Thursday, April 9, 2015

മൃതിയുടെ നിശ്ശൂന്യയിടങ്ങള്‍

ഒരു ഉള്‍ക്കിടിലത്തോടെ മാത്രം ഉള്‍ക്കൊള്ളാനാവുന്ന വാക്കാണ് മരണം. അല്ലെന്ന് വാദിക്കുമായിരിക്കാം. ഭയമില്ലെന്ന് നടിക്കുമ്പോഴും മറ്റേതൊരു വാക്കിനേയും സ്വീകരിക്കുന്ന ലാഘവത്തോടെ മൃത്യുവിനെ കേള്‍ക്കുവാന്‍ മനസ്സുകള്‍ മടിക്കുന്നില്ലേ? മരണഭയമെന്ന വികാരത്തെ വിശകലനം ചെയ്യുമ്പോള്‍ തിരിച്ചറിയാനാവും ഭയക്കുന്നത് സ്വയം ഇല്ലാതാവുന്നതിനേക്കാള്‍ ചുറ്റുമുള്ള പ്രിയപ്പെട്ടവരുടെ ദേഹവിയോഗങ്ങളെയാണ്. ഇത്തിരിയോര്‍മ്മകളെ മാത്രം അവശേഷിപ്പിച്ചുകൊണ്ട് മരണം പ്രിയപ്പെട്ടവരെ കൂടെകൊണ്ടുപോവുമ്പോള്‍ അനുഭവിക്കുന്ന നിസ്സഹായത കുടഞ്ഞെറിയുന്നത് കാത്തുവെച്ച ജീവിതവര്‍ണ്ണങ്ങളെയാണ്. പിന്നീടെത്ര ഛായക്കൂട്ടുകള്‍ ഏതൊക്കെയളവില്‍ കോരിയൊഴിച്ചാലും നിറംമങ്ങിപ്പോവുന്ന നാളേകള്‍. പിച്ചവെയ്ക്കാനൊരു വിരല്‍ത്തുമ്പ്, വാത്സല്യം കാത്തുവെച്ചൊരു മാറിടം, കാതോര്‍ത്ത് കിടക്കാനൊരു ഹൃദയതാളം, വാരിയെടുക്കാനൊരു പാല്പുഞ്ചിരി...;നഷ്ടങ്ങള്‍ക്ക് കടുംനിറങ്ങളാണ്!

തൂവെള്ള തുണിയില്‍ പൊതിഞ്ഞുകെട്ടിയ യാത്രാമൊഴിയായിരുന്നു കൊച്ചുന്നാളില്‍ എനിക്ക് മരണം. ഒരുപാടാളുകള്‍ ഒത്തുകൂടി ഒരാളെ വെള്ളപുതപ്പിച്ച്, എങ്ങോട്ടോ എടുത്തുകൊണ്ടുപോയി യാത്രയാക്കുന്നു. അന്ന് ഗള്‍ഫിലേക്കും മറ്റ് വിദൂരദേശങ്ങളിലേക്കും ആളുകളെ യാത്രയാക്കുന്ന ഒരു തോന്നല്‍ മാത്രമായിരുന്നു മനസ്സില്‍. ഒരു മതില്‍ക്കെട്ടിനപ്പുറമെന്നതുപോലെ, കാണാനാവാത്ത ഒരിടത്ത് അവര്‍ ഇതുപോലെ വീടും ജോലിയുമൊക്കെയായി ജീവിക്കുന്നു എന്നൊരു സങ്കൽപ്പം ഓരോ മരണവും എനിക്ക് തന്നുകൊണ്ടിരുന്നു. മരണത്തിനന്ന് വെള്ളപുതച്ച ഒരു അരൂപമായിരുന്നു മനസ്സില്‍. കാലമൊരിക്കല്‍, ഏറ്റവും നല്ല കൂട്ടുകാരിയായിരുന്ന മുത്തശ്ശിയെ മൃത്യുവിനെറിഞ്ഞ് കൊടുത്തപ്പോഴാണ് എന്‍റെ മനസ്സില്‍ ദ്രംഷ്ടകള്‍ നിറഞ്ഞ ഒരു നരച്ചരൂപം മരണത്തിന് കൈവന്നത്. ഇരുട്ടിലേത് നിമിഷവും എന്‍റെ പ്രിയപ്പെട്ടവര്‍ക്കാര്‍ക്ക് നേരേയുമത് ചാടിവീഴാമെന്ന ഒരു ഭയവും. മഴക്കാറ് മൂടിയ സന്ധ്യാസമയങ്ങളില്‍ പതുങ്ങിവന്ന് കോഴിക്കുഞ്ഞുങ്ങളെ കടിച്ചെടുത്ത് പൊന്തക്കാട്ടിലേക്ക് മറയുന്ന കീരിയെ പോലെ. മരണത്തെ കുറിച്ചുള്ള കൊച്ചുമനസ്സിലെ സംശയങ്ങള്‍ അന്നാരും നിവൃത്തിച്ചിരുന്നുമില്ല. മരണമെന്ന വാക്ക്  മൌനികളാക്കിയതാവാം.

