Thursday, May 26, 2011

സ്വപ്നങ്ങള്‍ അറിയാതെപോയത്...


എന്‍റെ സ്വപ്നങ്ങളില്‍   മാത്രം 
ജീവിച്ചിരുന്നതു കൊണ്ടാവാം ഇന്ന്
നിറഞ്ഞ സാമീപ്യത്തിലും നിന്നെ
എനിക്ക് നഷ്ടപ്പെട്ട തോന്നല്‍...

എന്‍റെ സ്വപ്നങ്ങള്‍ക്കുമെന്തോ
കൈമോശം വന്നിരിക്കുന്നു...
നീയെനിക്ക് സ്വന്തമായതോടെ
കളഞ്ഞപോയതെന്‍റെ കനവുകളാണ്‍,
നീയെന്ന നിറമുള്ള കിനാവുകള്‍...

എന്‍റെ പ്രിയമെഴും  ഏകാന്തകളില്‍ , 
നിദ്രാവിഹീനമായ രാവുകളില്‍, 
ഓടിവന്നിരിന്ന നീയെന്ന സ്വപ്നം
അനന്തതയില്‍ അലിഞ്ഞിരിക്കുന്നു.
ഏകാന്തതയിന്നെനിക്ക് ഭയമാണ്‍,
സ്വപ്നങ്ങളില്ലാത്ത രാവുകളില്‍
നിലാവുദിക്കാത്ത കൂരിരുട്ടില്‍..

വിരല്‍തുമ്പിനപ്പുറം നീയുണ്ടെങ്കിലും 
നിന്‍റെ നിശ്വാസങ്ങളെന്നില്‍ തട്ടി 
ചിതറിതെറിക്കുന്നതറിയുന്നുവെങ്കിലും
വിരലുകള്‍ നീട്ടാന്‍ കൈകള്‍ മടിക്കുന്നു,
നിശ്വാസങ്ങള്‍ക്ക് കാതോര്ക്കാന്‍ മനസ്സും..

അരികിലിരുന്ന് വാചാലയായിട്ടും
നിന്‍റെ ശബ്ദമെന്തേ മൌനത്തിന്‍
മിഴിചിരാതിലൊളിയിടം തേടുന്നു....
എന്‍റെ സ്വപ്നത്തിലെ നിനക്ക്
നൂറ് നാവുകളായിരുന്നു, ഞാന്‍ 
കേള്‍ക്കാന്‍ കൊതിച്ചത് മാത്രമായിരുന്നു
നീ പറഞ്ഞിരുന്നത്, പക്ഷേ ഇന്ന്....

മിഴികള്‍ തുറന്ന് നിനക്ക് നേരെ 
നോക്കുവാനെനിക്കിന്ന് ഭയമാണ്‍...
മാരിവില്ലിന്‍ ഏഴഴകായിരുന്നു
എന്‍റെ കിനാവുകളില്‍ നിനക്കായ്
ഞാന്‍ ചാര്ത്തിയിരുന്നത്... 
പക്ഷേ ഇന്ന് എന്‍റെ മുന്നില്‍ 
നീ യഥാര്‍ത്ഥ  ജീവിതത്തിന്‍റെ 
നിറം മങ്ങിയ വേഷത്തില്‍...

എവിടെയാണ്‍ എനിക്ക് നിന്നെ
നഷ്ടമായത്, 
ഒരിക്കലുമറിയാതെ, അതുവരെ 
കാണാതെ നിന്നെ എന്‍റെ 
സ്വപ്നങ്ങള്‍ക്കായ് ദത്തെടുക്കുമ്പോള്‍
ഞാനേകിയ രൂപമമായിരുന്നു നിനക്ക്,
ഞാന് ചാര്‍ത്തിയ നിറവും അഴകുമായിരുന്നു...
കാലം നിനക്ക്  രൂപം നല്‍കിയപ്പോള്‍
എന്‍റെ സ്വപ്നങ്ങളുടെ നിറങ്ങള്‍ നിന്നില്‍
ചാലിക്കാന്‍ മറന്നിരിക്കാം, എന്‍റെ മനസ്സും..

