Thursday, April 9, 2015

മൃതിയുടെ നിശ്ശൂന്യയിടങ്ങള്‍

ഒരു ഉള്‍ക്കിടിലത്തോടെ മാത്രം ഉള്‍ക്കൊള്ളാനാവുന്ന വാക്കാണ് മരണം. അല്ലെന്ന് വാദിക്കുമായിരിക്കാം. ഭയമില്ലെന്ന് നടിക്കുമ്പോഴും മറ്റേതൊരു വാക്കിനേയും സ്വീകരിക്കുന്ന ലാഘവത്തോടെ മൃത്യുവിനെ കേള്‍ക്കുവാന്‍ മനസ്സുകള്‍ മടിക്കുന്നില്ലേ? മരണഭയമെന്ന വികാരത്തെ വിശകലനം ചെയ്യുമ്പോള്‍ തിരിച്ചറിയാനാവും ഭയക്കുന്നത് സ്വയം ഇല്ലാതാവുന്നതിനേക്കാള്‍ ചുറ്റുമുള്ള പ്രിയപ്പെട്ടവരുടെ ദേഹവിയോഗങ്ങളെയാണ്. ഇത്തിരിയോര്‍മ്മകളെ മാത്രം അവശേഷിപ്പിച്ചുകൊണ്ട് മരണം പ്രിയപ്പെട്ടവരെ കൂടെകൊണ്ടുപോവുമ്പോള്‍ അനുഭവിക്കുന്ന നിസ്സഹായത കുടഞ്ഞെറിയുന്നത് കാത്തുവെച്ച ജീവിതവര്‍ണ്ണങ്ങളെയാണ്. പിന്നീടെത്ര ഛായക്കൂട്ടുകള്‍ ഏതൊക്കെയളവില്‍ കോരിയൊഴിച്ചാലും നിറംമങ്ങിപ്പോവുന്ന നാളേകള്‍. പിച്ചവെയ്ക്കാനൊരു വിരല്‍ത്തുമ്പ്, വാത്സല്യം കാത്തുവെച്ചൊരു മാറിടം, കാതോര്‍ത്ത് കിടക്കാനൊരു ഹൃദയതാളം, വാരിയെടുക്കാനൊരു പാല്പുഞ്ചിരി...;നഷ്ടങ്ങള്‍ക്ക് കടുംനിറങ്ങളാണ്!

തൂവെള്ള തുണിയില്‍ പൊതിഞ്ഞുകെട്ടിയ യാത്രാമൊഴിയായിരുന്നു കൊച്ചുന്നാളില്‍ എനിക്ക് മരണം. ഒരുപാടാളുകള്‍ ഒത്തുകൂടി ഒരാളെ വെള്ളപുതപ്പിച്ച്, എങ്ങോട്ടോ എടുത്തുകൊണ്ടുപോയി യാത്രയാക്കുന്നു. അന്ന് ഗള്‍ഫിലേക്കും മറ്റ് വിദൂരദേശങ്ങളിലേക്കും ആളുകളെ യാത്രയാക്കുന്ന ഒരു തോന്നല്‍ മാത്രമായിരുന്നു മനസ്സില്‍. ഒരു മതില്‍ക്കെട്ടിനപ്പുറമെന്നതുപോലെ, കാണാനാവാത്ത ഒരിടത്ത് അവര്‍ ഇതുപോലെ വീടും ജോലിയുമൊക്കെയായി ജീവിക്കുന്നു എന്നൊരു സങ്കൽപ്പം ഓരോ മരണവും എനിക്ക് തന്നുകൊണ്ടിരുന്നു. മരണത്തിനന്ന് വെള്ളപുതച്ച ഒരു അരൂപമായിരുന്നു മനസ്സില്‍. കാലമൊരിക്കല്‍, ഏറ്റവും നല്ല കൂട്ടുകാരിയായിരുന്ന മുത്തശ്ശിയെ മൃത്യുവിനെറിഞ്ഞ് കൊടുത്തപ്പോഴാണ് എന്‍റെ മനസ്സില്‍ ദ്രംഷ്ടകള്‍ നിറഞ്ഞ ഒരു നരച്ചരൂപം മരണത്തിന് കൈവന്നത്. ഇരുട്ടിലേത് നിമിഷവും എന്‍റെ പ്രിയപ്പെട്ടവര്‍ക്കാര്‍ക്ക് നേരേയുമത് ചാടിവീഴാമെന്ന ഒരു ഭയവും. മഴക്കാറ് മൂടിയ സന്ധ്യാസമയങ്ങളില്‍ പതുങ്ങിവന്ന് കോഴിക്കുഞ്ഞുങ്ങളെ കടിച്ചെടുത്ത് പൊന്തക്കാട്ടിലേക്ക് മറയുന്ന കീരിയെ പോലെ. മരണത്തെ കുറിച്ചുള്ള കൊച്ചുമനസ്സിലെ സംശയങ്ങള്‍ അന്നാരും നിവൃത്തിച്ചിരുന്നുമില്ല. മരണമെന്ന വാക്ക്  മൌനികളാക്കിയതാവാം.