വര്ഷങ്ങള്‍ക്കിപ്പുറം, രഞ്ജുവായിരുന്നു മരണത്തെ കുറിച്ച് അത്രയും അഗാധതയില്‍ എന്നോടാദ്യം സംസാരിക്കുന്നത്, ചിന്തിപ്പിക്കുന്നതും. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് ചാപ്പലിലേക്ക് നീണ്ടുകിടക്കുന്ന നിഴലുകള്‍ മൂടിയ വഴിത്താരയില്‍, നിറയെ കായ്ച്ചുകിടക്കുന്ന ലൂപിക്കാമരത്തിന്‍റെ ചുവട്ടില്‍ എന്നിലേക്ക് ചാഞ്ഞിരുന്ന് അവളിത്രയും ആഴത്തില്‍ സംസാരിക്കുമ്പോള്‍, അതുവരെ ചേര്‍ന്നുനടന്ന കൂട്ടുകാരിയുടെ സ്വരത്തില്‍ തളം കെട്ടിക്കിടന്ന പക്വത ഒട്ടൊരു അപരിചിതത്വത്തോടെ കേട്ടിരിക്കുകയായിരുന്നു ഞാന്‍.

അവള്‍ സദാസമയവും കളിചിരികളുമായി കറങ്ങിനടക്കുന്ന ഒരു വായാടിയായിരുന്നു. ആരേയും സങ്കടപ്പെട്ടിരിക്കാനോ പിണങ്ങാനോ അനുവദിക്കില്ല. അതുകൊണ്ടുതന്നെയാണ് തിരൂരിലെ വീട്ടില്‍ നിന്നും തിരികെയെത്താന്‍ അവധിദിവസങ്ങളും കഴിഞ്ഞ് അവളൊരു ദിവസം വൈകിയാല്‍ പോലും ഹോസ്റ്റലും ക്ലാസ്സുമെല്ലാം മൂകമാവുന്നത്. ഞങ്ങള്‍, കൂട്ടുകാരെല്ലാം നഷ്ടപ്പെട്ടവരെപോലെ ചുറ്റിനും തിരയുന്നത്. ജീവിതം ഉരുക്കിയൊഴിച്ച കറുത്തഹാസ്യങ്ങളാലാണ് അവളീ ചിരിപ്പിക്കുന്നതെന്ന തിരിച്ചറിവിന് ഗ്രീഷ്മങ്ങളൊരുപാട് പിന്നേയും വേണ്ടിവന്നു ഞങ്ങള്‍ക്ക്.

അന്ന് രഞ്ജു പറഞ്ഞതുമുഴുവന്‍ മരണത്തെ കുറിച്ചായിരുന്നു. തന്‍റെ ഏഴാം വയസ്സില്‍ അച്ഛനെ തട്ടിപ്പറിച്ചുകൊണ്ടുപോയ മരണം. ആ കൊച്ചുവീട്ടില്‍ അലതല്ലിയിരുന്ന ഒരുപാട് സന്തോഷങ്ങളെ അന്ന് മരണം കൂടെകൊണ്ടുപോയത്, അതുവരെ അവര്‍ സ്വരുക്കൂട്ടിവെച്ച ഇത്തിരി മോഹങ്ങള്‍ അനാഥമായത്.. ഇപ്പോഴും മരണം മണക്കുന്ന ആ വീടിന്‍റെ അകത്തളങ്ങളെ കുറിച്ച്, ഓരോ കോണിലും അച്ഛന്‍റെ ഓര്‍മ്മകളെ പൂജയ്ക്ക് വെച്ചിരിക്കുന്ന അമ്മമനസ്സിനെ കുറിച്ച്.. ഓര്‍മ്മകള്‍ നീറ്റുമ്പോള്‍ കണ്ണുനീരിനാല്‍ കുതിരുന്ന വിശേഷദിവസങ്ങളെ കുറിച്ച്.. അച്ഛനില്ലാതായതോടെ ഇരുട്ടിലേക്ക്പോലും ഒന്നു തറപ്പിച്ചുനോക്കാന്‍ ഭയപ്പെടുന്ന, ചുരുട്ടിവെക്കപ്പെട്ട തന്‍റെ വ്യക്തിത്വത്തെ കുറിച്ച്.. അകതാരിന്നാഴങ്ങളില്‍ നിന്നും അവള്‍ പറഞ്ഞുകൊണ്ടേയിരുന്നപ്പോള്‍ മൃതിയെ ഞാന്‍ ആദ്യമായി കേള്‍ക്കുന്നതുപോലെ. ഒരു ചെറുക്കാറ്റില്‍ ഞങ്ങള്‍ക്കിടയിലേക്ക് അപ്പോള്‍ പൊഴിഞ്ഞ ലൂപിക്കാപഴങ്ങളും മരണം രുചിച്ചിരുന്നു.

