Sunday, December 25, 2011

പ്രിയപക്ഷീ...

                                      

കരിയിലകള്ക്കിടയില്‍
ചിറകൊടിഞ്ഞ പക്ഷി
നീ ചികയുന്നതെന്ത്...
പൊയ്പോയ വസന്തമോ,
ഇതളടര്‍ന്ന ഇന്നലേകളോ,
സ്വപ്നനാരുകളാല്‍ തീര്‍ത്ത
കൂടിനസ്ഥിപഞ്ജരമോ...
അതോ പഞ്ഞനാളിലേക്ക്
കാത്തുവെയ്ക്കാന്‍ യാതാര്‍ത്ഥ്യത്തിന്‍
ഇത്തിരി പരുക്കനടരുകളോ..

ഇലപൊഴിച്ച മരച്ചില്ലയിലിരുന്ന്
ഈണം മറന്ന പ്രിയപക്ഷീ
നിന്‍ മൌനം പാടുന്നതെന്ത്...
അങ്ങ് ചക്രവാള സീമയില്‍
ആത്മഹുതി വരിച്ച
പകലോന്‍റെ പ്രണയമോ.
അസ്തമന വസന്തത്തിന്
വര്‍ണ്ണങ്ങളടര്‍ന്നൊരാ
വിരഹഗാനമോ..
കായുന്ന വയറിന്‍റെ
പട്ടിണിയകറ്റാന്‍ ഒരിറ്റ് 
വറ്റിന്‍റെ ഗീതകമോ..


മറുവിളിയേകാതെ 

അനന്തതയിലലിഞ്ഞ
സ്വപ്നചീളിന്‍ കിലുക്കം
നിന്നിലെ നെടുവീര്‍പ്പായ്,
കൂടൊടിഞ്ഞ് പൊട്ടിതകര്‍ന്ന
വദനങ്ങളില്ലാത്ത വാത്സല്ല്യം
നിന്‍ നൊമ്പരക്കനലായ്,
തണുത്തുറഞ്ഞൊരീ രാത്രിയില്‍
നിദ്രയെ കൊളുത്തിവലിക്കുമ്പോള്‍
പക്ഷീ പിടയായ്ക... നാളേയുടെ
പുലരിയെ കാത്തിരിക്കാന്‍
മനസ്സിനെ പഠിപ്പിച്ച്,
നിന്‍ മിഴികളോടോതുക..


കണ്ണേ കരയായ്ക.

നീ കോറിയിട്ട സ്വപ്നങ്ങളില്‍
കാലം കരിയെഴുതുമ്പോള്‍
കണ്ണുകള്‍ നിറയ്ക്കായ്ക..
കരുതിവെച്ച കനവുകള്
കാലവര്‍ഷ കുളിര്‍പോലെ
കൈവിട്ടകലുമ്പോള്‍
കരളുരുകാതെ കാക്കുക..
കാണുവാനിനിയും കാഴ്ചകള്‍
കാലം കൊതിയോടെ നിനക്കായ്
കാത്ത് വെച്ചിരിക്കുന്നെന്ന് വെറുതെ
കാത്ത് കാത്തിരിക്കുക..


കാത്തിരിപ്പനന്തമാണ്,, കനവുകളും..!!

26 comments:

 1. കണ്ണേ കരയായ്ക.
  നീ കോറിയിട്ട സ്വപ്നങ്ങളില്‍
  കാലം കരിയെഴുതുമ്പോള്‍
  കണ്ണുകള്‍ നിറയ്ക്കായ്ക..
  കരുതിവെച്ച കനവുകള്
  കാലവര്‍ഷ കുളിര്‍പോലെ
  കൈവിട്ടകലുമ്പോള്‍
  കരളുരുകാതെ കാക്കുക..
  കാണുവാനിനിയും കാഴ്ചകള്‍
  കാലം കൊതിയോടെ നിനക്കായ്
  കാത്ത് വെച്ചിരിക്കുന്നെന്ന് വെറുതെ
  കാത്ത് കാത്തിരിക്കുക..