വര്ഷങ്ങള്‍ക്കിപ്പുറം, രഞ്ജുവായിരുന്നു മരണത്തെ കുറിച്ച് അത്രയും അഗാധതയില്‍ എന്നോടാദ്യം സംസാരിക്കുന്നത്, ചിന്തിപ്പിക്കുന്നതും. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് ചാപ്പലിലേക്ക് നീണ്ടുകിടക്കുന്ന നിഴലുകള്‍ മൂടിയ വഴിത്താരയില്‍, നിറയെ കായ്ച്ചുകിടക്കുന്ന ലൂപിക്കാമരത്തിന്‍റെ ചുവട്ടില്‍ എന്നിലേക്ക് ചാഞ്ഞിരുന്ന് അവളിത്രയും ആഴത്തില്‍ സംസാരിക്കുമ്പോള്‍, അതുവരെ ചേര്‍ന്നുനടന്ന കൂട്ടുകാരിയുടെ സ്വരത്തില്‍ തളം കെട്ടിക്കിടന്ന പക്വത ഒട്ടൊരു അപരിചിതത്വത്തോടെ കേട്ടിരിക്കുകയായിരുന്നു ഞാന്‍.

അവള്‍ സദാസമയവും കളിചിരികളുമായി കറങ്ങിനടക്കുന്ന ഒരു വായാടിയായിരുന്നു. ആരേയും സങ്കടപ്പെട്ടിരിക്കാനോ പിണങ്ങാനോ അനുവദിക്കില്ല. അതുകൊണ്ടുതന്നെയാണ് തിരൂരിലെ വീട്ടില്‍ നിന്നും തിരികെയെത്താന്‍ അവധിദിവസങ്ങളും കഴിഞ്ഞ് അവളൊരു ദിവസം വൈകിയാല്‍ പോലും ഹോസ്റ്റലും ക്ലാസ്സുമെല്ലാം മൂകമാവുന്നത്. ഞങ്ങള്‍, കൂട്ടുകാരെല്ലാം നഷ്ടപ്പെട്ടവരെപോലെ ചുറ്റിനും തിരയുന്നത്. ജീവിതം ഉരുക്കിയൊഴിച്ച കറുത്തഹാസ്യങ്ങളാലാണ് അവളീ ചിരിപ്പിക്കുന്നതെന്ന തിരിച്ചറിവിന് ഗ്രീഷ്മങ്ങളൊരുപാട് പിന്നേയും വേണ്ടിവന്നു ഞങ്ങള്‍ക്ക്.

അന്ന് രഞ്ജു പറഞ്ഞതുമുഴുവന്‍ മരണത്തെ കുറിച്ചായിരുന്നു. തന്‍റെ ഏഴാം വയസ്സില്‍ അച്ഛനെ തട്ടിപ്പറിച്ചുകൊണ്ടുപോയ മരണം. ആ കൊച്ചുവീട്ടില്‍ അലതല്ലിയിരുന്ന ഒരുപാട് സന്തോഷങ്ങളെ അന്ന് മരണം കൂടെകൊണ്ടുപോയത്, അതുവരെ അവര്‍ സ്വരുക്കൂട്ടിവെച്ച ഇത്തിരി മോഹങ്ങള്‍ അനാഥമായത്.. ഇപ്പോഴും മരണം മണക്കുന്ന ആ വീടിന്‍റെ അകത്തളങ്ങളെ കുറിച്ച്, ഓരോ കോണിലും അച്ഛന്‍റെ ഓര്‍മ്മകളെ പൂജയ്ക്ക് വെച്ചിരിക്കുന്ന അമ്മമനസ്സിനെ കുറിച്ച്.. ഓര്‍മ്മകള്‍ നീറ്റുമ്പോള്‍ കണ്ണുനീരിനാല്‍ കുതിരുന്ന വിശേഷദിവസങ്ങളെ കുറിച്ച്.. അച്ഛനില്ലാതായതോടെ ഇരുട്ടിലേക്ക്പോലും ഒന്നു തറപ്പിച്ചുനോക്കാന്‍ ഭയപ്പെടുന്ന, ചുരുട്ടിവെക്കപ്പെട്ട തന്‍റെ വ്യക്തിത്വത്തെ കുറിച്ച്.. അകതാരിന്നാഴങ്ങളില്‍ നിന്നും അവള്‍ പറഞ്ഞുകൊണ്ടേയിരുന്നപ്പോള്‍ മൃതിയെ ഞാന്‍ ആദ്യമായി കേള്‍ക്കുന്നതുപോലെ. ഒരു ചെറുക്കാറ്റില്‍ ഞങ്ങള്‍ക്കിടയിലേക്ക് അപ്പോള്‍ പൊഴിഞ്ഞ ലൂപിക്കാപഴങ്ങളും മരണം രുചിച്ചിരുന്നു.

