുക്കിയ സ്മാരകം
    ഓര്‍മ്മകളില്‍ ജീവിക്കുന്നു...

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!