  കാത്തിരിപ്പനന്തമാണ്‍, കനവുകളും..!!  നന്നായി എഴുതി...

  അഭിനന്ദനങ്ങള്‍..

  ReplyDelete
 2. കാത്തിരിപ്പനന്തമാണ്, കനവുകളും..

  അര്‍ത്ഥപുഷ്ടിയുള്ള നല്ല കവിത...

  ReplyDelete
 3. ഇലപൊഴിച്ച മരച്ചില്ലയിലിരുന്ന്
  ഈണം മറന്ന പ്രിയപക്ഷീ
  നിന്‍ മൌനം പാടുന്നതെന്ത്..

  നല്ല കവിത.ഇഷ്ടമായി.

  ReplyDelete
 4. നാം ആഗ്രഹിക്കുന്നതെല്ലാം സംഭവിക്കുന്നു എങ്കില്‍.. ഈ ഭൂമിയിലെ ജീവിതം എത്ര പെട്ടെന്ന് മടുക്കുമെന്നോ..?
  നിരാശയാണ് ഒരു അര്‍ത്ഥത്തില്‍ കൂടുതലായി നമ്മെ ജീവിപ്പിക്കുന്നത്‌ തന്നെ..! എല്ലാം നേടികഴിയുമ്പോള്‍ ഒരു വല്ലാത്ത 'വിരക്തി' നമ്മെ വേട്ടയാടും. അതെ സമയം ഇച്ഛാഭംഗം നിരാശപ്പെടുത്തുമെങ്കിലും കൂടുതല്‍ വാശിയോടെ ജീവിതത്തെ നേരിടാനും നമ്മെ സഹായിക്കും. കവിതക്കൊടുവിലെ കാത്തിരിപ്പില്‍ ഞാനീ ലോകത്തെ സകല മനുഷ്യരെയും കാണുന്നു.

  ReplyDelete
 5. കാത്തിരിപ്പിന്റെ വരികള്‍ നന്നായി കേട്ടോ .എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 6. >> കണ്ണേ കരയായ്ക.
  നീ കോറിയിട്ട സ്വപ്നങ്ങളില്‍
  കാലം കരിയെഴുതുമ്പോള്‍
  കണ്ണുകള്‍ നിറയ്ക്കായ്ക..
  കരുതിവെച്ച കനവുകള്
  കാലവര്‍ഷ കുളിര്‍പോലെ
  കൈവിട്ടകലുമ്പോള്‍
  കരളുരുകാതെ കാക്കുക.. <<

  കരളുരുകും വരികള്‍ !
  (പ്രതീക്ഷ തെറ്റാതിരിക്കട്ടെ)

  ReplyDelete
 7. കവിതകള്‍ എനിക്ക് സാധാരണ ദഹിക്കാറില്ല. പക്ഷെ ഇതെന്തോ...മനസ്സില്‍ തട്ടി.
  നന്നായിരിക്കുന്നു.

  ReplyDelete
 8. വരികളില്‍ തീഷ്ണത അഭിനന്ദനീയം..

  ReplyDelete
 9. അര്‍ത്ഥസംപുഷ്ടമായ വരികള്‍!
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 10. കണ്ണേ കരയായ്ക.
  നീ കോറിയിട്ട സ്വപ്നങ്ങളില്‍
  കാലം കരിയെഴുതുമ്പോള്‍
  കണ്ണുകള്‍ നിറയ്ക്കായ്ക..

  മനോഹരമായ വരികള്‍

  ReplyDelete
 11. ഒരുപാട് വായിച്ച മറന്ന അതെ പ്രയോഗങ്ങള്‍ .കുറച്ചു കൂടി മൂര്‍ച്ചയുള്ള വാകുകളില്‍ കൂടി കവിത ജനിക്കട്ടെ

  ReplyDelete
 12. ഒന്നും കാത്തിരിക്കാനില്ലയെന്നറിയുമ്പോഴും വീണ്ടും എന്തിനൊക്കെയോ വേണ്ടി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന മനസിന്റെ മാന്ത്രികജാലം...നന്നായിരിക്കുന്നു ചേച്ചീ

  ReplyDelete
 13. ‘കാത്തിരിപ്പനന്തമാണ്‍, കനവുകളും...’