പിന്നീട് മരണമെന്ന വാക്കിന്‍റെ പരപ്പ് ഞാന്‍ അറിഞ്ഞുകൊണ്ടേയിരുന്നു.അപ്രതീക്ഷിത പ്രയാണങ്ങളുളവാക്കുന്ന നടുക്കങ്ങളുടെ പ്രകമ്പനം കേട്ടുകൊണ്ടേയിരുന്നു. മരണം ബാക്കിവെച്ചു പോവുന്ന നിശ്ശൂന്യയിടങ്ങളുടെ വ്യാപ്തി ഉറ്റവരുടെ ശിഷ്ടായുസ്സില്‍ വിഭീതിവടുക്കളായി വിണ്ടുപൊള്ളുന്നത് തളര്‍ച്ചയോടെ കണ്ടുനിന്നിട്ടുണ്ട്. ആ ഒഴിഞ്ഞയിടങ്ങളുടെ വിടവ് നികത്താനാവാതെ ജീവിച്ചു ജീവിച്ച് ഒടുവില്‍ ആയുസ്സിനെ തന്നെ ബലിയറ്പ്പിക്കുന്ന ചില ജന്മങ്ങളുടെ മുഖത്തെ ശാന്തത, ജീവിതം പറഞ്ഞുകൊടുത്ത മൃതിഹ്ലാദമായിരിക്കാം; ഉരുകിയുരുകി തീര്‍ക്കേണ്ടിവന്ന ഒരായുസ്സിന്‍റെ ആത്മാവിനായുള്ള കരുതല്‍.

ഒരൊറ്റ ജീവിതത്തെ പകുത്തെടുത്തത്, ഒരേ പുഴയായി ഒഴുകിയത്, വരണ്ട ഭൂമികയില്‍ നനവായ് തീര്‍ന്നത്, പടര്‍ന്ന് കയറാന്‍ ചില്ലയായ് വളര്‍ന്നത്, തണലായി താഴന്നത്..! ഒരു ദേഹാന്തം അനാഥമാക്കുന്നത് പലരെയാണ്. ക്ഷണേനയുള്ള അന്തര്‍ദ്ധാനം രൂപപ്പെടുത്തുന്ന ശൂന്യയിടങ്ങള്‍ അണയിടുന്നത് പല ജീവിതങ്ങള്‍ക്കാണ്. ദ്രുതഗതിയില്‍ സഞ്ചരിക്കുന്ന കാലം പോലും ഈ വീടകങ്ങളെ ഭയക്കുന്നു. അവിടെ പലപ്പോഴും ജീവിതം നിശ്ചലമാകുന്നു. വസന്തത്തിലും പൂക്കാന്‍ മറന്ന ചില മരങ്ങളെപോലെ അവര്‍...