ഞാന്‍ പ്രണയിച്ചത് നിന്നെയായിരുന്നോ,
എന്‍റെ സ്വപ്നങ്ങളെ മാത്രമായിരുന്നില്ലേ...
കടുത്ത വര്‍ണ്ണങ്ങള്‍ ചാലിച്ച കിനാക്കളില്‍
കാലം നരവീഴ്ത്തുമെന്നും നിറം മങ്ങുമെന്നും
അറിയാതെപോയത്  ഞാനായിരുന്നു..

നിറം മങ്ങിയ  സ്വപ്നങ്ങള്‍ നിരാശയോടെ
മനസ്സിന്‍റെ പടിയിറങ്ങുമ്പോള്‍ അവിടെ
യാഥാര്‍ത്ഥ്യങ്ങള്‍ ചെറുകൂര പണിയുന്നു, 
ജീവിതമെന്ന ഒരു ചെറുകുടില്‍...
അവിടെ പുകയാന്‍ പ്രണയത്തിന്‍ 
വര്‍ണ്ണാഭമായ കിനാക്കളില്ല... 
ജീവിതത്തിന്‍ പരസ്പര ഇഷ്ടങ്ങള് മാത്രം...
നിറമങ്ങിയതെങ്കിലും ഒരിക്കലും നര
വീഴാത്ത ഇഷ്ടങ്ങള്‍..
നിന്നോടെനിക്കുള്ളതും പ്രണയമല്ലിന്ന്,
ആ കറതീര്‍ന്ന ഇഷ്ടം മാത്രം..
നഷ്ടപ്പെടാന്‍ നിറങ്ങളില്ലാത്ത
സ്ഥായിയായ സ്നേഹം നിറഞ്ഞൊരിഷ്ടം.....
ഒരിക്കലും അസ്ഥമിക്കാത്തൊരിഷ്ടം...!!

Tuesday, May 24, 2011

മരണമേ നീ..


കൈവളകള്‍ കിലുക്കാതെ
കാല്‍വളകള്‍ കുണുക്കാതെ
നിശബ്ദം കാലത്തിന്‍ ഓരംചേര്‍ന്ന് 
കൂടെനടക്കും  ജീവിത സഹചാരി മരണം..

അകലങ്ങളില്‍  കാണുമ്പോള്‍ അഴലാണ്‍ നീ
അരികിലണയുമ്പോള്‍  അഴകാണ് നീ...
ഉറ്റവര്‍ തന്‍ ഉയിര്‍ കവരുമ്പോള്‍ 
ആത്മനൊമ്പരത്തിന്‍ ചിതാഗ്നി നീ..
അകതാരിലണഞ്ഞ്  ഉയിരെടുക്കുമ്പോള്‍
ആത്മശാന്തിതന്‍ അലയാഴി മരണം..

ജനിച്ചതാരാദ്യമിവിടെ നീയോ ഞാനൊ,
പിറവിക്കുമുന്‍പേ മരണം വിധിക്കുമെങ്കില്‍ 
ജനനം മരണത്തിന്‍ നിഴലെങ്കില്‍
എനിക്ക് മുന്‍പേ നടത്തം പഠിച്ചവന്‍
നിശ്ചയം നിശ്ചയം നീ തന്നെ മരണമേ...

അനുമതി തേടാതെ , അനുവാദമില്ലാതെ
അവസാനയാത്രയ്ക്കായ് ക്ഷണിക്കുന്നു നീ,,
ഔചിത്യമില്ലാതെ, ഔദാര്യമില്ലാതെ
ഓര്‍ക്കാപ്പുറത്ത് പടിപ്പുരകടന്നെത്തുന്നു നീ,,
ജനിമൃതികള്‍ക്കിടയില്‍ നേടിയതെല്ലാം
വ്യര്‍ത്ഥമായിരുന്നെന്നോര്‍മിപ്പിക്കുന്നു നീ..

