Tuesday, May 24, 2011

മരണമേ നീ..


കൈവളകള്‍ കിലുക്കാതെ
കാല്‍വളകള്‍ കുണുക്കാതെ
നിശബ്ദം കാലത്തിന്‍ ഓരംചേര്‍ന്ന് 
കൂടെനടക്കും  ജീവിത സഹചാരി മരണം..

അകലങ്ങളില്‍  കാണുമ്പോള്‍ അഴലാണ്‍ നീ
അരികിലണയുമ്പോള്‍  അഴകാണ് നീ...
ഉറ്റവര്‍ തന്‍ ഉയിര്‍ കവരുമ്പോള്‍ 
ആത്മനൊമ്പരത്തിന്‍ ചിതാഗ്നി നീ..
അകതാരിലണഞ്ഞ്  ഉയിരെടുക്കുമ്പോള്‍
ആത്മശാന്തിതന്‍ അലയാഴി മരണം..

ജനിച്ചതാരാദ്യമിവിടെ നീയോ ഞാനൊ,
പിറവിക്കുമുന്‍പേ മരണം വിധിക്കുമെങ്കില്‍ 
ജനനം മരണത്തിന്‍ നിഴലെങ്കില്‍
എനിക്ക് മുന്‍പേ നടത്തം പഠിച്ചവന്‍
നിശ്ചയം നിശ്ചയം നീ തന്നെ മരണമേ...

അനുമതി തേടാതെ , അനുവാദമില്ലാതെ
അവസാനയാത്രയ്ക്കായ് ക്ഷണിക്കുന്നു നീ,,
ഔചിത്യമില്ലാതെ, ഔദാര്യമില്ലാതെ
ഓര്‍ക്കാപ്പുറത്ത് പടിപ്പുരകടന്നെത്തുന്നു നീ,,
ജനിമൃതികള്‍ക്കിടയില്‍ നേടിയതെല്ലാം
വ്യര്‍ത്ഥമായിരുന്നെന്നോര്‍മിപ്പിക്കുന്നു നീ..

ഇഹലോക നേട്ടങ്ങള് മിഥ്യയെന്നും
സ്വജ്ജനങ്ങള്‍, സ്ഥാനങ്ങള്‍ മായയെന്നും
ഗര്‍വ്വോടെ കാത്ത ദേഹമീ ഉലകിലെ
ഉടുചേല മാത്രമെന്നും നീ ചൊല്ലവേ
കേള്‍ക്കാതിരിക്കുവാനാശിച്ചുവെങ്കിലും
കാതുകളില്ലായിരുന്നു അടച്ചുപിടിക്കാന്‍
കണ്ണുനീര്‍പൊഴിക്കാനെന്‍ മിഴികളും...

തണുത്തുറഞ്ഞ ഉടല് വിട്ട്,പ്രാണനേക്കാള്‍  
പ്രിയമെഴുംഉടയവരെ ത്യജിച്ച്
മരവിച്ച മനസ്സോടെ,
ആത്മാവിന്‍ ശാന്തതയില്‍
ഇതുവരെ കാണാത്ത വഴികളിലൂടെ
ഇന്നോളം അറിയാത്ത കാഴ്ചകളിലൂടെ
അനന്തതയിലേക്ക് മരണമേ 
നിന്നോട് ചേര്‍ന്ന് യാത്രയാകവേ
ചുമലില്‍, പിന്നിട്ട പാന്ഥാവില്‍
ഞാന്‍ പെറുക്കിവെച്ച നന്മതിന്മകളുടെ
ചെറുഭാണ്ഡം മാത്രം, 
തിരിഞ്ഞൊന്ന് നടന്ന്  ഇത്തിരി
നന്മകളിനിയും പെറുക്കുവാന്‍
കഴിഞ്ഞെങ്കിലെന്ന വ്യര്‍ത്ഥചിന്തയും..

വ്യര്‍ത്ഥമീ ചിന്തകളെങ്കിലും 
വെറുതെയായൊ ജീവിതമെന്നോര്‍ക്കിലും
വ്യര്‍ത്ഥമാകാത്ത അന്ത്യയാത്രയിത്
മരണമേ നിന്നോട് ചേര്‍ന്ന്....
വ്യര്‍ത്ഥമായില്ലൊന്നുമെന്നോതും യാത്ര...

10 comments:

 1. മരണമെന്നതെ നിത്യ സത്യം....കൊള്ളാം ചേച്ചി

  ReplyDelete
 2. മദുസൂദനന്‍ നായരുടെ “ദൈവത്തിന്റെ വികൃതികളിലെ” കവിതയിലെ അവസാന വരി, “നിന്നിലലിയുന്നതേ നിത്യ സത്യം..”

  നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍..

  ReplyDelete
 3. നിരന്തരം പരാജയപ്പെട്ടു തന്‍റെ നിരപരാധിത്വം പ്രഖ്യാപിക്കുമ്പോഴും ഒരു പ്രതീക്ഷയായി തന്നെ വഴി നടത്തുന്നത് അവന്‍ വരുന്നുവെന്ന വാഗ്ദത്തം ഒന്ന് മാത്രമാണ്. മരിക്കുക എന്നതെത്ര എളുപ്പം. മരിക്കാതെ ജീവിച്ചിരിക്കുക എന്നതത്രേ ഏറെ ശ്രമകരം.