മൃതിക്കപ്പുറമുള്ള ഒരിടത്തെ കുറിച്ച് മനനം ചെയ്യുക അപ്രാപ്യാമാണ് മനുഷ്യന്, സങ്കൽപ്പങ്ങളല്ലാതെ.മരിച്ചുപോയവര്‍ ആഹ്ലാദചിത്തരാണെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. എവിടെയോ വായിച്ചു, മരണം ഒരു ഗാഢനിദ്രയിലെന്നപോലെയാണെന്ന്. ആയിരിക്കട്ടെ, നല്ല നല്ല സ്വപ്നങ്ങളില്‍ അവര്‍ക്കുറങ്ങാനാവട്ടെ. അല്ലലുകളും അലട്ടലുകളുമൊഴിഞ്ഞ് ഒരുനാള്‍ എല്ലാവര്‍ക്കുമൊരിടം. അതൊരു ശുഭപ്രതീക്ഷയേകുന്നു. സര്‍വ്വ നഷ്ടതകളേയും ഏറ്റുവാങ്ങുവാനൊരു അത്താണി. സ്വപ്നങ്ങള്‍ നിഷേധിക്കപ്പെട്ട ഈയിടത്തില്‍നിന്ന് രഞ്ജുവും നേരത്തേ നടന്നകന്നത് അതുകൊണ്ടാവാം. മാരകരോഗത്തിന്‍റെ കൈപ്പിടിച്ച് നടന്നകലുമ്പോഴും ജീവിതത്തെ തോൽപ്പിക്കുന്ന ആ ചിരി അവളില്‍ നിറഞ്ഞിരുന്നു.

നിറഞ്ഞുകായ്ക്കാന്‍ വസന്തങ്ങളെ കാത്തിരുന്ന ആ ലൂപിക്കാമരത്തിന്‍റെ തണലില്‍ ഇന്നും അനേകം വിത്തുകള്‍ മുളപൊട്ടുന്നുണ്ടാവാം, ആര്‍ദ്രമായ ഏതോ കനവിലേക്ക് മിഴികളൂന്നി..

20 comments:

  1. ഹൊ!!!!എന്തൊരു കഷ്ടമാണു.

    ReplyDelete
  2. നെഞ്ചിടിപ്പിന്റെ താളം തെറ്റിച്ചു കളഞ്ഞു എഴുത്ത്‌..

    ReplyDelete
  3. മനോഹരമായ വായന.ആവിഷ്ക്കാര പടുത്വം...!
    ഇനി മരണം.അനിവാര്യമായ സത്യം .എന്തിനാ പേടിക്കുന്നേ?ദൈവ നിശ്ചയം അതു ഭവിക്കുന്നതാണ് .നമ്മള്‍ തീരുമാനിചിട്ടല്ലല്ലോ,പിറവി.പിന്നെ,മരണ ശേഷം എന്ത് ?ചോദ്യം പ്രസക്തം ...ഉത്തരങ്ങള്‍ തേടി നേര് കണ്ടെത്തിയാല്‍ മരണത്തെ സസന്തോഷം വരിക്കുക.അതല്ലേ അഭികാമ്യം.മരിച്ചു ജീവിക്കുന്നതിനേക്കാള്‍ ....ദു:ഖങ്ങള്‍ വേദനകള്‍ ഉറ്റവരുടെ വേര്‍പാടുകള്‍ സൃഷ്ടിക്കുന്ന മുറിവുകള്‍ സഹ്യ സീമകള്‍ക്കുമപ്പുറം....സഹനം,ക്ഷമ എന്നീ മറു മരുന്നുകളും കൂട്ടിനുണ്ടെന്നത് എത്ര ആശ്വാസ ദായകം !ഈ നല്ല രചനക്ക് നിറഞ്ഞ അഭിനന്ദനങ്ങള്‍ !

    ReplyDelete
  4. ഹൃദ്യമായ എഴുത്ത്
    ഹൃദയസ്പര്‍ശിയായ രചന

    ReplyDelete
  5. മരണനദിക്കക്കരെ എന്ത്!

    ReplyDelete
  6. ചിലപ്പോ ഒക്കെ ഉറക്കം വരാതെ കിടക്കുമ്പോൾ ഞാൻ എന്റെ മരണത്തെ സങ്കൽപ്പിക്കാറുണ്ട്‌.
    ഒടുക്കം കിടന്നു കരയേം ചെയ്യും.
    ഒഴിഞ്ഞു മാറാൻ എത്രയൊക്കെ ശ്രമിച്ചാലും ഒരിക്കൽ തോറ്റു കൊടുക്കേണ്ടി വരുന്ന എത്ര വല്ല്യേ സത്യാണ് ഈ "മരണം" അല്ലെ?
    ഇന്നലെ ഇത് വായിച്ചേനു ശേഷം മരണചിന്തയിലാണ് എന്റെ മനസ്സ്.

    എനിക്ക് മരിക്കണ്ട ഷേയത്താ.