ഇഹലോക നേട്ടങ്ങള് മിഥ്യയെന്നും
സ്വജ്ജനങ്ങള്‍, സ്ഥാനങ്ങള്‍ മായയെന്നും
ഗര്‍വ്വോടെ കാത്ത ദേഹമീ ഉലകിലെ
ഉടുചേല മാത്രമെന്നും നീ ചൊല്ലവേ
കേള്‍ക്കാതിരിക്കുവാനാശിച്ചുവെങ്കിലും
കാതുകളില്ലായിരുന്നു അടച്ചുപിടിക്കാന്‍
കണ്ണുനീര്‍പൊഴിക്കാനെന്‍ മിഴികളും...

തണുത്തുറഞ്ഞ ഉടല് വിട്ട്,പ്രാണനേക്കാള്‍  
പ്രിയമെഴുംഉടയവരെ ത്യജിച്ച്
മരവിച്ച മനസ്സോടെ,
ആത്മാവിന്‍ ശാന്തതയില്‍
ഇതുവരെ കാണാത്ത വഴികളിലൂടെ
ഇന്നോളം അറിയാത്ത കാഴ്ചകളിലൂടെ
അനന്തതയിലേക്ക് മരണമേ 
നിന്നോട് ചേര്‍ന്ന് യാത്രയാകവേ
ചുമലില്‍, പിന്നിട്ട പാന്ഥാവില്‍
ഞാന്‍ പെറുക്കിവെച്ച നന്മതിന്മകളുടെ
ചെറുഭാണ്ഡം മാത്രം, 
തിരിഞ്ഞൊന്ന് നടന്ന്  ഇത്തിരി
നന്മകളിനിയും പെറുക്കുവാന്‍
കഴിഞ്ഞെങ്കിലെന്ന വ്യര്‍ത്ഥചിന്തയും..

വ്യര്‍ത്ഥമീ ചിന്തകളെങ്കിലും 
വെറുതെയായൊ ജീവിതമെന്നോര്‍ക്കിലും
വ്യര്‍ത്ഥമാകാത്ത അന്ത്യയാത്രയിത്
മരണമേ നിന്നോട് ചേര്‍ന്ന്....
വ്യര്‍ത്ഥമായില്ലൊന്നുമെന്നോതും യാത്ര...

Sunday, May 1, 2011

കാത്തിരിപ്പൂ...


കാലത്തിന്‍കാണാകയങ്ങളില്‍ 
കണ്ണുംനട്ട്, കാത്തിരിപ്പിന്‍ 
കുടചൂടി അവളിരുന്നു സാകൂതം.. 
കാത്തിരിപ്പേറെയായ് ഈ 
മരത്തണലില്‍, ഈ ഏകാന്തതയില്‍...
കാത്തിരിപ്പിതെന്തിനെന്നും 
കാത്തിരിപ്പിതാരെയെന്നും നിനക്കാതെ..
കാത്തിരിപ്പിനന്ത്യമെന്നെന്നും 
അതണയുന്നതേത് തീരത്തെന്നും
അറിയാതെ കാത്തിരിപ്പാണവള്‍...
ദിനരാത്രങ്ങള്‍ ചെറു അലകളായ്
കാലസാഗരത്തിലോളം തല്ലുന്നു..
ആശയറ്റ കാത്തിരിപ്പിന്‍ കബന്ധങ്ങള്‍
അണയുവാനൊരു തീരമില്ലാതൊഴുകുന്നു...
തമസ്സൊഴുകിയ നീര്‍ച്ചാലുകളിലൂടെ
വിരുന്നെത്തും വെയില്‍നാളങ്ങള്‍പോലെ..
വരണ്ടഭൂമികയെ സമാശ്വസിപ്പിക്കും 
മഴനൂലുകള്‍ പോലെ..
ഈ കാത്തിരിപ്പിനും പിന്തുടരാനൊരു
നിഴലുണ്ടാകുമൊരിക്കലെന്നവള്‍...
കാത്തിരിപ്പിന് മാധുര്യമുണ്ടെന്നവള്‍ക്കറിയാം...
ആ മാധുര്യമാണവള്‍ കാത്തിരുന്നതും..!!