Friday, December 30, 2011

ആണ്ടറുതി

പൊട്ടിത്തകര്‍ന്നിതാ പതിനൊന്ന്
പൊട്ടിവിടര്‍ന്നിതാ  പന്ത്രണ്ട്..
പതിനൊന്നിനോട് പരിതപിക്കാനും
പന്ത്രണ്ടിനോട് പുഞ്ചിരിക്കാനുമാവാതെ
സ്വയം പരിഹാസ്യനായ് രണ്ടായിരം 
തുടക്കത്തില്‍ നിശ്ചലം നില്‍പ്പൂ..

മുല്ലപ്പെരിയാറില്‍ പ്രതിബിംബങ്ങളായ്
ജലതാഴ്ച്ചയിലിവര്‍ പ്രതിഫലിക്കുന്നു,
പേടിപ്പിയ്ക്കും പേക്കോലങ്ങളായ്..

ഞാഞ്ഞൂലുകളെ ഭയക്കും നേതാക്കളെപോല്‍ 
പാവം പതിനൊന്ന് പൊട്ടിതകരുന്നു,
പേരിനു പോലും പ്രതിഛായയില്ലാതെ..

പൊട്ടന്‍ പൂരം കണ്ടത് പോലെ പന്ത്രണ്ട്,
തലൈവരുടെ താന്തോന്നിത്തരങ്ങള്‍ കണക്കെ
പൂത്തിരിപോല്‍ പൊട്ടിവിടരുന്നു, കെട്ടണയുമീ 
പൊട്ടിത്തെറി വര്‍ഷാന്ത്യത്തിലെന്നോര്‍ക്കാതെ....

പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലെന്നുറച്ച്
അചഞ്ചലനായ് രണ്ടായിരം തുടക്കത്തിലങ്ങിനെ
മര്‍ക്കടമുഷ്ടിക്കാരനായ കേന്ദ്രത്തെ പോലെ, 
തൂങ്ങികിടക്കാനിനി പന്ത്രണ്ട് വേണ്ടതുകൊണ്ടങ്ങോട്ട്
തലതിരിച്ച്  സുഖസുഷ്പ്തിയിലാണ്...., ഉണര്‍ത്തായ്ക...

പ്രതീക്ഷകളസ്തമിച്ച  പാവം കാലമൊരു 
നിസ്സഹായനാം കുടുംബനാഥനെപോല്‍ 
പ്രളയം പ്രതീക്ഷിച്ച് വഴിക്കണ്ണുമായിരിക്കുന്നു,
കെട്ടടങ്ങാത്തൊരു പ്രതീക്ഷയിലപ്പോഴും 
മൊഴിയുന്നു “നമുക്ക് നാമേ തുണയുണ്ണീ, ദൈവവും...”!!

പുതുവത്സരാശംസകള്‍

Sunday, December 25, 2011

പ്രിയപക്ഷീ...

                                      

കരിയിലകള്ക്കിടയില്‍
ചിറകൊടിഞ്ഞ പക്ഷി
നീ ചികയുന്നതെന്ത്...
പൊയ്പോയ വസന്തമോ,
ഇതളടര്‍ന്ന ഇന്നലേകളോ,
സ്വപ്നനാരുകളാല്‍ തീര്‍ത്ത
കൂടിനസ്ഥിപഞ്ജരമോ...
അതോ പഞ്ഞനാളിലേക്ക്
കാത്തുവെയ്ക്കാന്‍ യാതാര്‍ത്ഥ്യത്തിന്‍
ഇത്തിരി പരുക്കനടരുകളോ..

ഇലപൊഴിച്ച മരച്ചില്ലയിലിരുന്ന്
ഈണം മറന്ന പ്രിയപക്ഷീ
നിന്‍ മൌനം പാടുന്നതെന്ത്...
അങ്ങ് ചക്രവാള സീമയില്‍
ആത്മഹുതി വരിച്ച
പകലോന്‍റെ പ്രണയമോ.
അസ്തമന വസന്തത്തിന്
വര്‍ണ്ണങ്ങളടര്‍ന്നൊരാ
വിരഹഗാനമോ..
കായുന്ന വയറിന്‍റെ
പട്ടിണിയകറ്റാന്‍ ഒരിറ്റ് 
വറ്റിന്‍റെ ഗീതകമോ..