    (ചിന്തിപ്പിക്കുന്ന പോസ്റ്റ്‌.ഒപ്പം ചുമ്മാ ടെൻഷനും അടിപ്പിച്ചു :-/ )

    ReplyDelete
  7. അവർ സന്തുഷ്ടരാണ്! അങ്ങനെ ആയിരിക്കട്ടെ!!!

    ReplyDelete
  8. ആകർഷണീയമായ ഭാഷകൊണ്ട് സമ്പന്നമാണ് ഈ എഴുത്ത് . വീണ്ടും വീണ്ടും വായിക്കാൻ തോന്നിപ്പിക്കുന്നത് . കുറേ നാളിന് ശേഷം ഇലഞ്ഞിമരം വീണ്ടും വിരിഞ്ഞത് കാണുമ്പോൾ നല്ല സന്തോഷമുണ്ട് ഷേയാ

    ReplyDelete
  9. വിഷയം മരണമാണെങ്കിലും എഴുത്ത് ഹൃദ്യമായിരിക്കുന്നു.
    അവസാനകാലത്ത് ചിലരുടെ നരകയാതനാപൂര്‍ണ്ണമായ 'കിടപ്പ്' കാണുമ്പോള്‍,
    ആരെയും കഷ്ടപ്പെടുത്താതെ ഈ ജീവനൊന്ന് എടുത്തിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയിട്ടുണ്ട്........
    ആശംസകള്‍

    ReplyDelete
  10. മരണം രംഗ ബോധമില്ലാത്ത കോമാളി എന്ന് ക്ലീഷേ പ്രയോഗം ..മരണം വാതില്‍ക്കലൊരു നാള്‍ മഞ്ചലുമായി വന്നു നില്‍ക്കുമ്പോള്‍ എന്ന് ഗാനം ...മരണം നമ്മുടെ മടിയിലെന്നു കാര്‍ന്നവര്‍മാരുടെ ഓര്‍മ്മപ്പെടുത്തല്‍ ..മരണം ശ്വാസ താളത്തിന്റെ ഹൃസ്വ ദീര്‍ഘ തരംഗങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നുവെന്നു തത്വജ്ഞാനികള്‍ ....അതെ മരണത്തെ അടയാളപ്പെടുത്താന്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് കഴിയും ..എന്നാല്‍ മരണമെന്ന വാതിലിനപ്പുറത്തെ വിശാലമായ അവസ്ഥ അറിഞ്ഞവര്‍ ആരും തന്നെ അത് പറയാന്‍ വരുന്നില്ല ...നിഗൂഢമായ ഒരു പ്രഹേളിക ആയി മരണം വിരാജിക്കുന്നു ..ഇത്തിരി വൈകിയാണെങ്കിലും ഈ ഇലഞ്ഞിചോട് മലയാള ഭാഷയുടെ സുഗന്ധവുമായി പരിലസിക്കുന്നു ..നന്ദി ഷേയാ ..ഈ മനോഹര കുറിപ്പിനും ഈ ഓര്‍മ്മപ്പെടുത്തലിനും...സ്നേഹം ....

    ReplyDelete
  11. നിങ്ങളുടെ എഴുത്ത് വീണ്ടും വീണ്ടും മോഹിപ്പിക്കുന്നു ,അത് എഴുതുന്നതിനോ ,വായിക്കുന്നതോ എന്ന് തിരിച്ചറിയാന്‍ ആവുന്നില്ല , ഷേയേച്ചി ഈ എഴുത്തിന്റെ വശ്യതയില്‍ കുടുങ്ങി കിടക്കട്ടെ ഞാന്‍ ഇത്തിരി നേരം

    ReplyDelete
  12. മരണങ്ങള്‍ സംഭവിക്കുന്നത്‌ ജീവിച്ചിരിക്കുന്നവരുടെ മനസ്സുകളിലാണല്ലോ!