  ഷേയ.. അഭിനന്ദങ്ങള്‍.

  ReplyDelete
 4. പെരുമഴയില്‍...നനഞ്ഞ മണ്ണിന്നടിയില്‍ ഒരു അഭയം...മരണമേ നിന്നോട് ചേര്‍ന്ന്...
  സുഖമുള്ള ഒരു നോവ് തൊട്ടറിഞ്ഞ പോലെ...നന്നായിരിയ്ക്കുന്നൂ...ട്ടൊ.

  ReplyDelete
 5. പിറവിയുടെ സഹചാരി മ്രുത്യു..ഒരു പക്ഷെ ചേതനയെ തന്റെ മുഷ്ടിക്കുള്ളിലിട്ട് പമ്പരം കറക്കുന്ന കുറുമ്പനായ തോഴന്‍ .പ്രണയിച്ച് പ്രണയിച്ച് ആര്‍ക്കും വിട്ടു കൊടുക്കാതെ എല്ലാവരെയും കബളിപ്പിച്ചും ആശിപ്പിച്ചും അവിചാരിതമായൊരു യത്ര ദേഹിയുമായ് നടത്തുന്നവന്‍ .പക്ഷെ എനിക്ക് മരണത്തെ പ്രണയിക്കാനാവുന്നില്ലല്ലോ..മരണത്തിനുമപ്പുറമുള്ള പിറവിയെ മാത്രമേ എനിക്ക് സ്വന്തമാക്കാനിഷ്ടമുള്ളൂ...ഷേയൂ..എന്നത്തേയും പോലെ നല്ല വരികള്‍ ....

  ReplyDelete
 6. "അരികിലണയുമ്പോള്‍ അഴകാണ് നീ..."
  അത്രയ്ക്ക് വേണമോ ?

  എന്റെ ഈ മാസത്തെ കവിത “പിറന്നാൾ” കൂടിയൊന്നു വായിച്ചു നോക്കൂ. ഇതിന്റെ മറ്റൊരു മുഖമവിടെ കാണാം.

  ReplyDelete
 7. മരണം...അതൊരു മഹാസത്യമാണ്...!!
  ആൾബലവും സമ്പത്തും നിഷ്പ്രഭമാകുന്ന മരണം എന്ന ആ സത്യത്തിനു മുന്നിൽ മനുഷ്യൻ പകച്ചു നിൽകുന്നു.

  അനന്തതയിലേക്ക് മരണമേ നിന്നോട് ചേര്‍ന്ന് യാത്രയാകവേ
  ചുമലില്‍, പിന്നിട്ട പാന്ഥാവില്‍ ഞാന്‍ പെറുക്കിവെച്ച
  നന്മതിന്മകളുടെ ചെറുഭാണ്ഡം മാത്രം,

  ReplyDelete
 8. ദേഹി ദേഹത്തെ പിരിഞ്ഞു പരബ്രഹ്മത്തില്‍ ലയിക്കുന്ന ആ നിമിഷം ..മരണം ..!!
  പ്രപഞ്ചത്തില്‍ ജീവനുള്ള ഏതു വസ്തുവിനും ഒടുക്കം സംഭവിക്കുനത് .. മരണം.. !!
  ഒരിക്കല്‍ സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാവുന്ന സത്യം .. മരണം.. !!
  പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ കേവലജീവന്‍ വീണ്ടും വിഘടിക്കപ്പെടുമ്പോള്‍ .. മരണം..!!
  ആദി മുതല്‍ അന്ത്യം വരെ പ്രകൃതിയുടെ ആവാസ വ്യവസ്ഥയ്ക്ക് അനിവാര്യം .. മരണം !!
  ജനിക്കുമ്പോള്‍ നമ്മള്‍ കരയുന്നു ..
  മരിക്കുമ്പോള്‍ മറ്റാരൊക്കെയോ ..
  ജനനവും മരണവും സംഭവിക്കുന്നത്‌ .. മനസ്സറിയാതെ , ആഗ്രഹിക്കാതെ ..
  മരനാനതരം ഒരു ആകാംഷയാകുമ്പോള്‍ .. സ്വയം മരിക്കുവാന്‍ വരെ തോന്നിപ്പിച്ചു പോകും ചിലപ്പോള്‍ ..

  എത്രയും എഴുതിയത് ..ഈ വിഷയം എനിക്കും താല്‍പ്പര്യം ഉള്ളത് കൊണ്ട് ...
  നന്നായി എഴുതി ...
  നല്ല ഒഴുക്കും ഘടനയും ഉള്ള വരികള്‍ .. ആശംസകള്‍ ..

  ReplyDelete
 9. ജനിച്ചതാരാദ്യമിവിടെ നീയോ ഞാനൊ,
  പിറവിക്കുമുന്‍പേ മരണം വിധിക്കുമെങ്കില്‍
  ജനനം മരണത്തിന്‍ നിഴലെങ്കില്‍
  എനിക്ക് മുന്‍പേ നടത്തം പഠിച്ചവന്‍
  നിശ്ചയം നിശ്ചയം നീ തന്നെ മരണമേ.

  മരണത്തിനു മറവിയില്ല.

  ReplyDelete
 10. മരണത്തിന്‍ മിഴികളെ പുണരും വരികള്‍.......നന്നായിട്ടുണ്ട് ഷേയു.......

  ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!