മറുവിളിയേകാതെ 

അനന്തതയിലലിഞ്ഞ
സ്വപ്നചീളിന്‍ കിലുക്കം
നിന്നിലെ നെടുവീര്‍പ്പായ്,
കൂടൊടിഞ്ഞ് പൊട്ടിതകര്‍ന്ന
വദനങ്ങളില്ലാത്ത വാത്സല്ല്യം
നിന്‍ നൊമ്പരക്കനലായ്,
തണുത്തുറഞ്ഞൊരീ രാത്രിയില്‍
നിദ്രയെ കൊളുത്തിവലിക്കുമ്പോള്‍
പക്ഷീ പിടയായ്ക... നാളേയുടെ
പുലരിയെ കാത്തിരിക്കാന്‍
മനസ്സിനെ പഠിപ്പിച്ച്,
നിന്‍ മിഴികളോടോതുക..


കണ്ണേ കരയായ്ക.

നീ കോറിയിട്ട സ്വപ്നങ്ങളില്‍
കാലം കരിയെഴുതുമ്പോള്‍
കണ്ണുകള്‍ നിറയ്ക്കായ്ക..
കരുതിവെച്ച കനവുകള്
കാലവര്‍ഷ കുളിര്‍പോലെ
കൈവിട്ടകലുമ്പോള്‍
കരളുരുകാതെ കാക്കുക..
കാണുവാനിനിയും കാഴ്ചകള്‍
കാലം കൊതിയോടെ നിനക്കായ്
കാത്ത് വെച്ചിരിക്കുന്നെന്ന് വെറുതെ
കാത്ത് കാത്തിരിക്കുക..


കാത്തിരിപ്പനന്തമാണ്,, കനവുകളും..!!

Monday, December 5, 2011

കടവും കടമയും (രണ്ടു കവിതകള്‍)

കടം
=====

കണ്ണുതുറന്നപ്പോള്‍ കണ്ടത്
കാക്കത്തൊള്ളായിരം കടങ്ങള്‍...
കാലം കാത്തുവെച്ച കുസൃതികളായ്,
കഴിഞ്ഞവയെല്ലാം കടങ്ങളായ്
കൂട്ടിയും കിഴിച്ചും കളിച്ച്ചിരിച്ച്
കഴുത്തിനു ചുറ്റും കുത്തികുത്തിയങ്ങിനെ..


കണ്ടതും കടം കൊണ്ടതും കടം
കരുതലായ് നിനച്ച കൈകളും കടം
കൂനിന്മേല്‍ കുരുപോല് ഞാന്‍
കൈകൊണ്ട കാലവും കടം...


കണക്കുകള്‍ തെറ്റാതെ കടം
കോലംത്തുള്ളുമ്പോഴെന്‍
കൈകള്‍ വിറയ്ക്കുന്നു കണ്ണുനിറയുന്നു..


കടം വീട്ടേണ്ടത് കൈകരുത്താലല്ല,
കൈക്കൊണ്ട ധനം കൊണ്ടല്ല..
കാരുണ്യവാന് കനിഞ്ഞേകിയ
ജീവിതം കൊണ്ടെന്ന സത്യം
കരുത്തേകുന്നു കാവലാവുന്നു...!!
============================
കടമ
====

എഴുതുവാനുള്ളത് എഴുതിതീര്‍ക്കണം
എറിയുന്ന കല്ലും ഏറിന്‍റെ ഉന്നവും
എഴുത്തില്‍ കൊള്ളാതെ കാക്കണം
എഴുത്തുകാര് ഏറാന്മൂളികളല്ല..!!


അന്തസ്സിലെഴുതുക, അസ്ഥിത്വം കാക്കുക
അളിഞ്ഞെഴുതരുത്, അയഞ്ഞെഴുതരുത്
ജ്ഞാനുര്‍ത്തികളാവരുത്..
അറിഞ്ഞെഴുതുക, അറിവ് പകരുക
അകമറിഞ്ഞെഴുതിയാലേ ആത്മാവുണ്ടാവൂ..!!


നേരെഴുതണം, നിറഞ്ഞെഴുതണം
നന്മയാല്‍ തിന്മയെ തിരുത്തണം..
നാട്ടറിവുകളും നേരറിവുകളും നിറഞ്ഞ്,
നാലക്ഷരങ്ങളാല്‍ നാല്പതുവരികള്‍പിറന്ന്,
നാലായിരം, നാല്പതിനായിരമറിവുകളേകണം..
നോക്കുകുത്തിയാവാതെ നട്ടെല്ലു നിവര്ത്തണം..


കൊള്ളുന്ന കല്ലിന്‍റെ കൂര്‍മ്മത മറന്ന്
കൊടുക്കുന്ന വരിയുടെ മൂര്‍ച്ച കൂട്ടണം..
കാലം കാത്തുവെച്ച കൈവഴികളില്‍
കിടക്കും കരിങ്കല്‍ ചീളുകളിലും
നിന്നെഴുത്തിന്‍ കയ്യൊപ്പ് പതിയണം..!!