പിന്നീട് മരണമെന്ന വാക്കിന്‍റെ പരപ്പ് ഞാന്‍ അറിഞ്ഞുകൊണ്ടേയിരുന്നു.അപ്രതീക്ഷിത പ്രയാണങ്ങളുളവാക്കുന്ന നടുക്കങ്ങളുടെ പ്രകമ്പനം കേട്ടുകൊണ്ടേയിരുന്നു. മരണം ബാക്കിവെച്ചു പോവുന്ന നിശ്ശൂന്യയിടങ്ങളുടെ വ്യാപ്തി ഉറ്റവരുടെ ശിഷ്ടായുസ്സില്‍ വിഭീതിവടുക്കളായി വിണ്ടുപൊള്ളുന്നത് തളര്‍ച്ചയോടെ കണ്ടുനിന്നിട്ടുണ്ട്. ആ ഒഴിഞ്ഞയിടങ്ങളുടെ വിടവ് നികത്താനാവാതെ ജീവിച്ചു ജീവിച്ച് ഒടുവില്‍ ആയുസ്സിനെ തന്നെ ബലിയറ്പ്പിക്കുന്ന ചില ജന്മങ്ങളുടെ മുഖത്തെ ശാന്തത, ജീവിതം പറഞ്ഞുകൊടുത്ത മൃതിഹ്ലാദമായിരിക്കാം; ഉരുകിയുരുകി തീര്‍ക്കേണ്ടിവന്ന ഒരായുസ്സിന്‍റെ ആത്മാവിനായുള്ള കരുതല്‍.

ഒരൊറ്റ ജീവിതത്തെ പകുത്തെടുത്തത്, ഒരേ പുഴയായി ഒഴുകിയത്, വരണ്ട ഭൂമികയില്‍ നനവായ് തീര്‍ന്നത്, പടര്‍ന്ന് കയറാന്‍ ചില്ലയായ് വളര്‍ന്നത്, തണലായി താഴന്നത്..! ഒരു ദേഹാന്തം അനാഥമാക്കുന്നത് പലരെയാണ്. ക്ഷണേനയുള്ള അന്തര്‍ദ്ധാനം രൂപപ്പെടുത്തുന്ന ശൂന്യയിടങ്ങള്‍ അണയിടുന്നത് പല ജീവിതങ്ങള്‍ക്കാണ്. ദ്രുതഗതിയില്‍ സഞ്ചരിക്കുന്ന കാലം പോലും ഈ വീടകങ്ങളെ ഭയക്കുന്നു. അവിടെ പലപ്പോഴും ജീവിതം നിശ്ചലമാകുന്നു. വസന്തത്തിലും പൂക്കാന്‍ മറന്ന ചില മരങ്ങളെപോലെ അവര്‍...

മൃതിക്കപ്പുറമുള്ള ഒരിടത്തെ കുറിച്ച് മനനം ചെയ്യുക അപ്രാപ്യാമാണ് മനുഷ്യന്, സങ്കൽപ്പങ്ങളല്ലാതെ.മരിച്ചുപോയവര്‍ ആഹ്ലാദചിത്തരാണെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. എവിടെയോ വായിച്ചു, മരണം ഒരു ഗാഢനിദ്രയിലെന്നപോലെയാണെന്ന്. ആയിരിക്കട്ടെ, നല്ല നല്ല സ്വപ്നങ്ങളില്‍ അവര്‍ക്കുറങ്ങാനാവട്ടെ. അല്ലലുകളും അലട്ടലുകളുമൊഴിഞ്ഞ് ഒരുനാള്‍ എല്ലാവര്‍ക്കുമൊരിടം. അതൊരു ശുഭപ്രതീക്ഷയേകുന്നു. സര്‍വ്വ നഷ്ടതകളേയും ഏറ്റുവാങ്ങുവാനൊരു അത്താണി. സ്വപ്നങ്ങള്‍ നിഷേധിക്കപ്പെട്ട ഈയിടത്തില്‍നിന്ന് രഞ്ജുവും നേരത്തേ നടന്നകന്നത് അതുകൊണ്ടാവാം. മാരകരോഗത്തിന്‍റെ കൈപ്പിടിച്ച് നടന്നകലുമ്പോഴും ജീവിതത്തെ തോൽപ്പിക്കുന്ന ആ ചിരി അവളില്‍ നിറഞ്ഞിരുന്നു.

നിറഞ്ഞുകായ്ക്കാന്‍ വസന്തങ്ങളെ കാത്തിരുന്ന ആ ലൂപിക്കാമരത്തിന്‍റെ തണലില്‍ ഇന്നും അനേകം വിത്തുകള്‍ മുളപൊട്ടുന്നുണ്ടാവാം, ആര്‍ദ്രമായ ഏതോ കനവിലേക്ക് മിഴികളൂന്നി..