    ReplyDelete
  13. പലപ്പൊഴും മരണത്തേ വ്യക്തമായ് നിര്‍വചിക്കാനാകാതെ
    നാം ചിതറി പൊകാറുണ്ട് , നമ്മുടെ ഉള്ളില്‍ ഭയത്തിന്റെ
    ചെറു കനല്‍ തീര്‍ക്കുന്ന ഒന്ന് തന്നെ മരണം , കാരണം
    ഇലഞ്ഞി പറഞ്ഞ തന്നെയാണ് പ്രധാനവും ..
    നമ്മുടെ ചുറ്റിനുമുള്ള പ്രീയമായവയില്‍ നിന്നുള്ള
    വേര്‍പാട് നമ്മേ കൂടുതല്‍ തളര്‍ത്തികളയും ...
    മരണമെന്നത് മറ്റൊരു ലോകമാണെന്ന ചിന്ത കാലം
    നമ്മളില്‍ നിന്നും പടിയിറക്കി കൊണ്ട് പൊകുമ്പൊഴാണ്
    നാം അതിന്റെ ദുഖവും ആഴവുമറിയുക .. ഇനി ഇല്ല എന്നുള്ള
    തൊന്നല്‍ നമ്മേ വല്ലാതെ ഉലച്ച് കളയും , മരണത്തിനപ്പുറം
    എന്തെന്ന് ഒരു നേരറിവുമില്ലാതെ നില നില്‍ക്കുന്നതും
    നമ്മേ കൂടുതല്‍ ആകുലതകളിലേക്ക് നയിക്കുന്നുണ്ട് ...
    ജീവിതമെന്നത് , അനാഥമാകുമ്പൊള്‍ , ഒറ്റപെടുമ്പൊളാണ്
    മരണത്തേകുറിച്ച് ഏതൊരുവനും കൂടുതലായ് ചിന്തിക്കുക ..
    എത്ര പിണക്കത്തിനാഴമായാലും , അരികില്‍ , ചുറ്റിനും ഒരു മുഖമുണ്ടെങ്കില്‍
    നമ്മേ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന , മരണ ഭയം നല്‍കുന്ന തലങ്ങളായ്
    അവ പരിണമിക്കും ... ചില സ്നേഹ മനസ്സുകള്‍ പൊടുന്നനേ
    നമ്മളിലേക്ക് പ്രവേശിക്കും .. കാലം പൊടുന്നനേ നമ്മളില്‍
    നിന്നിറക്കി കൊണ്ടൊകുകയും ചെയ്യും ..മരണം പല രൂപങ്ങളില്‍
    ഭാവങ്ങളില്‍ നമ്മളില്‍ സ്പര്‍ശിച്ച് കൊണ്ടിരിക്കും .. ഒരുനാള്‍
    ഒരിക്കല്‍ നമ്മളിലേക്കും ഉറപ്പായും കടന്ന് വരുമെന്നുള്ള മരണം ..
    നീണ്ട മയക്കമായ് കണ്ട് , പുണരാം .. എങ്കിലും ഈ ലോകം
    എത്ര ദുഷിച്ച് പൊയാലും , നാമില്ലാതെങ്ങനെ എന്ന ചിന്തയാണ് ജീവിക്കാന്‍
    കൊതി നല്‍കുന്നത് വീണ്ടും വീണ്ടും ........ രെഞ്ചൂന് പ്രാര്‍ത്ഥനകള്‍ ...
    നന്നായ് എഴുതി , ഇലഞ്ഞി ... കൈയ്യടക്കത്തൊടെ .. സ്നേഹം

    ReplyDelete
  14. ജീവിതവും മരണവും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.. പക്ഷെ എന്ത് ചെയ്യാം, അതിൽ നിന്ന് ഒളിച്ചോടാൻ കഴിയുകയുമില്ലല്ലോ അല്ലേ...

    ReplyDelete
  15. മരണത്തിനപ്പുറം എന്ത് ...?മരിച്ചവര്‍ ഒരു സൂചനയും തരുന്നില്ലല്ലോ

    ReplyDelete
  16. ഇന്നലെ നമ്മുടെ ശബ്ദങ്ങളിൽ നാം ഒമുമിചിരുന്നു. ഇന്നെന്റെ അശരീരിക്ക് മറുപടി, കവിളിലേക്കു മുറിഞ്ഞു വീഴുന്ന നിന്റെ കണ്ണീരും.

    ശുഭ്രവസ്ത്രത്തിന് ശ്യൂന്യതയുടെ നിറം, ഇലഞ്ഞിത്ത്തറയിൽ മൈലാഞ്ചിയുടെ രൂക്ഷമണം. അക്ഷരങ്ങളെ ഗദ്ഗദം കൊളുത്തി വലിക്കുന്നു.. :(

    ReplyDelete
  17. മരണം അതൊരു പുതിയ ജനനം അല്ലെ

    ReplyDelete
  18. നന്നായിട്ടുണ്ട്.....

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!