  ലളിതം, സൌമ്യം ...
  ആശംസകള്‍

  ReplyDelete
 14. കാണുവാനിനിയും കാഴ്ചകള്‍
  കാലം കൊതിയോടെ നിനക്കായ്
  കാത്ത് വെച്ചിരിക്കുന്നെന്ന് വെറുതെ
  കാത്ത് കാത്തിരിക്കുക..

  ReplyDelete
 15. ഇങ്ങനെ സ്വയം ആശ്വസിക്കാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ മൃതസഞ്ജീവനി ..എല്ലാ ദുഖങ്ങളും മനുഷ്യരെ കൊണ്ട് ചെന്നെത്തിക്കുന്നത് തിരിച്ചറിവുകളുടെ തത്വ ശാസ്ത്രത്തിലെക്കാണ് .
  വരികളെല്ലാം വളരെ ഇഷ്ടപ്പെട്ടു ..

  ReplyDelete
 16. ലളിതമായ വരികള്‍

  പുതുവത്സരാശംസകള്‍.

  ReplyDelete
 17. നന്നായിട്ടുണ്ട് ഷേയ........!

  ReplyDelete
 18. വാക്കുകളില്‍ മനോഹരമായ ഭാവങ്ങള്‍ .വരികളില്‍ വിത്യസ്തമായ അര്‍ത്ഥദര്‍ശനങ്ങള്‍ .നന്നായിട്ടുണ്ട്.

  ReplyDelete
 19. "കാണുവാനിനിയും കാഴ്ചകള്‍
  കാലം കൊതിയോടെ നിനക്കായ്
  കാത്ത് വെച്ചിരിക്കുന്നെന്ന് വെറുതെ
  കാത്ത് കാത്തിരിക്കുക..!"

  എഴുത്ത് ഇഷ്ട്ടായി..!
  പുതുവത്സരാശംസകളോടെ..പുലരി

  ReplyDelete
 20. നന്നായിട്ടുണ്ട്..
  അർത്ഥസുമ്പുഷ്ടമായ വരികൾ.. ആശംസകളോടെ…

  ReplyDelete
 21. നല്ല ആശയം, നല്ല വരികൾ. ‘........തണുത്തുറഞ്ഞൊരീ രാത്രിയിൽ .....നിൻ മിഴികളോടോതുക....’ ഇത്രയും സർഗ്ഗചേതന തുടിക്കുന്ന വാക്കുകൾ.... അഭിനന്ദനങ്ങൾ...

  ReplyDelete
 22. ഇലപൊഴിച്ച മരച്ചില്ലയിലിരുന്ന്
  ഈണം മറന്ന പ്രിയപക്ഷീ
  നിന്‍ മൌനം പാടുന്നതെന്ത്...
  അങ്ങ് ചക്രവാള സീമയില്‍
  ആത്മഹുതി വരിച്ച
  പകലോന്‍റെ പ്രണയമോ.
  അസ്തമന വസന്തത്തിന്
  വര്‍ണ്ണങ്ങളടര്‍ന്നൊരാ
  വിരഹഗാനമോ..
  കായുന്ന വയറിന്‍റെ
  പട്ടിണിയകറ്റാന്‍ ഒരിറ്റ്
  വറ്റിന്‍റെ ഗീതകമോ..
  ആഹാ എന്തൊരു മനോഹാരിത കൊള്ളാം

  ReplyDelete
 23. കൂട്ടുകാരേ.. വളരെ സന്തോഷം ഇതുവരെ വന്നതിനും വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും...

  ReplyDelete
 24. കാണുവാനിനിയും കാഴ്ചകള്‍കാലം കൊതിയോടെ നിനക്കായ്കാത്ത് വെച്ചിരിക്കുന്നെന്ന് വെറുതെകാത്ത് കാത്തിരിക്കുക..
  വെറുതെ.....

  ReplyDelete
 25. വാത്സല്യം തോന്നുന്നു..ഈ എഴുത്തിനോട്..

  ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!